Tuesday, April 11, 2023

ദുഖവെള്ളി

ഗാഗുൽത്താ മലയിൽ നിന്നുയർന്നതു വിലാപമോ

വിജയത്തിൽ മാറ്റൊലിയോ

പാപാന്ധകാരത്തിൽ കോട്ടകൾ തകരുമ്പോൾ

രക്ഷകൻ കരഞ്ഞുവെന്നോ

മരണമേ നിന്നുടെ ജയമെവിടെ

ഉയിരിന്റെ നാഥനുയിർക്കുകില്ലേ

ജീവന്റെ വിജയപ്പതാക പാറാൻ

ഇനിയൊരു പകലും രണ്ടിരവും മാത്രം





ഓർശലേം ഹൈക്കല മറക്കുവാൻ കൊതിക്കുന്ന

മുപ്പതു കെസ്പാകളുടെ കിലുക്കം

കറിയോത്താക്കാരന്റെ ഉടലാടും മരക്കൊമ്പിൽ

ഇരിയ്ക്കുവാൻ കഴുകന്മാർക്കൊരേ തിടുക്കം.

മശെൽമാനാ നിനക്കുള്ള പണമെവിടെ

കുശവന്റെ വയലിനു കൊടുത്തതില്ലേ

ഉമ്മയാൽ ഒറ്റിക്കൊടുത്തതല്ലേ

കരുണയ്ക്കായ് കാക്കുവാൻ മറന്നതെന്തേ






പാതാളക്കുഴിയിലെ നെരിപ്പോടിന്നാഴത്തിൽ

തണുപ്പുള്ള തലോടലായ് അവൻ വരുന്നു

ആദത്തിൻ തനയർക്കാമോദത്തിന്നലമാല

ഉയിരിന്റെ അരുൾ ശീയോൽപടി കടന്നു

ശീയോലിൻ കോട്ടകൾ തകർന്നതില്ലേ

ഇരുളിന്റെ ഭരണത്തിന്നറുതിയല്ലേ

ആത്മാക്കൾ ഒഴിഞ്ഞൊരാ ഇരുളിടത്തെ

പൂട്ടുന്നു താഴിട്ടു മാറനീശോ




Friday, September 30, 2022

സ്ഥാനമുദ്രകൾ അടയാളപ്പെടുത്തുന്നത്

 ഓരോ മെത്രാന്റെയും സ്ഥനാരോഹണത്തോട് അനുബന്ധിച്ച് അവരുടെ സ്ഥാനമുദ്രകളും (coat of arms)  പ്രസിദ്ധപ്പെടുത്തുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ പല സ്ഥാനമുദ്രകളും തങ്ങൾക്ക് എത്രത്തോളം വിവരമില്ലെന്നും ഈ സ്ഥാനത്തിരിക്കുവാൻ തങ്ങൾ എത്രത്തോളം യോഗ്യരല്ലെന്നും ഈ സ്ഥാനമുദ്രകൾ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഒരു ഭരണാധികാരിയൂടെ സ്ഥാനമുദ്ര അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ചരിത്രം, രാജ്യത്തിന്റെ നിലപാടുകൾ, ഭരണാധികാരിയുടെ നിലപടുകൾ, രാജ്യത്തിന്റെ പാരമ്പര്യം, തനിമ ഇതൊക്കെ അടയാളപ്പെടുത്തുന്നതാണ്.  സീറോ മലബാർ സഭയുടെ മെത്രാന്മാരുടെ സ്ഥാനമുദ്രയിലേയ്ക്ക് വരുമ്പോൾ തങ്ങളൂടെ നിലാപാടീല്ലായ്മയും സീറോ മലബാർ സഭയുടെ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയും തങ്ങളൂടെ ലത്തീൻ അഭിനിവേശങ്ങളൂം അറീവില്ലായ്മയും ഒക്കെ അടയാളപ്പെടുത്തുകയാണ് മിക്കവരുടേയും സ്ഥാനമുദ്രകൾ.

Monday, January 10, 2022

മദ്ബഹാഭിമുഖം ലൈവ്...

