Friday, April 18, 2025

ഓശാന ഞായറോ പാം സണ്ഡേയോ?

 ഓശാനയെ ഹോസാന ആക്കുന്നവരും ഓശാന ഞായറിന്റെ അഥവാ ഓശാനപ്പെരുന്നാളിനെ പാം സണ്ഡേ ആക്കുന്നവരും കൂടിവരുന്നു. 


പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിൽ ഹോശാന അല്ല ഓശാനയാണ്. ഹോശാന എന്നത് ഓശാനയുടെ ഇംഗ്ലീഷ് അല്ല. ഓശാന ഹോസാനയുടെ മലയാളവും അല്ല. ഓശാന എന്നത് അറമായ സുറിയാനി പൗരസ്ത്യ സുറിയാനി ഉച്ചാരണവും ഹോസാന എന്നത് ഗ്രീക്ക് - ലത്തീൻ ഉച്ചാരണവും ആണ്. അതിന്റെ ഉറവിടം  ഹീബ്രുവാണ്. അതായത് മലയാളത്തിനു ഓശാന എന്നത് ഒരു വിദേശ പദം ആണെങ്കിൽ ഇംഗ്ലീഷിനു ഹോസാനയും ഒരു വിദേശ പദമാണ്. അതുകൊണ്ട് സീറോ മലബാറുകാർ ഇംഗ്ലീഷിലും മലയാളത്തിലും മറ്റേതു ഭാഷയിൽ ആണെങ്കിലും ഓശാന എന്ന പൗരസ്ത്യ സുറിയാനി ഉച്ചാരണം പിന്തുടരുന്നതാണ് ഉചിതം.


പാം സൺഡേ - പനമരങ്ങൾ ധാരാളമുള്ള ഏതെങ്കിലും പ്രദേശത്തെ ക്രിസ്ത്യൻ സമൂഹത്തിന്റെ ആഘോഷത്തിൽ നിന്നാവും ഇംഗ്ലീഷിൽ പാം സണ്ഡേ എന്ന വാക്ക് ഉണ്ടാവുന്നത്. സീറോ മലബാറിൽ പന  അല്ലല്ലോ ഉപയോഗിക്കുക. പാം സണ്ഡേ എന്നു പറയുമ്പോൾ ആഘോഷത്തിന്റെ  പുറം കാഴ്ചകളുമായി ബന്ധപ്പെടുത്തി ഉള്ള പേര്. ക്രിസ്തുമസ്സിനു പകരം കേക്ക് ഡേ എന്നു പറഞ്ഞാൽ എന്താവും. പെസഹാ വ്യാഴത്തിനു   ബ്രെഡ് തേസ്ഡേ എന്നു പറഞ്ഞാലോ?? മാർ തോമാ നസ്രാണികളുടെ ആഘോഷങ്ങൾക്ക് പൊതുവെ അതിന്റെ ലിറ്റർജിക്കൽ സെൻസും ബിബ്ലിക്കൻ പശ്ചാത്തലവും അനുസരിച്ചുള്ള പേരുകളാണ് ഉള്ളത് ഇംഗ്ലീഷ് സ്വാധീനം മാറ്റി നിറുത്തിയാൽ. ഓശാന എന്നത് ഈശോയുടെ സമയത്തും അതിനു മുൻപും യഹൂദർ ഉപയോഗിച്ച ഒരു വിജയാഹ്ലാദ പദമാണ്. ഞങ്ങളെ രക്ഷിക്കണമേ എന്നാണ് ഇതിന്റെ അർത്ഥം. രാജ്യത്തെ - പ്രജകളെ രക്ഷിക്കുന്ന രാജാവിനെ സൈന്യാധിപനെ സ്വീകരിക്കുമ്പോൾ ഉപയോഗിക്കുന്ന പദം. അത് ഒരു അപേക്ഷയല്ല, വിജയാഹ്ലാദമാണ്.  ഇംഗ്ലീഷിലും ഓശാന സണ്ഡേ എന്നു പറയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment