പറഞ്ഞു പഴകിയ പായരാങ്ങൾ ആവർത്തിയ്ക്കണം എന്നു കരുതിയിട്ടല്ല. എങ്കിലും ചിലതൊക്കെ ആവർത്തിയ്ക്കുക തന്നെ വേണം ഓർമ്മകൾ നഷ്ടപ്പെടുകയും ചരിത്രം പഠിയ്കാൻ താത്പര്യം കാണിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ.
സീറോ മലബാർ സഭയിൽ കൽദായ വാദം എന്നൊന്നില്ല. ഒന്നുകിൽ കൽദായപാരമ്പര്യങ്ങൾ എന്താണെന്നോ പൗരസ്ത്യ പാരമ്പര്യങ്ങൾ എന്താണെന്നോ സുറിയാനീ പാരമ്പര്യങ്ങൾ എന്താണെന്നോ അറിയാത്ത പിള്ളമാരുടെ ചൊറിച്ചിലാണ് "കൽദായവാദം".
1. ജനാഭിമുഖം vs ദൈവാഭിമുഖം
രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം ലത്തീൻ സഭയിൽ ആരംഭിയ്ക്കുകയും വത്തിയ്ക്കാൻ കൗൺസിൽ നിർദ്ദേശിയ്ക്കുകയോ അഭിലഷിയ്ക്കുകയോ ചെയ്തിട്ടില്ല എങ്കിൽ പോലും പിതൃത്വം വത്തിയ്ക്കാൺ കൗൻസിലിൽ ചാർത്തപ്പെടുകയും ചെയ്യപ്പെട്ട കൗതുകകരമായ സംഗതിയാണ് ജനാഭിമുഖ കുർബാന. 1970 പട്ടം സ്വീകരിച്ച എറണാകുളം രൂപതക്കാരനായ ഫാ. വർഗ്ഗീസ് പാത്തിക്കുളങ്ങര അന്ന് തന്റെ "പുത്തൻ കുർബാന" ജനാഭിമുഖമായി അർപ്പിയ്ക്കുവാൻ ആഗ്രഹിയ്ക്കുകയും രൂപത അത് നിഷേധിയ്ക്കുകയും ചെയ്തു എന്ന വസ്തുത ചിലർക്കെങ്കിലും അറിവുണ്ടായിരിയ്ക്കും. സീറോ മലബാർ സഭയെ സംബന്ധിച്ച് 1971 വരെ ജനാഭിമുഖം എന്ന രീതി ഇല്ല. ഇതിനു ശേഷം 1971 മുതലാണ് ജനാഭിമുഖം രൂപതകൾ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിച്ചു തുടങ്ങുന്നത്. ഇതിൽ സാമാന്യമായ ഒരു അഭിപ്രായ രൂപീകരണമോ സഭയുടെ ഔദ്യോഗികമായ ഒരു നിർദ്ദേശമോ സീറോ മലബാർ സഭയിൽ ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഏതാനും അച്ചന്മാരുടേയും മെത്രാന്മാരുടേയും അധികാര ദുർവിനിയോഗമെന്നോ ദുരുപയോഗമെന്നോ പറയാവുന്ന നടപടി പിന്നീട് എറണാകുളം തൃശൂർ രൂപതകളിൽ പ്രചാരം നേടുകയായിരുന്നു. റോമിൽ നിന്നു തയ്യാറാക്കിയി 57, 62 ലെ തക്സകളിലോ, അതിനുശേഷം പാറേക്കാട്ടിൽ പിതാവിന്റെ താത്പര്യത്തിൽ തയ്യാറാക്കിയ പിന്നീട് ലത്തീനീകരണമായി സഭ കണ്ടെത്തിയ 68 ലെ തക്സയിലോ ജനാഭിമുഖമായി കുർബാന ർപ്പിയ്ക്കുവാൻ നിർദ്ദേശിച്ചിട്ടില്ല. 68 ലെ കുർബാന എന്നു പറയുമ്പോൾ രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷമെന്ന് ഓർക്കണം. സീറോ മലബാർ സഭയിൽ ഈ 2021 ഇൽ കേവലം 50 വർഷം പഴക്കമുള്ള ഒരു തഴക്കദോഷത്തിനെയാണോ രൂപതകൾ തങ്ങളുടെ അഭിമാനപ്രശ്നമായും രൂപതയുടെ "പാരമ്പര്യ"മായും പരിഗണിയ്ക്കേണ്ടത്?