(കൊറോണ ആരംഭിയ്ക്കുകയും ഓൺലൈൻ കുർബാനകൾ വ്യാപകമാവുകയും ചെയ്തപ്പോൾ ചങ്ങനാശ്ശേരി അരമനയിൽ അർപ്പിക്കപ്പെട്ട കുർബാനയുടെ ലൈവ് സ്ട്രീമിംഗിനെപ്പറ്റിയാണ് ഈ പോസ്റ്റ്. ഈ പൊസ്റ്റിനെത്തുടർന്ന് ഇത്തരം ലൈവ് സ്ട്രീമിങ്ങിലെ ക്യാമറാ അഭ്യാസങ്ങൾ പൂർണ്ണമായി അരമനയിൽ നിന്നുള്ള സ്ട്രീമിങിൽ ഒഴിവാക്കപ്പെട്ടു.)
ചങ്ങന്നാശ്ശേരിയിൽ പെരുന്തോട്ടം പിതാവിന്റെ കാർമ്മികത്വത്തിൽ അഡ്ഒറിയന്റം കുർബാന. ചൊല്ലുന്നത് തിയഡോറിന്റെ അനാഫൊറ. പൗരസ്ത്യശൈലിയോടു ആഭിമുഖ്യമുള്ളവർക്ക് ആനന്ദല‌ബ്ധിയ്ക്ക് ഇനി എന്തു വേണം?
പക്ഷേ മിക്കപ്പോഴും ക്യാമറ കാർമ്മികന്റെ മുഖത്തു തന്നെയായിരുന്നു. അതായത് തത്വത്തിൽ ആഡ്ഓറിയന്റം എന്നു പറയുമ്പോഴും ഫലത്തിൽ ജനാഭിമുഖം എന്നു പറയേണ്ടി വരും. അനാഫൊറ, വിഭജന ശൂശ്രൂഷ ഇവയ്ക്കെല്ലാം ക്യാമറ മദ്ബഹായിലെ ഓരോ രംഗവും ഒപ്പിയെടുത്തിട്ടൂണ്ട്. ഒരു കാറ്റകെറ്റിക്കൽ ഉദ്ദ്യേശത്തിനു ചെയ്യുന്ന വീഡീയോ ആണെങ്കിൽ ഓകെ. പക്ഷേ ഇത് ലൈവ് കുർബാന ആൾക്കാരെ ആത്മീയമായി കുർബാനയിൽ പങ്കെടുക്കുവാനുള്ള അവസരമാക്കി രൂപത നടത്തിയ ക്രമീകരണം. അതിൽ ഇതു വേണ്ടായിരുന്നു.
അഡ്ഓറിയന്റം പ്രസക്തമാവുന്നത് കാർമ്മകന്റെ മുഖം അപ്രസക്തമാവുന്നിടത്താണ്. ബനഡിക്ക്ട് പതിനാറാമൻ പറയുന്നതുപോലെ കാർമ്മികൻ എങ്ങോട്ടു നോക്കുന്നു എന്നതിലല്ല, ഒരുമിച്ച് ദൈവത്തിലേയ്യ്ക്ക് തിരിയുന്നതിലാണ്. കുർബാനയുടേ രഹസ്യാത്മകത മദ്ബഹായിലെ രംഗങ്ങളെല്ലാം കണ്ണുകൊണ്ട് കാണാനാവാത്തതിൽ കൂടീയാണ്. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്ക് ഉയർത്തി എന്നു പറയുമ്പോൾ അതാണ് പറഞ്ഞു വയ്ക്കുന്നത്. കാർമ്മികന്റെ പൈന മദ്ബഹയെയും ബലിവസ്തുക്കളെയും മറയ്ക്കുമ്പോൾ പ്രകടമാവുന്നത് കുർബാനയുടെ രഹസ്യാത്മകറതയാണ്.
ചുരുക്കത്തിൽ ആഡ്ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമായിരുന്നു ചിത്രീകരണം എന്നു പറയാതെ വയ്യ. യഥർത്ഥത്തിൽ കുർബാന ലൈവ് കാണിയ്കുമ്പോൾ ഉള്ള വെല്ലുവിളി ഇതാണ്. കാമറ ചലിപ്പിച്ചിച്ചും ആങ്കിളുകൾ മാറ്റിയും അല്ല കുർബാനയുടെ സമ്പ്രേഷണം ആസ്വാദ്യകരമാക്കേണ്ടത്.
എന്റെ അഭിപ്രായത്തിൽ ഹൈക്കലായിൽ ഒരു ക്യാമറ. ഒരു വിശ്വാസിയുടെ സ്ഥാനത്ത് ക്യാമറ. ഓരോ വിശ്വാസിയ്ക്കും താൻ പള്ളിയിൽ ഉണ്ടെന്നു തോന്നണം.മൂവ്മെന്റ് ഒന്നും വേണ്ട, ആങ്കിളുകൾ മാറ്റണ്ട. തീർച്ചയായും ഒരു മോണോട്ടോണസ് കാഴ്ചക്കാർക്ക് തോന്നും. ആത്മീയമായി കുർബനയിൽ പങ്കെടുക്കുന്നവർക്ക് തോന്നില്ല, അല്ലെങ്കിൽ തോന്നരുത്.പള്ളിയിൽ നിൽക്കുന്ന വിശ്വസിയ്ക്ക് കാണാവുന്നതിലപ്പുറം അല്ലെങ്കിൽ കാണേണതില്ലപ്പുറം ഒന്നും ക്യാമറ കാണിച്ചു തരേണ്ടതില്ല. അതിനല്ലെങ്കിൽ ആത്മീയമായ കുർബാനയർപ്പണം എന്നു നിങ്ങൾ അതിനെ വിളിയ്ക്കരുത്.
കുർബാനയൂടെ ഷോ എന്നു വിളിച്ചോളൂ.
കാർമ്മികന്റെ മുഖത്തിനു പ്രാധാന്യം ക്യാമറ നൽകുന്നെങ്കിൽ അതു ആഡ് ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമാണ്. മദ്ബഹായിലെ കൗദാശികരംഗങ്ങൾ ഷൂട്ടു ചെയ്യുന്നുണ്ടെങ്കിൽ അത് ആഡ് ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമാണ്.

ജനാഭിമുഖത്തിന്റെ അടിസ്ഥാനം തന്നെ പ്രകടനപരതായാണ്. കാർമ്മികന്റെ മുഖം, കാർമ്മികന്റെ അംഗവിഷേപങ്ങൾ, കാർമ്മികൻ അപ്പവും വീഞ്ഞും റൂശ്മചെയ്യുന്നത്, മുറിയ്ക്കുന്നത്, ഉയർത്തുന്നത് ഇങ്ങനെ ഇതെല്ലാം വിശ്വാസികളെ കാണിച്ചുകൊണ്ട് എൻഗേജു ചെയ്യിയ്ക്കുവാനാണ് ജനാഭിമുഖം ശ്രമിയ്ക്കുന്നത്. എന്നാൽ പ്രാർത്ഥനകളിലേയ്ക്ക്, തിരുക്കർമ്മങ്ങളുടെ മിസ്റ്റിസിസത്തിലേയ്കാണ് മദ്ബഹാഭിമുഖത്തിന്റെ ഫോക്കസ്.

