Friday, August 28, 2015

ശ്ലാം ലേക് മറിയം - മറിയമേ നിനക്കു സമാധാനം!

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ളതല്ലെങ്കിൽ കൂടിയും പാശ്ചാത്യ അധിനിവേശ കാലത്ത് മാർ തോമാ നസ്രാണികളുടെ ഇടയിൽ പ്രചരിയ്ക്കപ്പെടുകയും തലമുറകളിലൂടെ കൈമാറപ്പെടുകയും ചെയ്ത നന്മ നിറഞ്ഞ മറിയമേ എന്ന ജപം. പാശ്ചാത്യ ഭക്ത്യാഭ്യാസമായ കൊന്തയുടെ ഭാഗമായും അല്ലാതെയും ചൊല്ലിപ്പോന്നിരുന്ന ഈ ജപം ഇന്നും സാധാരണക്കാരുടെ ഏറ്റവും പ്രീയപ്പെട്ട പ്രാർത്ഥനയാണ്. യാമ നമസ്കാരങ്ങൾ പുനരുദ്ധരിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം കുടംബങ്ങളിലെയും കുടുംബ പ്രാർത്ഥനകളിൽ കൊന്തതന്നെയാണ് ഉപയോഗിക്കുന്നത്.

സഭയോടു സ്നേഹമുള്ളവർക്ക്  സഭയുടെ സുറീയാനീ പൈതൃകങ്ങളെ വിസ്മരിയ്ക്കുവാനാവില്ല. യാമപ്രാർത്ഥനകൾ ചൊല്ലുന്നവർക്കും കൊന്ത ചൊല്ലുന്നവർക്കും കുറച്ചൊക്കെ പ്രാർത്ഥനകൾ സുറിയാനിയിൽ ചൊല്ലുവാൻ സാധിച്ചാൽ നമ്മുടെ സഭയുടെ വളർച്ചയ്ക്ക് അതു സഹായകരമാവും.  അങ്ങനെയുള്ള കുറച്ചു പ്രാർത്ഥനകളെ പരിചയപ്പെടുത്തുകയാണ് അടുത്ത കുറച്ചു പോസ്റ്റുകളിൽ ഉദ്ദ്യേശിയ്ക്കുന്നത്.

ܫܠܵܡ ܠܹܟܝ ܡܲܪܝܲܡ ܡܲܠܝܲܬ݂ ܛܲܝܒܘܼܬܵܐ܀ ܡܵܪܲܢ ܥܲܡܹܟܝ܀ ܡܒܲܪܲܟܬܵܐ ܐܲܢܬ ܒܢܸܫܹܐ܀ ܘܲܡܒܲܪܲܟܘܼ ܦܹܐܪܵܐ ܒܪܝܼܟܵܐ ܕܟܲܪܣܹܟܝ ܝܼܫܘܿܥ܀

ܩܲܕܝܼܫܬܵܐ ܡܵܪܬܝ ܡܲܪܝܲܡ ܐܸܡܹܗ ܕܡܵܪܲܢ܀ ܨܲܠܵܝ ܥܠܲܝܢ ܚܲܛܵܝܹܐ ܗܵܫܵܐ ܘܲܒ݂ܫܲܥܬܵ ܕܡܵܘܬܲܢ ܐܵܡܹܢ


ശ്ലാം ലേക് മറിയം മല്‌യസ് തൈബൂസാ. മാറൻ അമ്മേക്. മ്‌വാറക്‌ത്താ അത്ത് ബ്‌നേശേ. വമ്‌വാറകു പേറാ ബ്റീകാ ദ്‌കർസേക് ഈശോ.

(കൃപ നിറഞ്ഞ മറിയമേ നിനക്കു സമാധാനം. കർത്താവ് നിന്നോടുകൂടെ. നീ സ്ത്രീകളിൽ അനുഗ്രഹിയ്ക്കപ്പെട്ടവൾ. നിന്റെ അനുഗ്രഹിയ്ക്കപ്പെട്ട ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിയ്ക്കപ്പെട്ടവൻ)

(ബ്രീകാ ഇല്ലാതെയും ചൊല്ലാറുണ്ട് അതായത് അനുഗ്രഹിയ്ക്കപ്പെട്ട ഉദരത്തിന്റെ എന്നു പറയണമെന്നില്ല, ഈശോ എന്നതിനു പകരം മാറൻ ഈശോ മ്ശിഹാ എന്നും ചൊല്ലാറുണ്ട്.)

കന്ദീശ്‌ത്താ മർത്ത് മറിയം. എമ്മേ ദാലാഹാ. സല്ലായി അലേയ്ൻ ഹത്തായേ ഹാശാ വവ്ശാത്താ ദ്മൗത്തൻ ആമ്മേൻ
(പരിശുദ്ധ മർത്ത് മറിയമേ, കർത്താവിന്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണത്തിന്റെ മണീക്കൂറിലും പ്രാർത്ഥിയ്ക്കണമേ ആമ്മേൻ)

ܫܠܵܡ ശ്ലാം = സമാധാനം
ܠܹܟܝ ലേക് = നിനക്ക്
ܡܲܪܝܲܡ  = മറിയം
ܡܲܠܝܲܬ݂ മല്‌യസ് (മ്‌ലാ) = നിറഞ്ഞവൾ
ܛܲܝܒܘܼܬܵܐ തൈബൂസാ = കൃപ‌
ܡܵܪܲܢ മാറൻ = നമ്മുടെ കർത്താവ്
ܥܲܡܹܟܝ അമ്മേക് = നിന്നോടുകൂടെ
 ܡܒܲܪܲܟܬܵܐ മ്‌വാറക്‌ത്താ= അനുഗ്രഹിക്കപ്പെട്ടവൾ
ܐܲܢܬ അത്ത് = നീ
ܒܢܸܫܹܐ ബ്‌നേശേ = സ്ത്രീകളിൽ
ܘܲܡܒܲܪܲܟܘܼ  വമ്‌വാറകൂ = അനുഗ്രഹിയ്ക്കപ്പെട്ടവൻ
ܦܹܐܪܵܐ പേറാ= ഫലം
 ܒܪܝܼܟܵܐ ബ്രീകാ= അനുഗ്രഹിയ്ക്കപ്പെട്ട
ܕܟܲܪܣܹܟܝ ദ്‌കർസേക് = ഉദരത്തിന്റെ
ܝܼܫܘܿܥ = ഈശോ
ܩܲܕܝܼܫܬܵܐ കന്ദീശ്ത്താ = പരിശുദ്ധ
ܐܸܡܹܗ എമ്മേ= അമ്മ
 
