കൽദായ ലിറ്റർജി എന്ന് ഇവിടുത്തെ പൗരസ്ത്യ വിരുദ്ധ വിഭാഗം ആരോപിയ്ക്കുന്ന അദ്ദായി-മാറിയുടെ ക്രമം മൂന്നാം നൂറ്റാണ്ടിനു ശേഷം ഇവിടെ എത്തിയതാണെന്നും അതിനു മുൻപ് തദ്ദേശീയമായ ഒരു ക്രമം ഇവിടെ ഉണ്ടായിരുന്നു എന്നുമാണ് പൗരസ്ത്യ വിരുദ്ധരുടെ നിലപാട്. അതുകൊണ്ട് തദ്ദേശീയമായ ഒരു ക്രമത്തിലേയ്ക്ക് മടങ്ങണമെന്ന് അവർ ആഗ്രഹിയ്ക്കുന്നു.
ഇവിടെ പ്രസക്തമായ മൂന്നു ചോദ്യങ്ങൾ ഉണ്ട്
1. ഒന്നാം നൂറ്റാണ്ടിൽ തദ്ദേശീയമായ ഒരു ക്രമം ഉണ്ടായിരുന്നോ?
2. മൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആണോ പൗരസ്ത്യ സുറിയാനീ ലിറ്റർജി ഇന്ത്യയിൽ/കേരളത്തിൽ എത്തുന്നത്
3. എങ്ങനെയാണ് ഒരു പുതിയ ലിറ്റർജി ഉണ്ടാവുന്നത്/ഉണ്ടാവേണ്ടത്
ഓരോന്നായി നോക്കാം.
1. ഒന്നാം നൂറ്റാണ്ടിൽ തദ്ദേശീയമായ ഒരു ക്രമം ഉണ്ടായിരുന്നോ?
നടപടിപ്പുസ്തകത്തിലും മറ്റു പുരാതന രേഖകളും പരിഗണിച്ച് നമുക്ക് എത്തിച്ചേരാവുന്ന നിഗമനം പുരാതന ലിറ്റർജികൾക്ക് പ്രധാനമായും രണ്ടു ഘടകം ഉണ്ടായിരുന്നു എന്നതാണ്. വേദപുസ്തക വായനയും അപ്പം മുറിയ്ക്കലും. ഇതു രണ്ടും ആദ്യം നസ്രായ പക്ഷകാരെന്നും പിന്നീട് ക്രിസ്ത്യാനികൾ എന്നു വിളിയ്ക്കപ്പെടുന്ന മെശയാനിയ വിശ്വാസീ സമൂഹമോ ശ്ലീഹന്മാരോ കണ്ടുപിടിച്ച് ഉണ്ടാക്കി എടുത്തതല്ല; യഹൂദ ലിറ്റർജിയിൽ നിന്ന് കടം കൊണ്ടതായിരുന്നു; അല്ലെങ്കിൽ യഹൂദ ലിറ്റർജിയുടെ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള പിന്തുടർച്ച മാത്രമായിരുന്നു. യഹൂദ സിനഗോഗുകളിൽ വചനം വായന, വചന വ്യാഖ്യാനം എന്നിവയും വീടുകളിൽ അപ്പം മുറിയ്ക്കലും നടത്തു പോന്നു. പിന്നീട് യഹൂദ സിനഗോഗുകളീൽ നിന്നു നസ്രായ പക്ഷം പുറത്താക്കപ്പെട്ടപ്പോൾ അതും വീടുകളിലേയ്ക്ക് മാറുകയുണ്ടായി. ഇതോടൊപ്പം തന്നെ യഹൂദർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു സങ്കീർത്തനാലാപനങ്ങൾ. അത് വേദപുസ്തക വായനയ്ക്കാണെങ്കിലും ശരി, അപ്പം മുറിയ്ക്കലിന് ആണെങ്കിലും ശരി. അപ്പം മുറിയ്ക്കലിന് യഹൂദ പശ്ചാത്തലത്തിൽ നിയതമായ പ്രാർത്ഥനകൾ ഉണ്ടായിരുന്നു താനും. ഈ രണ്ടു ഭാഗങ്ങളും ചേരുന്നതാണ് കുർബാനയുടെ ആദ്യകാല രൂപങ്ങൾ. ഇതിന്റെ ഘടന ഓർശ്ലേമിലും ഗ്രീസിലും റോമിലും ഇന്ത്യയിലും പേർഷ്യയിലും വ്യത്യസ്ഥരൂപത്തിൽ ആകുവാൻ സാധ്യതയില്ല. കാരണം ആദിമ സഭകൾ യഹൂദ പശ്ചാത്തലത്തിൽ ആണ് രൂപം കൊള്ളുന്നത് - അത് ഓർശ്ലേമിൽ ആണെങ്കിലും, ഗ്രീക്കിൽ ആണെങ്കിലും റോമ്മിൽ ആണെങ്കിലും ഇന്ത്യയിൽ ആണെങ്കിലും. ഇന്ത്യയിലേയും പേർഷ്യയിലേയും സഭ യഹൂദരിൽ നിന്നു വിശ്വാസം കൈക്കൊണ്ട സഭകൾ ആയിരുന്നു; യഹൂദ സിനഗോഗുകൾ തന്നെ ആയിരുന്നു ആദിമ കുർബാന കേന്ദ്രങ്ങൾ. തോമാ ശ്ലീഹാ സഭ സ്ഥാപിച്ച കേന്ദ്രങ്ങൾ എല്ലാം തന്നെ കച്ചവട കേന്ദ്രങ്ങളും യഹൂദ കേന്ദ്രങ്ങളും ആയിരുന്നു. ഇവരുടെ യഹൂദ അറമായിക്കിലും (Jewish Aramaic) യഹൂദ പശ്ചാത്തലത്തിലും ഇന്ത്യയിലും കുർബാന അർപ്പിയ്ക്കപ്പെട്ടു.
