Tuesday, October 21, 2014

മാർ തോമാ നസ്രാണികളുടെ പള്ളിയോഗം



     ഇന്നു പാശ്ചാത്യവും പൗരസ്ത്യവുമായ സഭകളെല്ലാം സ്വീകരിച്ചിരിയ്ക്കുന്ന റോമാ സാമ്രാജ്യത്തിന്റെ ഭരണശൈലിയിൽ നിന്നു വ്യത്യസ്ഥമായി മാർ തോമാ നസ്രാണികളുടെ ഇടയിലുണ്ടായിരുന്ന ഭരണവ്യവസ്ഥായായിരുന്നു പള്ളിയോഗങ്ങൾ. അതുകൊണ്ടു തന്നെ  മാർ തോമാ നസ്രാണികളുടെ സഭ മെത്രാനെയും വൈദീകരെയും കേന്ദ്രീകരിച്ചായിരുന്നില്ല, പള്ളിയോഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. 

    കുടുംബനാഥനാരും ദേശത്തുപട്ടക്കാരും  ഉൾപ്പെടുന്ന യോഗമാണ് പള്ളിഭരണം നടത്തിയിരുന്നത്. യോഗത്തിലെ മുതിർന്ന വൈദീകനാണ് യോഗാധ്യക്ഷൻ. ദൈവാലയ തിരുക്കർമ്മങ്ങളുടെ ക്രമീകരണം, ഇടവകയുടെ ആദ്ധ്യാത്മീക നവീകരണം, സാമ്പത്തികഭരണക്രമങ്ങൾ, സാധുജന സംരക്ഷണം, അഭിപ്രായ ഭിന്നതകളിൽ മദ്ധ്യസ്ഥ്യം  തുടങ്ങിയ വിഷയങ്ങളെല്ലാം പള്ളിയോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പള്ളിയോഗമാണ് പരസ്യപാപികൾക്കുള്ള ശിക്ഷണനടപടിൾ സ്വീകരിച്ചിരുന്നത്. പള്ളിയോഗമാണ് പള്ളിയിലെ ശുശ്രൂഷയ്ക്കവശ്യമായ വൈദീക വിദ്യാർത്ഥികളെ തിരഞ്ഞെടൂത്ത്, മല്പാന്റെയടുത്തയച്ച് പരിശീലിപ്പിച്ച് വൈദീക വൃത്തിയ്ക്കായി നിയോഗിച്ചിരുന്നത്. വർത്തമാനപ്പുസ്തകം നൽകുന്ന സൂചനകളനുസരിച്ച് മെത്രാനുപോലും യോഗത്തിന്റെ അനുവാദമില്ലാതെ വൈദീകവിദ്യാർത്ഥികളെ റോമിനയയ്ക്കാൻ സാധിയ്ക്കുമായിരുന്നില്ലെന്നും മറിച്ചായാൽ അവർ തിരിച്ചുവരുമ്പോൾ അവരെ യോഗം സ്വീകരിക്കണമെന്നില്ലെന്നും മനസിലാക്കാം. വിധത്തിൽ ഇന്നു ഇടവക വികാരിയ്ക്കോ മെത്രാനോ ഉള്ളതോ അതിൽ കൂടുതലോ അധികാരം പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നു

       പള്ളിയോഗത്തിൽ വൈദീകർക്കും അൽമായർക്കും തുല്യഅവകാശമാണ് ഉണ്ടായിരുന്നത്. ഒന്നിലധികം പള്ളികൾ ചേർന്ന് പ്രാദേശിക പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി പ്രാദേശിക പള്ളിയോഗങ്ങളും മലങ്കരയെ മൊത്തമായി ബാധിയ്ക്കുന്ന കാര്യങ്ങളിൽ തീർപ്പുകല്പിയ്ക്കുവാൻ മലങ്കര മഹായോഗങ്ങളും നടത്തപ്പെട്ടിരുന്നു. ആർക്കദിയാക്കോൻ ആയിരുന്നു മഹായോഗത്തിന്റെ അദ്ധ്യക്ഷൻ. 


