Sunday, June 2, 2019

ദൈവാരാധനയുടെ മധുരം ആസ്വദിയ്ക്കുവാൻ

കടയിൽ പുതുതായി ഒരു മിഠായി വന്നു എന്നു കരുതുക. ഒന്നു വാങ്ങിക്കഴിയ്ക്കുന്നു. നമുക്ക് ഇഷ്ടപ്പെട്ടു. ഒന്നുകൂടെ വാങ്ങിക്കഴിയ്ക്കുന്നു. അങ്ങനെ അതിന്റെ രുചിയും മധുരവും നമ്മൾ പല തവണ ആസ്വദിയ്ക്കുന്നു. അപ്പോഴേ നമുക്കു തൃപ്തിയാവുന്നുള്ളൂ. കുട്ടികളാണെങ്കിൽ മിഠായി വായിലോട്ട് ഇട്ട് കടിച്ചു പൊട്ടിച്ച് ക്ഷണനേരം കൊണ്ട് അകത്താക്കും.  അതുകൊണ്ടു തന്നെ അതിന്റെ രുചി ആസ്വദിയ്ക്കുവാൻ പറ്റി എന്നു വരികയില്ല. സാവധാനം നുണഞ്ഞ് ഇറക്കുകയാണ് ശരിയായി ആസ്വദിയ്ക്കുവാനുള്ള വഴി. ചുരുക്കത്തിൽ ഒരു മിഠായി പലതവണ കഴിയ്ക്കുന്നതുവഴിയായും നുണഞ്ഞ് സാവധാനം കഴിയ്ക്കുന്നതിലൂടെയും അതിന്റെ സ്വാദ് നമുക്കു പിടികിട്ടുന്നു.

ഏതാണ്ട് ഇതേ രീതി തന്നെയാണ് സഭയുടെ ദൈവാരാധന അഥവാ ലിറ്റർജിയിൽ അവലംബിച്ചിരിയ്ക്കുന്നതും. കുർബാനയിലെ ചില പ്രാർത്ഥനകൾ ആവർത്തിച്ച് ചൊല്ലുവാൻ സഭ നിർദ്ദേശിച്ചിട്ടുണ്ട്. ആവർത്തിച്ചു ചൊല്ലുന്നതിലൂടെ ആ പ്രാർത്ഥന കൂടുതൽ അനുഭവവേദ്യമാകുന്നു. അതുപോലെ തന്നെ താളത്തിൽ ചൊല്ലുന്നതും.  സുറിയാനിയിൽ ചൊല്ലുന്നതും പാടുന്നതും ഒരേ പ്രാർത്ഥനതന്നെയാണ്. മലയാളത്തിൽ തർജ്ജമചെയ്തപ്പോൾ പാടാനുള്ള പ്രാർത്ഥനകളും ചൊല്ലാനുള്ള പ്രാർത്ഥനകളും രണ്ടു വഴിയ്ക്കായീ എന്നേ ഉള്ളൂ.  സുറിയാനിയിൽ ചൊല്ലുന്നതും താളത്തിലാണ്.  സിനഡിൽ നിന്നും മലയാളം കുർബാനയ്ക്കുള്ള ചാന്റിംഗ് രീതി തയ്യാറാക്കി നൽകിയിട്ടുണ്ട്.

