ഹീബ്രുവും അറമായയും
ഒരേ അക്ഷരമാലയുള്ള ഭാഷകളാണ്. ഈശോ മിശിഹായുടെ കാലത്തിനും നൂറ്റാണ്ടുകൾ ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കു
മുൻപേ തന്നെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രുവിന്റെ കാലം അവസാനിയ്ക്കുകയും തത്സ്ഥാനത്ത്
അറമായ വരികയും ചെയ്തു. പഴയ നിയമത്തിന്റെ തന്നെ ചില ഭാഗങ്ങൾ അറമായയിൽ എഴുതപ്പെട്ടിട്ടുണ്ട്
എന്നതു തന്നെ ഇതിനു തെളിവാണ്. ഹീബ്രു ഒരു ആരാധനാഭാഷയായി മാത്രം നിലനിൽക്കുകയും ചെയ്തു.
അതേ സമയം സിനഗോഗുകളിൽ ഹീബ്രുവിലെഴുതിയത് ഹീബ്രുവിൽ
വായിച്ച് അറമായയിൽ വിശദീകരിയ്ക്കുകയോ ഹീബ്രുവിലെഴുതിയത് അറമായയിൽ വായിച്ച് വിശദീകരിയ്ക്കുകയോ
വായനയ്ക്ക് അറമായയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ തോറ ഉപയോഗിയ്ക്കുകയോ ചെയ്തിരിയ്ക്കാനും
സാധ്യതയുണ്ട്. അതായത് ആരാധനയോടു ചേർന്നു പോലും അറമായ സ്വാധീനം ചെലുത്തി എന്ന വാദത്തിന്
സാധുതയുണ്ട് അതേ സമയം ഈശോ മിശിഹാ സംസാരഭാഷ
അറമായ ആയിരുന്നു എന്നത് അവിതർക്കമാണ്.
ഈ പോസ്റ്റിന്റെ ഉദ്ദ്യേശം
ഈശോ എന്ന നാമത്തെക്കുറീച്ച് പറയുവാനാണ്.
ഈശോ മിശിഹായും ശ്ലീഹന്മാരും
ആദിമ സഭയും അറമായ സംസാരഭാഷയാക്കിയവരായിരുന്നു. പൗലോസ് ശ്ലീഹാ മാനസാന്തരപ്പെടുത്തിയ
വിജാതീയർ ഒഴികെയുള്ള ആദിമ സഭാസമൂഹങ്ങളെല്ലാം അറമായ സംസാരിയ്ക്കുന്ന യഹൂദക്രൈസ്തവരായിരുന്നു. അവരുടെ പിൻഗാമികളാണ് പൗരസ്ത്യസുറിയാനീ സഭകൾ. കത്തോലിയ്ക്കാ
കൂട്ടായ്മയിലുള്ള കൽദായസഭയും ഇന്ത്യയിലെ മാർ തോമാ നസ്രാണികളുടെ സഭയും കത്തോലിയ്ക്ക
സഭാകൂട്ടായ്മയിൽ പെടാത്ത അസീറിയൻ സഭയും. കാലാന്തരത്തിൽ മുസ്ലീം കടന്നുകയറ്റത്തിൽ ന്യൂനപക്ഷമാക്കപ്പെട്ട
ഏഷ്യയിലെ സുറിയാനി സഭകൾ. മറ്റു സഭകളെല്ലാം ഗ്രീക്ക് സഭകളോ ലത്തീൻ സഭയോ ആവട്ടെ അവർ യഹൂദപശ്ചാത്തലത്തിലുള്ളവയല്ല.
ഈശോ എന്ന നാമം പൈതൃകമായി
കൈമാറിവന്നതാകയാൽ അത് ഈശോമിശിഹായെ വിളിച്ചിരുന്ന പേര് എന്ന നിലയിൽ പരിഗണിയ്ക്കപ്പെടേണ്ടതാണ്.
