Tuesday, September 16, 2014

വിടവാങ്ങൽ പ്രാർത്ഥന

ܦܘܼܫ ܒܲܫܠܵܡܵܐ ܡܲܕܒ݁ܚܵܐ ܡܚܲܣܝܵܢܵܐ܂ ܦܘܼܫ ܒܲܫܠܵܡܵܐ ܩܲܒ݂ܪܹܗ ܕܡܵܪܲܢ܂ ܩܘܼܪܒܵܢܵܐ ܕܢܸܣܒ݂ܲܬ݂ ܡܸܢܵܐ ܢܸܗܘܹܐ ܠܝܼ ܠܚܘܼܣܵܝܵܐ ܕܚܵܘܵܒܹܐ ܘܲܠܫܘܼܒ݂ܩܵܢܵܐ ܕܲܚܛܵܗܹܐ܂ ܠܵܐ ܝܵܕܲܥ ܐ݇ܢܵܐ ܐܸܢ ܐܵܬܹܐ ܐ݇ܢܵܐ ܘܡܲܣܸܩ ܐ݇ܢܵܐ ܥܠܲܝܢ ܩܘܼܪܒܵܢܵܐ ܐ݇ܚܪܹܢܵܐ ܐܵܘ ܠܵܐ܂

സീറോ മലബാർ സഭയുടെ കുർബാനയിൽ കാർമ്മികൻ ഹൂത്താമാ ചൊല്ലിക്കഴിഞ്ഞ ശേഷം തിരിച്ച് മദ്ബഹായിലെത്തിയ ശേഷം മദ്ബഹാ ചുംബിയ്ക്കുന്നു. അപ്പോൾ ചൊല്ലുന്ന പ്രാർത്ഥനയാണ് മേലേ കൊടുത്തിരിയ്ക്കുന്നത്. അതിനെ മലയാളത്തിൽ ഇപ്പോൾ  ഉപയോഗിയ്ക്കുന്നത് ഇപ്രകാരമാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി നിന്നിൽ നിന്നു സ്വീകരിച്ച കുർബാന കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ഇനിയൊരു ബലി അർപ്പിയ്ക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ

ഇത് ജനങ്ങളുടെ പ്രാർത്ഥനയായി മാറ്റപ്പെട്ടിട്ട് അധികം കാലമായിട്ടില്ല. എന്റെ കുട്ടിക്കാലത്ത് ഇത് ചൊല്ലിക്കേട്ടിരുന്നില്ല. ചൊല്ലേണ്ടതും കൂടി വെട്ടിച്ചുരുക്കുന്ന കാലത്ത് പൂർണ്ണമായും വൈദീകനു മാത്രം ചൊല്ലാവുന്ന  ഒരു പ്രാർത്ഥന ജനങ്ങളെക്കൊണ്ടു കൂടി ചൊല്ലിയ്ക്കാനായി എന്നത് കൗതുകകരമാണ്. ഇത് ജനങ്ങൾ ചൊല്ലേണ്ടുന്ന ഒരു പ്രാർത്ഥനയല്ല.

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാവണം ഇപ്പോൾ ബേമ്മായിൽ നിന്നുകൊണ്ട് ദൈവജനത്തെ അഭിമുഖീകരിച്ച് ചില വൈദീകർ ഈ പ്രാർത്ഥന ചൊല്ലിക്കാണുന്നുണ്ട്. ഇതും പ്രാർത്ഥനയുടെ അർത്ഥത്തിന് ഒട്ടും യോജിച്ചതല്ല.

വിശുദ്ധീകരണത്തിന്റെ ബലിപീഠവും കർത്താവിന്റെ കബറിടവും പരിശുദ്ധ മദ്ബഹായാണ്. ബേമ്മയല്ല. മേല്പറഞ്ഞതുപോലെ മദ്ബഹ ചുംബിച്ചുകൊണ്ടുള്ള ഒരു പ്രാർത്ഥനയാണ്.  മദ്ബഹായിലേയ്ക്ക് കുനിഞ്ഞ് മദ്ബഹായോട് വൈദീകൻ മന്ത്രിയ്ക്കുന്ന പ്രാർത്ഥന. വൈദീകൻ വിടപറയുന്നത്  മദ്ബഹായോടാണ്. ബേമ്മയോടോ ഹൈക്കലയോടോ അല്ല. വൈദീകൻ മാത്രമാണ് മദ്ബഹായിൽ നിന്നും കുർബാന കൈക്കൊള്ളുന്നത്. മറ്റുള്ളവരെല്ലാം മദ്ബഹായുടെ കവാടത്തിങ്കൽ പുരോഹിതനിൽ നിന്നാണ് കുർബാന സ്വീകരിയ്ക്കുന്നത്.

ഇതേ വിഷയത്തെക്കുറിച്ച് ചവറപ്പുഴ ജയിംസച്ചന്റെ ലേഖനം ഇവിടെ വായിയ്ക്കാം.http://marggam.blogspot.in/2012/04/blog-post.html


Sunday, September 14, 2014

ധൂപാർപ്പണം: ചില പ്രായോഗിക ചിന്തകൾ

ശ്ലൈഹീക സഭകളിൽ പ്രത്യേകിച്ച് പൗരസ്ത്യ സഭകളിൽ  ആരാധനാക്രമത്തിൽ ധൂപാർപ്പണത്തിന് സവിശേഷമായ സ്ഥാനമുണ്ട്. പൗരസ്ത്യ സുറിയാനി സഭയിൽ വൈദീകൻ തിരുവസ്ത്രങ്ങൾ അണിയുമ്പോഴും അപ്പവും വീഞ്ഞും ബേസ് ഗസ്സായിൽ സജ്ജീകരിയ്ക്കുമ്പോഴും തുടർന്ന് വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ധൂപർപ്പണം നടത്തുന്നതായി കാണാം. മ്ശംശന നടത്തേണ്ടുന്ന ധൂപാർപ്പണം അൾത്താരബാലന്മാരിലേയ്ക്ക് ഒതുങ്ങിയപ്പോൾ അതിന്റെ പ്രാധാന്യത്തിനും പ്രതീകാത്മകയ്ക്കും അതിനോട് ദൈവജനത്തിനുള്ള മനോഭാവത്തിനും ഇടിവു തട്ടിയിട്ടുണ്ട്. താഴ്ന്നപട്ടക്കാരുടെ അഭാവത്തിൽ അവരെ ഏല്പിച്ചിരിയ്ക്കുന്ന ശുശ്രൂഷ ഉയർന്നപട്ടമുള്ളവർ ഉണ്ടെങ്കിൽ അവർ തന്നെ ഏറ്റെടുക്കുന്നതു നന്നായിരിയ്ക്കും. മ്ശംശാന നടത്തേണ്ട തിരുവസ്തുക്കളുടെ മദ്ബഹായിലെ സജ്ജീകരണം കശീശാപ്പട്ടമുള്ള പുരോഹിതരാണല്ലോ നടത്തുന്നത്. ധൂപാർപ്പണം അൾത്താരബാലന്മാർ ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് വേണ്ട ബോധവത്കരണവും, പരിശീലനവും നിരന്തരമായ തിരുത്തലുകളും കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.


