Sunday, December 8, 2019

ശ്ലീഹന്മാരുടെ ആരാധാനാക്രമം മലങ്കരയിൽ -1

മൂന്നു തെറ്റിദ്ധാരണകളെയാണ് പരിശോധിയ്ക്കേണ്ടത്. 1. പൗരസ്ത്യ സുറിയാനീ ആരാധനാക്രമം രൂപം കൊണ്ടത് 4 ആം നൂറ്റാണ്ടിലാണ് 2. പൗരസ്ത്യസുറിയാനീ ആരാധനാക്രമം കൊണ്ടുവന്നത് 4 ആം നൂറ്റാണ്ടിൽ ക്നായിത്തൊമ്മൻ ആണ്. 3. നാലാം നൂറ്റാണ്ടിനു മുൻപ് ഇവിടെ തദ്ദേശീയമായ ഒരു ആരാധനാക്രമം നിലവിൽ നിന്നിരുന്നു.

1. പൗരസ്ത്യ സുറിയാനീ രൂപം കൊണ്ടത് ആരാധനാക്രമം 4 ആം നൂറ്റാണ്ടിലാണ്!
ഏതാണ് എല്ലാ ആരാധനാക്രമങ്ങളും അതിന്റെ പക്വമായ ഒരു രൂപത്തിലേയ്ക്ക് എത്തുന്നത് നാലാം നൂറ്റാണ്ടിലാണ്. അതിനു മുൻപ് ആരാധനാക്രമം കൃത്യമായ ഒരു രൂപത്തിൽ അല്ലായിരുന്നു. എന്നാൽ ഇതിന്റെ ഒരു ഏകദേശരൂപം നമുക്ക് യഹൂദ ആരാധനയും, നടപടിപ്പുസ്തകവും ആദ്യ നൂറ്റാണ്ടുകളിലെ രചനകളൂം പരിശോധിച്ചാൽ മനസിലാകുന്നതാണ്. നാലാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനീ ആരാധാനാക്രമം രൂപം കൊണ്ടത് 4 ആം നൂറ്റാണ്ടിലാണ് എന്നു പറയുമ്പോൾ അതിനു മുൻപ് പൗരസ്ത്യസുറീയാനീ ആരാധനാക്രമം നിലവിൽ ഉണ്ടായിരുന്നില്ല എന്ന അർത്ഥമില്ല.
കേരളസംസ്ഥാനം നിലവിൽ വന്നത് 1956ൽ ആണ് എന്നു പറയുമ്പോൾ അതിനുമുൻപ് ഒരു കേരളം ഉണ്ടായിരുന്നില്ല എന്ന അർത്ഥമില്ലല്ലോ. അശോകചക്രവർത്തിയുടെ കാലം മുതൽക്കെങ്കിലും നമുക്ക് കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. സംഘകാലകൃതികളിലും കേരളമുണ്ട്. ഇന്നു നമ്മൾ ഉപയോഗിയ്ക്കുന്ന മലയാള ലിപിയ്ക്കു തന്നെ 9 ആം നൂറ്റാണ്ടു വരെ എങ്കിലും പഴക്കമുള്ളതായി രേഖകൾ (വാഴപ്പള്ളി ശാസനം ) ഉണ്ട്. അതായത് നൂറ്റാണ്ടുകൾ നിലനിന്നിരുന്ന ഒരു സംസ്കൃതിയെ, ഭാഷയെ, വിവിധ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഒരു പ്രദേശത്തെ കേരളം എന്ന കൃത്യമായ അതിർവരമ്പുകൾ ഉള്ള, പൊതുവായ നിയമങ്ങളും പൊതു ഭരണസംവിധാനവുമുള്ള ഒരു പ്രദേശമായി രൂപപ്പെടുത്തിയത് 1956 ൽ ആണ്. ഇത്രമാത്രമേ പൗരസ്ത്യസുറീയാനീ ആരാധനാക്രമം രൂപം കൊള്ളൂന്നത് 4 ആം നൂറ്റാണ്ടിൽ ആണെന്നു പറയുമ്പോൾ അർത്ഥമുള്ളൂ.
എല്ലാ ആരാധനാക്രമവും യൂദ ദൈവാരാധനയുടെ തുടർച്ചയും ക്രൈസ്തവ പശ്ചാത്തലത്തിൽ ഉള്ള അവയുടെ വളർച്ചയുമാണ്. യൂദരുടെ ആരാധനയെ മൂന്നു തലത്തിൽ നമുക്ക് കാണാം. 1. ഓർശ്ലേം ദേവാലയത്തിൽ ഉള്ള വിവിധങ്ങളായ ബലിയർപ്പണങ്ങൾ 2. സിനഗോഗു കേന്ദ്രീകൃതമായ വായനകൾ 3. വീടുകളിലുള്ള അപ്പം മുറിയ്ക്കൻ ശുശ്രൂഷകൾ. ഓർശ്ലേം ദേവാലയത്തിൽ ജനങ്ങൾ വിവിധങ്ങളായ കാഴ്ചകളൂം ബലികളും അർപ്പിച്ചിരുന്നു. ഇത് അവരുടെ ആചാരമര്യാദയാണ്. നിയതമായ പ്രാർത്ഥനകൾ ഇവയ്ക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നില്ല. അതേ സമയം വിശുദ്ധ സ്ഥലത്തും അതിവിശുദ്ധസ്ഥലത്തും ഹീബ്രുവിൽ, പുരോഹിതൻ പ്രാർത്ഥിച്ചിരിയ്ക്കാം. അതായത് ഹീബ്രുവിൽ അവിടെ ഒരു ആരാധനാക്രമസാധ്യതയുണ്ട്. സിനഗോഗുകളിൽ വായനകളാണ് ഉണ്ടായിരുന്നത്. നിയമവും പ്രവാചകഗ്രന്ഥങ്ങളും അവർ വായിച്ചിരുന്നു. ഹീബ്രുവിലോ അറമായയിലോ ആയിരുന്നു വായനകൾ. വീടൂകളിലുള്ള അപ്പം മുറിയ്ക്കൽ ശുശ്രൂഷകൾക്ക് നിയതമായ രൂപം ഉണ്ടായിരുന്നു. അറമായ ഭാഷയിൽ ആയിരുന്നു ഇതു നടന്നിരുന്നത്. ഈ മൂന്നു സ്ഥലങ്ങളീലും സങ്കീർത്തനാലാപനം നടന്നിരുന്നു.
യൂദ ദൈവാരാധനയുടെ പിന്തുടർച്ചയായ ക്രൈസ്തവ ലിറ്റർജിയിലും ഈ ഘടകങ്ങളെല്ലാം കണ്ടെത്തുവാൻ കഴിയും. സങ്കീർത്തനാലാപനം, വായനകൾ, അപ്പം മുറിയ്ക്കൽ. നടപടിപ്പുസ്തകത്തിലെ സൂചനകൾ അനുസരിച്ച് യൂദരിലെ നസ്രായ വിഭാഗം ഓർശ്ലേം ദേവാലയത്തിലെ കർമ്മങ്ങളീലും ആചാരമര്യാദകളിലും പങ്കെടുത്തിരുന്നു. വിശ്വാസം സ്വീകരിച്ച വിജാതീയരേയും യഹൂദ ക്രമങ്ങൾ അനുവർത്തിയ്ക്കുവാൻ നിർബന്ധിച്ചിരുന്നു. ഇതിന് അയവു വരുന്നത് ഓർശ്ലേം സൂനഹദോസിൽ വച്ചാണ്. അവിടെ വച്ച് ഭക്ഷണക്രമത്തിൽ ഇളവുകൾ ചെയ്തുകൊണ്ടുത്തു. ക്രൈസ്തവർ സിനഗോഗുകളിൽ നിന്ന് പുറത്താക്കപ്പെടുന്നതു വരെ അവർ സിനഗോഗിലെ ശൂശ്രൂഷകളിലും പങ്കുകൊണ്ടീരുന്നു. അപ്പം മുറീയ്ക്കൽ വീടുകളീൽ നടത്തിയിരുന്നതിനാൽ അത് അതേപടി തുടരുകയും സിനഗോഗിൽ നിന്നു പുറത്താക്കപ്പെട്ടതിനാൽ വായനയുടെ ഭാഗവും അവരുടെ അപ്പം മുറീയ്ക്കൽ ശുശ്രൂഷയുടേതായിത്തിർന്നിരിയ്ക്കാം.
ആദ്യ നൂറ്റാണ്ടിൽ അറമായ ഭാഷയിലാണ് അപ്പം മുറീയ്ക്കൽ ശുശ്രൂഷകൾ നടന്നിരുന്നത്. കാരണം അറമായ യഹൂദരുടെ സാധാരണഭാഷ ആയിരുന്നു. രണ്ടാം നൂറ്റാണ്ടിലാണ് ഗ്രീക്കിലും കോപ്റ്റിയ്ക്കും ആരാധനാക്രമം ഉണ്ടാവുന്നത്. ഇതും പുതിയതായി എഴുതി ഉണ്ടാക്കിയതല്ല. യഹൂദ ദൈവാരാധനായുടെ തുടർച്ചയായ ഓർശ്ലേമിലെ അറമായ ക്രമത്തിന്റെ ഗ്രീക്ക്-കോപ്റ്റിക് പ്രദേശങ്ങളിലെ സ്വാഭാവികമായ വളർച്ചയായി കണക്കാക്കിയാൽ മതി. ചുരുക്കത്തിൽ അറമായയുടേ സ്വാധീനം കൂറഞ്ഞ, യഹൂദപശ്ചാത്തലം ഇല്ലാത്ത, യഹൂദസ്വാധീനം ദുർബ്ബലമായ പ്രദേശങ്ങൾ അറമായ അരാധനക്രമത്തെ പ്രാദേശിക ഭാഷകളിലേയ്ക്ക് മൊഴിമാറ്റി ഉപയോഗപ്പെടുത്തി.
പൗരസ്ത്യ സുറീയാനീ ആരാധനാക്രമം വളർന്നതും വികാസം പ്രാപിച്ചതും യൂദസ്വാധീനമുള്ള അറമായ ഭാഷയുടെ സ്വാധീനം ശക്തമായി നിലനിന്നിരുന്ന പ്രദേശങ്ങളിലണ്. ഓർശ്ലേം ദേവാലയം തകർക്കപ്പെടുകയും റോമാ സാമ്രാജ്യത്തിൽ മത പീഠനം ശക്തമവുകയും ചെയ്തപ്പോൾ പാലായനം ചെയ്ത യൂദരുടേയും യൂദക്രിസ്ത്യാനികളുടേയും വരവ് റോമ്മാ സാമ്രാജ്യത്തിനു വെളിയിലുള്ള പൗരസ്ത്യസുറീയാനീ പ്രദേശങ്ങളെ അറമായപശ്ചാത്തലത്തിലും യഹൂദലിറ്റർജിയുടെ സ്വാധീനത്തിലും വളരുവാനും നിലനിൽക്കുവാനും സഹായിച്ചു.
യൂദ അറമായ ഭാഷയുടെ ക്രൈസ്തവരുടെ ഇടയിലെ വളർച്ചയാണ് ക്രിസ്ത്യൻ അറമായിക് അഥവ സുറീയാനീ. അറമായ ഭാഷയെ ഗ്രീക്കുകാർ വിളിച്ചിരുന്നത് സിറിയക്ക് അഥവാ സുറീയാനീ (സുർയായാ) എന്നാണ്. പഴയനിയമത്തിന്റെ ഗ്രീക്ക്-ഹീബ്രൂ മൂലങ്ങൾ താരതമ്യം ചെയ്താൽ ഇതു മനസിലാവുന്നതാണ്.
പൗരസ്ത്യസുറിയാനീക്കാരുടെ ഒന്നാമത്തെ അനാഫൊറ (കൂദാശ) ആയ ശ്ലീഹന്മാരുടെ അനാഫൊറ പരിശോധിച്ചാൽ അതിന്റെ യൂദപശ്ചാത്തലവും യഹൂദരുടെ അപ്പം മുറീയ്ക്കൾ ശൂശ്രൂഷയുമായുള്ള ബന്ധവും യഹൂദരുടെ വാഴ്ത്തൽ പ്രാർത്ഥനകളുമായുള്ള സാമ്യവും മനസിലാവും.
ചുരുക്കത്തിൽ പൗരസ്ത്യ സുറീയാനീ ലിജിറ്റജി യഹൂദപശ്ചാത്തലിത്തിലും അറമായ അഥവാ സുറീയാനി ഭാഷയിലുമുള്ള യഹൂദലിറ്റർജിയുടെ പിന്തുടർച്ചയാണ്. അതിന്റെ ആരംഭത്തിനു മനുഷ്യാവതാരത്തേക്കാൾ പഴക്കവും ഉണ്ട്. അത് കൃതമായ ഒരു രൂപത്തിലേയ്ക്ക് എഴുതപ്പെട്ടത് 4 ആം നൂറ്റാണ്ടിൽ ആണെന്നേ പൗരസ്ത്യസുറീയാനി ലിറ്റർജി നാലാം നൂറ്റാണ്ടിൽ രൂപപ്പെട്ടൂ എന്നു പറയുമ്പോൾ അർത്ഥമുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു കൽദായ മെത്രാനോ അദ്ദായിയോ മാറിയോ തോമാശ്ലീഹാ തന്നെയോ ഒരു സുപ്രഭാതത്തിൽ "എന്നാൽ പുതിയ ഒരു കുർബാനക്രമം ഉണ്ടാക്കിയേക്കാം" എന്നു വിചാരിച്ച് ഉണ്ടാക്കിയതല്ല പൗരസ്ത്യസുറീയാനി ആരാധനാക്രമം.

