Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, February 4, 2018

പള്ളിപ്പെരുന്നാൾ

പള്ളിപ്പെരുന്നാളിൻ തിക്കിത്തിരക്കത്തിൽ
കൈക്കാരനാമൊരാൾ ഗബ്രിയേൽ ദൂതനോ-
ടങ്ങോട്ടൂ മാറുവിനെന്നു പറഞ്ഞതു
കണ്ടൊരു പാതിരി മൂശനിവ്യന്മാരെ
മൂലയ്ക്കൊതുക്കി നിറുത്തിയതിൻ പിന്നെ
ചൂലുമായ് വന്നൊരാൾ മുണ്ടും തെറുത്തിട്ടു
ബേസ്കുദിശായിലെ മാറാല തൂക്കവേ
പൂക്കളുമായ് വന്ന കന്യാത്രിയമ്മയോ
ഒക്കെയും വച്ചിട്ടൊരൾത്താര ബാലനെ
ത്രോണോസിൻ മേലേറ്റി പൂക്കൾ നിരത്തുവി-
നെന്നു മൊഴിഞ്ഞിട്ടു വന്ന വഴിയ്ക്കു പോയ്

Thursday, February 1, 2018

ഗാഗുൽത്താ

ഉയിരിൻ നാമ്പുകളോലും സ്ലീവാമരം
ഉറവകൊള്ളുന്നൊരു യോർദ്ദാൻ നദി
രുധിരമിറങ്ങി നിറഞ്ഞ കാസാ
ഗാഗുൽത്തായിൽ ഒരാട്ടിടയൻ

ഇരുളിന്റെ നിഴൽ വീണ തലയോടിടം
കാണുന്നു ജീവന്റെ സൂര്യോദയം
ഗാഗുൽത്താ പാടിയാടൂം കഥയിൽ
 മരണത്തിൻ തല തകരും സ്ലീവാജയം

ഇടയന്റെ കരളിൽ നിന്നുറവകൊണ്ടു
ആത്മസ്നാനത്തിന്റെ യോർദ്ദാൻ നദി
ഏദേനിൽ ആദം അഴിച്ചുവച്ച
ചേല ചൂടിയ്ക്കുന്ന യോർദ്ദാൻ നദി


ഗാഗുൽത്താമലയിൽ അന്നാണികളിൽ
ഇടയനൊരുക്കി വിരുന്നു മേശ.
കാട്ടരുവി തിരയുന്ന മാൻ കുരുന്നേ
നിത്യമാം ജീവന്റെ കാസയിതാ

അജഗണം കാണുന്നു മദ്ബഹായിൽ
കറകഴുകും ഇടയന്റെ ഹൃദയരക്തം.
നിറയുന്നു പള്ളിക്കൽതൊട്ടികളിൽ
യോർദ്ദാൻ നദിയിലെ പുണ്യതീർത്ഥം.

Friday, February 10, 2017

വാങ്ങി ഭക്ഷിയ്ക്കുവിൻ

എല്പിച്ചു തന്നെ കൊടുക്കേണ്ട രാത്രിയിൽ
രക്ഷകൻ ശിഷ്യരോടായ്
കൈകളിൽ അപ്പമെടുത്തു മുറിച്ചുകൊ-
ണ്ടിപ്രകാരം പറഞ്ഞു.
നിങ്ങൾക്കുവേണ്ടി നുറുങ്ങുവാനായുള്ള
എന്റെ ശരീരമിതാ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജുച്ചിടുക

നിന്നിൽ അലിയുവാൻ അല്ലായിരുന്നെങ്കിൽ ഞാനെന്തിനപ്പമായി!
കണ്ണിന്നു കാണുവാനായിരുന്നെങ്കിൽ ഞാൻ
കനകമായ് മാറിയേനേ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജിച്ചിടുക.


സ്രാപ്പേന്മാർ കയ്യാലെടുക്കാൻ ഭയക്കുന്ന
ജീവന്റെ അപ്പമിതാ
പുത്രനെ നൽകുവാനത്രയും സ്നേഹിച്ച
താതന്റെ മന്നയിതാ
കൈനീട്ടുക, കൈക്കൊള്ളുക
വാങ്ങി‌ ഭുജിച്ചിടുക.

കൈക്കൊള്ളാം അഗ്നിയെ, സ്നേഹത്തീക്കട്ടയെ.
കുർബാനയ്ക്ക് കൊടുക്കാം
ജീവന്റെ ഔഷധം സേവിച്ചു സേവിച്ച്
വരുവിൻ അമർത്യരാകാം.
അവനെന്നിലാകുവാൻ ഞാനെന്നുമവനിലും
അവസാനം ഉയിരുനേടാൻ.