കുട്ടികളായിരിയ്ക്കുമ്പോൾ ധൂപക്കുറ്റി വീശുന്നത് ഒരു ഹരമായിരിയ്ക്കും. ഏറ്റവും വേഗതയിൽ വീശുവാനുള്ള മത്സരവും ഉണ്ടായെന്നും വരാം. ഈയിടെ ഒരു സഹോദരനോട് സംസാരിച്ചപ്പോൾ വേഗത്തിൽ വീശുന്നവരെയേ ധൂപം എടുക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നു പറയുകയുണ്ടായി. ഇത് ഒരു ബാല്യചാപല്യമായി കണക്കാക്കാമെങ്കിൽ കൂടി അത് ധൂപാർപ്പണം എന്ന ശുശ്രൂഷയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തീർച്ചയായും തിരുത്തപ്പെടേണ്ടതു തന്നെയാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ടോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

കുട്ടിക്കാലത്ത് അൾത്താരബാലനായിരുന്ന അവസരത്തിൽ ഞാനും ഇങ്ങനെയായിരുന്നു. അതിവേഗം ധൂപക്കുറ്റി വീശുന്നത് ഒരു ഗമയായി കരുതിയിരുന്നകാലംപള്ളിയിലെ വികാരിയായി വന്ന ജി.റ്റി. ഊന്നുകല്ലിലച്ചൻ അത് തിരുത്തുന്നതു വരെ അത് അങ്ങിനെ തുടർന്നു. അച്ചൻ അന്ന് ഭക്തിയോടെ ധൂപാർപ്പണം നടത്തണമെന്നും അതും ഒരു പ്രാർത്ഥനയാണെന്നും ഒക്കെ ഉപദേശിച്ചു. അന്ന് അതിന്റെ അർത്ഥം മനസിലാക്കുവാനുള്ള പാകത ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല മനസിൽ അച്ചനോട് നീരസം തോന്നുകയും ചെയ്തു. പക്ഷേ ഇന്നു തിരിഞ്ഞു നോക്കുമ്പോൾ അത് എത്രമാത്രം അർത്ഥവത്താണെന്ന് മനസിലാവുന്നുണ്ട്.

ഇതൊക്കെപ്പറയുവാൻ കാരണം ഈയിടെ ഭരണങ്ങാനത്ത് റംശായിൽ പങ്കെടുക്കുവാൻ ഇടയായതായിരുന്നു. ഏതാണ്ട് തലങ്ങും വിലങ്ങും  നെഞ്ചക്ക് എടുത്തുപെരുമാറുന്നു അഭ്യാസിയെപ്പോലെ ആയിരുന്നു ധൂപാർപ്പണം.
അതോടൊപ്പം ഒരു ഗ്രീക്ക് ഓർത്തോഡോക്സ് ലിറ്റർജിയിലെ ധൂപാർപ്പണത്തിന്റെ ഓർമ്മകളും കൂടി പങ്കുവയ്ക്കാനാഗ്രഹിയ്ക്കുന്നു. കാർമ്മികൻ ജനങ്ങളെ ധൂപിയ്ക്കുന്നതായിരുന്നു അവസരത്തിൽ സമൂഹത്തിന്റെ ഓരോ അംഗത്തെയും നോക്കി സാവധാനത്തിൽ സമയമെടുത്ത് ധൂപിയ്ക്കുന്നത് വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

ആരാധാനാക്രമത്തിൽ ധൂപാർപ്പണത്തിന്റെ സ്ഥാനം മനസിലാക്കി അതു നിർവ്വഹിയ്ക്കുവാൻ അൾത്താരബാലന്മാരെ ഒരുക്കുക്കേണ്ടിയിരിയ്ക്കുന്നു