Monday, October 7, 2019

അവൂൻ ദ്‌വശ്‌മയ്യാ


എമ്മേ ദമ്ശീഹാ


പൗരസ്തസുറിയാനീ സഭ ആരംഭകാലം മുതൽ ഉപയോഗിച്ചു പോന്ന പ്രയോഗമാണ് "എമ്മേ ദമ്ശീഹാ" അഥാവാ മിശിഹായുടെ അമ്മ എന്നുള്ളത്. അത് ബൈസ്റ്റാന്റിയത്തിൽ നെസ്തോറിയൻ പാഷണ്ഡത പൊട്ടിപ്പുറപ്പെടുന്നതിനു മുൻപും അങ്ങനെതന്നെ ആയിരുന്നു. മിശിഹായുടെ ദൈവസ്വഭാവത്തെക്കുറിച്ചോ മനുഷ്യസ്വഭാവത്തെക്കുറിച്ചോ റോമൻ സഭയുടേതിൽ നിന്നോ ഗ്രീക്കു സഭകളുടേതിൽ നിന്നോ വ്യത്യസ്ഥമായ ഒരു നിലപാടും പൗരസ്ത്യസുറിയാനീ സഭയ്ക്ക് ഉണ്ടായിരുന്നില്ലതാനും.  കാൽസിദോനിയൻ സൂഹനദോസിന്റെ നിലപാട് നെസ്തോറിയൻ യുക്തിയാണെന്ന് ആരോപിച്ചാണ് സിറിലിന്റെ നേതൃത്വത്തിലുള്ള അലക്സാണ്ട്രിയൻ പക്ഷം ആഗോളസഭാകൂട്ടായ്മയിൽ നിന്നു 

നെസ്തോറിയൻ പാഷണ്ഡതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റൊരു പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് http://mtnazrani.blogspot.com/2013/02/blog-post_17.html

എന്നാൽ ചില തത്പരകക്ഷികൾ ഇന്നും "മിശിഹായൂടെ മാതാവ്" എന്നു പറയുന്നത് നെസ്തോറിയൻ പാഷണ്ഢതയാണെന്ന മെനേസിയൻ യുക്തിയിൽ ഇന്നും ജീവിയ്ക്കുന്നുണ്ട്.

1994 നവംബർ 11നു അസീറിയൻ സഭയും (നെസ്തോറിയൻ സഭ എന്നു ചിലർ വിളിയ്ക്കുന്ന) കത്തോലിയ്ക്കാ സഭയും  തങ്ങളുടെ പൊതുപ്രസ്താവനയിൽ ഒപ്പുവച്ചു. അസീറീയൻ സഭയെ പ്രതിനിധീകരിച്ച് അവരുടെ പാത്രികർക്കീസ് മാർ ദെനഹാ നാലാമനും കത്തോലിയ്ക്കാ സഭയെ പ്രതിനിധീകരിച്ച് മാർ ജോൺ പോൾ പാപ്പായുമാണ് ഇതിൽ ഒപ്പുവച്ചിരിയ്ക്കുന്നത്. ഇതു പ്രകാരം പ്രയോഗത്തിൽ വ്യത്യാസമുണ്ടെങ്കിലും ക്രിസ്റ്റോളജി (മിശീഹാ ദൈവശാസ്ത്രം) തമ്മിൽ വ്യത്യാസമില്ലെന്ന് ഇരു കൂട്ടരും സമ്മതിയ്ക്കുന്നു. പൗരസ്റ്റ്യ സുറീയാനി സഭയുടെ "മിശീഹാ മാതാവ്" പ്രയോഗവും റോമൻ സഭയുടെ "ദൈവമാതാവ്" പ്രയോഗവും ഒരേ ദൈവശാസ്ത്രത്തെ പ്രതിഫലിപ്പിയ്ക്കുന്നൂ എന്നു സാരം.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വഴിത്തിരിവ് എന്താണെന്നു വച്ചാൽ നെസ്തോറിയസ് ഒരു നെസ്തോറിയൻ ആയിരുന്നില്ല എന്നുള്ള പണ്ഢിതരുടെ നിലപാടാണ്.



