Friday, December 27, 2013

കിഴക്കിനഭിമുഖം - കർത്താവിനെ പ്രതീക്ഷിച്ച്, കർത്താവിലേയ്ക്ക് തിരിഞ്ഞ്


വചനത്തെ വളച്ചൊടിയ്ക്കുകയും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി തന്റെ ഭാവനയ്ക്കനുസരണം ഉപയോഗിയ്ക്കുകയും സഭയുടെ പാരമ്പര്യത്തെ നിഷേധിയ്ക്കുക്കയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മനോവയുടെ മേലെ കൊടൂത്തിരിയ്ക്കുന്ന വാചകം. 

കത്തോലിയ്ക്കാ സഭ മൂന്നു വ്യത്യസ്ത്യമായ അരാധനാപാരമ്പര്യങ്ങളുള്ള  - സുറീയാനി, ഗ്രീക്ക്, ലത്തീൻ - 23 വ്യക്തിസഭകളുടെ കൂട്ടായ്മയാണ്. ഈ എല്ലാ സഭകളുടേയും പുരാതന പാരമ്പര്യമാണ് കിഴക്കോട്ട് തിരുഞ്ഞുള്ള ദൈവാരാധന. കത്തോലിയ്ക്കാ സഭയെ സംബന്ധിച്ചിടത്തോളം എഴുതപ്പെട്ട ദൈവ വചനവും എഴുതപ്പെടാത്ത വചനമായ വി. പാരമ്പര്യങ്ങളും പ്രധാനപ്പെട്ടതാണ്. പ്രൊട്ടസ്റ്റന്റ് സഭകളാണല്ലോ പാരമ്പര്യത്തെ നിഷേധിയ്ക്കുന്നത്.

കിഴക്കിന്റെ ചരിത്രം യഹൂദ പാരമ്പര്യത്തിൽ
കിഴക്കിന് മിസ്രാ എന്നാണ് ഹീബ്രുവിൽ പറയുന്നത്. അതിന് ജീവചൈതന്യത്തിന്റെ ദിക്ക് എന്നുകൂടി അർത്ഥമുണ്ട്. യഹൂദരെ സംബന്ധിച്ചിടത്തോലം കിഴക്ക് എന്നത് ഏദേൻ തോട്ടത്തിന്റെ പ്രതീകം കൂടിയാണ്. ദൈവം കിഴക്ക് ഏദേനിൽ ഒരു തോട്ടമുണ്ടാക്കി (സൃഷ്ടി 2:8). എന്നു നാം വായിക്കുന്നു. ഈജിപ്തിനെ പ്രഹരിയ്കുവാൻ വെട്ടുകിളികൽ വരുന്നതും  (പുറപ്പാട്: 10: 13),  ചെങ്കടലിനെ പിളർക്കുവാൻ കാറ്റുവരുന്നതും (പുറപ്പാട് 14:21) കിഴക്കുനിന്നാണ്. വാഗ്ദാനത്തിന്റെ നാട്ടിലേയ്ക്ക് അവർ നടക്കുന്നത് കിഴക്കോട്ടാണ്. അതുകൊണ്ട് യഹൂദർ പ്രാർത്ഥനയിൽ കിഴക്കിന്റെ ഒരു പാരമ്പര്യം കടന്നുവരുന്നുണ്ട്.
ജറൂസലേം ദേവാലയത്തിന്റെ നിർമ്മാണത്തിനു ശേഷം യഹൂദരുടെ പ്രാർത്ഥനയുടെ ദിശ ജറൂസലേമിനേയും, ജറൂസലേമിൽ ദേവാലയത്തെയും ദേവാലയത്തിൽ വിശുദ്ധ സ്ഥലത്തെയും കേന്ദ്രീകരിച്ചായി.
എങ്കിലും വീടുകളിൽ പ്രാർത്ഥനയ്ക്കായി കിഴക്കേ ഭിത്തിയിൽ തൂക്കുന്ന ചിത്രപ്പണിയുള്ള ഫലകത്തിന് മിസ്രാ എന്നാണ് വിളിയ്ക്കുന്നത്.
ചില റബ്ബിമാർ സൂര്യാരാധനാ വാദത്തെ നേരിടുവാനായി പ്രാർത്ഥനയുടെ ദിശ കിഴക്കിൽ നിന്നും കിഴക്ക് തെക്ക് ആക്കുവാൻ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടൂണ്ട്. ഇതു തെളിയിക്കുന്നതും കിഴക്ക് യഹൂദ പാരമ്പര്യത്തിലുണ്ടായിരുന്നു എന്നു തന്നെയാണ്.

കിഴക്കിന്റെ പ്രാധാന്യം പഴയ നിയമത്തിൽ
സൃഷ്ടി 2:8, പുറപ്പാട്: 10: 13, പുറപ്പാട് 14:21 എന്നിവയെ നാം കണ്ടുകഴിഞ്ഞു.
എസക്കിയേൽ 43:2 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഇതാ കിഴക്കുനിന്നു വരുന്നു.
എസക്കി:43;4 കണ്ട മനോവ എന്തുകൊണ്ടാണ് ഇതു കാണാതിരുന്നത്?

