Sunday, September 27, 2015

സീറോ മലങ്കര സഭയിലെ ശുദ്ധീകരണം

പോളചിറക്കല്‍ സഖറിയാസ് മാര്‍ അത്തനാസിയോസ് തിരുമേനി !
 

 മലങ്കര കത്തോലിക്കാസഭായിലെ ഉരുക്കു മനുഷ്യന്നായിരുന്നു അത്തനാസിയോസ് തിരൂമേനി. 1957 ല്‍ തിരുസംഘത്തില്‍ നിന്നും ലഭിച്ച മാര്‍ഗ നിര്‍ദേശ്ശത്തിന്‍റ പിന്‍ബലത്തില്‍ ശുദ്ധീകരണം ആരംഭിക്കുകയായി. പക്ഷേ മലബാര്‍ റീത്തില്‍ നിന്നും വന്നിരുന്ന പ്രഗല്ഭരായ അച്ചന്മാരും മറ്റുപലരും ലത്തീനീകരണത്തില്‍ നിന്നും പിന്മാറുന്നതിനോടു എതിര്‍പു പ്രകടിപ്പിച്ചു. പല അല്മായ പ്രമുഖരേയും അവര്‍ക്കു കൂട്ടിനും ലഭിച്ചു. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അതിരൂപതയില്‍ ഒന്നും നടക്കുന്നുമില്ല .ആ സാഹചര്യത്തില്‍ തിരുമേനി നേരിട്ടു ഇറങ്ങി. എതിര്‍പ്പുക്കാണിച്ച പള്ളികളില്‍ നേരിട്ടുപോയി രൂപങ്ങള്‍ എല്ലാം പുറത്താക്കി. മുട്ടുകുത്തു പൂര്ണമായും നിരോധിച്ചു. തിരുമേനിക്കു പിന്‍ബലമായി നിന്നിരുന്ന രണ്ടു അച്ചന്മാര്‍ ചെങ്ങരൂര്‍ ഇടവകക്കാരായിരുന്നു. ബഹുമാനപെട്ട ചെറിയാന്‍ പവ്വോത്തികുന്നേല്‍ ( വലിയ കണ്ടത്തില്‍ ) അച്ചനും മഞ്ഞനാം കുഴിയില്‍ ബഹുമാനപെട്ട മൈക്കിള്‍ ഓ.ഐ.സി .അച്ചനുമായിരുന്നു.

ഒരിക്കല്‍ തിരുമേനി പറഞ്ഞതു ഓര്‍ക്കുന്നു ഉറക്കമില്ലാത്ത രാവുകള്‍ ധാരാളമുണ്ടെന്ന്. ഇത്ര ദീര്‍ഘവീക്ഷണവും ധൈര്യവും ഉള്ള മറ്റൊരു മെത്രാന്‍ മലങ്ങ്കര കത്തോലിക്കാസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറയാം .ലിറ്റര്‍ജില്‍ കടന്നുകൂടിയ ലത്തീനീകരണമെല്ലാം മാറ്റിയതു തിരുമേനിയായിരുന്നു.

(ചക്കാലമുറിയിൽ ജോസഫ് അച്ചായൻ ഫെയിസ് ബുക്കിലിട്ട പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ)

Thursday, September 10, 2015

കബറിടങ്ങളിലൂടെ...

