ന്റുപ്പാപ്പാക്കോരാനെണ്ടാര്‍ന്ന്...
“ദീപിക” പത്രത്തില്‍ ഏറ്റവും ആസ്വാദ്യകരമായി എനിക്ക് തോന്നിയിട്ടുള്ളത് “കുടുംബ യോഗങ്ങളുടെ “ ചരിത്രമാണ്. ഒരു പക്ഷേ ദിവസം മുഴുവന്‍ ഇരുന്നു ചിരിക്കാന്‍ ഉള്ള വക അതില്‍ തന്നെ ഉണ്ടാകും. നമ്മുക്ക് ചരിത്രത്തെ എങ്ങനെ കാണണം എന്ന് അറിയാമോ എന്ന് എനിക്ക് അറിഞ്ഞുകൂടാ ! നമ്മുടെ കാമ്പുള്ള ചരിത്രങ്ങളെ പലതും അക്കദേമിക ചരിത്രകാരന്മാര്‍ ഉപേക്ഷയോടെ കാണുന്നതിന്റെ ഒരു പ്രധാന കാരണം ഈ “തള്ളല്‍” ആണ്.
അ .പു. ക. കു (അതി പുരാതന കത്തോലിക്ക കുടുംബം ) –കളുടെ വീട്ടു പേരുകളില്‍ നിരീക്ഷിച്ചാല്‍ പലതിനും മധ്യ കാല ഘട്ടത്തിന് പുറകിലേയ്ക്ക് ഭാഷാപരമായി സാധുത ഇല്ല എന്ന് കാണാം. തോമാശ്ലീഹ മാമോദിസ മുക്കി എന്ന് അവകാശപ്പെടുന്ന “ഇല്ലക്കാരുടെയും “ കാര്യം വ്യത്യസ്തം അല്ല. എനിക്ക് തോന്നുന്നത് വീട്ടുപേര് പാരമ്പര്യമായി നിർബാധം തുടർന്നു പോരുന്ന പതിവ് പോർട്ടുഗീസുകാരുടെ വരവിനു ശേഷമാണ് ഉണ്ടായത് എന്നാണു.
നമ്മുക്ക് ചരിത്രത്തെ പേടിയാണ്. കാരണം സത്യസന്ധം ആണെങ്കില്‍ അഹിതം ആയതു പലതും നമ്മുടെ ചരിത്രത്തില്‍ നാം കേൾക്കേ ണ്ടി വരും (ചിലതൊക്കെ പുള്ളാർക്ക് കേൾക്കാന്‍ പറ്റാത്തതും !). അതിനാല്‍ സ്വയം ഉണ്ടാക്കിയ “സവര്ണ്ണ പൈതൃകത്തിന്റെ” വല്മീകത്തില്‍ നിര്‍വൃതി അടയും . അതില്‍ പു.കാ.കു-കളും ബാക്കി ഞാന്‍ ഉള്‍പ്പെടെ ഉള്ള “ഇന്നലത്തെ മഴയ്ക്ക് കുരുത്തു വന്നവരും“ കണക്കാണ് !
