പത്തൊൻപതാം നൂറ്റാണ്ടിലെ ആരാധനാക്രമ വിദഗ്ധനായിരുന്ന ബനഡക്ടൈൻ സന്യാസി ഡോം പ്രോസ്പർ ഗൊറേഞ്ചർ
ആരാധനാക്രമ വിരുദ്ധ പാഷണ്ഢത എന്നു വിളിച്ച ചില ലക്ഷണങ്ങളെ അടുത്തു മനസിലാക്കുവാനും സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ വിശദീകരിയ്ക്കുവാനുമുള്ള ശ്രമം. (ഗൊറേഞ്ചറിന്റെ നിരീക്ഷണങ്ങളോടുള്ള ലേഖകന്റെ പ്രതികരണമാണ് ഇത്.)
1. ദൈവാരാധനയിലെ പരമ്പരാഗത നിയമങ്ങളോടുള്ള വിരോധം
ദൈവാരാധനയ്ക്ക് ക്രമം ആവശ്യമില്ലെന്നു വാദിയ്ക്കുന്നവരുണ്ട്. ക്രമത്തിൽ നിന്നു വ്യതിചലിയ്ക്കുന്നവരുമുണ്ട്. ക്രമം പാലിയ്ക്കാത്തവരും തങ്ങളുടെ മനോധർമ്മമനുസരിച്ചുള്ള ചേരുവകൾ ചേർക്കുന്നവരുമുണ്ട്. ഇതെല്ലാം പാഷണ്ഢതയായി മനസിലാക്കേണ്ടി വരും. സീറോ മലബാർ സഭയിൽ സഭ നൽകിയിരിയ്ക്കുന്ന ഇളവുകൾക്കും, ഐശ്ചിക പ്രാർത്ഥനകൾക്കുമമ്മുപറത്തുള്ള വെട്ടിച്ചുരുക്കലുകൾ, കൂട്ടീച്ചേർക്കലുകൾ ഇവ പാഷണ്ഢതയാണ്. ഗഹാന്ദാ പ്രാർത്ഥനകൾ ചൊല്ലാതിരിയ്ക്കുക, സ്ഥാപന വിവരണം കഴിഞ്ഞ് തക്സായ്ക്കു പുറത്തുള്ള പാട്ടു പാടുക, റൂഹാക്ഷണപ്രാർത്ഥനയ്ക്കു പകരം പരിശുദ്ധാത്മാവിന്റെ ഗാനം ആലപിയ്ക്കുക കുർബാനയിലെ അനുതാപശുശ്രൂഷയ്ക്കു പകരം കരുണക്കൊന്ത ചൊല്ലുക എന്നിവയൊക്കെ ഈ ഗണത്തിൽ പെടുത്താം.
2. സഭ ക്രമീകരിച്ചിരിയ്ക്കുന്ന ഘടനയ്ക്കു പകരമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുക.
ഇത് പ്രൊട്ടസ്റ്റന്റു രീതിയാണ്. സഭയുടെ ലിറ്റർജി, സഭയുടെ വിശ്വാസത്തിന്റെ പ്രകാശനമാണ് അത് സഭയുടെ ദൈവശാസ്ത്രത്തെ പ്രതിഫലിപ്പിയ്ക്കുന്നതുമാണ് പ്രത്യേകിച്ചും പൗരസ്ത്യ സഭകളുടെ കാര്യത്തിൽ. സഭയുടെ ക്രമത്തിനു വിരുദ്ധമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുമ്പോൾ സഭ നൽക്കുന്ന വിശദീകരണത്തിനപ്പുറത്ത് സ്വന്തം ആഗ്രഹത്തിനനുസരിച്ച് വചനം വ്യാഖ്യാനിയ്ക്കുവാനും വളച്ചൊടിയ്ക്കാനും സാധ്യതയുണ്ട്. അതേ സമയം സഭയുടെ ലിറ്റർജിയിൽ ഉൾച്ചേരിച്ചിരിയ്ക്കുന്ന ദൈവ വചനം സഭയുടെ വ്യാഖ്യാനമാണ്. പൗരസ്ത്യ സുറിയാനി ലിറ്റർജിയെ പുതിയനിയമത്തിന്റെ വ്യാഖ്യാനമായി വിശദീകരിയ്ക്കുന്ന ദൈവശാസ്ത്രജ്ഞന്മാരുണ്ട്. ലിറ്റർജിലെ ഘടനയിൽ നിന്നു മാറി വേദപുസ്തകത്തിനു മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ സഭയുടെ വ്യാഖ്യാനത്തെ നിരാകരിയ്ക്കുകയാണ് പലപ്പോഴും. പല നവീകരണ പ്രസ്ഥാനങ്ങളും പ്രാർത്ഥനാ സമൂഹങ്ങളൂം ദൈവ വചനത്തിനു പ്രാധാന്യം കൊടുക്കുകയും അതേ സമയം ലിറ്റർജിയ്ക്ക് പ്രാധാന്യം കൊടുക്കാതിരിയ്ക്കുകയും ചെയ്യുന്നുണ്ട്. അത് ആരാധനാക്രമ വിരുദ്ധത എന്ന പാഷണ്ഢതയുടെ രണ്ടാമത്തെ ലക്ഷണമാണ്.