Ref:
1. Modern Interpretations of Nestorius - Carl E. Braaten (https://www.cambridge.org/core/journals/church-history/article/modern-interpretations-of-nestorius/AC033128F831AA6CBBE2AFE0A09607EE)
2. പൗരസ്ത്യ സുറിയാനി സഭയും നെസ്തോറിയനിസവും - മാർ അബ്രാഹാം മറ്റം
3. COMMON CHRISTOLOGICAL DECLARATION BETWEEN THE CATHOLIC CHURCH AND THE ASSYRIAN CHURCH OF THE EAST
http://www.vatican.va/roman_curia/pontifical_councils/chrstuni/documents/rc_pc_chrstuni_doc_11111994_assyrian-church_en.html


Friday, July 19, 2019

സുവിശേഷത്തിലെ ക്ഷമ

July 19, 2019  നു ഫേയിസ്ബൂക്കിൽ എഴുതിയത്
ആരോടാണു ക്ഷമിയ്ക്കേണ്ടത്? പശ്ചാത്തപിയ്ക്കാത്തവരോടു ക്ഷമിയ്ക്കണമോ? തെറ്റു തിരുത്താത്തവരോടു ക്ഷമിയ്ക്കണമോ എന്നൊക്കെയുള്ള ചില ചോദ്യങ്ങൾ കാണാൻ ഇടയായി.
ആത്യന്തികമായി മനുഷ്യനെ ദൈവമാക്കുക എന്നതാണ് സഭയുടെ ദൗത്യം. കേവലം ഒരു സാമൂഹിക വ്യവസ്ഥയ്ക്ക് അപ്പുറത്ത് ദൈവീകരണത്തിനാണ് വേദപുസ്തകം സംസാരിയ്ക്കുന്നത്. പിതാവിന്റെ പൂർണ്ണതയിലേയ്യ്ക്കുള്ള വളർച്ചയാണ് മാർഗ്ഗം. ത്രീത്വൈക കൂട്ടായ്മയുടെ സ്വർഗ്ഗീയ ഓറേശ്ലേം ആണ് മാർഗ്ഗത്തിന്റെ ലക്ഷ്യം.
ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ ദൈവീകരണപ്രക്രീയയിൽ നിങ്ങളൂടെ സഹോദരൻ തെറ്റുതിരുത്തിയോ പശ്ചാത്തപിച്ചോ എന്നതൊന്നും വിഷയമല്ല. അത് അവന്റെ ദൈവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സഭയുടെ സാമൂഹികമാനത്തിൽ സഹോദരനും പെടും, മാനവരാശി മുഴുവൻ ദൈവമക്കളുടെ സ്വാതന്ത്യത്തിലേയ്ക്കു വരുവാനാണ് സഭ സ്ഥാപിയ്ക്കപ്പെട്ടതു തന്നെ. അതുകൊണ്ട് സഹോദരന്റെ ദൈവീകരണം എന്റെ ബാധിയ്ക്കുന്ന സംഗതിയല്ല എന്ന് ഇവിടെ ഉദ്ദ്യേശിച്ചിട്ടില്ല. പക്ഷേ ഞാൻ എന്ന വ്യക്തിയുടെ ദൈവീകരണത്തിൽ അപരന്റെ പശ്ചാത്താപം, തെറ്റുതിരുത്തൽ, പ്രായശ്ചിത്തെം ചെയ്യൽ, ഏത്തമിടീൽ, ശൂലത്തേക്കേറൽ, തൂക്കില്ലൊല്ലൻ, രാജിവയ്ക്കൽ, സ്ഥാനമൊഴിയൽ ഇതിന്നും ബാധകമല്ല. ഞാൻ എന്ന വ്യക്തിയ്ക്ക് എപ്രകാരം ദൈവവുമായി അടൂക്കാം എന്നതാണു എന്റെ ദൈവീകരണ പ്രക്രിയയിലെ ചോദ്യം.
സുവിശേഷത്തിലേയ്ക്കു വന്നാൽ കർത്താവിന്റെ ക്ഷമ നിരുപാധികമായിരുന്നു എന്നു കാണാം. കുരിശിൽ കിടന്നു "ഇവിരോടു ക്ഷമിയ്ക്കണമേ" എന്നു പ്രാർത്ഥിയ്ക്കുമ്പോൾ ഇവരുടെ പശ്ചാത്താപം, ഇവരുടെ തെറ്റുതിരുത്താൽ ഒന്നും ക്ഷമയുടെ വിഷയമേ ആവുന്നില്ല. പാപിനിയായ സ്ത്രീയോട് അവളുടെ പൂർവ്വകാല പാപങ്ങളെക്കുറിച്ച് കർത്താവ് വിസ്തരിയ്ക്കുന്നില്ല.തളർവാത രോഗിയുടെ കാര്യത്തിൽ അവന്റെ പൂർവകാല പാപങ്ങളെ സംബന്ധിച്ച് കർത്താവ് വിചാരണ ചെയ്യുന്നില്ല. സക്കേവൂസിനോട് കർത്താവ് "വഞ്ചിച്ചത് തിരിച്ചുകൊടൂക്കുവാൻ" കർത്താവ് ആവശ്യപ്പെടുന്നില്ല.
ഉപാധികളോടെയുള്ള ക്ഷമ ആരാണ് കാണിയ്ക്കാത്തത്, കള്ളക്കടത്തുകാരും, രാഷ്ട്രീയക്കാരുമെല്ലാം അപ്രകാരം ചെയ്യുന്നുണ്ടല്ലോ. അതു തികച്ചും മാനുഷികമാണ്. ഉപാധികൾ ഇല്ലാതെയുള്ള ക്ഷമ ദൈവീകമാണ്.
ക്ഷമിയ്ക്കൽ തെറ്റുമായുള്ള കോമ്പ്രമൈസ് അല്ല. തെറ്റു ചെയ്തവനോടുള്ള ദൈവീകമായ സ്നേഹമാണ്, ആർദ്ദ്രതയാണ്. തെറ്റു ചെയ്തന്നവരോട് എങ്ങനെ പെരുമാറണം എന്നു കർത്താവ് പറയുന്നുണ്ട്. 1. ആദ്യം അവൻ ഒറ്റയ്ക്ക് ആയിരിയ്ക്കുമ്പോൾ പോയി അവന്റെ തെറ്റു ബോധപ്പെടുത്താൽ ശ്രമിയ്കുക 2. ഒന്നാമത്തെ ശ്രമത്തിൽ പരാജയപ്പെട്ടാൽ രണ്ടൂമൂന്നു പേരെ കൂട്ടിക്കൊണ്ടൂ പോയി തെറ്റു മനസിലാക്കുവാൻ ശ്രമിയ്ക്കുക 3. അതിലും പരാജയപ്പെട്ടാൻ സഭയിൽ തെറ്റു ബോധപ്പെടൂത്തുവൻ ശ്രമിയ്ക്കുക. 4. അതിലും പരാജയപ്പെട്ടാൻ അവനെ പരദേശിയെപ്പോലെ കരുതുക.
പരദേശിയോടുള്ള കരുതലും പ്രധാനപ്പെട്ടതാണ്. പരദേശിയ്ക്ക് എന്തെങ്കിലും ആവശ്യമാണെങ്കിൽ കൊടൂക്കേണ്ടി വരും. ദാഹിയ്ക്കുമ്പോൾ വെള്ളവും വിശക്കുമ്പോൾ ഭക്ഷണവും താമസിയ്ക്കുവാൻ സ്ഥലവും ഉടൂക്കാൻ വസ്ത്രവും. "ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു". (അതുകൊണ്ട് ചില്ലറ കെണിയിലൊന്നുമല്ല കർത്താവ് കൊണ്ടു പെടുത്തുന്നത് )
ഈ കരുതലിന്റെ കാര്യത്തിൽ ഇന്നു നാം വളരെ പിറകോട്ടു പോയീ എന്നു ഞാൻ കരുതുന്നു. ഒരാളുടെ തെറ്റിനെ അയാളെ നാറ്റിച്ച്, അവഹേളിച്ച് അയാൾക്ക് ഒരു തിരിച്ചു വരവ് അസാധ്യമാക്കത്തക്ക വിധം അപമാനിച്ച് ആഘോഷിയ്ക്കുകയാണ് പൊതുസമൂഹം. ഒരു പാപിയ്ക്ക് തിരിച്ചു വരവ് ഞാൻ അസാധ്യമാക്കുന്നുണ്ടെങ്കിൽ ഞാൻ പിശാചിന്റെ പിണിയാളാവുകയാണ്. കാരണം തിന്മ ചെയ്തവൻ തിന്മയിൽ തുടരേണ്ടത് അവന്റെ മാത്രം ആവശ്യമാണ്.
ക്ഷമയെക്കുറീച്ച് ആരോപറഞ്ഞത് ഓർക്കുന്നു. ക്ഷമിയ്ക്കുക എന്നാൽ എന്നാൽ അപരൻ എന്നോട് അങ്ങനെ ചെയ്തിരുന്നു എന്നത് ഓർമ്മയിൽ നിന്നു പോലും നീക്കിക്കളയൽ ആണത്രെ. നടക്കുന്ന കാര്യമാണോ??!!

https://www.facebook.com/groups/marthomanasrani/permalink/2904921319579693/

സുവിശേഷത്തിലെ ക്ഷമ

July 19, 2019 നു ഫെയിസ്ബൂക്കിൽ എഴുതിയത്.