ܚܲܛܵܝܹܐ ഹത്തായേ = പാപികൾ
ܨܲܠܵܝ സല്ലായി = പ്രാർത്ഥിയ്ക്കുക
ܥܠܲܝܢ അലേയ്ൻ  = ഞങ്ങൾക്കു വേണ്ടീ
ܗܵܫܵܐ ഹാശാ= ഇപ്പോൾ
ܘܲܒ݂ܫܲܥܬܵ വവ് ശേത്താ = മണികൂറിൽ
ܕܡܵܘܬܲܢ ദ്മൗത്തൻ = ഞങ്ങളുടെ മരണത്തിന്റെ

(NB: എമ്മേ ദാലാഹാ എന്നത് പൗരസ്ത്യ സുറിയാനിക്കാര് ഉപയോഗിയ്ക്കുകയില്ല. കുറച്ചുകൂടി വ്യക്ത്യതയുള്ള എമ്മേ ദമ്ശിഹാ എന്നോ എമ്മേ ദ്‌മാറൻ എന്നോ ഉപയോഗിയ്ക്കുന്നതാണ് ഉചിതം.)

Thursday, August 20, 2015

വിശ്വാസം അപകടത്തിൽ!!! - Fr. Sabu Muthuplackal

സ്വാതന്ത്യദിനപ്പുലരിയിൽ ശ്രദ്ധയിൽപ്പെട്ട ഒരു നോട്ടീസ് ആ ദിനത്തിന്റെ സർവ ചൈതന്യവും ചോർത്തിക്കളയുന്ന ഒന്നായിരുന്നു. ഒന്നാം പ്രമാണത്തിനെതിരായതിനാൽ ക്രിസ്ത്യാനികൾ ഓണാഘോഷം നടത്തുകയോ പൂക്കളമിടുകയോ ചെയ്യരുത് എന്നതായിരുന്നു ആ നോട്ടീസിന്റെ ഉള്ളടക്കം. അസാധുവെന്ന് സഭയിലെ പണ്ഡിതന്മാർ സ്ഥാപിച്ചിട്ടുള്ള ഒരു സൂനഹദോസിന്റെ തീരുമാനവും ക്രിസ്ത്യാനികളുടെ ഓണാഘോഷത്തിനെതിരായി അതിൽ ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിലെ ഒരു ധ്യാനകേന്ദ്രത്തിൽനിന്നും ഓണാഘോഷത്തിനെതിരെ വിശ്വാസികളെ പ്രബോധിപ്പിക്കുകയും ചെയ്തെന്നു കേൾക്കുന്നു. പ്രബോധിപ്പിക്കുക മാത്രമല്ല, ഏതെങ്കിലും ഇടവകയിൽ ഓണാഘോഷം നടത്തണമെന്ന് വികാരിയച്ചൻ ആവശ്യപ്പെട്ടാൽ അത് അനുസരിക്കരുതെന്നുകൂടി നിർദേശിച്ചിട്ടുണ്ടത്രേ! വികാരിയച്ചന്മാരെ വെറും കൂദാശത്തൊഴിലാളികളായി കാണുകയും ധ്യാനഗുരുക്കന്മാരെ സർവകൃപകളുടെയും ഉറവിടമായി പരിഗണിക്കുകയും ചെയ്യുന്ന കുറേ വിശ്വാസികൾക്കെങ്കിലും ഈ നിർദേശം സ്വീകാര്യമായിട്ടുണ്ടാകും.

വിദേശിയരിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്യം നേടിയ നമ്മുടെ രാജ്യം അപ്പോൾത്തന്നെ മതത്തിന്റെ പേരിൽ രണ്ടായി മുറിച്ച് നാം സങ്കുചിതത്വത്തിന്റെ അടിമകളാണെന്ന് അന്നുതന്നെ തെളിയിച്ചതാണ്. കാലമിത്രയും കഴിഞ്ഞപ്പോൾ ആ സങ്കുചിത മനോഭാവത്തിൽനിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമനസിലേയ്ക്ക് വളർന്ന അവസ്ഥയ്ക്കു പകരം വർഗീയതയുടെയും വിഭാഗിയതയുടെയും വിഷവിത്തുകൾ എല്ലാ മതവിഭാഗങ്ങളിലും പൊട്ടിമുളയ്ക്കുന്ന ആപത്ക്കരമായ കാഴ്ചയാണ് നമുക്കു മുമ്പിലുള്ളത്.
സത്യദൈവത്തെമാത്രമെ ആരാധിക്കാവൂ എന്ന ക്രൈസ്തവവിശ്വാസികളുടെ ഒന്നാംപ്രമാണത്തിനു വിരുദ്ധമാണ് ഓണാഘോഷമെന്ന പ്രചാരണം എത്ര വലിയ ആശയക്കുഴപ്പമാണ് വിശ്വാസികളുടെയിടയിൽ ഉണ്ടാക്കുന്നത്! മലയാളികളുടെ ദേശീയോത്സവമായി പരിഗണിക്കപ്പെടുന്ന ഓണാഘോഷം ലോകത്തിന്റെ ഏതു മൂലയ്ക്കും ജീവിക്കുന്ന കേരളീയർക്കും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. പഞ്ഞക്കർക്കിടകം കഴിഞ്ഞുവരുന്ന ചിങ്ങമാസത്തിൽ ഈ ആഘോഷം നടക്കുന്നതിന്റെ ചരിത്രപശ്ചാത്തലംതന്നെ ഇതു സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു സാംസ്കാരിക ആഘോഷമാണെന്നു തെളിയിക്കുന്നുണ്ട്. അതേസമയം ഹൈന്ദവ സമൂഹത്തിന് ഓണാഘോഷത്തോടനുബന്ധിച്ച് മതപരമായ മറ്റു ചില ഘടകങ്ങൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്.