എസക്കി:43;4 - "കര്‍ത്താവിന്‍റെ മഹത്വം കിഴക്കേപടിപ്പുരയിലൂടെ ദൈവാലയത്തില്‍ പ്രവേശിച്ചു".
മനോവയുടെ ഇവിടുത്തെ ചോദ്യം തമാശയ്ക്കു വക നൽകുന്നു. കിഴക്കേപടിപ്പുരയിലൂടെ ദൈവാലയത്തിലേക്കു പ്രവേശിച്ച അവിടുത്തെ മഹത്വത്തെ ഇനിയും കിഴക്കോട്ടു വായും പൊളിച്ചു നിന്നാല്‍ കാണാന്‍ കഴിയുമോ?”.
43:2 ലെയും 43;4യും കാഴ്ചയുടെ സമയത്ത് എസക്കിയേൽ പ്രവാചകൻ ദേവാലയത്തിന്റെ കിഴക്കേ പടിപ്പുരയിലാണ് നിൽക്കുന്നത്. ദേവാലയത്തിനുള്ളിലല്ല. കിഴക്കിനഭിമുഖമായി ആരാധന എന്ന പുരാതന ക്രൈസ്തവപാരമ്പര്യത്തെ അനുകൂലിച്ചു സംസാരിയ്ക്കുന്നവർ ദേവാലയത്തിന്റെ കിഴക്കുവശത്തുപോയി “കിഴക്കോട്ടു വായും പൊളിച്ചു” നിൽക്കണമെന്നല്ല പറയുന്നത്, ദേവാലയത്തിനുള്ളിൽ ബലിയർപ്പിയ്ക്കുമ്പോൾ പുരോഹിതനും ദൈവനവുമടക്കം കിഴക്കോട്ട് തിരിയണം എന്നാണ് കിഴക്കിനഭിമുഖമായോ ആരാധനാക്രമപരമായ കിഴക്കിന് (Liturgical East) അഭിമുഖമായോ ബലിയർപ്പിയണമെന്നാണ്.
മനോവ ഉദ്ധരിയ്ക്കുന്ന എസക്കി:8;16,17 വാചകങ്ങളിനെ മനോവ വിട്ടുകളഞ്ഞതും കൂടി നമുക്കു നോക്കാം. ദേവാലയത്തിന്റെ അകത്തളത്തിലേയ്ക്ക് അവിടുന്ന് എന്നെ കൂട്ടിക്കൊണ്ടൂ പോയി. കർത്താവിന്റെ ആലയത്തിന്റെ വാതിൽക്കൽ പൂമുഖത്തിനും ബലിപീഠത്തിനും നടുവിൽ ഇരുപത്തിയഞ്ചോളം പേർ ദേവാലയത്തിനു പുറം തിരിഞ്ഞ്
നിൽക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളാണോ? അവര്‍ ദേശത്തെ അക്രമങ്ങള്‍ക്കൊണ്ടു നിറച്ചു. എന്‍റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു"(എസക്കി:8;16,17).
കിഴക്കോട്ട് നോക്കി എന്നതല്ല അവർ ചെയ്ത തെറ്റ്. അവർ വിശുദ്ധ സ്ഥലത്തിനു പുറം തിരിഞ്ഞു നിന്നു എന്നതും സൂര്യനെ ആരാധിച്ചു എന്നതുമാണ് തെറ്റ്പൗരസ്ത്യ സുറിയാനീ ആരാധനാക്രമത്തിൽ ദേവാലയത്തിന്റെ ഖങ്കേ (sanctuary) എന്നു പറയുന്ന ഭാഗം  അതിവിശുദ്ധസ്ഥലത്തിന്റെ പ്രതീകമാണ്. കിഴക്കേ ഭിത്തിയിലെ സ്ലീവാ കർത്താവിന്റെ പ്രതീകമാണ്. കിഴക്കേ ഭിത്തിയിൽ സക്രാരിയുണ്ടെങ്കിൽ (സക്രാരിയുടെ സാംഗത്യം പിന്നീട് ഒരു പോസ്റ്റിൽ വിശദമാക്കാൻ ശ്രമിയ്ക്കാം) അത് കൂദാശചെയ്യപ്പെട്ട അപ്പം, ഏകജാതൻ, പുതിയനിയമത്തിലെ പെസഹാക്കുഞ്ഞാട്  അപ്പത്തിന്റെ രൂപത്തിൽ ഇരിയ്ക്കുന്ന സ്ഥലമാണ്. അതിനു പുറംതിരിയുന്നവർ എസക്കിയേലിന്റെ ദർശനത്തിലെ പുരോഹിതർ ചെയ്തതുപോലെ ദൈവമഹത്വത്തിനു പുറം തിരിയുകയല്ലേ ചെയ്യുക. യാമ പ്രാർത്ഥന ചൊല്ലുന്നവർ സൂര്യനെയാണ് ആരാധിയ്ക്കുത് എന്ന വിടുവായത്തം വിളമ്പുന്ന മനോവ മനസിലാക്കേണ്ടത് സൂര്യനെ ആരാധിയ്ക്കുക്കുവാനാണെങ്കിൽ കിഴക്കോട്ട് നോക്കി പ്രഭാതപ്രാർത്ഥനകളല്ലേ ചൊല്ലുവാൻ കഴിയൂ എന്നല്ലേ. മനോവ പറയുന്ന പോലെ സൂര്യനമസ്കാര ദിശയാണെങ്കിൽ റംശ പടിഞ്ഞാറോട്ടൂ നോക്കിയും ഏന്താനാ മുകളിലോട്ട് നോക്കിയും അർപ്പിയ്ക്കേണ്ടീവരും.
എസക്കി:44:1 വിശുദ്ധ സ്ഥലത്തിന്റെ പുറത്ത് കിഴക്കോട്ട് ദർശനമായി നിൽക്കുന്ന പടിപ്പുരയിലേയ്ക്ക് അവൻ എന്നെ തിരികെ കൊണ്ടുവന്നു. അത് അടച്ചിരുന്നു. കർത്താവ് എന്നോട് അരുളിചെയ്തു. പടിപ്പുര എപ്പോഴും അടച്ചിരിയ്ക്കും. അത് തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിയ്ക്കയുമില്ല. എന്തെന്നാൽ ഇസ്രായേലിന്റെ ദൈവമായ കർത്താവ് അതിലൂടെ പ്രവേശിച്ചിരിയ്ക്കുന്നു.
എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കു വേണ്ടീ നീതി സൂര്യൻ ഉദിയ്കും (മലാക്കി 4:2) മിശിഹായെ നീതിസൂര്യൻ എന്നു മലാക്കി വിളിച്ചിരുയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.
ലത്തീൽ വുൾഗാത്തയിലും സുറിയാനി പിശ്ത്തായിലും സഖറിയാ 6:12 ഇൽ പ്രകാരം വായിക്കുന്നു. കിഴക്ക് എന്നാണ് അവന്റെ നാമം”. (പി.ഒ.സി അടക്കമുള്ള തർജ്ജിമകൾ ഇതിനെ ശാഖ എന്നാണ് തർജ്ജിമ ചെയ്തിരിയ്ക്കുന്നത്)  
കിഴക്കിന്റെ പ്രാധാന്യം പുതിയ നിയമത്തിൽ
"കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനം"(മത്താ:24;27). മനോവ പറയുന്നതു പോലെ കർത്താവിന്റെ അപ്രതീക്ഷിതമായ രണ്ടാമത്തെ ആഗമനവും അതിനായി ഒരുങ്ങിയിരിയ്ക്കണമെന്ന നിർദ്ദേശവും ഒരു വ്യാഖ്യാനം മാത്രമാണ്അങ്ങനെയായിരുന്നെങ്കിൽ മിന്നാൽ പിണരുപോലെ ആയിരിയ്ക്കും മനുഷ്യപുത്രന്‍റെ ആഗമനം എന്നു പറഞ്ഞാൽ മതിയായിരുന്നു.
സ്നാപകയോഹന്നാന്റെ പിതാവായ സ്കറിയാ മിശിഹായെ ഉദ്ദ്യേശിച്ച്  ഉയരത്തിൽ നിന്നുള്ള ഉദയരശ്മി എന്നു പറയുന്നതായി നാം വായിക്കുന്നു. നമ്മുടെ ദൈവത്തിന്റെ  കാരുണ്യാതിരേകം കൊണ്ട് ഉയരത്തിൽ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദർശിയ്ക്കുമ്പോൾ (ലൂക്കാ 1:28)
ഈശോ മിശീഹാ സ്വർഗ്ഗാരോഹണം ചെയ്തത് ജറൂസലേമിനു കിഴക്കുള്ള ഒലിവുമലയിൽ നിന്നാണ്. ദൂതൻ ശിഷ്യാന്മാരോടു പറയുന്നു ഈശോ സ്വർഗ്ഗത്തിലേയ്ക്കു പോയതുപോലെ തന്നെ തിരിച്ചുവരും. (നടപടി 1: 11). ഈശോ മിശിഹയൂടെ രണ്ടാമത്തെ ആഗമനം കിഴക്കുനിന്നാണ് എന്ന പാരമ്പര്യത്തിന് അടിസ്ഥാനം ഇതാണ്.
വെളിപാട് 7:2 “വേറൊരു ദൂതൻ ജീവിയ്ക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിയ്ക്കുന്ന ദിക്കിൽ നിന്നും ഉയർന്നുവരുന്നതു ഞാൻ കണ്ടു”.