കല്യാണത്തിന് സ്തുതികൊടുത്ത് ഇറങ്ങുക എന്ന ഒരു പാരമ്പര്യമുണ്ട് മാർ തോമാ നസ്രാണികൾക്ക്.  ഇക്കാലത്ത് ക്യാമറാച്ചേട്ടന്മാര് കാർമ്മികരാവുന്ന ഈ കർമ്മത്തിൽ എത്രത്തോളം വൈകാരികത അവശേഷിയ്ക്കുന്നുണ്ട് എന്നറിയില്ല, സ്തുതികൊടൂക്കുവാൻ പോലും പഠിച്ചിട്ടില്ലാത്ത പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും.  ഇതെഴുതുമ്പോൾ പോലും എന്റെ കണ്ണുകൾ നനയുകയും എന്തൊക്കെയോ സ്വരങ്ങൾ കണ്ഢനാളത്തിൽ തിങ്ങിനിറയുകയും ചെയ്യുന്നത് ഒരു പക്ഷേ അതിന്റെ വൈകാരികത അനുഭവിച്ചറിയുവാനുള്ള ഭാഗ്യമുണ്ടായതുകൊണ്ടാണ്. കല്യാണത്തിനു വരാൻ കഴിയാത്ത പ്രായമായ സ്വന്തകാർക്ക് സ്തുതികൊടുക്കുന്നത്  ഏറെ വൈകാരികമാണ്. മനസുകൊണ്ട് അവരുണ്ടാകണമെന്ന് ആഗ്രഹിയ്ക്കുകയും അവർ വരില്ല എന്നു തിരിച്ചറിയുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന വികാരത്തിന്റെ വേലിയേറ്റങ്ങൾ ഒരു ലേഖനത്തിൽ അടയാളപ്പെടുത്താനാവുന്നതല്ല. കടന്നു പോയ പ്രീയപ്പെട്ടവരുടെ ചിത്രത്തിനു മുൻപിൽ സ്തുതികൊടുക്കുന്നതും അവരുടെ ഓർമ്മയ്ക്കു മുൻപിൽ അനുഗ്രഹത്തിനായി തലകുനിയ്ക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന തിക്കുമുട്ടൽ അനുഭവിച്ചുതന്നെ അറിയണം. വഴിതെറ്റിപ്പോകുമായിരുന്ന തന്നെ നേർവഴിയ്ക്കു നടത്തിയ ഗുരുഭൂതൻ കൂടിയായ കാർന്നോനെ തന്റെ മകളുടെ കല്യാണത്തിനു പൊന്നാട അണിയിച്ചപ്പോൾ ഒരു ഉന്നത ഉദ്ദ്യോഗസ്ഥനുണ്ടായ വൈകാരിക മുഹൂർത്തങ്ങൾക്ക് സാക്ഷിയായത് ഓർക്കുന്നു.  നമ്മെ വളർത്തി വലുതാക്കിയവരുടെ, വഴിത്താരയിൽ വെളിച്ചമായവരുടെ, സ്നേഹിച്ചവരുടെ ഓർമ്മ എന്നും ഒരു സുഖമുള്ള ഒരു നൊമ്പരമാണ്.  എന്തു കാര്യം ചെയ്യുന്നതിനു മുൻപും  ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലെല്ലാം അവരെ ഓർമ്മിയ്ക്കുകയും അവരുടെ പ്രാർത്ഥനകളും അനുഗ്രഹവും ആഗ്രഹിയ്ക്കുകയും വേണം.

നമ്മുടെ കുർബാനയിലും ഇതുപോലെ ഒരു അവസരമുണ്ട്. കുർബാനയുടെ കേന്ദ്രഭാഗം എന്നു പറയുന്നത് അതിന്റെ കൂദാശാഭാഗമാണ്. നമ്മുടെ വിശ്വാസത്തിന്റെ കാരണക്കാരുടെ ഓർമ്മയ്ക്കു മുൻപിൻ നമസ്കരിച്ചിട്ടാണ് നമ്മൾ കൂദാശയിലേയ്ക്കു  കടക്കുന്നത്.  വിവാഹത്തിനു സ്തുതികൊടുക്കുന്നതു പോലെയുള്ള ഒരു അവസരം. പക്ഷേ എന്താണെന്നോ എന്തിനാണെന്നോ മനസിലാകാതെ  പോകുന്നതതുകൊണ്ട്  കുർബാനയിലെ ഈ ഭാഗം പലപ്പോഴും നമ്മെ  പലപ്പോഴും സ്പർശിയ്ക്കാതെ പോകുന്നു. ഒന്നു രണ്ടു പാദങ്ങൾ ഒഴിവാക്കിയാലെന്താ എന്നൊക്കെ ചിലരൊക്കെ ചിന്തിയ്ക്കുന്നതും അതുകൊണ്ടാണ്.