ഈശോ മിശിഹായുടെ കാലത്ത്
ഹീബ്രുവിനോ അറമായയ്ക്കോ സ്വരചിഹ്നങ്ങൾ ഉണ്ടായിരുന്നില്ല. ഹീബ്രുവിലും അറമായയിലും ഈശോമിശിഹായുടെ
പേർ എഴുതുന്നത് യോഥ് (Y), ഷീൻ(SH), വാവ്(W), ഐൻ (AH) എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചാണ്.
ഹീബ്രുവിൽ ഇത് യശ്വ്അ (യശുവ, യേശുവ) എന്നാണ് ഉശ്ചരിയ്ക്കുന്നത് എന്നൊരുവാദമുണ്ട്.
ഹീബ്രുവിനുതന്നെ മറ്റുഭാഷകൾക്കെന്നതുപോലെ കാലദേശങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഉച്ചാരണങ്ങളുണ്ട്. മാത്രവുമല്ല യശ്വ്അ എന്ന ഉശ്ചാരണം ഹീബ്രു അക്ഷരങ്ങൾ
പെറുക്കി വായിയ്ക്കുന്നതാണ്. അതേ സമയം ഈശോ
എന്ന നാമം ഇതേ വ്യജ്ഞനാക്ഷരങ്ങളോടൊപ്പം സ്വരവും
ചേർത്തുവായിയ്ക്കുന്നതാണ്. അല്ലാതെ ചില സ്ഥാപിതതാത്പര്യക്കാർ വാദിയ്ക്കുന്നതുപോലെ വിജാതീയവത്കരണത്തിന്റെ
ഭാഗമല്ല.
ഗ്രീക്കിലാകട്ടെ പേരിന്റെ
അവസാനം “സ്” ചേർക്കപ്പെടുന്നതായി കാണുന്നുണ്ട്. മൂശ = മോസസ്, തോമ = തോമസ്, ബറാബാ =
ബറാബാസ്, കയ്യാപ്പാ = കയ്യാപ്പാസ്. അങ്ങിനെയാണ് ഈശോ എന്ന നാമം ഗ്രീക്കിൽ ഈശോസ്, യീശോസ്,
യീശസ് എന്നു മാറുന്നത്. ഗ്രീക്കിലെ “Y” സ്വരം ലത്തീനിലെ “I” യ്ക്ക് വഴിമാറുകയും ലത്തീനിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് എത്തുമ്പോൾ “I”,
“J” യ്ക്ക് വഴിമാറുകയും ചെയ്യുന്നതിലൂടെയാണ് ജീസസ് എന്ന പേര് ഉണ്ടാവുന്നത്. ഇത് ഒരു
വിജാതീകവത്കരണ അജണ്ടയുടെ ഭാഗമാണെന്നു വാദിയ്ക്കുന്നത് ചരിത്രത്തിനോ സാമാന്യയുക്തിയ്ക്കോ
നിരക്കുന്നതല്ല.
പിശിത്താ ബൈബിൾ, സുറീയാനിയിൽ
അഥവാ അറമായയിലുള്ള ബൈബിൾ ഈശോ എന്ന നാമമാണ് ഈശോ മിശിഹായ്ക്കും ഈശോ ബർ നോൻ(ജോഷ്വ) യ്ക്കും
നൽകുന്നത്.
അറമായസംസാരിയ്ക്കുന്ന
യഹൂക്രിസ്ത്യാനികൾ കൈമാറി വന്ന ഈശോ എന്ന പേര് മാലാഖാ മറിയത്തെ അറിയീച്ച പേരും, മറിയം
ഈശോയെ വിളിച്ച പേരുമാവാതിരിയ്ക്കുവാൻ ഒരു സാധ്യതയും കാണുന്നില്ല. യേശു, യേസൂസ്, ജീസസ്
തുടങ്ങിയ നാമങ്ങളെല്ലാം ഗ്രീക്ക് വഴി ലത്തീനിലൂടെ
മറ്റു ഭാഷകളിലേയ്ക്ക് വ്യാപിച്ചതാണ്.