Sunday, April 12, 2020

ചാവകറ്റും ചെടി


വടമൊഴിപ്പാട്ടിലൊരു പുനിതൻ
ചാവകറ്റും ചെടി തേടിയലഞ്ഞു
കാണായ്കിലുണ്ടായൊരിണ്ടലിനൊടുവിൽ
മലയൊന്നായ് പിഴുതു, വാനിൽ പറന്നു

ഗാഗുൽതാ മലയിന്മേൽ മൂന്നുണ്ടു ചെടികൾ
ആദത്താൻ നാട്ടിയ സ്ളീവാച്ചെടികൾ
ആദേന്റെ നടുവിലെ ഉയിരിൻ മരം പോൽ
നടുവിലെ സ്ലീവായിൽ ജീവന്റെ കനികൾ

ആച്ചെടിയിൽ കണ്ണു തട്ടിയോരാരും
അതിൻ പഴം പള്ളിയിൽ നിന്നുണ്ടയാരും
പഴച്ചാറു വീണു കുതിർന്ന ചെമ്മണ്ണിൽ
വീണൊടുങ്ങില്ല മുളയിട്ടുയിർക്കും

പൂഴിയിൽ ആണ്ടവർ കുഴിയാനക്കൊമ്പർ
ശീയോൽ-പ്പടുകുഴി തന്നിലടിഞ്ഞോർ
ചിറകുമുളച്ചിതാ പൂത്തുമ്പിയായി
തെളിവാനിടത്തിൽ പാറിപ്പറക്കും.
     ‌‌         - By
                    ചേരളൻ

