Tuesday, August 16, 2016

പ്രതികരണം: പൂച്ചക്കാട്ടച്ചന്റെ സത്യദീപത്തിലെ ലേഖനം



ജിമ്മി പൂച്ചക്കാട്ടച്ചന്റെ ലേഖനം വാട്ട്സ്സ് ആപ്പിൽ ലഭിച്ചതു മുതൽ അതിനെപ്പറ്റി എഴുതണമെന്ന് ആഗ്രഹിച്ചതാണ്. ഇപ്പോഴാണ് അതിനുള്ള സാഹചര്യമുണ്ടായത്.

പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാണ്
വിശ്വാസവും പ്രവൃത്തിയും തമ്മിലുണ്ടായിരിയ്ക്കേണ്ട പൊരുത്തത്തേക്കുറിച്ച് ശക്തമായ ഭാഷയിൽ തന്നെ യാക്കോബ് ശ്ലീഹാ (യാക്കോബ് 2:14-26) പറയുന്നുണ്ട്. നമ്മുടെ വിശ്വാസത്തെ സഹോദരനുമായുള്ള ബന്ധത്തിൽ പ്രകടിപ്പിയ്ക്കുവാനാവുന്നില്ലെങ്കിൽ നമ്മുക്ക് വിശ്വാസമുണ്ട് എന്നു പറയുന്നത് നിരർത്ഥകമാണ്. അച്ചൻ മുന്നോട്ടു വയ്ക്കുന്ന ഈ ആശയത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇതിന്റെ അർത്ഥം ദൈവവുമായുള്ള ബന്ധത്തിലും പ്രാർത്ഥനയിലും വിട്ടുവീഴ്ച ചെയ്യണം എന്നല്ല. കുർബാന ഒഴിവാക്കി, പ്രാർത്ഥനകൾ വെട്ടിച്ചുരുക്കി സമയലാഭമുണ്ടാക്കി ആതുരശുശ്രൂഷയ്ക്ക് ഇറങ്ങണമെന്നു പറയുന്നത് ശ്ലൈഹീക സഭയുടെ ശൈലി അല്ല. ആതുരസേവനത്തിന്റെ അനുപമ മാതൃകയായ മദർ തെരേസ തന്റെ തിരക്കുപിടിച്ച ആതുരസേവനത്തിന്റെ പാതയിൽ ഒരിയ്ക്കലും കുർബാന അർപ്പണത്തിനോ യാമപ്രാർത്ഥനകൾക്കോ ബോധപൂർവ്വം മുടക്കം വരുത്തിയിട്ടില്ല. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ദിനചര്യകളിൽ കുർബാനയ്ക്കും യാമനമസ്കാരങ്ങൾക്കും ഭക്തകൃത്യങ്ങൾക്കും  കൊടുത്തിട്ടുള്ള സ്ഥാനം  ആതുരശുശ്രൂഷകാരണം പ്രാർത്ഥനചൊല്ലാൻ സമയം കിട്ടാത്തവർക്ക് മാതൃകയാക്കാവുന്നതാണ്.

നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും സർവ്വ ശക്തിയോടും കൂടെ സ്നേഹിയ്ക്കുക
മൂശയ്ക്ക് ദൈവം കൊടുത്ത പത്തു കല്പനകളിൽ ആദ്യത്തെ മൂന്നെണ്ണത്തെ നമ്മുടെ കർത്താവ് സംഗ്രഹിയ്ക്കുന്നത് പൂർണ്ണ ആത്മാവോടൂം പൂർണ്ണ മനസ്സോടും സർവ്വ ശക്തിയോടും കൂടെയുള്ള ദൈവാരാധനയിലേയ്ക്കാണ്. അതിനു ശേഷം മാത്രമാണ് ഏഴുകല്പനകളുടെ സംഗ്രഹമായ അയല്പക്ക സ്നേഹം വരുന്നത്. മെത്രാന്റെ കൈവയ്പ്പുവഴി  ഒരു വ്യക്തിയെ ശുശ്രൂഷാ പൗരോഹിത്യത്തിനു നിയോഗിച്ചിരിയ്ക്കുന്നത് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ നിർവ്വഹിയ്ക്കുന്നതിനായിട്ടാണ്. അതിൽ വീഴ്ചവരുത്തി തളർന്നവരെ ശുശ്രൂഷിയ്ക്കുവാനും വിശക്കുന്നവനു ഭക്ഷണം കൊടുക്കുവാനും പോകുന്നത് കൃതവിലോപമാണ്. സ്ഥാപനങ്ങൾ ഭരിയ്ക്കുവാനും, പൊതുപ്രവർത്തനങ്നൾ നടത്തുവാനും തിരുപ്പട്ടമെന്ന കൂദാശ കൈക്കൊള്ളേണ്ട ആവശ്യമില്ലല്ലോ. ഡീക്കന്മാരെ തിരഞ്ഞെടുക്കുന്ന വേളയിൽ ശ്ലീഹന്മാർ പറഞ്ഞത് ഓർക്കുക:- “ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷകാണിച്ച് ഭക്ഷണമേശകളിൽ ശുശ്രൂഷിയ്ക്കുന്നതു ശരിയല്ല.” അങ്ങനെ മറ്റു ശുശ്രൂഷകൾക്കായി ശ്ലീഹന്മാർ 7 ഡീക്കന്മാരെ തിരഞ്ഞെടുത്തു. ശ്ലീഹന്മാർ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും വ്യാപരിച്ചു. (നടപടി 6: 2-4). വിളിയ്ക്കപ്പെട്ട ദൗത്യം ഊപേക്ഷിച്ച് ഇഷ്ടപ്പെട്ട ദൗത്യം തിരഞ്ഞെടുക്കുന്നവർക്ക്  മുന്നിൽ ശ്ലീഹന്മാർ ഒരു ചോദ്യമായി അവശേഷിയ്ക്കട്ടെ. അജപാലകർ ശരിയായ രീതിയിൽ ആത്മീയശുശ്രൂഷ നിർവ്വഹിയ്ക്കുകയാണെങ്കിൽ അജങ്ങളിൽ വളരെപ്പേർ മറ്റു ശുശ്രൂഷകൾക്കായി മുൻപോട്ടു വരികതന്നെ ചെയ്യും.