Sunday, May 4, 2014

ഈശോ എന്ന നാമം

ഹീബ്രുവും അറമായയും ഒരേ അക്ഷരമാലയുള്ള ഭാഷകളാണ്. ഈശോ മിശിഹായുടെ കാലത്തിനും നൂറ്റാണ്ടുകൾ ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രുവിന്റെ കാലം അവസാനിയ്ക്കുകയും തത്‌സ്ഥാനത്ത് അറമായ വരികയും ചെയ്തു. പഴയ നിയമത്തിന്റെ തന്നെ ചില ഭാഗങ്ങൾ അറമായയിൽ എഴുതപ്പെട്ടിട്ടുണ്ട് എന്നതു തന്നെ ഇതിനു തെളിവാണ്. ഹീബ്രു ഒരു ആരാധനാഭാഷയായി മാത്രം നിലനിൽക്കുകയും ചെയ്തു. അതേ സമയം സിനഗോഗുകളിൽ  ഹീബ്രുവിലെഴുതിയത് ഹീബ്രുവിൽ വായിച്ച് അറമായയിൽ വിശദീകരിയ്ക്കുകയോ ഹീബ്രുവിലെഴുതിയത് അറമായയിൽ വായിച്ച് വിശദീകരിയ്ക്കുകയോ വായനയ്ക്ക് അറമായയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ തോറ ഉപയോഗിയ്ക്കുകയോ ചെയ്തിരിയ്ക്കാനും സാധ്യതയുണ്ട്. അതായത് ആരാധനയോടു ചേർന്നു പോലും അറമായ സ്വാധീനം ചെലുത്തി എന്ന വാദത്തിന് സാധുതയുണ്ട്  അതേ സമയം ഈശോ മിശിഹാ സംസാരഭാഷ അറമായ ആയിരുന്നു എന്നത് അവിതർക്കമാണ്.
ഈ പോസ്റ്റിന്റെ ഉദ്ദ്യേശം ഈശോ എന്ന നാമത്തെക്കുറീച്ച് പറയുവാനാണ്.
ഈശോ മിശിഹായും ശ്ലീഹന്മാരും ആദിമ സഭയും അറമായ സംസാരഭാഷയാക്കിയവരായിരുന്നു. പൗലോസ് ശ്ലീഹാ മാനസാന്തരപ്പെടുത്തിയ വിജാതീയർ ഒഴികെയുള്ള ആദിമ സഭാസമൂഹങ്ങളെല്ലാം അറമായ സംസാരിയ്ക്കുന്ന യഹൂദക്രൈസ്തവരായിരുന്നു.  അവരുടെ പിൻഗാമികളാണ് പൗരസ്ത്യസുറിയാനീ സഭകൾ. കത്തോലിയ്ക്കാ കൂട്ടായ്മയിലുള്ള കൽദായസഭയും ഇന്ത്യയിലെ മാർ തോമാ നസ്രാണികളുടെ സഭയും കത്തോലിയ്ക്ക സഭാകൂട്ടായ്മയിൽ പെടാത്ത അസീറിയൻ സഭയും. കാലാന്തരത്തിൽ മുസ്ലീം കടന്നുകയറ്റത്തിൽ ന്യൂനപക്ഷമാക്കപ്പെട്ട ഏഷ്യയിലെ സുറിയാനി സഭകൾ. മറ്റു സഭകളെല്ലാം ഗ്രീക്ക് സഭകളോ ലത്തീൻ സഭയോ ആവട്ടെ അവർ യഹൂദപശ്ചാത്തലത്തിലുള്ളവയല്ല.

ഈശോ എന്ന നാമം പൈതൃകമായി കൈമാറിവന്നതാകയാൽ അത് ഈശോമിശിഹായെ വിളിച്ചിരുന്ന പേര് എന്ന നിലയിൽ പരിഗണിയ്ക്കപ്പെടേണ്ടതാണ്.

ഈശോ മിശിഹായുടെ കാലത്ത് ഹീബ്രുവിനോ അറമായയ്ക്കോ സ്വരചിഹ്നങ്ങൾ ഉണ്ടായിരുന്നില്ല. ഹീബ്രുവിലും അറമായയിലും ഈശോമിശിഹായുടെ പേർ എഴുതുന്നത് യോഥ് (Y), ഷീൻ(SH), വാവ്(W), ഐൻ (AH) എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചാണ്. ഹീബ്രുവിൽ ഇത് യശ്‌വ്അ (യശുവ, യേശുവ) എന്നാണ് ഉശ്ചരിയ്ക്കുന്നത് എന്നൊരുവാദമുണ്ട്. ഹീബ്രുവിനുതന്നെ മറ്റുഭാഷകൾക്കെന്നതുപോലെ കാലദേശങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഉച്ചാരണങ്ങളുണ്ട്.  മാത്രവുമല്ല യശ്‌വ്അ എന്ന ഉശ്ചാരണം ഹീബ്രു അക്ഷരങ്ങൾ പെറുക്കി വായിയ്ക്കുന്നതാണ്.  അതേ സമയം ഈശോ എന്ന നാമം  ഇതേ വ്യജ്ഞനാക്ഷരങ്ങളോടൊപ്പം സ്വരവും ചേർത്തുവായിയ്ക്കുന്നതാണ്. അല്ലാതെ ചില സ്ഥാപിതതാത്പര്യക്കാർ വാദിയ്ക്കുന്നതുപോലെ വിജാതീയവത്കരണത്തിന്റെ ഭാഗമല്ല.

ഗ്രീക്കിലാകട്ടെ പേരിന്റെ അവസാനം “സ്” ചേർക്കപ്പെടുന്നതായി കാണുന്നുണ്ട്. മൂശ = മോസസ്, തോമ = തോമസ്, ബറാബാ = ബറാബാസ്, കയ്യാപ്പാ = കയ്യാപ്പാസ്. അങ്ങിനെയാണ് ഈശോ എന്ന നാമം ഗ്രീക്കിൽ ഈശോസ്, യീശോസ്, യീശസ് എന്നു മാറുന്നത്. ഗ്രീക്കിലെ “Y” സ്വരം  ലത്തീനിലെ “I” യ്ക്ക് വഴിമാറുകയും  ലത്തീനിൽ നിന്ന് ഇംഗ്ലീഷിലേയ്ക്ക് എത്തുമ്പോൾ “I”, “J” യ്ക്ക് വഴിമാറുകയും ചെയ്യുന്നതിലൂടെയാണ് ജീസസ് എന്ന പേര് ഉണ്ടാവുന്നത്. ഇത് ഒരു വിജാതീകവത്കരണ അജണ്ടയുടെ ഭാഗമാണെന്നു വാദിയ്ക്കുന്നത് ചരിത്രത്തിനോ സാമാന്യയുക്തിയ്ക്കോ നിരക്കുന്നതല്ല.

പിശിത്താ ബൈബിൾ, സുറീയാനിയിൽ അഥവാ അറമായയിലുള്ള ബൈബിൾ ഈശോ എന്ന നാമമാണ് ഈശോ മിശിഹായ്ക്കും ഈശോ ബർ നോൻ(ജോഷ്വ) യ്ക്കും നൽകുന്നത്.

അറമായസംസാരിയ്ക്കുന്ന യഹൂക്രിസ്ത്യാനികൾ കൈമാറി വന്ന ഈശോ എന്ന പേര് മാലാഖാ മറിയത്തെ അറിയീച്ച പേരും, മറിയം ഈശോയെ വിളിച്ച പേരുമാവാതിരിയ്ക്കുവാൻ ഒരു സാധ്യതയും കാണുന്നില്ല. യേശു, യേസൂസ്, ജീസസ് തുടങ്ങിയ നാമങ്ങളെല്ലാം ഗ്രീക്ക് വഴി ലത്തീനിലൂടെ  മറ്റു ഭാഷകളിലേയ്ക്ക് വ്യാപിച്ചതാണ്.

Sunday, April 6, 2014

ഈശോ മറിയം യൗസേപ്പേ?

