മനോവയുടെ വിചിത്രമായ മറ്റൊരു ആരോപണമാണ് ഒരുവന്റെ
മരണസമയത്ത് ചൊല്ലിക്കൊടുക്കുന്നതെന്ന് മനോവ ആരോപിയ്ക്കുന്ന ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കേണമേ എന്ന പ്രാർത്ഥന സുറീയാനിപാരമ്പര്യമാണെന്നത്!.
മനോവ പറയുന്നത് ഇപ്രകാരമാണ്. “പരിശുദ്ധ
ത്രിത്വത്തെക്കുറിച്ച് പൗരസ്ത്യസഭയില്‍ ഉടലെടുത്തതും കത്തോലിക്കാസഭ തള്ളിക്കളഞ്ഞതുമായ
പാഷാണ്ടതയുടെ ശേഷിപ്പാണ് 'ഈശോ മറിയം യൗസേപ്പേ' എന്ന പ്രാര്‍ത്ഥന! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf”.
യൗസേപ്പു പിതാവിനെ അനുസ്മരിയ്ക്കുന്ന ഏതെങ്കിലും പ്രാർത്ഥനയോ തിരുന്നാളുകളോ
പൗരസ്ത്യ സുറിയാനീ സഭയുടെ പാരമ്പര്യത്തിലുണ്ടോ എന്ന് മനോവ പരിശോധിക്കട്ടെ. ബൈബിളിൽ
നീതിമാനായ യൗസേപ്പിനേക്കുറീച്ച് അധികമൊന്നും കാണാനാവില്ല. യൗസേപ്പു പിതാവിന്റെ മരണത്തിരുന്നാളും
മറ്റും പാശ്ചാത്യസഭയിൽ നിന്നു കടംകൊണ്ടതും സുറിയാനീ പാരമ്പര്യത്തീൽ ഇല്ലാത്തതുമാണ്.
ഈശോ മിശിഹായുടെ പരസ്യജീവിതത്തിനു സാക്ഷികളാകാത്തവരെയോ
സാക്ഷ്യം നൽകാത്തവരേയോ പ്രാർത്ഥനകളിൽ അനുസ്മരിച്ചു കണ്ടിട്ടുമില്ല. അതുകൊണ്ടു തന്നെ
യൗസേപ്പു പിതാവിനെ സുറീയാനീ പ്രാർത്ഥനകളിൽ കണ്ടുമുട്ടുവാൻ സാധിയ്ക്കില്ല. മേൽ പറഞ്ഞ
കാരണത്താൽ തന്നെ ഈശോ മറീയം യൗസേപ്പേ എന്നത് സുറീയാനിക്കാരുടെ പ്രാർത്ഥനയല്ല. പാശ്ചാത്യസഭയുടെ
ലിറ്റർജിയിൽ പോലും ഔസേപ്പു പിതാവ് പരാമർശിക്കപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യമാണ്.
ഔസേപ്പു പിതാവിനേപ്പറ്റിയുള്ള മൗനം കത്തോലിയ്ക്കാ സഭയുടെ ഒരു പൊതുസ്വഭാവമായിരുന്നു.
അപ്പോൾ പിന്നെ ഈ പ്രാർത്ഥന എവിടെനിന്നു വന്നു എന്ന ചോദ്യം വരാം.
ഇത് പാശ്ചാത്യ മിഷനറിമാർ ഇവിടെ ഇറക്കുമതി ചെയ്തതാണ്. ഒട്ടനവധി പ്രാർത്ഥനകൾ ലത്തീനിൽ
നീന്ന് സുറീയാനിയിലേയ്ക്കും പിന്നീട് മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തി. ലത്തീൽ
ശൈലിയിൽ മലയാളത്തിലും സുറിയാനിയിലും പുതിയ പ്രാർത്ഥനകൾ രൂപപ്പെടുത്തി. പക്ഷേ അതൊന്നും പൗരസ്ത്യസഭയുടെ പാരമ്പര്യമായി തെറ്റിദ്ധരിച്ചുകൂടാ.
പൗരസ്ത്യ സഭയുടെ ആദ്ധ്യാത്മികത എന്താണെന്നോ അവരുടെ പ്രാർത്ഥനയുടെ ശൈലി എന്താണെന്നോ
മനസിലാക്കിയിരുന്നെങ്കിൽ മനോവ ഇത്തരം ആരോപണങ്ങൾ ഉന്നയിയ്ക്കുകയില്ലായിരുന്നു.
പൗരസ്ത്യ സുറിയാനീസഭാപാരമ്പര്യത്തിലെ പ്രാർത്ഥനകൾ ഉടവിടങ്ങളോട്
നീതിപുലർത്തിക്കൊണ്ട് ദനഹാസർവ്വീസ്
പ്രസിദ്ധീകരിച്ചിട്ടൂണ്ട്. പൗരസ്ത്യ സുറിയാനീ ആദ്ധ്യാത്മികതയെ പരിചയപ്പെടുവാൻ ഇത്തരം
പുസ്തങ്ങളുടെ ഉപയോഗത്തിലൂടെ സാധിയ്ക്കും.
മറ്റൊരു ആരോപണം വൃദ്ധനായി യൗസേപ്പിനെ പൗരസ്ത്യ സഭ ചിത്രീകരിച്ചു
എന്നതാണ്. ഇവിടെ പൗരസ്ത്യ സഭ എന്നതുകൊണ്ട് ഗ്രീക്ക് സഭയാണെങ്കിൽ മനോവയുടെ വാദത്തിൽ
കഴമ്പുണ്ടാകാം. ഇവിടെ മനസിലാക്കേണ്ട വസ്തുത ഒരു തരത്തിലുമുള്ള ചിത്രീകരണങ്ങൾ സുറിയാനീ
സഭയുടെ പാരമ്പര്യത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്. മാർ തോമാ നസ്രാണികളുടെ കാര്യത്തിലാണെങ്കിൽ ഇത് വളരെ
സ്പഷ്ടവുമാണ്. പ്രതിമകളോ ചിത്രങ്ങളോ പള്ളിയിൽ പ്രതിഷ്ടിയ്ക്കുന്ന പതിവ് വൈദേശികമാണ്.
രണ്ട് പൗരസ്ത്യ സഭയായ ഗ്രീക്ക് സഭ ഐക്കണുകൾ ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്ന രിതിയുണ്ട്.
ഐക്കണുകൾ ഫോട്ടോകളല്ല. ഒരാൾ കാഴ്ചയിൽ എങ്ങനെയിരുന്നു എന്നു ചിത്രീകരിയ്ക്കുകയല്ല ഐക്കണുകളുടെ
ഉദ്ദ്യേശം. അതുകൊണ്ടൂ തന്നെ വൃദ്ധനായ യൗസേപ്പിന്റെ ചിത്രങ്ങളോ ഐക്കണുകളോ പൗരസ്ത്യസഭയിൽ
പ്രചരിച്ചിരുന്നെങ്കിൽ തന്നെ അത് യൗസേപ്പ് വൃദ്ധനായിരുന്നു എന്നു ചിത്രീകരിയ്ക്കാനാവണമെന്നുമില്ല.