Tuesday, January 20, 2015

ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ അനുവദനീയമോ?

ബാംഗളൂർ ബാബൂസപ്പാളയിൽ ജനാഭിമുഖമായി നടത്തിയ കുർബാനയുടെ ചിത്രം കണ്ട ഒരു സഹോദരൻ, സീറോ മലബാർ സഭയ്ക്ക് ഒരു സിനഡുണ്ടെന്നും  സിനഡ് കുർബാന ചൊല്ലുവാനുള്ള മാർഗ്ഗനിർദ്ദേശം നൽകിയിട്ടൂണ്ടെന്നും പ്രസ്തുതകുർബാനയിൽ വൈദീകർ സിനഡിനെ അനുസരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.  വൈദീകൻ പ്രകോപിതനായി  സഹോദരൻ പറയുന്നത് സഭാവിരുദ്ധതയായി.  ആ നിലയ്ക്ക് സഭ എന്തു പറയുന്നു എന്നും സീറോ മലബാർ സഭാ "റൂബ്രിക്സ്"  ജനാഭിമുഖ കുർബാന അനുവദിയ്ക്കുന്നുണ്ടോ എന്നും പരിശോധിയ്ക്കുന്നതും നന്നായിരിയ്ക്കുമെന്നു കരുതുന്നു.

ജനാഭിമുഖ പ്രാർത്ഥനകളുടെ  ഉത്ഭവം പ്രൊട്ടസ്റ്റന്റു സഭയിലാണ് എന്നതു ചരിത്രമറിയാവുന്ന ആരും നിഷേധിയ്ക്കുകയില്ല.  രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു മുൻപു വരെ ലത്തീൽ സഭ പോലും മദ്ബഹാഭിമുഖമായിട്ടാണ് ബലിയർപ്പിച്ചിരുന്നത്. ജനാഭിമുഖ വാദക്കാരായ ലത്തീൻ സഭാംഗങ്ങൾ  രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനെ തെറ്റായി വ്യാഖ്യായിയ്ക്കുകയായിരുന്നെന്നും റോമൻ കുർബാനക്രമത്തിൽ  കിഴക്കിനഭിമുഖമായി കുർബാന  അർപ്പിയ്ക്കപ്പെടൂന്നു  എന്നാണ് സങ്കല്പമെന്നും ആരാധനാക്രമ പണ്ഡിതർ അവകാശപ്പെടുന്നു.

കത്തോലിയ്ക്കാ സഭ എന്നാൽ ലത്തീൻ സഭയാണെന്നും  ലത്തീൻ സഭ ചെയ്യുന്നതെന്തും അതേ പടി മറ്റു സഭകളും പിന്തുടരണമെന്നുമുള്ള  ഉദയംമ്പേരൂർ മനോഭാവം,   പ്രീ-വത്തിയ്ക്കാൻ മനോഭാവം  സീറോ മലബാർ സഭയിലെ ഒരു വിഭാഗമെങ്കിലും പിന്തുടരുന്നു എന്നതാണ്  നഗ്നമായ സത്യം.  ലത്തീൻ ദൈവശാസ്ത്രവും  ലത്തീൽ ലിറ്റർജിയും പഠിച്ചിട്ട്, പൗരസ്ത്യ സുറിയാനി  ലിറ്റർജിയെ വിശദീകരിയ്ക്കുവാൻ ശ്രമിയ്ക്കുന്ന  ദൈവശാസ്ത്രകാരമാരും ആരാധനാക്രമവിദദ്ധരും ഈ സഭയെ  ഇനിയും മനസിലാക്കേണ്ടീയിരിയ്ക്കുന്നു.

ലത്തീൻ ദൈവശാസ്ത്രവും, പ്രൊട്ടസ്റ്റന്റു ദൈവശാസ്ത്രവും വിമോചന ദൈവശാസ്ത്രവും ഏകറീത്തു വാദവും, ഭാരതപൂജയും കൂട്ടിക്കുഴച്ച്  2000 വർഷം പഴക്കമുള്ള ഒരു സഭയേയും  പാരമ്പര്യത്തേയും  സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളേയും എല്ലാം  നിഷേധിച്ച് ഒരു വിഭാഗം ജനാഭിമുഖ കുർബാന സീറോ മലബാർ സഭയിൽ അവതരിപ്പിച്ചു.  തോന്നുന്ന പാട്ടുകളൂം പ്രാർത്ഥനകളും തോന്നുന്നിടത്തു ചേർത്തും, തോന്നുന്നന്ന പോലെ ക്രമത്തിലുള്ള പ്രാർത്ഥനകൾ വിഴുങ്ങിയും   അങ്ങനെ അങ്ങനെ.  ഒരു വിശ്വാസിയ്ക്ക് കേരളത്തിന്റെ ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേയ്ക്ക് പോയാൽ ഓരോ ബസ്റ്റോപ്പിലും ഓരോ തരം കുർബാന എന്ന നിലയിലായി.  അങ്ങനെയാണ് സഭാ സൂനഹദോസിന് ഒരു ഐക്യ ഫോർമുല അവതരിപ്പിയ്ക്കേണ്ടീ വരുന്നത്.  2000 ആമാണ് ജൂലൈ മൂന്നു മുതൽ സഭയിൽ ഇപ്രകാരമായിരുന്നു കുർബാനയർപ്പിക്കേണ്ടീയിരുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ അതുണ്ടായില്ല. ചുരുക്കം ചില രൂപതകളൊഴിച്ച് സിനഡു തീരുമാനം പാലിച്ചില്ല.

1999 Nov 15-20 വരെ സിനഡു നടന്നു, ഐക്യ ഫോർമുലായ്ക്കു രൂപം കൊടുത്തു.
21 Nov 1999 നു പൗരസ്ത്യ  തിരുസംഘത്തിന്റെ അംഗീകാരത്തിനായി സമർപ്പിയ്ക്കപ്പെട്ടു.
17 Dec 1999 നു പൗരസ്ത്യ തിരുസംഘം തീരുമാനം ഉപാധികളോടെ അംഗീകരിയ്ക്കുന്നു.

വായനക്കാരുടെ അറിവിലേയ്ക്ക് പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരവും നിർദ്ദേശങ്ങളും താഴെക്കൊടുക്കുന്നു.