നമ്മുടെ നാടിന്റെ മതപരമായ വളർച്ച അപകടകരമായ ഒരു ഘട്ടത്തിലെത്തി നില്ക്കുകയാണ്. അന്യമതത്തെയും മതാനുയായികളെയും ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുന്ന തികച്ചും മതവിരുദ്ധമായ ഒരു മനോഭാവം ഈ കാലഘട്ടത്തിൽ കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നു. പണ്ട് അയൽപക്കത്തുള്ള ഹൈന്ദവകുടുംബങ്ങൾ വിഷുവിന് സ്വാദിഷ്ടമായ പലഹാരമുണ്ടാക്കി കൊണ്ടുവരുന്നത് മാതാപിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ച് മക്കൾക്കു പങ്കുവച്ചപ്പോൾ ഞങ്ങളനുഭവിച്ചത് സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും രുചി മാത്രമായിരുന്നു. ഒരു മുസ്ലീം സുഹൃത്ത് അവരുടെ പെരുനാൾ ദിവസം അവരുടെ പ്രത്യേകഭക്ഷണം നന്നായി പാകംചെയ്ത് പള്ളിമുറിയിൽ കൊണ്ടുവരികയും ഞങ്ങൾ ഒരുമിച്ചിരുന്ന് അതു ഭക്ഷിക്കുകയും ചെയ്തപ്പോഴും എനിക്കനുഭവപ്പെട്ടത് സാഹോദര്യത്തിന്റെയും നന്മയുടെയും സൌഹൃദത്തിന്റെയും സ്വാദ് മാത്രമായിരുന്നു. അതുപോലെ പെസഹാനാളിലുണ്ടാക്കുന്ന ഇണ്ടറിയപ്പം അന്യമതസ്ഥരായ അയൽക്കാർക്ക് പങ്കുവച്ചിരുന്ന ഒരു നല്ല പാരമ്പര്യം ഇപ്പോഴും മനസിലുണ്ട്. ഈ കൊടുക്കൽ വാങ്ങലുകൾ തുടരുവാനുള്ള ലാളിത്യം അവനവന്റെ മതവിശ്വാസത്തിൽ വല്ലാണ്ടങ്ങു “വളർന്ന” ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു.

ഇങ്ങനെയുള്ള പങ്കുവയ്ക്കൽ നടക്കുമ്പോഴും തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽ കലർപ്പുണ്ടാകാതിരിക്കാൻ അന്നുള്ളവർ ജാഗ്രത പുലർത്തിയിരുന്നു എന്നതും നാം ഓർക്കണം. ഇണ്ടറിയപ്പവും വട്ടേപ്പവും ഇതരമതസ്ഥരുമായി പങ്കുവച്ചപ്പോഴും കുരിശപ്പം മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള വിശ്വാസികൾക്കുമാത്രം കൊടുക്കുവാനുള്ള വിവേകം മാതാപിതാക്കന്മാർ കാണിച്ചിരുന്നു. കാർന്നോന്മാരുടെ ഈ വകതിരിവാണ് ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു മതവിശ്വാസികളുടെ സംസ്കാരത്തിൽനിന്ന് എന്തു സ്വീകരിക്കണം എന്തു സ്വീകരിക്കരുത് എന്നുള്ള തിരിച്ചറിവ് ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ സങ്കുചിതമനോഭാവത്തിന്റെ തീവ്രതയിലേയ്ക്കൂളിയിട്ട് അന്യമതങ്ങളെയും അതിന്റെ സംസ്ക്കാരങ്ങളെയും പൂർണമായും പുറംതള്ളുമ്പോൾ മറ്റൊരു കൂട്ടർ സാംസ്കാരികാനുരൂപണമെന്ന ഭാവാത്മകമായ കാഴ്ചപ്പാടിനെ വ്യഭിചരിച്ച് തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽപ്പോലും ഇതരമതവിശ്വാസങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർത്ത് എല്ലാം കുട്ടിച്ചോറാക്കുന്നു. 

അടുത്തകാലത്ത് കൂടിവരുന്ന തീവ്രസ്വഭാവമുള്ള ചില അബദ്ധപ്രബോധനങ്ങൾ സത്യവിശ്വാസത്തെ ക്ഷയിപ്പിക്കുന്നതോടൊപ്പം നാട്ടിൽ ഇപ്പോഴും നിലനില്ക്കുന്ന സാമുദായിക സൌഹാർദ്ദംകൂടി നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്കെത്തുകയാണ്. വിശ്വാസം ജീവിച്ചനുഭവിച്ച നമ്മുടെ കാർന്നോന്മാർക്കുണ്ടായിരുന്ന ബോദ്ധ്യവും വിവേകവും വിശ്വാസം വിഷയമായി പഠിച്ചു പാസായ ചില ധ്യാനഗുരക്കന്മാർക്കെങ്കിലും ഇല്ലാതെ പോകുന്നത് സഭാധികാരികൾ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഏതായാലും ക്രിസ്ത്യാനികൾ ഓണമാഘോഷിക്കരുതെന്നു നിർദേശിച്ച ക്രൈസ്തവ പുരോഹിതനും ഹൈന്ദവരല്ലാത്തവർ രാജ്യം വിട്ടുപോകണമെന്നു പറഞ്ഞ ഹിന്ദുസന്ന്യാസിയും ദൈവത്തിന്റെ പേരിൽ ഇതരമതസ്ഥരോട് ചിന്താതീതമായ ക്രൂരത കാണിക്കുന്ന ഐഎസ് ഭീകരനും ഒരേ ഇനത്തിൽപ്പെടുന്നവരാണ്. അവരുടെ നിലപാടുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അവർ സ്വയം മാറി നില്ക്കുകയാണ്. അവരെ അവിടെത്തന്നെ നിറുത്താൻ പൊതുസമൂഹം നിദാന്തജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ജാതിമതഭേദമെന്യെ എല്ലാവരും സ്വീകരിച്ചിരുന്ന ഓണത്തപ്പനും ക്രിസ്മസ് അപ്പൂപ്പനുമൊക്കെ വെറും കോമാളികളല്ലെന്നു നാം ഓർമ്മിക്കണം; നമ്മുടെ മക്കളും തിരിച്ചറിയണം. അല്ലെങ്കിൽ മുകളിൽപറഞ്ഞ മതഭ്രാന്തന്മാരുടെ കൂടെച്ചേരുന്ന അനുയായികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

