Thursday, May 7, 2020

കളരിയിൽ നിന്ന് കളിത്തട്ടിലേക്ക്


നല്ലതണ്ണി നസ്രാണി റിസേർച്ച് സെന്ററിൻ നിന്നുള്ള പോസ്റ്റർ വാട്ട്സ് ആപ്പ് വഴിയായി എത്തിച്ചേർന്നു. “യാമ പ്രാർത്ഥനകൾ സഭയുടെ ഏഴ് വിശ്വാസപരിശീലന കളരികൾ” എന്നതായിരുന്നു വിഷയം. അതുമായി ബന്ധപ്പെട്ട് ചിലത് പങ്കുവയ്ക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ് ഈ പോസ്റ്റ്.




സഭ അടിസ്ഥാനപരമായി ഒരു കൂദാശയാണ്. മിശിഹായെ നൽകുന്ന കൂദാശ. സൃഷ്ടപ്രപഞ്ചത്തിന്റെ വിശുദ്ധീകരണമാണ് സഭയുടെ ലക്ഷ്യം. പിതാവിന്റെ പൂർണ്ണയിലേയ്ക്ക് നയിയ്ക്കുന്ന മാർഗ്ഗവും മിശീഹായുടെ ശരീരമാകുന്ന സഭതന്നെയാണ്. സംക്ഷിപ്തമായി പറഞ്ഞാൽ “ദൈവീകരണം”, തിയോസിസ്, ദൈഫിക്കേഷൻ എന്നൊക്കെപ്പറയുന്ന ഒരു ദൈവമാകൽ ആണ് സഭ ഉന്നം വയ്ക്കുന്നത്. ദൈവവുമായി ഒന്നായിരുന്ന, ദൈവത്തിന്റെ ഛായയുടെ സാദൃശ്യത്തിൽ ആയിരുന്ന ആദേനിലെ അവസ്തയിലേയ്ക്കുള്ള മടക്കം.  മനുഷ്യനെ ദൈവമാക്കുവാൻ ദൈവം മനുഷ്യനായി എന്നാണ് അത്തനേഷ്യസ് പറഞ്ഞു വയ്ക്കുന്നത്.



പ്രവർത്തനനിരതമാകുന്ന വിശ്വാസത്തിലൂടെയാണ് ദൈവീകരണം സംഭവിയ്ക്കുക. പ്രവർത്തനം എന്നത് ആഴ്ചയിൽ ഒരിയ്ക്കൽ രോഗികളെ സന്ദർശിയ്ക്കുന്നതോ, മാസത്തിൽ ഒരിയ്ക്കൽ തടവുകാരെ സന്ദർശിയ്ക്കുന്നതോ, ദാഹിയ്കുന്നവർക്ക് കുടിയ്ക്കുവാൻ ജാറിൽ വെള്ളം നിറച്ചു വയ്ക്കുന്നതോ മാത്രമല്ല, അത് ഓരോ ശ്വാസോച്ഛ്വാസത്തിലും നടക്കേണ്ടതാണ്. അതായത് വിശ്വാസത്തിന്റെ പ്രവർത്തനം എന്നത് സ്വയം പ്രവർത്തിയ്ക്കുന്ന സിസ്റ്റം അല്ല, മറിച്ച് മനസിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും പ്രവർത്തനമാണ്.



വിശ്വാസത്തിനു നാലു തലങ്ങൾ ഉണ്ട്.

1.  വിശ്വാസം

2.  വിശ്വാസത്തിന്റെ വിശദീകരണമായ ദൈവശാസ്ത്രം

3.  വിശ്വാസത്തിന്റെ പ്രകാശനമായ ദൈവാരാധന

4.  ജീവിതത്തിലെ എല്ലാറ്റിനെയും സ്വാധീയ്ക്കുന്ന ആധ്യാത്മികത.



സഭയുടെ ദൈവാരാധന അഥവാ ലിറ്റർജി കൂദാശകൾ, കൂദാശാനുകരണങ്ങൾ, യാമപ്രാർത്ഥന, ആരാധനാവത്സരം എന്നിവ ചേർന്നതാണ്. ഇതിൽ തന്നെ ഒരു വക്തിയുടെ അനുദിന ജീവിതവുമായി ബന്ധപ്പെട്ടൂ കിടക്കുന്നത് പരിശുദ്ധ കുർബാനയും യാമപ്രാർത്ഥനകളും ആണെന്നു പറയാം. നമ്മുടെ വിശ്വാസത്തിന്റെ വിശദീകരണമായ ദൈവശാസ്ത്രത്തെ ഉൾക്കൊള്ളുന്ന വിശ്വാസത്തിന്റെ പ്രകാശനമാണ് പരിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും നടക്കുന്നത്. സഭയുടെ പരമ്പരരാഗത ശൈലിയിൽ പരിശുദ്ധ കുർബാന സഭയുടെ ഞായറാഴ്ച ആഘോഷത്തിന്റെ ഭാഗമാണ്. മറ്റു സഭയങ്ങളിൽ യാമപ്രാർത്ഥനകളാണ് ദൈവാരാധനയ്ക്കയി സഭ നൽകിയിട്ടുള്ളത്.