കിഴക്കിന്റെ ചരിത്രം ക്രൈസ്തവ പാരമ്പര്യത്തിൽ
സ്വർഗ്ഗീയ ഏദേന്റെ പ്രതീകമായും സ്വർഗ്ഗിയ ജറൂസലേമിന്റെ പ്രതികമായും ക്രൈസ്തവർ കാണുന്ന ദിശ കിഴക്കാണ്.  ജറൂസലേം ദേവാലയം നശിപ്പിയ്ക്കപ്പെടുന്നതുവരെ യഹൂദപ്രാരമ്പര്യമുള്ള ക്രൈസ്തവർ ജറൂസലേമിലെയ്ക്ക് തിരിഞ്ഞു പ്രാർത്ഥിച്ചിരിയ്ക്കുവാനും സാധ്യതയുണ്ട്. സഭാപിതാക്കന്മാരുടെ വാക്കുകൾ പ്രകാരം കിഴക്കിനഭിമുഖമായുള്ള ദൈവാരാധനയ്ക്ക് ശ്ലീഹന്മാരോളം തന്നെ പഴക്കമുണ്ട്.
ലത്തീൻ സഭാപിതാവും പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ തുടക്കാക്കാരനുമായ തെർത്തുല്യൻ (160 - 225 AD) ക്രൈസ്തവരുടെ കിഴക്കിനഭിമുഖമായുള്ള ദൈവാരാധന അവരെ സൂര്യാരാധകരായി ചിത്രീകരിയ്ക്കുന്നതിനു ഇടയാക്കിയതായി രേഖപ്പെടുത്തിയിട്ടൂണ്ട്. (ഇതു തന്നെയല്ലെ മനോവയും ചെയ്യുന്നത്)

ഗ്രീക്ക് സഭാപിതാവായ അലക്സാണ്ട്രിയായിലെ ക്ലമെന്റ് (150-215 AD) പൗലോസ്സ് സ്ലീഹാ തന്റെ രക്തസാക്ഷിത്വത്തിനു മുൻപ് കിഴക്കോട്ട് തിരിഞ്ഞ് പ്രാർത്ഥിച്ചതായി പറയുന്ന പാരമ്പര്യത്തെ പരാമർശിയ്ക്കുന്നുണ്ട്. ക്ലമന്റ് തന്റെ സ്റ്റ്രൊമാന്റ എന്ന പുസ്തകത്തിൽ ഇപ്രകാരം കുറിയ്ക്കുന്നു: പ്രഭാതം ദിവസത്തിന്റെ ആരംഭമായതുകൊണ്ട്, ഇരുട്ടിൽ നിന്നും ഉദിച്ച പ്രകാശം അപ്പോൾ മുതൽ വർദ്ധിച്ചുവരുന്നതുകൊണ്ട്നമ്മുടെ പ്രാർത്ഥനകളും ഉദയത്തെ നോക്കി കിഴക്കോട്ട് ആയിരിയ്കട്ടെ.
ഗ്രീക്ക് സഭാപിതാവായ ഒരിജന്റെ(c.185–c.254) വാക്കുകളിൽ ഉദയസൂര്യന്റെ ദിശയിലേയ്ക്കാണ് നാം പ്രാർത്ഥിയ്ക്കാനായി തിരിയേണ്ടത്. ഇത് ആത്മാവ് യഥാർത്ഥപ്രകാശത്തെ ആഗ്രഹിയ്ക്കുന്നതിനെ സൂചിപ്പിയ്ക്കുന്നു.