മനോവയുടെ വിചിത്രമായ മറ്റൊരു ആരോപണമാണ് ഒരുവന്റെ മരണസമയത്ത് ചൊല്ലിക്കൊടുക്കുന്നതെന്ന് മനോവ ആരോപിയ്ക്കുന്ന ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കേണമേ എന്ന പ്രാർത്ഥന സുറീയാനിപാരമ്പര്യമാണെന്നത്!. മനോവ പറയുന്നത് ഇപ്രകാരമാണ്. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പൗരസ്ത്യസഭയില്‍ ഉടലെടുത്തതും കത്തോലിക്കാസഭ തള്ളിക്കളഞ്ഞതുമായ പാഷാണ്ടതയുടെ ശേഷിപ്പാണ് 'ഈശോ മറിയം യൗസേപ്പേ' എന്ന പ്രാര്‍ത്ഥന! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf.

യൗസേപ്പു പിതാവിനെ അനുസ്മരിയ്ക്കുന്ന ഏതെങ്കിലും പ്രാർത്ഥനയോ തിരുന്നാളുകളോ പൗരസ്ത്യ സുറിയാനീ സഭയുടെ പാരമ്പര്യത്തിലുണ്ടോ എന്ന് മനോവ പരിശോധിക്കട്ടെ. ബൈബിളിൽ നീതിമാനായ യൗസേപ്പിനേക്കുറീച്ച് അധികമൊന്നും കാണാനാവില്ല. യൗസേപ്പു പിതാവിന്റെ മരണത്തിരുന്നാളും മറ്റും പാശ്ചാത്യസഭയിൽ നിന്നു കടംകൊണ്ടതും സുറിയാനീ പാരമ്പര്യത്തീൽ ഇല്ലാത്തതുമാണ്.  ഈശോ മിശിഹായുടെ പരസ്യജീവിതത്തിനു സാക്ഷികളാകാത്തവരെയോ സാക്ഷ്യം നൽകാത്തവരേയോ പ്രാർത്ഥനകളിൽ അനുസ്മരിച്ചു കണ്ടിട്ടുമില്ല. അതുകൊണ്ടു തന്നെ യൗസേപ്പു പിതാവിനെ സുറീയാനീ പ്രാർത്ഥനകളിൽ കണ്ടുമുട്ടുവാൻ സാധിയ്ക്കില്ല. മേൽ പറഞ്ഞ കാരണത്താൽ തന്നെ ഈശോ മറീയം യൗസേപ്പേ എന്നത് സുറീയാനിക്കാരുടെ പ്രാർത്ഥനയല്ല. പാശ്ചാത്യസഭയുടെ ലിറ്റർജിയിൽ പോലും ഔസേപ്പു പിതാവ് പരാമർശിക്കപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യമാണ്. ഔസേപ്പു പിതാവിനേപ്പറ്റിയുള്ള മൗനം കത്തോലിയ്ക്കാ സഭയുടെ ഒരു പൊതുസ്വഭാവമായിരുന്നു.


അപ്പോൾ പിന്നെ ഈ പ്രാർത്ഥന എവിടെനിന്നു വന്നു എന്ന ചോദ്യം വരാം. ഇത് പാശ്ചാത്യ മിഷനറിമാർ ഇവിടെ ഇറക്കുമതി ചെയ്തതാണ്. ഒട്ടനവധി പ്രാർത്ഥനകൾ ലത്തീനിൽ നീന്ന് സുറീയാനിയിലേയ്ക്കും പിന്നീട് മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തി. ലത്തീൽ ശൈലിയിൽ മലയാളത്തിലും സുറിയാനിയിലും പുതിയ പ്രാർത്ഥനകൾ രൂപപ്പെടുത്തി.  പക്ഷേ അതൊന്നും പൗരസ്ത്യസഭയുടെ പാരമ്പര്യമായി തെറ്റിദ്ധരിച്ചുകൂടാ. പൗരസ്ത്യ സഭയുടെ ആദ്ധ്യാത്മികത എന്താണെന്നോ അവരുടെ പ്രാർത്ഥനയുടെ ശൈലി എന്താണെന്നോ മനസിലാക്കിയിരുന്നെങ്കിൽ മനോവ ഇത്തരം ആരോപണങ്ങൾ ഉന്നയിയ്ക്കുകയില്ലായിരുന്നു.

പൗരസ്ത്യ സുറിയാനീസഭാപാരമ്പര്യത്തിലെ പ്രാർത്ഥനകൾ ഉടവിടങ്ങളോട് നീതിപുലർത്തിക്കൊണ്ട്  ദനഹാസർവ്വീസ് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. പൗരസ്ത്യ സുറിയാനീ ആദ്ധ്യാത്മികതയെ പരിചയപ്പെടുവാൻ ഇത്തരം പുസ്തങ്ങളുടെ ഉപയോഗത്തിലൂടെ സാധിയ്ക്കും.


മറ്റൊരു ആരോപണം വൃദ്ധനായി യൗസേപ്പിനെ പൗരസ്ത്യ സഭ ചിത്രീകരിച്ചു എന്നതാണ്. ഇവിടെ പൗരസ്ത്യ സഭ എന്നതുകൊണ്ട് ഗ്രീക്ക് സഭയാണെങ്കിൽ മനോവയുടെ വാദത്തിൽ കഴമ്പുണ്ടാകാം. ഇവിടെ മനസിലാക്കേണ്ട വസ്തുത ഒരു തരത്തിലുമുള്ള ചിത്രീകരണങ്ങൾ സുറിയാനീ സഭയുടെ പാരമ്പര്യത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്.  മാർ തോമാ നസ്രാണികളുടെ കാര്യത്തിലാണെങ്കിൽ ഇത് വളരെ സ്പഷ്ടവുമാണ്. പ്രതിമകളോ ചിത്രങ്ങളോ പള്ളിയിൽ പ്രതിഷ്ടിയ്ക്കുന്ന പതിവ് വൈദേശികമാണ്. രണ്ട് പൗരസ്ത്യ സഭയായ ഗ്രീക്ക് സഭ ഐക്കണുകൾ ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്ന രിതിയുണ്ട്. ഐക്കണുകൾ ഫോട്ടോകളല്ല. ഒരാൾ കാഴ്ചയിൽ എങ്ങനെയിരുന്നു എന്നു ചിത്രീകരിയ്ക്കുകയല്ല ഐക്കണുകളുടെ ഉദ്ദ്യേശം. അതുകൊണ്ടൂ തന്നെ വൃദ്ധനായ യൗസേപ്പിന്റെ ചിത്രങ്ങളോ ഐക്കണുകളോ പൗരസ്ത്യസഭയിൽ പ്രചരിച്ചിരുന്നെങ്കിൽ തന്നെ അത് യൗസേപ്പ് വൃദ്ധനായിരുന്നു എന്നു ചിത്രീകരിയ്ക്കാനാവണമെന്നുമില്ല.

