Sunday, February 7, 2016

"പ്രവാചകശബ്ദം" കാലുകഴുകുമ്പോൾ

"പ്രവാചകശബ്ദ"ൽ കാൽ കഴുകൾ ശുശ്രൂഷയുമായി ബന്ധപ്പെട്ട് മാർപ്പാപ്പായുടെ നടപടികളെ ന്യായീകരിയ്ക്കുവാൻ ഒരു ലേഖനം കണ്ടു. ലിറ്റർജിയുടെ ഭാഗമായ കാലുകഴുകൾ ശുശ്രൂഷയിലെ സ്ത്രീ സാന്നിധ്യത്തെയോ വിജാതീയ സാന്നിധ്യത്തെയോ ന്യായീകരിയ്ക്കാൻ പോരുന്ന ഒരു വാദവും അവിടെ കണ്ടില്ല. ചില മറുപടികൾ പറയേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.
*******************************************************************************
വാദം 1. ഈശോ പന്ത്രണ്ടു ശ്ലീഹന്മാരുടെയല്ല തന്റെ നിരവധിയായ ശിഷ്യന്മാരുടെ പാദങ്ങളാണ് കഴുകിയത്.
**********************************************************************************
യോഹന്നാനെ ഉദ്ധരിച്ച് ന്യായീകരണ വ്യഗ്രതയിൽ ലേഖകൻ മറ്റു സുവിശേഷങ്ങൾ വായിയ്ക്കാൻ മറന്നു എന്നു തോന്നുന്നു.
"വൈകുന്നേരമായപ്പോൾ അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരുമൊത്ത് ഭക്ഷനത്തിനിരുന്നു"- മത്തായി 26:20
"സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടൂ പേരുമൊത്തു വന്നു" -മർക്കോസ് 14:17
"സമയമായപ്പോൾ അവൻ ഭക്ഷണത്തിനിരുന്നു. അവനോടൊപ്പം ശ്ലീഹന്മാരും" - ലൂക്കാ 22:14.
മത്തായിയും മർക്കോസും ഈശോയുടെ കൂടെ വിരുന്നിനിരുന്നവർ 12 പേരാണെന്നും, ലൂക്കാ അവർ ശ്ലീഹന്മാരാനെന്നും (അപ്പസ്തോലന്മാർ) വ്യക്തമാക്കുന്നുണ്ട്. ആ നിലയ്ക്ക് മാർപ്പാപ്പായെ ന്യായീകരിയ്കുവാൻ വേണ്ടി യോഹന്നാനെ മാത്രം ഉദ്ധരിച്ചവരുടെ വിധേയത്വം സഭയോടും സുവിശേഷത്തോടും സഭാപാരമ്പര്യങ്ങളോടുമാണോ എന്ന് അവർ തന്നെ ആത്മശോധന ചെയ്യട്ടെ.
(പന്ത്രണ്ട് ശ്ലീഹന്മാരെന്നും പന്ത്രണ്ട് ശിഷ്യന്മാരെന്നും സുവിശേഷത്തിൽ ഉപയോഗിയ്ക്കുന്നുണ്ട്.)


