മാർ തോമാ നസ്രാണികൾ സ്ലീവായുടെ അടയാളം വരച്ച് സ്വയം വിശുദ്ധീകരിയ്ക്കുകയും പിതാവിനെ മധ്യത്തിലും പുത്രനെ വലത്തും റൂഹാദ്ക്കുദിശായെ ഇടതുമായി അനുസ്മരിയ്ക്കുന്നു. എപ്രകാരമാണ് സ്ലീവായുടെ അടയാളം വരയ്ക്കേണ്ടത് എന്നതു സംബന്ധിച്ച നിർദ്ദേശം ഇവിടെ വായിയ്ക്കാം
തള്ളവിരലും, ചൂണ്ടു വിരലും, നടുവിരലും ചേർത്ത് വച്ച് സ്ലീവായുടെ അടയാളം വരയ്ക്കുക വഴി അവിടെയും ത്രിത്വത്തെ ധ്യാനിക്കുന്നു.
തൊണ്ണൂറുകളിൽ മാർ തോമാ സ്ലീവയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായപ്പോൾ പരിഹാസങ്ങളും സജീവമായല്ലോ. ടോംസിന്റെ കാർട്ടൂൺ ഓർമ്മവരുന്നു. പതിവിനു വിപരീതമായ രീതിയിൽ കുരിശു വരയ്ക്കുന്ന ബോബനോടും മോളിയോടും അമ്മ കാരണം അന്വേഷിയ്ക്കുമ്പോൾ ഞങ്ങൾ മാർ തോമാ കുരിശാണ് വരയ്ക്കുന്നത് എന്നായിരുന്നു മറുപടി. എങ്കിലും ഇതിനു മുൻപ് ക്രൂശിതരൂപമായിരുന്നോ നെറ്റിയിൽ വരച്ചിരുന്നത് എന്ന് ടോംസിനോട് ആരും ചോദിച്ചതായി കേട്ടില്ല.
പിറവിത്തിരുന്നാളിന് തീയുഴിച്ചിൽ എന്നൊരു കർമ്മമുണ്ട്. ത്രികോണാണ ആകൃതിയിലോ സ്ലീവായുടെ ആകൃതിയിലോ ആഴി കൂട്ടുകയും ആഴിയുടെ പടിഞ്ഞാറു, കിഴക്കിന് അഭിമുഖമായി നിന്ന് "അത്യുന്നതങ്ങളിൽ.." പാടുന്നതാണ് ഈ കർമ്മം. സ്ലീവായുടെ ആകൃതിയിൽ ആഴികൂട്ടുമ്പോൾ ലത്തീൻ സ്ലീവായല്ല നമ്മുടെ രീതിയിൽ പുഷ്പിതസ്ലീവായാണ് ഉപയോഗിക്കേണ്ടത് എന്നൊരു അഭിപ്രായം കേട്ടു. കേട്ടപ്പോൾ വിയോജിപ്പാണ് തോന്നിയത്. കാരണം ദനഹായ്ക്ക് റഷ്യൻ ഓർത്തോഡോക്സുകാര് രാക്കുളിയ്ക്കായി തണുത്തുറഞ്ഞ മഞ്ഞു പാളികൾ മുറിച്ചു മാറ്റുന്നത് ലത്തീൻ സ്ലീവായുടെ ആകൃതിയിലാണ്. അത് റഷ്യൻ ഓർത്തൊഡോക്സുകാർക്ക് പുഷ്പിതസ്ലീവാ ഇല്ലാത്തതുകൊണ്ടല്ലോ എന്നായിരുന്നു ചിന്ത.
ദനഹായ്ക്ക് റഷ്യൻ ഓർത്തോഡോക്സ്കാർ മഞ്ഞു പാളി മുറീയ്ക്കുന്ന വീഡിയോ ഇവിടെ കാണാം
പുഷ്പിത സ്ലീവാ ആഴമേറിയ ദൈവശാസ്ത്രം ഉൾക്കോള്ളുന്നതാണ്. ഈശോ മിശിഹായുടെ പുനരുദ്ധാനത്തോടെ മനുഷ്യകുലത്തിനു കൈവന്ന പുതുജീവനെ മുകുളങ്ങൾ പ്രകടിപ്പിയ്ക്കുന്നുണ്ട്. പരമ്പരാഗതമായി സ്ലീവായുടെ നാല് അഗ്രങ്ങളിലും മൂന്ന് മുകുളങ്ങൾ അഥവാ നാമ്പുകളാണ് കാണപ്പെടുന്നത്. അത് ത്രിത്വത്തെയും സൂചിപ്പിയ്ക്കുന്നുണ്ട്.
പക്ഷേ മാർ തോമാ നസ്രാണികളും ബൈസന്റൈൻ സഭാംഗങ്ങളുമെല്ലാം പുഷ്പിത സ്ലീവായാണ് വരച്ചാണ് സ്വയം വിശുദ്ധീകരിയ്ക്കുന്നത് എന്നാണു കൗതുക കരമായ യാഥാർത്ഥ്യം. മൂന്നു വിരലുകൾ കൊണ്ട് സ്ലീവായുടെ അടയാളം വരയ്ക്കുമ്പോൾ സ്ലീവായെ പുഷ്പിതമാക്കുകയാണ് ചെയ്യുന്നത്.
സ്ലീവായുടെ അടയാളം വരയ്ക്കുമ്പോൾ മാർ തോമാ നസ്രാണികൾ ലത്തീൻ കുരിശല്ല, പുഷ്പിത സ്ലീവാ തന്നെയാണ് വരയ്ക്കുന്നത്.