Monday, August 17, 2015

ഗോറേഞ്ചറിന്റെ ലിസ്റ്റ്

പത്തൊൻപതാം നൂറ്റാണ്ടിലെ ആരാധനാക്രമ വിദഗ്ധനായിരുന്ന ബനഡക്ടൈൻ സന്യാസി ഡോം പ്രോസ്പർ ഗൊറേഞ്ചർ ആരാധനാക്രമ വിരുദ്ധ പാഷണ്ഢത എന്നു വിളിച്ച ചില ലക്ഷണങ്ങളെ അടുത്തു മനസിലാക്കുവാനും സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ വിശദീകരിയ്ക്കുവാനുമുള്ള ശ്രമം.  (ഗൊറേഞ്ചറിന്റെ നിരീക്ഷണങ്ങളോടുള്ള ലേഖകന്റെ പ്രതികരണമാണ് ഇത്.)

1. ദൈവാരാധനയിലെ പരമ്പരാഗത നിയമങ്ങളോടുള്ള വിരോധം

ദൈവാരാധനയ്ക്ക് ക്രമം ആവശ്യമില്ലെന്നു വാദിയ്ക്കുന്നവരുണ്ട്. ക്രമത്തിൽ നിന്നു വ്യതിചലിയ്ക്കുന്നവരുമുണ്ട്. ക്രമം പാലിയ്ക്കാത്തവരും തങ്ങളുടെ മനോധർമ്മമനുസരിച്ചുള്ള ചേരുവകൾ ചേർക്കുന്നവരുമുണ്ട്. ഇതെല്ലാം  പാഷണ്ഢതയായി മനസിലാക്കേണ്ടി വരും. സീറോ മലബാർ സഭയിൽ  സഭ നൽകിയിരിയ്ക്കുന്ന ഇളവുകൾക്കും,  ഐശ്ചിക പ്രാർത്ഥനകൾക്കുമമ്മുപറത്തുള്ള വെട്ടിച്ചുരുക്കലുകൾ, കൂട്ടീച്ചേർക്കലുകൾ ഇവ പാഷണ്ഢതയാണ്.  ഗഹാന്ദാ പ്രാർത്ഥനകൾ ചൊല്ലാതിരിയ്ക്കുക, സ്ഥാപന വിവരണം കഴിഞ്ഞ്  തക്സായ്ക്കു പുറത്തുള്ള പാട്ടു പാടുക, റൂഹാക്ഷണപ്രാർത്ഥനയ്ക്കു പകരം പരിശുദ്ധാത്മാവിന്റെ ഗാനം ആലപിയ്ക്കുക കുർബാനയിലെ അനുതാപശുശ്രൂഷയ്ക്കു പകരം കരുണക്കൊന്ത ചൊല്ലുക  എന്നിവയൊക്കെ ഈ ഗണത്തിൽ പെടുത്താം.


2. സഭ ക്രമീകരിച്ചിരിയ്ക്കുന്ന ഘടനയ്ക്കു പകരമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുക.

ഇത് പ്രൊട്ടസ്റ്റന്റു രീതിയാണ്. സഭയുടെ ലിറ്റർജി, സഭയുടെ വിശ്വാസത്തിന്റെ പ്രകാശനമാണ് അത് സഭയുടെ ദൈവശാസ്ത്രത്തെ പ്രതിഫലിപ്പിയ്ക്കുന്നതുമാണ് പ്രത്യേകിച്ചും പൗരസ്ത്യ സഭകളുടെ കാര്യത്തിൽ.  സഭയുടെ ക്രമത്തിനു വിരുദ്ധമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുമ്പോൾ സഭ നൽക്കുന്ന വിശദീകരണത്തിനപ്പുറത്ത് സ്വന്തം ആഗ്രഹത്തിനനുസരിച്ച് വചനം വ്യാഖ്യാനിയ്ക്കുവാനും വളച്ചൊടിയ്ക്കാനും സാധ്യതയുണ്ട്. അതേ സമയം സഭയുടെ ലിറ്റർജിയിൽ ഉൾച്ചേരിച്ചിരിയ്ക്കുന്ന ദൈവ വചനം സഭയുടെ വ്യാഖ്യാനമാണ്.  പൗരസ്ത്യ സുറിയാനി ലിറ്റർജിയെ പുതിയനിയമത്തിന്റെ വ്യാഖ്യാനമായി വിശദീകരിയ്ക്കുന്ന ദൈവശാസ്ത്രജ്ഞന്മാരുണ്ട്. ലിറ്റർജിലെ ഘടനയിൽ നിന്നു മാറി വേദപുസ്തകത്തിനു മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ സഭയുടെ വ്യാഖ്യാനത്തെ നിരാകരിയ്ക്കുകയാണ് പലപ്പോഴും. പല നവീകരണ പ്രസ്ഥാനങ്ങളും പ്രാർത്ഥനാ സമൂഹങ്ങളൂം ദൈവ വചനത്തിനു പ്രാധാന്യം കൊടുക്കുകയും അതേ സമയം ലിറ്റർജിയ്ക്ക് പ്രാധാന്യം കൊടുക്കാതിരിയ്ക്കുകയും ചെയ്യുന്നുണ്ട്. അത് ആരാധനാക്രമ വിരുദ്ധത എന്ന പാഷണ്ഢതയുടെ രണ്ടാമത്തെ ലക്ഷണമാണ്.