ആരോടാണു ക്ഷമിയ്ക്കേണ്ടത്? പശ്ചാത്തപിയ്ക്കാത്തവരോടു ക്ഷമിയ്ക്കണമോ? തെറ്റു തിരുത്താത്തവരോടു ക്ഷമിയ്ക്കണമോ എന്നൊക്കെയുള്ള ചില ചോദ്യങ്ങൾ കാണാൻ ഇടയായി.
ആത്യന്തികമായി മനുഷ്യനെ ദൈവമാക്കുക എന്നതാണ് സഭയുടെ ദൗത്യം. കേവലം ഒരു സാമൂഹിക വ്യവസ്ഥയ്ക്ക് അപ്പുറത്ത് ദൈവീകരണത്തിനാണ് വേദപുസ്തകം സംസാരിയ്ക്കുന്നത്. പിതാവിന്റെ പൂർണ്ണതയിലേയ്യ്ക്കുള്ള വളർച്ചയാണ് മാർഗ്ഗം. ത്രീത്വൈക കൂട്ടായ്മയുടെ സ്വർഗ്ഗീയ ഓറേശ്ലേം ആണ് മാർഗ്ഗത്തിന്റെ ലക്ഷ്യം.
ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ ദൈവീകരണപ്രക്രീയയിൽ നിങ്ങളൂടെ സഹോദരൻ തെറ്റുതിരുത്തിയോ പശ്ചാത്തപിച്ചോ എന്നതൊന്നും വിഷയമല്ല. അത് അവന്റെ ദൈവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സഭയുടെ സാമൂഹികമാനത്തിൽ സഹോദരനും പെടും, മാനവരാശി മുഴുവൻ ദൈവമക്കളുടെ സ്വാതന്ത്യത്തിലേയ്ക്കു വരുവാനാണ് സഭ സ്ഥാപിയ്ക്കപ്പെട്ടതു തന്നെ. അതുകൊണ്ട് സഹോദരന്റെ ദൈവീകരണം എന്റെ ബാധിയ്ക്കുന്ന സംഗതിയല്ല എന്ന് ഇവിടെ ഉദ്ദ്യേശിച്ചിട്ടില്ല. പക്ഷേ ഞാൻ എന്ന വ്യക്തിയുടെ ദൈവീകരണത്തിൽ അപരന്റെ പശ്ചാത്താപം, തെറ്റുതിരുത്തൽ, പ്രായശ്ചിത്തെം ചെയ്യൽ, ഏത്തമിടീൽ, ശൂലത്തേക്കേറൽ, തൂക്കില്ലൊല്ലൻ, രാജിവയ്ക്കൽ, സ്ഥാനമൊഴിയൽ ഇതിന്നും ബാധകമല്ല. ഞാൻ എന്ന വ്യക്തിയ്ക്ക് എപ്രകാരം ദൈവവുമായി അടൂക്കാം എന്നതാണു എന്റെ ദൈവീകരണ പ്രക്രിയയിലെ ചോദ്യം.
സുവിശേഷത്തിലേയ്ക്കു വന്നാൽ കർത്താവിന്റെ ക്ഷമ നിരുപാധികമായിരുന്നു എന്നു കാണാം. കുരിശിൽ കിടന്നു "ഇവിരോടു ക്ഷമിയ്ക്കണമേ" എന്നു പ്രാർത്ഥിയ്ക്കുമ്പോൾ ഇവരുടെ പശ്ചാത്താപം, ഇവരുടെ തെറ്റുതിരുത്താൽ ഒന്നും ക്ഷമയുടെ വിഷയമേ ആവുന്നില്ല. പാപിനിയായ സ്ത്രീയോട് അവളുടെ പൂർവ്വകാല പാപങ്ങളെക്കുറിച്ച് കർത്താവ് വിസ്തരിയ്ക്കുന്നില്ല.തളർവാത രോഗിയുടെ കാര്യത്തിൽ അവന്റെ പൂർവകാല പാപങ്ങളെ സംബന്ധിച്ച് കർത്താവ് വിചാരണ ചെയ്യുന്നില്ല. സക്കേവൂസിനോട് കർത്താവ് "വഞ്ചിച്ചത് തിരിച്ചുകൊടൂക്കുവാൻ" കർത്താവ് ആവശ്യപ്പെടുന്നില്ല.
ഉപാധികളോടെയുള്ള ക്ഷമ ആരാണ് കാണിയ്ക്കാത്തത്, കള്ളക്കടത്തുകാരും, രാഷ്ട്രീയക്കാരുമെല്ലാം അപ്രകാരം ചെയ്യുന്നുണ്ടല്ലോ. അതു തികച്ചും മാനുഷികമാണ്. ഉപാധികൾ ഇല്ലാതെയുള്ള ക്ഷമ ദൈവീകമാണ്.
ക്ഷമിയ്ക്കൽ തെറ്റുമായുള്ള കോമ്പ്രമൈസ് അല്ല. തെറ്റു ചെയ്തവനോടുള്ള ദൈവീകമായ സ്നേഹമാണ്, ആർദ്ദ്രതയാണ്. തെറ്റു ചെയ്തന്നവരോട് എങ്ങനെ പെരുമാറണം എന്നു കർത്താവ് പറയുന്നുണ്ട്. 1. ആദ്യം അവൻ ഒറ്റയ്ക്ക് ആയിരിയ്ക്കുമ്പോൾ പോയി അവന്റെ തെറ്റു ബോധപ്പെടുത്താൽ ശ്രമിയ്കുക 2. ഒന്നാമത്തെ ശ്രമത്തിൽ പരാജയപ്പെട്ടാൽ രണ്ടൂമൂന്നു പേരെ കൂട്ടിക്കൊണ്ടൂ പോയി തെറ്റു മനസിലാക്കുവാൻ ശ്രമിയ്ക്കുക 3. അതിലും പരാജയപ്പെട്ടാൻ സഭയിൽ തെറ്റു ബോധപ്പെടൂത്തുവൻ ശ്രമിയ്ക്കുക. 4. അതിലും പരാജയപ്പെട്ടാൻ അവനെ പരദേശിയെപ്പോലെ കരുതുക.
പരദേശിയോടുള്ള കരുതലും പ്രധാനപ്പെട്ടതാണ്. പരദേശിയ്ക്ക് എന്തെങ്കിലും ആവശ്യമാണെങ്കിൽ കൊടൂക്കേണ്ടി വരും. ദാഹിയ്ക്കുമ്പോൾ വെള്ളവും വിശക്കുമ്പോൾ ഭക്ഷണവും താമസിയ്ക്കുവാൻ സ്ഥലവും ഉടൂക്കാൻ വസ്ത്രവും. "ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു". (അതുകൊണ്ട് ചില്ലറ കെണിയിലൊന്നുമല്ല കർത്താവ് കൊണ്ടു പെടുത്തുന്നത് )
ഈ കരുതലിന്റെ കാര്യത്തിൽ ഇന്നു നാം വളരെ പിറകോട്ടു പോയീ എന്നു ഞാൻ കരുതുന്നു. ഒരാളുടെ തെറ്റിനെ അയാളെ നാറ്റിച്ച്, അവഹേളിച്ച് അയാൾക്ക് ഒരു തിരിച്ചു വരവ് അസാധ്യമാക്കത്തക്ക വിധം അപമാനിച്ച് ആഘോഷിയ്ക്കുകയാണ് പൊതുസമൂഹം. ഒരു പാപിയ്ക്ക് തിരിച്ചു വരവ് ഞാൻ അസാധ്യമാക്കുന്നുണ്ടെങ്കിൽ ഞാൻ പിശാചിന്റെ പിണിയാളാവുകയാണ്. കാരണം തിന്മ ചെയ്തവൻ തിന്മയിൽ തുടരേണ്ടത് അവന്റെ മാത്രം ആവശ്യമാണ്.
ക്ഷമയെക്കുറീച്ച് ആരോപറഞ്ഞത് ഓർക്കുന്നു. ക്ഷമിയ്ക്കുക എന്നാൽ എന്നാൽ അപരൻ എന്നോട് അങ്ങനെ ചെയ്തിരുന്നു എന്നത് ഓർമ്മയിൽ നിന്നു പോലും നീക്കിക്കളയൽ ആണത്രെ. നടക്കുന്ന കാര്യമാണോ??!!

Thursday, July 4, 2019

ഡിജിറ്റൈസേഷൻ


കോപ്പീറൈറ്റ് കാലാവാധി കഴിഞ്ഞ പുസ്തകങ്ങൾ പൊതുസഞ്ചയത്തിലേയ്ക്ക് വരുകയും വിവരങ്ങൾ എല്ലാവർക്കും നിരുപാധികം ലഭ്യമാവുകയും ചെയ്യുക ആവശ്യമാണ്.  ബാംഗ്ലൂർ നിവാസിയും ഡിജിറ്റൈസേഷൻ പ്രഗത്ഭനുമായ ഷിജു അലക്സ് ഈ ഉദ്ദ്യേശം മുൻനിർത്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രയത്നിച്ചുവരുന്നു. ഷിജുവിന്റെ സഹായത്തോടെ മാണിക്കത്തനാരുടെ പ്‌ശീത്താ ബൈബിളും ഫാ. വില്യം നേര്യംപറമ്പിൽ പുതുക്കിയ ഫാ. ഗബ്രിയേലിന്റെ ഗ്രാമർ പുസ്തകവും പൊതുസഞ്ചയത്തിൽ എത്തിയ്ക്കുവാൻ നമുക്കായിട്ടുണ്ട്. ആർക്കൈവിംഗും ആയി ബന്ധപ്പെട്ട് സഭാതലത്തിൽ പ്രയത്നങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും അതു പുതുസഞ്ചയത്തിലേയ്ക്ക് എത്തുന്നില്ല എന്നതു പരാധീനതയാണ്. ഒപ്പം അന്താരാഷ്ട്ര നിലവാരം പാലിയ്ക്കപ്പെടുന്നുമില്ല. ഷിജുവിന്റെ കണക്കുകൾ പ്രകാരം വെറും 12 പുസ്തകങ്ങൾ മാത്രമാണ് സീറോ മലബാർ സഭയുടേതായി https://archive.org യിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ സഹോദരസഭയായ മലങ്കര ഓർത്തൊഡോക്സ് സഭയുമായി ബന്ധപ്പെട്ടെ 600 ഇൽ പരം പുസ്തകങ്ങൾ ഇപ്പോത്തന്നെ https://archive.org യിൽ ഉണ്ട്.  അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ സീറോ മലബാർ സഭാംഗങ്ങൾ കൂടുതൽ താത്പര്യം കാണിയ്ക്കണെമെന്ന് ആഗ്രഹിയ്ക്കുന്നു. 1960 നു മുൻപുള്ള പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ തുടങ്ങിയവയൊക്കെ ഇതിലേയ്ക്ക് ഉപയോഗപ്പെടുത്താം.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
പുസ്തകങ്ങൾ ബാംഗ്ലൂരിൽ എത്തിയ്ക്കുക, എന്നെയോ ഷിജുവിനെയോ ഏൽപ്പിയ്ക്കുക. അതിനു സാധിയ്ക്കാത്തവർ പുസ്തകങ്ങളുടെ ലഭ്യത ഇ-മെയിൽ മുഖാന്തരം അറിയീയ്ക്കുക. കോണ്ടാക്ട് ചെയ്യുവാനുള്ള ഈ-മെയിൽ ഐഡി പോസ്റ്ററിന്റെ വലത്തേ കോണിൽ ഉണ്ട്.
ഒപ്പം ഇതു പരമാവധി ആൾക്കാരിൽ എത്തുവാനായി ഇതു ഷെയർ ചെയ്യുക.
                                                                                               

