Thursday, July 28, 2016

മാർഗ്ഗം

താതനാം മാർത്തോമ്മായേ
നിണമാർന്ന നിൻ വിരലാലേ
ഞാന്റെ കർത്താവിന്റെ
തിരുവിലാവിലിതാ കൈതൊടുന്നേൻ

മാർത്തോമ്മൻ കാണിച്ച മാർഗ്ഗം
നിത്യമാം ജീവന്റെ മാർഗ്ഗം
താതനിലേയ്ക്കുള്ള മാർഗ്ഗം
അവതാരം കൈക്കൊണ്ട വചനം

മരണത്തിൽ താഴ്വര തന്നിൽ
പാർത്തവർ കണ്ട വെളിച്ചം
ഇരുൾ നീക്കും സത്യപ്രകാശം
ഉന്നതത്തിൽ നിന്നുള്ള ഉദയം

മാർത്തോമ്മൻ തൻ നന്മയാലെ
തെളിവാർന്ന ബോധത്തിനാലേ
ഞാനെന്റെ കർത്താവിന്റെ
തിരുമുൻപിലിതാ കൈതൊഴുന്നേൻ.

Monday, July 18, 2016

അര നൂറ്റാണ്ടു തികയാത്ത ജനാഭിമുഖ പാരമ്പര്യം!!

പലരുടേയും ഭാവം ആദിമസഭ മുതൽ ജനാഭിമുഖ കുർബാന ആയിരുന്നെന്നും ആരൊക്കെയോ ചേർന്ന് മദ്ബഹാഭിമുഖ കുർബാന അടിച്ചേൽപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നു എന്നുമാണ്.


                 ലത്തീൻ സഭയിൽ ഏതാണ് 1920 കളിലാണ് ജർമ്മനിയിൽ ജനാഭിമുഖ കുർബാന ആരംഭിയ്ക്കുന്നത്. ഇത് ഏതെങ്കിലും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല എന്നും നാം മനസിലാക്കേണ്ടതുണ്ട്. പിന്നീട് രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം 1960 കളിൽ ജനാഭിമുഖ കുർബാന ലത്തീൻ സഭയിൽ പ്രചരിപ്പിയ്ക്കപ്പെട്ടു. ഇവിടെയും മനസിലാക്കേണ്ട വസ്തുത കുർബാന ജനാഭിമുഖമാക്കുക എന്ന ഉദ്ദ്യേശ്യം രണ്ടാം വത്തിയ്ക്കാൻ കൗൺസിലിന് ഉണ്ടായിരുന്നെല്ലെന്നും അങ്ങനെയൊരു നിർദ്ദേശം അധികാരികൾ ആരും കൊടുത്തിരുന്നില്ല എന്നുമാണ്. ഇത് തുടർന്ന് ഇന്ത്യയിലെ ലത്തീൻ സഭയിലും 60 കളുടെ അവസാനത്തിൽ എത്തി.

               സീറോ മലബാർ സഭ സ്വതന്ത്രമാവുന്നതിനു മുൻപും വികാരിയത്തുകൾ സ്ഥാപിയ്ക്കപ്പെടുന്നതിനു മുൻപും എല്ലാം മദ്ബഹാഭിമുഖമായിട്ടാണ് കുർബാന അർപ്പിച്ചിരുന്നത്. ലത്തീൻ മിഷനറിമാർ ഇവിടെ ജനാഭിമുഖ കുർബാന കൊണ്ടു വരുകയോ സീറോ മലബാറിൽ അടിച്ചേൽപ്പിയ്കുകയോ ചെയ്തിട്ടില്ല. കാരണം ലത്തീൻ സഭയിൽ തന്നെ ജനാഭിമുഖം എന്നൊരു പതിവ് ഇല്ലായിരുന്നു. മലയാളത്തിലെ ആദ്യ കുർബാന ക്രമം 1962 ഇൽ ആണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. പൂർണ്ണമായും മദ്ബഹാഭിമുഖമായിട്ടാണ് 62 ലെ കുർബാന നടത്തിയിരുന്നത്. 62 ലെ കുർബാന പൂർണ്ണ അംഗീകാരമുള്ളതായിരുന്നു. 1968ഇൽ പരീക്ഷണാർത്ഥം താൽക്കാലിക അംഗീകാരത്തോടെ മറ്റൊരു കുർബനക്രമം നിലവിൽ വന്നു. ഇതിൽ കുർബനയുടെ ആദ്യഭാഗം ജനാഭിമുഖമായി അർപ്പിയ്ക്കുന്നതിനെ ഓപ്ഷണലായി അനുവദിച്ചിരുന്നു. എങ്കിലും 68 ലെ കുർബാനയും 70 കളുടെ പകുതിവരെ ഈ കുർബാനയും പൂർണ്ണമായും മദ്ബഹാഭിമുഖമായിട്ടാണ് അർപ്പിച്ചു പോന്നത്.