3. പുതമകളെ സൃഷ്ടിച്ച് ദൈവാരാധനയിൽ കൂട്ടിച്ചേർക്കുന്നത്.
 സ്വന്തം ഭാവനയ്ക്കനുസരിച്ച് ലിറ്റർജിയെ "അഭിവൃത്തി" പ്പെടുത്തി കൂടുതൽ ആസ്വാദ്യകരമാക്കുവാനുള്ള ശ്രമങ്ങൾ ഈ പാഷണ്ഢതയുടെ ലക്ഷണമാണ്. ഉദാഹരനത്തിന് ക്രമപ്രകാരമുഌഅ പാട്ടുകൾക്കു പകരം  കാസറ്റു സംഗീതം ആലപിയ്ക്കുക,  ലിറ്റർജിയ്ക്കു യോജിയ്ക്കാത്ത പ്രകടനങ്ങളൂം, അംഗ വിക്ഷേപങ്ങളും ലിറ്റർജിയിൽ കൊണ്ടു വരിക തുടങ്ങിയ ഇതിൽപ്പെടും.  കയ്യടിച്ചുകൊണ്ടും, കൈവീശിയ്ക്കൊണ്ടുമൊക്കെ ലിറ്റർജി ആഘോഷിയ്ക്കുന്നത് ഇത്തരത്തിലാണ്. മേൽ പറഞ്ഞതുപോലെ  (#1)  റൂഹാക്ഷണത്തിന്റെ സ്ഥാനത്ത് പരിശുദ്ധാത്മിനോടൂള്ള ഏതെങ്കിലും പ്രാർത്ഥനയോ ഗാനമോ ഉപയോഗിയ്ക്കുനന്തും, അനുതാപ ശുശ്രൂഷയ്ക്കു പകരം കരുണക്കൊന്ത ചൊല്ലുന്നതും കുർബാനയിലെ പ്രസംഗത്തിനു പകരമായി സ്കിറ്റു കൾ നടത്തുന്നതും, ഓണക്കുർബാന, വിഷുക്കുർബാന  എന്നിവ നടത്തുന്നതുമെല്ലാം ഇത്തരം പുതുമ തേടലാണ്, പാഷണ്ഢതയാണ്. സീറോ മലബാർ സഭയുടെ കുർബാനയിലില്ലാത്ത കാഴ്ചവയ്പ്പു പ്രദിക്ഷിണം,  ആരതി ഉഴിയൽ ഇവയും ഇത്തരത്തിലുള്ളതാണ്.

4. ദൈവാരാധാനാരീതികളുടെ വികാസപരിണാമങ്ങളെ പാടേ അവഗണിച്ചുകൊണ്ട്,  ഏറ്റവും പഴയതും ശുദ്ധവും എന്ന പേരിൽ ഭാവനാകൽപ്പിതങ്ങളായ പുതിയ ഘടകങ്ങളെ പരിചയപ്പെടുത്തുക.
സുറിയാനി യഹൂദരുടെ പ്രാർത്ഥനകളിൽ നിന്നും ഉരുത്തിരിഞ്ഞ പൗരസ്ത്യ സുറീയാനി  ലിറ്റർജിയെ അവഗണിച്ചുകൊണ്ട് അതിനു മുൻപ് ഏതൊ ഒരു ലിറ്റർജി ഉണ്ടായിരുന്നെന്നും, അത് തമിഴായിരുന്നെന്നും അല്ല പാൽഹ്വിയാണെന്നും ഒക്കെ വാദിയ്ക്കുന്നവരുണ്ട്. ഭാവനാകല്പിതമായി ലിറ്റർജി തയ്യാറാക്കി ഭാരതപൂജ എന്ന പേരിൽ പ്രചരിപ്പിച്ചവരുണ്ട്. ഇവരെല്ലാം ഏറ്റവും പുരാതനമെന്ന പേരിൽ തങ്ങളുടെ ഭാവനകളെ അവതരിപ്പിച്ചവരാണ്. ചരിത്രത്തിനും സഭയുടെ പാരമ്പര്യത്തിനും വിരുദ്ധമായി ഈശോ മിശിഹാ പെസഹാ ഭക്ഷിച്ചത് ജനാഭിമുഖമാണ് (യഥാർത്ഥത്തിൽ ജനാഭിമുഖമല്ല), ഈശോ ക്രൂശിയ്ക്കപ്പെട്ടത് ജനാഭിമുഖമായിട്ടാണ്  അതുകൊണ്ട് കുർബാന ജനാഭിമുഖമായിരിയ്കണം എന്നു ചിന്തിയ്ക്കുന്നതു  പാഷണ്ഢതായി കണക്കാക്കാം.

5. രഹസ്യാത്മകവും അലൗകീകവുമായ ദൈവാരാധനയിലെ ഘടകങ്ങളെ നഷ്ടപ്പെടുത്തിക്കളയുകയും ദൈവാരാധനയുടെ പരമ്പരാഗത കാവ്യഗുണത്തെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട് ക്രമങ്ങളിൽ മാറ്റം വരുത്തുക
ലിറ്റർജിയിലെ പ്രാർത്ഥനകൾക്കെല്ലാം രഹസ്യാത്മകമായ ഒരു തലമുണ്ട്. അതേ സമയം അതിന്റെ ഭാഷ കവിതയ്ക്കു സമാനവുമാണ്. ഈ രഹസ്യാത്മകമായ ശൈലി പ്രതിഫലിപ്പിയ്ക്കുവാൻ ഒരു കാര്യത്തിനു തന്നെ പല വിശേഷണങ്ങൾ ചേർക്കേണ്ടി വരും.  വെർണ്ണാക്കുലർ ഉപയോഗിയ്ക്കുമ്പോൾ മൂലഭാഷയിൽ അർത്ഥവ്യത്യാസമുള്ളത് നാട്ടുഭാാഷയിൽ അതേ പടി അവതരിപ്പിയ്ക്കാനായില്ല എന്നും വരും. അതിനെയെല്ലാം ഒരു സെക്കുലർ മനസ്ഥിതിയോടെ കണ്ട് ഒഴിവാക്കുവാനുള്ള ശ്രമം പാഷണ്ഢതയാണ്.

