ഈ അടുത്തകാലത്ത് പ്രബലമായിത്തുടങ്ങിയ ഒരു അശ്ലീലം എന്നു തന്നെ പറയേണ്ടുന്ന ഒന്നാണ്
നസ്രാണികളുടെ സദസുകളിലെ പ്രാർത്ഥനാഗാനത്തിന്റെ അക്രൈസ്തവ സ്വഭാവം. ഇവയിൽ മിക്കവയ്ക്കും
നമ്മുടെ വിശ്വാസത്തോടോ, ദൈവശാസ്ത്രത്തോടോ ആദ്ധ്യാത്മികതയോടോ ഒരു ബന്ധം ഉണ്ടാവില്ല.
കുറേ സംസ്കൃത ശബ്ദങ്ങളും ഹൈന്ദവശൈലിയും ചേർത്ത് അവതരിയ്പ്പിയ്ക്കുന്ന ഇത്തരം ഗാനങ്ങളെ
നിയന്ത്രിച്ചില്ലെങ്കിൽ അതു നമ്മുടെ വിശ്വാസപൈതൃകത്തോടു ചെയ്യുന്ന അവഹേളനം ആയിരിയ്ക്കും.
ഇത് ബോധപൂർവ്വമായ ഒരു ശ്രമമായി തോന്നുന്നില്ല. സ്കൂളുകളിലും മറ്റു മതേതര സാഹചര്യങ്ങളിലും
ഉപയോഗിയ്ക്കുന്ന ഗീതങ്ങൾ പ്രാർത്ഥനാഗാനം പാടുവാൻ നിയോഗിയ്ക്കപ്പെടുന്ന കുട്ടികൾ അതേപടി പകർത്തുന്നതാവാം. സംഘഗാന മത്സരങ്ങൾക്കായി
രാഗാധിഷ്ടിതമായി ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നവർ തങ്ങളുടെ മതപശ്ചാത്തലം അനുസരിച്ച് ഒരുക്കിയ
ഗാനങ്ങൾക്ക് പൊതു സമൂഹത്തിൽ ലഭിയ്ക്കുന്ന സ്വീകാര്യത മറ്റൊരു കാരണമാവാം. എന്തൊക്കെയാണെങ്കിലും
പ്രാർത്ഥനാഗാനം എന്നാൽ ഈ രീതിയിൽ ആയിരിയ്ക്കണം എന്നൊരു തെറ്റിദ്ധാരണ നമ്മുടെ ഇടയിൽ
വന്നു പോയിട്ടുണ്ട്. ഈ ധാരണ കന്യാസ്ത്രീകളും ശെമ്മാശന്മാരും വച്ചു പുലർത്തുന്നുമുണ്ട്. പുരോഹിതരും മെത്രാന്മാരും ഇതിലെ അപകടത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടെന്നും
കരുതുന്നില്ല.
മെശയാനികരുടെ എല്ലാ സമ്മേളനങ്ങളും കർത്തൃപ്രാർത്ഥനയോടെ ആരംഭിയ്ക്കണം എന്നതാണ്
പുരാതനമായ നിർദ്ദേശം. പൗരസ്ത്യ സുറിയാനീ ശൈലിയിൽ “അത്യുന്നതങ്ങളിൽ” ചൊല്ലിക്കഴിഞ്ഞിട്ടാണ്
“സ്വർഗ്ഗസ്ഥനായ” വരുന്നത്. അതുകൊണ്ട് നസ്രാണികളുടെ സമ്മേളനങ്ങൾ ഈ രണ്ടു
പ്രാർത്ഥനകളും കൊണ്ട് ആരംഭിയ്ക്കുതാവും അഭികാമ്യം. ഇവിടെ വരാവുന്ന എതിരഭിപ്രായം ഇതു
പ്രാർത്ഥനയല്ലേ ഗാനമല്ലല്ലോ എന്നതായിരിയ്ക്കും. സുറിയാനിയിൽ “അത്യുന്നതങ്ങൾ” ചൊല്ലുകയോ
ആലപിയ്ക്കുകയോ ചെയ്യാം. കർത്തൃപ്രാർത്ഥനയ്ക്ക് സംഗീതാത്മകമായി ചൊല്ലുന്ന രീതിയുണ്ട്.
മലയാളത്തിലാണെങ്കിൽ തന്നെ ഗീതങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ഇതൊന്നും പോരാ
എന്നാണെങ്കിൽ പുതിയവ നമ്മുടെ ശൈലിയ്ക്ക് യോജിച്ച രീതിയിൽ തയ്യാറാക്കാവുന്നതേയുള്ളൂ.
“വൈവിധ്യം” ഇല്ല എന്നാണു പരിവേദനമെങ്കിൽ സങ്കീർത്തനങ്ങളെ ഉപയോഗിയ്ക്കാം. പിന്നെ ഗാനം തന്നെ വേണമെന്ന കല്പന പുറപ്പെടുവിച്ചത് ആരാണ്.
ഇപ്പറഞ്ഞതിനർത്ഥം ഞാൻ സെക്കുലർ ഗാനങ്ങൾക്ക് എതിരാണെന്നല്ല. സെക്കുലർ ഗാനങ്ങൾ
ഉപയോഗിക്കേണ്ട ഇടങ്ങളിൽ അവ ഉപയോഗിയ്ക്കണം. പല മതസ്ഥർ ഒരുമിച്ചു കൂടുന്ന അവസരങ്ങളിൽ
പ്രാർത്ഥനാ ഗാനമുണ്ടെങ്കിൽ അത് പ്രത്യേകിച്ച് ഒരു മതവിശ്വാസത്തെ പ്രകടിപ്പിയ്ക്കാത്തതാവണം.
പക്ഷേ തികച്ചും നമ്മുടേതു മാത്രമായ അവസരങ്ങളിൽ, സഭയുമായി ബന്ധപ്പെട്ട അവസരങ്ങളിൽ, കുടൂംബയോഗങ്ങളിൽ,
സെക്കുലർ ഗീതങ്ങളോ, അക്രൈസ്തവശൈലിയിലുള്ള ഗീതങ്ങളോ അല്ല നമ്മുടെ വിശ്വാസത്തെയും ആദ്ധ്യാത്മികതയേയും
പ്രകടിപ്പിയ്ക്കുന്നതാവണം.
No comments:
Post a Comment