ഈസ്റ്റേൺ ഓർത്തൊഡോക്സ് സഭകളിലും ഓറിയന്റൽ ഓർത്തൊഡോക്സ് സഭകളിലും ഇവയുടെ റോമൻ കത്തോലിയ്ക്കാ സഭയുമായി ഐക്യപ്പെട്ട സഭകളിലും എന്തിന് ലത്തീൻ സഭയിലും നിലവിലുള്ള രീതി എന്ന നിലയിൽ എങ്ങനെയാണ് മദ്ബഹാഭിമുഖ കുർബാന അല്ലെങ്കിൽ അഡ് ഓറിയന്റം (കിഴക്കിനഭിമുഖം) കൽദായമാകുന്നത്?
ലത്തീൻ സഭയിൽ പോലും 60 വർഷം മാത്രം പഴക്കമുള്ള ജനാഭിമുഖ രീതിയെ പിൻപറ്റുവാൻ അഡ് ഓറിയന്റത്തെ കൽദായമെന്നും കുറച്ചുകൂടി ചന്തനിലവാരമുള്ള പട്ടക്കാരുടെ ഭാഷയിൽ കുണ്ടിക്കുർബാനയെന്നും പറയുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? ആരെ പറ്റിയ്ക്കാനാണ്?
2. അദ്ദായി മാറിയുടെ കുർബാന (ശ്ലീഹന്മാരുടെ കുർബാന)
തോമാ ശ്ലീഹായുടെ ശിഷ്യന്മാരുടെ പേരിലുള്ള ഈ കുർബാന അനാഫൊറാകളീൽ പുരാതനവും യഹൂദ ബരാകാ പ്രാർത്ഥനകളോട് ഏറ്റവും അടുത്തുനിൽക്കുന്നതും ഈശോമിശിഹാ അന്ത്യത്താഴ വേളയിൽ ഉപയോഗിച്ചിരിയ്ക്കുക ഇതേ വാക്കുകൾ ആയിരിയ്ക്കാനാണ് സാധ്യത എന്ന് പണ്ഡിത മതം സമ്മതിയ്ക്കുകയും ചെയ്യുന്ന നിലയ്ക്ക് അദ്ദായി മാറിയുടെ കുർബാനയാണോ നിങ്ങൾ കാണൂന്ന കൽദായ വത്കരണം??
3. നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും കുർബാനകൾ
ഒരു വാദത്തിനു വേണമെങ്കിൽ നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും കുർബാനകളെ കൽദായ വത്കരണം എന്ന ഗണത്തിൽ പെടുത്താം. കാരണം അതിൽ നെസ്തോറിയസ്സിന്റെയും തിയദോറിന്റെയും പേരുണ്ട് എന്നതു തന്നെ. പക്ഷേ അതിന്റെ ടെക്സ്റ്റിൽ എന്തു കൽദായ വത്കരണമാണ് നിങ്ങൾ കാണുന്നത്. ഈ ടെക്സ്റ്റിലെ ആശയങ്ങൾ നിങ്ങൾക്ക് ലത്തീൻ സഭയുടെ കാനോൻ കളിലും ഗ്രീക്ക് സഭകളുടെ കുർബാനക്രമങ്ങളിലും അന്ത്യോക്യൻ-അലക്സാണ്ട്രിയൻ സഭകളുടെ കുർബാന ക്രമങ്ങളീലും കണ്ടെത്തുവാൻ കഴിയും.
