Friday, December 27, 2013

കിഴക്കിനഭിമുഖം - കർത്താവിനെ പ്രതീക്ഷിച്ച്, കർത്താവിലേയ്ക്ക് തിരിഞ്ഞ്


വചനത്തെ വളച്ചൊടിയ്ക്കുകയും സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി തന്റെ ഭാവനയ്ക്കനുസരണം ഉപയോഗിയ്ക്കുകയും സഭയുടെ പാരമ്പര്യത്തെ നിഷേധിയ്ക്കുക്കയും ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മനോവയുടെ മേലെ കൊടൂത്തിരിയ്ക്കുന്ന വാചകം. 

കത്തോലിയ്ക്കാ സഭ മൂന്നു വ്യത്യസ്ത്യമായ അരാധനാപാരമ്പര്യങ്ങളുള്ള  - സുറീയാനി, ഗ്രീക്ക്, ലത്തീൻ - 23 വ്യക്തിസഭകളുടെ കൂട്ടായ്മയാണ്. ഈ എല്ലാ സഭകളുടേയും പുരാതന പാരമ്പര്യമാണ് കിഴക്കോട്ട് തിരുഞ്ഞുള്ള ദൈവാരാധന. കത്തോലിയ്ക്കാ സഭയെ സംബന്ധിച്ചിടത്തോളം എഴുതപ്പെട്ട ദൈവ വചനവും എഴുതപ്പെടാത്ത വചനമായ വി. പാരമ്പര്യങ്ങളും പ്രധാനപ്പെട്ടതാണ്. പ്രൊട്ടസ്റ്റന്റ് സഭകളാണല്ലോ പാരമ്പര്യത്തെ നിഷേധിയ്ക്കുന്നത്.

കിഴക്കിന്റെ ചരിത്രം യഹൂദ പാരമ്പര്യത്തിൽ
കിഴക്കിന് മിസ്രാ എന്നാണ് ഹീബ്രുവിൽ പറയുന്നത്. അതിന് ജീവചൈതന്യത്തിന്റെ ദിക്ക് എന്നുകൂടി അർത്ഥമുണ്ട്. യഹൂദരെ സംബന്ധിച്ചിടത്തോലം കിഴക്ക് എന്നത് ഏദേൻ തോട്ടത്തിന്റെ പ്രതീകം കൂടിയാണ്. ദൈവം കിഴക്ക് ഏദേനിൽ ഒരു തോട്ടമുണ്ടാക്കി (സൃഷ്ടി 2:8). എന്നു നാം വായിക്കുന്നു. ഈജിപ്തിനെ പ്രഹരിയ്കുവാൻ വെട്ടുകിളികൽ വരുന്നതും  (പുറപ്പാട്: 10: 13),  ചെങ്കടലിനെ പിളർക്കുവാൻ കാറ്റുവരുന്നതും (പുറപ്പാട് 14:21) കിഴക്കുനിന്നാണ്. വാഗ്ദാനത്തിന്റെ നാട്ടിലേയ്ക്ക് അവർ നടക്കുന്നത് കിഴക്കോട്ടാണ്. അതുകൊണ്ട് യഹൂദർ പ്രാർത്ഥനയിൽ കിഴക്കിന്റെ ഒരു പാരമ്പര്യം കടന്നുവരുന്നുണ്ട്.
ജറൂസലേം ദേവാലയത്തിന്റെ നിർമ്മാണത്തിനു ശേഷം യഹൂദരുടെ പ്രാർത്ഥനയുടെ ദിശ ജറൂസലേമിനേയും, ജറൂസലേമിൽ ദേവാലയത്തെയും ദേവാലയത്തിൽ വിശുദ്ധ സ്ഥലത്തെയും കേന്ദ്രീകരിച്ചായി.
എങ്കിലും വീടുകളിൽ പ്രാർത്ഥനയ്ക്കായി കിഴക്കേ ഭിത്തിയിൽ തൂക്കുന്ന ചിത്രപ്പണിയുള്ള ഫലകത്തിന് മിസ്രാ എന്നാണ് വിളിയ്ക്കുന്നത്.
ചില റബ്ബിമാർ സൂര്യാരാധനാ വാദത്തെ നേരിടുവാനായി പ്രാർത്ഥനയുടെ ദിശ കിഴക്കിൽ നിന്നും കിഴക്ക് തെക്ക് ആക്കുവാൻ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടൂണ്ട്. ഇതു തെളിയിക്കുന്നതും കിഴക്ക് യഹൂദ പാരമ്പര്യത്തിലുണ്ടായിരുന്നു എന്നു തന്നെയാണ്.