                    ലത്തീൻ സഭയെ അനുകരിച്ച് 1970 കളുടെ രണ്ടാം പകുതിയിലാണ് ജനാഭിമുഖ കുർബാന ചില രൂപതകളിൽ പ്രചരിപ്പിയ്ക്കപ്പെടുന്നത്. ഇവിടെയും മനസിലാക്കേണ്ട വസ്തുത ജനാഭിമുഖമായി കുർബാന അർപ്പിയ്ക്കണമെന്നുള്ള നിർദ്ദേശം ആരും കൊടുത്തിരുന്നില്ല എന്നതാണ്. ഭാഗികമായി മാത്രം (വായനവരെ) ജനാഭിമുഖമായി അർപ്പിയ്ക്കുവാൻ അനുവദിയ്ക്കുന്ന 68 ലെ കുർബാന ഔദ്യോഗിക അനുവാദമോ നിർദ്ദേശമോ കൂടാതെയാണ് പൂർണ്ണമായും ജനാഭിമുഖമായി അർപ്പിച്ചു തുടങ്ങിയത്.
 
                 ആദ്യ നൂറ്റാണ്ടുകളിൽ ജനാഭിമുഖമായി ബലി അർപ്പിയ്ക്കുന്ന രീതി ഉണ്ടായിരുന്നെന്ന് ചിലർ വാദിയ്ക്കുന്നുണ്ടെങ്കിലും അതിനു തെളിവുകളൊന്നുമില്ല, കിഴക്കിനഭിമുഖമായ ബലി അർപ്പണത്തിനാവട്ടെ സഭാപാരമ്പര്യത്തിലും, സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളീലും, ചരിത്രപുസ്തകങ്ങളിലും തെളിവുകൾ ധാരാളമുണ്ടു താനും.
അതുകൊണ്ട് ജനാഭിമുഖ വാദികൾ മനസിലാക്കേണ്ട വസ്തുത സീറോ മലബാർ സഭയുടെ ജനാഭിമുഖ പാരമ്പര്യത്തിന് 1975 മുതൽ 2016 വരെ അതായത് 41 വർഷത്തെ പാരമ്പര്യം മാത്രമാണ് ഉള്ളത് എന്നാണ്. ലത്തീൻ സഭയിലാകട്ടെ ഇത് 1920 മുതൽ 2016 വരെ 96 വർഷം മാത്രവും. 2000 വർഷം പഴക്കമുള്ള സഭയിലാണ് ചിലർ 100 വർഷം പോലും പഴക്കമില്ലാത്ത ദൈവശാസ്ത്രത്തിന്റെയോ പാരമ്പര്യത്തിന്റെയോ വേദപുസ്തകത്തിന്റെ പിന്തുണയില്ലാത്ത "ജനാഭിമുഖം" എന്ന കുർബാന അർപ്പണ രീതിയ്ക്കുവേണ്ടീ മുറവിളി കൂട്ടുന്നത് എന്നതിനെ "തമാശ" ആയി തോന്നുന്നു.

(ഞാൻ ഇപ്പറഞ്ഞതിനെ ഖണ്ഡിയ്ക്കുന്ന എന്തെങ്കിലും തെളിവുകൾ എവിടെയെങ്കിലുമുണ്ടെങ്കിൽ അറിയീയ്ക്കുവാൻ താത്പര്യപ്പെടുന്നു.)