ചില ഉദാഹരനങ്ങൾ ചൂണ്ടിക്കാണിയ്ക്കാം.
a) ശാന്തിയും സമാധാനവും - രണ്ടൂം ഒന്നായതുകൊണ്ട് ഒരെണ്ണമങ്ങ് ഒഴിവാക്കിയേക്കാം
b) എല്ലാ നാഴികകളിലും യോഗ്യവും എല്ലാക്കാലങ്ങളിലും യുക്തവുമാകുന്നു - രണ്ടും ഒന്നു തന്നെ.

6)ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുക.
 ദൈവാരാധനയുടെ ചൈതന്യത്തിനു യോജിക്കാത്ത സംഗീതം, ശബ്ദം എന്നിവ ഉപയോഗിയ്ക്കുക, ദൈവജനത്തിനു പ്രാർത്ഥനയിൽ തടസം സൃഷ്ടിയ്ക്കുന്ന തരത്തിൽ മൈക്കിന്റെ ശബ്ദം, ഗാനത്തിന്റെ ശ്രുതി എന്നിവ ക്രമീകരിയ്ക്കുക, അപരിചിതമായ പാട്ടുകളും, ഈണങ്ങളും ഉപയോഗിയ്ക്കുക എന്നിവയെല്ലാം ആരാധനാക്രമ വിരുദ്ധ പാഷണ്ഢതയുടെ സ്വഭാവമാണ്. കുർബാനയിലെ പ്രസംഗം ദൈവവചനം ദൈവജനത്തിനു വ്യാഖ്യാനിച്ചു കൊടുക്കുന്ന അവസരമാണ്. അത് രാഷ്ട്രീയമോ സെക്കുലറോ ആയ കാര്യങ്ങൾ സംസാരിയ്ക്കുവാനുള്ള വേദിയാക്കുന്നത് ദൈവാരാധനയുടെ ചൈതന്യത്തെ ഇല്ലാതാക്കലാണ്. വചനം വ്യാഖ്യാനിയ്ക്കുമ്പോൾ തന്നെ ദൈവാരാധനയുടെ ചൈതന്യത്തിനു യോജിക്കാത്ത വളിപ്പുകളും, ഉപമകളും കഥകളും ഉപയോഗിയ്ക്കുമ്പോൾ ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുന്നു. ചില ഗ്‌ഹാന്താകളുടെ സമയത്ത് നിർവ്വികാരരായി ഇരിയ്ക്കുന്നതും ഇത്തരത്തിൽ  കാണാവുന്നതാണ്. ഇതെല്ലാം പാഷണ്ഢതയുടെ സ്വഭാവങ്ങളാണ്.

7) പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധന്മാരെയും ഒഴിവാക്കുക.
ഇത് പ്രൊട്ടസ്റ്റന്റു പ്രവണതയാണ്. സഭ ആരംഭകാലം മുതൽ തന്നെ മറിയത്തിനും രക്തസാക്ഷികൾക്കും, പ്രബോധകർക്കും വിശുദ്ധർക്കും സഭയിൽ സ്ഥാനം കൊടുത്തിട്ടുണ്ട്. സഭ എന്നും അവരെ ബഹുമാനിയ്ക്കുകയും അവരുടെ മാതൃക സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.  അതിനെ നിരാകരിയ്ക്കുകയും വിശുദ്ധരോടുള്ള വണക്കത്തെയും മധ്യസ്ഥപ്രാർത്ഥനകളേയും ഇകഴ്ത്തുന്നത് പാഷണ്ഢതയാണെന്നു പറയേണ്ടതില്ലല്ലോ. (അതേ സമയം വിശുദ്ധരോടുള്ള ബഹുമാനം വ്യക്തിപൂജയും വിഗ്രഹവത്കരണവുമാകുവാനും പാടില്ല. സഭാത്മകമാവണം. അല്ലാത്തപക്ഷം അതും പാഷണ്ഢത തന്നെയായിരിയ്ക്കും)

8) ദൈവാരാധനയ്ക്ക് പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നത് (മൂലഭാഷകളോടുള്ള വിരോധം)
ദൈവാരാധനയിൽ പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നതു തെറ്റല്ല. വത്തിയ്ക്കാൻ കൗൺസിലിനു മുൻപു തന്നെ പൗരസ്ത്യ സഭകൾ  പ്രാദേശിക ഭാഷ ദൈവാരാധനയിൽ ഉപയോഗപ്പെടുത്തി ത്തുടങ്ങിയിരുന്നു. അതേ സമയം മൂലഭാഷയോടുള്ള ബന്ധം നിലനിർത്തിയിരുന്നു.  അടുത്തകാലത്തായി മൂലഭാഷകളോടുള്ള വിരോധം കൂടിയിട്ടുണ്ട്. സുറീയാനി ഭാഷയെ പരാമർശിച്ചാൽ അതു വിഭാഗീതയായും തീവ്രവാദമായും ചിത്രീകരിയ്ക്കുന്നവരുണ്ട്.  മൂലഭാഷകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവീക വെളിപാടിന്റെ ഭാഷയാണ്. പ്രത്യേകിച്ച സുറീയാനി. പുതിയ നിയമ വെളിപാടിന്റെ ഭാഷ സുറിയാനിയാണ്. നമ്മുടെ ആരാധനാക്രമ ഭാഷയും സുറിയാനിയാണ്. സുറിയാനി ഭാഷയ്ക്ക് അർഹിയ്ക്കുന്ന സ്ഥാനം കൊടുക്കാതിരിയ്ക്കുന്നത് പാഷണ്ഢതയുടെ ലക്ഷണമാണ്. ആളൂകൾക്ക് മനസിലാവുന്നില്ല എന്നതാണ് പലപ്പോഴും പറയുന്ന മുട്ടാപ്പോക്ക്. അതു മനസിലാകത്തക്കവിധത്തിൽ മതബോധനം നൽകുകയാണു വേണ്ടത്. നാട്ടുഭാഷയിലാണെങ്കിൽ എല്ലാം മനസിലാവുന്നു എന്നതും തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം മനസിലായതുകൊണ്ട്  പ്രാർത്ഥനയുടെ അർത്ഥം മനസിലാവണമെന്നില്ല. മനസിലായിരുന്നെങ്കിൽ ആരാധനാക്രമ സംബന്ധിയായ തർക്കങ്ങൾ ഉണ്ടാകുമായിരുന്നില്ല.