എന്നാൽ വിജാതീയർ കൂടുതലായി വിശ്വാസത്തിലേയ്ക്ക് വരികയും അവർക്ക് അറമായ പശ്ചാത്തലം നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഈ കുർബാന തന്നെ (അറമായ യഹൂദ പശ്ചാത്തലത്തിലുള്ള കുർബാന) തദ്ദേശീയ ഭാഷകളിലേയ്ക്ക് അതിന്റെ പൂർവ്വരൂപത്തോടു നീതി പുലർത്തിയ്ക്കോണ്ട് പരിഭാഷപ്പെടുത്തി.
ഈ ഒരു പശ്ചാത്തലത്തിൽ ചിന്തിയ്ക്കുമ്പോൾ ഇന്ത്യയിൽ തദ്ദേശീയമായ കുർബാന ക്രമം എന്നത് അസംഭവ്യമാണ്. എന്നാൽ ലിറ്റർജി വികസിച്ച് നിയതമായ രൂപം ഉണ്ടാകുവാൻ കാലങ്ങൾ എടുത്തിരിയ്ക്കും. അന്ന് അതിൽ ഇമ്പ്രൊവൈസേഷനുകൾക്ക് സാധ്യതകൾ ഉണ്ടായിരുന്നിരിയ്ക്കും. അതേ സമയം കൃത്യമായ രൂപവും ക്രമവും വികസിയ്ക്കുന്ന മുറയ്ക്ക് ഇമ്പ്രൊവൈസേഷനുള്ള സാധ്യതകളും ഇല്ലാതെയാവും; അത് കുർബാന വ്യക്തിപരമാവരുതെന്നും സഭയുടേതാകണമെന്നുമുള്ള ഉദ്ദ്യേശത്തെകരുതിയും അതിൽ തെറ്റുകൾ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയുമാണ്.
അതുകൊണ്ട് യഹൂദ പശ്ചാത്തലത്തിൽ അന്നത്തെ അറമായ ഭാഷയിൽ ഒന്നാം നൂറ്റാണ്ടിൽ കുർബാന അർപ്പിയ്ക്കപ്പെട്ടു എന്നതാണ് യുക്തിസഹമായ ഉപസംഹാരം.
ഇവിടെ ഇന്ത്യനൈസേഷൻ-അനുരൂപണ വാദികൾ കൊണ്ടുവന്നിട്ടുള്ള ലിറ്റർജി രൂപങ്ങൾ എല്ലാം തന്നെ ആര്യ (ബ്രാഹ്മണ) സംസ്കാരത്തിൽ പൊതിഞ്ഞ ലത്തീൻ വത്കരണങ്ങൾ ആയിരുന്നു. ആര്യ അധിനിവേശം കേരളത്തിൽ ഉണ്ടാവുന്നത് 6 ആം നൂറ്റാണ്ടിനു ശേഷമാണെന്നും ഹിന്ദു (ആര്യ-ബ്രാഹ്മണ) മതം ശക്തമാവുന്നത് 9 ആം നൂറ്റാണ്ടിനു ശേഷമാണെന്നും ആ മതം ഹിന്ദു എന്ന് അറിയപ്പെട്ടു തുടങ്ങിയത് ബ്രിട്ടീഷു കാരുടെ ഭരണത്തിന്റെ കീഴിലാണെന്നും സെക്കുലർ ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ആ നിലയ്ക്ക് ലത്തീൻ കുർബാനയെ ബ്രാഹ്മണ പശ്ചാത്തലത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ പൊള്ളത്തരം വെളിപ്പെടുന്നു.
മറ്റൊരു തരം കുർബാനയ്ക്കുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല എന്നിരുന്നാലും അത്തരം സാധ്യതയെ യുക്തിസഹമായി അവതരിപ്പിയ്ക്കുകയും അതിനു ഉപോദ്ബലകമായ തെളിവുകളും രേഖകളും കണ്ടെത്തുകയും ചെയ്യണം. അതു വരെ നമുക്ക് ഈ ഒന്നാം നൂറ്റാണ്ടു വാദം അവസാനിപ്പിയ്ക്കേണ്ടി ഇരിയ്ക്കുന്നു.