3. പുതമകളെ സൃഷ്ടിച്ച് ദൈവാരാധനയിൽ കൂട്ടിച്ചേർക്കുന്നത്.
സ്വന്തം ഭാവനയ്ക്കനുസരിച്ച് ലിറ്റർജിയെ "അഭിവൃത്തി" പ്പെടുത്തി കൂടുതൽ ആസ്വാദ്യകരമാക്കുവാനുള്ള ശ്രമങ്ങൾ ഈ പാഷണ്ഢതയുടെ ലക്ഷണമാണ്. ഉദാഹരനത്തിന് ക്രമപ്രകാരമുഌഅ പാട്ടുകൾക്കു പകരം കാസറ്റു സംഗീതം ആലപിയ്ക്കുക, ലിറ്റർജിയ്ക്കു യോജിയ്ക്കാത്ത പ്രകടനങ്ങളൂം, അംഗ വിക്ഷേപങ്ങളും ലിറ്റർജിയിൽ കൊണ്ടു വരിക തുടങ്ങിയ ഇതിൽപ്പെടും. കയ്യടിച്ചുകൊണ്ടും, കൈവീശിയ്ക്കൊണ്ടുമൊക്കെ ലിറ്റർജി ആഘോഷിയ്ക്കുന്നത് ഇത്തരത്തിലാണ്. മേൽ പറഞ്ഞതുപോലെ (#1) റൂഹാക്ഷണത്തിന്റെ സ്ഥാനത്ത് പരിശുദ്ധാത്മിനോടൂള്ള ഏതെങ്കിലും പ്രാർത്ഥനയോ ഗാനമോ ഉപയോഗിയ്ക്കുനന്തും, അനുതാപ ശുശ്രൂഷയ്ക്കു പകരം കരുണക്കൊന്ത ചൊല്ലുന്നതും കുർബാനയിലെ പ്രസംഗത്തിനു പകരമായി സ്കിറ്റു കൾ നടത്തുന്നതും, ഓണക്കുർബാന, വിഷുക്കുർബാന എന്നിവ നടത്തുന്നതുമെല്ലാം ഇത്തരം പുതുമ തേടലാണ്, പാഷണ്ഢതയാണ്. സീറോ മലബാർ സഭയുടെ കുർബാനയിലില്ലാത്ത കാഴ്ചവയ്പ്പു പ്രദിക്ഷിണം, ആരതി ഉഴിയൽ ഇവയും ഇത്തരത്തിലുള്ളതാണ്.
4. ദൈവാരാധാനാരീതികളുടെ വികാസപരിണാമങ്ങളെ പാടേ അവഗണിച്ചുകൊണ്ട്, ഏറ്റവും
പഴയതും ശുദ്ധവും എന്ന പേരിൽ ഭാവനാകൽപ്പിതങ്ങളായ പുതിയ ഘടകങ്ങളെ
പരിചയപ്പെടുത്തുക.