ലത്തീൻ സഭാപിതാവായ ആഗസ്തീനോസ്(AD 354 - AD 430) ഇപ്രകാരം പറയുന്നു. നാം പ്രാർത്ഥിയ്ക്കാനായി എഴുന്നേൽക്കുമ്പോൾ സ്വർഗ്ഗം തുടങ്ങുന്ന ദിശയായ കിഴക്കോട്ട് തിരിയുന്നു. ഇത് മറ്റു ദിശകളിൽ നിന്നും ദൈവമില്ല എന്ന അർത്ഥത്തിലല്ല, ദൈവം കിഴക്കാണെന്ന അർത്ഥത്തിലുമല്ല മറിച്ച് നമ്മൂടെ മനസിനെ ഉന്നതങ്ങളിലേയ്ക്ക് ദൈവത്തിലേയ്ക്ക്  ഉയർത്തണം എന്ന് ഓർമ്മിപ്പിയ്ക്കുവാനാണ്

20ആം നൂറ്റാണ്ടിലെ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനും ആരാധനാക്രമ പണ്ഢിതനും മാർ പാപ്പായുമായിരുന്ന കാർദ്ദിനാൾ റാറ്റ് സിംഗറുടെ വാക്കുകളിൽ കിഴക്ക് അഥവാ ഉദയ സൂര്യൻ ഉദ്ധാനത്തിന്റെയും രണ്ടാമത്തെ ആഗമനത്തിന്റെയും പ്രതീകമാണ്. അദ്ദേഹം സ്പിരിറ്റ് ഓഫ് ലിറ്റർജി എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: ബലിയർപ്പണസമയത്ത് കിഴക്കോട്ട് തിരിയേണ്ടത് അനിവാര്യമാണ്. അത് കേവലം യാദൃശ്ചികമല്ല, അനിവാര്യതയാണ്. ഒരുമിച്ച് കർത്താവിലേയ്ക്ക് തിരിയുക എന്നത് പ്രധാനമാണ്” (Spirit of the Liturgy, p. 81)

ഡിസംബർ 21ലെ ലത്തീൻ ആരാധനാക്രമപ്രകാരമുള്ള ഗാനത്തിൽ മിശിഹായെ ഉദ്ദ്യേശിച്ച് ഇപ്രകാരം പാടുന്നു: O Oriens, splendor lucis æternæ et sol iustitiæ: veni, et illumina sedentes in tenebris et umbra mortis.മിശിഹായെ Orient എന്നു വിളിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.



ഉപസംഹാരം

കിഴക്കോട്ട് തിരിഞ്ഞുള്ള ദൈവാരാധന യഹൂദമതത്തിൽ നിന്നും ഉത്ഭവിച്ചതും ശ്ലൈഹീക സഭകളുടെ ആദിമകാലം മുതൽ പ്രയോഗത്തിലിരുന്നതുമാണ്. ഇത് മൂന്നു പാരമ്പര്യങ്ങളീലുള്ള ക്രൈസ്തവ സഭകളുടേയും സുറീയാനീ, ഗ്രീക്ക്,ലത്തീൻ പാരമ്പര്യമാണ്. ഇന്നലെക്കുരുത്ത ചിലരുടെ വാക്കുകളെ അടിസ്ഥാപപ്പെടുത്തി 2000 വർഷം പഴക്കമുള്ള ഒരു സഭയുടെ പാരമ്പര്യത്തെ പുശ്ചിയ്ക്കുകയും പുറം തള്ളുകയും ചെയ്യുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിയ്ക്കുക.

Thursday, December 26, 2013

മനോവയുടെ പ്രഭാതനക്ഷത്രം

പിന്നിയും മനോവയുടെ വാചകക്കസർത്തുകളീലേയ്ക്ക്:-

കിഴക്കിന്‍റെസാക്ഷികള്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം രസകരമാണ്. 'സൂര്യന്‍ കിഴക്കുദിക്കുന്നു; അതിനാല്‍, നീതിസൂര്യനായ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കണമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു' പരക്കെയെന്ന പ്രയോഗം തങ്ങളുടെ ഇടയില്‍ എന്നു തിരുത്തിപ്പറയുന്നതാകും കൂടുതല്‍ ഉചിതം. ഇനി പറയാം, നീതിസൂര്യനായ ക്രിസ്തുവിന്‍റെ പ്രതിനിധിയാണ് സൂര്യനെന്ന വാദം പൈശാചികമാണ്! കാരണം, പിശാചിനെക്കുറിച്ച് ബൈബിള്‍ പറയുന്നതു നോക്കുക: "ഉഷസ്സിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു!"(ഏശയ്യാ:14;12)

ആരാണ് പ്രാഭാതനക്ഷത്രം എന്നു മനസ്സിലാക്കാന്‍ മലയാളം മാത്രം പഠിച്ചാല്‍ മതി! സൂര്യന്‍ ഒരു നക്ഷത്രമാണെന്നും പ്രഭാതനക്ഷത്രം സൂര്യനാണെന്നും പ്രൈമറി സ്കൂളില്‍ പഠിപ്പിച്ചപ്പോള്‍ 'കപ്പലണ്ടി' പെറുക്കി നടന്നവരാണ് കത്തോലിക്കാസഭയെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.


പ്രീയപ്പെട്ട മനോവേ,

ദൈവമാതാവിന്റെ കൊന്ത എന്ന ലത്തിൻ ഭക്താഭ്യാസം മനസിരുത്തി ഒരുപ്രാവശ്യമെങ്കിലും ചൊല്ലിയിരുന്നെങ്കിൽ പ്രഭാതനക്ഷത്രം എന്ന പ്രയോഗം പൈശാചികമാണെന്ന് പറയുകയില്ലായിരുന്നു. അതിൽ ഞങ്ങളുടെ കർത്താവിന്റെ അമ്മയെ ഉഷകാല നക്ഷത്രം എന്നു വിശേഷിപ്പിയ്ക്കുന്നുണ്ട്. അതും പൈശാചികമാണോ? അതോ പൗരത്യർ കാണിയ്ക്കുന്നതിനുമാത്രമാണോ പൈശാചികപരിവേഷം?!