ജനാഭിമുഖം കുർബാനയെ ജനങ്ങളുടെ ലെവലിയേയ്ക്ക് ഇറക്കിക്കൊണ്ടുവരുമ്പോൾ മദ്ബഹാഭിമുഖം ജനങ്ങളെ കുർബാനയുടെ ലെവലിലേയ്ക്ക് ഉയർത്തുകയാണ്. അതുകൊണ്ടൂ തന്നെ ജനാഭിമുഖം പെട്ടന്നു പോപ്പുലറാവും സത്യനന്തിക്കാടൂ പടം പോലെയും പ്രിയ ദർശൻ പടം പോലെയും. അതേ സമയം മദ്ബഹാഭിമുഖം കൂടൂതൽ ശ്രദ്ധയിലും ധ്യാനത്തിലും ഊന്നിയുള്ള ഭാഗഭാഗിത്വം ആവശ്യപ്പെടുന്നു. അടൂരിന്റെ പടം പോലെ. അവിടെ നിങ്ങളുടെ അധ്വാനം ആവശ്യമാണ്. ഇവിടെ സിനിമകളുടെ ഉദാഹരണം അത്ര യോജിക്കില്ല എന്നറിയാം. എങ്കിലും ഒരു എന്റെ ചിന്ത സംവദിയ്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ലെന്നു തോന്നുന്നു.

ഐക്യം മതി ഐക്യരൂപ്യം വേണ്ടത്രെ!!!

 ഓരോ പഞ്ചായത്തിലും ഓരോതരം കുർബാന!!! അഥവാ ഐക്യം മതി ഐക്യരൂപ്യം വേണ്ടത്രെ

കുർബാനക്രമങ്ങൾ ഓരോ സഭയിലാണ് നിലവിൽ വന്നത്. അല്ലാതെ എറണാകൂളത്തിന് ഒരു കുർബാനക്രമം ചങ്ങനാശ്ശേരിയ്ക്ക് ഒരു കുർബാനക്രമം എന്ന നിലയിൽ ഉണ്ടായിട്ടില്ല. സീറോ മലബാർ സഭക്ക് ആകമാനം ഒരു കുർബാനക്രമം, അതിന്റെ പരികർമ്മത്തിന് ഒരേ രീതി, ഒരേ ദൈവശാസ്ത്രം.
ഇനി നിങ്ങൾ പറയുന്നതു പോലെ ഐക്യരൂപ്യം ആവശ്യമില്ലെങ്കിൽ എറണാകുളം രൂപതയിലും ഐക്യരൂപ്യം ആവശ്യമില്ല. സിനഡുക്രമം പാലിക്കുവാൻ താത്പര്യമുള്ളവർ അങ്ങനെയും പൂർണ്ണ മദ്ബഹാഭിമുഖം ചൊല്ലുവാൻ താത്പര്യമുള്ളവർ അങ്ങനെയും പൂർണ്ണ ജനാഭിമുഖം ചൊല്ലുവാൻ താത്പര്യമുള്ളവർ അങ്ങനെയും ചൊല്ലട്ടെ എന്നു കരുതേണ്ടീ വരും. ഇനി ഒരു ഇടവകയിൽ തന്നെ വികാരിയച്ചന് ഒരു രീതി, കൊച്ചച്ചനു മറ്റൊരു രീതി, പിന്നെ പുറത്തു നിന്ന് മറ്റൊരച്ചൻ വരുകയാണെങ്കിൽ മറ്റൊരു രീതി എന്നതുക്കെ അനുവദിക്കേണ്ടീ വരും.
അപ്പോൾ നിങ്ങൾ പറയും രൂപതയിൽ ഒരു രീതിയേ പാടുള്ളൂ എന്ന്. എന്തുകൊണ്ട്...കാരണം നിങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കുന്നത് എറണാകുളം വിമതരുടെ ആവശ്യമാണ്.
റോമിൽ മാർപ്പാപ്പാ ചൊല്ലുന്ന ലത്തീൻ കുർബാനയും വരാപ്പുഴയിൽ ചൊല്ലുന്ന ലത്തീൻ കുർബാനയും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? ഐക്യമാണൂ വേണ്ടത് ഐക്യരൂപ്യമല്ല എന്നു പറഞ്ഞ് ഇരുന്നുകൊണ്ടോ കിടന്നുകൊണ്ടോ അല്ലല്ലോ വരാപ്പുഴയിൽ കുർബാന അർപ്പിക്കുന്നത്.
ഒരു വ്യക്തിസഭക്ക് ഒരു ശിക്ഷണക്രമം, ഒരേ ആധ്യാത്മികത, ഒരു ലിറ്റർജി, ഒരേ ദൈവശാസ്ത്രം എന്നതാണു സഭയുടെ കാഴ്ചപ്പാട്. അല്ലാതെ രൂപതകൾ തോറും ഓരോ ദൈവശാസ്ത്രവും ഓരോ ലിറ്റർജിയും എന്ന നിലപാട് കത്തോലിക്ക സഭകളിൽ ഇല്ല. എന്നാൽ വ്യക്തി സഭകൾ തമ്മിൽ ആധ്യാത്മികതയിലും ലിറ്റർജിയും ദൈവശാസ്ത്രത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ട് അവർ വ്യത്യസ്ത ലിറ്റർജികൾ പരികർമ്മം ചെയ്യുന്നു.
സിനഡു ക്രമം പിന്തുടരുമ്പോഴും സഭ അനുവദിക്കുന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വ്യത്യസ്തതകൾ ആവാം. ഉദാഹരണത്തിന് കുർബാനക്രമത്തിൽ ഇല്ലാഥ്റ്റ പിതാവിനും പുത്രനും ചൊല്ലിക്കൊണ്ട് കുർബാന ആരംഭിക്കുന്ന രൂപതകൾ ഉണ്ട്, കുർബാന ക്രമത്തിൽ ഓപ്ഷനുകൾ ഉപയോഗിക്കുന്ന രീതിയിൽ രൂപതാ മെത്രാനു രൂപതയിൽ ഐക്യരൂപ്യം വരുത്താം. കുർബാന ചൊല്ലുന്ന വൈദികന് ഓപ്ഷനുകൾ ഉപയോഗിക്കുന്നതിൽ സ്വാതന്ത്യമുണ്ട്.
വിമതർ ആഗ്രഹിക്കുന്നത് വളയമില്ലാത്ത ചാട്ടമാണ്. അതിരുകളില്ലാത്ത തോന്ന്യവാസത്തിനുള്ള അനുവാദമാണ്. ഇത് ഒരിക്കലും കുർബാനക്രമം ആവില്ല, കുർബാന അക്രമം ആയിരിക്കും.