സുറിയാനി യഹൂദരുടെ പ്രാർത്ഥനകളിൽ നിന്നും ഉരുത്തിരിഞ്ഞ പൗരസ്ത്യ സുറീയാനി ലിറ്റർജിയെ അവഗണിച്ചുകൊണ്ട് അതിനു മുൻപ് ഏതൊ ഒരു ലിറ്റർജി ഉണ്ടായിരുന്നെന്നും, അത് തമിഴായിരുന്നെന്നും അല്ല പാൽഹ്വിയാണെന്നും ഒക്കെ വാദിയ്ക്കുന്നവരുണ്ട്. ഭാവനാകല്പിതമായി ലിറ്റർജി തയ്യാറാക്കി ഭാരതപൂജ എന്ന പേരിൽ പ്രചരിപ്പിച്ചവരുണ്ട്. ഇവരെല്ലാം ഏറ്റവും പുരാതനമെന്ന പേരിൽ തങ്ങളുടെ ഭാവനകളെ അവതരിപ്പിച്ചവരാണ്. ചരിത്രത്തിനും സഭയുടെ പാരമ്പര്യത്തിനും വിരുദ്ധമായി ഈശോ മിശിഹാ പെസഹാ ഭക്ഷിച്ചത് ജനാഭിമുഖമാണ് (യഥാർത്ഥത്തിൽ ജനാഭിമുഖമല്ല), ഈശോ ക്രൂശിയ്ക്കപ്പെട്ടത് ജനാഭിമുഖമായിട്ടാണ് അതുകൊണ്ട് കുർബാന ജനാഭിമുഖമായിരിയ്കണം എന്നു ചിന്തിയ്ക്കുന്നതു പാഷണ്ഢതായി കണക്കാക്കാം.
5. രഹസ്യാത്മകവും അലൗകീകവുമായ ദൈവാരാധനയിലെ ഘടകങ്ങളെ നഷ്ടപ്പെടുത്തിക്കളയുകയും
ദൈവാരാധനയുടെ പരമ്പരാഗത കാവ്യഗുണത്തെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട്
ക്രമങ്ങളിൽ മാറ്റം വരുത്തുക
ലിറ്റർജിയിലെ പ്രാർത്ഥനകൾക്കെല്ലാം രഹസ്യാത്മകമായ ഒരു തലമുണ്ട്. അതേ സമയം അതിന്റെ ഭാഷ കവിതയ്ക്കു സമാനവുമാണ്. ഈ രഹസ്യാത്മകമായ ശൈലി പ്രതിഫലിപ്പിയ്ക്കുവാൻ ഒരു കാര്യത്തിനു തന്നെ പല വിശേഷണങ്ങൾ ചേർക്കേണ്ടി വരും. വെർണ്ണാക്കുലർ ഉപയോഗിയ്ക്കുമ്പോൾ മൂലഭാഷയിൽ അർത്ഥവ്യത്യാസമുള്ളത് നാട്ടുഭാാഷയിൽ അതേ പടി അവതരിപ്പിയ്ക്കാനായില്ല എന്നും വരും. അതിനെയെല്ലാം ഒരു സെക്കുലർ മനസ്ഥിതിയോടെ കണ്ട് ഒഴിവാക്കുവാനുള്ള ശ്രമം പാഷണ്ഢതയാണ്.
ചില ഉദാഹരനങ്ങൾ ചൂണ്ടിക്കാണിയ്ക്കാം.
a) ശാന്തിയും സമാധാനവും - രണ്ടൂം ഒന്നായതുകൊണ്ട് ഒരെണ്ണമങ്ങ് ഒഴിവാക്കിയേക്കാം
b) എല്ലാ നാഴികകളിലും യോഗ്യവും എല്ലാക്കാലങ്ങളിലും യുക്തവുമാകുന്നു - രണ്ടും ഒന്നു തന്നെ.
6)ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുക.
