ചലിച്ചു നിന്നവർ പിടിച്ചു നിന്നു; ഉറച്ചു നിന്നവർ ഒലിച്ചുപോയി എന്നൊരു പദ്യശകലം കേട്ടിട്ടുണ്ട്. ലിറ്റർജിയുടെ കാര്യത്തിലും ഇതു സത്യമാണ്. കാലാനുസൃതമായി പരിഷ്കരിയ്ക്കപ്പെടുകയും നവീകരിയ്ക്കപ്പെടുകയും ചെയ്യുക എന്നത് അനിവാര്യമാണ് എല്ലാ മേഖലയിലും. ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം പുനരുദ്ധാരണവും നവീകരണവും എന്ന വത്തിയ്ക്കാൻ കൗൺസിലിന്റെ മുദ്രാവാക്യത്തെ പരിശോധിയ്ക്കുവാൻ.
ലിറ്റർജിയിൽ കാര്യമായ വൈദേശിക കൈകടത്തലുകൾ നടന്നിട്ടില്ലാത്ത ലിറ്റർജിയെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഒന്നിനെ നവീകരിച്ചാൽ മതി. എന്നാൽ സീറോ മലബാർ സഭയെപ്പോലെ ഏതാണ്ട് 400 വർഷം ലത്തീനീകരണത്തിനു വിധേയമായ ഒരു ലിറ്റർജിയെ സംബന്ധിച്ചിടത്തോളം നവീകരണം എന്നതു പുനരുദ്ധാരണത്തിനു ശേഷമോ പുനരുദ്ധാരണത്തിന് ഒപ്പമോ മാത്രം സംഭവിയ്ക്കേണ്ട ഒന്നാണ്.
എന്നാൽ സീറോ മലബാർ സഭയിലെ so called “നവീകരണവാദികൾ” ഈ പുനരുദ്ധാരണമില്ലാതെ തന്നെ നവീകരണത്തിലേയ്ക്ക് കടക്കണമെന്നുള്ള വളയമില്ലാതുള്ള ചാട്ടക്കാരാണ്. ഭാവനയിൽ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന ആശയങ്ങളെ ലിറ്റർജിയിൽ സന്നിവേശിപ്പിയ്ക്കുക എന്നതിൽ കവിഞ്ഞ് ഇതിൽ ഒരു പഠനത്തിനും ഗവേഷണത്തിനും അവർ തയ്യാറുമല്ല. 81ൽ മെത്രാൻ സംഘം ഒക്കെ മുന്നോട്ടൂ വയ്ക്കുന്ന ആശയങ്ങൾ പരിശോധിച്ചാൽ തന്നെ നവീകരണത്തിന്റെ കാര്യത്തിൽ എത്ര അപക്വമായാണ് നമ്മുടെ മെത്രാന്മാരും വൈദീകരും ചിന്തിയ്ക്കുന്നതെന്നു മനസിലാവും. ഇത്തരം ശ്രമങ്ങളെ പാടേ തള്ളിക്കളയുകയാണ് പൗരസ്ത്യ തിരുസംഘം ചെയ്തതെന്നും ഓർക്കണം.
