Saturday, June 19, 2021

മൽക്കയെ അപഹസിയ്ക്കുന്ന ഓറിയന്റലുകൾ

 സഭയുടെ വ്യക്തിത്വത്തെയും പാരമ്പര്യങ്ങളെയും ഒരു പരിധിവരെ ആധ്യാത്മികതയേയും തിരിച്ചറിയുവാനുള്ള എന്റെ വ്യക്തിപരമായ ശ്രമങ്ങൾ തുടങ്ങിയിട്ട് ഏതാണ്ട് 15 കൊല്ലം മാത്രമേ ആയിട്ടുള്ളൂ. മഞ്ഞുമലയുടെ അറ്റം മാത്രമേ കണ്ടിട്ടുള്ളൂ, അറിയേണ്ടതും മനസിലാക്കണമെന്ന് ആഗ്രഹവുമുള്ള ആ ആധ്യാത്മിക നിക്ഷേപത്തിന്റെ വലുപ്പം എത്രയാണെന്നുള്ള ഒരു ബോധ്യം ഇക്കാലം കൊണ്ടുണ്ടായീ എന്നത് ദൈവാനുഗൃഹം. ഈ പതിനഞ്ചു വർഷത്തിനു മുൻപുള്ള ഞാനും ഇന്നത്തെ ഞാനും തമ്മിൽ ബോധ്യത്തിന്റെ കാര്യത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് ഏറെക്കുറെ കൃത്യമായ ധാരണ എനിയ്ക്കുണ്ട്.

ലത്തീൻ ഭക്താഭ്യാസങ്ങളുടേയും ലത്തീൻ ദൈവശാസ്ത്രത്തിന്റെയും ഇക്കിളി ഭക്തിയുടേയും കുറ്റിയിൽ കെട്ടപ്പെട്ടിരുന്ന പലരും സഭയുടെ വിശ്വാസത്തിലേയും മാതൃസഭയുടെ ആധ്യാത്മികതയിലേയ്ക്കും വരുന്നതും താത്പര്യപൂർവ്വം അതിനുവേണ്ടി വാദിയ്ക്കുന്നതും കാണാൻ ഇടയായിട്ടുണ്ട് ഈ ചെറിയ കാലയളവിന് ഉള്ളിൽ.

സഭയുടെ  ആധ്യാത്മിക സമ്പത്തിന്റെ പരിപാലത്തിനും പുനസ്ഥാപനത്തിനുമായി അക്ഷീണം പ്രയത്നിച്ച ഒരു സന്യാസി പറഞ്ഞത് ആദ്യകാലത്ത് താൻ പറഞ്ഞതിനെ പാഷണ്ഡതപോലെയാണ് ആൾക്കാർ നോക്കിക്കണ്ടിരുന്നത് എന്നാണ്. 80 കളിൽ എന്നു കൂട്ടിക്കോളൂ. താൻ റോമൻ കത്തോലിയ്ക്കനല്ല മാർ തോമാ നസ്രാണിയാണ് എന്നു സമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിച്ച ഒരു വൈദീകനെ സഭാസ്നേഹിയും സഭപാരമ്പര്യങ്ങളുടെ സംരക്ഷനുമായിരുന്ന ഒരു മെത്രാൻ  കൊടുത്ത സമ്മാനം ഒരു 'ഗെറ്റ് ഔട്ട്' ആണ്. ഇന്ന് ഗവർമെന്റ് രേഖകളിൽ സീറോ മലബാർ എന്ന് എഴുതണം എന്ന സ്ഥിതി ഉണ്ടായിരിയ്ക്കുന്ന ഇപ്പോൾ ഒരു പക്ഷേ ഒരു സമാന്യ സീറോ മലബാർകാരൻ വരെ താൻ റോമൻ കത്തോലിയ്ക്കൻ അല്ലെന്നും റോമൻ കത്തോലിയ്ക്കയിൽ നിന്നു വ്യത്യസ്ഥമായ ഒരു ആധ്യാത്മിക പൈതൃകം തനിയ്ക്കുണ്ടെന്നും തിരിച്ചറിയുന്നുണ്ട്. ഒരു കാലത്ത് സഭാപാരമ്പര്യങ്ങളുടെ പുനസ്ഥാപനത്തിൽ വിമുഖരും വിരോധികളും ആയിരുന്ന മെത്രാന്മാർ വരെ ഇപ്പോൾ സഭയുടെ പ്രബോധനങ്ങളും പുനസ്ഥാപനത്തിന്റെ പ്രാധാന്യവും മനസിലാക്കുന്നുണ്ട്.