Friday, April 3, 2020

സുവിശേഷത്തിലെ ക്ഷമ


July 19, 2019 നു ഫേയിസ്ബുക്കിൽ എഴുതിയത് 


ആരോടാണു ക്ഷമിയ്ക്കേണ്ടത്? പശ്ചാത്തപിയ്ക്കാത്തവരോടു ക്ഷമിയ്ക്കണമോ? തെറ്റു തിരുത്താത്തവരോടു ക്ഷമിയ്ക്കണമോ എന്നൊക്കെയുള്ള ചില ചോദ്യങ്ങൾ കാണാൻ ഇടയായി.
ആത്യന്തികമായി മനുഷ്യനെ ദൈവമാക്കുക എന്നതാണ് സഭയുടെ ദൗത്യം. കേവലം ഒരു സാമൂഹിക വ്യവസ്ഥയ്ക്ക് അപ്പുറത്ത് ദൈവീകരണത്തിനാണ് വേദപുസ്തകം സംസാരിയ്ക്കുന്നത്. പിതാവിന്റെ പൂർണ്ണതയിലേയ്യ്ക്കുള്ള വളർച്ചയാണ് മാർഗ്ഗം. ത്രീത്വൈക കൂട്ടായ്മയുടെ സ്വർഗ്ഗീയ ഓറേശ്ലേം ആണ് മാർഗ്ഗത്തിന്റെ ലക്ഷ്യം.
ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളുടെ ദൈവീകരണപ്രക്രീയയിൽ നിങ്ങളൂടെ സഹോദരൻ തെറ്റുതിരുത്തിയോ പശ്ചാത്തപിച്ചോ എന്നതൊന്നും വിഷയമല്ല. അത് അവന്റെ ദൈവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. സഭയുടെ സാമൂഹികമാനത്തിൽ സഹോദരനും പെടും, മാനവരാശി മുഴുവൻ ദൈവമക്കളുടെ സ്വാതന്ത്യത്തിലേയ്ക്കു വരുവാനാണ് സഭ സ്ഥാപിയ്ക്കപ്പെട്ടതു തന്നെ. അതുകൊണ്ട് സഹോദരന്റെ ദൈവീകരണം എന്റെ ബാധിയ്ക്കുന്ന സംഗതിയല്ല എന്ന് ഇവിടെ ഉദ്ദ്യേശിച്ചിട്ടില്ല. പക്ഷേ ഞാൻ എന്ന വ്യക്തിയുടെ ദൈവീകരണത്തിൽ അപരന്റെ പശ്ചാത്താപം, തെറ്റുതിരുത്തൽ, പ്രായശ്ചിത്തെം ചെയ്യൽ, ഏത്തമിടീൽ, ശൂലത്തേക്കേറൽ, തൂക്കില്ലൊല്ലൻ, രാജിവയ്ക്കൽ, സ്ഥാനമൊഴിയൽ ഇതിന്നും ബാധകമല്ല. ഞാൻ എന്ന വ്യക്തിയ്ക്ക് എപ്രകാരം ദൈവവുമായി അടൂക്കാം എന്നതാണു എന്റെ ദൈവീകരണ പ്രക്രിയയിലെ ചോദ്യം.
സുവിശേഷത്തിലേയ്ക്കു വന്നാൽ കർത്താവിന്റെ ക്ഷമ നിരുപാധികമായിരുന്നു എന്നു കാണാം. കുരിശിൽ കിടന്നു "ഇവിരോടു ക്ഷമിയ്ക്കണമേ" എന്നു പ്രാർത്ഥിയ്ക്കുമ്പോൾ ഇവരുടെ പശ്ചാത്താപം, ഇവരുടെ തെറ്റുതിരുത്താൽ ഒന്നും ക്ഷമയുടെ വിഷയമേ ആവുന്നില്ല. പാപിനിയായ സ്ത്രീയോട് അവളുടെ പൂർവ്വകാല പാപങ്ങളെക്കുറിച്ച് കർത്താവ് വിസ്തരിയ്ക്കുന്നില്ല.തളർവാത രോഗിയുടെ കാര്യത്തിൽ അവന്റെ പൂർവകാല പാപങ്ങളെ സംബന്ധിച്ച് കർത്താവ് വിചാരണ ചെയ്യുന്നില്ല. സക്കേവൂസിനോട് കർത്താവ് "വഞ്ചിച്ചത് തിരിച്ചുകൊടൂക്കുവാൻ" കർത്താവ് ആവശ്യപ്പെടുന്നില്ല.
ഉപാധികളോടെയുള്ള ക്ഷമ ആരാണ് കാണിയ്ക്കാത്തത്, കള്ളക്കടത്തുകാരും, രാഷ്ട്രീയക്കാരുമെല്ലാം അപ്രകാരം ചെയ്യുന്നുണ്ടല്ലോ. അതു തികച്ചും മാനുഷികമാണ്. ഉപാധികൾ ഇല്ലാതെയുള്ള ക്ഷമ ദൈവീകമാണ്.
ക്ഷമിയ്ക്കൽ തെറ്റുമായുള്ള കോമ്പ്രമൈസ് അല്ല. തെറ്റു ചെയ്തവനോടുള്ള ദൈവീകമായ സ്നേഹമാണ്, ആർദ്ദ്രതയാണ്. തെറ്റു ചെയ്തന്നവരോട് എങ്ങനെ പെരുമാറണം എന്നു കർത്താവ് പറയുന്നുണ്ട്. 1. ആദ്യം അവൻ ഒറ്റയ്ക്ക് ആയിരിയ്ക്കുമ്പോൾ പോയി അവന്റെ തെറ്റു ബോധപ്പെടുത്താൽ ശ്രമിയ്കുക 2. ഒന്നാമത്തെ ശ്രമത്തിൽ പരാജയപ്പെട്ടാൽ രണ്ടൂമൂന്നു പേരെ കൂട്ടിക്കൊണ്ടൂ പോയി തെറ്റു മനസിലാക്കുവാൻ ശ്രമിയ്ക്കുക 3. അതിലും പരാജയപ്പെട്ടാൻ സഭയിൽ തെറ്റു ബോധപ്പെടൂത്തുവൻ ശ്രമിയ്ക്കുക. 4. അതിലും പരാജയപ്പെട്ടാൻ അവനെ പരദേശിയെപ്പോലെ കരുതുക.
പരദേശിയോടുള്ള കരുതലും പ്രധാനപ്പെട്ടതാണ്. പരദേശിയ്ക്ക് എന്തെങ്കിലും ആവശ്യമാണെങ്കിൽ കൊടൂക്കേണ്ടി വരും. ദാഹിയ്ക്കുമ്പോൾ വെള്ളവും വിശക്കുമ്പോൾ ഭക്ഷണവും താമസിയ്ക്കുവാൻ സ്ഥലവും ഉടൂക്കാൻ വസ്ത്രവും. "ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു". (അതുകൊണ്ട് ചില്ലറ കെണിയിലൊന്നുമല്ല കർത്താവ് കൊണ്ടു പെടുത്തുന്നത് )
ഈ കരുതലിന്റെ കാര്യത്തിൽ ഇന്നു നാം വളരെ പിറകോട്ടു പോയീ എന്നു ഞാൻ കരുതുന്നു. ഒരാളുടെ തെറ്റിനെ അയാളെ നാറ്റിച്ച്, അവഹേളിച്ച് അയാൾക്ക് ഒരു തിരിച്ചു വരവ് അസാധ്യമാക്കത്തക്ക വിധം അപമാനിച്ച് ആഘോഷിയ്ക്കുകയാണ് പൊതുസമൂഹം. ഒരു പാപിയ്ക്ക് തിരിച്ചു വരവ് ഞാൻ അസാധ്യമാക്കുന്നുണ്ടെങ്കിൽ ഞാൻ പിശാചിന്റെ പിണിയാളാവുകയാണ്. കാരണം തിന്മ ചെയ്തവൻ തിന്മയിൽ തുടരേണ്ടത് അവന്റെ മാത്രം ആവശ്യമാണ്.
ക്ഷമയെക്കുറീച്ച് ആരോപറഞ്ഞത് ഓർക്കുന്നു. ക്ഷമിയ്ക്കുക എന്നാൽ എന്നാൽ അപരൻ എന്നോട് അങ്ങനെ ചെയ്തിരുന്നു എന്നത് ഓർമ്മയിൽ നിന്നു പോലും നീക്കിക്കളയൽ ആണത്രെ. നടക്കുന്ന കാര്യമാണോ??!!