കിഴക്കിന്റെ പ്രാധാന്യം പഴയ നിയമത്തിൽ
സൃഷ്ടി 2:8, പുറപ്പാട്: 10: 13, പുറപ്പാട് 14:21 എന്നിവയെ നാം കണ്ടുകഴിഞ്ഞു.
എസക്കിയേൽ 43:2 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഇതാ കിഴക്കുനിന്നു വരുന്നു.
എസക്കി:43;4 കണ്ട മനോവ എന്തുകൊണ്ടാണ് ഇതു കാണാതിരുന്നത്?

എസക്കി:43;4 - "കര്‍ത്താവിന്‍റെ മഹത്വം കിഴക്കേപടിപ്പുരയിലൂടെ ദൈവാലയത്തില്‍ പ്രവേശിച്ചു".
മനോവയുടെ ഇവിടുത്തെ ചോദ്യം തമാശയ്ക്കു വക നൽകുന്നു. കിഴക്കേപടിപ്പുരയിലൂടെ ദൈവാലയത്തിലേക്കു പ്രവേശിച്ച അവിടുത്തെ മഹത്വത്തെ ഇനിയും കിഴക്കോട്ടു വായും പൊളിച്ചു നിന്നാല്‍ കാണാന്‍ കഴിയുമോ?”.
43:2 ലെയും 43;4യും കാഴ്ചയുടെ സമയത്ത് എസക്കിയേൽ പ്രവാചകൻ ദേവാലയത്തിന്റെ കിഴക്കേ പടിപ്പുരയിലാണ് നിൽക്കുന്നത്. ദേവാലയത്തിനുള്ളിലല്ല. കിഴക്കിനഭിമുഖമായി ആരാധന എന്ന പുരാതന ക്രൈസ്തവപാരമ്പര്യത്തെ അനുകൂലിച്ചു സംസാരിയ്ക്കുന്നവർ ദേവാലയത്തിന്റെ കിഴക്കുവശത്തുപോയി “കിഴക്കോട്ടു വായും പൊളിച്ചു” നിൽക്കണമെന്നല്ല പറയുന്നത്, ദേവാലയത്തിനുള്ളിൽ ബലിയർപ്പിയ്ക്കുമ്പോൾ പുരോഹിതനും ദൈവനവുമടക്കം കിഴക്കോട്ട് തിരിയണം എന്നാണ് കിഴക്കിനഭിമുഖമായോ ആരാധനാക്രമപരമായ കിഴക്കിന് (Liturgical East) അഭിമുഖമായോ ബലിയർപ്പിയണമെന്നാണ്.
മനോവ ഉദ്ധരിയ്ക്കുന്ന എസക്കി:8;16,17 വാചകങ്ങളിനെ മനോവ വിട്ടുകളഞ്ഞതും കൂടി നമുക്കു നോക്കാം. ദേവാലയത്തിന്റെ അകത്തളത്തിലേയ്ക്ക് അവിടുന്ന് എന്നെ കൂട്ടിക്കൊണ്ടൂ പോയി. കർത്താവിന്റെ ആലയത്തിന്റെ വാതിൽക്കൽ പൂമുഖത്തിനും ബലിപീഠത്തിനും നടുവിൽ ഇരുപത്തിയഞ്ചോളം പേർ ദേവാലയത്തിനു പുറം തിരിഞ്ഞ്
നിൽക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളാണോ? അവര്‍ ദേശത്തെ അക്രമങ്ങള്‍ക്കൊണ്ടു നിറച്ചു. എന്‍റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു"(എസക്കി:8;16,17).
കിഴക്കോട്ട് നോക്കി എന്നതല്ല അവർ ചെയ്ത തെറ്റ്. അവർ വിശുദ്ധ സ്ഥലത്തിനു പുറം തിരിഞ്ഞു നിന്നു എന്നതും സൂര്യനെ ആരാധിച്ചു എന്നതുമാണ് തെറ്റ്പൗരസ്ത്യ സുറിയാനീ ആരാധനാക്രമത്തിൽ ദേവാലയത്തിന്റെ ഖങ്കേ (sanctuary) എന്നു പറയുന്ന ഭാഗം  അതിവിശുദ്ധസ്ഥലത്തിന്റെ പ്രതീകമാണ്. കിഴക്കേ ഭിത്തിയിലെ സ്ലീവാ കർത്താവിന്റെ പ്രതീകമാണ്. കിഴക്കേ ഭിത്തിയിൽ സക്രാരിയുണ്ടെങ്കിൽ (സക്രാരിയുടെ സാംഗത്യം പിന്നീട് ഒരു പോസ്റ്റിൽ വിശദമാക്കാൻ ശ്രമിയ്ക്കാം) അത് കൂദാശചെയ്യപ്പെട്ട അപ്പം, ഏകജാതൻ, പുതിയനിയമത്തിലെ പെസഹാക്കുഞ്ഞാട്  അപ്പത്തിന്റെ രൂപത്തിൽ ഇരിയ്ക്കുന്ന സ്ഥലമാണ്. അതിനു പുറംതിരിയുന്നവർ എസക്കിയേലിന്റെ ദർശനത്തിലെ പുരോഹിതർ ചെയ്തതുപോലെ ദൈവമഹത്വത്തിനു