അനുരൂപണ സാധ്യത പഞ്ചായത്തുതോറും

 ഓരോ പഞ്ചായത്തിലും അനുരൂപണം അഥവാ SC38, SC39, SC40 വായിക്കാതെ SC37 അടർത്തിയെടുക്കുക

SC37 പറയുന്നത് പ്രാദേശികമായ അനുരൂപണ സാധ്യതകളെപ്പറ്റിയാണ്. ഇത് ജനങ്ങളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുസൃതമായി ആരാധനാക്രമത്തെ അനുരൂപപ്പെടുത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങളിലെ ഒരു വാചകമാണ് സന്ദർഭത്തിൽ നിന്ന് അടർത്തി ഉപയോഗിക്കുന്നത്. അതായത് റോമിലെ കുർബാനയിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും ഒക്കെ ലിറ്റർജിയെ സാംസ്കാരികമായി അനുരൂപപ്പെടുത്തുവാൻ സാധിക്കും.
എന്നാൽ SC38 ഇൽ "substantial unity of the Roman rite is preserved" എന്നും പറഞ്ഞിട്ടുണ്ട്. സീറോ മലബാർ സഭയുടെ കാര്യത്തിൽ ഈ substantial unity കൊണ്ടുവരുവാനാണ് സിനഡു ശ്രമിക്കുന്നത്. അല്ലെങ്കിൽ തന്നെ എറണാകുളവും ചങ്ങനാശ്ശേരിയും ത്രിശ്ശൂരും തമ്മിൽ സാംസ്കാരികമായി കുർബാനക്രമത്തിൽ മാറ്റം വരുത്തക്കവിധം എന്തു വ്യത്യാസമാണ് ഉള്ളത്? അങ്ങനെ ഉണ്ട് എന്ന് വാദിക്കുന്ന പക്ഷം ചങ്ങനാശ്ശേരിയിൽ നിന്ന് എറണാകുളത്ത് എത്തുന്നവരുടെ സ്വത്വ സംരക്ഷണത്തിനായി എറണാകൂളത്ത് ചങ്ങനാശ്ശേരിക്കാരുടെ പള്ളികളും അവർക്കായി പ്രത്യേക കുർബാനയും ഒക്കെ നടപ്പാക്കേണ്ടീ വരും. ബാംഗ്ലൂരിൽ ത്രിശ്ശൂരുകാരുടെ കുർബാന ആരംഭിക്കേണ്ടീ വരും. അമേരിക്കായിൽ എറണാകുളം കാർക്കും, ചങ്ങനാശ്ശേരിക്കാർക്കും തൃശ്ശ്രൂരുകാർക്കും പ്രത്യേകം പ്രത്യേകം പള്ളികളൂം കുർബാനകളും ആവശ്യമായി വരും, അവിടെ ജനിച്ചു വളരുന്നവർക്കു വേണ്ടി വേറെയും. അതുകൊണ്ടു തന്നെ ഇത്തരം പ്രാദേശികമായ അനുരൂപണങ്ങൾ ലക്കും ലഗാനുമില്ലാതെ നടപ്പാക്കേണ്ടതല്ല. കുറുപ്പുന്തറയിലും വൈക്കത്തും രണ്ടു കുർബാനക്രമങ്ങൾ ഏതായാലും അഭിലഷണീയവുമല്ല.
ഇക്കാരണത്താൽ ആർക്കാണ് SC37 ഇൽ പറയുന്ന അനുരൂപണങ്ങൾ നടത്താവുന്നത് എന്ന് SC 39 ലും എങ്ങനെയാൺ നടത്തേണ്ടതെന്ന് SC 40 ലും പറഞ്ഞിട്ടുണ്ട്. അതിൽ റോമിനും മെത്രാൻ സംഘത്തിനും ലോക്കൽ മെത്രാന്മാർക്കും അവരവരുടേതായ ചുമതലകൾ നിർവ്വഹിക്കുവാനുണ്ട്.
സീറോ മലബാറിന്റെ കാര്യത്തിൽ സിനഡും ഓറിയന്റൽ കോൺഗ്രിഗേഷനും എടുത്ത തീരുമാനത്തിന് ഉള്ളിൽ നിന്നുക്കൊണ്ടുള്ള സ്വാതന്ത്യങ്ങൾക്കേ ലോക്കൽ മെത്രാന് സാധുതയുള്ളൂ.
"substantial unity of the Roman rite is preserved" (SC38) എന്നു പറഞ്ഞിരിക്കുന്നത് ലത്തീൻ സഭയെപ്പറ്റിയാണെന്നു മനസിലാക്കുവാനുള്ള വകതിരിവ് ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.