ആമേൻ തഥാസ്തു എന്നാണ് ഹിന്ദി കുർബാനയിൽ തർജ്ജമ ചെയ്തിരിയ്ക്കുന്നത്. ഇത് അനുരൂപണമായും നവീകരണമായും വ്യാഖ്യാനിക്കാം. എന്നാൽ തഥാസ്തുവിനു ആമേൻ എന്ന വാക്കിനു ഉള്ള മൾട്ടി ഡയമെൻഷൻ വരില്ല, അതിന്റെ വ്യാച്യാർത്ഥത്തെ മാത്രം എടുത്ത് മറ്റു ഭാഷയിലേയ്ക്കു തർജ്ജമചെയ്യുമ്പോൾ ഒരു ഡയമെൻഷൻ മാത്രമാവും. ഈ വിവരം ഉള്ളതുകൊണ്ടാണ് കുർബാന മറ്റു ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്തപ്പോഴും അമ്മേനും ഓശാനയും ഹല്ലേലുയായും പോലെയുള്ള ഹീബ്രു-സുറിയാനീ വാക്കുകൾ ഗ്രീക്കിലും ലത്തീനിലും ഇംഗ്ലീഷിലും ഒക്കെ നില നിർത്തിയിരിയ്ക്കുന്നത്. നാളെ നവീകരണം എന്ന പേരിൽ ആമ്മേനു പകരം ആളുകൾക്കു മനസിലാവുന്ന ഭാഷയിൽ "ഓ.കെ" എന്നോ "അടിപൊളി" എന്നോ "പൊളിച്ചു" എന്നോ ഒക്കെ മാറ്റണം എന്നു പറഞ്ഞു തുടങ്ങാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ പ്രവാസീ കേന്ദ്രങ്ങളിലെ പുതു തലമുറയ്ക്ക് മലയാളം കുർബാനയിലെ പല വാക്കുകളും അറിയില്ല (മനസിലാവുന്നില്ല) എന്നു വരുന്നുണ്ട്. അവർക്കു മനസിലാകുന്ന മലയാളത്തിലേയ്ക്ക്, അവരുടെ പരിമിതമായ പദസഞ്ചയത്തിലേയ്ക്ക് കുർബാനയെ ചുരുക്കുക എന്നതാണോ നവീകരണം കൊണ്ട് ഉദ്ദ്യേശിയ്ക്കുന്നത്?
വിശ്വാസികളുടെ നിലവാർത്തിലേയ്ക്ക് കുർബാനയെ താഴ്ത്തണോ കുർബാനയുടെ നിലവാരത്തിലേയ്ക്ക് വിശ്വാസികളെ ഉയർത്തണമോ എന്നതാണു ചോദ്യം. ആദ്യത്തേതാണ് എളുപ്പം. അടൂരിന്റെ സിനിമ മനസിലാകാത്തവർക്ക് ഷക്കീലപ്പടം കൊടുക്കുക. രണ്ടാമത്തേതു ശ്രമകരമാണ്. വിശ്വാസികളും അധ്വാനിയ്ക്കണം ഇടയന്മാരും അധ്വാനിയ്ക്കണം. വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ട് ആദ്യത്തേതിനെ പിടിയ്ക്കാം.
ഇപ്പോഴത്തെ കുർബാന ബോറിംഗ് ആണ്, നിർജ്ജീവമാണ്. അതുകൊണ്ടു ചിലരെ സംബന്ധിച്ചിടത്തോളം സജീവമാക്കുവാനുള്ള ഗിമ്മീക്കുകളാണ് നവീകരണം. പീ ഭാഷ്കരന്റെ കവിത വായിച്ചാൽ ബോറിംഗും അനിൽ പനച്ചൂരാന്റെ സിനിമാഗാനങ്ങൾ കേട്ടാൽ ആസ്വാദതയും അനുഭവപ്പെടുന്നെങ്കിൽ അതിന്റെ അർത്ഥം കവിത ആസ്വദിയ്ക്കാൻ നിങ്ങൾ ശീലിച്ചിട്ടില്ല എന്നു മാത്രമാണ്. കുർബാന വിരസമാകുന്നത് ഈ ആരാധനാക്രമ പരിശീലത്തിന്റെ (liturgical formation) ന്റെ അഭാവത്തിലാണ്. അത് നികത്തുവാൻ ഒരു ചെറുവിരലുപോലും മിക്ക രൂപതകളും അനക്കിയിട്ടില്ല. എന്നിട്ട് സജീവമല്ല, പഴഞ്ചനാണ് എന്നൊക്കെപ്പറഞ്ഞ് നവീകരണ മുദ്രാവാക്യം മുഴക്കുക.