ദൈവമാക്കുവാൻ വേണ്ടി

ഈശോ മിശിഹായുടെ മനുഷ്യാവതാരം, സഭ, കൂദാശകൾ ഇവയ്ക്കെല്ലാം ഒറ്റ ലക്ഷ്യമേയുള്ളൂ - രക്ഷ.
പക്ഷേ പൊതുവിൽ സഭയിൽ കാണപ്പെടുന്ന മറ്റു രണ്ടു പ്രസ്ഥാനങ്ങൾക്ക് രക്ഷയുമായി കാര്യമായ ബന്ധമില്ല. ഒന്ന് ദൈവത്തെ "സ്വാധീനിച്ച്" കാര്യങ്ങൾ അനുകൂലമാക്കുക. രണ്ട് സഭയുടെ സ്ഥാപനങ്ങളുടെ/സംഘടനകളുടെ നടത്തിപ്പും വളർത്തലും അതിന്റെ രാഷ്ട്രീയവും ഒക്കെയായി അങ്ങനെ. ഇതു രണ്ടും വേണ്ടാത്തതാണ് എന്ന അഭിപ്രായം എനിയ്ക്കില്ല. പക്ഷേ "രക്ഷ" മാത്രം എടുക്കാച്ചരക്കാവുന്നു എന്നയിടത്താണ് പ്രശ്നം. അധികാരവും പ്രതാവും ഒരു വശത്തും ഭക്തിയുടെ കച്ചവടവത്കരണം മറുവശത്തും. അത്ഭുതപ്രവർത്തകനായ അന്തോനീസും, അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാസ്ലീഹായും അപേക്ഷയിൽ ഉപേക്ഷിയ്ക്കപ്പെട്ടിട്ടില്ല എന്നു മാതാവിനെ ഓർമ്മിപ്പിച്ചുകൊണ്ട് ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം സുഖം എന്നതരത്തിലുള്ള പ്രാർത്ഥനകളും, രോഗശാന്തീശുശ്രൂഷകളും.
രക്ഷ എന്നത് ദൈവീകരണമാണ്. ദൈവവുമായി അനുരജ്ഞനപ്പെട്ട് ഏകീഭവിയ്ക്കലാണ്, ഏദേനിൽ ആദം ഉരിഞ്ഞു കളഞ്ഞ മഹത്വത്തിന്റെ വസ്ത്രം ധരിയ്ക്കലാണ്, ദൈവത്തിന്റെ സാദൃശ്യം വീണ്ടെടുക്കലാണ്, ദൈവത്തെപ്പോലെ ആവുകയാണ്, ദൈവമാവുകയാണ്.
അലക്സാണ്ട്രിയായിലെ അത്തനേഷ്യസ് പറയുന്നു മനുഷ്യനെ ദൈവമാക്കുവാൻ ദൈവം മനുഷ്യനായീ എന്ന്. ഇത് പിന്നീടുള്ള ആഗസ്തീനോസ് അടക്കമുഌഅ സഭാപിതാക്കന്മാർ ആവർത്തിയ്ക്കുന്നുമുണ്ട്.
നിന്റെ ദൈവീകജീവനിൽ ഞങ്ങളെ പങ്കുകാരാക്കുവാൻ നീ ഞങ്ങളുടെ മനുഷ്യസ്വഭാവം സ്വീകരിയ്ക്കുകയും അധഃപ്പതിച്ചു പോയ ഞങ്ങളെ സമുദ്ധരിച്ചു മൃതരായ ഞങ്ങളെ ജീവിപ്പിച്ചു പാപികളായ ഞങ്ങളൂടെ കടങ്ങൾ ക്ഷമിച്ചു വിശുദ്ധീകരിച്ചു നീ ഞങ്ങളൂടെ പാപങ്ങൾ കനിവോടെ ഉന്മൂലനം ചെയ്തു, ഞങ്ങളുടെ ബുദ്ധിയ്ക്കു പ്രകാശം നൽകി, ഞങ്ങളുടെ ശതൃക്കളെ പരാജിതരാക്കി, ഞങ്ങളുടെ ബലഹീനമായ പ്രകൃതിയെ നിന്റെ സമൃദ്ധാമായ അനുഗ്രഹത്താൻ മഹത്വമണീയീക്കുകയും ചെയ്തു. (സീറോ മലബാർ സഭയുടെ കുർബാന, അദ്ദായി മാറിയൂടെ ക്രമം, മൂന്നാം ഗ്‌ഹാന്ദയിൽ നിന്ന്)
നിങ്ങളൂടെ സ്വർഗ്ഗസ്ഥനായ പിതാവു പരിപൂർണ്ണനായിരിയ്ക്കുന്നതു പോലെ നിങ്ങളും പരിപൂർണ്ണരായിരിയ്ക്കുവിൻ എന്ന് കർത്താവു പറയുന്നു.
യോഹന്നാന്റെ സുവിശേഷത്തിൽ ദൈവീകരണത്തെ വളരെ മനോഹരമായി രേഖപ്പെടുത്തിയിരിയ്ക്കുന്നു.
ഞാൻ എന്റെ പിതാവിൽ (ആകുന്നു) എന്നും, നിങ്ങൾ എന്നിലാകുന്നു എന്നും, ഞാൻ നിങ്ങളിലാകുന്നു എന്നും ആ ദിവസത്തിൽ നിങ്ങളറിയും.
ഞാൻ എന്റെ പിതാവിനോടു ചോദിക്കും. അവൻ, നിങ്ങളോടുകൂടി എന്നും ഇരിക്കേണ്ടതിനായി, വേറൊരു പാരഖ്‌ലേത്തായെ നിങ്ങൾക്കു തരും.ലോകത്തിനു സ്വീകരിക്കുവാൻ കഴിയാത്ത ആ സത്യാത്മാവിനെത്തന്നെ. എന്തുകൊണ്ടെന്നാൽ അതു അവനെ കണ്ടിട്ടുമില്ല, അവനെ അറിഞ്ഞിട്ടുമില്ല. നിങ്ങളോ, അവൻ നിങ്ങളോടുകൂടി വസിക്കുകയും നിങ്ങളിൽ ഇരിക്കുകയും ചെയ്യുന്നതു കൊണ്ടു, അവനെ അറിയുന്നു.
എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം കാക്കുന്നു; അപ്പോൾ എന്റെ പിതാവു അവനെ സ്നേഹിക്കുകയും, ഞങ്ങൾ അവന്റെ അടുക്കൽവന്നു് ഞങ്ങളുടെ വാസസ്ഥലം അവന്റെ അടുക്കൽ ആക്കുകയും ചെയ്യും.
ചുരുക്കത്തിൽ എന്തു കിട്ടുന്നു എന്നുള്ളതിലോ എന്തു കൊടുക്കുന്നതോ ഉള്ളതിലോ അല്ല എന്തായിത്തീരുന്നു എന്നുള്ളതിലാണ് രക്ഷ. മനുഷ്യാവതാരം, സഭ, കൂദാശകൾ ഇതെല്ലാം ഈ "ആയിത്തീര"ലിനാണ്