പുറം തിരിയുകയല്ലേ ചെയ്യുക. യാമ പ്രാർത്ഥന ചൊല്ലുന്നവർ സൂര്യനെയാണ് ആരാധിയ്ക്കുത് എന്ന വിടുവായത്തം വിളമ്പുന്ന മനോവ മനസിലാക്കേണ്ടത് സൂര്യനെ ആരാധിയ്ക്കുക്കുവാനാണെങ്കിൽ കിഴക്കോട്ട് നോക്കി പ്രഭാതപ്രാർത്ഥനകളല്ലേ ചൊല്ലുവാൻ കഴിയൂ എന്നല്ലേ. മനോവ പറയുന്ന പോലെ സൂര്യനമസ്കാര ദിശയാണെങ്കിൽ റംശ പടിഞ്ഞാറോട്ടൂ നോക്കിയും ഏന്താനാ മുകളിലോട്ട് നോക്കിയും അർപ്പിയ്ക്കേണ്ടീവരും.
എസക്കി:44:1 വിശുദ്ധ സ്ഥലത്തിന്റെ പുറത്ത് കിഴക്കോട്ട് ദർശനമായി നിൽക്കുന്ന പടിപ്പുരയിലേയ്ക്ക് അവൻ എന്നെ തിരികെ കൊണ്ടുവന്നു. അത് അടച്ചിരുന്നു. കർത്താവ് എന്നോട് അരുളിചെയ്തു. പടിപ്പുര എപ്പോഴും അടച്ചിരിയ്ക്കും. അത് തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിയ്ക്കയുമില്ല. എന്തെന്നാൽ ഇസ്രായേലിന്റെ ദൈവമായ കർത്താവ് അതിലൂടെ പ്രവേശിച്ചിരിയ്ക്കുന്നു.
എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കു വേണ്ടീ നീതി സൂര്യൻ ഉദിയ്കും (മലാക്കി 4:2) മിശിഹായെ നീതിസൂര്യൻ എന്നു മലാക്കി വിളിച്ചിരുയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.
ലത്തീൽ വുൾഗാത്തയിലും സുറിയാനി പിശ്ത്തായിലും സഖറിയാ 6:12 ഇൽ പ്രകാരം വായിക്കുന്നു. കിഴക്ക് എന്നാണ് അവന്റെ നാമം”. (പി.ഒ.സി അടക്കമുള്ള തർജ്ജിമകൾ ഇതിനെ ശാഖ എന്നാണ് തർജ്ജിമ ചെയ്തിരിയ്ക്കുന്നത്)  
കിഴക്കിന്റെ പ്രാധാന്യം പുതിയ നിയമത്തിൽ
"കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്‍റെ ആഗമനം"(മത്താ:24;27). മനോവ പറയുന്നതു പോലെ കർത്താവിന്റെ അപ്രതീക്ഷിതമായ രണ്ടാമത്തെ ആഗമനവും അതിനായി ഒരുങ്ങിയിരിയ്ക്കണമെന്ന നിർദ്ദേശവും ഒരു വ്യാഖ്യാനം മാത്രമാണ്അങ്ങനെയായിരുന്നെങ്കിൽ മിന്നാൽ പിണരുപോലെ ആയിരിയ്ക്കും മനുഷ്യപുത്രന്‍റെ ആഗമനം എന്നു പറഞ്ഞാൽ മതിയായിരുന്നു.
സ്നാപകയോഹന്നാന്റെ പിതാവായ സ്കറിയാ മിശിഹായെ ഉദ്ദ്യേശിച്ച്  ഉയരത്തിൽ നിന്നുള്ള ഉദയരശ്മി എന്നു പറയുന്നതായി നാം വായിക്കുന്നു. നമ്മുടെ ദൈവത്തിന്റെ  കാരുണ്യാതിരേകം കൊണ്ട് ഉയരത്തിൽ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദർശിയ്ക്കുമ്പോൾ (ലൂക്കാ 1:28)
ഈശോ മിശീഹാ സ്വർഗ്ഗാരോഹണം ചെയ്തത് ജറൂസലേമിനു കിഴക്കുള്ള ഒലിവുമലയിൽ നിന്നാണ്. ദൂതൻ ശിഷ്യാന്മാരോടു പറയുന്നു ഈശോ സ്വർഗ്ഗത്തിലേയ്ക്കു പോയതുപോലെ തന്നെ തിരിച്ചുവരും. (നടപടി 1: 11). ഈശോ മിശിഹയൂടെ രണ്ടാമത്തെ ആഗമനം കിഴക്കുനിന്നാണ് എന്ന പാരമ്പര്യത്തിന് അടിസ്ഥാനം ഇതാണ്.
വെളിപാട് 7:2 “വേറൊരു ദൂതൻ ജീവിയ്ക്കുന്ന ദൈവത്തിന്റെ മുദ്രയുമായി സൂര്യനുദിയ്ക്കുന്ന ദിക്കിൽ നിന്നും ഉയർന്നുവരുന്നതു ഞാൻ കണ്ടു”.