ഒരു സെമിനാറി പ്രൊഫസറോട് ഒരു വൈദീകൻ യാമപ്രാർത്ഥനയിലെ ഒരു ഗീതത്തിന്റെ മനോഹാരിതയെക്കുറിച്ചും അർത്ഥ തലങ്ങളെക്കുറിച്ചും വാചാലനായി. പ്രൊഫസർ അപ്പോൾ പറഞ്ഞു അതു പൗലോസ് ശ്ലീഹായുടെ ലേഖനത്തിന്റെ ഒരു വാചകത്തിന്റെ ഗീതരൂപമാണെന്ന്. ഒരു വേദപുസ്തക ഭാഗം ഒരു ഗീതമായി വന്നപ്പോൾ അതു വേദപുസ്തകഭാഗമാണെന്നു മനസിലാക്കുവാൻ തക്ക വേദപുസ്തകപരിചയം പോലും മിക്കവർക്കും ഇല്ല എന്നതാണ് വസ്തുത. സങ്കീർത്തനങ്ങളെ സങ്കീർത്തനളാണെന്നും ഒരു പ്രയോഗം അതു സങ്കീർത്തനത്തിൽ അല്ലെങ്കിൽ പ്രവാചകഗ്രന്ഥങ്ങളിൽ അല്ലെങ്കിൽ സുവിശേഷത്തിൽ ലേഖനത്തിൽ ഉള്ളതാണെന്നുള്ള തിരിച്ചറിവ് വളരെ പ്രധാനമാണ്. ഉദാഹരണത്തിനു സ്ത്രീയിൽ നിന്നു ജാതനായി എന്നു നെസ്തോറിയസ്സിന്റെ കൂദാശയിൽ പറയുമ്പോൾ സ്ത്രീയിൽ നിന്നാലാതെ പുരുഷനിൽ നിന്നു ജാതനാവുവാൻ പറ്റുമോ എന്നു വളിപ്പടിയ്ക്കുവാൻ ഏതു "നവീകരണ" വാദിയ്ക്കും പറ്റും. എന്നാൽ അതു പൗലോസിന്റെ പ്രയോഗമാണെന്നു മനസിലാക്കി അതിനെ ബഹുമാനിയ്ക്കുവാൻ വേദപുസ്തകത്തോട് അത്തരത്തിലുള്ള ബന്ധം ഉണ്ടാവണം. “അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ” എന്നുള്ളത് അങ്ങയോടു കൂടെ എന്നാക്കണം എന്നതായിരുന്നു നവീകരണവാദികളുടെ ഒരു വാദം. എന്നാൽ ലത്തീൻ സഭ തന്നെ “അങ്ങയോടും അങ്ങയുടെ ആത്മാവോടും കൂടെ” എന്ന ബിബ്ലിക്കൽ ആയ പ്രയോഗം തിരിച്ചുകൊണ്ടുവരിക വഴി ഇതല്ല നവീകരണം എന്നു പ്രഖ്യാപിയ്ക്കുകയുണ്ടായി. ഇങ്ങനെ ലിറ്റർജിയിലുള്ള പ്രയോഗങ്ങളുടെ വേദപുസ്തബന്ധം, അതിന്റെ പശ്ചാത്തലത്തിൽ ഉള്ള രക്ഷാകരസംഭവം, അതിൽ ഉൾച്ചേർന്നിരിയ്ക്കുന്ന ദൈവശാസ്ത്രം, അവിടെയുള്ള അടയാളങ്ങൾ, പ്രതീകങ്ങൾ, ആംഗ്യങ്ങൾ, അംഗവിക്ഷേപങ്ങൾ ഇവയെല്ലാം ചേർന്നാതാണ് ഒരു പ്രാർത്ഥനയുടെ സൗന്ദര്യശാസ്ത്രം. ഇതു മനസിലാക്കാതെ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിൽ നവീകരണം നടത്തുന്നവർക്ക് കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമേ ഉള്ളൂ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ലിറ്റർജി എന്നത് ഒരു സംഭാഷണമല്ല (conversation). അത് ഒരു expression പ്രകാശനമാണ്. ദൈവത്തെ എന്തെങ്കിലും പുതിയതായി മനസിലാക്കിക്കുക അല്ല ലിറ്റർജിയുടെ ലക്ഷ്യം. മറിച്ച് ഒരു ദൈവാഭിമുഖമുള്ള മനുഷ്യന്റെ ആഹ്ലാദവും വിസ്മയവും കൃതജ്ഞതയും ഒക്കെ പ്രകടിപ്പിയ്ക്കലാണ് കുർബാന