വിശ്വാസത്തിന്റെ പ്രകാശനമായ പരിശുദ്ധ കുർബാനയും യാമപ്രാർത്ഥനകളും പരിശോധിച്ചാൽ കുർബാനയിൽ വിശ്വാസത്തിന്റെ ആഘോഷം മുന്നിട്ടു നിൽക്കുന്നതായും യാമപ്രാർത്ഥനകളിൽ വിശ്വാസപരിശീലനം മുന്നിട്ടു നിൽക്കുന്നതായും കാണാം. (പരിശീലനവും അതിൽ തന്നെ ആഘോഷമാണ്.) ഏഴ് ഏഴ് നാല്പത്തി ഒൻപതു യാമങ്ങളിലൂടെ പരിശീലിച്ചു വന്ന വിശ്വാസം ഏതാണ് ഒന്നൊന്നര മണിയ്ക്കൂറുകളിൽ പരിശുദ്ധ കുർബാനയിലൂടെ നമ്മൾ ആഘോഷിയ്ക്കുന്നു. ഒരാഴ്ചയിലെ യാമനമസ്കാരങ്ങളിലൂടെ ഏതാണ് 70 ഇൽപ്പരം സങ്കീർത്തനങ്ങളിലൂടെ ഒരു വിശ്വാസി കടന്നുപോകുന്നുണ്ട്. മിശീഹാ രഹസ്യങ്ങളെ ആവർത്തിച്ചാവർത്തിച്ച് ഉറപ്പിയ്ക്കുന്നുണ്ട്. അതിന്റെ സൂക്ഷ്മാംശങ്ങളെ അവൻ ധ്യാനിയ്ക്കുന്നുണ്ട്, അതിലെ ദൈവശാസ്തചിന്തകളെ സ്വന്തമാക്കുന്നുണ്ട്. അങ്ങനെ സാധകം ചെയ്യുന്ന പാട്ടുകാരനെപ്പോലെ, പരിശീലനം ചെയ്യുന്ന നർത്തകനെപ്പോലെ, പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥിയെപ്പോലെ തയ്യാറെടുക്കുകയാണ് – ഏറ്റവും വലിയ ആഘോഷത്തിനായി പരിശുദ്ധ കുർബാനയ്ക്കായി, യാമപ്രാർത്ഥനകളിലൂടെ.



പാടുന്ന ഓരോപാട്ടൂം ഗായകനെ ആഹ്ലാദഭരിതനാക്കുന്നുണ്ട്. വയ്ക്കുന്ന ഓരോ ചുവടും നർത്തനെയും. അരങ്ങിൽ അലപിയ്ക്കുന്ന ഗാനവും വയ്ക്കുന്ന ചുവടും തന്റെ പരിശീലനക്കളരിയിൽ ആലപിച്ചഗാനവും വച്ച ചുവടുകളൂം തന്നെയാണ്. എങ്കിലും വേദിയിലെ ഗാനവും ചുവടുകളുമാണ് അതിന്റെ ഏറ്റവും ഉന്നതമായ അവസ്ഥ, ആവർത്തനമാണെങ്കിൽ കൂടി. മറിച്ചു ചിന്തിച്ചാൽ കുർബാനയുടെ ആഘോഷം എല്ലാ യാമപ്രാർത്ഥനകളിലും അലയടിയ്ക്കുന്നുണ്ട്. യാമപ്രാർത്ഥനകളിലൂടെ പരിശീലനം ചെയ്യാതെ കുർബാനയുടെ വേദിയിലേയ്ക്ക് കടക്കുന്ന വിശ്വാസി സാധകം ചെയ്യാത്ത ഗായകനെപ്പോലെ പരിശീലനം ചെയ്യാത്ത നർത്തകനെപ്പോലെ ചുവടുപിഴച്ച്, സ്വരമിടറി എങ്ങനെയൊക്കെയോ കുർബാന മുഴുമിപ്പിയ്ക്കുന്നു.  



വേദിയിൽ അവതരിപ്പിയ്ക്കുന്നത് കർണ്ണാടക സംഗീതമാണെന്നു കരുതുക. നിങ്ങൾ പരിശീലിയ്ക്കുന്നത് നാടൻപാട്ട്. അവതരിപ്പിയ്ക്കുന്നത് കഥകളിയാണെന്നു കരുതുക. പരിശീലിയ്ക്കുന്നത് ഡിസ്കോഡാൻസ്. അങ്ങനെയാണെങ്കിൽ അരങ്ങിലെ കലാരൂപം എങ്ങനെയാണ് അതിന്റെ പൂർണ്ണതയിൽ അവതരിപ്പിയ്ക്കുവാൻ ആഘോഷിയ്ക്കുവാൻ സാധിയ്ക്കുന്നത്.



ഈ രണ്ടു പ്രശ്നങ്ങളും ഇന്ന് വിശ്വാസികൾ അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ് വസ്തുത. ചുരുക്കത്തിൽ കുർബാന എന്ന വിശ്വാസത്തിന്റെ ഏറ്റവും വലിയ ആഘോഷം അനുഭവവേദ്യമാകാതെ പോകുന്നതിനുള്ള ഒരു കാരണം ഈ സാധകത്തിലെ താളപ്പിഴകൾ തന്നെയല്ലേ.