രണ്ട് അംഗീകൃത ആഭിമുഖ്യങ്ങളോ?

 പോൾ ആറാമന്റെ കുർബനക്രമം "കത്തോലിക്കാ സഭയുടെ" കുർബാനക്രമം ആവുമ്പോൾ

(കത്തോലിക്കാ സഭയിലെ രണ്ട് അംഗീകൃത ആഭിമുഖ്യങ്ങളൂം സീറോ മലബാറിനും അനുവദിക്കപ്പെടണമെന്ന് ആവശ്യം)
കത്തോലിക്കാസഭയിൽ അംഗീകൃതമായ രണ്ടു ആഭിമുഖ്യങ്ങളുണ്ട് എന്നു പറയുന്നത് തെറ്റാണ്. അനൂജ് പറയുന്നത് പോൾ ആറാമന്റെ കുർബാനയെക്കുറിച്ച് മാത്രമാണ്. കത്തോലിക്കാ സഭ എന്നാൽ പോൾ ആറാമന്റെ കുർബാനക്രമം അല്ല.
കത്തോലിക്കാ കൂട്ടായ്മയിൽ വ്യക്തിസഭകളും ആ വ്യക്തിസഭകൾക്ക് നിയതമായ കുർബാനക്രമങ്ങളൂം ഉണ്ട്. ആ കുർബാനക്രമം അർപ്പിക്കേണ്ട രീതി കുർബനാ ക്രമത്തിൽ തന്നെ പറഞ്ഞിരിക്കും. ഇനി എക്പ്ലിസിറ്റ് ആയി പറഞ്ഞില്ലെങ്കിൽ ഇമ്പ്ലിസിറ്റ് ആയി പറഞ്ഞിരിക്കും.
ലത്തീൻ സഭ ഇപ്പോൾ ഉപയോഗിക്കുന്ന പോൾ ആറാമന്റെ കുർബാനയിൽ ജനാഭിമുഖവും മദ്ബഹാഭിമുഖവും അനുവദിക്കപ്പെട്ടിട്ടുണ്ട്. ലത്തീൻ സഭയിലെ ട്രൈഡന്റൈൻ കുർബാന ജനാഭിമുഖമായി അർപ്പിക്കുവാൻ ലത്തീൻ സഭ അംഗീകാരം കൊടുത്തിട്ടില്ല.
ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതു പോലെ സീറോ മലബാറിൽ ജനാഭിമുഖം വേണമെങ്കിൽ അതിനു പുതിയ കുർബാനക്രമം ഉണ്ടാക്കണം. ദൈവസ്തുതികൾ കൂറച്ച് അല്ലെങ്കിൽ ഒഴിവാക്കി പുരോഹിതനും ജനങ്ങളുമായ ഡയലോഗിനു പ്രാധാന്യം കൊടൂക്കുന്ന ഒരു കുർബ്ബാന ക്രമം. കാർമ്മികൻ ജനങ്ങളോടും ജനങ്ങൾ കാർമ്മികനോടും സംവദിക്കട്ടെ. ഇപ്പോൾ നിലവിലുള്ള ക്രമങ്ങൾ ഏറിയ ഭാഗത്തും പിതാവായ ദൈവത്തോട് സംവദിക്കുന്നതാണ് (സ്ഥാപനവിവരണം ഉൾപ്പെടെ), അത് ജനാഭിമുഖമായി ചൊല്ലുന്നത് ആ കുർബാനക്രമത്തിന്റെ ആത്മാവിനെ അപമാനിക്കലാണ്.
പുതിയ ക്രമം ഉണ്ടാകട്ടെ. അതിനു പാറേക്കാട്ടിലിന്റെ പേരും കൊടുക്കാം. അതിനു ലിറ്റർജിക്കൽ കമ്മറ്റിയും സിനഡും ഓറീയന്റൽ കോൺഗ്രിഗേഷനും അംഗീകാരം നൽകുകയാണെങ്കിൽ അതു ജനാഭിമുഖമായി അർപ്പിക്കണം എന്നു നിഷ്കർഷിക്കണം. ജനങ്ങളുമായുള്ള ഡയലോഗുകൾ ജനങ്ങൾക്ക് പുറം തിരിഞ്ഞ് അർപ്പിക്കുവാൻ പാടില്ല എന്നും നിഷ്കർഷിക്കണം (സാമാന്യബോധമുള്ളവർ ചെയ്യുവാൻ സാധ്യതയില്ല, എന്നാലും കോമ്മൻ സെൻസ് ഇസ് നോട് കോമ്മൺ എന്നാണല്ലോ)

Saturday, June 19, 2021

മൽക്കയെ അപഹസിയ്ക്കുന്ന ഓറിയന്റലുകൾ

 സഭയുടെ വ്യക്തിത്വത്തെയും പാരമ്പര്യങ്ങളെയും ഒരു പരിധിവരെ ആധ്യാത്മികതയേയും തിരിച്ചറിയുവാനുള്ള എന്റെ വ്യക്തിപരമായ ശ്രമങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് 15 കൊല്ലം മാത്രമേ ആയിട്ടുള്ളൂ. മഞ്ഞുമലയുടെ അറ്റം മാത്രമേ കണ്ടിട്ടുള്ളൂ, അറിയേണ്ടതും മനസിലാക്കണമെന്ന് ആഗ്രഹവുമുള്ള ആ ആധ്യാത്മിക നിക്ഷേപത്തിന്റെ വലുപ്പം എത്രയാണെന്നുള്ള ഒരു ബോധ്യം ഇക്കാലം കൊണ്ടുണ്ടായീ എന്നത് ദൈവാനുഗൃഹം. ഈ പതിനഞ്ചു വർഷത്തിനു മുൻപുള്ള ഞാനും ഇന്നത്തെ ഞാനും തമ്മിൽ ബോധ്യത്തിന്റെ കാര്യത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് ഏറെക്കുറെ കൃത്യമായ ധാരണ എനിയ്ക്കുണ്ട്.

