ഈശോ മിശിഹായുടെ മനുഷ്യാവതാരം, സഭ, കൂദാശകൾ ഇവയ്ക്കെല്ലാം ഒറ്റ ലക്ഷ്യമേയുള്ളൂ - രക്ഷ.
പക്ഷേ പൊതുവിൽ സഭയിൽ കാണപ്പെടുന്ന മറ്റു രണ്ടു പ്രസ്ഥാനങ്ങൾക്ക് രക്ഷയുമായി കാര്യമായ ബന്ധമില്ല. ഒന്ന് ദൈവത്തെ "സ്വാധീനിച്ച്" കാര്യങ്ങൾ അനുകൂലമാക്കുക. രണ്ട് സഭയുടെ സ്ഥാപനങ്ങളുടെ/സംഘടനകളുടെ നടത്തിപ്പും വളർത്തലും അതിന്റെ രാഷ്ട്രീയവും ഒക്കെയായി അങ്ങനെ. ഇതു രണ്ടും വേണ്ടാത്തതാണ് എന്ന അഭിപ്രായം എനിയ്ക്കില്ല. പക്ഷേ "രക്ഷ" മാത്രം എടുക്കാച്ചരക്കാവുന്നു എന്നയിടത്താണ് പ്രശ്നം. അധികാരവും പ്രതാവും ഒരു വശത്തും ഭക്തിയുടെ കച്ചവടവത്കരണം മറുവശത്തും. അത്ഭുതപ്രവർത്തകനായ അന്തോനീസും, അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാസ്ലീഹായും അപേക്ഷയിൽ ഉപേക്ഷിയ്ക്കപ്പെട്ടിട്ടില്ല എന്നു മാതാവിനെ ഓർമ്മിപ്പിച്ചുകൊണ്ട് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം സുഖം എന്നതരത്തിലുള്ള പ്രാർത്ഥനകളും, രോഗശാന്തീശുശ്രൂഷകളും.
രക്ഷ എന്നത് ദൈവീകരണമാണ്. ദൈവവുമായി അനുരജ്ഞനപ്പെട്ട് ഏകീഭവിയ്ക്കലാണ്, ഏദേനിൽ ആദം ഉരിഞ്ഞു കളഞ്ഞ മഹത്വത്തിന്റെ വസ്ത്രം ധരിയ്ക്കലാണ്, ദൈവത്തിന്റെ സാദൃശ്യം വീണ്ടെടുക്കലാണ്, ദൈവത്തെപ്പോലെ ആവുകയാണ്, ദൈവമാവുകയാണ്.
അലക്സാണ്ട്രിയായിലെ അത്തനേഷ്യസ് പറയുന്നു മനുഷ്യനെ ദൈവമാക്കുവാൻ ദൈവം മനുഷ്യനായീ എന്ന്. ഇത് പിന്നീടുള്ള ആഗസ്തീനോസ് അടക്കമുഌഅ സഭാപിതാക്കന്മാർ ആവർത്തിയ്ക്കുന്നുമുണ്ട്.
നിന്റെ ദൈവീകജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിയ്ക്കുകയും അധഃപ്പതിച്ചു പോയ ഞങ്ങളെ സമുദ്ധരിച്ചു മൃതരായ ഞങ്ങളെ ജീവിപ്പിച്ചു പാപികളായ ഞങ്ങളൂടെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു നീ ഞങ്ങളൂടെ പാപങ്ങൾ കനിവോടെ ഉന്മൂലനം ചെയ്തു, ഞങ്ങളുടെ ബുദ്ധിയ്ക്കു പ്രകാശം നൽകി, ഞങ്ങളുടെ ശതൃക്കളെ പരാജിതരാക്കി, ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധാമായ അനുഗ്രഹത്താൻ മഹത്വമണീയീക്കുകയും ചെയ്തു. (സീറോ മലബാർ സഭയുടെ കുർബാന, അദ്ദായി മാറിയൂടെ ക്രമം, മൂന്നാം ഗ്‌ഹാന്ദയിൽ നിന്ന്)
നിങ്ങളൂടെ സ്വർഗ്ഗസ്ഥനായ പിതാവു പരിപൂർണ്ണനായിരിയ്ക്കുന്നതു പോലെ നിങ്ങളും പരിപൂർണ്ണരായിരിയ്ക്കുവിൻ എന്ന് കർത്താവു പറയുന്നു.
യോഹന്നാന്റെ സുവിശേഷത്തിൽ ദൈവീകരണത്തെ വളരെ മനോഹരമായി രേഖപ്പെടുത്തിയിരിയ്ക്കുന്നു.
ഞാൻ എന്റെ പിതാവിൽ (ആകുന്നു) എന്നും, നിങ്ങൾ എന്നിലാകുന്നു എന്നും, ഞാൻ നിങ്ങളിലാകുന്നു എന്നും ആ ദിവസത്തിൽ നിങ്ങളറിയും.
ഞാൻ എന്റെ പിതാവിനോടു ചോദിക്കും. അവൻ, നിങ്ങളോടുകൂടി എന്നും ഇരിക്കേണ്ടതിനായി, വേറൊരു പാരഖ്‌ലേത്തായെ നിങ്ങൾക്കു തരും.ലോകത്തിനു സ്വീകരിക്കുവാൻ കഴിയാത്ത ആ സത്യാത്മാവിനെത്തന്നെ. എന്തുകൊണ്ടെന്നാൽ അതു അവനെ കണ്ടിട്ടുമില്ല, അവനെ അറിഞ്ഞിട്ടുമില്ല. നിങ്ങളോ, അവൻ നിങ്ങളോടുകൂടി വസിക്കുകയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതു കൊണ്ടു, അവനെ അറിയുന്നു.
എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം കാക്കുന്നു; അപ്പോൾ എന്റെ പിതാവു അവനെ സ്നേഹിക്കുകയും, ഞങ്ങൾ അവന്റെ അടുക്കൽവന്നു് ഞങ്ങളുടെ വാസസ്ഥലം അവന്റെ അടുക്കൽ ആക്കുകയും ചെയ്യും.
ചുരുക്കത്തിൽ എന്തു കിട്ടുന്നു എന്നുള്ളതിലോ എന്തു കൊടുക്കുന്നതോ ഉള്ളതിലോ അല്ല എന്തായിത്തീരുന്നു എന്നുള്ളതിലാണ് രക്ഷ. മനുഷ്യാവതാരം, സഭ, കൂദാശകൾ ഇതെല്ലാം ഈ "ആയിത്തീര"ലിനാണ്
No comments:
Post a Comment