ലിറ്റർജിയുടെ സാങ്കേതികത്വം

പൊതുവെ ലിറ്റർജിയെപ്പറ്റിപ്പറയുമ്പോൾ ഉള്ള ആരോപണമാണ് ഇതു സാങ്കേതികത്വമാണ്, പാരമ്പര്യവാദമാണ് ആത്മീയതയുമായി ബന്ധമൊന്നുമില്ല എന്നൊക്കെ. ഷിജു അലക്സിന്റെ ഫെയിസ്ബുക്ക് പോസ്റ്റിനുള്ള കിരൺ തോമസിന്റെ കമന്റിനുള്ള മറുപടിയിൽ ഇക്കാര്യം വിശദമാക്കുവാൻ ഞാൻ ശ്രമിച്ചിരുന്നു. ചിലമ്പിട്ടുശ്ശേരി റിതിനുമായുള്ള ഈ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.  എല്ലാം ചേർത്ത് ഇവിടെ പോസ്റ്റുന്നു.  (അല്പം വുൾഗാത്ത/പിശീത്താ (ലളിതമാക്കീന്ന്) ശൈലിയിലാണ് എഴുതിയിരിയ്ക്കുന്നത്. ലിറ്റർജിയുടെ ടെക്നിയ്ക്ക് എന്നൊക്കെ എഴുതിയത് അതുകൊണ്ടാണ്)

ഞാൻ ഈ അടുത്തകാലത്ത് ടെന്നീസ് കോച്ചിംഗിനു പോയിരുന്നു. എന്തെങ്കിലും ശാരീരികവ്യായാമം ആവശ്യമാണെന്നു കണ്ടായിരുന്നു അങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്. ജിം, ജോഗ്ഗിങ്ങ് ഒക്കെ എനിയ്ക്ക് ബോറിംഗ് ആണ്. കളിയുടെ മറവിൽ കായികക്ഷമത അതാണെന്റെ മുദ്രാവാക്യം. കാര്യത്തിലേയ്ക്കു വരാം.

ആദ്യത്തെ ഒന്നു രണ്ടാഴ്ച എങ്ങനെ റാക്കറ്റ് പിടിയ്ക്കണം, ബോൾ വരുമ്പോൾ എങ്ങനെ ബാറ്റു ചലിപ്പിയ്ക്കണം എന്നതായിരുന്നു പ്രധാന വിഷയം. പിന്നീട് പന്ത് അടിയ്ക്കുമ്പോൾ കയ്യുടെ ചലനങ്ങൾ എങ്ങനെ ആവണം, ഫൂട് വർക്ക് എങ്ങനെ ആവണം. ഉദാഹരണത്തിന് പന്തും റാക്കറ്റും തമ്മിൽ കോണ്ടാക്ട് വന്നു കഴിഞ്ഞാൽ ഏതാണ്ട് അർദ്ധവൃത്താകൃതിയിലാണ് റാക്കറ്റിന്റെ ഫോളോത്രൂ. ഇത് പന്തിന്റെ ഗതിയും കറക്കവും നിർണ്ണയിയ്ക്കുന്നതിനു പ്രധാനമാണ്.  ഒരു പാദം നെറ്റിനു സമാന്തരമായും മറ്റു പാദം നിൽക്കുന്ന പൊസിഷനിൽ നിന്ന് ഉചിതമായ ഒരു ആംഗിളിലും ആയിരിക്കണം. ഇത് ആയാസ രഹിതമായ ശരീരചലനത്തിന് അത്യാവശ്യമാണ്. ക്രിക്കറ്റിലെ ഒരു പതിവനുസരിച്ച് കൈക്കുഴ-റിസ്റ്റിന്റെ ഉപയോഗവും റാക്കറ്റ് ഷഫിൾ ചെയ്യുന്ന രീതിയും ഉണ്ടായിരുന്നു - ഇതു രണ്ടൂം തിരുത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ മൊത്തം നോക്കുകയാണെങ്കിൽ ഒരു പത്തിരുപതു കാര്യങ്ങൾ ശ്രദ്ധിയ്ക്കാനുണ്ട് ഒരു പന്ത് നമ്മുടെ വശത്ത് എത്തുന്ന സമയദൈർഘ്യത്തിനുള്ളിൽ തീരുമാനമാക്കുവാൻ. ഇതിനെയെല്ലാം ടെക്നിക്കാലിറ്റിയാണ്, കളിയുമായി ബന്ധമില്ല എന്നു പറയാം ഈ രീതിയിൽ കളിച്ചിട്ടില്ലാത്തവർക്ക്. പക്ഷേ കളിയെ മറ്റൊരു തലത്തിലേയ്ക്ക് എത്തിയ്ക്കുവാനും പരുക്കുകൾ ഉണ്ടാവാതെ കളിയ്ക്കുവാനും ഈ ടെക്നിക്കുകൾ അത്യാവശ്യം തന്നെയാണ്. പ്രാക്ടീസ് ചെയ്യുന്നതിനനുസരിച്ച് ഈ ടെക്നിക്കുകൾ നമ്മുടെ കേളീശൈലിയുടെ തന്നെ ഭാഗമാവുകയും ടെക്നിക്കുകൾ സ്വാഭാവികമായി തന്നെ ഒഴുകിയെത്തുകയും ചെയ്യും. പിന്നെ ടെക്നിക്കുകളെക്കുറിച്ച് ഓർമ്മിയ്ക്കുക തന്നെ വേണ്ടി വരില്ല. അതായത് ടെക്നിക്കുകൾ സായത്തമാക്കിക്കഴിഞ്ഞാൽ ടെക്നിക്കുകൾ  അപ്രസക്തമാവുകയും കളിമാത്രം അവശേഷിയ്ക്കുകയും ചെയ്യും. പക്ഷേ ആ തലത്തിലേയ്ക്ക് എത്തുവാൻ ടെക്നിക്കുകൾ അനിവാര്യതയാണു താനും.

ഡ്രൈവിങ്ങ് പഠിച്ചു തുടങ്ങുമ്പോൾ തലയിണമന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ ക്ലച്ച്, ബ്രേക്ക്, ആക്സിലറേറ്റർ, ഗിയർ, സ്റ്റിയറീംഗ് ആകെ ഒരു കൺഫ്യൂഷനാണ്. ഈ ടെക്നിക്കുകളുടെ കടമ്പ കടന്നാൽ പിന്നെ ഗിയറുകൾ മാറുന്നതും ക്ലച്ചും ബ്രേക്കും എല്ലാം സ്വാഭാവികമായി വന്നുകൊള്ളും.  നമ്മുടെ ശരീരത്തിന്റെ ഭാഗം എന്നതുപോലെ ബ്രേക്കും ക്ലച്ചും എല്ലാം പ്രവർത്തിച്ചു തുടങ്ങും.  അതായത് പത്തു പന്ത്രണ്ടൂ വർഷം പോളിടെക്നിയ്ക്കിൽ പഠിച്ചു എന്നതുകൊണ്ട് കാർ ഓടിയ്ക്കാനാവില്ല എന്ന്. കാറ് വേണ്ട നടന്നു പോയാൽ മതി എന്നുള്ളവർക്ക് ഇതിന്റെ സാങ്കേതികത്വം ബാധകമല്ലതാനും.

ഇടവഴിയിൽ മടൽബാറ്റുണ്ടാക്കി, തുണിപ്പന്തിൽ മൂന്നോ നാലോ പേർ ക്രിക്കറ്റു കളിയ്കുമ്പോൾ ടെക്നിക്ക് ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. അല്ലെങ്കിൽ സ്വാഭാവികമായി വന്നു ചേരുന്ന ടെക്നിക്കുകൾ മതി. പക്ഷേ ജില്ലാതലം, സംസ്ഥാനതലം, ദേശീയ തലത്തിലേയ്ക്ക് എത്തുവാൻ അതു പോരാ.