Friday, July 1, 2016

"ജ്യോതിസ് കുവൈറ്റ്" -

"ജ്യോതിസ് കുവൈറ്റ്" എന്ന പേരിൽ ഉണ്ടാക്കിയ ലെറ്ററ് തയ്യാറാക്കിയത് ആരാണെങ്കിലും അവർക്ക് സീറോ മലബാർ സഭയെക്കുറിച്ചോ മാർ തോമാ നസ്രാണികളെക്കുറിച്ചോ ഒരു ചുക്കും അറിയില്ല എന്നു തീർച്ചയാണ്. എങ്കിലും വെള്ളം കലക്കാൻ അതു ധാരാളം മതി. ഇത്തരം കലക്കങ്ങൾ കൂടുതൽ ബോധ്യങ്ങളിലേയ്ക്ക് നയിയ്ക്കുന്നതായാണ് അനുഭവം. അതുകൊണ്ട് ഇതും നല്ലതിനായി പരിണമിയ്ക്കും എന്നു തന്നെ കരുതാം.

1. "ക്രിസ്തീയ വിശ്വാസം" - ക്രിസ്തു, ക്രിസ്ത്യാനി, ക്രിസ്തിയ വിശ്വാസം തുടങ്ങിയ പദങ്ങളെല്ലാല്ലാം പോർട്ടുഗീസുകാരുടെ വരവിനു ശേഷം മാത്രം നമ്മുടെ ഇടയിൽ വന്നതാണ്. ക്രിസ്തു എന്ന ഗ്രീക്കിൽ നിന്നുത്ഭവിച്ച പദത്തിന്റെ സുറീയാനി ഭാഷയിലുള്ള വാക്കാണ് മിശിഹാ. മിശിഹാ, നസ്രാണികൾ, മാർഗ്ഗവാസികൾ, മാർഗ്ഗം തുടങ്ങിയ വാക്കുകളൊക്കെയാണ് ഇവിടെ നിലവിലിരുന്നത്.

2. "നമ്മുടെ ക്രൈസ്തവ പാരമ്പര്യങ്ങൾ തോമാശ്ലീഹായുടെ വരവോടെ ഒന്നാം നൂറ്റാണ്ടിൽ വേരോടിയതാണ്" - ഇതും പൂർണ്ണമായും ശരിയല്ല. ബിസി 10 ആം നൂറ്റാണ്ടുമുതൽ മെസപ്പൊട്ടാമിയായിലും പേർഷ്യയിലും നിന്ന് ദക്ഷിണേന്ത്യയുടെ തീരങ്ങളീലേയ്ക്ക് യഹൂദകുടിയേറ്റം ഉണ്ടായിട്ടുണ്ട്. ഇന്നും മറ്റു സഭാ സമൂഹങ്ങളുടെ ഇടയിലില്ലാത്ത പഴയനിയമ യഹൂദ ആചാരങ്ങൾ നമ്മുടെ ഇടയിൽ ഉള്ളത് അതുകൊണ്ടാണ്. ഈ പഴയനിയമ പാരമ്പര്യത്തിൽ നിന്നാണ് തോമാ ശ്ലീഹായുടെ പ്രബോധനം വഴി ക്രൈസ്തവർ ഇവിടെ ഉണ്ടാവുന്നത്. കുടിയേറിയ യഹൂദരുടെ ഭാഷ അറമായ അഥവാ സുറിയാനി ആയതുകൊണ്ട് തോമാ ശ്ലീഹാ വന്നപ്പോൾ തോമാ ശ്ലീഹായുടെ മാതൃഭാഷ മനസിലാകുന്ന ഒരു സമൂഹം ഇവിടെ വിശ്വാസം ഏറ്റുവാങ്ങാൻ തയ്യാറായി നില്പുണ്ടായിരുന്നു.