ഈശോയും പാരമ്പര്യങ്ങളും  കപടനാട്യക്കാരും
ഈശോയെ പാരമ്പര്യവിരോധിയായി ചിത്രീകരിയ്ക്കുവാനുള്ള പ്രവണത “നവീകരണവാദി”കൾക്ക് പൊതുവെ ഉള്ളതാണ്. എന്നാൽ വേദപുസ്തകം വായിയ്ക്കുന്ന ഒരാൾക്കും അങ്ങനെയൊരു ധാരണ ഉണ്ടാകുവാൻ സാധ്യതയില്ല. താൻ നിയമത്തെയും പ്രവാചകന്മാരെയും അസാധുവാക്കുവാനല്ല പൂർത്തിയാക്കുവാനാണ് താൻ വന്നിയിരിയ്ക്കുന്നത് എന്ന് ഈശോ തന്നെ പ്രഖ്യാപിയ്ക്കുന്നുണ്ട്. സാബത്തിൽ രോഗശാന്തികൊടുക്കുന്ന ഈശോ സാബത്ത് എന്ന പാരമ്പര്യത്തെ നിരാകരിയ്ക്കുകയല്ല മറിച്ച് സാബത്തിൽ നന്മചെയ്യുന്നത് കല്പനയ്ക്ക് വിരുദ്ധമല്ല എന്നു വ്യക്തമാക്കുകയാണ് ചെയ്യുന്നത്. കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുകയും  സാബത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുകയും ചെയ്ത ശിഷ്യന്മാരെ ന്യായീകരിയ്ക്കുകയും ചെയ്യുന്ന ഈശോ ഒരിയ്ക്കലും കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതായോ സാമ്പത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുന്നതായും നാം കാണുന്നില്ല. ദേവാലയത്തിലും, സിനഗോഗുകളീലും പോകുന്ന, പെസഹാ ആചരിയ്ക്കുകയും കുരിശിൽ ജീവൻ വെടിയുന്നതിനു മുൻപ് സങ്കീർത്തനം ചൊല്ലുകയും ചെയ്യുന്ന ഈശോയെ നാം സുവിശേഷത്തിൽ കാണുന്നു.  ഇനി ശ്ലീഹ്നാരുടെ കാര്യമെടുക്കാം. വിജാതീയർക്ക് പരിശ്ചേദനം എന്ന യഹൂദപാരമ്പര്യം ആവശ്യമില്ല എന്ന നിലപാടെടുത്ത പൗലോസ് ശ്ലീഹാ കെങ്ക്രേയിൽ വച്ച് തലമുണ്ഡനം ചെയ്യുന്ന പാരമ്പര്യം നിർവ്വഹിയ്ക്കുന്നതായി നാം കാണുന്നുണ്ട്. ജറൂസലേമിൽ തിരിച്ചെത്തിയ പൗലോസിനെ ദേവാലയത്തിൽ പോയി പരമ്പരാഗതമായ ആചാരങ്ങൾ നിർവ്വഹിയ്ക്കുവാൻ നിർദ്ദേശിയ്ക്കുന്ന ശ്രേഷ്ഠന്മാരെ നാം കണ്ടുമുട്ടുന്നുണ്ട്. “പാരമ്പര്യവിരുദ്ധൻ” എന്ന പൗലോസിനെപ്പറ്റിയുള്ള പ്രചാരണം ശരിയല്ല എന്നു തെളിയിയ്ക്കുവാനാണ് അവർ അപ്രകാരം നിർദ്ദേശിയ്ക്കുന്നത്.  നടപടിപ്പുസ്തകത്തിൽ 15 ആം അദ്ധ്യയത്തിൽ വിവരിയ്ക്കുന്ന ജറൂസലേം സൂനഹദോസിൽ വച്ച് വിജാതീയർക്ക് പരിശ്ചേദനം ആവശ്യമില്ല എന്ന തീരുമാനം എടുത്തതിനു ശേഷം 16 ആം അധ്യായത്തിൽ തിമോത്തിയോസിന്റെ പരിശ്ചേദനം നിർവ്വഹിയ്ക്കുന്ന പൗലോസിനെ നാം കണ്ടു മുട്ടുന്നുണ്ട്. വേദപുസ്തകത്തിൽ തെളിവുകൾ ഇനിയും ധാരാളമുണ്ട്. ഈശോയും ശ്ലീഹന്മാരും പാരമ്പര്യവിരുദ്ധരായിരുന്നോ എന്ന് നിങ്ങൾ തന്നെ തീരുമാനിയ്ക്കുക. പാരമ്പര്യത്തിനു വേണ്ടിയുള്ള പാരമ്പര്യവും,  മനുഷ്യനെ കഷ്ടപ്പെടുത്തുവാനുള്ള നൂലാമാലകളെയും എതിർക്കുകയും തിരുത്തുകയും ചെയ്യുന്നതിന്റെ പേരിൽ ഈശോയെ പാരമ്പര്യവിരുദ്ധനായി ചിത്രീകരിയ്ക്കുന്നതിനു നീതീകരണമില്ല.  