അർപ്പണം. രോഹിത് ശർമ്മയുടേയോ വിരാട് കൊഹ്ലിയുടേയോ ബാറ്റിംഗ് കണ്ട് നമ്മൾ കയ്യടിയ്ക്കുന്നത് അവർക്ക് എന്തെങ്കിലും മെച്ചമുണ്ടാകുവാനല്ല. അത് കളി കാണുന്നവന്റെ സ്വാഭാവികമായ expression ആണ്. കർത്താവു നൽകുന്ന രക്ഷയെ അറിയുന്ന ഒരു വിശ്വാസിയുടെ സ്വാഭാവികമായ പ്രതികരണമാണ് ലിറ്റർജി.. കയ്യടിയ്ക്കുന്നതു വ്യക്തിപരമാണെങ്കിൽ ലിറ്റർജിയിൽ അതു കേവലം വ്യക്തിപരമല്ല, സഭയുടേതാണ്. ആഹ്ലാദവും ആശ്ചര്യവും എല്ലാം സഭയുടേതാണ്. ഭക്താഭ്യാസങ്ങളുടേയും അഭിനവ നവീകരണപ്രസ്ഥാനങ്ങളുടേയും ഇടയിൽ പെട്ട് സഭയുടെ സ്വാഭാവികമായ ഭാഷ എന്താണെന്നു നാം മറന്നു പോയിരിയ്ക്കുന്നു. സഭയുടെ ഭാഷ മനസിലാവുന്നവർക്കേ അതിനെ നവീകരിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻ അർഹതയുള്ളൂ.
എന്തിനാണ് നവീകരണം ആവശ്യമാവുന്നത്? നിങ്ങൾ ഒരു പഴയ പുസ്തകം എടുത്തു നോക്കുക. ഉദാഹരണം സിവി രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ അല്ലെങ്കിൽ ധർമ്മ രാജാ. ഇതു വായിയ്ക്കുവാൻ നിങ്ങൾക്ക് കഴിയില്ല, കാരണം അതിൽ ഉപയോഗിച്ചിരിയ്ക്കുന്ന ഭാഷ പഴയതാണ്. ഈ ധർമ്മ രാജയുടെ ഭാഷ ആധുനികവത്കരിച്ച് എന്നാൽ മൂലരൂപത്തോടു നീതി പുലർത്തിയാണ് ഞങ്ങളൊക്കെ ഹൈസ്കൂളിൽ ഉപപാഠപ്പുസ്തകമായി പഠിച്ചത്. നവീകരണത്തിന്റെ ഒരു തലം ഇവിടെയാണ്. അപരിചിതമായ ഭാഷാ പ്രയോഗങ്ങളെ ഒട്ടും ശക്തി കുറയാതെ തന്നെ പുതിയ ഭാഷയിലേയ്ക്ക് മാറ്റുക. ഭാഷയുടെ ശക്തി അതിന്റെ പദസമ്പത്തിലാണ്. ചില വാക്കുകൾ എല്ലാവർക്കും പരിചിതം ആയിക്കൊള്ളണമെന്നില്ല. അതുകൊണ്ട് അവയെല്ലാം മാറ്റുക എന്നത് നവീകരണമല്ല. അത്തരം പ്രശ്നങ്ങൾ ഭാഷ പഠിച്ചാൽ തീരാവുന്നതേയുള്ളൂ. മറ്റൊരു പ്രശ്നം ഒരു കാലത്ത് പ്രസക്തമായിരുന്ന പദപ്രയോഗത്തിന് കാലാന്തരത്തിൽ തികച്ചും വ്യത്യസ്തമായ, ഒരു പക്ഷേ നേർവിപരീതമായ ഒരു അർത്ഥം വന്നുകൂടാ എന്നില്ല. അപ്പോൾ അത്തരം പ്രയോഗങ്ങളെ കാലിക മായി നവീകരിയ്ക്കേണ്ടതുണ്ട്. മൂന്നാമത്തെ നവീകരണം ദൈവശാസ്ത്ര വളർച്ചയുമായി ബന്ധപ്പെട്ടാണ്. അദ്ദായി മാറിയുടെ കുർബാനയിൽ നിന്ന് തിയഡോറിലേയ്ക്കും തിയഡോറിൽ നിന്നു നെസ്തോറിയസ്സിലേയ്ക്കും വരുമ്പോൾ ഒരു ദൈവശാസ്ത്രത്തിന്റെ വളർച്ച കാണുന്നുണ്ട്. ഏതായാലും അങ്ങനെ ഒരു ദൈവശാസ്ത്ര വളർച്ചകൊണ്ട് ലിറ്റർജി പരിഷ്കരിയ്ക്കേണ്ട സാഹചര്യം ഉണ്ടെന്നു തോന്നുന്നില്ല.