കരുണക്കൊന്ത എന്ന ട്രോജൻ കുതിര


കരുണക്കൊന്ത കാന്റൻബറി ബിഷപ്പ് ആയിരുന്ന ആൻസലത്തിന്റെ  Satisfaction theory of atonement ന്റെ ചുവടുപിടിച്ച് ഉണ്ടായതാണ്. കുരിശിന്റെ വഴിയിലും നമുക്ക് ഈ ദൈവശാസ്ത്രം കണ്ടെത്തുവാൻ കഴിയും.
Satisfaction theory of atonement പ്രകാരം മനുഷ്യന്റെ പാപം മൂലം പിതാവിന്റെ ക്രോധം വർദ്ധിയ്ക്കുന്നു. പിതാവിന്റെ ക്രോധത്തിൽ നിന്നു പീഠാസഹനവും  കുരിശുമരണവും വഴി പുത്രൻ രക്ഷിയ്ക്കുന്നു. പാശ്ചാത്യ സഭയുടേയും പ്രൊട്ടസ്റ്റന്റ് സഭയുടേയും രക്ഷാകര സംഭവങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇങ്ങനെയാണ്.

ഇതു പൗരസ്ത്യ സഭകളുടെ കാഴ്ചപ്പാടിനു നേരേ വിപരീതമാണ്. പൗരസ്ത്യ സഭകൾ പുത്രനെ നൽകുവാൻ തക്കവിധം ലോകത്തെ സ്നേഹിയ്ക്കുന്ന പിതാവിനെയും കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തുന്ന പുത്രന്റെ അനുസരണത്തെയും ദൈവത്തിന്റെ കരുണയും കൃപയുമായി കരുതുന്നു. രക്ഷാകര ചരിത്രം മുഴുവൻ നഷ്ടപ്പെട്ടുപോയ ദൈവവുമായ സാദൃശ്യം തിരിച്ചു നൽകുവാനുള്ള ദൈവത്തിന്റെ ഇടപെടലായി മനസിലാക്കുന്നു. അതുകൊണ്ടു തന്നെയാണ് അത്തനേഷ്യസ്സും പിന്നീട് ആഗസ്തീനോസും പറയുന്നത് മനുഷ്യനെ ദൈവമാക്കുവാൻ ദൈവം മനുഷ്യനായീ എന്ന്.

മനുഷ്യനെ ദൈവമാക്കുന്ന പ്രക്രിയയുടെ പേരാണ് രക്ഷാകരരഹസ്യങ്ങൾ. സഭയിലൂടെ, വിശുദ്ധ കുർബാനയിലൂടെ, കൂദാശകളിലൂടെ, കൂദാശാനുകരണങ്ങളീലൂടെ, യാമപ്രാർത്ഥനകളിലൂടെ നമ്മൾ സഭയുടെ അംഗങ്ങളായി,  ശിരസായ മിശീഹായുടെ അവയവങ്ങളായി ഈ ദൈവീകരണപ്രക്രിയയിൽ പങ്കെടുക്കുകയാണ്. മനുഷ്യനെ വിശുദ്ധീകരിച്ച് വിശുദ്ധീകരിച്ച് ദൈവമാക്കുവാനുള്ള ദൈവപദ്ധതിയാണ് രക്ഷാകര ചരിത്രം. അതുകൊണ്ടാണ് സുറിയാനിക്കാർ ഇതിനെ കൂദാശ എന്നു വിളിയ്ക്കുന്നത്.

മിശീഹാ കുർബാന സ്ഥാപിയ്ക്കുന്നത് നിന്റെ ഹൃദയത്തിലെ ഒരു ഇരുമ്പുമുറിയിൽ അല്ലെങ്കിൽ അതിലെ ഒരു സിംഹാസനത്തിൽ വന്ന് ഇരിയ്ക്കുവാനല്ല. മറിച്ച് ദൈവമായ തന്നോടു ചേർത്ത്, തന്നിൽ അലിയിച്ചു ചേർത്ത് ദൈവകൃപായാൽ നിനക്കും ദൈവത്വം പകർന്നു തരുവാനാണ്. ഈ ദൈവീകരണപ്രക്രിയ മാറ്റി നിർത്തിയാൽ കൂദാശകൾ യാന്ത്രികമായ ആചാരങ്ങളായി അവശേഷിയ്ക്കും.

ദൈവത്തിന്റെ ഛായയിലും സാദൃശത്തിലും (ഛായയുടെ സാദൃശ്യം എന്നു സുറീയാനിയിലും ആദ്യകാല സഭാപിതാക്കന്മാരുടെ രചനകളിലും) സൃഷ്ടിയ്ക്കപ്പെട്ട പറുദീസായിലെ മനുഷ്യർ ദൈവകൃപായാൽ ദൈവവുമായി ഐക്യപ്പെട്ട് (communion) ദൈവത്തെപ്പോലെ ആയിരുന്നു. പാപം ഈ സാദൃശ്യത്തെ കളങ്കപ്പെടുത്തുന്നു. രക്ഷാകര കർമ്മത്തിലൂടെ ഈശോ ഈ സാദൃശ്യം തിരിച്ചു നൽകുവാനുള്ള മാർഗ്ഗം അവനു നൽകുന്നു. ആ മാർഗ്ഗമാണ് സഭയും കൂദാശകളൂം.