ദൈവാരാധനയുടെ ചൈതന്യത്തിനു യോജിക്കാത്ത സംഗീതം, ശബ്ദം എന്നിവ ഉപയോഗിയ്ക്കുക, ദൈവജനത്തിനു പ്രാർത്ഥനയിൽ തടസം സൃഷ്ടിയ്ക്കുന്ന തരത്തിൽ മൈക്കിന്റെ ശബ്ദം, ഗാനത്തിന്റെ ശ്രുതി എന്നിവ ക്രമീകരിയ്ക്കുക, അപരിചിതമായ പാട്ടുകളും, ഈണങ്ങളും ഉപയോഗിയ്ക്കുക എന്നിവയെല്ലാം ആരാധനാക്രമ വിരുദ്ധ പാഷണ്ഢതയുടെ സ്വഭാവമാണ്. കുർബാനയിലെ പ്രസംഗം ദൈവവചനം ദൈവജനത്തിനു വ്യാഖ്യാനിച്ചു കൊടുക്കുന്ന അവസരമാണ്. അത് രാഷ്ട്രീയമോ സെക്കുലറോ ആയ കാര്യങ്ങൾ സംസാരിയ്ക്കുവാനുള്ള വേദിയാക്കുന്നത് ദൈവാരാധനയുടെ ചൈതന്യത്തെ ഇല്ലാതാക്കലാണ്. വചനം വ്യാഖ്യാനിയ്ക്കുമ്പോൾ തന്നെ ദൈവാരാധനയുടെ ചൈതന്യത്തിനു യോജിക്കാത്ത വളിപ്പുകളും, ഉപമകളും കഥകളും ഉപയോഗിയ്ക്കുമ്പോൾ ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുന്നു. ചില ഗ്‌ഹാന്താകളുടെ സമയത്ത് നിർവ്വികാരരായി ഇരിയ്ക്കുന്നതും ഇത്തരത്തിൽ കാണാവുന്നതാണ്. ഇതെല്ലാം പാഷണ്ഢതയുടെ സ്വഭാവങ്ങളാണ്.
7) പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധന്മാരെയും ഒഴിവാക്കുക.
ഇത് പ്രൊട്ടസ്റ്റന്റു പ്രവണതയാണ്. സഭ ആരംഭകാലം മുതൽ തന്നെ മറിയത്തിനും രക്തസാക്ഷികൾക്കും, പ്രബോധകർക്കും വിശുദ്ധർക്കും സഭയിൽ സ്ഥാനം കൊടുത്തിട്ടുണ്ട്. സഭ എന്നും അവരെ ബഹുമാനിയ്ക്കുകയും അവരുടെ മാതൃക സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ നിരാകരിയ്ക്കുകയും വിശുദ്ധരോടുള്ള വണക്കത്തെയും മധ്യസ്ഥപ്രാർത്ഥനകളേയും ഇകഴ്ത്തുന്നത് പാഷണ്ഢതയാണെന്നു പറയേണ്ടതില്ലല്ലോ. (അതേ സമയം വിശുദ്ധരോടുള്ള ബഹുമാനം വ്യക്തിപൂജയും വിഗ്രഹവത്കരണവുമാകുവാനും പാടില്ല. സഭാത്മകമാവണം. അല്ലാത്തപക്ഷം അതും പാഷണ്ഢത തന്നെയായിരിയ്ക്കും)
8) ദൈവാരാധനയ്ക്ക് പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നത് (മൂലഭാഷകളോടുള്ള വിരോധം)
ദൈവാരാധനയിൽ പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നതു തെറ്റല്ല. വത്തിയ്ക്കാൻ കൗൺസിലിനു മുൻപു തന്നെ പൗരസ്ത്യ സഭകൾ പ്രാദേശിക ഭാഷ ദൈവാരാധനയിൽ ഉപയോഗപ്പെടുത്തി ത്തുടങ്ങിയിരുന്നു. അതേ സമയം മൂലഭാഷയോടുള്ള ബന്ധം നിലനിർത്തിയിരുന്നു. അടുത്തകാലത്തായി മൂലഭാഷകളോടുള്ള വിരോധം കൂടിയിട്ടുണ്ട്. സുറീയാനി ഭാഷയെ പരാമർശിച്ചാൽ അതു വിഭാഗീതയായും തീവ്രവാദമായും ചിത്രീകരിയ്ക്കുന്നവരുണ്ട്. മൂലഭാഷകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൈവീക വെളിപാടിന്റെ ഭാഷയാണ്. പ്രത്യേകിച്ച സുറീയാനി. പുതിയ നിയമ വെളിപാടിന്റെ ഭാഷ സുറിയാനിയാണ്. നമ്മുടെ ആരാധനാക്രമ ഭാഷയും സുറിയാനിയാണ്. സുറിയാനി ഭാഷയ്ക്ക് അർഹിയ്ക്കുന്ന സ്ഥാനം കൊടുക്കാതിരിയ്ക്കുന്നത് പാഷണ്ഢതയുടെ ലക്ഷണമാണ്. ആളൂകൾക്ക് മനസിലാവുന്നില്ല എന്നതാണ് പലപ്പോഴും പറയുന്ന മുട്ടാപ്പോക്ക്. അതു മനസിലാകത്തക്കവിധത്തിൽ മതബോധനം നൽകുകയാണു വേണ്ടത്. നാട്ടുഭാഷയിലാണെങ്കിൽ എല്ലാം മനസിലാവുന്നു എന്നതും തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം മനസിലായതുകൊണ്ട് പ്രാർത്ഥനയുടെ അർത്ഥം മനസിലാവണമെന്നില്ല. മനസിലായിരുന്നെങ്കിൽ ആരാധനാക്രമ സംബന്ധിയായ തർക്കങ്ങൾ ഉണ്ടാകുമായിരുന്നില്ല.