      പള്ളിയോഗ കേന്ദ്രീകൃത ഭരണശൈലി ആദിമസഭയുടെ ശൈലി തന്നെയായിരുന്നു. നാലാം നൂറ്റാണ്ടുവരെയെങ്കിലും കൃത്യമായി പറഞ്ഞാൽ റോമാ സാമ്രാജ്യം സഭയിൽ അധിപത്യം പുലർത്തിത്തുടങ്ങുന്നതിനു മുൻപു വരെ സാർവത്രിക സഭയിലാകമാനം  ശൈലിയാണ് നിലനിന്നിരുന്നത്. ഇതിന്റെ അർത്ഥം മെത്രാന്മാരെയും മല്പാന്മാരെയും വൈദീകരെയും ബഹുമാനിച്ചിരുന്നില്ലെന്നല്ല, അത്മായർക്ക് ഭരണത്തിൽ പങ്കുണ്ടായിരുന്നെന്നും, ഇന്നു കാണുന്ന വൈദീക ആധിപത്യം സഭയിൽ ഉണ്ടായിരുന്നെല്ലെന്നുമാണ്.


    ക്രിസ്തുമതം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതോടുകൂടി അവിടെയുണ്ടായിരുന്ന തരം തിരിവുകൾ സഭയിലുമുണ്ടായി. റോമാ സാമ്രാജ്യത്തിലെ പദവികളും സ്ഥാനങ്ങളും മെത്രാന്മാർക്കു ലഭിച്ചു. വസ്തുവകകളുടെ സംരക്ഷണാർത്ഥം വൈദീകർക്ക് ബ്രഹ്മചര്യം നിർബന്ധമാക്കപ്പെട്ടു. അൽമായർ കീഴേത്തട്ടിലാവുകയും ഭരണത്തിലും, തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അവർക്കുണ്ടായിരുന്ന പങ്കാളിത്തം നഷ്ടമാവുകയും ചെയ്തു. വൈദീകരും മെത്രാന്മാരും ഏകപക്ഷീയമായും തന്നിഷ്ടപ്രകാരവും എടുക്കുന്ന തീരുമാനങ്ങൾ മറുവാക്കുകൂടാതെ സ്വീകരിയ്ക്കപെടണമെന്നുള്ള തെറ്റായ കീഴ്വഴക്കവും അടിമത്തത്തിനടുത്ത വിധേയത്വവും അനുസരണവും ക്രിസ്തീയപുണ്യമായി ചിത്രീകരിയ്ക്കപ്പെടുന്ന അവസ്ഥയും സംജാതമായി.

       രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ ചിത്രീകരിയ്ക്കുന്ന ദൈവജനമെന്ന സങ്കല്പംഒരേ തലത്തിലുള്ള വിവിധ ശുശ്രൂഷകൾ -മാർ തോമാ നസ്രാണികളുടെ പള്ളിയോഗ സങ്കല്പവുമായി ചേർന്നു പോവുന്നതാണ്. സ്വന്തം വ്യക്തിത്വത്തിനായി അനുദിനം പ്രയത്നിയ്ക്കുന്ന സഭ പള്ളിയോഗത്തിന്റെ ശൈലിയിലേയ്ക്ക് മടങ്ങാൻ അമാന്തിച്ചുകൂടാ. അതേസമയം പള്ളിയോഗത്തിന്റെ അധികാരത്തെ മെശയാനിക അരൂപിയിൽ ഉപയോഗിയ്ക്കാനുള്ള പക്വത ദൈവജനത്തിന് ആയിട്ടൂണ്ടോ എന്ന സന്ദേഹവുമുണ്ട്. എങ്കിലും ആ ആദിമ സഭാ ശൈലിയിലേയ്ക്കുള്ള തിരിച്ചു നടത്തം തുടങ്ങേണ്ടത് ആവശ്യമാണ്.