ഈ പൗരസ്ത്യ ചിന്തകളുടെ ഇടയിലേയ്ക്കാണ് പൗരസ്റ്റ്യർക്ക് അന്യമായ ക്രോധത്തിന്റെ ദൈവശാസ്ത്രവുമായി കരുണക്കൊന്തയും കുരിശിന്റെ വഴിയും വരുന്നത്. പുത്രന്റെ പീഠാനുഭവങ്ങളെ ഓർത്ത് പിതാവേ ഞങ്ങളുടെമേൽ കരുണയായിരിയ്ക്കണമേ എന്നാണ് കരുണക്കൊന്തയിലെ പ്രാർത്ഥന. നിന്നെ പ്രസാദിപ്പിയ്ക്കുവാൻ പുത്രന്റെ പീഠാസഹനം ധാരാളം മതിയല്ലോ എന്നാണ് കുരിശിന്റെ വഴിയിൽ. ചുരുക്കത്തൽ ആൻസലത്തിന്റെ പാശ്ചാത്യ ദൈവശാസ്ത്രത്തെ പൗരസ്ത്യസഭകളിലേയ്ക്ക് ഒളിച്ചു കടത്തുന്ന ട്രോജൻ കുതിരകളാണ് ഇത്തരം ഭക്താഭ്യാസങ്ങൾ.

Monday, February 10, 2020

ലൗ ജിഹാദ്

ലൗജിഹാദ് എങ്ങനെ നിർവ്വചിയ്ക്കും എന്നതും നിയമപരമായി എങ്ങനെ ലൗജിഹാദിനെ പ്രതിരോധിയ്ക്കും എന്നതുമാണ് ലൗ ജിഹാദിനെ മനസിലാക്കിയിട്ടുള്ളവരും ലൗജിഹാദ് ഉണ്ട് എന്ന് ബോധ്യപ്പെട്ടിട്ടുള്ളവരും അഭിമുഖീകരിയ്ക്കുന്ന പ്രധാന പ്രശ്നം.

ലൗ ജിഹാദ് വിഷയത്തിൽ സഭയുടെ നിലപാടിനെ തള്ളിപ്പറയുന്ന ക്രൈസ്തവർ, ക്രൈസ്തവ നാമധാരികൾ പറയുന്ന കാരണങ്ങളെ രണ്ടായി ചുരുക്കാം.
  1. ചിലരുടെ പ്രവർത്തനങ്ങളെ ഒരു മതത്തെ മുഴുവനായും പ്രതിക്കൂട്ടിൽ നിറുത്തുവാൻ ഉപയോഗിച്ചുകൂടാ.
  2. 12 വർഷത്തെ മതബോധനം കഴിഞ്ഞിട്ട് പ്രേമിച്ചോ പ്രേമിയ്ക്കാതെയോ മതം മാറുന്നുണ്ടെങ്കിൽ അതു സഭയുടെ വിശ്വാസപരിശീലനത്തിന്റെ കുറവാണ്.

ഈ രണ്ടു കാര്യങ്ങളോടും തത്വത്തിൽ യോജിയ്ക്കുമ്പോൾ തന്നെ നാം മനസിലാക്കേണ്ട ഒരു കാര്യമുണ്ട്.
1. ലൗ ജിഹാദ് എന്നത് ആരെയെങ്കിലും കുറ്റപ്പെടുത്തുവാനുള്ള ഒന്നായി കാണേണ്ടതില്ല. അത് ഒരു ഓർമ്മപ്പെടൂത്തൽ മാത്രമാണ്. പട്ടിയുണ്ട് സൂക്ഷിയ്ക്കുക എന്ന ബോർഡ് എഴുതിവച്ചിരിയ്ക്കുന്നത് പട്ടിയെ സ്നേഹിയ്ക്കുകയും വളർത്തുകയും ചെയ്യുന്ന അതിന്റെ ഉടമസ്ഥനാണല്ലോ. ആ ബോർഡ് പട്ടിയെ പ്രതിക്കൂട്ടിൽ നിറുത്തുകയോ പട്ടികളെ മുഴുവനായി ആക്ഷേപിക്കുകയോ ചെയ്യുവാനല്ല, ഒന്നു കരുതി ഇരിയ്ക്കുക എന്ന ഉദ്ദ്യേശത്തിൽ മാത്രം പറയുന്നതാണ്. ഈ രീതി തന്നെ പല സൈൻ ബോർഡുകളിലും നമുക്ക് കാണാം. ആ സ്ട്രേലിയായിൽ പലയിടത്തും പാമ്പിനെക്കുറീച്ചുള്ള സൂചനകൾ കൊടൂക്കാരുണ്ട്. നമ്മൂടെ നാട്ടിൽ തന്നെ കാട്ടുമൃഗങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകാറുണ്ട്. റോഡിൽ പണി നടക്കുന്നു അതുകൊണ്ട് സൂക്ഷിയ്ക്കണം എന്നു പറയുന്നത് റോഡിൽ പണിയുന്നവരോടും റോഡ് പണിയോടും ഉള്ള എതിർപ്പൊന്നും അല്ലല്ലോ. ലതുകൊണ്ട് ലൗ ജിഹാദ് ഉണ്ട് സൂക്ഷിയ്ക്കുക എന്നത് അറിഞ്ഞില്ല പറഞ്ഞില്ല എന്നതുകൊണ്ട് പോയി ഒരു കുടുക്കിൽ ചെന്നു ചാടേണ്ട എന്നേ ഉദ്ദ്യേശിയ്ക്കുന്നുള്ളൂ എന്നു കരുതിയാൽ മതി. അല്ലാതെ ഇസ്ലാം മതത്തെ പ്രതിക്കൂട്ടിൽ നിറുത്താനോ, മതം മാറ്റുക എന്നു മനസില്പോലും കരുതാത്ത സുഹൃത്തുക്കളെ സംശയിക്കാനോ ഉള്ള  ഒന്നായി കാണേണ്ടതില്ല.