Saturday, April 25, 2020

മാർ വാലാഹ് - അക്കുത്തിക്കുത്ത്

താനില്ലാത്തൊരു നേരം നോക്കി
തമ്പ്രാൻ വന്നതു കേട്ടു കലമ്പി
താൻ വിശ്വസിയ്ക്കുകയില്ലെന്നുടനെ
തോമാ സത്യം ചെയ്തു പറഞ്ഞു.

തോമായുള്ളൊരു നേരം നോക്കി
തമ്പ്രാൻ വന്നിട്ടരികെ വിളിച്ചു.
കുന്തം കൊണ്ടു തുളഞ്ഞവിലാവിൽ
കൈകൾ ചേർത്തു തോമാ പറഞ്ഞു
മാർ വാലാഹ്

Thursday, April 23, 2020

വിശ്വാസപരിശീലനത്തെക്കുറിച്ച്....

ജോർജ്ജ് കിറാസിന്റെ ഫെയിസ്ബുക്ക് പോസ്റ്റുകളിൽ ഒരെണ്ണം ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളൂമായി ബന്ധപ്പെട്ടായിരുന്നു. ജോർജ്ജ് കിരാസ് ആരാണെന്നല്ലേ. ഒരു സുറിയാനീ ഭാഷാ പണ്ഢിതനാണ്. സെബാസ്റ്റ്യൻ ബ്രോക്കിന്റെ തലമുറയ്ക്കു ശേഷം സുറിയാനീ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിയ്ക്കുന്നയാൾ. ജനനം ബേസ്‌ലഹെമിൽ. ജീവിയ്ക്കുന്നത് അമേരിയ്ക്കയിൽ. ബേത്ത് മർദൂത്തോ എന്ന സുറിയാനീ ഇനിസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്. എന്റെ ഫെയിസ്ബുക്ക് ഫ്രണ്ട് ആണ്.

ഇദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ പോസ്റ്റിലെ ഒലേസ്കി ചെക്കലിന്റെ കമന്റ് കൗതുകകരമായി. ഒലേസ്കി ചെക്കൽ ഒരു ആർട്ടിസ്റ്റ് ആണ്.  അദ്ദേഹത്തിന്റെ മകൻ സഹ്‌ദായുടെ തിരുന്നാളിന് ഒരു ചിത്രം വരച്ചു.



ഒരു ക്രൂശിതരൂപത്തിന്റെ ചിത്രം. കുരിശിന് അപ്പുറവും ഇപ്പറവും രണ്ടു വ്യക്തികൾ. കുതിരപ്പുറത്ത് ഗീവർഗീസ് പാമ്പിനെ കുന്തം കൊണ്ട് കുത്തുന്നു. ഗീവർഗ്ഗീസും പാമ്പും കുരിശിൽ കിടക്കുന്ന കർത്താവും കുരിശിന്റെ ഇരുവശത്തുമുള്ളവരും പാട്ടുപാടുന്നു. Interesting.

ഞാൻ ഒലേക്സി ചെക്കലിന്റെ ഫെയിസ്ബുക്കിൽ കയറി.  അങ്ങേരുടെ ഇളയ മകന്റെ രചനയാണ്. ഇളയമകന്റെ എന്തു പ്രായം വരും എന്നതായിരുന്നു എന്റെ ചോദ്യം. ഫോട്ടോകൾ പരതി. ഒരു പത്തു പന്ത്രണ്ടു വയസ്സുപ്രായം വരുന്ന പയ്യൻ. ചിത്രവും കണ്ടാൽ അതു പറയുമല്ലോ. പയ്യന്റെ കമന്റ് ആണ് അതിലേറെ ഇഷ്ടപ്പെട്ടത്. "in the icons all the characters should sing and sing the glory of God!" അതായത് ഐക്കണിൽ എല്ലാ കഥാപാത്രങ്ങളൂം ദൈവത്തെ സ്തുതിയ്ക്കണമത്രേ. അതുകൊണ്ടാണ് പാമ്പ് ഉൾപ്പെടെ എല്ലാവരും ദൈവത്തെ സ്തുതിയ്ക്കുന്നത്.

നമ്മുടെ ഒരു പന്ത്രണ്ടൂ വർഷത്തെ മതബോധനം കഴിയുമ്പോൾ ഇത്തരത്തിൽ ചിന്തിയ്ക്കുവാൻ കഴിയുന്ന ഒരു കുട്ടിയെ നമുക്ക് ലഭിയ്ക്കുമോ? എത്ര വ്യക്തമായ കാഴ്ചപ്പാടാണ് ആ കുട്ടിയ്ക്കുള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. നമ്മുടെ മതബോധനവും വിശ്വാസപരിശീലനവും ഏത്രയോ അകലെയാണ്?

2020, ഗീവർഗ്ഗീസ് സഹ്‌ദായുടെ തിരുന്നാൾ,
ബാംഗളൂർ