ഒന്നാമതായി നമ്മൾ മർത്ത് മറിയത്തിന്റെ ഓർമ്മയാണ് പരിശുദ്ധ മദ്ബഹായിൽ ആചരിയ്ക്കുന്നത്. ഒന്നതത്തിൽ നിന്നു നമ്മെ സന്ദർശിച്ച ഉദയപ്രകാശം അവളിലാണ് ഗർഭം ധരിച്ചത്, അവളിൽ നിന്നാണ് പിറന്നത്. അവളെയാണ് നമ്മുടെ കർത്താവ് നമുക്ക് അമ്മയായി തന്നത്.  നമ്മുടെ കർത്താവിന്റെ കല്ലറ(മദ്ബഹാ)യിലൂടെ നാം നമ്മുടെ മാതാവിന്റെ കല്ലറയ്ക്കു മുൻപിലെത്തുന്നു. നമ്മുക്കു പ്രാർത്ഥനിയ്ക്കാം പരിശുദ്ധ മറിയമേ, നിന്റെ തിരുക്കുമാരന്റെ, നിന്റെ തിരുക്കുമാരന്റെ മണവാട്ടിയായ സഭയുടെ കുർബാന നിസ്സാരരും ബലഹീനരും പാപികളായ ഞങ്ങളിതാ അർപ്പിയ്ക്കുന്നു. നിന്റെ പ്രാർത്ഥന ഞങ്ങളെ ശക്തിപ്പെടുത്തട്ടെ, നിന്റെ പ്രാർത്ഥനകൾ ഞങ്ങളുടെ ഈ കുർബാനയോടു ചേരട്ടെ.

രണ്ടാമത് നാം ചെല്ലുന്നത് ശ്ലീഹന്മാരുടേയും നമ്മുടെ കർത്താവിന്റെ സ്നേഹിതരുടേയും കല്ലറകൾക്കു മുന്നിലാണ്. അവരാണ് നമ്മുടെ കർത്താവിലുള്ള വിശ്വാസം നമുക്കു നൽകിയത്.  പന്ത്രണ്ടു ശ്ലീഹന്മാരുടെ കല്ലറകൾ നമ്മുടെ കർത്താവിന്റെ കല്ലറയിലൂടെ നമുക്കു മുൻപിൽ തെളിയുന്നു. കേപ്പായുടെ, അന്ത്രയോസിന്റെ, യാക്കോവിന്റെ, യോഹന്നാന്റെ.. അങ്ങനെ പന്ത്രണ്ടു ശ്ലീഹന്മാരുടെ കല്ലറകൾ, കർത്താവിന്റെ സുവിശേഷം രചിച്ച സുവിശേഷകന്മാരുടെ കല്ലറകൾ, 72 ശ്ലീഹന്മാരുടെ കല്ലറകൾ, സ്നാപകയോഹന്നാന്റെ കല്ലറ...അവനാണ് വെളിച്ചത്തിനു സാഷ്യം നൽകിയത്. എല്ലാ കല്ലറകൾക്കു മുൻപിലും നാം നമസ്കരിയ്ക്കുന്നു.  നിങ്ങൾ ആർക്കു സാക്ഷ്യം നൽകിയോ അവന്റെ കുർബാന, നിങ്ങൾ വിവിധങ്ങളായ സ്ഥലങ്ങളിൽ നിങ്ങൾ സ്ഥാപിച്ച ഏകവും പരിശുദ്ധവും സാർവത്രികവുമായ സഭയുടെ കുർബാന നിസ്സാരരും ബലഹീനരും പാപികളായ ഞങ്ങളിതാ അർപ്പിയ്ക്കുന്നു. നിങ്ങളുടെ പ്രാർത്ഥന ഞങ്ങളെ ശക്തിപ്പെടുത്തട്ടെ, നിങ്ങളുടെ പ്രാർത്ഥനകൾ ഞങ്ങളുടെ ഈ കുർബാനയോടു ചേരട്ടെ.