ഏഴുവ്യാകുലങ്ങളുടെയും, തോട്ടക്കര അച്ചന്റെയും വർത്തമാനപ്പുസ്തകത്തിന്റെയും കഥ ഓർമ്മയിലിരിക്കട്ടെ. ഒരു കാലത്ത് തിരസ്കൃതരായവർ കാവ്യനീതി പോലെ സഭയുടെ അഭിമാനമായി മാറുന്നു, വീര നായകന്മാർ ആവുന്നു. 


പറഞ്ഞു വന്നത്, പലർക്കും പലപ്പോഴായി വന്ന ബോധ്യങ്ങൾ ഇരുട്ടി വെളുത്തപ്പോൾ ഉണ്ടായതല്ലെന്നും, തങ്ങൾ ഇപ്പോൾ സംരക്ഷിക്കുവാനും കൈമാറുവാനും അത്തരക്കാർ ശ്രമിയ്ക്കുന്ന പാരമ്പര്യങ്ങളോട് അത്രതന്നെ കൂറില്ലാതിരുന്ന ഒരു ഭൂതകാലം ഞാൻ ഉൾപ്പെടെ ഇവരിൽ മിക്കവർക്കും ഉണ്ടായിരുന്നു എന്നുമാണ്. വായനകളിലൂടെ, സംവാദങ്ങളിലൂടെ, അനുഭവങ്ങളീലൂടെ, സാമിപ്യങ്ങളിലൂടെ ശരികളിൽ നിന്ന് ശരികളിലേയ്ക്ക് പുരോഗമിച്ചവരാണ് അവരിൽ പലരും. അതിൽ കുറേ പേർ ഒരു ശരിയിൽ നിന്ന് മറ്റൊരു ശരിയിൽ എന്നി അവിടെ നിന്ന് അതിലും ശ്രേഷ്ടമായ മറ്റൊരു ശരിയിലേയ്ക്ക് പുരോഗമിയ്ക്കാതെ കെട്ടപ്പെടുന്ന അവസ്ഥയുണ്ട്. തങ്ങളാണു ശരിയെന്നും തങ്ങൾക്കു മുൻപിലുള്ളവർ തീവ്രവാദികളാണെന്നും പിമ്പിലുള്ളവർ വിഢ്കളാണെന്നുമുള്ള സാമാന്യവത്കരണവും ഉണ്ട്. തങ്ങളുടെ പിന്നിലുള്ള പലർക്കും തങ്ങൾ ഇപ്പോൾ തന്നെ തീവ്രവാദികൾ ആണെന്നും തങ്ങളോടു തന്നെ അപേക്ഷിച്ച് തങ്ങൾ വർഷങ്ങക്കു മുൻപ് പിന്നിലായിരുന്നെന്നും ഇക്കൂട്ടർ സൗകര്യപൂർവ്വം മറക്കുന്നു.

ഇത്രയും വളച്ചു കെട്ടി പറഞ്ഞത് മൽക്കയിലേയ്ക്ക് വരുവാനാണ്. പൗരസ്ത്യ സഭാ-പാരമ്പര്യസംരക്ഷകർ എന്നു സ്വയം അഭിമാനിയ്ക്കുന്ന ചിലർ മൽക്കയെ അപഹസിയ്ക്കുന്നതു ശ്രദ്ധയിൽ പെടുകയുണ്ടായി. തങ്ങൾ പഠിച്ച തിയോളജി പുസ്തകങ്ങൾക്കും കണ്ട ലോകത്തിനും അപ്പുറത്ത് മറ്റൊന്നുമില്ല എന്നു കരുതുന്ന കൂപമണ്ഡൂകങ്ങൾ ആണ് അവർ. തങ്ങൾ അനുകൂലിയ്ക്കുന്ന കാര്യങ്ങളെ പിന്താങ്ങുവാൻ സിനഡിന്റെ അനുവാദം ആവശ്യമില്ലാതിരിയ്ക്കുകയും എന്നാൽ തങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ വരുമ്പോൾ സിനഡു പറഞ്ഞില്ല എന്നു പറയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.  സിനഡ് പറയുന്നതുകൊണ്ടല്ല സത്യം സത്യമാകുന്നത്, സത്യമാകുന്നതുകൊണ്ട് സിനഡു പറയുന്നൂ എന്നേ ഉള്ളൂ. അതിൽ നിലപാടുകൾ സ്വന്തം ബോധ്യം കൊണ്ട് തിരിച്ചറിയാൻ ആവുന്നില്ലെങ്കിൽ നിങ്ങൾ മുൻപേ നടന്നവർക്ക് കുറച്ചു പിന്നിലാണെന്നു കരുതിയാൽ മതി.