കിഴക്കിന്റെ ചരിത്രം ക്രൈസ്തവ പാരമ്പര്യത്തിൽ
സ്വർഗ്ഗീയ ഏദേന്റെ പ്രതീകമായും സ്വർഗ്ഗിയ ജറൂസലേമിന്റെ പ്രതികമായും ക്രൈസ്തവർ കാണുന്ന ദിശ കിഴക്കാണ്.  ജറൂസലേം ദേവാലയം നശിപ്പിയ്ക്കപ്പെടുന്നതുവരെ യഹൂദപ്രാരമ്പര്യമുള്ള ക്രൈസ്തവർ ജറൂസലേമിലെയ്ക്ക് തിരിഞ്ഞു പ്രാർത്ഥിച്ചിരിയ്ക്കുവാനും സാധ്യതയുണ്ട്. സഭാപിതാക്കന്മാരുടെ വാക്കുകൾ പ്രകാരം കിഴക്കിനഭിമുഖമായുള്ള ദൈവാരാധനയ്ക്ക് ശ്ലീഹന്മാരോളം തന്നെ പഴക്കമുണ്ട്.
ലത്തീൻ സഭാപിതാവും പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ തുടക്കാക്കാരനുമായ തെർത്തുല്യൻ (160 - 225 AD) ക്രൈസ്തവരുടെ കിഴക്കിനഭിമുഖമായുള്ള ദൈവാരാധന അവരെ സൂര്യാരാധകരായി ചിത്രീകരിയ്ക്കുന്നതിനു ഇടയാക്കിയതായി രേഖപ്പെടുത്തിയിട്ടൂണ്ട്. (ഇതു തന്നെയല്ലെ മനോവയും ചെയ്യുന്നത്)

ഗ്രീക്ക് സഭാപിതാവായ അലക്സാണ്ട്രിയായിലെ ക്ലമെന്റ് (150-215 AD) പൗലോസ്സ് സ്ലീഹാ തന്റെ രക്തസാക്ഷിത്വത്തിനു മുൻപ് കിഴക്കോട്ട് തിരിഞ്ഞ് പ്രാർത്ഥിച്ചതായി പറയുന്ന പാരമ്പര്യത്തെ പരാമർശിയ്ക്കുന്നുണ്ട്. ക്ലമന്റ് തന്റെ സ്റ്റ്രൊമാന്റ എന്ന പുസ്തകത്തിൽ ഇപ്രകാരം കുറിയ്ക്കുന്നു: പ്രഭാതം ദിവസത്തിന്റെ ആരംഭമായതുകൊണ്ട്, ഇരുട്ടിൽ നിന്നും ഉദിച്ച പ്രകാശം അപ്പോൾ മുതൽ വർദ്ധിച്ചുവരുന്നതുകൊണ്ട്നമ്മുടെ പ്രാർത്ഥനകളും ഉദയത്തെ നോക്കി കിഴക്കോട്ട് ആയിരിയ്കട്ടെ.
ഗ്രീക്ക് സഭാപിതാവായ ഒരിജന്റെ(c.185–c.254) വാക്കുകളിൽ ഉദയസൂര്യന്റെ ദിശയിലേയ്ക്കാണ് നാം പ്രാർത്ഥിയ്ക്കാനായി തിരിയേണ്ടത്. ഇത് ആത്മാവ് യഥാർത്ഥപ്രകാശത്തെ ആഗ്രഹിയ്ക്കുന്നതിനെ സൂചിപ്പിയ്ക്കുന്നു.