9‌) ആരാധനാക്രമം "ലളിത"മാക്കുവാനുള്ള ശ്രമങ്ങൾ
 ആരാധനാക്രമം സങ്കീർണ്ണമാണെന്നും അത് ലളിതമാകേണ്ടതുണ്ടെന്നുമുള്ള സന്ദേശം സിനഡ് മുതലിങ്ങോട്ട് പ്രചരിപ്പിയ്ക്കുന്നതായി കാണുന്നുണ്ട്. പലപ്പോഴും ദൈവാരാധനയുടെ ശൈലിയെ ശരിയായി പുനരുദ്ധരിയ്ക്കുവാൻ കഴിയാത്തതാണ് ദൈവാരാധനാ സമ്പ്രദായം സങ്കീർണ്ണമാകുന്നു എന്നു ചിന്തിയ്ക്കുവാനുള്ള ഒരു കാരണം. ഉദാഹണനത്തിന് ചെറിയകുട്ടിയ്ക്ക് എഴുതുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്.  ഇഴയുന്ന പ്രായത്തിൽ നടക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്. ഇടതു കൈ പരിചയിച്ചവർക്ക് വലതുകൈ ഉപയോഗിയ്ക്കുന്നത് ബുദ്ധിമുട്ടാണ്, തിരിച്ചും. അതു പോലെ തന്നെയാണ് ദൈവാരാധനയും. ദൈവാരാധനായുടെ ശൈലിയെ ഭക്താഭ്യാസങ്ങളുടെ ശൈലിയോടൂ താരതമ്യപ്പെടൂത്തി ഭക്താഭ്യാസങ്ങളുടെ ശൈലിയിലേയ്ക്ക് താഴ്ത്തുവാനുള്ള ശ്രമം പാഷണ്ഢതയുടെ ലക്ഷണമാണ്. (ഭക്താഭ്യാസങ്ങളെ ലിറ്റർജിയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണൂ വേണ്ടത്)  ആവർത്തനങ്ങളെ ഒഴിവാക്കി, കാവ്യഭംഗിയ്കുള്ളതും രഹസ്യാത്മകതയെ ദ്യോതിപ്പിയ്ക്കുന്നതുമായ പദപ്രയോഗങ്ങൾ നീക്കി ലളീതമാക്കുവാനുള്ള ശ്രമവും അങ്ങനെ തന്നെ.

10. റോമിൽ നിന്നോ, മാർപ്പാപ്പായിൽ നിന്നുള്ളതോ ആയ എല്ലാറ്റിനെയും നിഷേധിയ്ക്കുക.
സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ കുറച്ചു കൂടി വ്യാപ്തിയുണ്ട്.  റോമിൽ നിന്നുള്ള പല നിർദ്ദേശങ്ങളും, പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശങ്ങളൂം, മെത്രാൻ സമതിയുടെ നിർദ്ദേശങ്ങളും, സഭാ സൂനഹദോസിന്റെ നിർദ്ദേശങ്ങളും അനുസരിയ്ക്കാതെ ഇരിയ്ക്കുന്നുണ്ട്. ഇത് പാഷണ്ഢതയാണ്.

11. വൈദീക ശുശ്രൂഷയെ ഇകഴിത്തി ചിത്രീകരിയ്ക്കുക.
സഭ, അതിന്റെ പഴയ നിയമ രൂപത്തിൽ പോലും വൈദീക ശുശ്രൂഷയ്ക്ക് പ്രാധന്യം നൽകിയിരുന്നു. പ്രൊട്ടസ്റ്റന്റു സഭകൾ ഈ ശിശ്രൂഷയെ നിരാകരിയ്ക്കുന്നു.  മറ്റൊന്ന് വൈദീകൻ ചെയ്യേണ്ട കാര്യങ്ങൾ  മറ്റു സന്യസ്ഥരോ, താഴ്ന്ന പട്ടമുള്ളവരോ ചെയ്യുന്നത് ഇതുമായി ചേർത്തു വായിക്കാം. ബാംഗളൂർ ചന്താപ്പുരയിലെ O.F.S സമൂഹത്തിന്റെ ചാപ്പലിൽ  ഡീക്കനോട് ഗഹാന്ദാ പ്രാർത്ഥന ചൊല്ലുവാൻ സുപ്പീരിയർ ആവശ്യപ്പെട്ടതു കണ്ടീട്ടുണ്ട്. കന്യാസ്ത്രികൾ മദുബഹായിൽ പ്രവേശിച്ച് സ്വമേധയാ കുർബാന സ്വീകരിയ്ക്കുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം പാഷണ്ഡതയായി മനസിലാക്കാം.

12.  സാധാരണക്കാർ ആരാധനാക്രമ പരിഷ്കരണത്തിന്റെ പ്രമാണിമാരാവുക
"സാധാരണക്കാർ" എന്നതു കൊണ്ട് ശുശ്രൂഷാ പൗരോഹിത്യമില്ലാത്തവർ  എന്ന അർത്ഥമല്ല , സെക്കുലർ കാഴ്ചപ്പാട് ഉള്ളവർ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ദൈവീക രഹസ്യങ്ങളെ ലോകത്തിന്റെ മനസാക്ഷികൊണ്ട് വിധിയ്ക്കുമ്പോഴാണ്  കുർബാനയുടെ ദൈർഘ്യം കൂടുന്നതായും, കുർബാന വിരസമായും ഒക്കെ അനുഭവപ്പെടുന്നത്.  അപ്പോഴാണ് കുർബാന ആകർഷകമാക്കുവാനും ലളിതമാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തേണ്ടി വരുന്നന്നത്.  അപ്പോഴാണ് യൂത്തു കുർബാനയും , കുട്ടികളുടെ കുർബാനയുമൊക്കെ ഉണ്ടാവുന്നത്. ചുരുക്കത്തിൽ "സാധാരണക്കാരായ" മെത്രാന്മാരും വൈദീകരുമൊക്കെയുള്ള ഒരു സഭയാണ് നമ്മുടേത്.