പറങ്കികൾ എത്തുന്നതിനു മുൻപേ നമുക്ക് ഉണ്ടായിരുന്ന പാരമ്പര്യത്തെ പുശ്ചിയ്ക്കുന്നവർ, ഉദയമ്പേരൂർ നിർത്തലാക്കിയ പാരമ്പര്യത്തിന്റെ പുനസ്ഥാപനത്തിന്റെ പരിഹസിയ്ക്കുന്നവർ സത്യത്തിൽ മെനേസിസിനെ തന്നെയാണ് അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്നത് എന്നല്ലാതെ എന്താണു പറയാൻ. 

വിവാഹ വേളയിലെ കിരീട ധാരണം സീറോ മലബാർ സഭയിൽ ഈ അടുത്തകാലത്ത് ആദ്യമായി നടന്നപ്പോൾ ആ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ഈയുള്ളവനും ഭാഗ്യമുണ്ടായി. അന്ന് അത് സിനഡ് അംഗീകരിച്ചിട്ടില്ലായിരുന്നു. ഇന്ന് സിനഡ് ഔദ്യോഗികമായി പുനസ്ഥാപിയ്ക്കുന്നു. അതുപോലെ തന്നെ സഭ നെസ്തോറിയസിന്റെയും തിയഡോറിന്റെയും കുർബാന പുനസ്ഥാപിച്ചു; ഇപ്പോഴും പല വൈദീകരും അതു ചൊല്ലുന്നതുപോയിട്ട് കേട്ടിട്ടുപോലും ഉണ്ടോ എന്നു സംശയിയ്ക്കത്തക്ക സാഹചര്യമുള്ള സീറോ മലബാർ സഭയിൽ നിങ്ങൾക്ക് ഒരു പൈതൃകത്തോട് കൂറുണ്ടായില്ലെങ്കിലും പിതാക്കന്മാർ പാലിച്ചുപോന്ന ഒന്നിനെ അപഹസിയ്ക്കാതിരിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കണം.

പുളിപ്പു ചേർത്ത അപ്പം കുർബാനയിൽ ഉപയോഗിയ്ക്കുന്നത് പൗരസ്ത്യ സഭയുടെ പാരമ്പര്യമാണ്. ഈ പാരമ്പര്യം കൈമോശം വന്ന ലത്തീൻ സഭ പുളിപ്പില്ലാത്ത അപ്പമാണ് കുർബാനയിൽ ഉപയോഗിയ്ക്കുന്നത്. പൗരസ്ത്യ സുറീയാനീ സഭയെ സംബന്ധിച്ചിടത്തോളം ഇതിനോടൊപ്പം ഒരു പുരാവൃത്തം കൂടി അനുബന്ധമായുണ്ട്. അതു യോഹന്നാനു കർത്താവിൽ നിന്നു ലഭിച്ച പെസഹായുടെ ഒരു കഷണത്തെപ്പറ്റിയും കർത്താവിന്റെ വിലാപ്പുറത്തെ രക്തത്തെ പറ്റിയുമാണ്. ഈ അപ്പത്തിന്റെ പുളിപ്പ്, തലമുറകളായി പൗരസ്ത്യ സുറിയാനിയ്ക്കാർ കൈമാറിപ്പോന്നിരുന്നു എന്നതാണ് ഈ പുരാവൃത്തം.

ഈ ലെജണ്ടിനെ അല്ലെങ്കിൽ പുരാവൃത്തത്തെ അപഹസിയ്ക്കുന്ന ഒരു കൂട്ടം ഓറിയന്റലുകൾ ഉണ്ട്. സഭയുടെ ആദ്യകാല കഥകൾ പലതും ഇത്തരം വാമൊഴി കഥകൾ ആണ് എന്ന് ഇക്കൂട്ടർ സൗകര്യപൂർവ്വം മറക്കുന്നു. തോമാ ശ്ലീഹായുടെ ഭാരത പ്രവേശം ഒരു ലെജണ്ടാണ്. ക്നായിത്തൊമ്മന്റെ വരവ് ഒരു ലെജണ്ട് ആണ്. 2000 വർഷം പഴക്കമുള്ള ഒരു പുരാവൃത്തത്തിന്റെ, വാമൊഴി പാരമ്പര്യത്തിന്റെ സത്യാവസ്ഥ നിങ്ങൾ എങ്ങനെ നിശ്ചയിയ്ക്കും. അതിൽ ചിലത് നിങ്ങൾക്ക് സ്വീകാര്യവും മറ്റു ചിലത് അസ്വീകാര്യവും ആവുന്നതിൽ എന്തു യുക്തിസഹമായ വാദമാണ് നിങ്ങൾക്ക് മുന്നോട്ടൂ വയ്ക്കാനാവുക?