താങ്കൾ ഇപ്പോൽ വാദിയ്ക്കുന്നത് കത്തോലിയ്ക്കാ സഭയിൽ കേവലം 50 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ജനാഭിമുഖം എന്ന ഏർപ്പാടിനുവേണ്ടീയാണ്. കത്തോലിയ്ക്കാ സഭയുടെ അതിനു മുൻപുണ്ടായിരുന്ന 1950 താങ്കളുടെ റോമൻ കത്തോലിയ്കാ സഭയടക്കമുള്ള എല്ലാ ശ്ലൈഹീക സഭകളിലും  പൗരസ്ത്യ പാശ്ചാത്യ, കത്തോലിയ്ക്കാ ഓർത്തോഡോക്സ് വ്യത്യാസങ്ങളോന്നും കൂടാതെ കിഴക്കിനഭിമുഖമായ ദൈവാരാധനായാണ്ണ്നടത്തിയിരുന്നത്. അത് So called കൽദായവാദികളുടെ കണ്ടുപിടുത്തമല്ല, കത്തോലിയ്ക്കാ പാരമ്പര്യമാണ്, ക്രൈസ്തവ പാരമ്പര്യമാണ്.

കർത്താവിനെ നീതിസൂര്യനായി വിശേഷിപ്പിച്ചതും കൽദായവാദികളല്ല. മലാക്കി നിവ്യായുടെ പുസ്തകത്തിൽ ഇപ്രയാരം പറയുന്നു എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കു വേണ്ടീ നീതി സൂര്യൻ ഉദിയ്കും മലാക്കി 4:2
സൂര്യന്‍ കിഴക്കുദിക്കുന്നുഅതിനാല്‍, നീതിസൂര്യനായ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കണമെന്ന്" എന്നതും കൽദായക്കാരുടെ കണ്ടുപിടുത്തമല്ല. സുറിയാനീ സഭാപിതാവായ വിശുദ്ധ ജോൺ ഡമാക്സസിന്റെ പ്രബോധനമാണ്. കിഴക്കും പറിഞ്ഞാറും വണങ്ങുന്ന ജോൺ ഡമാസ്കസിന്റെ തിരുന്നാൾ റോമൻ കത്തോലിയ്ക്കാ സഭ ആഘോഷിയ്ക്കുന്നത് ഡിസംബർ 4 ആണ്.
ജോൺ ഡമാസ്കസ് മാത്രമല്ല ഒട്ടനവധി സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിൽ നിന്നും കിഴക്കിനഭിമുഖമായുള്ള ദൈവാരാധാന  എഴുതപ്പെടാത്ത ശ്ലൈഹീക പാരമ്പര്യമാണെന്നു മനസിലാക്കാം.

Friday, December 20, 2013

റൂഹാദ്‌ഖുദിശാ പുറപ്പാട്

Except Latin Church, almost all the churches in catholic communion uses as Ruha D'Qudisha proceeds from father, that that is the oriental theology, that is the oriental tradition.

"പിതാവ് തന്റെ പിതൃത്വത്തിൽ ആരംഭരഹിതനായിരിയ്ക്കുന്നതുപോലെ പുത്രൻ തന്റെ പുത്രത്വത്തിൽ ആരംഭരഹിതനാണ്. പിതാവ് പുത്രനു മുൻപനല്ല. അതുപോലെ തന്നെ റൂഹാദ്‌ഖുദിശാ പുത്രനു പിമ്പനുമല്ല. റൂഹാദ്‌ഖുദിശാ നിത്യമായി പിതാവിൽ നിന്നു പുറപ്പെടുന്നു. പിതാവിന്റെ പിതൃത്വത്തിനും പുത്രന്റെ പുത്രത്വത്തിനും റൂഹാദ്‌ഖുദിശായുടെ പുറപാടിനും ആരംഭവും അവസാനവുമില്ല, നിത്യമാണ്."

നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് ക്രീഡീകരിച്ച്  അംഗീകരിച്ച് വിശ്വാസപ്രമാണം 11   ആം നൂറ്റാണ്ടിൽ ലത്തിൻ സഭ ഏകപക്ഷീയമായി തിരുത്തുകയായിരുന്നു. 

കത്തോലിയാ സഭാ കൂട്ടായ്മയയിൽ റോമൻ സഭ അഥവാ ലത്തീൻ സഭ മാത്രമല്ല ഉള്ളത്.  ഓരോ വ്യക്തി സഭകൾക്കും അവരവരുടേതായ ദൈവശാസ്ത്രവും പ്രയോഗങ്ങളുമുണ്ട്. അതിന്റെയെല്ലാം ആകത്തുകയേ ആണല്ലോ തനിമ എന്നതുകൊണ്ട് വിവക്ഷിയ്ക്കുന്നത്.

കല്‌ദായ സഭയുടെ വിശ്വാസപ്രമാണത്തെക്കുറീച്ചുള്ള പ്രരാമർശം ചുവടേ ചേർക്കുന്നു.

"Q – Why was the Creed changed to say that the Holy Spirit proceeds “from the Father,” rather than “from the Father and the Son?”
A – This is another instance of the Holy See asking us to “return to our roots.” The original form of the Nicene Creed says that the Holy Spirit proceeds “from the Father.” The phrase “and the Son” was added, in the West, in the following centuries. Though it is quite true to say that the Spirit proceeds from both the “Father and the Son,” the Eastern Church, encouraged by the Holy See, has asked us to return to the original form of the Creed.
"

ബൈസന്റൈൻ സഭ ഉപയോഗിയ്ക്കുന്ന വിശ്വാസപ്രമാണത്തിലേയ്ക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

സീറോ മലബാർ സഭയുടെ കുർബാനയുടെ ഔദ്യോഗിക ക്രമത്തിൽ പുത്രനിൽനിന്നും എന്നത് ബ്രായ്ക്കറ്റിൽ ഇട്ട്ഐശ്ചികമാക്കിയിരിക്കുകയാണ്. അതു വേണമോവേണ്ടയോ എന്ന് സ്വലത്തെ മെത്രാനുതീരുമാനിയ്ക്കാമെന്ന് ഓർദോ അനുവദിയ്ക്കുന്നു.