ചുരുക്കത്തിൽ ലത്തീൻ സഭയുടെ കാര്യത്തിൽ മാത്രമല്ല, സീറോ മലബാർ സഭയുടെ കാര്യത്തിലും ഗൊറേഞ്ചറിന്റെ ലിസ്റ്റ് പ്രസക്തമാണെന്നു കാണാം. ആരാധനാക്രമ വിരുദ്ധ പാഷണ്ഢതയ്ക്ക് ഒരു സാർവ്വത്രിക സ്വഭാവമുണ്ട്. ആരാധനാക്രമത്തിൽ  നടത്തുന്ന പല പരീക്ഷണങ്ങളൂം പാഷണ്ഢതയായി ഗൊറേഞ്ചർ നിരീക്ഷിച്ചിട്ടുള്ളതാണ് എന്നു മനസിലാക്കുമ്പോൾ അത്തരം പരീക്ഷണങ്ങൾ നടത്തുന്ന ആരാധനാക്രമ വിദഗ്ധരൊടൂ സഹതപിയ്ക്കുവാനേ കഴിയുന്നുള്ളൂ.

മറക്കരുത് വന്നവഴിയിലെ വാക്കുകളും

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു ചർച്ചയുണ്ടായി. വാക്കുകളെക്കുറിച്ച്. തെക്കേ ഇന്ത്യയിലെ മാർ തോമാ നസ്രാണികൾ തികച്ചും ദ്രാവിഡമായ അന്തരീക്ഷത്തിൽ, യഹൂദപാരമ്പര്യത്തിൽ വിശ്വാസം സ്വീകരിച്ചവരാണ്. ഈ അടുത്തകാലത്താണ് ഭാരതവത്കരണവാദങ്ങളും സംസ്കൃതപ്രേമവും പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന പല വാക്കുകളുടേയും വേരറുക്കാൻ തുടങ്ങിയത്.  നമ്മുടെ പദങ്ങൾ നമ്മുടെ സംസ്കാരത്തെയും, നമ്മുടെ പാരമ്പര്യത്തെയും നമ്മുടെ പശ്ചാത്തലത്തെയുമൊക്കെ സൂചിപ്പിയ്ക്കുന്നവയാണ്. പലവാക്കുകളും  തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഉൾപ്പെടുന്ന ദ്രാവിഡ ഭാഷാഗോത്രവും, സെമറ്റിക് ഭാഷാ (സുമ്മേറിയൻ) ഭാഷാ ഗോത്രവും തമ്മിലുള്ള ബന്ധത്തിലേയ്ക്കുള്ള ചൂണ്ടു പലക കൂടിയാണ്. ദ്രാവിഡപശ്ചാത്തലത്തിലും സുറിയാനീ പശ്ചാത്തലത്തിലും നമുക്കുണ്ടായിരുന്ന വാക്കുകളെ സൂക്ഷിച്ചു വയ്ക്കുവാനാണ് ഈ പോസ്റ്റ്.

യേശൂ = ഈശോ
ക്രിസ്തു = മിശിഹാ
ജ്ഞാനസ്നാനം= മാമോദീസ
അപ്പസ്തോലൻ = ശ്ലീഹാ
കുരിശ് = സ്‌ലീവാ
ഉല്പത്തിപ്പുസ്തകം = സൃഷ്ടിയുടെ പുസ്തകം
അപ്പസ്തോല പ്രവർത്തനം = ശ്ലീഹന്മാരുടെ നടപടി
മാതാവ് = അമ്മ
സ്വർഗ്ഗാരോപണത്തിരുന്നാൾ = കരേറ്റത്തിരുന്നാൾ/വാങ്ങിപ്പു തിരുന്നാൾ
ദിവ്യബലി = കുർബാന
സ്ഥൈര്യലേപനം = തൈലാഭിഷേകം
വിശുദ്ധർ = കന്തീശങ്ങൾ
രക്തസാക്ഷികൾ = സഹദാന്മാർ
പ്രവാചകർ = നിവ്യന്മാർ
മോശ = മൂശ
ജോഷ്വ = ഈശോ ബർനോൻ
പത്രോസ് = കേപ്പാ
ബേദ്‌ലഹേം = ബേസ്‌ലഹെം
ജറൂസലേം/യറൂശലേം = ഓറശ്ലേം
റോം = റോമാ
കാൽവരി = ഗാഗുൽത്താ
അൾത്താര = മദ്ബഹാ
ദൈവാലയം/ദൈവാലയം = പള്ളി
വിവാഹം = കല്യാണം
വൈദീകൻ/പുരോഹിതൻ = കത്തനാർ
ആശ്രമം = ദയറാ
ഒലിവ് = സൈത്ത്
പീഢാസഹാനം = പങ്കപ്പാട്
രക്തം = ചോര
സ്ത്രീ = പെണ്ണ്
പുരുഷൻ = ആണ്
ദൂതൻ = മാലാകാ
ജോർജ്ജ് = ഗീവർഗ്ഗിസ്/വർഗ്ഗീസ്/വറീത്/വറീച്ചൻ
ജോൺ = യോഹന്നാൻ
ഐസക്ക് = ഇസഹാക്ക്
ജേക്കബ്= യാക്കോവ് , ചാക്കോ
ഡേവിഡ് = ദാവീദ്
സൂസൻ = ശോശന്ന
സൈമൺ = ശിമയോൻ
തോമസ് = തോമ
ജുഡ് = യൂദാ
മാത്ത്യു = മത്തായി
ജോസഫ് = ഔസേപ്പ്/യൗസേപ്പ്
ആൻസ്/ആൻ = അന്ന
എലിസബത്ത്/ലിസ്/ലിസ്സാ = ഏലീശ്വ, ഏലി, ഏലിയാമ്മ, ഏലിക്കുട്ടി
സഖറിയ = സ്കറിയ/ കറിയാ/ കറിയാച്ചൻ

Please feel free to comment on this post to add more words to the list.