മറ്റൊരു വിചിത്രമായ വാദം മൽക്കാ ചേർത്തുള്ള കുർബാന സ്വീകരിയ്ക്കുന്നവർ നരഭോജികൾ ആകുന്നു എന്നുള്ളതാണ്. അതായത് വിശുദ്ധ പുളീപ്പ് എന്ന മൽക്ക ചേർത്ത് കർത്താവിന്റെ ശരീര രക്തങ്ങൾ ഭക്ഷിയ്ക്കുന്നവർ നരഭോജികളൂം മൽക്കാ ചേർക്കാത്ത കർത്താവിന്റെ ശരീര രക്തങ്ങൾ ഭക്ഷിയ്ക്കുന്നവർ സാമാന്യജീവികളും ആവുന്നത്രെ.  അതായത് ഈ മാന്യദേഹത്തിന്റെ ഒരു എട്ടോ പത്തോ തലമുറ മുൻപുള്ള പിതാമഹന്മാർ ഉൾപ്പെടെ സകലമാന നസ്രാണികളൂം നരഭോജികൾ ആയിരുന്നത്രെ. കർത്താവിന്റെ കുരിശിന്റെയും കച്ചയുടേയും ലജണ്ട് സ്വീകാര്യം ആവുന്നത് അത് റോമിന്റെ ആണെന്നുള്ളതുകൊണ്ടാണ്. പക്ഷേ മൽക്കയുടെ ലജണ്ട് അസ്വീകാര്യമാണ്, കാരണം അതിൽ റോമിനു പങ്കില്ല. കണ്ടോ കണ്ടോ മെനേസിസിന്റെ പുള്ളി പുറത്തുവരുന്നത്. കുറവിലങ്ങാട്ടെ മാതാവിന്റെ പ്രത്യക്ഷം ലജണ്ട് ആണ്. പക്ഷേ ഫാത്തിമായും ലൂർദ്ദും സത്യമാണ്. 

അല്ല റോമും സിനഡും അംഗീകരിയ്ക്കുന്നതുകൊണ്ടാണോ ഒരു സംഗതി സ്വീകാര്യമാവേണ്ടത്? റോമുമായും സിനഡുമായും ഉള്ള ബന്ധം അച്ചടക്കത്തിന്റേതാണ്, അതിലു സത്യവുമായി ബന്ധമില്ല. ഉദാഹരണം 50-50 തന്നെ. അതുമല്ലെങ്കിൽ സിറോ മലബാർ സഭയുടെ ജൂറിസ്‌ ഡിക്ഷനുമായി ബന്ധപ്പെട്ടവ. പക്ഷേ മസ്തിഷ്കം മറ്റാർക്കെങ്കിലും പണയം വയ്ക്കുന്നത് സത്യാന്വേഷണത്തെ തടയുക മാത്രമാണ് ചെയ്യുന്നത്. മുൻപേ നടന്നു വഴി വെട്ടിത്തെളിച്ച മഹാരഥന്മാരുടെ പിൻപേ നടക്കുന്നവർ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടാവട്ടെ. ആ തിരിച്ചറിവ് ഇല്ലാതിരിയ്ക്കുന്നിടത്തോളം കാലം എത്ര ഓറിയന്റലിസം പറഞ്ഞാലും അത്തരം പതിവെന്ത ഓറിയന്റലുകൾ ചില കുറ്റികളിൽ കെട്ടപ്പെട്ടു വട്ടം കറങ്ങുന്ന പറങ്കികൾ തന്നെയാണ്.  പര്യസ്ത്യ ആധ്യാത്മികത ഒരു സഞ്ചാരമാണ്, മാർഗ്ഗമാണ്; ഏതെങ്കിലും കുറ്റികളിൽ കെട്ടപ്പെട്ടു വട്ടം കറങ്ങുവാനുള്ളതല്ല.