കൂടുതൽ വായനയ്ക്ക്: http://mtnazrani.blogspot.in/2012/07/blog-post_16.html

Wednesday, December 18, 2013

കൽദായവാദമോ ലത്തീനികളുടെ വിഭ്രമമമോ?

"ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ദേഹവിയോഗത്തോടെയാണ് സീറോമലബാര്‍സഭയില്‍ കല്‍ദായവാദികള്‍ സ്വാധീനമുറപ്പിച്ചത്! സഭയിലെ എക്കാലത്തെയും മഹാപണ്ഡിതനായിരുന്ന മാര്‍. മങ്കുഴിക്കരിയുടെ കാലത്ത് ചങ്ങനാശ്ശേരിയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന കല്‍ദായവാദികള്‍ അദ്ദേഹത്തിന്‍റെ വിയോഗത്തോടെ സടകുടഞ്ഞെഴുന്നേറ്റു എന്നതാണു യാഥാര്‍ത്ഥ്യം." - മനോവ ഓൺ ലൈൻ

എന്താണ് കൽദായവാദമെന്നു നിർവ്വചിയ്ക്കപ്പെട്ടിട്ടൂണ്ടോ എന്നു സംശയമുണ്ട് എങ്കിലും സ്ലീവാ, കിഴക്കിനഭിമുഖമായുള്ള ആരാധനാക്രമത്തിന്റെ ആഘോഷം തുടങ്ങിയവയോട് വിരോധമുള്ള ലത്തീനികൾ മറുപക്ഷത്തെ വിളിയ്ക്കുന്ന പേരാണ് കൽദായവാദികൾ എന്നു പറയാമെന്നു തോന്നുന്നു. പൗരസ്ത്യ സുറിയാനീ ആരാധനാക്രമം പിന്തുടരുന്ന മൂന്നു സഭകളായ കൽദായ കത്തോലിയ്ക്കാ സഭ, അസ്സീറിയൻ സഭാ അഥാവാ കിഴക്കൻ സഭ, സീറോ മലബാർ സഭ എന്നിവയ്ക്ക് തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. കൽദായകാരുടെ കുർബാനയുടെ പകർപ്പ് അല്ല സീറോ മലബാർ സഭയുടെ കുർബാന. കൽദായക്കാരുടെ സ്ലീവാ അല്ല  മാർ തോമാ സ്ലീവാ. അതുകൊണ്ടു തന്നെ കൽദായ വാദം എന്ന പ്രയോഗത്തിന് വലിയ സാംഗത്യമുണ്ടെന്നു തോന്നുന്നില്ല. എന്നാലും അങ്ങനെയൊരു ഇരട്ടപ്പേര് ചിലർ ഇപ്പോഴും നൽകുന്നു എന്നതു യാഥാർത്ഥ്യം.

മാർ തോമാ സ്ലീവ


എന്നു മുതലാണ് മാർ തോമാ സ്ലീവായോട് ഒരു കൂട്ടർക്ക് അയിത്തമുണ്ടായത്? 1973 ഇൽ ഇന്ത്യാ ഗവർമെന്റ് മാർ തോമാ സ്ലീവായുടെ സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ ആരെങ്കിലും എതിർത്തിരുന്നോ? മാർ തോമാ സ്ലീവായുടെ തിരുന്നാൾ വത്തിയ്ക്കാൻ ഓർദോയിൽ ചേർത്തപ്പോഴും പിന്നീട് സപ്ലിമെന്തും മെസ്തീരിയുമിൽ ചേർത്തപ്പോഴും പിന്നീട് ആരാധനാക്രമ തിരുവസ്ത്രങ്ങളിൽ മാർ തോമാ സ്ലീവാ തുന്നിച്ചേർക്കണമെന്ന് വത്തിയ്ക്കാൻ നിർദ്ദേശിച്ചപ്പോഴും എതിർപ്പുകളില്ലായിരുന്നു. പിന്നീട് 1990 കളിൽ മാത്രമാണ് ചില സ്ഥാപിത താല്പര്യക്കാർ എതിർപ്പുകളുമായി വരുന്നത്. ചുരുക്കത്തിൽ പറങ്കി മിഷനറിമാർ വരുന്നതിനു മുൻപ് മലങ്കരയിലെ മാർ തോമാ നസ്രാണീകൾ ഉപയിച്ചിരുന്ന സ്ലീവായ്ക്ക് 1990 വരെ സ്വദേശികളാരും എതിരുനിന്നിട്ടില്ല.





കിഴക്കിനഭിമുഖമായ ബലിയർപ്പണം
രണ്ടാം വത്തിയ്ക്കാൻ സൂനഹദോസിന്റെ അനഭിലഷണീയമായ പരിണിതഫലമായിട്ടാണ് ജനാഭിമുഖ കുർബാനയെ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെപ്പോലെയുള്ള ആരാധനാക്രമ പണ്ഡിതർ വിലയിരുത്തുന്നത്. കത്തോലിയ്ക്കാ സഭ രണ്ടായിരം വർഷത്തോളം (1900 വർഷമെങ്കിലും) പിന്തുടർന്ന ഒരു പാരമ്പര്യമായ കിഴക്കിനഭിമുഖമായ ദൈവാരാധനയെ കൽദായവാദികൾ പുതിയതായി കണ്ടുപിടിച്ച ഒന്നായി ചിത്രീകരിയ്ക്കുന്നത് മതിയായ ചരിത്രബോധമില്ലാഞ്ഞിട്ടോ മറ്റു ഗൂഢ ഉദ്ദ്യേശങ്ങളുണ്ടായിട്ടോ ആണ്.

ചുരുക്കത്തിൽ മനോവയുടെ വാചകങ്ങൾ ചരിത്രബോധമുള്ളവർ ഇങ്ങനെ മാറ്റിയെഴുതും. വിചിത്രമെന്നു പറയട്ടെ രണ്ടാം വത്തിയ്ക്കാൻ കൗൺസിലോടെയാണ് സീറോ മലബാർ സഭയിൽ പൗരസ്ത്യ വിരുദ്ധത സ്വാധിനമുറപ്പിച്ചത്. ബിഷപ്പ് മാര്‍. സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയും അക്കൂട്ടത്തിൽ പെടും. 