പ്രാർത്ഥയിലെ വരികളൂം ധൂപക്കുറ്റിയും
സഭയുടെ ലിറ്റർജി സഭയുടെ സമ്പത്താണ്.  ശുശ്രൂഷാ പൗരോഹിത്യമുള്ളവർ അതിന്റെ ശുശ്രൂഷകരാണ്. അതിനപ്പുറത്ത് മനോധർമ്മം പോലെ ചുരുക്കുവാനും  ഇഷ്ടമുള്ളതൊക്കെ അതിൽ ചേർക്കുവാനും ആർക്കും അവകാശമില്ല.  ഓരോ കുർബാന അർപണവും പൂർണ്ണമാവുന്നത് അർപ്പകർ പൂർണ്ണ മനസ്സോടും പൂർണ്ണ ആത്മാവോടും സർവ്വശക്തിയോടും കൂടെ ആരാധനയിൽ പങ്കുചേരുമ്പോഴാണ്. പൂർണ്ണമായി പ്രാർത്ഥനകൾ ചൊല്ലുകയും സഭ നിർദ്ദേശിയ്ക്കുന്ന കർമ്മങ്ങൾ യഥാവിധി അനുഷ്ടിയ്ക്കുകയും ചെയ്യുന്നത് ഈ പൂർണ്ണതയ്ക്കുവേണ്ടിയുള്ള മാനുഷിക പ്രയത്നത്തിന്റെ ഭാഗമാണ്. അതിനെ അപൂർണ്ണതകളെ ദൈവത്തിന്റെ കരുണയ്ക്കുമുൻപിൽ സമർപ്പിയ്ക്കുക എന്നതു മാത്രമേ ചെയ്യുവാനുള്ളൂ. അതേ സമയം ബോധപൂർവ്വം പ്രാർത്ഥനകൾ മുറിച്ചു മാറ്റുകയും, ചൊല്ലാതിരിയ്ക്കുകയും ചെയ്യുന്നത് കുർബാനക്രമം അനുഷ്ടിയ്ക്കുവാൻ “വിളി”ച്ച ദൈവത്തോടും നിങ്ങളെ നിയോഗിച്ച സഭയോടുമുള്ള അനാദരവാണ്. സാബത്തിൽ ആടിനെ കിണറ്റിൽ നിന്നു കയറ്റുന്നതോ തളർവാതരോഗിയെ സന്ദർശിയ്ക്കുന്നതോ അല്ല  അതിനുള്ള പരിഹാരം. അതിനുള്ള പരിഹാരം ഒന്നുമാത്രമേ ഉള്ളൂ; സഭയോടുള്ള അനുസരണ.

നന്നായി സംഗീതം ആസ്വദിയ്ക്കുന്നവർക്ക് സ്വരസ്ഥാനത്തിലെ വ്യതിയാനവും, ശ്രുതിഭംഗവും ഒക്കെ മനസിലാക്കുവാൻ കഴിയും. അത് അവർ “തീവ്രവാദി”കളായതുകൊണ്ടല്ല, സംഗീതം മനോഹരമാവണമെന്നും, അത് പൂർണ്ണതയോടെ അവതരിപ്പിയ്ക്കപ്പെടണമെന്നും ആഗ്രഹിയ്ക്കുന്നതുകൊണ്ടാണ്. അത് സംഗീതത്തോടു സ്നേഹമുള്ളതുകൊണ്ടാണ്. സംഗീതത്തോടു സ്നേഹമില്ലാത്തവർക്ക്, സംഗീതത്തെ അറിയാത്തവർക്ക് അത് മനസിലായി എന്നു വരില്ല. അതുപോലെ തന്നെയാണ് ദൈവാരാധനയിലും. മാതൃസഭയുടെ പ്രാർത്ഥനയുടെ ശൈലിയും, സഭയുടെ പ്രാർത്ഥനകളും പരിചയിച്ചവർക്ക് അതിലെ വ്യതിയാനങ്ങളൂം ഏച്ചുകെട്ടലുകളും ഒക്കെ പെട്ടന്ന അനുഭവപ്പെടും. ബോധപൂർവ്വം വരുത്തുന്ന ഉപേക്ഷകളെ അബോധപൂർവ്വം സംഭവിയ്ക്കുന്ന പിഴവുകളിൽ നിന്നും വേർതിരിച്ചുവാൻ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റോ ലിറ്റർജിയിൽ ബിരുദമോ ഒന്നും ആവശ്യമില്ല; അതു കണ്ടെത്തുകയും തിരുത്തലുകൾ ആഗ്രഹിയ്ക്കുകയും ചെയ്യുന്നവരെ ഐ.എസ് കാരായും തീവ്രവാദികളായും ഫരിസേയരായും മുദ്രകുത്തുന്നതിനു മുൻപ് ഏല്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന വിളിയോടു “നീതി” പുലർത്താനും നിങ്ങളോടുപ്പം കുർബാന അർപ്പിയ്ക്കുവാൻ എത്തുന്ന വിശ്വാസികളുടെ അവകാശമായ പൂർണ്ണമായ ബലിയർപ്പണം എന്ന “നീതി”യെ നിഷേധിയ്ക്കാതിരിയ്ക്കുവാനും അവരോടു “കരുണ”കാണിയ്ക്കുവാനും സഭയോടു “വിശ്വസ്തത” കാണിയ്ക്കുവാനും അപേക്ഷ.