Thursday, October 2, 2014

ലത്തീനീകരണ നാളുകളിലെ വർത്തമാനപ്പുസ്തകം

വർത്തമാനപ്പുസ്തകത്തിൽ പാറേമാക്കലച്ചനും കരിയാറ്റിയും ലത്തീൽ ഭക്താഭ്യാസങ്ങളും സെബസ്ത്യാനോസ് പുണ്യവാളനോടുള്ള മധ്യസ്ഥപ്രാർത്ഥനയും നടത്തുന്നതായി വായിക്കുന്നുണ്ട്. അതുകൊണ്ട് സ്വകാര്യമായി ലത്തീൻ ഭക്താഭ്യാസങ്ങൾ നടത്തുന്നതിൽ തെറ്റില്ലെന്നും നടത്തേണ്ടാതാണെന്നും ഒക്കെയുള്ള അഭിപ്രായങ്ങൾ ചിലർ പ്രകടിപ്പിച്ചു കഴിഞ്ഞു. അത്തരക്കാർ തമസ്കരിയ്ക്കുന്ന ചരിത്രമുണ്ട്. മാർ തോമാ നസ്രാണികളെ ലത്തീൻ വത്കരിയ്ക്കുന്നതിനുള്ള ഏറ്റവും ശക്തമായ നടപടിയായിരുന്ന ഉദയംപേരൂർ സൂനഹദോസിന് 136 വർഷങ്ങൾക്ക് ശേഷമാണ് പാറേമാക്കലച്ചന്റെ ജനനം. വിദേശാധിപത്യത്തിനെതിരെയുള്ള കൂനൻ കുരിശു സത്യത്തിന് 80 ൽ പരം വർഷങ്ങൾക്ക് ശേഷം. ലത്തീൻ വത്കരണത്തിന് വിധേയരാകാൻ സ്വയം ഏല്പിച്ചുകൊടുക്കപ്പെടേണ്ടി വന്ന പഴയകൂർ വിഭാഗം മാനസികമായി ലത്തീനീകരിയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു. (അൻപതിൽ താഴെ വർഷങ്ങൾകൊണ്ട് മലങ്കര സഭയെ ആവും വിധം ലത്തീനീകരിയ്ക്കാൻ ശ്രമിച്ചവരാണ് സീറോ മലബാറുകാർ). പട്ടക്കാരുടെ പരിശീലനം പാശ്ചാത്യ രീതിയിലായി. അവർക്ക് മാതൃ സഭയോടുള്ള ബന്ധം എന്നത് ലത്തീൻ വത്കരണ ശ്രമങ്ങളെ അതിജീവിച്ച കുർബാനക്രമവും സുറീയാനി ഭാഷയും മറ്റ് ഔദ്യോഗിക ശുശ്രൂഷകളും മാത്രമായിരുന്നു. മറ്റെല്ലാം - ലത്തീൻ ഭക്താഭ്യാസങ്ങളും, ലത്തീൻ ഭരണക്രമവും, ലത്തീൻ ദൈവശാസ്ത്രവും , ലത്തീൻ പരിശീലനവും - ലത്തീൻ തന്നെയായിരുന്നു. അതായത് ബോധപൂർവ്വം ലത്തീൻ ഭാക്താഭ്യാസങ്ങളെ സ്വീകരിയ്ക്കുകയായിരുന്നില്ല അവർ ചെയ്തത്, പിന്നെയോ രണ്ടു നൂറ്റാണ്ടുകളോളം ഒഴിഞ്ഞു തെളിച്ചും നടപ്പിലായതും പരിശീലിപ്പിയ്ക്കപ്പെട്ടതും അടിച്ചേല്പിയ്ക്കപ്പെട്ട ലത്തീൻ രീതികളെ അബോധപൂർവ്വം പിന്തുടരുകമാത്രമായിരുന്നു. അതിന്റെ അർത്ഥം അവയൊക്കെ ഇന്നും നമ്മൾ തുടരണമെന്നല്ല. അങ്ങനെ വാദിയ്ക്കുന്നവർ ഇന്നും സുറിയായീ പ്രാർത്ഥനകളുടെ ശൈലിയിലേയ്ക്ക് വരാനൊരു ചുവടുവയ്ക്കുവാൻ പോലും ശ്രമിച്ചിട്ടില്ല എന്നാണ് അർത്ഥം