ആഗസ്തീനോസ് പൗരസ്ത്യനോ? :)

കിഴക്കിനെ പടിഞ്ഞാറെന്നും പടിഞ്ഞാറിനെ കിഴക്കെന്നുമൊക്കെ തരം പോലെ വിളിയ്ക്കാൻമനോവയ്ക്കു മടിയില്ല. പഴയതിനെ പുതിയതെന്നും പുതിയതിനെ പഴയതെന്നും വിളിയ്ക്കാനും മനോവയ്ക്ക് മടിയില്ല. അത്തരത്തിലുള്ള പുതിയ ഒരാരോപണമാണ് ആഗസ്തീനോസ് പൗരസ്ത്യനാണെന്നുള്ളത്.  ആഗസ്തീനോസ് ചിരിയ്ക്കുന്നുണ്ടാവണം!

മനോവ എഴുതിയിരിയ്ക്കുന്നത് ഇങ്ങനെയാണ്: “ത്രിത്വൈകദൈവത്തെക്കുറിച്ച് അബദ്ധധാരണ ജനിപ്പിക്കുന്നതില്‍ പൗരസ്ത്യസഭ എല്ലാക്കാലത്തും മുന്നിലായിരുന്നു. ബുദ്ധിയുടെ തലത്തില്‍ ത്രിത്വത്തെ അന്വേഷിച്ചു പരാജയപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയായിരുന്ന വിശുദ്ധ അഗസ്തീനോസ് പൗരസ്ത്യസഭയില്‍നിന്നുള്ള വ്യക്തിയായിരുന്നുവെന്ന് നമുക്കറിയാം. അഗസ്തീനോസ് പിന്‍വലിഞ്ഞുവെങ്കിലും അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‍ പൗരസ്ത്യസഭ പിന്‍വാങ്ങിയില്ല. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരായിരുന്നു ഇവരില്‍ പ്രമുഖര്‍. ഇവരെ പ്രകീര്‍ത്തിക്കുന്ന പാര്‍ത്ഥനകള്‍പോലും സുറിയാനിസഭയില്‍ ഉണ്ടായിരുന്നു. കത്തോലിക്കാസഭയോടു ചേര്‍ന്നപ്പോള്‍ നീക്കംചെയ്യപ്പെട്ട പ്രാര്‍ത്ഥനകളില്‍ ഇവയും പെടും! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf

മൂന്നു വ്യത്യസ്ത പാരമ്പര്യങ്ങളുള്ള സഭകളാണല്ലോ കത്തോലീയ്ക്കാ സഭയിലുള്ളത് യഥാക്രമം സുറീയാനി അഥവാ അറമയ, ഗ്രീക്ക്, ലത്തീൻ.
ഇതിൽ സുറീയാനി സഭകൾ റോമൻ -ബൈസന്റൈൻ പരിധികൾക്കു പുറത്ത് ഹെലനീകരിയ്ക്കപ്പെടാതെ വളർന്നു. ഗ്രീക്കു സഭയും ലത്തീൻ സഭയും റോമാസാമ്രാജ്യത്തിന്റെ ഉള്ളിലും. സുറീയാനീ സഭകൾ കിഴക്കൻ സഭയെന്നു വിളിയ്ക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിൽ കിഴക്കുള്ളവ പൗരസ്ത്യസഭയെന്നും, പടിഞ്ഞാറുള്ള പാശ്ചാത്യസഭയെന്നും വിളിയ്ക്കപ്പെട്ടു. അതായത് പാശ്ചാത്യസഭയായ ലത്തീൻ സഭയും പൗരസ്ത്യ സഭകളായ ബൈസന്റൈൻ, അർമ്മേനിയൻ, കോപ്റ്റിക് സഭകൾ റോമാ സാമ്രാജ്യത്തിനുള്ളിലാണ് വളർന്നത്. കൽദായയെന്നും നെസ്തോറിയനെന്നും അസ്സീറീയനെന്നും പൗരസ്ത്യസുറിയാനിയെന്നുമൊക്കെയുള്ള നാമങ്ങൾ കിഴക്കിന്റെ സഭ സ്വന്തമായി തിരഞ്ഞെടുത്തതല്ല, കാലക്രമത്തിൽ ചരിത്രപരമായ കാരണങ്ങളാൽ വന്നു ചേർന്നതോ ചാർത്തപ്പെട്ടതോ ആണ്. റോമാ സാമ്രാജ്യത്തിലെ പൗരസ്ത്യസഭകൾക്ക്പൊതുവിൽ ഒരു ഗ്രീക്ക് പാരമ്പര്യമുണ്ട്. ലത്തീൻ സഭയുടെ ഉത്ഭവവും ഗ്രീക്ക് സഭയിൽ നിന്നായിരുന്നു എന്നതും മനസികാക്കേണ്ട കാര്യമാണ്. ആധുനിക കാലത്ത് ഗ്രീക്ക് സുറീയാനി സഭകളെ  ചേർത്ത് പൊതുവിൽ പൗരസ്ത്യമെന്നു വിളിയ്ക്കുന്ന പതിവുമുണ്ട്.

