Tuesday, October 11, 2016

വിശുദ്ധകുർബാന കൈക്കൊള്ളൽ

യാതൊരു വിധ ഹോം വർക്കും ചെയ്യാതെ ശാലോം നിത്യസത്യമെന്ന നിലയിൽ അവതരിപ്പിയ്ക്കുന്ന ചരിത്ര നിഷേധമാണ് ഈ ലേഖനം.
http://www.sundayshalom.com/?p=8304


മറ്റു സഭകളൂടെ കാര്യം അറിയില്ല. മാർ തോമാ നസ്രാണികൾ കൈയ്യിലാണ് കുർബാന സ്വീകരിച്ചിരുന്നത്. പൗരസ്ത്യ സുറിയാനിക്കാർ കൈയ്യിലാണ് കുർബാന സ്വീകരിച്ചിരുന്നത്.

മാർ നർസായി (c.399–c.502) പറയുന്നത് വലതു കരം ഇടതുകൈയ്യുടെ മുകളിൽ കുരിശാകൃതിയിൽ പിടിച്ച് കുർബാന സ്വീകരിയ്ക്കണമെന്നാണ്. കുർബാന നാവിൽ സ്വീകരിച്ചു എന്നതിന് ഇതിലും പഴയ തെളിവ് ശാലോമിനു കാണിയ്ക്കുവാനുണ്ടോ?

വിശുദ്ധ ജോൺ ക്രിസൊസ്തോം (c. 349 – 407) കുർബാന സ്വീകരണത്തിനു കൊടുക്കുന്ന നിർദ്ദേശം ഇടതു കൈപ്പത്തി വലതു കൈപ്പത്തിയ്ക്കു സിംഹാസനം പോലെ പിടിച്ച് മിശിഹാ തമ്പുരാനെ സ്വീകരിയ്ക്കണമെന്നാണ്. പൗരസ്ത്യ സുറിയാനിക്കാരുമാത്രമല്ല കൈയ്യിൽ കുർബാന സ്വീകരിച്ചതെന്നു തെളിയുന്നു. കുർബാന നാവിൽ സ്വീകരിച്ചു എന്നതിന് ഇതിലും പഴയ തെളിവ് ശാലോമിനു കാണിയ്ക്കുവാനുണ്ടോ?

മദർ തെരേസയ്ക്ക് കൈയ്യിൽ കുർബാന സ്വീകരിയ്ക്കുന്ന കാഴ്ച ദുഖകരമായി തോന്നിയിട്ടുണ്ടെങ്കിൽ മതിയായ ഒരുക്കത്തോടെയും ബഹുമാനത്തോടെയും അല്ലാതെ കുർബാന സ്വീകരിയ്ക്കുന്നതു കണ്ടതുകൊണ്ടാവും. അല്ലെങ്കിൽ നാവിലല്ലാതെ കുർബാന സ്വീകരിയ്ക്കുന്നത് പരിചയമില്ലാത്തതുകൊണ്ടാവും.

നമ്മുടെ കുർബാനയിൽ കുർബാന സ്വീകരണം കഴിഞ്ഞുള്ള ദൈവജനത്തിന്റെ നന്ദിപ്രകാശന പ്രാർത്ഥനയിൽ "വിശുദ്ധ കുർബാന സ്വീകരിച്ച കൈകളെ ശക്തമാക്കണമെ" എന്നു പ്രാർത്ഥിയ്ക്കുന്നുണ്ട്.

ഇതൊന്നുമല്ല കുർബാന "കൈക്കൊള്ളുക" എന്ന പ്രയോഗം തന്നെ കൈകൊണ്ടു സ്വീകരിയ്ക്കുന്നതുകൊണ്ട് വന്നതാണ്.

എന്തൊക്കയായാലും കാലാനുശ്രുതമായി മാറ്റങ്ങൾ അനിവാര്യമായി വന്നേക്കാം. അജപാലന ആവശ്യങ്ങൾ കണക്കിലെടുത്തും, കുർബാനയുടെ ദുരുപയോഗം തടയുന്നതിനുമായും ചിലപ്പോൾ കുർബാന നാവിൽ കൊടുക്കുവാൻ സഭ നിർബന്ധിതമായി എന്നു വരാം. പക്ഷേ അത് ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടോ അസത്യം പ്രചരിപ്പിച്ചുകൊണ്ടോ ആവരുത്. മാർ പാപ്പാ മാരും പാശ്ചാത്യ മെത്രാന്മാരും ലത്തീൻ പാരമ്പര്യത്തെ കണക്കിലെടുത്തു പറയുന്ന വാചകങ്ങളെ സീറോ മലബാറും, കൽദായസഭയും ഒക്കെ ഉൾപ്പെടുന്ന "കത്തോലിയ്ക്കാ" എന്ന കൂട്ടായ്മയുടേതാക്കി ചിത്രീകരിയ്ക്കരുത്.

കുർബാന കൊടുക്കുവാൻ ഉപകരങ്ങളുമായി വരുന്നവരെ ശ്രദ്ധിച്ചുകൊള്ളുക. ദൈവീക രഹസ്യങ്ങളെ ലോകത്തിന് അനുരൂപരാക്കുന്നവരാണ് അവർ. അവരിൽ നിന്ന് ഓടി അകന്നുകൊള്ളുക. കുർബാന അതു കൂദാശ ചെയ്തു തന്ന കാർമ്മികന്റെ, തന്നെത്തന്നെ വിഭജിച്ചു തന്ന മിശിഹായുടെ പ്രതിനിധിയുടെ കൈകളിൽ നിന്നു വേണം സ്വീകരിയ്ക്കാൻ എന്നാണ് എന്റെ ആഗ്രഹം. അത് സമയക്കുറവിന്റെ പേരിൽ ശെമ്മാശന്മാരെയും, കന്യാസ്ത്രി അമ്മമാരെയും അൽമായരേയും ഏൽപ്പിയ്ക്കുന്നതും ഉപകരണങ്ങളെ ഏൽപ്പിയ്ക്കുന്നതിലും വലിയ വ്യത്യാസം കാണുന്നില്ല.

No comments:

Post a Comment