കത്തോലിയ്ക്കാ സഭയിൽ നിലവിലുള്ള ഔദ്യോഗികവും അനൗദ്യോഗികവും അംഗീകരമുള്ളതും ഇല്ലാത്തവയുമായ
പ്രാർത്ഥനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കൂദാശകളാണെന്ന കാര്യത്തിൽ ഒരു സാധാരണവിശ്വാസിയ്ക്ക്
സംശയമുണ്ടകുമെന്നു കരുതുന്നില്ല. കൂദാശകഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ടവ കൂദാശാനുകരണങ്ങളാണ്
– മൃതസംസ്കാര ശുശ്രൂഷ,
വിവിധ ആശീർവ്വാദ പ്രാർത്ഥനകൾ തുടങ്ങിയവ. ഇതു പോലെ തന്നെ സഭയൂടെ ഔദ്യോഗിക പ്രാർത്ഥനളാണ്
യാമ പ്രാർത്ഥനകൾ. ഇവ ഇത്രയും ചേരുന്നതാണ് സഭയൂടെ ആരാധനാക്രമം എന്നു ലളിതമായി പറയാം.
ആരാധനാക്രമമാണ് സഭാത്മകമായ ജീവിതത്തിന്റെ അടിത്തറ എന്നു പറയാം.
ഒരു പ്രാർത്ഥന മറ്റൊരു പ്രാർത്ഥനയേക്കാൾ കേമമാണ്, അതുകൊണ്ട് ഈ പ്രാർത്ഥനയ്ക്ക് മറ്റേ പ്രാർത്ഥനയേക്കാൾ ശക്തിയുണ്ട്
തുടങ്ങിയ വിലകുറഞ്ഞ വാദങ്ങൾ തികച്ചും അക്രൈസ്തവമാണെന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു. പ്രാർത്ഥനയുടെ ശക്തി എന്ന പ്രായോഗം തന്നെ ക്രൈസ്തവമായ
അർത്ഥത്തിലും തികച്ചും വിജാതീയമായ അർത്ഥത്തിലും പ്രയോഗിയ്ക്കാം. ഒരു പ്രാർത്ഥനയിലൂടെ നേടുന്ന ജീവിതവിശുദ്ധീകരണത്തെയും
ലൗകീക തൃഷ്ണകളെ ചെറുക്കുവാൻ പ്രാർത്ഥനവഴി ലഭിയ്ക്കുന്ന സഹായത്തെയും ഉദ്ദ്യേശിച്ച് പ്രാർത്ഥനയുടെ
ശക്തി എന്ന പ്രയോഗം വളരെ അർത്ഥവത്താണ്, ക്രൈസ്തവമാണ്. അതേ സമയം പ്രാർത്ഥനവഴി നേടുന്ന
ഭൗതീകമായ ഫലസിദ്ധിയെന്നു കരുതുന്നതിനെ പരിഗണിച്ച് പ്രാർത്ഥനയുടെ ശക്തി എന്നു പറയുമ്പോൾ
അതിന് വിജാതീയമായ മാനം കൈവരുന്നു. ഒരു വിഗ്രഹത്തിലോ,
ചിത്രത്തിലോ വസ്തുവിലോ വ്യക്തിയിലോ പ്രാർത്ഥനയിലോ ദിവ്യത്വം ആരോപിയ്ക്കുന്നതാണ്
വിഗ്രഹാരാധന. അത് ദൈവപ്രമാണത്തിന്റെ ലംഘനവുമാണ്.
വളരെ ലളിതമായി പറഞ്ഞാൾ മാതാവിന്റെ നൊവേനയ്ക്ക് യൂദാസ്ലീഹായൂടെ നൊവേനയേക്കാൾ ശക്തിയുണ്ടേന്നോ,
മാതാവിന്റെ നൊവേനയേക്കാൾ അന്തോനീസിന്റെ നൊവേനയ്ക്ക്
ശക്തിയുണ്ടെന്നോ പറയുന്നത് വിഗ്രഹാരാധനായാണ്. അരുവിത്തറയിലെ ഗീവർഗ്ഗീസ്സ് സഹദായേക്കാൾ
ശക്തിയുണ്ട് എടത്വപ്പള്ളിയിലെ പുണ്യാളച്ചൻ എന്നു പറയുന്നത് വിഗ്രഹാരാധനായാണ്. വിശുദ്ധ
കുർബാന അർപ്പണത്തിലൂടെയും വിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെയും നടക്കാത്ത കാര്യം
വിശുദ്ധകുർബാന വച്ച അരളിക്ക ഉയർത്തി ആശീർവ്വദിയ്ക്കുമ്പോൾ നടക്കും എന്നു കരുതുന്നതും
വിഗ്രഹാരാധനാണ്.