ഇനി ആഗസ്തീനോസിലേയ്ക്ക് വരാം. പാശ്ചാത്യസഭാപിതാക്കളിൽ ഏറ്റവും പ്രമുഖനായിട്ടാണ് പാശ്ചാത്യസഭതന്നെ ആഗസ്തീനോസിനെ അഥവാ സെന്റ്. അഗസ്റ്റിനെ കാണുന്നത്.
ആഗസ്തീനോസ് അറിയപ്പെടുന്നതു തന്നെ ഹിപ്പോയിലെ ആഗസ്തീനോസ് അഥവാ Augustine ofHippo എന്നാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്നത്തെ അൾജീരിയായിലെ തീരപ്രദേശമായ അന്നബായാണ് പഴയ ഹിപ്പോ അഥവാ Hippo Regius. ഇത് റോമിന്റെ പ്രവിശ്യയായിരുന്നു.  ഇന്നത്തെ ജർമ്മനിയ്ക്കും പടിഞ്ഞാറായി ഭൂഖണ്ഡത്തിൽ കാണുന്ന ഈ സ്ഥലം പൗരസ്ത്യ ദേശമായി കണക്കാക്കണമെങ്കിൽ, പാശ്ചാത്യസഭാപിതാവായ ഹിപ്പോയിലെ ആഗസ്തീനോസിനെ പൗരസ്ത്യനെന്നു വിളിയ്ക്കണമെങ്കിൽ മനോവ ആരായിരിയ്ക്കണമെന്ന് വായനാക്കാർ തന്നെ ചിന്തിയ്ക്കുക.


മനോവയ്ക്ക് ഒരു ഗൃഹപാഠം.
ഒരു ലോകഭൂപടം വാങ്ങിയ്ക്കുക. അതിൽ ഹിപ്പോയുടെ സ്ഥാനം അടയാളപ്പെടുത്തുക. ജർമ്മനിയുടെ സ്ഥലവും അടയാളപ്പെടുത്തുക.  എന്നിട്ട് എഴുതിയ പോസ്റ്റ് തിരുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തിരുത്തുക.

Monday, March 31, 2014

മൗനം അപ്രസക്തമാക്കപ്പെടുമ്പോൾ

നമ്മുടെ കുർബാനയുടെ കൂദാശാഭാഗത്ത് ദീർഘമായ മൗനം ആവശ്യപ്പെടുന്ന പ്രാർത്ഥനകളുണ്ട്.  കാർമ്മികൻ താഴ്ന്ന സ്വരത്തിൽ ഗാഹാന്ദാപ്രാർത്ഥനകൾ ചൊല്ലുമ്പോൾ ജനം മൗനമായി പ്രാർത്ഥിയ്ക്കണമെന്നാണ് പുരാതനപാരമ്പര്യം. എന്നാൽ ഇതിന്റെ സാംഗത്യം മനസിലാക്കാത്തവർ മൗനത്തെ ജനങ്ങളെ കുർബാനയ്ക്കു പുറത്തുനിർത്തുന്ന എന്തോ ആയി കണക്കാക്കുകയും ജനങ്ങളുടെ ഭാഗഭാഗിത്വം ഉറപ്പാക്കാൻ ജനങ്ങളുടെ പ്രത്യുത്തരങ്ങൾ അനിവാര്യമാണെന്നു ചിന്തിയ്ക്കുകയും ചെയ്യുന്നു. 

മ്ശംശാനയുടെ നിർദ്ദേശം
ഹൃദയം കൊണ്ടു നിങ്ങൾ പ്രാർത്ഥിയ്ക്കുവിൻ നാലാംഗഹാന്ദായ്ക്കു മുൻപും കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്കുയർത്തി നിശബ്ദരായി പ്രാർത്ഥിയ്ക്കുവാൻ രണ്ടാം ഗഹാന്ദായ്ക്കു മുൻപും മ്ശംശാന ദൈവജനത്തിനു നിർദ്ദേശം നൽകുന്നു. നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിയ്ക്കുവാൻ മ്‌ശംശാന റൂഹാക്ഷണപ്രാർത്ഥനയ്ക്കു മുൻപും ആവശ്യപ്പെടുന്നു. മദ്ബഹാ ദൈവജനത്തിൽ നിന്നും അകലെയായതിനാലും കാർമ്മികൻ പാരമ്പര്യപ്രകാരം സ്വരം താഴ്ത്തി ചൊല്ലുന്നതിനാലും ഗാഹാന്ദാവൃത്തങ്ങളിലെ കാർമ്മികന്റെ പ്രാർത്ഥനകൾ ദൈവജനത്തിന്റെ കേൾവിയോ പ്രത്യുത്തരമോ ഉദ്ദ്യേശിച്ചുള്ളതല്ല. ദൈവജനം ഭക്തിയോടെ അനുഷ്ടിയ്ക്കപ്പെടുന്ന കർമ്മങ്ങളെ വീക്ഷിച്ച് മൗനമായി പ്രാർത്ഥിയ്ക്കുകയാണ് ഈ സമയം ചെയ്യേണ്ടത്. കാരണം കൂദാശചെയ്യപ്പെടുന്നത് ഭയഭക്തിജനകമായ രഹസ്യങ്ങളാണ്.

സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ

ഭീതിജനകവും ദുഷ്കരവുമായ ഈ സന്ദർഭത്തിൽ ഈ സന്ദർഭത്തിൽ അത്യധികമായ  അവധാനതയോടുകൂടി ദൈവസന്നിധിയിൽ എല്ലാവരും നിൽക്കുന്നതിനായി ജനങ്ങളെ മുഴുവൻ ഒരുക്കുന്നതിനുള്ള പൗരോഹിത്യപരമായ നിർദ്ദേശമായി മ്ശംശാനയുടെ വാക്കുകളെ ഗബ്രിയേൽ ഖത്രായ വ്യാഖാനിയ്ക്കുന്നു.
സംസാരിയ്ക്കുന്നവൻ കല്പന ധിക്കരിയ്ക്കുകയും ലംഘിയ്ക്കുകയും ചെയ്യുന്നു. അധരങ്ങളാലല്ല പ്രാർത്ഥിയ്ക്കുന്നവൻ ഹൃദയം കൊണ്ടു പ്രാർത്ഥിയ്ക്കട്ടെ. യാചിക്കുന്നവൻ നാവുകൊണ്ടല്ലാ മനസുകൊണ്ട് കരുണയ്ക്കായി യാചിക്കട്ടെ നർസ്സേ
മോസ്സസ് ബർ കഫായുടെ വാക്കുകളിൽ ചിട്ടയോടും ഭയത്തോടും നിശബ്ദമായും നിൽക്കുന്നതിനു രണ്ടൂ കാരണങ്ങളാണ് ഉള്ളത്.  വിശുദ്ധവും ദൈവീകവുമായ രഹസ്യങ്ങൾ ശോശപ്പമാറ്റി വെളിപ്പെടുത്തുവാൻ പോവുന്നു. രണ്ടാമതായി സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും നീതിമാന്മാരുടെ ആത്മാക്കളും മാലാഖാമാരും വിശുദ്ധരഹസ്യങ്ങളെ  ദർശിയ്ക്കുവാനും ബഹുമാനിയ്ക്കുവാനും ഇറങ്ങിവരുന്നു.
ദൈവം സന്നിഹിതനാവുകയും രക്ഷിയ്ക്കപ്പെട്ടജനവുമായി ഐക്യപ്പെടുകയും ചെയ്യുന്ന സമയത്ത് നിശബ്ദത പാലിയ്ക്കണം വി.അംബ്രോസ്