കൂടുതൽ വായനയ്ക്ക്:

http://www.nasranifoundation.org/articles/manichaeism.html









പൗരസ്ത്യം - സാമാന്യ ബുദ്ധിയുള്ളവർക്ക്

അജ്ഞതയെ അലങ്കാരമാക്കുന്നവരുണ്ട്. അത്തരത്തിൽ ഉള്ള ഒന്നാണ് മനോവ ഓൺലൈൻ. അതിന്റെ പിന്നിലുള്ളത് ആരെങ്കിലുമായിക്കൊള്ളട്ടെ അവരുടെ ഗൂഢലക്ഷ്യങ്ങൾ എന്തുമായിക്കൊള്ളട്ടെ ഉയർത്തുന്ന വാദങ്ങൾ സാമാന്യ യുക്തിയ്ക്കു നിരക്കുന്നതാവണം.  അവിടെനിന്നും ഇവിടെനിന്നും ചില വിശുദ്ധഗ്രന്ഥവചനങ്ങൾക്ക് രചയിതാക്കൾ ചിന്തിയ്ക്കുകപോലും ചെയ്തിട്ടില്ലാത്ത അർത്ഥങ്ങൾ നൽകി അവതരിപ്പിയ്ക്കുന്നതിലൂടെ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിയ്ക്കാൻ അവർക്കു കഴിഞ്ഞേക്കും.

തികച്ചും നിരുത്തരവാദിത്തപരമായ വചന വായനയാണ് മനോവ http://www.manovaonline.com/newscontent.php?id=172 ഈ പോസ്റ്റിൽ നടത്തിയിരിയ്ക്കുന്നത്.

ചില വാചകങ്ങളിലേയ്ക്ക്:-
     "ഇസ്രായേലും പൗരസ്ത്യരും ഒന്നായിരുന്നുവെങ്കില്‍, അവരെങ്ങനെ ഇസ്രായേലിനു ശത്രുവാകും? സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ ഈ പൗരസ്ത്യവാദത്തെ മുഖവിലയ്ക്കെടുക്കുമോ? ഇസ്രായേലും പൗരസ്ത്യരും ഒന്നല്ലെന്നു തെളിയിക്കാന്‍ അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്."

"
യേശുക്രിസ്തുവും അവിടുത്തെ ശിഷ്യന്മാരും പാശ്ചാത്യരോ പൗരസ്ത്യരോ ആയിരുന്നില്ല;"


"
ഇവരെ പിടിച്ചു പാശ്ചാത്യരും പൗരസ്ത്യരുമാക്കാനുള്ള കുത്സിതശ്രമങ്ങള്‍ മുളയിലേതന്നെ നുള്ളാതിരുന്നതാണ് സഭയ്ക്കു ദുരന്തമായത്"

സാമന്യ ബുദ്ധി 1: കിഴക്കും പടിഞ്ഞാറും ആപേക്ഷികം 
കിഴക്കും പടിഞ്ഞാറും ആപേക്ഷികമാണെന്ന്  അറിയാത്തവരുണ്ടാവുമോ. തമിഴ്നാട് കേരളത്തിനു കിഴക്കാണ്. കേരളം അറബിക്കടലിനു കിഴക്കാണ്.   അതിന്റെ അർത്ഥം തമിഴ്നാട് കിഴക്കാണെന്നും കേരളം പടിഞ്ഞാറാണെന്നുമല്ല. കേരളത്തിനെ അപേക്ഷിച്ച് തമിഴ്നാട് കിഴക്കെന്നും തമിഴ്നാടിനെ അപേക്ഷിച്ച് കേരളം പടിഞ്ഞാറാണെന്നുമാണ്.

സാമന്യ ബുദ്ധി 2:യഹൂദരുടെ പൗരസ്ത്യദേശം


യഹൂദജനം താമസിച്ചിരുന്ന പ്രദേശത്തിനു കിഴക്കുള്ളത് പൗരസ്ത്യവും പടിഞ്ഞാറൂള്ളത് പാശ്ചാത്യവുമാണ് യഹൂദരെ സംബന്ധിടത്തോളം. അതായത് അന്നത്തെ കാനാൻ ദേശത്തിനു കിഴക്കുള്ള ദേശങ്ങളെല്ലാം യഹൂദരെ സംബന്ധിച്ചിടത്തോളം പൗരസ്ത്യമാണ്. അതായത്  സിറിയയും അസീറിയായും പേർഷ്യയുമെല്ലാം കാനാൻ ദേശത്തിനു കിഴക്കാണ്. ഈജിപ്തു പടിഞ്ഞാറും.


ചിത്രം കാണുക. മീദിയായും (Media), അമോല്യരും (Armenia), പൗരസ്ത്യരും  എന്നു പറയുമ്പോൾ ബാക്കിയുള്ള കിഴക്കു ദിക്കിലുള്ള എല്ലാവരും പെടും. ഇവിടെ പൗരസ്ത്യർ എന്നു പറയുന്നത് അവർ യഹൂദരെ സംബന്ധിച്ചിടത്തോളം കിഴക്കായതുകൊണ്ടാണ്.

സാമാന്യ ബുദ്ധി 3: പൗരസ്ത്യവും പാശ്ചാത്യവും കത്തോലിയ്ക്കാ സഭയിൽ


പാശ്ചാത്യവും പൗരസ്ത്യവും ആപേക്ഷികമാണ്  എന്നതാണ് സാമാന്യ ബുദ്ധി. റോമാ സാമ്രാജ്യം വിസ്തൃതമായ സമയത്ത്  അതിനു കിഴക്കുള്ളവരെ പൗരസ്ത്യരെന്നും പൗരസ്ത്യരല്ലാത്തവർ പാശ്ചാത്യരെന്നും വന്നു. ആ നിലയ്ക്ക് റോമാ കേന്ദ്രീകൃതമായ റോമൻ സഭ (ലത്തിൻ) പാശ്ചാത്യവും  അതിനു കിഴക്കുണ്ടായിരുന്ന ഗ്രീക്ക് സഭകൾ പൗരസ്ത്യവുമായി. മനോവയ്ക്കറിയാത്ത മറ്റൊരു കൂട്ടർ കൂടിയുണ്ട് - റോമാ സാമ്രാജ്യത്തിനു വെളിയിലുണ്ടായിരുന്ന കിഴക്കൻ സഭകൾ (സുറിയാനി). ഈ 21 ആം നൂറ്റാണ്ടിൽ പൊതുവെ പാശ്ചാത്യ സഭ എന്നു പറയുമ്പോൾ ലത്തീൻ സഭയേയും പൗരസ്ത്യ സഭ എന്നു പറയുമ്പോൾ ഗ്രീക്ക് -സുറിയാനി സഭകളെ ചേർന്നും പറയാറൂണ്ട്. ചിത്രം നോക്കി മനസിലാക്കാം.