സഭയുടെ ഔദ്യോഗിക പ്രാർത്ഥനകൾ ആണ് ആരാധനാക്രമത്തിലുള്ളത് എന്നു ആരംഭത്തിൽ തന്നെ
പറഞ്ഞു കഴിഞ്ഞു. ആരാധനാക്രമത്തിനു പുറത്തുള്ള മറ്റു പ്രാർത്ഥനകളെ ഭക്താഭ്യാസങ്ങൾ എന്നാണു
വിളിയ്ക്കുക. വിവിധ തരം കൊന്തകൾ, നൊവേനകൾ, മധ്യസ്ഥപ്രാർത്ഥപ്രാത്ഥനകൾ തുടങ്ങി സഭവിരുദ്ധമാകാത്ത
പ്രാർത്ഥനകളെല്ലാം ഈ ഗണത്തിലാണു പെടുക. ഇവയിൽ പലതും സഭയുടെ അംഗീകരമുള്ള അനൗദ്യോഗിക
പ്രാർത്ഥനകളാണ്. പല സഭകളിലും ഉത്ഭവിച്ച് “കാര്യസിദ്ധി” എന്ന തികച്ചും വിജാതീയമായ
മാനദണ്ഢത്തിന്റെ പുറത്തോ, പ്രാർത്ഥനയുടെ ലാളിത്യവും വൈകാരികതയും കാരണം ലഭിച്ച ജനപ്രീതിയുടെ
അടിസ്ഥാനത്തിലോ മറ്റുസഭകളിലേയ്ക്ക് പ്രചരിച്ചവയാണ് ഇവയിൽ പലതും.
പരിശുദ്ധകന്യാമറിയത്തിന്റെ സ്തുതിയ്ക്കായുള്ള ജപമാല എന്ന ലത്തീൻ ഭക്താഭ്യാസം
പാശ്ചാത്യസഭയുടെ അംഗീകാരമുള്ള അനൗദ്യോഗിക പ്രാർത്ഥനയാണ്.
സഭയുടെ പ്രാർത്ഥനകൾ എന്നതു സഭയുടെ ഔദ്യോഗിക പ്രാർത്ഥനകളാണ് എന്നത് വീണ്ടും ആവർത്തിയ്ക്കുന്നു.
സഭയുടെ ഔദ്യോഗികപ്രാർത്ഥനൾ അനൗദ്യോഗിക പ്രാർത്ഥനകളേക്കാൾ പ്രധാനപ്പെട്ടവയാകുന്നത് അതിലെ
ദൈവശാസ്ത്രം, അതിലടങ്ങിയിരിയ്ക്കുന്ന ദൈവവചനം, അതിൽ അടങ്ങിയിരിയ്ക്കുന്ന പാരമ്പര്യം,
അതിനു സഭാപിതാകന്മാരും ശ്ലീഹന്മാരുമായുള്ള ബന്ധം, അതിന്റെ ക്രൈസ്തവമായ ശൈലി ഇവ പരിഗണിച്ചാണ്.
ആ നിലയ്ക്ക് കൊന്തയേക്കാൾ പ്രാധാന്യം യാമപ്രാർത്ഥനകൾക്കുണ്ട്.