3. "ഭാരത ക്രൈസ്തവ പാരമ്പര്യ-പൈതൃക -സംസ്കാരം" - ആദിമ സഭകൾ അതതു പ്രദേശത്തിന്റെ പാരമ്പര്യങ്ങളെ സ്വീകരിയ്ക്കുകയല്ല, ക്രൈസ്തവ പാരമ്പര്യങ്ങളെ ആ പ്രദേശങ്ങൾ സ്വീകരിയ്ക്കൂകയാണുണ്ടായത്. ഞങ്ങൾ പഠിപ്പിച്ച പാരമ്പര്യങ്ങൾ പാലിയ്ക്കണം എന്ന് പൗലോസ് ശ്ലീഹാ ലേഖനത്തിൽ പറയുന്നൂണ്ടല്ലോ. നിങ്ങളുടെ പാരമ്പര്യത്തിൽ നിങ്ങൾ ജീവിച്ചോ എന്നല്ല ഞങ്ങൾ പഠിപ്പിച്ച പാരമ്പര്യത്തിൽ ജീവിയ്ക്കാനാണ് ശ്ലീഹന്മാർ വിശ്വാസികൾക്ക് നിർദ്ദേശം നൽകിയതെന്നു വ്യക്തമാണ്. രണ്ടാമത് ലോകത്ത് ഒരിടത്തും ഒന്നാം നൂറ്റാണ്ടിൽ കൃത്യമായ ആരാധനാക്രമം ഉണ്ടായിരുന്നില്ല. മൂന്നും നാലും നൂറ്റാണ്ടോടെയാണ് ഇന്നു കാണുന്ന ആരാധനാക്രമങ്ങളുടെ (നമ്മുടെ മാത്രമല്ല) പക്വമായ രൂപം ഉണ്ടാവുന്നത്. അതു പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഇന്നു കാണുന്ന രൂപത്തിലെത്തുന്നത്. അതുകൊണ്ട് തോമാ ശ്ലീഹാ ഇവിടെ ഭാരതസംസ്കാരത്തിൽ ഒരു ആരാധനാക്രമം ഉണ്ടാക്കി എന്നു പറഞ്ഞാൽ അത് ശുദ്ധ അസംബന്ധമാണ്. ശ്ലീഹന്മാരാരും ആരാധനാക്രമം എഴുതിത്തയ്യാറാക്കി ഒരു സഭയ്ക്കും കൊടുത്തിട്ടില്ല.

4. "പഴയനിയമ കൽദായ പാരമ്പര്യങ്ങളിലേയ്ക്ക് സീറോമലബാർ സഭയുടെ പാരമ്പര്യങ്ങളെ തിരിച്ചുവിടാനുള്ള" - സഭയിലെ ആരാധനാക്രമങ്ങൾ അഞ്ച്-ആറ് ആരാധനാക്രമ കുടുബങ്ങളിലായാണ് വളർന്നത്. ഇവ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിട്ടുമുണ്ട്. 1. പൗരസ്ത്യസുറിയാനി (ഏഷ്യ) 2. ഗ്രീക്ക്-ബൈസന്റൈൻ (കിഴക്കൻ യൂറോപ്പ്) 3. അലക്സാണ്ട്രിയൻ (ഈജിത്, കോപ്റ്റിക്ക്) (ആഫ്രിക്ക).
പൗരസ്ത്യ സുറീയാനിയിൽ നിന്നും, ഗ്രീക്കിൽ നിന്നും 4. അന്ത്യോക്യൻ ക്രമവും
5. അർമ്മേനിയൻ ക്രമവും ഉണ്ടായി. ഗ്രീക്കിൽ നിന്ന് 6) ലത്തീൻ ക്രമവും ഉണ്ടായി. ഈ പാരമ്പര്യങ്ങൾക്കെല്ലാം പൊതുവായുള്ള രീതികളിൽ നിന്ന് വ്യത്യസ്ഥമായി ഒരു രീതി എവിടെങ്കിലും നിലവിലുണ്ടെങ്കിൽ അതിനെ ഒരു അപ്പസ്തോലിക സഭയുടെ രീതിയായി കണക്കാക്കാൻ ബുദ്ധിമുണ്ടുണ്ട്. ആ നിലയ്ക്ക് ഇതിൽ നിന്ന് വേറിട്ട ഒരു രീതി ഭാരതത്തിൽ ഉണ്ടായിരുന്നു എന്നവകാശപ്പെടുന്നവർ അത് എങ്ങനെ ആയിരുന്നെന്നും, അതിന്റെ പൈതൃകം എവിടെനിന്നാണെന്നും ഒക്കെ വെളിപ്പെടുത്തണം. അല്ലാതെ ആർക്കെങ്കിലും ഒരു സുപ്രഭാതത്തിൽ ഉണ്ടാവുന്ന തോന്നലുകൾ ആവരുത് ആരാധനാക്രമത്തിന്റെ അടിസ്ഥാനം.