4. സുറിയാനി ഭാഷ - അതേ സുറിയാനി ഭാഷയ്ക്ക് കൽദായ സുറിയാനി എന്നു പേരുണ്ട്. എന്നാൽ അത് അതിന്റെ ലിപി മാത്രമാണ്. അതിനു മുൻപ് എസ്ത്രാംഗല എന്ന ലിപി ഉണ്ട്. അതിനു മുൻപ് അറമായ ലിപി ഉണ്ട്. ഭാഷ ഒന്നു തന്നെ എഴുത്തിന്റെ രൂപം മാറുന്നു. അതിലെ ഒരു ലിപിയെ കൽദായ സുറിയാനി എന്നു വിളിയ്ക്കുന്നു അതുകൊണ്ടെന്ത്?
ഇവരുടെ യുക്തി അനുസരിച്ച് ആണെങ്കിൽ തലിസാ കുമി, ഏൽ ഏൽ ലാമാനാ സ്വക്താനി എന്നൊക്കെ പറയുന്ന കർത്താവീശോ മിശിഹായല്ലേ കൽദായവാദി? അതു രേഖപ്പെടുത്തിയ മർക്കോസ് അല്ലേ കൽദായവാദി
അപ്പോൾ എന്താണു കൽദായ വത്കരണം? എവിടെയാണു കൽദായ വത്കരണം?
കൽദായ വാദം ആരോപിയ്ക്കുവരുടെ പൊതു സ്വഭാവം മനസിലാക്കിയാൽ അവരുടെ രോഗം പിടികിട്ടും
1. സങ്കീർത്തനങ്ങൾ ചൊല്ലാതിരിയ്ക്കുക. പകരം ഏതെങ്കിലും കാസറ്റ് സംഗീതം ആലപിയ്ക്കുക
2. ഉപകരണ സംഗീതങ്ങളുടെ അകമ്പടിയോടെ കുർബാൻ അടിപൊളി ആക്കുക
3. പ്രാർത്ഥനകൾ തോന്നും പടി ചൊല്ലുക, തങ്ങൾക്ക് ഇഷ്ടമില്ലത്ത പ്രാർത്ഥനകൾ ചൊല്ലാതിരിയ്ക്കുക, സ്വയം പ്രേരിത പ്രാർത്ഥനകൾ - അതിപ്പോൾ സഭാ വിരുദ്ധവും വിശ്വാസവിരുദ്ധവും ആണെങ്കിലും തരക്കേടില്ല - ചൊല്ലുക
4. സഭ നൽകിയിട്ടുള്ള റൂബ്രിക്സ് പാലിയ്ക്കാതിരിയ്ക്കുക
5. തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് നാടകീയ രംഗങ്ങളും മറ്റും കുർബാനയിൽ ചേർക്കുക
6. കുർബാനയുടെ നീളം കൂടുന്നു എന്ന് ആരോപിയ്ക്കുമ്പോൾ തന്നെ തങ്ങളുടെ പ്രസംത്തിന്റെ നീളം കുറയ്ക്കാനോ കുർബാനയിൽ ആവശ്യമില്ലാത്ത ബാക്‌ഗ്രൗണ്ട് മ്യൂസിയ്ക്കോ ഒട്ടും കുറയ്ക്കാതിരിയ്ക്കുക.
7. കുർബാനയുടെ നീളം കുറച്ചിട്ട് അതിനു മുൻപും പിൻപും കൊന്ത, കുരിശിന്റെ വഴി, നൊവേനകൾ, വിശുദ്ധ കുർബാന എഴുന്നള്ളി വച്ചുള്ള ആരാധന ഇതൊക്കെ നടത്തുവാൻ ഒരു മടിയും ഇല്ലതാനും.
അസുഖം മനസിലായിക്കാണും എന്നു കരുതുന്നു.
No comments:
Post a Comment