2. തീർച്ചയായും വിശ്വാസപരിശീലനത്ത് അപര്യാപതതകൾ ഉണ്ട്. തികച്ചും പരീക്ഷ മാത്രം മുന്നിൽ വച്ചുകൊണ്ട് നടത്തപ്പെടുന്ന വേദപാഠ ക്ലാസുകൾക്ക് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്.  സീറോ മലബാർ സഭയുടെ മതബോധന പാഠ്യ പദ്ധതിയെ ബഹുമാനത്തോടെ നിരീക്ഷിയ്ക്കുന്ന ആൾ എന്ന നിലയിലും നാലഞ്ചു വർഷത്തെ മതാധ്യാപന പരിചയത്തിന്റെ വെളിച്ചത്തിലും പറയട്ടെ ഈ ടെക്സ്റ്റ് ബുക്കുകളുടെ അദ്ധ്യയനം വിശ്വാസപരിശീലനത്തിലേയ്ക്ക് എത്തുന്നില്ല. എന്നു തന്നെയല്ല, ഈ മതബോധനത്തിൽ നിന്നു കിട്ടിയ ഒന്നുമല്ല അവർ പിന്നെ പള്ളിയിൽ കാണുന്നതും. അവർ കുർബാനയെക്കുറീച്ചു പഠിച്ച (9 ആം ക്ലാസ്) ഒന്നും അവർക്ക് പള്ളിയിൽ കാണാനാവുന്നില്ല. ബേമ്മയില്ല, വിരിയില്ല, ശോശപ്പയില്ല, ഗ്‌ഹാന്താ സൈക്കിളുകൾ ഇല്ല. ഈയിടെ 08/2/2020 ഇൽ എറണാകുളത്തെ  വെണ്ണല സെന്റ് മാത്യു പള്ളിയിലെ തിരുന്നാൾ കുർബാനയും  (https://www.youtube.com/watch?v=sOQ8y_sIvC4 ) സീറോ മലബാർ വിശ്വാസ പരിശീലനവുമായി എന്തു ബന്ധം. കാർമ്മികൻ വരുന്നു വായിൽ തോന്നിയ പ്രാർത്ഥനകൾ ചൊല്ലുന്നു. പോകുന്നു എന്നല്ലാതെ ഇതിനു സഭയുമായി എന്തു ബന്ധം. മാതാവിനെ സഭയുടെ പ്രതീകമായി (8 ആം ക്ലാസിൽ ) പുസ്തകത്തിൽ അല്ലാതെ പിന്നീട് അവർ കാണുന്നതേയില്ല. കാണുന്നതെല്ലാം കെട്ടഴിയ്ക്കുന്ന മാതാവ്, ഐ.എം.എസ് മാതാവ് കൃപാസനം മാതാവ്, ഗർഭിണി മാതാവ് ഒക്കെയാണ്. കുട്ടികൾ പഠിയ്ക്കുന്ന യാമപ്രാർത്ഥന എന്താണെന്ന് ജീവിതകാലത്ത് അവർ തിരിച്ചറിയുന്നേ ഇല്ല. പഠിയ്ക്കാത്തതേ പിന്നെ കാണുന്നുള്ളൂ - അമ്പെഴുന്നള്ളിക്കൽ, തുലാഭാരം, ലദീഞ്ഞ്, നൊവേന....()

Sunday, December 8, 2019

ശ്ലീഹന്മാരുടെ ആരാധാനാക്രമം മലങ്കരയിൽ -1

മൂന്നു തെറ്റിദ്ധാരണകളെയാണ് പരിശോധിയ്ക്കേണ്ടത്. 1. പൗരസ്ത്യ സുറിയാനീ ആരാധനാക്രമം രൂപം കൊണ്ടത് 4 ആം നൂറ്റാണ്ടിലാണ് 2. പൗരസ്ത്യസുറിയാനീ ആരാധനാക്രമം കൊണ്ടുവന്നത് 4 ആം നൂറ്റാണ്ടിൽ ക്നായിത്തൊമ്മൻ ആണ്. 3. നാലാം നൂറ്റാണ്ടിനു മുൻപ് ഇവിടെ തദ്ദേശീയമായ ഒരു ആരാധനാക്രമം നിലവിൽ നിന്നിരുന്നു.