ഇതുപോലെയാണ് ആത്മീയതയുടെ കാര്യവും.  ആത്മീയതയ്ക്ക് ഓരോരുത്തർക്കും അവരവരുടെ നിർവ്വചനങ്ങൾ കാണൂം. ആത്മീയതയുടെ കാര്യത്തിൽ ഓരോ മതങ്ങൾക്കും കൾട്ടുകൾക്കും അവരവരുടേതായ കാഴ്ചപ്പാടുകളും ശൈലികളും കാണും. സഭയ്ക്ക് സഭയുടേതായ നിർവ്വചനവും ശൈലിയും ഉണ്ട്. നിങ്ങളുടെ ആധ്യാത്മികതയെ സഭയുടെ ആധ്യാത്മികതയിലേയ്ക്ക് ഉയർത്തണമെങ്കിൽ ലിറ്റർജിയുടെ ടെക്നിക്കുകൾ സായത്തമാക്കേണ്ടതുണ്ട്. അതിൽ ഭാഷയുടേയും, വേദപുസ്തകത്തിന്റേയും, ചരിത്രത്തിന്റെയും, സാഹിത്യത്തിന്റെയും, ദൈവശാസ്ത്രത്തിന്റെയും സങ്കേതങ്ങൾ ഉണ്ട്.  ഇടവഴിയിലെ ക്രിക്കറ്റുകളിയാണ് നിങ്ങൾ ഉന്നം വയ്ക്കുന്നതെങ്കിൽ നിങ്ങൾ കോച്ചിങ്ങിനു പോവേണ്ടന്നേ.

അപ്പോൾ ഇത്രയും സങ്കീർണ്ണമാണോ ലിറ്റർജി? അപ്പോൾ സാധാരണക്കാർ എന്തു ചെയ്യും? വേദപുസ്തകവും ദൈവശാസ്ത്രവും ഒക്കെ പഠിച്ചിട്ടേ കുർബാനയ്ക്കു വരാവൂ എന്നാണെങ്കിൽ നടപ്പുള്ള കാര്യമാണോ?

ലിറ്റർജിയുടെ ടെക്നിക്കുകൾ സ്വാഭാവികമായി വന്നു ചേരേണ്ടതാണ്. പക്ഷേ സാഹചര്യം അതല്ല. ചെന്നായ വളർത്തിയ മനുഷ്യക്കുഞ്ഞിനു രണ്ടു കാലിൽ നടക്കാൻ അറിയാതെ പോവുന്നതുപോലെ, കോഴി വളർത്തിയ പരുത്തിന് പറക്കാൻ അറിയാതെ പോവുന്നതുപോലെ ലിറ്റർജിക്കൽ അബ്യൂസിന്റെയും ലിറ്റർജിക്കൽ അജ്ഞതയുടേയും ലിറ്റർജിക്കൽ വിവാദങ്ങളുടേയും അൺലിറ്റർജിക്കൾ ഘടകങ്ങളുടെ കടന്നുകയറ്റത്തിന്റെയും പശ്ചാത്തലത്തിൽ സ്വാഭാവികമായി ലഭിയ്ക്കേണ്ട ലിറ്റർജിക്കൽ പരിജ്ഞാനം ലഭിക്കാതെ വരുന്നുണ്ട്. ആ പരിതസ്ഥിതിയിൽ ബോധപൂർവ്വമായ ലിറ്റർജിക്കൽ പഠനം ആവശ്യമാവുന്നുമുണ്ട്.  സീറോ മലബാർ സഭയുടെ കാര്യം പറഞ്ഞാൽ 400 കൊല്ലത്തെ ലാറ്റിനൈസേഷന്റെ ഒരു പരിതസ്ഥിതിയുണ്ട്, ഭക്താഭ്യാസങ്ങളുടേയും, കൾട്ടുകളുടേയും തള്ളിക്കയറ്റം ഒരു വശത്തും സഭയുടെ നിർദ്ദേശങ്ങളോടു വിശ്വസ്ഥതപുലർത്താത്ത ലിറ്റർജിയുടെ അർപ്പണങ്ങൾ മറുവശത്തുമുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ബോധപൂർവാം ഏറെക്കുറെ സാങ്കേതികമായും ശാസ്ത്രീയമായും ലിറ്റർജി പഠിയ്ക്കേണ്ടി വരുന്നു എന്നത് ലിറ്റർജിയുടെ ന്യൂനതയല്ല, സാഹചര്യം കൊണ്ടെത്തിയ്ക്കുന്ന ഗതികേടു മാത്രമാണ്.

വാൽക്കഷണം: 10-12 വർഷം പോളീടെക്നിക്കിൽ പഠിച്ചതുകൊണ്ട് ഡ്രൈവിങ് പഠിയ്ക്കുന്നില്ല. ഡ്രൈവിംഗ് അറിയാത്തവർ വണ്ടി ഓടിയ്ക്കുമ്പോൾ സ്വയരക്ഷയെക്കരുതി അതിൽ കയറാതിരിയ്ക്കുക.

Sunday, June 2, 2019

ദൈവാരാധനയുടെ മധുരം ആസ്വദിയ്ക്കുവാൻ

കടയിൽ പുതുതായി ഒരു മിഠായി വന്നു എന്നു കരുതുക. ഒന്നു വാങ്ങിക്കഴിയ്ക്കുന്നു. നമുക്ക് ഇഷ്ടപ്പെട്ടു. ഒന്നുകൂടെ വാങ്ങിക്കഴിയ്ക്കുന്നു. അങ്ങനെ അതിന്റെ രുചിയും മധുരവും നമ്മൾ പല തവണ ആസ്വദിയ്ക്കുന്നു. അപ്പോഴേ നമുക്കു തൃപ്തിയാവുന്നുള്ളൂ. കുട്ടികളാണെങ്കിൽ മിഠായി വായിലോട്ട് ഇട്ട് കടിച്ചു പൊട്ടിച്ച് ക്ഷണനേരം കൊണ്ട് അകത്താക്കും.  അതുകൊണ്ടു തന്നെ അതിന്റെ രുചി ആസ്വദിയ്ക്കുവാൻ പറ്റി എന്നു വരികയില്ല. സാവധാനം നുണഞ്ഞ് ഇറക്കുകയാണ് ശരിയായി ആസ്വദിയ്ക്കുവാനുള്ള വഴി. ചുരുക്കത്തിൽ ഒരു മിഠായി പലതവണ കഴിയ്ക്കുന്നതുവഴിയായും നുണഞ്ഞ് സാവധാനം കഴിയ്ക്കുന്നതിലൂടെയും അതിന്റെ സ്വാദ് നമുക്കു പിടികിട്ടുന്നു.

ഏതാണ്ട് ഇതേ രീതി തന്നെയാണ് സഭയുടെ ദൈവാരാധന അഥവാ ലിറ്റർജിയിൽ അവലംബിച്ചിരിയ്ക്കുന്നതും. കുർബാനയിലെ ചില പ്രാർത്ഥനകൾ ആവർത്തിച്ച് ചൊല്ലുവാൻ സഭ നിർദ്ദേശിച്ചിട്ടുണ്ട്. ആവർത്തിച്ചു ചൊല്ലുന്നതിലൂടെ ആ പ്രാർത്ഥന കൂടുതൽ അനുഭവവേദ്യമാകുന്നു. അതുപോലെ തന്നെ താളത്തിൽ ചൊല്ലുന്നതും.  സുറിയാനിയിൽ ചൊല്ലുന്നതും പാടുന്നതും ഒരേ പ്രാർത്ഥനതന്നെയാണ്. മലയാളത്തിൽ തർജ്ജമചെയ്തപ്പോൾ പാടാനുള്ള പ്രാർത്ഥനകളും ചൊല്ലാനുള്ള പ്രാർത്ഥനകളും രണ്ടു വഴിയ്ക്കായീ എന്നേ ഉള്ളൂ.  സുറിയാനിയിൽ ചൊല്ലുന്നതും താളത്തിലാണ്.  സിനഡിൽ നിന്നും മലയാളം കുർബാനയ്ക്കുള്ള ചാന്റിംഗ് രീതി തയ്യാറാക്കി നൽകിയിട്ടുണ്ട്.

ചിലരു ചോദിച്ചു കാണാറുണ്ട് ആമേൻ എന്നു ചൊല്ലുന്നുതും ആ...മേ...ൻ എന്നു നീട്ടിച്ചൊല്ലുന്നതും കർത്താവിന് ഒരു പോലെ അല്ലേ എന്ന്. ഒന്നോർക്കുന്ന നിങ്ങളുടെ പ്രാർത്ഥനകളൂം സ്തുതികളും ദൈവത്തിന് ആവശ്യമായ ഒന്നല്ല. നമ്മളുടെ പ്രാർത്ഥനകൾ നമ്മെ ദൈവവുമായി അടുപ്പിയ്ക്കുന്നതിനും ത്രിത്വൈക കൂട്ടായ്മയിലേയ്ക്ക് നയിയ്ക്കുന്നതിനും വേണ്ടിയാണ്. കേവലം കുറേ ലൗകീകമായ ആവശ്യങ്ങൾ നിരത്തുന്നതിനും തങ്ങളുടെ സ്വന്തം ഇഷ്ടം സാധിച്ചെടുക്കുന്നതിനായി ദൈവത്തെ വശീകരിയ്ക്കുന്നതിനും വേണ്ടിയല്ല ക്രൈസ്തവരുടെ പ്രാർത്ഥനകൾ. ഈശോ മിശിഹായും മാതാവും ശ്ലീഹന്മാരും കാണിച്ചു തന്ന പ്രാർത്ഥന അങ്ങനെ ആയിരുന്നില്ല. ആദിമസഭയുടെ പ്രാർത്ഥന അങ്ങനെ ആയിരുന്നില്ല. മതമർദ്ദനത്തിന്റെ കാലം കഴിഞ്ഞ്, ക്രിസ്തുമതത്തിനു സ്വാതന്ത്യം ലഭിയ്ക്കുകയും ക്രിസ്ത്യാനി ആവുന്നതിൽ ഭൗതീകമായ ഒട്ടേറെ ലാഭങ്ങൾ ഉണ്ടാവുകയും ചെയ്ത മൂന്ന്-നാല് നൂറ്റാണ്ടുകൾ മുതലാണ് നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യത്തിൽ വ്യതിചലനമുണ്ടാവുന്നത്. അവശ്യങ്ങൾ സാധിച്ചെടൂക്കുവാൻ ദൈവത്തെ വശീകരിയ്ക്കുന്ന പേഗൻ ശൈലി സഭയ്ക്കുള്ളിലേയ്ക്ക് കടന്നു വരുന്നത് അക്കാലത്താണ്. നിർഭാഗ്യകരമെന്നു പറയട്ടെ ഇന്നും ഇത്തരം വിജാതീയമായ കാര്യസാധ്യഭക്തിമാർഗ്ഗമാണ് പലകേന്ദ്രങ്ങളും വിശ്വാസികളെ അഭ്യസിപ്പിച്ചു പോരുന്നത്.