ലത്തീൻ സഭാപിതാവായ ആഗസ്തീനോസ്(AD 354 - AD 430) ഇപ്രകാരം പറയുന്നു. നാം പ്രാർത്ഥിയ്ക്കാനായി എഴുന്നേൽക്കുമ്പോൾ സ്വർഗ്ഗം തുടങ്ങുന്ന ദിശയായ കിഴക്കോട്ട് തിരിയുന്നു. ഇത് മറ്റു ദിശകളിൽ നിന്നും ദൈവമില്ല എന്ന അർത്ഥത്തിലല്ല, ദൈവം കിഴക്കാണെന്ന അർത്ഥത്തിലുമല്ല മറിച്ച് നമ്മൂടെ മനസിനെ ഉന്നതങ്ങളിലേയ്ക്ക് ദൈവത്തിലേയ്ക്ക്  ഉയർത്തണം എന്ന് ഓർമ്മിപ്പിയ്ക്കുവാനാണ്

20ആം നൂറ്റാണ്ടിലെ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനും ആരാധനാക്രമ പണ്ഢിതനും മാർ പാപ്പായുമായിരുന്ന കാർദ്ദിനാൾ റാറ്റ് സിംഗറുടെ വാക്കുകളിൽ കിഴക്ക് അഥവാ ഉദയ സൂര്യൻ ഉദ്ധാനത്തിന്റെയും രണ്ടാമത്തെ ആഗമനത്തിന്റെയും പ്രതീകമാണ്. അദ്ദേഹം സ്പിരിറ്റ് ഓഫ് ലിറ്റർജി എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: ബലിയർപ്പണസമയത്ത് കിഴക്കോട്ട് തിരിയേണ്ടത് അനിവാര്യമാണ്. അത് കേവലം യാദൃശ്ചികമല്ല, അനിവാര്യതയാണ്. ഒരുമിച്ച് കർത്താവിലേയ്ക്ക് തിരിയുക എന്നത് പ്രധാനമാണ്” (Spirit of the Liturgy, p. 81)

ഡിസംബർ 21ലെ ലത്തീൻ ആരാധനാക്രമപ്രകാരമുള്ള ഗാനത്തിൽ മിശിഹായെ ഉദ്ദ്യേശിച്ച് ഇപ്രകാരം പാടുന്നു: O Oriens, splendor lucis æternæ et sol iustitiæ: veni, et illumina sedentes in tenebris et umbra mortis.മിശിഹായെ Orient എന്നു വിളിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.



ഉപസംഹാരം

കിഴക്കോട്ട് തിരിഞ്ഞുള്ള ദൈവാരാധന യഹൂദമതത്തിൽ നിന്നും ഉത്ഭവിച്ചതും ശ്ലൈഹീക സഭകളുടെ ആദിമകാലം മുതൽ പ്രയോഗത്തിലിരുന്നതുമാണ്. ഇത് മൂന്നു പാരമ്പര്യങ്ങളീലുള്ള ക്രൈസ്തവ സഭകളുടേയും സുറീയാനീ, ഗ്രീക്ക്,ലത്തീൻ പാരമ്പര്യമാണ്. ഇന്നലെക്കുരുത്ത ചിലരുടെ വാക്കുകളെ അടിസ്ഥാപപ്പെടുത്തി 2000 വർഷം പഴക്കമുള്ള ഒരു സഭയുടെ പാരമ്പര്യത്തെ പുശ്ചിയ്ക്കുകയും പുറം തള്ളുകയും ചെയ്യുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിയ്ക്കുക.

No comments:

Post a Comment