സമീപകാല പ്രവണതകൾ
നാലാമത്തെ കൂശാപ്പാപ്രാർത്ഥന ഒരു മധ്യസ്ഥപ്രാർത്ഥനയാണ്. ഇതിനെ പലഭാഗങ്ങളായിത്തിരിച്ച് ഓരോന്നിന്നും കർത്താവേ ഈ കുർബാന സ്വീകരിയ്ക്കേണമേ ജനങ്ങളുടെ പ്രത്യുത്തരം ചേർക്കുവാനുള്ള ഭേദഗതി വരുത്തിയത്തിയിട്ട് അധികം കാലമായിട്ടില്ല. ഇത് മൂലത്തിൽ നിന്നുള്ള വ്യതിചലനവും അനാഫൊറയുടെ ഘടനയോട് യോജിക്കാത്തതുമാണ്. ഇങ്ങനെയൊരു വ്യതിയാനം സഭാധികാരികൾ നിർദ്ദേശിയ്ക്കുവാനുള്ള കാരണം മേല്പറഞ്ഞ മൗനത്തിനെ അർത്ഥത്തിനും സ്ഥാനത്തിനും ഉള്ള പ്രസക്തി മനസിലാക്കാതെ പോയതുകൊണ്ടാണ്.
നവീകരണപ്രസ്ഥാനങ്ങളും ഭക്താഭ്യാസങ്ങളും മുൻപോട്ടു വയ്ക്കുന്ന പ്രാർത്ഥനാ ശൈലിയും മൗനത്തിന്റേതല്ല. അതിന്റെയൊക്കെ പ്രതിഫലനം ആരാധനാക്രമങ്ങളിലേയ്ക്കും കടന്നുവരുന്നു എന്നതാണ് ഇത്തരം നിർദ്ദേശങ്ങൾ സഭാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുമ്പോൾ മനസിലാക്കുവാൻ സാധിയ്ക്കുന്നത്.

ബൈബിളിലെ മാതൃക
അതിഭാഷനമില്ലാത്ത, രഹസ്യമായ പ്രാർത്ഥനയെക്കുറീച്ച് മത്തായിയുടെ സുവിശഷത്തിൽ കാണുന്നുണ്ട്. വിജനതയിൽ പ്രാർത്ഥിയ്ക്കുന്ന കർത്താവിനെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. വാചികമല്ലാത്ത പ്രാർത്ഥനകൾ പഴയനിയമത്തിൽ പലയിടത്തും നാം കാണുന്നുണ്ട്. എല്ലാം ഹൃദയത്തിൽ സംഗ്രഹിയ്ക്കുന്ന മറിയത്തെ പുതിയനിയമം ചിത്രീകരിയ്ക്കുന്നുണ്ട്. നമ്മുടെ ദൈവം കോലാഹലത്തിന്റെ ദൈവമല്ല എന്ന് പൗലോസ് ശ്ലീഹാ ഓർമ്മിപ്പിയ്ക്കുന്നുമുണ്ട്.

പ്രാർത്ഥനയ്ക്ക് വ്യത്യസ്ഥമായ ശൈലികളുണ്ടാവാം. ഒന്നിനേയും നിഷേധിയ്ക്കുക ഈ പോസ്റ്റിന്റെ ഉദ്ദ്യേശമല്ല. പക്ഷേ പൗരസ്ത്യസുറിയാനീ ആരാധനക്രമത്തിൽ മൗനത്തിനും ഹൃദയം കൊണ്ടുള്ള പ്രാർത്ഥനകൾക്കും സ്ഥാനമുണ്ട്. ആ മൗനം ദൈവജനത്തെ നിർവ്വികാരരും, നിസംഗരും ആക്കുന്ന മൗനമല്ല, ഭയഭക്തി ആദരവുകൾ ജനിപ്പിയ്ക്കുന്നതും സജീവവുമായ മൗനം. ആ മൗനം ദൈവജനത്തെ അഭ്യസിപ്പിയ്ക്കുകയും ആ മൗനത്തിന്റെ പ്രസക്തിയെ ആരാധനാക്രമത്തിൽ നിലനിർത്തുകയും ചെയ്യുവാൻ ആരാധനാക്രമത്തിന്റെ സംരക്ഷകരായ സഭാശുശ്രൂഷകർക്ക് കടമയുണ്ട്.

Thursday, February 27, 2014

ഈശോ മിശിഹായും സുറിയാനിയും

സുറിയാനിയ്ക്ക് ഈശോ മിശിഹായുമായും ശ്ലീഹന്മാരുമായും ഒന്നും യാതൊരു ബന്ധവുമില്ലെന്നു സ്ഥാപിയ്ക്കാൻ ചിലരെങ്കിലും ശ്രമിച്ചു കണ്ടീട്ടൂണ്ട്. ഈശോ മിശിഹായുടെ സംസാരഭാഷ അറമായ ആണെന്നതിൽ അവർക്കും സംശയമുണ്ടാവുമെന്നു തോന്നുന്നില്ല. ഈശോമിശിഹായുടെ അറമായയും മാർ തോമാ നസ്രാണികളുടെ സുറിയാനിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു പൊതുവേ പരിചിതമായ പദങ്ങളിലൂടെ പരിശോധിയ്ക്കാനുള്ള ശ്രമമാണ് ഈ പോസ്റ്റ്. 