എന്നാൽ ഇന്ന് നവീകരണവാദികളുടെ പ്രശ്നം ഒന്ന് കുർബാനയുടെ ദൈർഘമാണ്. മറ്റൊന്ന് ഇമ്പ്രൊവൈസ്ചെയ്യുവാനും ഇന്നവേഷൻ നടത്തുവാനുമുള്ള സ്പേസ്. സീറോ മലബാർ സഭയുടെ സാധാരണ കുർബാന സാധാരണഗതിയിൽ 40 മിനിറ്റ് ആണ്. അത് പ്രാർത്ഥനകൾ ഒന്നും ചുരുക്കാതെ 30 മിനിറ്റിൽ തീർക്കുന്നവരെയും എനിയ്ക്കറിയാം. എന്നാൽ ഈ നീളക്കൂടുതലിനെക്കുറിച്ചു പരിതപിയ്ക്കുന്നവർ പ്രാർത്ഥനവെട്ടിച്ചുരുക്കണം എന്നു പറയുന്നതല്ലാതെ പ്രസംഗം കുറയ്ക്കുന്നതിനോ സമയം കൂട്ടുന്ന ഉപകരണ പശ്ചാത്തല സംഗീതം കുറയ്ക്കുന്നതിനോ വേഗത്തിൽ പാടാവുന്ന ഈണങ്ങൾ സ്വീകരിയ്ക്കുന്നതിനോ തയ്യാറാവുന്നില്ല. വിശ്വാസികൾ ആണെങ്കിൽ ധ്യാനകേന്ദ്രങ്ങളിലും മറ്റും വിശുദ്ധകുർബാനയുടെ ആരാധനയ്ക്കും വചനശുശ്രൂഷയ്ക്കുമായി മണിക്കൂറുകൾ മാറ്റിവയ്കാൻ തയ്യാറുമാണ്. ചുരുക്കത്തിൽ നീളം എന്നത് കുർബാന ചൊല്ലുവാൻ താത്പര്യമില്ലാത്ത വൈദീകരുടേയും കടം തീർക്കുവാൻ മാത്രം പള്ളിയിലേയ്ക്ക് എത്തുന്ന വിശ്വാസിയുടേയും മാത്രം പ്രശ്നമാണ്. ഇന്ന് 40 മിനിറ്റിന്റെ കുർബാന 30 മിനിറ്റേലേയ്ക്ക് ആക്കുന്നവർ നാളെ അത് 20 മിനിറ്റിലേയ്ക്കും പിന്നെ 10 മിനിറ്റിലേയ്ക്കും ചുരുക്കണം എന്നു വാദിച്ചുകൂടായ്കയില്ല. ഇമ്പ്രൊവൈസേഷനും ഇന്നൊവേഷനും സഭ അനുവദിച്ചിട്ടില്ല. സഭ അംഗീകരിച്ചിരിയ്ക്കുന്ന കുർബാനക്രമത്തിൽ നിന്നു നീക്കുവാനോ അതിലേയ്ക്ക് ചേർക്കുവാനോ വൈദീകന് അധികാരമില്ലെന്ന് അസന്നിഗ്ധമായി വത്തിയ്ക്കാൻ കൗൺസിൽ പറയുന്നുണ്ട്. സഭയുടെ ദൈവാരാധനയിൽ പിഴവുകൾ ഉണ്ടായിക്കൂടാ എന്നും സഭയ്ക്ക് ഒരു അച്ചടക്കം കുർബാന അർപ്പണത്തിൽ ആവശ്യമുണ്ട് എന്നതിൽ നിന്നുമാണ് അങ്ങനെ ഒരു നിർദ്ദേശം വന്നിരിയ്ക്കുന്നത്.
