Monday, July 18, 2016

അര നൂറ്റാണ്ടു തികയാത്ത ജനാഭിമുഖ പാരമ്പര്യം!!

പലരുടേയും ഭാവം ആദിമസഭ മുതൽ ജനാഭിമുഖ കുർബാന ആയിരുന്നെന്നും ആരൊക്കെയോ ചേർന്ന് മദ്ബഹാഭിമുഖ കുർബാന അടിച്ചേൽപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നു എന്നുമാണ്.


                 ലത്തീൻ സഭയിൽ ഏതാണ് 1920 കളിലാണ് ജർമ്മനിയിൽ ജനാഭിമുഖ കുർബാന ആരംഭിയ്ക്കുന്നത്. ഇത് ഏതെങ്കിലും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല എന്നും നാം മനസിലാക്കേണ്ടതുണ്ട്. പിന്നീട് രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം 1960 കളിൽ ജനാഭിമുഖ കുർബാന ലത്തീൻ സഭയിൽ പ്രചരിപ്പിയ്ക്കപ്പെട്ടു. ഇവിടെയും മനസിലാക്കേണ്ട വസ്തുത കുർബാന ജനാഭിമുഖമാക്കുക എന്ന ഉദ്ദ്യേശ്യം രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന് ഉണ്ടായിരുന്നെല്ലെന്നും അങ്ങനെയൊരു നിർദ്ദേശം അധികാരികൾ ആരും കൊടുത്തിരുന്നില്ല എന്നുമാണ്. ഇത് തുടർന്ന് ഇന്ത്യയിലെ ലത്തീൻ സഭയിലും 60 കളുടെ അവസാനത്തിൽ എത്തി.

               സീറോ മലബാർ സഭ സ്വതന്ത്രമാവുന്നതിനു മുൻപും വികാരിയത്തുകൾ സ്ഥാപിയ്ക്കപ്പെടുന്നതിനു മുൻപും എല്ലാം മദ്ബഹാഭിമുഖമായിട്ടാണ് കുർബാന അർപ്പിച്ചിരുന്നത്. ലത്തീൻ മിഷനറിമാർ ഇവിടെ ജനാഭിമുഖ കുർബാന കൊണ്ടു വരുകയോ സീറോ മലബാറിൽ അടിച്ചേൽപ്പിയ്കുകയോ ചെയ്തിട്ടില്ല. കാരണം ലത്തീൻ സഭയിൽ തന്നെ ജനാഭിമുഖം എന്നൊരു പതിവ് ഇല്ലായിരുന്നു. മലയാളത്തിലെ ആദ്യ കുർബാന ക്രമം 1962 ഇൽ ആണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. പൂർണ്ണമായും മദ്ബഹാഭിമുഖമായിട്ടാണ് 62 ലെ കുർബാന നടത്തിയിരുന്നത്. 62 ലെ കുർബാന പൂർണ്ണ അംഗീകാരമുള്ളതായിരുന്നു. 1968ഇൽ പരീക്ഷണാർത്ഥം താൽക്കാലിക അംഗീകാരത്തോടെ മറ്റൊരു കുർബനക്രമം നിലവിൽ വന്നു. ഇതിൽ കുർബനയുടെ ആദ്യഭാഗം ജനാഭിമുഖമായി അർപ്പിയ്ക്കുന്നതിനെ ഓപ്ഷണലായി അനുവദിച്ചിരുന്നു. എങ്കിലും 68 ലെ കുർബാനയും 70 കളുടെ പകുതിവരെ ഈ കുർബാനയും പൂർണ്ണമായും മദ്ബഹാഭിമുഖമായിട്ടാണ് അർപ്പിച്ചു പോന്നത്.


                    ലത്തീൻ സഭയെ അനുകരിച്ച് 1970 കളുടെ രണ്ടാം പകുതിയിലാണ് ജനാഭിമുഖ കുർബാന ചില രൂപതകളിൽ പ്രചരിപ്പിയ്ക്കപ്പെടുന്നത്. ഇവിടെയും മനസിലാക്കേണ്ട വസ്തുത ജനാഭിമുഖമായി കുർബാന അർപ്പിയ്ക്കണമെന്നുള്ള നിർദ്ദേശം ആരും കൊടുത്തിരുന്നില്ല എന്നതാണ്. ഭാഗികമായി മാത്രം (വായനവരെ) ജനാഭിമുഖമായി അർപ്പിയ്ക്കുവാൻ അനുവദിയ്ക്കുന്ന 68 ലെ കുർബാന ഔദ്യോഗിക അനുവാദമോ നിർദ്ദേശമോ കൂടാതെയാണ് പൂർണ്ണമായും ജനാഭിമുഖമായി അർപ്പിച്ചു തുടങ്ങിയത്.
 
                 ആദ്യ നൂറ്റാണ്ടുകളിൽ ജനാഭിമുഖമായി ബലി അർപ്പിയ്ക്കുന്ന രീതി ഉണ്ടായിരുന്നെന്ന് ചിലർ വാദിയ്ക്കുന്നുണ്ടെങ്കിലും അതിനു തെളിവുകളൊന്നുമില്ല, കിഴക്കിനഭിമുഖമായ ബലി അർപ്പണത്തിനാവട്ടെ സഭാപാരമ്പര്യത്തിലും, സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളീലും, ചരിത്രപുസ്തകങ്ങളിലും തെളിവുകൾ ധാരാളമുണ്ടു താനും.
അതുകൊണ്ട് ജനാഭിമുഖ വാദികൾ മനസിലാക്കേണ്ട വസ്തുത സീറോ മലബാർ സഭയുടെ ജനാഭിമുഖ പാരമ്പര്യത്തിന് 1975 മുതൽ 2016 വരെ അതായത് 41 വർഷത്തെ പാരമ്പര്യം മാത്രമാണ് ഉള്ളത് എന്നാണ്. ലത്തീൻ സഭയിലാകട്ടെ ഇത് 1920 മുതൽ 2016 വരെ 96 വർഷം മാത്രവും. 2000 വർഷം പഴക്കമുള്ള സഭയിലാണ് ചിലർ 100 വർഷം പോലും പഴക്കമില്ലാത്ത ദൈവശാസ്ത്രത്തിന്റെയോ പാരമ്പര്യത്തിന്റെയോ വേദപുസ്തകത്തിന്റെ പിന്തുണയില്ലാത്ത "ജനാഭിമുഖം" എന്ന കുർബാന അർപ്പണ രീതിയ്ക്കുവേണ്ടീ മുറവിളി കൂട്ടുന്നത് എന്നതിനെ "തമാശ" ആയി തോന്നുന്നു.

(ഞാൻ ഇപ്പറഞ്ഞതിനെ ഖണ്ഡിയ്ക്കുന്ന എന്തെങ്കിലും തെളിവുകൾ എവിടെയെങ്കിലുമുണ്ടെങ്കിൽ അറിയീയ്ക്കുവാൻ താത്പര്യപ്പെടുന്നു.)

No comments:

Post a Comment