പറഞ്ഞു വന്നത് നമ്മുടെ പ്രാർത്ഥന ദൈവത്തിന് ആവശ്യമില്ലതന്നെ. സൃഷ്ടാവുമായി ചേരുവാനുള്ള സൃഷ്ടിയുടെ അഭിവാഞ്ജ ആയിരിയ്ക്കണം നമ്മുടെ പ്രാർത്ഥനകളെ നയിയ്ക്കേണ്ടത്. ആ നിലയ്ക്ക് ഒരു പ്രാർത്ഥനയ്ക്ക് ആമ്മേൻ പറയുന്നത് ആ പ്രാർത്ഥനയുടെ മാധുര്യം ഒരിയ്ക്കൽ കൂടി നുകരലാണ്.  അതിനുള്ള ദൈർഘം കൂട്ടുന്നത് ആ മാധുര്യത്തിൽ  കുറച്ചു സമയം കൂടുതൽ ചിലവഴിയ്ക്കുവാനുള്ള നമ്മുടെ പ്രയത്നമാണ്. ഓർക്കുക സുറീയാനി കുർബാനയുടെ ആരംഭത്തിലെ 'തെശ്ബൊഹ്ത്താ'യ്ക്ക് പറയുന്ന ആമ്മേൻ 15-20 സെക്കന്റുകൾ എടുത്താണ് നമ്മൾ ആലപിയ്ക്കുന്നത്.

തുടക്കത്തിൽ പറഞ്ഞ മിഠായിയുടെ കാര്യത്തിൽ എന്നതുപോലെ പ്രാർത്ഥനയുടെ മധുരം ആസ്വദിയ്ക്കുവാൻ സഭ കൈക്കൊണ്ടിരിയ്ക്കുന്ന രണ്ടുവഴികളാണ് പ്രാർത്ഥനയുടെ ആവർത്തനങ്ങളൂം പ്രാർത്ഥനകൾ താളാത്മകമായി ആലപിയ്ക്കുന്ന ശൈലിയും. പ്രാർത്ഥനയിലേയ്ക്ക് ആഴ്ന്നിറങ്ങുവാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനു പകരം പലപ്പോഴും അതിന്റെ സമയ ദൈർഘ്യത്തിലാണ് ദൗർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ശ്രദ്ധ. 

Sunday, April 21, 2019

പ്രശസ്ത ഭക്തിഗാനങ്ങൾ - രചന സംവിധാനം

കുരിശിൽ മരിച്ചവനേ - രചന- ഫാ: ആബേൽ സി.എം.ഐ, സംഗീതം-ദേവരാജൻ (കാക്കപ്പൊന്ന് എന്ന നാടകത്തിലെ കുരിശു ചുമന്നവനേ എന്ന ഗാനത്തിനു വേണ്ടി)



താലത്തിൽ വെള്ളമെടുത്തു -  രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം- റാഫി ജോസ്
കർത്താവേ കനിയണമേ - രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം-എം. കെ അർജ്ജുനൻ



മോദം കലർന്നു നിന്നെ -  രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം- കെ.കെ ആന്റണി
ഗാഗുൽത്താ മലയിൽ നിന്നും - രചന - ഫാ: ആബേൽ സി.എം.ഐ, സംഗീതം- റാഫി ജോസ്

Tuesday, March 12, 2019

അല്പവിശ്വാസം

കാറ്റിലെൻ ജീവിതത്തോണി ഉലഞ്ഞു
അലമാല അതിനും മേലേ ഉയർന്നു
അമരത്തു കർത്താവുറങ്ങുന്നതറിയാതെ
എന്നല്പവിശ്വാസം നിലവിളിച്ചു

കല്ലും മുള്ളുമില്ലാതെ വിശാലമാം
പാതകൾ ഞാനേറേ ആഗ്രഹിച്ചു
ലോകസുഖത്തിന്റെ വേദവാക്യങ്ങളു-
മായൊരു സാത്താനെൻ മുന്നിൽ വന്നു.
കുന്തത്താൽ കുത്തിത്തുറന്നൊരു പാർശ്വത്തിൽ
ചാരിയിരുന്നു ഞാൻ അതുശ്രവിച്ചു.

കല്ലുകൾ അപ്പമാകും വഴി തേടി ദേവാലയത്തിന്റെ ഗോപുരത്തിൽ
ലോകപ്രതാപങ്ങൾ കണ്ടു ഭ്രമിച്ചു
ലോഭമോഹങ്ങൾ തൻ കൊടുമുടിയിൽ
അപ്പോഴും കാണുന്നതില്ല ഞാൻ വീഴാതെ
കാക്കുന്ന കൈകളിൽ ആണിപ്പഴുതുകൾ

Saturday, March 2, 2019

കുർബാന

ഒരു കരിക്കട്ടയെ കനലാക്കിമാറ്റുന്ന
കർത്താവിൻ ദിവ്യകാരുണ്യം
തന്നോടുചേർന്നിരിയ്ക്കുന്നവരെ അവൻ
താനാക്കി മാറ്റും രഹസ്യം

ആലവിട്ടിരുളിലുഴരും അജങ്ങളെ
തേടി ഇടയൻ ഇറങ്ങി
താതന്റെ പൂർണ്ണത തേടുന്ന ജന്മങ്ങൾ-
ക്കായോരു പാതയൊരുങ്ങി

Friday, February 1, 2019

മെൽഗിപ്സനല്ല ഞങ്ങളെ മാമോദീസാ മുക്കിയത്!

മലയാളം എന്ന ഭാഷ ഏതാണ്ട് എട്ടാം നൂറ്റാണ്ടിലാണ് ഉണ്ടായതെന്നു പറയപ്പെടുന്നു. അന്നുതൊട്ട് ഇന്നു വരെ ഈ ഭാഷയ്ക്ക് വളർച്ച ഉണ്ടായിട്ടുണ്ട്, ഇന്നും വളർന്നു കൊണ്ടിരിയ്ക്കുന്നു. മലയാളം എന്നു പറയുമ്പോൾ ഏതുമലയാളം എന്ന ചോദ്യം പ്രസക്തമാണ്. ആറുമലയാളിയ്ക്ക് നൂറു മലയാളം എന്നു പറയുന്നതുപോലെ ഭാഷാ പ്രയോഗങ്ങളിൽ, പദങ്ങളിൽ, ഉശ്ചാരണരീതികളിൽ, ശൈലികളിൽ എല്ലാം പ്രാദേശിക വ്യത്യാസങ്ങളുണ്ട്. വ്യത്യസ്ഥ കാലഘട്ടത്തിലെ മലയാളങ്ങൾ തമ്മിലും വ്യത്യാസങ്ങൾ ഉണ്ട്. പാറേമാക്കൽ അച്ചന്റെ മലയാളമല്ല സി വി രാമൻ പിള്ളയുടേത്. സി.വി രാമൻ പിള്ളയുടേതല്ല എം.ടിയുടേത്. ഉദയമ്പേരൂരിന്റെ കാനോനകളിലെ മലയാള പദങ്ങൾ പലതും ഇന്നില്ലതന്നെ.
എന്നു പറഞ്ഞ് ഇതു മലയളമല്ലാതാവുമോ. വാഴപ്പള്ളി ശാസനത്തിൽ എഴുതിയതും മലയാളം, ഇന്നത്തെ മലയാള മനോരമയിൽ അച്ചടിച്ചു വന്നതും മലയാളം.

ആ ഒരു തിരിച്ചറിവ് ഉണ്ടാവണമെങ്കിൽ കുറച്ചു വെളിവ് തലയിൽ ഉണ്ടാവണം.

ഈശോയെ യഹോശുവ എന്നു വിളിയ്ക്കണം എന്നാണ് പുതിയ ഹീബ്രുഭക്തരുടെ കണ്ടുപിടുത്തം. ആവാം. ഈശോയെ ജീസസ് എന്നു വിളിയ്ക്കാമെങ്കിൽ എന്തുകൊണ്ടും യഹോശുവ എന്നും വിളിയ്ക്കാം. പക്ഷേ അങ്ങനയേ വിളിയ്ക്കാവൂ എന്നു പറയുന്നിടതിനെയാണ് റിലീജിയസ് ഫണറ്റിസം എന്നു പറയേണ്ടി വരുന്നത്. മനോവ എന്ന കരിസ്മാറ്റിക് സുഡാപ്പിപ്രസ്ഥാനം അത്തരത്തിൽ ഒന്നാണ്.