നവീകരണം ആവശ്യമാണ്. പക്ഷേ ലക്കും ലഗാനുമില്ലാത്ത നവീകരണമല്ല, ഉറവിടത്തിന്റെ മൂല്യവും അന്തസ്സും ചോർത്തിക്കളയാത്ത നവീകരണമാണ് ആവശ്യം. തിയഡോറിന്റെയും നെസ്തോറിയസ്സിന്റെയും കുർബാന ആദ്യമായി കേൾക്കുന്ന വിശ്വാസിയ്ക്ക് ഉണ്ടാവുന്ന അകൽച്ചയും പരിഭ്രവവും വൈക്ലബ്യവും രണ്ടു പ്രാവശ്യം കുർബാന അർപ്പിച്ചുകഴിയുമ്പോൾ ഉണ്ടാവുന്നില്ല. എന്നു തന്നെയല്ല അതിന്റെ “ഫാൻ” ആയി മാറുന്ന കാര്യവും ചില വൈദീകർ സൂചിപ്പിയ്ക്കുകയുണ്ടായി. ഇതു പോലെ തന്നെ അദ്ദായി മാറിയുടെ ക്രമം തന്നെയും പൂർണ്ണമായി അർപ്പിയ്ക്കുവാൻ അവസരമുണ്ടായിട്ടില്ലാത്ത ഹതഭാഗ്യരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അദ്ദായി മാറിയുടെ കുർബാന തന്നെയും ഒരു ആശ്ചര്യവും പരിഭ്രമവും ആയിക്കൂടെന്നില്ല. എന്നാൽ പരിചയം കൊണ്ടും ആരാധനാക്രമ പരിശീലനം കൊണ്ടും ഈ പരിഭ്രമവും അപരിചിതത്വവും മറികടക്കാവുന്നതേയുള്ളൂ.
അവസാനമായി ഒരു ചലഞ്ച്?
“കർത്താവേ അങ്ങു സത്യമായും പരിശുദ്ധനും എന്നേയ്ക്കും സ്തുതർഹനുമാകുന്നു. സത്യത്തിന്റെ പിതാവായ ദൈവമേ അങ്ങു പരിശുദ്ധനാകുന്നു. അങ്ങയുടെ ഏകജാതനായ ഞങ്ങളുടെ കർത്താവീശോ മിശിഹായും പരിശുദ്ധനാകുന്നു. സൃഷ്ടിയ്ക്കപ്പെടാത്ത ദൈവസ്വഭാവമുള്ളവനും സകലത്തിന്റെയും കാരണഭൂതനുമായ റൂഹാദ്ക്കുദിശായും പരിശുദ്ധനാകുന്നു.” തിയഡോറിന്റെ കുർബാനയിൽ നിന്ന്. ഇതിൽ എന്താണു പരിഷ്കരിയ്ക്കാനുള്ളത്? ഇതിൽ എന്താണ് അനുരൂപപ്പെടുത്താനുള്ളത്? പരിഷ്കരിയ്ക്കണമെന്നും അനുരൂപിയ്ക്കണമെന്നും താത്പര്യമുള്ളവർ ഈ മുകളിലുള്ള ദൈവസ്തുതിയെ പരിഷ്കരിച്ചു കാണിയ്ക്കുവാൻ അപേക്ഷ.