അനുരൂപണത്തിന്റെ ആട്ടിൻ തോല്

കോവിലെന്നാരും കരുതിപ്പോം പള്ളികൾ 
വിരിവച്ചു വേർതിരിച്ചിട്ട ശ്രീകോവിലും 
ശുദ്ധം വരുത്തുവാൻ പള്ളിക്കുളങ്ങളും 
നാടിനെ ചാലിച്ചു ചേർത്ത സ്ലീവാകളും 

കൽവിളക്കെരിയുന്ന സ്ലീവാത്തറകളെ 
ഊർവലം വയ്ക്കുന്ന ചെണ്ടപ്പെരുക്കക്കങ്ങൾ
ഊട്ട് തമുക്ക് പാച്ചോറു നേർച്ചകൾ 
കോഴിയേം മാടിനേം പള്ളിയ്ക്കു നേർന്നവർ 

ഓലക്കുരുന്നുകൊണ്ടോശാന ഞായറും 
വഴണയില മണമുള്ള ഉയർപ്പു മേളങ്ങളും 
പിറവിപ്പെരുന്നാളിനാഴി കത്തിയ്ക്കലും 
പിണ്ടിപ്പെരുന്നാളിൽ മുങ്ങിക്കുളിക്കലും

താമരയിലയിലായ് അപ്പം പൊതിഞ്ഞവർ
പുലയും പുലകുളി-ചാത്തം കഴിച്ചവർ
പട്ടുനൂലിഴയിട്ട വേളിച്ചരടിന്മേൽ
സ്ലീവായെച്ചേർത്തുള്ള താലി അണിഞ്ഞവർ

മാല്യംകരയ്ക്കു പണ്ടാര്യന്മാരെത്തിയ
കാലത്തിൻ മുൻപേ വേദം കൈക്കോണ്ടവർ
ബൗദ്ധരും ചേരരും വന്ദനം ചൊല്ലിയ
മണ്ണിന്റെ മണമുള്ള മാർഗ്ഗം ചരിച്ചവർ

ഒരുനേരം നിൽക്കലും, നോയമ്പു നോക്കലും 
ഭജന ഇരിയ്ക്കലും തീർത്ഥാടനങ്ങളും 
ദ്രാവിഡത്തനിമയോടിഴുകി സുറിയാനിയും 
അതിനൊത്ത പേരുകൾ വേഷഭൂഷാദികൾ 

മുത്തിയും മുത്തപ്പനും വല്യച്ചനും 
മാത്തനും തൊമ്മനും അന്ന മറിയാമ്മമാർ 
തമ്പുരാനേ മലങ്കരയുടേതല്ലെന്നു 
വെളിവുള്ള വല്ലോരും നിരുമിച്ചു പോകുമോ 

അനുരൂപണത്തിന്റെ തോലും പുതച്ചുകൊ- 
ണ്ടീവഴി വന്നു പോയേക്കരുതെന്നു നീ 
കൊടിമരക്കൊമ്പത്തിരിയ്ക്കുന്ന പൈങ്കിളീ 
പറങ്കികൾ അവരോടു പോയ്‌പ്പറഞ്ഞേക്കുക

Friday, November 25, 2016

സെഹിയോനിലെ പാട്ട്



അലരിമരത്തിന്റെ ചില്ലയിൽ ഞാനെന്റെ കിന്നരം തൂക്കിയിട്ടു
ബാബേൽ നദിയുടെ തീരത്തിരുന്നു ഞാൻ ഹൃദയമുരുകി കരഞ്ഞു.
ഓർശ്ലേമേ നിന്നെ മറന്നു ഞാൻ പോയാൽ
വലം കരമെന്നെയും മറന്നു പോട്ടേ
ഓർശ്ലേമേ നിന്നെ ഞാൻ ഓർക്കാതിരുന്നാൽ
നാവൊട്ടി ഞാൻ ഊമയായിടട്ടെ

നുരയുന്ന ചഷകങ്ങൾ നിറയമ്പോൾ അവരെന്നെ പാട്ടുപാടാൻ വിളിച്ചു
സെഹിയോനിനെ ഒരു പാട്ടൊന്നു പാടുവിൻ; അവരെന്നോടു പറഞ്ഞു.
അവിടുത്തെ പരിശുദ്ധ മലയിലെ പാട്ടുകൾ
ഇവിടെ ഞാൻ എങ്ങനെ ആലപിയ്ക്കും
മദിരോത്സവത്തിന്റെ ഈ കൂത്തരങ്ങിൽ
എങ്ങനെ നിൻ ഗീതം ആലപിയ്ക്കും.

ദുരിതത്തിൻ കാലങ്ങൾക്കറുതിയാകും; പിന്നെ ഞാൻ ഓർശ്ലേമിൽ ചെന്നു ചേരും.
കർത്താവിൻ പാവന മന്ദിരത്തിൽ സങ്കീർത്തനങ്ങൾ ഞാൻ ആലപിയ്ക്കും
(inspired from psalm 136)

Thursday, July 28, 2016

മാർഗ്ഗം

താതനാം മാർത്തോമ്മായേ
നിണമാർന്ന നിൻ വിരലാലേ
ഞാന്റെ കർത്താവിന്റെ
തിരുവിലാവിലിതാ കൈതൊടുന്നേൻ

മാർത്തോമ്മൻ കാണിച്ച മാർഗ്ഗം
നിത്യമാം ജീവന്റെ മാർഗ്ഗം
താതനിലേയ്ക്കുള്ള മാർഗ്ഗം
അവതാരം കൈക്കൊണ്ട വചനം

മരണത്തിൽ താഴ്വര തന്നിൽ
പാർത്തവർ കണ്ട വെളിച്ചം
ഇരുൾ നീക്കും സത്യപ്രകാശം
ഉന്നതത്തിൽ നിന്നുള്ള ഉദയം

മാർത്തോമ്മൻ തൻ നന്മയാലെ
തെളിവാർന്ന ബോധത്തിനാലേ
ഞാനെന്റെ കർത്താവിന്റെ
തിരുമുൻപിലിതാ കൈതൊഴുന്നേൻ.