Friday, February 10, 2017

വാങ്ങി ഭക്ഷിയ്ക്കുവിൻ

എല്പിച്ചു തന്നെ കൊടുക്കേണ്ട രാത്രിയിൽ
രക്ഷകൻ ശിഷ്യരോടായ്
കൈകളിൽ അപ്പമെടുത്തു മുറിച്ചുകൊ-
ണ്ടിപ്രകാരം പറഞ്ഞു.
നിങ്ങൾക്കുവേണ്ടി നുറുങ്ങുവാനായുള്ള
എന്റെ ശരീരമിതാ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജുച്ചിടുക

നിന്നിൽ അലിയുവാൻ അല്ലായിരുന്നെങ്കിൽ ഞാനെന്തിനപ്പമായി!
കണ്ണിന്നു കാണുവാനായിരുന്നെങ്കിൽ ഞാൻ
കനകമായ് മാറിയേനേ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജിച്ചിടുക.


സ്രാപ്പേന്മാർ കയ്യാലെടുക്കാൻ ഭയക്കുന്ന
ജീവന്റെ അപ്പമിതാ
പുത്രനെ നൽകുവാനത്രയും സ്നേഹിച്ച
താതന്റെ മന്നയിതാ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജിച്ചിടുക.

കൈക്കൊള്ളാം അഗ്നിയെ, സ്നേഹത്തീക്കട്ടയെ.
കുർബാനയ്ക്ക് കൊടുക്കാം
ജീവന്റെ ഔഷധം സേവിച്ചു സേവിച്ച്
വരുവിൻ അമർത്യരാകാം.
അവനെന്നിലാകുവാൻ ഞാനെന്നുമവനിലും
അവസാനം ഉയിരുനേടാൻ.

അനുരൂപണത്തിന്റെ ആട്ടിൻ തോല്

കോവിലെന്നാരും കരുതിപ്പോം പള്ളികൾ 
വിരിവച്ചു വേർതിരിച്ചിട്ട ശ്രീകോവിലും 
ശുദ്ധം വരുത്തുവാൻ പള്ളിക്കുളങ്ങളും 
നാടിനെ ചാലിച്ചു ചേർത്ത സ്ലീവാകളും 

കൽവിളക്കെരിയുന്ന സ്ലീവാത്തറകളെ 
ഊർവലം വയ്ക്കുന്ന ചെണ്ടപ്പെരുക്കക്കങ്ങൾ
ഊട്ട് തമുക്ക് പാച്ചോറു നേർച്ചകൾ 
കോഴിയേം മാടിനേം പള്ളിയ്ക്കു നേർന്നവർ 

ഓലക്കുരുന്നുകൊണ്ടോശാന ഞായറും 
വഴണയില മണമുള്ള ഉയർപ്പു മേളങ്ങളും 
പിറവിപ്പെരുന്നാളിനാഴി കത്തിയ്ക്കലും 
പിണ്ടിപ്പെരുന്നാളിൽ മുങ്ങിക്കുളിക്കലും

താമരയിലയിലായ് അപ്പം പൊതിഞ്ഞവർ
പുലയും പുലകുളി-ചാത്തം കഴിച്ചവർ
പട്ടുനൂലിഴയിട്ട വേളിച്ചരടിന്മേൽ
സ്ലീവായെച്ചേർത്തുള്ള താലി അണിഞ്ഞവർ

മാല്യംകരയ്ക്കു പണ്ടാര്യന്മാരെത്തിയ
കാലത്തിൻ മുൻപേ വേദം കൈക്കോണ്ടവർ
ബൗദ്ധരും ചേരരും വന്ദനം ചൊല്ലിയ
മണ്ണിന്റെ മണമുള്ള മാർഗ്ഗം ചരിച്ചവർ

ഒരുനേരം നിൽക്കലും, നോയമ്പു നോക്കലും 
ഭജന ഇരിയ്ക്കലും തീർത്ഥാടനങ്ങളും 
ദ്രാവിഡത്തനിമയോടിഴുകി സുറിയാനിയും 
അതിനൊത്ത പേരുകൾ വേഷഭൂഷാദികൾ 

മുത്തിയും മുത്തപ്പനും വല്യച്ചനും 
മാത്തനും തൊമ്മനും അന്ന മറിയാമ്മമാർ 
തമ്പുരാനേ മലങ്കരയുടേതല്ലെന്നു 
വെളിവുള്ള വല്ലോരും നിരുമിച്ചു പോകുമോ 

അനുരൂപണത്തിന്റെ തോലും പുതച്ചുകൊ- 
ണ്ടീവഴി വന്നു പോയേക്കരുതെന്നു നീ 
കൊടിമരക്കൊമ്പത്തിരിയ്ക്കുന്ന പൈങ്കിളീ 
പറങ്കികൾ അവരോടു പോയ്‌പ്പറഞ്ഞേക്കുക