കൊന്ത പലർക്കും പരിചിതമായ ഭക്താഭ്യാസമാണെന്നകാര്യത്തിൽ തർക്കമില്ല. അതുകൊണ്ടു
തന്നെ ദീർഘമായ ഒരു വിവരണം നൽകുന്നതിനു പ്രസക്തിയുമില്ല. മൂന്നുകാലങ്ങളാണ് ജപമാലയിൽ
വരുന്നത്. സന്തോഷം, ദുഖം മഹിമ. ഇത് ലത്തീൽ ആരാധനാവത്സരവുമായി ചേർന്നു പോകുന്നതിനാൽ
ലത്തീൻ സഭയെ സംബന്ധിച്ചിടത്തോളം കൊന്ത എന്നത് വളരെ അനുയോജ്യമായ ഭക്താഭ്യാസമാണ്. പ്രകാശത്തിന്റെ
രഹസ്യങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണല്ലോ.
പാശ്ചാത്യസഭയൂടെ പാത്രിയർക്കീസു കൂടിയായ മാർ പാപ്പാമാരിൽ പലരും സ്വകാര്യഭക്താഭ്യാസമെന്ന
നിലയിൽ കൊന്ത ചൊല്ലുന്നവരും കൊന്തയെ പ്രോത്സാഹിപ്പിയ്ക്കുന്നവരുമായിരുന്നു. അതിന്റെ
അർത്ഥം മാർപ്പാപ്പാമാരെല്ലാം കൊന്തഭക്തിയെ യാമപ്രാർത്ഥയയ്ക്ക് ഉപരിയായി പ്രതിഷ്ടിച്ചു
എന്നല്ല.
യാമപ്രാർത്ഥനകളാകട്ടെ അതതു സഭകളുടെ ആരാധനാക്രമ കലണ്ടറുമായി ചേർന്നു പോവുന്ന
സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ്. സീറോ മലബാർ സഭയുടെ കാര്യത്തിൽ ഒൻപതു കാലങ്ങളാണ് ഉള്ളത്.
ലോകസൃഷ്ടിമുതൽ യുഗാന്ത്യത്തിലെ സ്വർഗീയാനന്ദം
വരെയുള്ള രഹസ്യങ്ങളെ ധ്യാനിയ്ക്കുന്ന പ്രാർത്ഥനകളാണ്. സങ്കീർത്തനങ്ങളെയും ദൈവവചനത്തെയും
സഭാപിതാക്കന്മാരുടെ ചിന്തകളെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ധ്യാനം.
വൈദേശിക മിഷനറിമാരിലൂടെ ഭാരതത്തിലെ എത്തിയ കൊന്ത എന്ന ഭക്താഭ്യാസം ഇന്നും കേരളത്തിലെ
ക്രൈസ്തവരുടെ ഇടയിലെ ഏറ്റവും പ്രചാരമുള്ള ഭക്താഭ്യാസമാണെന്നു പറയാം. പക്ഷേ യാമപ്രാർത്ഥനകളെ പ്രോത്സാഹിപ്പിയ്ക്കുന്നത്
കൊന്തയെ ഇല്ലാതാക്കാനാണെന്നു പറയുന്നത് ശുദ്ധ വിവരക്കേടാണ്. യാമപ്രാർത്ഥനകളെ ഏറ്റവും
ശക്തമായി പരിചയപ്പെടുത്താൻ ശ്രമിച്ച പലരും ജപമാല ചൊല്ലുന്നവരാണെന്ന് പറയാൻ എനിയ്ക്കു
സാധിയ്ക്കും. യഹൂദപാരമ്പര്യത്തിന്റെയും ഈശോമിശീഹായൂടേയും ശ്ലീഹന്മാരുടേയും ആദിമസഭയുടേയും
പ്രാർത്ഥാനാ പാരമ്പര്യത്തിന്റെയൂം പശ്ചാത്തലത്തിൽ രൂപം
കൊണ്ട യാമപ്രാർത്ഥനകൾ മറ്റേതൊരു ഭക്താഭ്യാസത്തേയുംകാൾ പ്രചരിപ്പിയ്ക്കപ്പെടേണ്ടതാണ്
എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അങ്ങനെ സംശയമുള്ളവരെ യാമപ്രാർത്ഥനകൾ ചൊല്ലി
ശീലിയ്ക്കുവാൻ നസ്രാണി ക്ഷണിയ്ക്കുന്നു.
No comments:
Post a Comment