ഇന്നലെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഹീബ്രുവിന്റെ പശ്ചാത്തലത്തിൽ ഉയർത്തുന്ന വാദം. മെൽഗിബ്സനാണ് അവരുടെ ഭാഷാ പണ്ഢിതൻ. പാഷൻ ഓഫ് ക്രൈസ്റ്റ് ആണ് അവർ ആശ്രയിയ്ക്കുന്ന പ്രബന്ധം.
ഇത്തരക്കാർക്ക് ആദ്യം സ്ഥാപിയ്ക്കേണ്ടത് അറമായ സുറിയാനിയല്ല എന്നാണ്. അറമായ എന്നത് അവറാഹത്തിന്റെ കാലം മുതൽ എങ്കിലും ഉണ്ടായിരുന്ന ഭാഷയാണ്. അതിന് ഈ പത്തു നാലായിരം കൊല്ലാം കൊണ്ട് മാറ്റം ഒന്നും ഉണ്ടാവരുത് എന്നു പറഞ്ഞാൽ കോമഡി എന്നതിൽ കവിഞ്ഞ് ഒന്നും പറയാനില്ല. മനോവയുടെ ആർക്കിളുകൾ മൊത്തത്തിൽ കോമഡിയാണ്. അതു വേറേ കാര്യം. കാൽ കഴഞ്ചിനു വിവരവുമില്ല, അതു പോട്ടെ, കോമൺസെൻസുപോലും ഇല്ല എന്നു വന്നാലോ??

ഈശോ സംസാരിച്ചത് അറമായ ആണ്. യഹൂദർ അന്നു സംസാരിച്ചിരുന്നതും അറമായ ആണ്. ആ അറമായയ്ക്ക് പല ഡയലക്ടുകൾ ഉണ്ടായിരുന്നു. അതിലെ ഗലീയിയൽ അറമായയിലാണ് ഈശോ സംസാരിച്ചിരുന്നത്. അതുകൊണ്ട് മറ്റ് അറമായ എല്ലാം അറമായ അല്ലാതാവുമോ. ബാലരാമപുരം കാരുടെ മലയാളവും തൃശ്ശൂറുകാരുടെ മലയാളവും മലബാറുകാരുടെ മലയാളവും മലയാളം അല്ലാതാവുമോ.

അന്നു യഹൂദർ സംസാരിച്ചിരുന്ന വിവിധ അറമായിക് ഡയലക്ടുകളെ ചേർത്ത് യൂദ അറമായ എന്നു പറയാം. അറമായ തന്നെയാണ് സുറീയാനി. ആറാം തന്നെയാണ് സിറിയ (ഇന്നത്തെ സിറിയ അല്ല, അന്നത്തെ സിറിയാ). ഹീബ്രു പ്ശീത്താ മൂലങ്ങളിൽ അറമായ എന്നും ഗ്രീക്ക് തർജ്ജിമയിൽ സുറീയാനി എന്നും പറയുന്നത് ഒരേ ഭാഷയ്ക്കാണ്. ഹീബ്രു, പ്ശീത്താ മൂലങ്ങളീൽ ആരാം എന്നു പറയുന്ന അതേ സ്ഥലമാണ് ഗ്രീക്ക് മൂലത്തിൽ സിറിയ എന്നു പറയുന്നത്. അതുകൊണ്ട് അറമായ തന്നെ സുറീയാനി.

ഈശോ സംസാരിച്ച സുറീയാനിയുടെ ഡയലക്ടാണോ എന്നു സീറോ മലബാറു കാർ ഉപയോഗിയ്ക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഈശോ സംസാരിച്ചിരുന്നത് സുറീയാനിയൂടെ ഗലീലിയൻ ഡയലക്ട് ആണ്. എന്നാൽ ഒന്നാം നൂറ്റാണ്ടിനു ശേഷം പ്രത്യേകിച്ച് ഓർശ്ലേം ദേവാലയം നശിപ്പിയ്ക്കപ്പെട്ട ശേഷം യഹൂദർ ചിതറിയ്ക്കപ്പെട്ട ശേഷം പിന്നീട് അറമായ അഥവാ സുറിയാനിയ്ക്ക് വളർച്ച ഉണ്ടായത് കുറച്ചുകൂടി കിഴക്കോട്ടൂ മാറിയിട്ടുള്ള പ്രദേശങ്ങളിലാണ്, മെസപ്പോട്ടാമിയായുടെ കിഴക്കൻ ഭാഗങ്ങളിൽ, പേർഷ്യയിലും. ക്രിസ്ത്യൻ സാഹിത്യങ്ങളിലൂടെയാണ് പിന്നീട് സുറിയാനി വളരുന്നത്. അഫ്രഹാത്തിന്റെ, അപ്രേമിന്റെ, ദൈവശാസ്ത്രജ്ഞരുടെ, കവികളുടെ, അജ്ഞാതരായ ക്രിസ്ത്യൻ എഴുത്തുകാരുടെ, ചരിത്രകാരന്മാരുടെ രചനകളിലൂടെ സുറീയാനി വീണ്ടൂം വളർന്നു. ഇന്ത്യയിൽ ദ്രാവിഡഭാഷയോട് ഇഴുകിച്ചേർന്നും പശ്ചിമേഷ്യയിൽ അറബിയോടു ചേർന്നും സുറീയാനി പിന്നെയും വളർന്നു. എന്നതുകൊണ്ട് സുറിയാനി സുറീയാനി അല്ലാതാവുമോ.
ഈശോ സംസാരിച്ചിരുന്ന ഗലീലിയൻ സുറിയാനിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സുറീയാനി ഡയലക്ടാണ് ഇന്നത്തെ പൗരസ്ത്യ സുറിയാനി അഥവാ കൽദായ സുറിയാനി അഥവാ ഈസ്റ്റ് സിറിയക്ക്.

ഈശോയുടെ കാലത്ത് നിലനിന്നിരുന്ന മറ്റൊരു ഭാഷ ഗ്രീക്ക് ആണ്. ഹീബ്രു സംസാരഭാഷയല്ലായിരുന്നു അന്ന്. ഈശോയൂടെ പേര് ശരിയ്ക്കും അന്ന് യഹോശുവാ എന്നായിരുന്നെങ്കിൽ ഗ്രീക്കിൽ ഈശോയെ യഹോശുവോസ് എന്നു വിളിയ്ക്കുമായിരുന്നേനേ...ഗ്രീക്കിൽ പക്ഷേ ഈസൂസ് ആണ്. പഴയ നിയമത്തിലെ ജോഷ്വയും ഗ്രീക്കീൽ ഈസൂസ് തന്നെയാണ്. സുറിയാനിയിൽ ഇവർ രണ്ടു പേരും ഈശോ ആണ്. ഈശോ മിശീഹായുയും ഈശോ ബർ നോനും (Son of Non).

ശൂന്യതയിൽ നിന്നു ഉണ്ടാക്കിയെടുത്ത ആധുനിക ഹീബ്രു ഉശ്ചാരണവും കൊണ്ട് ഈശോ എന്ന പേരിനെ പുനർ വായന നടത്തുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അതുമാത്രമാണു ശരി എന്നു ശഠിയ്ക്കരുത്. ഞങ്ങൾ സുറീയാനിക്കാർക്ക് മറിയത്തിൽ നിന്നും ഈശോയുടെ സഹോരന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ശ്ലീഹന്മാരിലേയ്ക്കും ശ്ലീഹന്മാരിൽ നിന്ന് തലമുറകൾ വഴി എന്നു ഞങ്ങളിലേയ്ക്കും കൈമാറി വന്ന ഈശോ എന്ന പേരുണ്ട്.

മെൽക്കിസെദ്ക്ക് എന്നതു സുറീയാനി ആണെങ്കിൽ ഏൽ ഏൽ ലമാനാ സവ്ക്താൻ സുറിയാനി ആണെങ്കിൽ, തലീത്താ കുമി സുറീയാനി ആണെങ്കിൽ എഫാത്ത സുറിയാനി ആണെങ്കിൽ മാറാനാത്താ സുറീയാനി ആണെങ്കിൽ ഈശോ സംസാരിച്ചതും സുറിയാനിയാണ്. ഈശോ സംസാരിച്ച അറമായയും പൗരസ്ത്യ സുറിയാനിക്കാർ ഉപയോഗിയ്ക്കുന്ന സുറീയാനിയും രണ്ടും രണ്ടാണ് എന്നു തെളിയിയ്ക്കണമെന്ന് ആഗ്രഹമുള്ളവർ ആദ്യം മെൽക്കിസെദ്ക്ക്, ഏൽ ഏൽ ലമാനാ സവ്ക്താൻ, തലീത്താ കുമി, ഹക്കൽ ദാമാ, എഫാത്ത, മാറാനാത്താ ഇതൊന്നും സുറീയാനിയല്ല എന്നു തെളിയിക്കേണ്ടി വരും. താത്പര്യമുണ്ടോ???

മെൽഗിപ്സനല്ല ഞങ്ങളെ മാമോദീസാ മുക്കിയത്.