Thursday, April 23, 2020

വിശ്വാസപരിശീലനത്തെക്കുറിച്ച്....

ജോർജ്ജ് കിറാസിന്റെ ഫെയിസ്ബുക്ക് പോസ്റ്റുകളിൽ ഒരെണ്ണം ഗീവർഗ്ഗീസ് സഹദായുടെ തിരുന്നാളൂമായി ബന്ധപ്പെട്ടായിരുന്നു. ജോർജ്ജ് കിരാസ് ആരാണെന്നല്ലേ. ഒരു സുറിയാനീ ഭാഷാ പണ്ഢിതനാണ്. സെബാസ്റ്റ്യൻ ബ്രോക്കിന്റെ തലമുറയ്ക്കു ശേഷം സുറിയാനീ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ നൽകിക്കൊണ്ടിരിയ്ക്കുന്നയാൾ. ജനനം ബേസ്‌ലഹെമിൽ. ജീവിയ്ക്കുന്നത് അമേരിയ്ക്കയിൽ. ബേത്ത് മർദൂത്തോ എന്ന സുറിയാനീ ഇനിസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്. എന്റെ ഫെയിസ്ബുക്ക് ഫ്രണ്ട് ആണ്.

ഇദ്ദേഹത്തിന്റെ മേൽപ്പറഞ്ഞ പോസ്റ്റിലെ ഒലേസ്കി ചെക്കലിന്റെ കമന്റ് കൗതുകകരമായി. ഒലേസ്കി ചെക്കൽ ഒരു ആർട്ടിസ്റ്റ് ആണ്.  അദ്ദേഹത്തിന്റെ മകൻ സഹ്‌ദായുടെ തിരുന്നാളിന് ഒരു ചിത്രം വരച്ചു.



ഒരു ക്രൂശിതരൂപത്തിന്റെ ചിത്രം. കുരിശിന് അപ്പുറവും ഇപ്പറവും രണ്ടു വ്യക്തികൾ. കുതിരപ്പുറത്ത് ഗീവർഗീസ് പാമ്പിനെ കുന്തം കൊണ്ട് കുത്തുന്നു. ഗീവർഗ്ഗീസും പാമ്പും കുരിശിൽ കിടക്കുന്ന കർത്താവും കുരിശിന്റെ ഇരുവശത്തുമുള്ളവരും പാട്ടുപാടുന്നു. Interesting.

ഞാൻ ഒലേക്സി ചെക്കലിന്റെ ഫെയിസ്ബുക്കിൽ കയറി.  അങ്ങേരുടെ ഇളയ മകന്റെ രചനയാണ്. ഇളയമകന്റെ എന്തു പ്രായം വരും എന്നതായിരുന്നു എന്റെ ചോദ്യം. ഫോട്ടോകൾ പരതി. ഒരു പത്തു പന്ത്രണ്ടു വയസ്സുപ്രായം വരുന്ന പയ്യൻ. ചിത്രവും കണ്ടാൽ അതു പറയുമല്ലോ. പയ്യന്റെ കമന്റ് ആണ് അതിലേറെ ഇഷ്ടപ്പെട്ടത്. "in the icons all the characters should sing and sing the glory of God!" അതായത് ഐക്കണിൽ എല്ലാ കഥാപാത്രങ്ങളൂം ദൈവത്തെ സ്തുതിയ്ക്കണമത്രേ. അതുകൊണ്ടാണ് പാമ്പ് ഉൾപ്പെടെ എല്ലാവരും ദൈവത്തെ സ്തുതിയ്ക്കുന്നത്.

നമ്മുടെ ഒരു പന്ത്രണ്ടൂ വർഷത്തെ മതബോധനം കഴിയുമ്പോൾ ഇത്തരത്തിൽ ചിന്തിയ്ക്കുവാൻ കഴിയുന്ന ഒരു കുട്ടിയെ നമുക്ക് ലഭിയ്ക്കുമോ? എത്ര വ്യക്തമായ കാഴ്ചപ്പാടാണ് ആ കുട്ടിയ്ക്കുള്ളത് എന്ന് ഞാൻ അത്ഭുതപ്പെട്ടു. നമ്മുടെ മതബോധനവും വിശ്വാസപരിശീലനവും ഏത്രയോ അകലെയാണ്?

2020, ഗീവർഗ്ഗീസ് സഹ്‌ദായുടെ തിരുന്നാൾ,
ബാംഗളൂർ

No comments:

Post a Comment