ലത്തീൻ ഭക്താഭ്യാസങ്ങളുടേയും ലത്തീൻ ദൈവശാസ്ത്രത്തിന്റെയും ഇക്കിളി ഭക്തിയുടേയും കുറ്റിയിൽ കെട്ടപ്പെട്ടിരുന്ന പലരും സഭയുടെ വിശ്വാസത്തിലേയും മാതൃസഭയുടെ ആധ്യാത്മികതയിലേയ്ക്കും വരുന്നതും താത്പര്യപൂർവ്വം അതിനുവേണ്ടി വാദിയ്ക്കുന്നതും കാണാൻ ഇടയായിട്ടുണ്ട് ഈ ചെറിയ കാലയളവിന് ഉള്ളിൽ.

സഭയുടെ  ആധ്യാത്മിക സമ്പത്തിന്റെ പരിപാലത്തിനും പുനസ്ഥാപനത്തിനുമായി അക്ഷീണം പ്രയത്നിച്ച ഒരു സന്യാസി പറഞ്ഞത് ആദ്യകാലത്ത് താൻ പറഞ്ഞതിനെ പാഷണ്ഡതപോലെയാണ് ആൾക്കാർ നോക്കിക്കണ്ടിരുന്നത് എന്നാണ്. 80 കളിൽ എന്നു കൂട്ടിക്കോളൂ. താൻ റോമൻ കത്തോലിയ്ക്കനല്ല മാർ തോമാ നസ്രാണിയാണ് എന്നു സമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ച ഒരു വൈദീകനെ സഭാസ്നേഹിയും സഭപാരമ്പര്യങ്ങളുടെ സംരക്ഷനുമായിരുന്ന ഒരു മെത്രാൻ  കൊടുത്ത സമ്മാനം ഒരു 'ഗെറ്റ് ഔട്ട്' ആണ്. ഇന്ന് ഗവർമെന്റ് രേഖകളിൽ സീറോ മലബാർ എന്ന് എഴുതണം എന്ന സ്ഥിതി ഉണ്ടായിരിയ്ക്കുന്ന ഇപ്പോൾ ഒരു പക്ഷേ ഒരു സമാന്യ സീറോ മലബാർകാരൻ വരെ താൻ റോമൻ കത്തോലിയ്ക്കൻ അല്ലെന്നും റോമൻ കത്തോലിയ്ക്കയിൽ നിന്നു വ്യത്യസ്ഥമായ ഒരു ആധ്യാത്മിക പൈതൃകം തനിയ്ക്കുണ്ടെന്നും തിരിച്ചറിയുന്നുണ്ട്. ഒരു കാലത്ത് സഭാപാരമ്പര്യങ്ങളുടെ പുനസ്ഥാപനത്തിൽ വിമുഖരും വിരോധികളും ആയിരുന്ന മെത്രാന്മാർ വരെ ഇപ്പോൾ സഭയുടെ പ്രബോധനങ്ങളും പുനസ്ഥാപനത്തിന്റെ പ്രാധാന്യവും മനസിലാക്കുന്നുണ്ട്.

ഏഴുവ്യാകുലങ്ങളുടെയും, തോട്ടക്കര അച്ചന്റെയും വർത്തമാനപ്പുസ്തകത്തിന്റെയും കഥ ഓർമ്മയിലിരിക്കട്ടെ. ഒരു കാലത്ത് തിരസ്കൃതരായവർ കാവ്യനീതി പോലെ സഭയുടെ അഭിമാനമായി മാറുന്നു, വീര നായകന്മാർ ആവുന്നു. 


പറഞ്ഞു വന്നത്, പലർക്കും പലപ്പോഴായി വന്ന ബോധ്യങ്ങൾ ഇരുട്ടി വെളുത്തപ്പോൾ ഉണ്ടായതല്ലെന്നും, തങ്ങൾ ഇപ്പോൾ സംരക്ഷിക്കുവാനും കൈമാറുവാനും അത്തരക്കാർ ശ്രമിയ്ക്കുന്ന പാരമ്പര്യങ്ങളോട് അത്രതന്നെ കൂറില്ലാതിരുന്ന ഒരു ഭൂതകാലം ഞാൻ ഉൾപ്പെടെ ഇവരിൽ മിക്കവർക്കും ഉണ്ടായിരുന്നു എന്നുമാണ്. വായനകളിലൂടെ, സംവാദങ്ങളിലൂടെ, അനുഭവങ്ങളീലൂടെ, സാമിപ്യങ്ങളിലൂടെ ശരികളിൽ നിന്ന് ശരികളിലേയ്ക്ക് പുരോഗമിച്ചവരാണ് അവരിൽ പലരും. അതിൽ കുറേ പേർ ഒരു ശരിയിൽ നിന്ന് മറ്റൊരു ശരിയിൽ എന്നി അവിടെ നിന്ന് അതിലും ശ്രേഷ്ടമായ മറ്റൊരു ശരിയിലേയ്ക്ക് പുരോഗമിയ്ക്കാതെ കെട്ടപ്പെടുന്ന അവസ്ഥയുണ്ട്. തങ്ങളാണു ശരിയെന്നും തങ്ങൾക്കു മുൻപിലുള്ളവർ തീവ്രവാദികളാണെന്നും പിമ്പിലുള്ളവർ വിഢ്കളാണെന്നുമുള്ള സാമാന്യവത്കരണവും ഉണ്ട്. തങ്ങളുടെ പിന്നിലുള്ള പലർക്കും തങ്ങൾ ഇപ്പോൾ തന്നെ തീവ്രവാദികൾ ആണെന്നും തങ്ങളോടു തന്നെ അപേക്ഷിച്ച് തങ്ങൾ വർഷങ്ങക്കു മുൻപ് പിന്നിലായിരുന്നെന്നും ഇക്കൂട്ടർ സൗകര്യപൂർവ്വം മറക്കുന്നു.