ഇനി കുവൈറ്റിലെ പ്രശ്നം എന്നു "ജ്യോതിസ് കുവൈറ്റ്" ആരോപിയ്ക്കുന്ന വിഷയത്തിന് അടിസ്ഥാനമായ സംഭവം ജനാഭിമുഖമായി ചൊല്ലിയിരുന്ന സീറോ മലബാർ കുർബാന സിനഡിന്റെ 50-50 ഐക്യ-ഫോർമുലായിൽ ചൊല്ലി എന്നതാണല്ലോ. ജനാഭിമുഖമാവുമ്പോൾ കൽദായമല്ലാത്ത കുർബാന 50-50 ആകുമ്പോൾ കൽദായമാവുന്നെങ്കിൽ കുർബാനയെ കൽദായമാക്കുന്ന സംഗതി എങ്ങോട്ടു തിരിയുന്നു എന്നതു മാത്രമാവുമല്ലോ. ചുരുക്കത്തിൽ മദ്ബഹായ്ക്ക് അഭിമുഖമായി അർപ്പിയ്ക്കുന്നതു മാത്രമാണ് കൽദായം. മേൽ പറഞ്ഞാ ആരാധനാക്രമ കുടുംബങ്ങളിലെ എല്ലാ ക്രമങ്ങളും മദ്ബഹാഭിമുഖം ആയിത്തന്നെയാണ് അർപ്പിച്ചിരുന്നത്. അതായത് ജ്യോതിസ് ഒരു 100 വർഷം മുൻപ് ഉണ്ടായിരുന്നെങ്കിൽ ലോകത്ത് ഉണ്ടായിരുന്ന സകലമാന കുർബാനയും ലത്തീൻ കുർബാന ഉൾപ്പെടെ എല്ലാം കൽദായം എന്നു പറയേണ്ടി വന്നേനേ. 1920കളിൽ ജർമ്മനിയിൽ ലത്തീൻ സഭയിൽ ആരംഭിച്ചതാണ് ജനാഭിമുഖ കുർബാന. അത് ലത്തീൻ സഭയിൽ രണ്ടാം വത്തിയ്ക്കാൻ സൂനഹദോസോടെ കൂടുതൽ പ്രചാരം സിദ്ധിച്ചു. അത് ക്രമേണ്ട ലത്തീൽ വത്കരിയ്ക്കപ്പെട്ട സഭകളിലേയ്ക് അതായത് സീറോ മലബാർ, മാറോനീത്താ, കൽദായ സഭകളിലേയ്ക്ക് വ്യാപിച്ചു. അതായത് നിങ്ങൾ ഇപ്പറയുന്ന സീറോ മലബാർ സഭയുടെ "ജനാഭിമുഖ കുർബാനാപാരമ്പര്യത്തിന്" 50 വർഷത്തിൽ കൂടുതൽ ആയുസ്സില്ല. നിങ്ങൾ ഇപ്പറയുന്ന "ജനാഭിമുഖ കുർബാനാപാരമ്പര്യത്തിന്" ലത്തീൻ സഭയിൽ പോലും 100 വർഷത്തിൽ കൂടുതൽ ആയുസ്സില്ല. ഇതിനെ നിങ്ങൾ സീറോ മലബാർ സഭയുടെ ഒന്നാം നൂറ്റാണ്ടിലെ പാരമ്പര്യം എന്നു വിശേഷിപ്പിയ്ക്കണമെങ്കിൽ അത്ര തൊലിക്കട്ടി ഉണ്ടാവണം; അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ മസ്തിഷ്കം ആർക്കെങ്കിലും വാടകയ്ക്ക് കൊടുത്തിരിയ്ക്കണം.
ഒരു വാദത്തിനു വേണ്ടി (വാദത്തിനു വേണ്ടീ മാത്രം) ഇവിടെ വ്യത്യസ്തമായ ഒരു ക്രമം നിലവിലിരുന്നു എന്നു സമ്മതിച്ചാൽ തന്നെ അത് ഹിന്ദു രീതികളിൽ നിന്നെങ്കിലും ഉണ്ടായതായിരിയ്ക്കണം. ശ്രീകോവിലിനു (നമ്മുടെ മദ്ബഹായുടെ സ്ഥാനം) പുറം തിരിഞ്ഞ് പ്രാർത്ഥന നടത്തുന്ന സമ്പ്രദായം ഹിന്ദു മതത്തിലും ഇല്ല. ചിലപ്പോൾ കാർമ്മികൽ പ്രസാദം കൊടുക്കാനോ മറ്റോ ജനാഭിമുഖമായി നിന്നാലായി. നമ്മുടെ കുർബാനയിലും അങ്ങനെ തന്നെ ആണല്ലോ. സുവിശേഷ വായനയുടെ സമയത്തും, പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്ന സമയത്തും, കുർബാന കൊടുക്കുന്ന സമയത്തും ഒക്കെ വൈദീകൻ ജനങ്ങളുടെ നേരെ തിരിഞ്ഞാണ് അതു നിർവ്വഹിയ്ക്കുന്നത്.