ചരിത്രം പറയുമ്പോൾ വിരുദ്ധം ആയി നില്ക്കുപന്ന പാരമ്പര്യങ്ങളെ നാം തള്ളി പറഞ്ഞില്ലെങ്കിലും പ്രചാരം കൊടുക്കാതെ ഇരിക്കുകയെങ്കിലും ചെയ്യണം. കാരണം അവ നമ്മുടെ വാദങ്ങളെ തളർത്തും . നസ്രാണികള്‍ ആദിമ നൂറ്റാണ്ടുകളില്‍ മലബാര്‍ തീരത്ത് ഉണ്ടായിരുന്നു എന്നത് ചരിത്രകാരന്മാർക്കിടയില്‍ നിസ്തര്‍ക്കം ആണ്. എന്നാല്‍ മാര്‍ത്തോമായുടെ ദക്ഷിണേന്ത്യാ ദൌത്യത്തെ തള്ളിക്കളയാന്‍ അവരെ പ്രേരിപ്പിക്കുന്നത് നാം വിശ്വാസ പ്രമാണം പോലെ വിളിച്ചു പറയുന്ന ചില കുടുംബ മഹിമാ പാരമ്പര്യങ്ങള്‍ ആണ്. ഉദാഹരണത്തിന് ഒന്നാം നൂറ്റാണ്ടില്‍ കേരളം സംഘകാലത്തില്‍ ആയിരുന്നു. “മാനുഷര്‍ എല്ലാം ഒന്നുപോലെ “ എന്ന അവസ്ഥയാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. ജാതിപരമായ ഉച്ച നീചത്വങ്ങള്‍ കേരളത്തില്‍ ശക്തമാകുന്നത് എട്ടാം നൂറ്റാണ്ടോടെ കുടിയേറ്റ ബ്രാഹ്മണര്‍ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി കേരളത്തില്‍ സ്ഥാപിച്ചതോടെയാണ്. ഒന്നാം നൂറ്റാണ്ടില്‍ ബ്രാഹ്മണരുടെ കേരളത്തിലെ സാന്നിധ്യവും സംശയാസ്പദമാണ്. “നിറം” , തൊഴില്‍ എന്നിവ സാമൂഹിക മണ്ഡലത്തില്‍ ഉച്ച നീച്ചത്വത്തിനു ഒരു വിഷയമേ അല്ലായിരുന്നു എന്നത് സംഘകാല കൃതികളില്‍ നിന്ന് സ്പഷ്ടം ആണ് ( അതിനെ പറ്റി പിന്നീടൊരിക്കല്‍ എഴുതാം ).
കുടിയേറ്റക്കാരും തദ്ദേശീയരുമായ യഹൂദരും ദ്രാവിഡരും (ബൗദ്ധ – ജൈനന്മാര്‍, ദളിതര്‍ ) ആണ് നസ്രാണി സമൂഹത്തിന്റെ അസ്ഥികൂടം എന്നത് തത്വത്തില്‍ അംഗീകരിക്കുന്നു എങ്കിലും നമ്മുടെ ഉപബോധ മനസ്സില്‍ ഇപ്പോഴും ആ "ബ്രാഹ്മണപൈതൃകകല്‍പ്പന" ഉണ്ടെന്നു തോന്നുന്നു. (ഞാന്‍ അങ്ങനെ കേട്ടിട്ടില്ലാത്തത് എന്റെ ഭാഗ്യം ). ഇപ്പോഴും അര്‍ത്ഥശൂന്യമായ ജാതി പാരമ്പര്യങ്ങളുടെ കൊക്കൂണില്‍ ജീവിക്കുന്നവര്‍ ! “പഴയ നമ്പൂതിരിമാര്‍” ആണ് തങ്ങള്‍ എന്ന തോന്നല്‍ അതിന്റെ പരമകാഷ്ടയില്‍ എത്തിയത് 1960-70 കാലഘട്ടത്തില്‍ ആണെന്ന് തോന്നുന്നു. കാരണം അന്നാണ് സുറിയാനി കത്തോലിക്കരുടെ ഇടയില്‍ “സാംസ്കാരിക അനുരൂപണം “ എന്ന “സവര്ണ്ണ ഹൈന്ദവ കോപ്പി അടികളും” അവരുടെ വേഷ ഭൂഷാദികളുടെ അനുകരണവും ഒക്കെ ആരംഭിച്ചത് !
ആട്ടക്കലാശം : പാലായില്‍ രണ്ടു വര്ഷം മുമ്പ് നടന്ന “നസ്രാണികളുടെ യഹൂദ പാരമ്പര്യ” ത്തെ കുറിച്ചുള്ള ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഇടയായി. സെമിനാറിന്റെ അവസാനം നിഷ്കളങ്കനായ ഒരു “ചേട്ടന്‍” എഴുന്നേറ്റു നിന്ന് ചോദിച്ചു . “ അതേ... ഇത്രേം നാള്‍ നമ്മള്‍ നമ്പൂതിരിമാരാണ് എന്ന് പറഞ്ഞല്ലേ നടന്നിരുന്നത് ? അത് ഏശാതെ വന്നത് കൊണ്ടാണോ ഇപ്പോൾ പുതിയ ഒരു പ്രചാരണം ? “
ചരിത്രത്തെ സൂക്ഷിക്കുക !!!
No comments:
Post a Comment