സാമാന്യ ബുദ്ധി 4: ഈശോ മിശിഹായും ശ്ലീഹന്മാരും പൗരസ്ത്യരോ പാശ്ചാത്യരോ?

യാതൊരു മാനദൻഢവുമില്ലാതെ ഒരുവനെ പൗരസ്ത്യനെന്നും പാശ്ചാത്യനും വിളിയ്ക്കാനാവില്ല എന്നതാണല്ലോ സാമാന്യ ബുദ്ധി. കത്തോലിയ്ക്കാ സഭയുടെ മാനദണ്ഢമനുസരിച്ച് റോമാ സാമ്രാജ്യത്തിനു കിഴക്കുള്ള ജറൂസലേമിലെ ആൾക്കാർ പൗരസ്ത്യരാണ്. അതുകൊണ്ട് ഈശോമിശിഹായും ശ്ലീഹന്മാരും പൗരസ്ത്യരാണ്ട്.

ഉപസംഹാരം

ചുരുക്കത്തിൽ "മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും ഒന്നിച്ചുകൂടി, ജോര്‍ദ്ദാന്‍ കടന്ന് ജസ്രേല്‍ താഴ്വരയില്‍ താവളമടിച്ചു" എന്നു പറയുമ്പോൾ അന്ന് ന്യായാധിപന്മാരുടെ പുസ്തകം എഴുതപ്പെടുന്ന കാലത്ത് അവരുടെ കിഴക്കുണ്ടായിരുന്ന പ്രദേശത്തെയാണ് പൗരസ്ത്യർ എന്നു പറയുന്നത്. "ഹേറോദേസ് രാജാവിന്‍റെ കാലത്ത് യൂദായിലെ ബേത് ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി"(മത്താ;2;1) എന്നു പറയുമ്പോൾ മത്തായി ശ്ലീഹായെ സംബന്ധിച്ചിടത്തോളം അഥവാ ജറൂസലേമിനെ സംബന്ധിച്ചിടത്തോളം അതുമല്ലെങ്കിൽ അന്നത്തെ യഹൂദന്മാർ  പ്രദേശത്തിനു കിഴക്ക് എന്നേ അർത്ഥമുള്ളൂ. അതായത് അസീറിയിയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ഇന്ത്യയിൽ നിന്നോ ആവാം ജ്ഞാനികൾ വന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ അവർ ഇസ്രായേൽക്കാരെ സംബന്ധിച്ചിടത്തോളം പൗരസ്ത്യരായിരുന്നു എന്നു മാത്രമാണ് മനോവ ഉദ്ധരിച്ച വചനങ്ങളിൽ പൗരസ്ത്യർ എന്നതുകൊണ്ട് ഉദ്ദ്യേശിച്ചത്.  അപ്പസ്തോലിക സഭകളേ സംബന്ധിച്ച് പാശ്ചാത്യവും പൗരസ്ത്യവും എന്നു പറയുവാനുള്ള മാനദണ്ഢം ഇതല്ല.

Ref: 


കതിരും പതിരും


ഈശോ മിശിഹായ്ക്ക് സ്തുതിയായിരിയ്ക്കട്ടെ. 

 മാര്‍ തോമാ നസ്രാണീ സഭ അഥവാ സീറോ മലബാര്‍ സഭയെക്കുറിച്ചും അതിന്റെ പൌരസ്ത്യസുറിയാനി ആരാധനക്രമത്തേക്കുറിച്ചുമുള്ള ആധികാരികമായ പ്രബോധനങ്ങളെയും പ്രസക്തമായ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും നിലപാടുകളെയും കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിയ്കുക എന്ന ലക്ഷ്യത്തോടെയാണ് http://mtnazrani.blogspot.in/ എന്ന ബ്ലൊഗ് ആരംഭിച്ചത്. വ്യക്തിപരമായ ആശയങ്ങളെയോ ചിന്തകളെയോ പ്രചരിപ്പിയ്ക്കുന്നതിനു പകരം പ്രസക്തമായ വിഷയങ്ങളെപ്പറ്റി സഭയിലെ പണ്ഢിതരുടെ അഭിപ്രായങ്ങളുടെ ചുവടുപിടുച്ചാണ് പലപ്പോഴും അതിൽ പോസ്റ്റുകളുണ്ടായിട്ടുള്ളത്. അതായത് പൗരസ്ത്യ സുറിയാനി സഭയേയും അതിന്റെ പാരമ്പര്യങ്ങളേയും ഇകഴ്ത്തിസംസാരിയ്ക്കുന്നവർക്ക് മറുപടിപറയുവാൻ അവിടെ ശ്രമിച്ചിട്ടില്ല. എങ്കിലും നിലവാരം കുറഞ്ഞ അത്തരം ആരോപണങ്ങൾ പോലും പലരെയും വഴിതെറ്റിയ്ക്കുവാൻ സാധ്യതയുള്ളതിനാൽ ചിലതിനെങ്കിലും മറുപടിപറയുക അനിവാര്യമാണെന്നു തോന്നുന്നു. അതിനാണ് ഈ ബ്ലോഗ്. 


 ഡിസംബൻ 18 തിയതി മാർ തോമാ സ്ലീവായുടെ തിരുന്നാൾ ദിവസം ഈ ബ്ലോഗ് ആരംഭിയ്ക്കുന്നു.