5. "കേരളത്തിൽ പോലും ഐക്യരൂപത്തോടെ നടപ്പിലാക്കാൻ പറ്റാത്ത് 50-50" - ശരിയാണ്. ഐക്യമുണ്ടാക്കാൻ വേണ്ടീ മെത്രനമാരെടുത്ത ഒരു തീരുമാനം ഐക്യത്തോടെ നടപ്പാക്കാൻ അവർക്കായില്ല. അത് അവരുടെ കഴിവുകേടോ, നിവൃത്തികേടോ ആണ്. അത് 50-50 എവിടെങ്കിലും നടപ്പാക്കാതിരിയ്ക്കാനുള്ള ഒഴികഴിവ് ആക്കരുത്.

6. "ഭൂരിപക്ഷം സീറോമലബാർ വിശ്വാസികൾ അനുവർത്തിയ്ക്കുന്ന ക്രമം" - ഭൂരിപക്ഷം പറയുന്നത് ശരിയാവണമെന്നില്ലല്ലോ. ശരി എന്താണെന്നു മനസിലാക്കുകയും ആ ശരി നടപ്പിലാക്കുകയുമാണ് വേണ്ടത്. കേരളത്തിലെ ഭൂരിപക്ഷം മെത്രാന്മാരും തർജ്ജമ ചെയ്ത ലത്തീൻ ക്രമം മതി എന്ന തീരുമാനമെടുത്തപ്പോൾ റോമാണ് അതല്ല ശരി എന്നു പറഞ്ഞ് ന്യൂപക്ഷാഭിപ്രായത്തെ മുഖധാരയിലേയ്ക്ക് കൊണ്ടൂവന്നത്. കിഴക്കിനഭിമുഖമായ - അതായത് കാർമ്മികനും ജനങ്ങളും ഒരേ ദിശയിലേയ്ക്ക് നോക്കി പ്രാർത്ഥിക്കുന്ന രീതിയുടെ സാംഗത്യം  ദാ..ഇന്നലെ വത്തിയ്ക്കാനിലെ ദൈവാരാധനുടെ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദ്ദിനാൾ റോബർട്ട് സാറാ വരെ പറഞ്ഞു വച്ചിട്ടുണ്ട്. ആദ്യ നൂറ്റാണ്ടുകൾ മുതലുള്ള ഈ പാരമ്പര്യത്തിന്റെ പ്രതീകാത്മത എത്രയോ സഭാപിതാക്കന്മാർ വിശദീകരിച്ചു തന്നിട്ടുണ്ട്.


അവസാനമായി ഇന്നത്തെ നമ്മുടെ ഒരു ആരാധനാക്രമ പ്രശ്നങ്ങൾക്കും കാരണം വിശ്വാസികളല്ല. പട്ടക്കാരും മേൽപ്പട്ടക്കാരും ഒക്കെത്തന്നെയാണ്. വിശ്വാസികൾക്ക് യഥാസമയം കൊടുക്കേണ്ട വേദോപദേശം ശരിയായരീതിയിൽ കൊടുക്കാത്തതിന്റെ തിക്തഫലമാണ് സഭ ഇന്ന് അനുഭവിയ്ക്കുന്നത്. തങ്ങളൂടെ രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങൾക്കു വേണ്ടീ വിശ്വാസികളെ ചൂഷണം ചെയ്യുക മാത്രമാണ് പലപ്പോഴും സംഭവിയ്ക്കുന്നത്. വിശ്വാസികൾക്ക് ആവശ്യമായ അജപാലനമോ, മതബോധനബോ പലപ്പോഴും ലഭിക്കുന്നു തന്നെയില്ല. ഇതിലെല്ലാം മുൻപോട്ടു പോകുവാൻ സാധിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിൽ നിന്നും വളരെ അകലെത്തന്നെയാണ്. പഠിയ്ക്കുകയും പഠിച്ചത് പ്രാവർത്തികമാക്കുവാൻ ശ്രമിയ്ക്കുകയും മാത്രമാണ്മ് പോംവഴി. അതിനുള്ള ഒരു നിമിത്തമാവട്ടെ ഇപ്പോഴത്തെ പ്രതിസന്ധികളും പ്രശ്നങ്ങളൂം ആശയക്കുഴപ്പങ്ങളൂം.