2. മൂന്നാം നൂറ്റാണ്ടിലോ അതിനു ശേഷമോ ആണോ പൗരസ്ത്യ സുറിയാനീ ലിറ്റർജി ഇന്ത്യയിൽ/കേരളത്തിൽ എത്തുന്നത്
അറമായ യഹൂദ ലിറ്റർജി കേരളത്തിൽ എത്തുന്നതിന്റെ കഥ ഒന്നാമത്തെ പോയിന്റിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഒരു ലിറ്റർജിയും വെള്ളം കയറാത്ത അറകളായിട്ടല്ല നില നിന്നിട്ടുള്ളത്. തങ്ങളുടെ ശൈലിയ്ക്ക് യോജിച്ചതൊക്കെ മറ്റു സഭാ പാരമ്പര്യങ്ങളിൽ നിന്നും സഹോദരസഭകളിൽ നിന്നും സ്വാംശീകരിച്ചാണ് സഭ വളർന്നിട്ടുള്ളത്. ഒരേ പശ്ചാത്തലത്തിലുള്ള സഭകൾ എന്ന നിലയ്ക്ക് പേർഷ്യം മെസൊപ്പൊട്ടോമിയൻ സഭകളുമായി കൊടുക്കൽ വാങ്ങലുകൾക്കും സമന്വയത്തിനും സാധ്യതകളുണ്ട്. അങ്ങനെയല്ലാതെ ഒരു സുപ്രഭാതത്തിൽ പൗരസ്ത്യ സുറിയാനി ലിറ്റർജി ഇവിടെ അടിച്ചേൽപ്പിയ്ക്കപ്പെട്ടു എന്നോ ഇറക്കു മതി ചെയ്യപ്പെട്ടൂ എന്നോ ഉള്ള വാദങ്ങൾ അടിസ്ഥാന രഹിതമാണ്.
ചുരുക്കത്തിൽ ഇവിടെ നില നിന്ന പ്രിമിറ്റീവ് യൂദ-അറമായി ലിറ്റർജിയുടെ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള വളർച്ചയാണ് അദ്ദായി മാറിയുടെ കുർബാന.
3. എങ്ങനെയാണ് ഒരു പുതിയ ലിറ്റർജി ഉണ്ടാവുന്നത്/ഉണ്ടാവേണ്ടത്
just for a horror! എന്ന നിലയ്ക്ക് ആരും ലിറ്റർജികൾ ഉണ്ടാക്കുന്നില്ല. നില നിൽക്കുന്ന ലിറ്റർജിയെ ദൈവശാസ്ത്രപരമായി മിഴുവുറ്റതാക്കുവാനും അമൂർത്തമായ (abstract) ആശയങ്ങൾക്ക് കൂടുതൽ മൂർത്തിമദ്ഭാവം (concrete) നൽകുവാനുമാണ് പുതിയ ലിറ്റർജികൾ രൂപം കൊള്ളുന്നത്. അതും സ്വാഭാവികമായ ഒരു വളർച്ച ആയിരിയ്ക്കണം. ഇത് അദ്ദായി മാറിയിൽ നിന്ന് തിയഡോറിലേയ്ക്കും തിയഡോറിൽ നിന്നു നെസ്തോറിയസ്സിലേയ്ക്കും ഉള്ള വളർച്ചയിൽ പ്രകടവുമാണ്. ഇനിയും നെസ്തോറിയസ്സിന്റെ ക്രമത്തിൽ നിന്നുള്ള വളർച്ച സാധ്യമാണ്. പക്ഷേ അതു വളർച്ച ആയിരിയ്ക്കണം, വിളർച്ച ആവരുത്.
എന്നാൽ ഇന്ന് പുതിയ അനാഫാറയ്ക്കായി നിലവിളി കൂടുന്നവരുടെ ലക്ഷ്യം സമയം കുറയ്ക്കം, പ്രാർത്ഥന വെട്ടിച്ചുരുക്കൽ, ലത്തീനീകരണം എന്നിവയാണ്. അടിസ്ഥാനപരമായി കുർബാനയെ അതിന്റെ പൂർണ്ണമായി അർപ്പണമായി കാണുവാൻ വിശ്വാസികൾക്കും പുരോഹിതന്മാർക്കും കഴിയാതെ വരുന്നു. കേവലം കുർബാന സ്വീകരണത്തിനുള്ള ഉപാധിയായി മാത്രം മറ്റു പ്രാർത്ഥനകളു മാറുകയും ചെയ്യുന്നു. ഇത് ഒരു ലിറ്റർജിക്കൽ കാറ്റകേസിസത്തിന്റെ അഭാവത്തിൽ നിന്ന് ഉണ്ടാവുന്നതാണ്. വികലമായ ആരാധനാക്രമ കാഴ്ചപ്പാടുകളോടെയും ഗൂഢ ഉദ്ദ്യേശത്തോടെയും നിക്ഷിപ്തതാത്പര്യത്തോടെയും തികഞ്ഞ ലാഘവത്തോടെയും പുതിയ അനാഫൊറാ വാദം ഉന്നയിയ്ക്കുന്നതും അത്തരം വാദങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതും ഗുണകരമാകുമെന്നു ഞാൻ കരുതുന്നില്ല.
No comments:
Post a Comment