റിസപ്ഷനിൽ വെറുതെ നിന്നപ്പോൾ മൂളിയതാണ്, സുറിയാനീ ഈണത്തിൽ. "സൃഷ്ടിയ്ക്കവനാണാദ്യ ഫലം സൃഷ്ടാവിൻ പ്രതിരൂപമവൻ". നമ്മുടെ യാമപ്രാർത്ഥനയിലെ ഒരു ഗീതം. ഒന്നായ് ഉച്ചസ്വരത്തിലവർ എന്നതിന്റെ ഈണത്തിലുള്ള ഒരു ഗീതം. അടുത്തുനിന്ന രാജസ്ഥാനീ സഹപ്രവർത്തകൻ ചോദിച്ചു "Is it a prayer". ഞാൻ പറഞ്ഞു. "yes...kind of". പക്ഷേ എന്നെ അമ്പരപ്പിച്ചത് അവൻ അതെങ്ങനെ തിരിച്ചറിഞ്ഞൂ എന്നതാണ്. തിരഞ്ഞരിയാനാവുന്ന ഒരു പേര് അതിലില്ല, അവനു മലയാളമെന്നല്ല ദ്രാവിഡഭാഷകൾ ഏതെങ്കിലുമൊന്നെങ്കിലും അറിയാമോ എന്നു സംശയമുണ്ട്. അടുത്തനിന്ന ഡൽഹിക്കാരൻ പറഞ്ഞു "its the rhythm". ഒരു അപരിചിതനെ അതു പ്രാർത്ഥനയാണ് എന്നു തോന്നിപ്പിയ്ക്കുന്ന എന്തോ ഒന്ന് ആ ഈണത്തിലുണ്ട്.
ആരാധനാക്രമ സംഗീതത്തെ സിനിമാ സംഗീതത്തോട്, പോപ്പുലർ മ്യൂസിക്കിനോട്, അടിപോളി സംഗീതത്തോട് താദാത്മ്യപ്പെടുത്തുവാൻ ശ്രമിയ്ക്കുന്ന സഹോദരാ സഹോദരീ ഈ തിരിച്ചറിവ് ഉണ്ടാവാതെ പോവരുത്. പരമ്പരാഗത ആരാധനാക്രമ സംഗീതത്തിൽ ഒരു ഡിവൈൻ ചേരുവയുണ്ട്, ലോകത്തിന്റെ സംഗീതത്തിൽ നിന്നും അതിനെ വേറിട്ടൂ നിർത്തുന്ന ഒന്ന്. ഒരു ആരാധനാഗാനം കേട്ടിട്ട് ഇത് ഏതു സിനിമയിലേതാണ് എന്നൊരു അപരിചിചൻ ചോദിച്ചാൻ അത് മ്യൂസിക്കിന്റെ ഉന്നതിയല്ല അപചയം എന്നാണ് മനസിലാക്കേണ്ടത്.