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ കബറിടം നമ്മുക്കു മുൻപിൽ തെളിയുന്നു. പിതാവേ നീയാണ് ഞങ്ങളെ വിശ്വാസം പഠിപ്പിച്ചത്, വിജാതീയരോ യഹൂദരോ ഒക്കെയായിരുന്ന ഞങ്ങളുടെ പക്കലേയ്ക്ക് ജീവന്റെ സുവിശേഷവുമായി വന്നത് നീയാണ്.  അതാ അദ്ദായിയുടെയും മാറിയുടേയും കല്ലറകൾ; തോമാശ്ലിഹായുടെ ശിഷ്യന്മാരായ അവരുടെ പേരിലുള്ള കുർബാനയാണ് നാം അർപ്പിയ്ക്കുന്നത്, ഗീവർഗ്ഗീസിന്റെ കല്ലറ,  അപ്രേമിന്റെ കല്ലറ തുടങ്ങി കരിയാറ്റിയുടെ കല്ലറ, പാറേമാക്കന്റെ കല്ലറ, ഇക്കാക്കോയുടെ കല്ലറ അങ്ങനെ എത്ര എത്ര പേർ.. നമ്മുടെ സഭയ്ക്കു വേണ്ടി രക്തസാക്ഷിത്വം വരിയ്ക്കുകയും സഭയ്ക്കു വേണ്ടി പോരാടുകയും വിശ്വാസത്തിന്റെ വിശുദ്ധ പ്രബോധനങ്ങൾ നമുക്ക് നൽകിയവരുടേയും കല്ലറകൾ. എല്ലാ കല്ലറകൾക്കു മുന്നിലും നമസ്കരിയ്ക്കുന്നു. അവരുടെ ചോരയും വിയർപ്പമാണ് നമ്മുടെ സഭയെ പടുത്തുയർത്തിയത്, അവരുടെ പ്രബോധനങ്ങളാകുന്ന ചുടുകട്ടകൾകൊണ്ടാണ് ഈ പള്ളി പണിയപ്പെട്ടിരിയ്ക്കുന്നത്, അവരു പഠിപ്പിച്ച പ്രാർത്ഥനകളാണ് നമ്മൾ ചൊല്ലുന്നത്. അവരെ മറന്നിട്ട് ഒരു കുർബാനയർപ്പിയ്ക്കുവാൻ നമുക്കാവില്ല. അവരോടു ചേർന്നു നിന്നല്ലാതെ ഒരു കുർബാനയർപ്പിയ്ക്കുവാൻ നമുക്കാവില്ല.

കടന്നു പോയ നമ്മുടെ പ്രീയപ്പെട്ടവർ, വിശ്വാസം പരമ്പരാഗതമായി നാം സ്വീകരിച്ചത് അവരിലൂടെയാണ്. അവരുടെ വിരലിൽ തൂങ്ങിയല്ലെ നമ്മൾ പണ്ടു പള്ളിയിൽ വന്നത്, അവരുടെ കൂടെ നിന്നല്ലേ നാം കുർബാന സ്വീകരിച്ചത്. അവരെല്ലാം മഹത്വപൂർണ്ണമായ ഉത്ഥാനത്തെയും അവർണ്ണനീയമായ സ്വർഗ്ഗഭാഗത്തെയും പ്രതീക്ഷിച്ച് നിദ്രയിലാണ്. അവരെ മറന്ന് നമ്മുക്ക് കുർബാനയർപ്പിയ്ക്കുവാനാവില്ല.

കർത്താവിന്റെ കല്ലറയിലൂടെ മാതാവ് തൊട്ടിങ്ങോട്ട് നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാവരേയും നമ്മൾ കണ്ടു, അവരുടെ കല്ലറകളിൽ നമ്മൾ നമസ്കരിച്ചു, ഈ കുർബാനയിൽ അവരും പങ്കു ചേരുകയാണ്. അവർക്കൊപ്പം നമുക്ക് കുർബാനയർപ്പിയ്ക്കാം.