*******************************************************************************
വാദം 2: റോമൻ മിസലിൽ കാലുകഴുകപ്പെടുന്നവരുടെ ലിംഗമോ, എണ്ണമോ,മതമോ പറയുന്നില്ല.
*******************************************************************************
എഴുതപ്പെട്ടതു മാത്രമല്ല പാരമ്പര്യം. സ്വാഭാവികമായി കൈമാറിവന്ന സാമാന്യ ബോധം എഴുതപ്പെടേണ്ടതായി വരുന്നില്ല. ലിറ്റർജിയിൽ അനുസ്മരിയ്ക്കപ്പെടുന്നത് ഈശോയുടെ കാലുകഴുക്കലിന്റെ അനുസ്മരണമാണെന്നു മനസിലാക്കിയിരുന്നെങ്കിൽ ഇത്തരം ബാലിശമായ വാദാങ്ങൾ പറയുമായിരുന്നില്ല. നിയമത്തിലെ പഴുതുകൾ കണ്ടെത്തുന്ന നിയമജ്ഞന്റെ കുരുട്ടുബുദ്ധി എന്നതു പോലെയേ ഇതിനെ കാണാനാവൂ.
റോമൻ മിസലിൽ എഴുതിയതെല്ലാം മറ്റു സഭകൾക്കു ബാധകമല്ല എന്നതുകൂടെ പ്രവാചകശബ്ദക്കാർ ഓർക്കുമെന്നു കരുതട്ടെ.
***************************************************************************************
വാദം 3: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല."
**************************************************************************************
അതുകൊണ്ട് പങ്ക് ഉറപ്പിയ്ക്കുവാൻ കാലുകഴുകണം എന്ന വാദം ബാലിശമായിപ്പോയി. ഒന്നാമതായി കാലുകഴുകൾ ശൊശ്രൂഷ കൗദാശിക പ്രാധാന്യമുള്ളതല്ല. അതിനാൽ തന്നെ അത് കാലുകഴുകപ്പെടുന്നവർക്ക് കൃപാവരത്തെ പ്രദാനം ചെയ്യുന്നതായി മനസിലാക്കാമോ എന്നറിയില്ല. അതുകൊണ്ടു തന്നെ മിശിഹായിലുള്ള പങ്കിന്റെ അടയാളമായി ഈ ശുശ്രൂഷയെ കാണാനാവില്ല. മിശിഹായിൽ നാം പങ്കുപറ്റുന്നത് കൂദാശകളിലൂടെ സഭയിലൂടെയാണ്. കാലുകഴുകൾ ശുശ്രൂഷയിലൂടെ അല്ല. കാലുകഴുകൾ ശുശ്രൂഷ ദൈവാരാധന (ലിറ്റർജിയുടെ) മുടെ ഭാഗമായി നടത്തപ്പെടുമ്പോൾ അത് ഈശോ തന്റെ 12 ശ്ലീഹന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ ഓർമ്മ ആചരണമാണ്.
ഇനി വായനക്കാരെ കൺഫ്യൂഷനുണ്ടാക്കുവാൻ കുറേ ചരിത്രവും, രേഖകളും ലേഖകൻ നിരത്തുന്നുണ്ട്. ഇതിനെല്ലാം മറുപടി പറയുന്നതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനം എനിയ്ക്കോ വായനക്കാർക്കോ സഭയ്ക്കോ ഉണ്ടാകുമെന്നു കരുതുന്നില്ല. ഈശോ 12 ശ്ലീഹന്മാരുടെ പാദങ്ങളല്ല കഴുകിയതെന്നു വാദിയ്ക്കാൻ ധൈര്യമുള്ളവർക്ക് ഏതു ആടിനെയും പട്ടിയാക്കാനുള്ള വാദങ്ങൾ നിരത്താനാവും.
ഈ ചടങ്ങിനെപ്പറ്റിയുള്ള എന്റെ നിലപാട് പറഞ്ഞ് ഞാൻ ഈ പോസ്റ്റ് അവസാനിപ്പിയ്ക്കട്ടെ.
1. കാലുകഴുകൽ ശുശ്രൂഷ സീറോ മലബാർ സഭയുടെ പാരമ്പര്യത്തിൽ ഇല്ലെന്നാണ് മനസിലാവുന്നത്. ഉള്ളത് ലത്തീൻ അനുകരണമാണ്.
2. മറ്റു സഭകളl ലിറ്റർജിയുടെ ഭാഗമായി കാലുകഴുകൽ വന്നിട്ട് എത്രനാളായി എന്ന ഒരു ഗവേഷണത്തിനു സാധ്യത കാണുന്നുണ്ട്.
3. പീഢാനുഭവ വാരത്തിലും നോയമ്പിലും ആശ്രമാധിപന്മാർ ആശ്രമാംഗങ്ങളുടെ കാലുകഴുകിയിരുന്നു. ഇതിന്റെ പിന്തുടർച്ചയായി ഇടവകയിലെ സ്ത്രീപുരുഷ ഭേദമന്യേ ഇടവകാംഗങ്ങളുടേയോ, അന്യമതസ്ഥർ ഉൾപ്പെട്ട സമൂഹത്തിന്റെയോ, ജയിൽ വാസികളുടെയോ ഒക്കെ കാലുകഴുകുന്നത് തികച്ചും അനുകരണീയമായ പാരമ്പര്യമാണ്. പക്ഷേ അതു തിരുക്കർമ്മങ്ങളുടെ ഭാഗമായി നടത്തപ്പെടരുത്. പുരാതന രേഖകളിലെ ആഗസ്തീനോസിന്റെയും മറ്റും സൂചനകൾ ഇതിനെയാണ് പരാമർശിയ്ക്കുന്നത്, അല്ലാതെ ലിറ്റർജിയുടെ ഭാഗമായ കാലുകഴുകൽ അല്ല.
4. തിരുക്കർമ്മങ്ങളുടെ ഭാഗമായി നടത്തെപ്പെടുന്ന കാലുകഴുകലിൽ ഈശോയുടെ 12 ശ്ലീഹന്മാരെ പ്രതിനിധീകരിച്ച് 12 പുരുഷന്മരെ തിരഞ്ഞെടുക്കുന്നതു തന്നെയാണ് വേദപുസ്തകത്തോടും പാരമ്പര്യങ്ങളോടും നീതിപുലർത്തുന്ന ശൈലി. ഇത് സാങ്‌ച്വറി/വിശുദ്ധ സ്ഥലത്ത് വച്ച് നടത്തിക്കൂടാ.
വിശുദ്ധ സ്ഥലത്തു വച്ചു നടത്തപ്പെടുകാണെങ്കിൽ വിശുദ്ധ സ്ഥലത്തു പ്രവേശിയ്ക്കാൻ അർഹതയും ഒരുക്കവുമുള്ള സഭാപാരമ്പര്യപ്രകാരം ശുശ്രൂഷാ പട്ടക്കാർ വേണം.