Thursday, June 23, 2016

മാർ അദ്ദായിയും മാർ യൂദാ തദേവൂസും

കിഴക്കിന്റെ ശ്ലീഹായായ മാർ  അദ്ദായി തന്നെയാണ് ഈശോമിശിഹായുടെ ശിഷ്യനായ മാർ യൂദാ തദേവൂസ് എന്നുള്ള ചിന്ത മനസിൽ കയറിപ്പറ്റിയിട്ട് കാലം കുറേയായി. അതിനുള്ള കാരണങ്ങൾ പങ്കുവയ്ക്കുകയാണ് ഈ പോസ്റ്റിൽ.

അദ്ദായി = തദേവൂസ്
അദ്ദായി എന്ന പൗരസ്ത്യ സുറിയാനി നാമത്തിന് ഗ്രീക്കിൽ തദ്ദേവൂസ് എന്നാണ് പറയുന്നത്.തദേവൂസ് എന്ന ഗ്രീക്ക്  നാമത്തിന്റെ സുറിയാനി രൂപമാണ്തദ്ദൈ/ തദ്ദായ്. അദ്ദൈ/അദ്ദായി എന്ന പേര് ഇതിന്റെ മറ്റൊരു രൂപമാകുവാനുള്ള സാധ്യതയുണ്ട്. വിക്കിപ്പീഡിയ ഇപ്രകാരം പറയുന്നു: Thaddeus (Greek Θαδδαῖος, Thaddaios, from Aramaic תדי, Taddai / Aday) is a male given name. It means a heart, or courageous heart.

പാരമ്പര്യം - അബ്ഗാർ രാജാവിന്റെ കഥ
പൗരസ്ത്യ പാരമ്പര്യങ്ങൾ പ്രകാരം എദ്ദേസ്സയിലെ അബ്‌ഗാർ രാജാവിനെ സുഖപ്പെടുത്തുവാനായി അയയ്ക്കപ്പെട്ടത്  മാർ  അദ്ദായി ആയിരുന്നു.  മറ്റു ചില പാരമ്പര്യങ്ങളിൽ അബ്ഗാർ രാജാവിന്റെ അടുത്തേയ്ക്ക് അയയ്ക്കപ്പെടുന്നത് മാർ യൂദാ തദേവൂസാണ്. ഇരുവരുടേയും ജീവിതകാലം  ഏതാണ്ട് ഒരു പോലെയാണ്.


ഐക്കണുകൾ
മാർ യൂദാ തദേവൂസിന്റെ മിക്ക ഐക്കണുകളിലും യൂദാ തദേവൂസ് ഈശോയുടെ ചിത്രം പിടിച്ചിരിയ്ക്കുന്നതായോ കഴുത്തിൽ അണിഞ്ഞിരിയ്ക്കുന്നതായോ ചിത്രീകരിച്ചു കാണുന്നുണ്ട്.
                                                                 
ഇതും അബ്ഗാർ രാജാവുമായി ബന്ധപ്പെട്ട ഒന്നാണ്.  ഈശോയെ കണ്ടതിനു ശേഷം അബ്ഗാർ രാജാവിന്റെ അടുത്ത് രാജാവിന്റെ ദൂതൻ എത്തുന്നത് ഈശോയൂടെ ഒരു ചിത്രവുമായാണ്.  ഈ ചിത്രവുമായി യൂദാ തദേവൂസിനെ ബന്ധിപ്പിയ്ക്കണമെങ്കിൽ രാജാവിന്റെ അടുക്കലേയ്ക്ക് അയയ്ക്കപ്പെട്ടത് യൂദാ തദേവൂസ് തന്നെ ആയിരിയ്ക്കണം. അതേ സമയം പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിൽ ഐക്കണുകൾക്ക് പ്രാധാന്യം കുറവായതിനാൽ മാർ അദ്ദായിയുടേതായി ഇത്തരം ഐക്കണുകൾ ഉള്ളതായി അറിവില്ല. എന്നാൽ മേൽ പറഞ്ഞതുപോലെ  അബ്ഗാർ രാജാവിന്റെ അടുക്കലേയ്ക്ക് അയയ്ക്കപ്പെട്ടത് മാർ അദ്ദായി ആണെന്ന് ശക്തമായ പാരമ്പര്യമുണ്ട്.


സുവിശേഷ പ്രഘോഷണം
പാരമ്പര്യങ്ങൾ സാക്ഷിയ്ക്കുന്നതു പ്രകാരം മാർ അദ്ദായി  മെസപ്പോട്ടാമിയ, സിറിയ പേർഷ്യ എന്നിവിടങ്ങളിൽ സുവിശേഷ പ്രഘോഷണം നടത്തി.  എദ്ദേസയും ബെയ്റൂട്ടും സന്ദർശിയ്ക്കുകയും സഭ സ്ഥാപിയ്ക്കുകയും ചെയ്തു.  ഈ പ്രദേശങ്ങളെല്ലാം മാർ യൂദാ തദേവൂസിന്റെ സുവിശേഷ പ്രഘോഷണ പ്രദേശങ്ങളായി അറിയപ്പെടുന്നവയുമാണ്.

മരണം
യൂദാ തദേവൂസ് AD 65 ഇൽ മരിച്ചു എന്നാണ് വിശ്വസിയ്ക്കപ്പെടുന്നു. മാർ അദ്ദായിയുടെ പിൻഗാമിയായി മാർ അഗ്ഗായി  എദ്ദേസായിൽ അവരോധിയ്ക്കപ്പെടുന്നത് അദ്ദായിയുടെ മരണത്തിനു ശേഷം AD 66 ൽ ആണ്. അതായത് മാർ അദ്ദായിയും മാർ യൂദാ തദേവൂസും AD 65-66 കാലഘട്ടത്തിൽ മരിച്ചു.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് മാർ അദ്ദായി എന്ന കിഴക്കിന്റെ ശ്ലീഹാ മാർ യൂദാ തദ്ദേവൂസ് എന്ന ഈർശോമിശിഹായുടെ ശിഷ്യൻ ആകുവാനുള്ള സാധ്യതയിലേയ്ക്കാണ്.