ഇത്രയും വളച്ചു കെട്ടി പറഞ്ഞത് മൽക്കയിലേയ്ക്ക് വരുവാനാണ്. പൗരസ്ത്യ സഭാ-പാരമ്പര്യസംരക്ഷകർ എന്നു സ്വയം അഭിമാനിയ്ക്കുന്ന ചിലർ മൽക്കയെ അപഹസിയ്ക്കുന്നതു ശ്രദ്ധയിൽ പെടുകയുണ്ടായി. തങ്ങൾ പഠിച്ച തിയോളജി പുസ്തകങ്ങൾക്കും കണ്ട ലോകത്തിനും അപ്പുറത്ത് മറ്റൊന്നുമില്ല എന്നു കരുതുന്ന കൂപമണ്ഡൂകങ്ങൾ ആണ് അവർ. തങ്ങൾ അനുകൂലിയ്ക്കുന്ന കാര്യങ്ങളെ പിന്താങ്ങുവാൻ സിനഡിന്റെ അനുവാദം ആവശ്യമില്ലാതിരിയ്ക്കുകയും എന്നാൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ സിനഡു പറഞ്ഞില്ല എന്നു പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.  സിനഡ് പറയുന്നതുകൊണ്ടല്ല സത്യം സത്യമാകുന്നത്, സത്യമാകുന്നതുകൊണ്ട് സിനഡു പറയുന്നൂ എന്നേ ഉള്ളൂ. അതിൽ നിലപാടുകൾ സ്വന്തം ബോധ്യം കൊണ്ട് തിരിച്ചറിയാൻ ആവുന്നില്ലെങ്കിൽ നിങ്ങൾ മുൻപേ നടന്നവർക്ക് കുറച്ചു പിന്നിലാണെന്നു കരുതിയാൽ മതി.

പറങ്കികൾ എത്തുന്നതിനു മുൻപേ നമുക്ക് ഉണ്ടായിരുന്ന പാരമ്പര്യത്തെ പുശ്ചിയ്ക്കുന്നവർ, ഉദയമ്പേരൂർ നിർത്തലാക്കിയ പാരമ്പര്യത്തിന്റെ പുനസ്ഥാപനത്തിന്റെ പരിഹസിയ്ക്കുന്നവർ സത്യത്തിൽ മെനേസിസിനെ തന്നെയാണ് അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്നത് എന്നല്ലാതെ എന്താണു പറയാൻ. 

വിവാഹ വേളയിലെ കിരീട ധാരണം സീറോ മലബാർ സഭയിൽ ഈ അടുത്തകാലത്ത് ആദ്യമായി നടന്നപ്പോൾ ആ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഈയുള്ളവനും ഭാഗ്യമുണ്ടായി. അന്ന് അത് സിനഡ് അംഗീകരിച്ചിട്ടില്ലായിരുന്നു. ഇന്ന് സിനഡ് ഔദ്യോഗികമായി പുനസ്ഥാപിയ്ക്കുന്നു. അതുപോലെ തന്നെ സഭ നെസ്തോറിയസിന്റെയും തിയഡോറിന്റെയും കുർബാന പുനസ്ഥാപിച്ചു; ഇപ്പോഴും പല വൈദീകരും അതു ചൊല്ലുന്നതുപോയിട്ട് കേട്ടിട്ടുപോലും ഉണ്ടോ എന്നു സംശയിയ്ക്കത്തക്ക സാഹചര്യമുള്ള സീറോ മലബാർ സഭയിൽ നിങ്ങൾക്ക് ഒരു പൈതൃകത്തോട് കൂറുണ്ടായില്ലെങ്കിലും പിതാക്കന്മാർ പാലിച്ചുപോന്ന ഒന്നിനെ അപഹസിയ്ക്കാതിരിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കണം.

പുളിപ്പു ചേർത്ത അപ്പം കുർബാനയിൽ ഉപയോഗിയ്ക്കുന്നത് പൗരസ്ത്യ സഭയുടെ പാരമ്പര്യമാണ്. ഈ പാരമ്പര്യം കൈമോശം വന്ന ലത്തീൻ സഭ പുളിപ്പില്ലാത്ത അപ്പമാണ് കുർബാനയിൽ ഉപയോഗിയ്ക്കുന്നത്. പൗരസ്ത്യ സുറീയാനീ സഭയെ സംബന്ധിച്ചിടത്തോളം ഇതിനോടൊപ്പം ഒരു പുരാവൃത്തം കൂടി അനുബന്ധമായുണ്ട്. അതു യോഹന്നാനു കർത്താവിൽ നിന്നു ലഭിച്ച പെസഹായുടെ ഒരു കഷണത്തെപ്പറ്റിയും കർത്താവിന്റെ വിലാപ്പുറത്തെ രക്തത്തെ പറ്റിയുമാണ്. ഈ അപ്പത്തിന്റെ പുളിപ്പ്, തലമുറകളായി പൗരസ്ത്യ സുറിയാനിയ്ക്കാർ കൈമാറിപ്പോന്നിരുന്നു എന്നതാണ് ഈ പുരാവൃത്തം.