ചിലരു ചോദിച്ചു കാണാറുണ്ട് ആമേൻ എന്നു ചൊല്ലുന്നുതും ആ...മേ...ൻ എന്നു നീട്ടിച്ചൊല്ലുന്നതും കർത്താവിന് ഒരു പോലെ അല്ലേ എന്ന്. ഒന്നോർക്കുന്ന നിങ്ങളുടെ പ്രാർത്ഥനകളൂം സ്തുതികളും ദൈവത്തിന് ആവശ്യമായ ഒന്നല്ല. നമ്മളുടെ പ്രാർത്ഥനകൾ നമ്മെ ദൈവവുമായി അടുപ്പിയ്ക്കുന്നതിനും ത്രിത്വൈക കൂട്ടായ്മയിലേയ്ക്ക് നയിയ്ക്കുന്നതിനും വേണ്ടിയാണ്. കേവലം കുറേ ലൗകീകമായ ആവശ്യങ്ങൾ നിരത്തുന്നതിനും തങ്ങളുടെ സ്വന്തം ഇഷ്ടം സാധിച്ചെടുക്കുന്നതിനായി ദൈവത്തെ വശീകരിയ്ക്കുന്നതിനും വേണ്ടിയല്ല ക്രൈസ്തവരുടെ പ്രാർത്ഥനകൾ. ഈശോ മിശിഹായും മാതാവും ശ്ലീഹന്മാരും കാണിച്ചു തന്ന പ്രാർത്ഥന അങ്ങനെ ആയിരുന്നില്ല. ആദിമസഭയുടെ പ്രാർത്ഥന അങ്ങനെ ആയിരുന്നില്ല. മതമർദ്ദനത്തിന്റെ കാലം കഴിഞ്ഞ്, ക്രിസ്തുമതത്തിനു സ്വാതന്ത്യം ലഭിയ്ക്കുകയും ക്രിസ്ത്യാനി ആവുന്നതിൽ ഭൗതീകമായ ഒട്ടേറെ ലാഭങ്ങൾ ഉണ്ടാവുകയും ചെയ്ത മൂന്ന്-നാല് നൂറ്റാണ്ടുകൾ മുതലാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യത്തിൽ വ്യതിചലനമുണ്ടാവുന്നത്. അവശ്യങ്ങൾ സാധിച്ചെടൂക്കുവാൻ ദൈവത്തെ വശീകരിയ്ക്കുന്ന പേഗൻ ശൈലി സഭയ്ക്കുള്ളിലേയ്ക്ക് കടന്നു വരുന്നത് അക്കാലത്താണ്. നിർഭാഗ്യകരമെന്നു പറയട്ടെ ഇന്നും ഇത്തരം വിജാതീയമായ കാര്യസാധ്യഭക്തിമാർഗ്ഗമാണ് പലകേന്ദ്രങ്ങളും വിശ്വാസികളെ അഭ്യസിപ്പിച്ചു പോരുന്നത്.

പറഞ്ഞു വന്നത് നമ്മുടെ പ്രാർത്ഥന ദൈവത്തിന് ആവശ്യമില്ലതന്നെ. സൃഷ്ടാവുമായി ചേരുവാനുള്ള സൃഷ്ടിയുടെ അഭിവാഞ്ജ ആയിരിയ്ക്കണം നമ്മുടെ പ്രാർത്ഥനകളെ നയിയ്ക്കേണ്ടത്. ആ നിലയ്ക്ക് ഒരു പ്രാർത്ഥനയ്ക്ക് ആമ്മേൻ പറയുന്നത് ആ പ്രാർത്ഥനയുടെ മാധുര്യം ഒരിയ്ക്കൽ കൂടി നുകരലാണ്.  അതിനുള്ള ദൈർഘം കൂട്ടുന്നത് ആ മാധുര്യത്തിൽ  കുറച്ചു സമയം കൂടുതൽ ചിലവഴിയ്ക്കുവാനുള്ള നമ്മുടെ പ്രയത്നമാണ്. ഓർക്കുക സുറീയാനി കുർബാനയുടെ ആരംഭത്തിലെ 'തെശ്ബൊഹ്ത്താ'യ്ക്ക് പറയുന്ന ആമ്മേൻ 15-20 സെക്കന്റുകൾ എടുത്താണ് നമ്മൾ ആലപിയ്ക്കുന്നത്.

തുടക്കത്തിൽ പറഞ്ഞ മിഠായിയുടെ കാര്യത്തിൽ എന്നതുപോലെ പ്രാർത്ഥനയുടെ മധുരം ആസ്വദിയ്ക്കുവാൻ സഭ കൈക്കൊണ്ടിരിയ്ക്കുന്ന രണ്ടുവഴികളാണ് പ്രാർത്ഥനയുടെ ആവർത്തനങ്ങളൂം പ്രാർത്ഥനകൾ താളാത്മകമായി ആലപിയ്ക്കുന്ന ശൈലിയും. പ്രാർത്ഥനയിലേയ്ക്ക് ആഴ്ന്നിറങ്ങുവാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനു പകരം പലപ്പോഴും അതിന്റെ സമയ ദൈർഘ്യത്തിലാണ് ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ശ്രദ്ധ.