1. പൗരസ്ത്യ സുറിയാനീ രൂപം കൊണ്ടത് ആരാധനാക്രമം 4 ആം നൂറ്റാണ്ടിലാണ്!
ഏതാണ് എല്ലാ ആരാധനാക്രമങ്ങളും അതിന്റെ പക്വമായ ഒരു രൂപത്തിലേയ്ക്ക് എത്തുന്നത് നാലാം നൂറ്റാണ്ടിലാണ്. അതിനു മുൻപ് ആരാധനാക്രമം കൃത്യമായ ഒരു രൂപത്തിൽ അല്ലായിരുന്നു. എന്നാൽ ഇതിന്റെ ഒരു ഏകദേശരൂപം നമുക്ക് യഹൂദ ആരാധനയും, നടപടിപ്പുസ്തകവും ആദ്യ നൂറ്റാണ്ടുകളിലെ രചനകളൂം പരിശോധിച്ചാൽ മനസിലാകുന്നതാണ്. നാലാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനീ ആരാധാനാക്രമം രൂപം കൊണ്ടത് 4 ആം നൂറ്റാണ്ടിലാണ് എന്നു പറയുമ്പോൾ അതിനു മുൻപ് പൗരസ്ത്യസുറീയാനീ ആരാധനാക്രമം നിലവിൽ ഉണ്ടായിരുന്നില്ല എന്ന അർത്ഥമില്ല.
കേരളസംസ്ഥാനം നിലവിൽ വന്നത് 1956ൽ ആണ് എന്നു പറയുമ്പോൾ അതിനുമുൻപ് ഒരു കേരളം ഉണ്ടായിരുന്നില്ല എന്ന അർത്ഥമില്ലല്ലോ. അശോകചക്രവർത്തിയുടെ കാലം മുതൽക്കെങ്കിലും നമുക്ക് കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. സംഘകാലകൃതികളിലും കേരളമുണ്ട്. ഇന്നു നമ്മൾ ഉപയോഗിയ്ക്കുന്ന മലയാള ലിപിയ്ക്കു തന്നെ 9 ആം നൂറ്റാണ്ടു വരെ എങ്കിലും പഴക്കമുള്ളതായി രേഖകൾ (വാഴപ്പള്ളി ശാസനം ) ഉണ്ട്. അതായത് നൂറ്റാണ്ടുകൾ നിലനിന്നിരുന്ന ഒരു സംസ്കൃതിയെ, ഭാഷയെ, വിവിധ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഒരു പ്രദേശത്തെ കേരളം എന്ന കൃത്യമായ അതിർവരമ്പുകൾ ഉള്ള, പൊതുവായ നിയമങ്ങളും പൊതു ഭരണസംവിധാനവുമുള്ള ഒരു പ്രദേശമായി രൂപപ്പെടുത്തിയത് 1956 ൽ ആണ്. ഇത്രമാത്രമേ പൗരസ്ത്യസുറീയാനീ ആരാധനാക്രമം രൂപം കൊള്ളൂന്നത് 4 ആം നൂറ്റാണ്ടിൽ ആണെന്നു പറയുമ്പോൾ അർത്ഥമുള്ളൂ.
എല്ലാ ആരാധനാക്രമവും യൂദ ദൈവാരാധനയുടെ തുടർച്ചയും ക്രൈസ്തവ പശ്ചാത്തലത്തിൽ ഉള്ള അവയുടെ വളർച്ചയുമാണ്. യൂദരുടെ ആരാധനയെ മൂന്നു തലത്തിൽ നമുക്ക് കാണാം. 1. ഓർശ്ലേം ദേവാലയത്തിൽ ഉള്ള വിവിധങ്ങളായ ബലിയർപ്പണങ്ങൾ 2. സിനഗോഗു കേന്ദ്രീകൃതമായ വായനകൾ 3. വീടുകളിലുള്ള അപ്പം മുറിയ്ക്കൻ ശുശ്രൂഷകൾ. ഓർശ്ലേം ദേവാലയത്തിൽ ജനങ്ങൾ വിവിധങ്ങളായ കാഴ്ചകളൂം ബലികളും അർപ്പിച്ചിരുന്നു. ഇത് അവരുടെ ആചാരമര്യാദയാണ്. നിയതമായ പ്രാർത്ഥനകൾ ഇവയ്ക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നില്ല. അതേ സമയം വിശുദ്ധ സ്ഥലത്തും അതിവിശുദ്ധസ്ഥലത്തും ഹീബ്രുവിൽ, പുരോഹിതൻ പ്രാർത്ഥിച്ചിരിയ്ക്കാം. അതായത് ഹീബ്രുവിൽ അവിടെ ഒരു ആരാധനാക്രമസാധ്യതയുണ്ട്. സിനഗോഗുകളിൽ വായനകളാണ് ഉണ്ടായിരുന്നത്. നിയമവും പ്രവാചകഗ്രന്ഥങ്ങളും അവർ വായിച്ചിരുന്നു. ഹീബ്രുവിലോ അറമായയിലോ ആയിരുന്നു വായനകൾ. വീടൂകളിലുള്ള അപ്പം മുറിയ്ക്കൽ ശുശ്രൂഷകൾക്ക് നിയതമായ രൂപം ഉണ്ടായിരുന്നു. അറമായ ഭാഷയിൽ ആയിരുന്നു ഇതു നടന്നിരുന്നത്. ഈ മൂന്നു സ്ഥലങ്ങളീലും സങ്കീർത്തനാലാപനം നടന്നിരുന്നു.