9) ആരാധനാക്രമം "ലളിത"മാക്കുവാനുള്ള ശ്രമങ്ങൾ
ആരാധനാക്രമം സങ്കീർണ്ണമാണെന്നും അത് ലളിതമാകേണ്ടതുണ്ടെന്നുമുള്ള സന്ദേശം സിനഡ് മുതലിങ്ങോട്ട് പ്രചരിപ്പിയ്ക്കുന്നതായി കാണുന്നുണ്ട്. പലപ്പോഴും ദൈവാരാധനയുടെ ശൈലിയെ ശരിയായി പുനരുദ്ധരിയ്ക്കുവാൻ കഴിയാത്തതാണ് ദൈവാരാധനാ സമ്പ്രദായം സങ്കീർണ്ണമാകുന്നു എന്നു ചിന്തിയ്ക്കുവാനുള്ള ഒരു കാരണം. ഉദാഹണനത്തിന് ചെറിയകുട്ടിയ്ക്ക് എഴുതുന്നത് വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്. ഇഴയുന്ന പ്രായത്തിൽ നടക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്. ഇടതു കൈ പരിചയിച്ചവർക്ക് വലതുകൈ ഉപയോഗിയ്ക്കുന്നത് ബുദ്ധിമുട്ടാണ്, തിരിച്ചും. അതു പോലെ തന്നെയാണ് ദൈവാരാധനയും. ദൈവാരാധനായുടെ ശൈലിയെ ഭക്താഭ്യാസങ്ങളുടെ ശൈലിയോടൂ താരതമ്യപ്പെടൂത്തി ഭക്താഭ്യാസങ്ങളുടെ ശൈലിയിലേയ്ക്ക് താഴ്ത്തുവാനുള്ള ശ്രമം പാഷണ്ഢതയുടെ ലക്ഷണമാണ്. (ഭക്താഭ്യാസങ്ങളെ ലിറ്റർജിയുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണൂ വേണ്ടത്) ആവർത്തനങ്ങളെ ഒഴിവാക്കി, കാവ്യഭംഗിയ്കുള്ളതും രഹസ്യാത്മകതയെ ദ്യോതിപ്പിയ്ക്കുന്നതുമായ പദപ്രയോഗങ്ങൾ നീക്കി ലളീതമാക്കുവാനുള്ള ശ്രമവും അങ്ങനെ തന്നെ.
10. റോമിൽ നിന്നോ, മാർപ്പാപ്പായിൽ നിന്നുള്ളതോ ആയ എല്ലാറ്റിനെയും നിഷേധിയ്ക്കുക.
സീറോ മലബാർ സഭയുടെ പശ്ചാത്തലത്തിൽ കുറച്ചു കൂടി വ്യാപ്തിയുണ്ട്. റോമിൽ നിന്നുള്ള പല നിർദ്ദേശങ്ങളും, പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശങ്ങളൂം, മെത്രാൻ സമതിയുടെ നിർദ്ദേശങ്ങളും, സഭാ സൂനഹദോസിന്റെ നിർദ്ദേശങ്ങളും അനുസരിയ്ക്കാതെ ഇരിയ്ക്കുന്നുണ്ട്. ഇത് പാഷണ്ഢതയാണ്.