ഈ ലെജണ്ടിനെ അല്ലെങ്കിൽ പുരാവൃത്തത്തെ അപഹസിയ്ക്കുന്ന ഒരു കൂട്ടം ഓറിയന്റലുകൾ ഉണ്ട്. സഭയുടെ ആദ്യകാല കഥകൾ പലതും ഇത്തരം വാമൊഴി കഥകൾ ആണ് എന്ന് ഇക്കൂട്ടർ സൗകര്യപൂർവ്വം മറക്കുന്നു. തോമാ ശ്ലീഹായുടെ ഭാരത പ്രവേശം ഒരു ലെജണ്ടാണ്. ക്നായിത്തൊമ്മന്റെ വരവ് ഒരു ലെജണ്ട് ആണ്. 2000 വർഷം പഴക്കമുള്ള ഒരു പുരാവൃത്തത്തിന്റെ, വാമൊഴി പാരമ്പര്യത്തിന്റെ സത്യാവസ്ഥ നിങ്ങൾ എങ്ങനെ നിശ്ചയിയ്ക്കും. അതിൽ ചിലത് നിങ്ങൾക്ക് സ്വീകാര്യവും മറ്റു ചിലത് അസ്വീകാര്യവും ആവുന്നതിൽ എന്തു യുക്തിസഹമായ വാദമാണ് നിങ്ങൾക്ക് മുന്നോട്ടൂ വയ്ക്കാനാവുക?


മറ്റൊരു വിചിത്രമായ വാദം മൽക്കാ ചേർത്തുള്ള കുർബാന സ്വീകരിയ്ക്കുന്നവർ നരഭോജികൾ ആകുന്നു എന്നുള്ളതാണ്. അതായത് വിശുദ്ധ പുളീപ്പ് എന്ന മൽക്ക ചേർത്ത് കർത്താവിന്റെ ശരീര രക്തങ്ങൾ ഭക്ഷിയ്ക്കുന്നവർ നരഭോജികളൂം മൽക്കാ ചേർക്കാത്ത കർത്താവിന്റെ ശരീര രക്തങ്ങൾ ഭക്ഷിയ്ക്കുന്നവർ സാമാന്യജീവികളും ആവുന്നത്രെ.  അതായത് ഈ മാന്യദേഹത്തിന്റെ ഒരു എട്ടോ പത്തോ തലമുറ മുൻപുള്ള പിതാമഹന്മാർ ഉൾപ്പെടെ സകലമാന നസ്രാണികളൂം നരഭോജികൾ ആയിരുന്നത്രെ. കർത്താവിന്റെ കുരിശിന്റെയും കച്ചയുടേയും ലജണ്ട് സ്വീകാര്യം ആവുന്നത് അത് റോമിന്റെ ആണെന്നുള്ളതുകൊണ്ടാണ്. പക്ഷേ മൽക്കയുടെ ലജണ്ട് അസ്വീകാര്യമാണ്, കാരണം അതിൽ റോമിനു പങ്കില്ല. കണ്ടോ കണ്ടോ മെനേസിസിന്റെ പുള്ളി പുറത്തുവരുന്നത്. കുറവിലങ്ങാട്ടെ മാതാവിന്റെ പ്രത്യക്ഷം ലജണ്ട് ആണ്. പക്ഷേ ഫാത്തിമായും ലൂർദ്ദും സത്യമാണ്. 

അല്ല റോമും സിനഡും അംഗീകരിയ്ക്കുന്നതുകൊണ്ടാണോ ഒരു സംഗതി സ്വീകാര്യമാവേണ്ടത്? റോമുമായും സിനഡുമായും ഉള്ള ബന്ധം അച്ചടക്കത്തിന്റേതാണ്, അതിലു സത്യവുമായി ബന്ധമില്ല. ഉദാഹരണം 50-50 തന്നെ. അതുമല്ലെങ്കിൽ സിറോ മലബാർ സഭയുടെ ജൂറിസ്‌ ഡിക്ഷനുമായി ബന്ധപ്പെട്ടവ. പക്ഷേ മസ്തിഷ്കം മറ്റാർക്കെങ്കിലും പണയം വയ്ക്കുന്നത് സത്യാന്വേഷണത്തെ തടയുക മാത്രമാണ് ചെയ്യുന്നത്. മുൻപേ നടന്നു വഴി വെട്ടിത്തെളിച്ച മഹാരഥന്മാരുടെ പിൻപേ നടക്കുന്നവർ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടാവട്ടെ. ആ തിരിച്ചറിവ് ഇല്ലാതിരിയ്ക്കുന്നിടത്തോളം കാലം എത്ര ഓറിയന്റലിസം പറഞ്ഞാലും അത്തരം പതിവെന്ത ഓറിയന്റലുകൾ ചില കുറ്റികളിൽ കെട്ടപ്പെട്ടു വട്ടം കറങ്ങുന്ന പറങ്കികൾ തന്നെയാണ്.  പര്യസ്ത്യ ആധ്യാത്മികത ഒരു സഞ്ചാരമാണ്, മാർഗ്ഗമാണ്; ഏതെങ്കിലും കുറ്റികളിൽ കെട്ടപ്പെട്ടു വട്ടം കറങ്ങുവാനുള്ളതല്ല.