യൂദ ദൈവാരാധനയുടെ പിന്തുടർച്ചയായ ക്രൈസ്തവ ലിറ്റർജിയിലും ഈ ഘടകങ്ങളെല്ലാം കണ്ടെത്തുവാൻ കഴിയും. സങ്കീർത്തനാലാപനം, വായനകൾ, അപ്പം മുറിയ്ക്കൽ. നടപടിപ്പുസ്തകത്തിലെ സൂചനകൾ അനുസരിച്ച് യൂദരിലെ നസ്രായ വിഭാഗം ഓർശ്ലേം ദേവാലയത്തിലെ കർമ്മങ്ങളീലും ആചാരമര്യാദകളിലും പങ്കെടുത്തിരുന്നു. വിശ്വാസം സ്വീകരിച്ച വിജാതീയരേയും യഹൂദ ക്രമങ്ങൾ അനുവർത്തിയ്ക്കുവാൻ നിർബന്ധിച്ചിരുന്നു. ഇതിന് അയവു വരുന്നത് ഓർശ്ലേം സൂനഹദോസിൽ വച്ചാണ്. അവിടെ വച്ച് ഭക്ഷണക്രമത്തിൽ ഇളവുകൾ ചെയ്തുകൊണ്ടുത്തു. ക്രൈസ്തവർ സിനഗോഗുകളിൽ നിന്ന് പുറത്താക്കപ്പെടുന്നതു വരെ അവർ സിനഗോഗിലെ ശൂശ്രൂഷകളിലും പങ്കുകൊണ്ടീരുന്നു. അപ്പം മുറീയ്ക്കൽ വീടുകളീൽ നടത്തിയിരുന്നതിനാൽ അത് അതേപടി തുടരുകയും സിനഗോഗിൽ നിന്നു പുറത്താക്കപ്പെട്ടതിനാൽ വായനയുടെ ഭാഗവും അവരുടെ അപ്പം മുറീയ്ക്കൽ ശുശ്രൂഷയുടേതായിത്തിർന്നിരിയ്ക്കാം.
ആദ്യ നൂറ്റാണ്ടിൽ അറമായ ഭാഷയിലാണ് അപ്പം മുറീയ്ക്കൽ ശുശ്രൂഷകൾ നടന്നിരുന്നത്. കാരണം അറമായ യഹൂദരുടെ സാധാരണഭാഷ ആയിരുന്നു. രണ്ടാം നൂറ്റാണ്ടിലാണ് ഗ്രീക്കിലും കോപ്റ്റിയ്ക്കും ആരാധനാക്രമം ഉണ്ടാവുന്നത്. ഇതും പുതിയതായി എഴുതി ഉണ്ടാക്കിയതല്ല. യഹൂദ ദൈവാരാധനായുടെ തുടർച്ചയായ ഓർശ്ലേമിലെ അറമായ ക്രമത്തിന്റെ ഗ്രീക്ക്-കോപ്റ്റിക് പ്രദേശങ്ങളിലെ സ്വാഭാവികമായ വളർച്ചയായി കണക്കാക്കിയാൽ മതി. ചുരുക്കത്തിൽ അറമായയുടേ സ്വാധീനം കൂറഞ്ഞ, യഹൂദപശ്ചാത്തലം ഇല്ലാത്ത, യഹൂദസ്വാധീനം ദുർബ്ബലമായ പ്രദേശങ്ങൾ അറമായ അരാധനക്രമത്തെ പ്രാദേശിക ഭാഷകളിലേയ്ക്ക് മൊഴിമാറ്റി ഉപയോഗപ്പെടുത്തി.
പൗരസ്ത്യ സുറീയാനീ ആരാധനാക്രമം വളർന്നതും വികാസം പ്രാപിച്ചതും യൂദസ്വാധീനമുള്ള അറമായ ഭാഷയുടെ സ്വാധീനം ശക്തമായി നിലനിന്നിരുന്ന പ്രദേശങ്ങളിലണ്. ഓർശ്ലേം ദേവാലയം തകർക്കപ്പെടുകയും റോമാ സാമ്രാജ്യത്തിൽ മത പീഠനം ശക്തമവുകയും ചെയ്തപ്പോൾ പാലായനം ചെയ്ത യൂദരുടേയും യൂദക്രിസ്ത്യാനികളുടേയും വരവ് റോമ്മാ സാമ്രാജ്യത്തിനു വെളിയിലുള്ള പൗരസ്ത്യസുറീയാനീ പ്രദേശങ്ങളെ അറമായപശ്ചാത്തലത്തിലും യഹൂദലിറ്റർജിയുടെ സ്വാധീനത്തിലും വളരുവാനും നിലനിൽക്കുവാനും സഹായിച്ചു.
യൂദ അറമായ ഭാഷയുടെ ക്രൈസ്തവരുടെ ഇടയിലെ വളർച്ചയാണ് ക്രിസ്ത്യൻ അറമായിക് അഥവ സുറീയാനീ. അറമായ ഭാഷയെ ഗ്രീക്കുകാർ വിളിച്ചിരുന്നത് സിറിയക്ക് അഥവാ സുറീയാനീ (സുർയായാ) എന്നാണ്. പഴയനിയമത്തിന്റെ ഗ്രീക്ക്-ഹീബ്രൂ മൂലങ്ങൾ താരതമ്യം ചെയ്താൽ ഇതു മനസിലാവുന്നതാണ്.
പൗരസ്ത്യസുറിയാനീക്കാരുടെ ഒന്നാമത്തെ അനാഫൊറ (കൂദാശ) ആയ ശ്ലീഹന്മാരുടെ അനാഫൊറ പരിശോധിച്ചാൽ അതിന്റെ യൂദപശ്ചാത്തലവും യഹൂദരുടെ അപ്പം മുറീയ്ക്കൾ ശൂശ്രൂഷയുമായുള്ള ബന്ധവും യഹൂദരുടെ വാഴ്ത്തൽ പ്രാർത്ഥനകളുമായുള്ള സാമ്യവും മനസിലാവും.
ചുരുക്കത്തിൽ പൗരസ്ത്യ സുറീയാനീ ലിജിറ്റജി യഹൂദപശ്ചാത്തലിത്തിലും അറമായ അഥവാ സുറീയാനി ഭാഷയിലുമുള്ള യഹൂദലിറ്റർജിയുടെ പിന്തുടർച്ചയാണ്. അതിന്റെ ആരംഭത്തിനു മനുഷ്യാവതാരത്തേക്കാൾ പഴക്കവും ഉണ്ട്. അത് കൃതമായ ഒരു രൂപത്തിലേയ്ക്ക് എഴുതപ്പെട്ടത് 4 ആം നൂറ്റാണ്ടിൽ ആണെന്നേ പൗരസ്ത്യസുറീയാനി ലിറ്റർജി നാലാം നൂറ്റാണ്ടിൽ രൂപപ്പെട്ടൂ എന്നു പറയുമ്പോൾ അർത്ഥമുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു കൽദായ മെത്രാനോ അദ്ദായിയോ മാറിയോ തോമാശ്ലീഹാ തന്നെയോ ഒരു സുപ്രഭാതത്തിൽ "എന്നാൽ പുതിയ ഒരു കുർബാനക്രമം ഉണ്ടാക്കിയേക്കാം" എന്നു വിചാരിച്ച് ഉണ്ടാക്കിയതല്ല പൗരസ്ത്യസുറീയാനി ആരാധനാക്രമം.