11. വൈദീക ശുശ്രൂഷയെ ഇകഴിത്തി ചിത്രീകരിയ്ക്കുക.
സഭ, അതിന്റെ പഴയ നിയമ രൂപത്തിൽ പോലും വൈദീക ശുശ്രൂഷയ്ക്ക് പ്രാധന്യം നൽകിയിരുന്നു. പ്രൊട്ടസ്റ്റന്റു സഭകൾ ഈ ശിശ്രൂഷയെ നിരാകരിയ്ക്കുന്നു. മറ്റൊന്ന് വൈദീകൻ ചെയ്യേണ്ട കാര്യങ്ങൾ മറ്റു സന്യസ്ഥരോ, താഴ്ന്ന പട്ടമുള്ളവരോ ചെയ്യുന്നത് ഇതുമായി ചേർത്തു വായിക്കാം. ബാംഗളൂർ ചന്താപ്പുരയിലെ O.F.S സമൂഹത്തിന്റെ ചാപ്പലിൽ ഡീക്കനോട് ഗഹാന്ദാ പ്രാർത്ഥന ചൊല്ലുവാൻ സുപ്പീരിയർ ആവശ്യപ്പെട്ടതു കണ്ടീട്ടുണ്ട്. കന്യാസ്ത്രികൾ മദുബഹായിൽ പ്രവേശിച്ച് സ്വമേധയാ കുർബാന സ്വീകരിയ്ക്കുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം പാഷണ്ഡതയായി മനസിലാക്കാം.
12. സാധാരണക്കാർ ആരാധനാക്രമ പരിഷ്കരണത്തിന്റെ പ്രമാണിമാരാവുക
"സാധാരണക്കാർ" എന്നതു കൊണ്ട് ശുശ്രൂഷാ പൗരോഹിത്യമില്ലാത്തവർ എന്ന അർത്ഥമല്ല , സെക്കുലർ കാഴ്ചപ്പാട് ഉള്ളവർ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ദൈവീക രഹസ്യങ്ങളെ ലോകത്തിന്റെ മനസാക്ഷികൊണ്ട് വിധിയ്ക്കുമ്പോഴാണ് കുർബാനയുടെ ദൈർഘ്യം കൂടുന്നതായും, കുർബാന വിരസമായും ഒക്കെ അനുഭവപ്പെടുന്നത്. അപ്പോഴാണ് കുർബാന ആകർഷകമാക്കുവാനും ലളിതമാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തേണ്ടി വരുന്നന്നത്. അപ്പോഴാണ് യൂത്തു കുർബാനയും , കുട്ടികളുടെ കുർബാനയുമൊക്കെ ഉണ്ടാവുന്നത്. ചുരുക്കത്തിൽ "സാധാരണക്കാരായ" മെത്രാന്മാരും വൈദീകരുമൊക്കെയുള്ള ഒരു സഭയാണ് നമ്മുടേത്.
ചുരുക്കത്തിൽ ലത്തീൻ സഭയുടെ കാര്യത്തിൽ മാത്രമല്ല, സീറോ മലബാർ സഭയുടെ കാര്യത്തിലും ഗൊറേഞ്ചറിന്റെ ലിസ്റ്റ് പ്രസക്തമാണെന്നു കാണാം. ആരാധനാക്രമ വിരുദ്ധ പാഷണ്ഢതയ്ക്ക് ഒരു സാർവ്വത്രിക സ്വഭാവമുണ്ട്. ആരാധനാക്രമത്തിൽ നടത്തുന്ന പല പരീക്ഷണങ്ങളൂം പാഷണ്ഢതയായി ഗൊറേഞ്ചർ നിരീക്ഷിച്ചിട്ടുള്ളതാണ് എന്നു മനസിലാക്കുമ്പോൾ അത്തരം പരീക്ഷണങ്ങൾ നടത്തുന്ന ആരാധനാക്രമ വിദഗ്ധരൊടൂ സഹതപിയ്ക്കുവാനേ കഴിയുന്നുള്ളൂ.