മത്തായി 27:46 “ഏകദേശം ഒൻപതു മണീയായപ്പോൾ ഈശോ ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു ഏൽ ഏൽ ലമ്നാ സവക്താൻ”
ഈ വാക്കുകളുടെ സുറീയാനിയിലുള്ള അർത്ഥം താഴെക്കൊടുക്കുന്നു.
ഏൽ = ദൈവം, ആലാഹാ എന്നാണ് അർത്ഥം.
ലമ്നാ = എന്തുകൊണ്ട് എന്ന് അർത്ഥം വരുന്നു.
സബക് എന്ന മൂലത്തിന് ഉപേക്ഷിയ്ക്കുക എന്നാണ് അർത്ഥം
സബക്താൻ എന്നതിന് “എന്നെ ഉപേക്ഷിച്ചു” എന്ന് അർത്ഥം വരും
അതുകൊണ്ട് ഈശോ പറഞ്ഞ അറമായയാണ് സുറിയാനി എന്നു മനസിലാക്കിക്കൂടേ?

മർക്കോസ് 5:41: അവൻ അവളുടെ കൈയ്ക്കു പിടിച്ച് തലീസാ കും എന്നു പറഞ്ഞു.
തസീസാ എന്ന വാക്കിന് സുറിയാനിയിൽ ബാലിക എന്നാണ് അർത്ഥം
കും എന്നതിന് എഴുന്നേൽക്കുക എന്നും.
അപ്പോൾ അറമായയല്ല സുറിയാനി എന്നു പറയേണ്ടതുണ്ടോ?

മറ്റൊരു പരിചിതമായ അറമായ പ്രയോഗം ഹക്കൽ ദാമ എന്നതാണ്. ഒറ്റുകാശുകൊണ്ട് വാങ്ങിയ കുശവന്റെ പറമ്പ്.
ഹക്കൽ എന്ന വാക്കിന് സുറിയാനിയിൽ വയൽ, പറമ്പ് എന്നാണ് അർത്ഥം. ദമാ എന്നത് രക്തവും. ഹക്കൽ ദ് ദമാ എന്നാണ് ശരിയായ പ്രയോഗം. പിശീത്താ ബൈബിളിൽ ഈ വാക്ക് ഉണ്ടെന്നു തോന്നുന്നില്ല. അതേ സമയം മറ്റു മൂലങ്ങളിൽ ഈ അറമായ വാക്ക് നടപടിപ്പുസ്തകത്തിൽ ഉപയോഗിച്ചിട്ടൂണ്ടെന്നു തോന്നുന്നു.

ബേസ്‌ലഹത്താണ് ഈശോ ജനിച്ചത്. ബേസ് എന്നാൽ ഭവനം എന്നും ലഹെം എന്നതിന് അപ്പം(ലഹ്‌മാ) എന്നുമാണ് അർത്ഥം സുറിയാനിയിൽ.



മറ്റൊരു പ്രയോഗം “ബർ” എന്ന പ്രയോഗമാണ്. ബർ-ആബാ (ബറാബാസ്), ബർ-തൽമായ് (ബർത്തലോമിയോ) തുടങ്ങിയ പേരുകളിൽ ഇതു കാണാം. ബർ എന്നാൽ പുത്രൻ എന്നാണ് സുറിയാനിയിൽ അർത്ഥം. അറമായയിലും.

പരിചിതമായ മറ്റു രണ്ടു സുറിയാനീ പദങ്ങളാണ് ഹല്ലേലൂയയൂം ആമ്മേനും. ഹീബ്രുവിൽ നിന്നാണ് ഈ രണ്ടു വാക്കുകളുടേയും ഉദ്ഭവം.
ഹൽ എന്ന മൂലത്തിൽ നിന്നും ഉണ്ടായതാണ് "ഹല്ലേലൂയാ" "ഹല്ലൽ" എന്ന പദങ്ങൾ. ഹല്ലൽ എന്നാൽ സ്തുതിയ്ക്കുക എന്നാണ് അർത്ഥം. ഇതേ പദം ഹീബ്രുവിലും ഉണ്ട്. "ഹല്ലൽ ഹല്ലൽ ഹല്ലൻ ഈറേ ബ്‌മൗലാദേ മൽക്കാ മിശിഹാ" (മിശിഹാരാജന്റെ ജനനത്തിൽ മാലാഖാമാർ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ എന്നു പാടുന്നു) എന്ന സുറിയാനിപ്പാട്ടിലെ ഹല്ലൽ എന്ന പദം ശ്രദ്ധിയ്ക്കുക. 'ആമേൻ' നെ ക്കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. സുറിയാനിയ്ക്കൊപ്പം ഗ്രീക്ക് ലത്തീൻ പാരമ്പര്യങ്ങളിലും ആമ്മേൻ ഉപയോഗിയ്ക്കുന്നുണ്ട്.


അറമായ സഹസ്രാബദങ്ങളിലൂടെ വളർന്ന ഭാഷയാണ്. കാലന്തരത്തിൽ ഏതൊരു ഭാഷയ്ക്ക് സംഭവിയ്ക്കാവുന്ന മാറ്റങ്ങൾ അഥവാ വളർച്ച അറമായയ്ക്കും സംഭവിച്ചിട്ടൂണ്ട്. അബ്രാഹത്തിന്റെ അറമായയിൽ നിന്നും, മദ്ധ്യകാല അറമായയിലേയ്ക്കും അതിൽ നിന്ന് യഹൂദ അറമായയിലേയ്ക്കും. യഹൂദ അറമായയിൽ നിന്ന് ക്രിസ്ത്യൻ അറമായ ആയ സുറിയാനിയിലേയ്ക്കും വ്യത്യാസങ്ങളുണ്ട്. ലിപികളിലും വ്യത്യാസം വന്നിട്ടൂണ്ട്. സുറിയാനി തന്നെ ഉശ്ചാരണത്തിലും ലിപിയിലും വ്യത്യാസപ്പെട്ട് പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയുമുണ്ട്. പൗരസ്ത്യ സുറീയാനി തന്നെ ഒരേ ലിപിയിൽ വ്യത്യസ്ത ഉശ്ചാരണങ്ങളോടെ മദ്ധ്യേഷ്യയിലും (കൽദായ – അസ്സീറിയൻ) ഇന്ത്യയിലും (മാർ തോമാ നസ്രാണികൾ) നിലനിൽക്കുന്നുണ്ട്. ഇതൊക്കെ ഏതൊരു ഭാഷയ്ക്കും സംഭവിയ്ക്കുന്ന മാറ്റങ്ങളാണ്. അറമായയല്ല സുറിയാനി എന്നു വാദിയ്ക്കുന്നത് തികച്ചും ബാലിശമായിക്കാണാനേ നിവൃത്തിയുള്ളൂ.