Thursday, August 20, 2015

വിശ്വാസം അപകടത്തിൽ!!! - Fr. Sabu Muthuplackal

സ്വാതന്ത്യദിനപ്പുലരിയിൽ ശ്രദ്ധയിൽപ്പെട്ട ഒരു നോട്ടീസ് ആ ദിനത്തിന്റെ സർവ ചൈതന്യവും ചോർത്തിക്കളയുന്ന ഒന്നായിരുന്നു. ഒന്നാം പ്രമാണത്തിനെതിരായതിനാൽ ക്രിസ്ത്യാനികൾ ഓണാഘോഷം നടത്തുകയോ പൂക്കളമിടുകയോ ചെയ്യരുത് എന്നതായിരുന്നു ആ നോട്ടീസിന്റെ ഉള്ളടക്കം. അസാധുവെന്ന് സഭയിലെ പണ്ഡിതന്മാർ സ്ഥാപിച്ചിട്ടുള്ള ഒരു സൂനഹദോസിന്റെ തീരുമാനവും ക്രിസ്ത്യാനികളുടെ ഓണാഘോഷത്തിനെതിരായി അതിൽ ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ജില്ലയിലെ ഒരു ധ്യാനകേന്ദ്രത്തിൽനിന്നും ഓണാഘോഷത്തിനെതിരെ വിശ്വാസികളെ പ്രബോധിപ്പിക്കുകയും ചെയ്തെന്നു കേൾക്കുന്നു. പ്രബോധിപ്പിക്കുക മാത്രമല്ല, ഏതെങ്കിലും ഇടവകയിൽ ഓണാഘോഷം നടത്തണമെന്ന് വികാരിയച്ചൻ ആവശ്യപ്പെട്ടാൽ അത് അനുസരിക്കരുതെന്നുകൂടി നിർദേശിച്ചിട്ടുണ്ടത്രേ! വികാരിയച്ചന്മാരെ വെറും കൂദാശത്തൊഴിലാളികളായി കാണുകയും ധ്യാനഗുരുക്കന്മാരെ സർവകൃപകളുടെയും ഉറവിടമായി പരിഗണിക്കുകയും ചെയ്യുന്ന കുറേ വിശ്വാസികൾക്കെങ്കിലും ഈ നിർദേശം സ്വീകാര്യമായിട്ടുണ്ടാകും.

വിദേശിയരിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്യം നേടിയ നമ്മുടെ രാജ്യം അപ്പോൾത്തന്നെ മതത്തിന്റെ പേരിൽ രണ്ടായി മുറിച്ച് നാം സങ്കുചിതത്വത്തിന്റെ അടിമകളാണെന്ന് അന്നുതന്നെ തെളിയിച്ചതാണ്. കാലമിത്രയും കഴിഞ്ഞപ്പോൾ ആ സങ്കുചിത മനോഭാവത്തിൽനിന്ന് എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമനസിലേയ്ക്ക് വളർന്ന അവസ്ഥയ്ക്കു പകരം വർഗീയതയുടെയും വിഭാഗിയതയുടെയും വിഷവിത്തുകൾ എല്ലാ മതവിഭാഗങ്ങളിലും പൊട്ടിമുളയ്ക്കുന്ന ആപത്ക്കരമായ കാഴ്ചയാണ് നമുക്കു മുമ്പിലുള്ളത്.
സത്യദൈവത്തെമാത്രമെ ആരാധിക്കാവൂ എന്ന ക്രൈസ്തവവിശ്വാസികളുടെ ഒന്നാംപ്രമാണത്തിനു വിരുദ്ധമാണ് ഓണാഘോഷമെന്ന പ്രചാരണം എത്ര വലിയ ആശയക്കുഴപ്പമാണ് വിശ്വാസികളുടെയിടയിൽ ഉണ്ടാക്കുന്നത്! മലയാളികളുടെ ദേശീയോത്സവമായി പരിഗണിക്കപ്പെടുന്ന ഓണാഘോഷം ലോകത്തിന്റെ ഏതു മൂലയ്ക്കും ജീവിക്കുന്ന കേരളീയർക്കും സമൃദ്ധിയുടെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്. പഞ്ഞക്കർക്കിടകം കഴിഞ്ഞുവരുന്ന ചിങ്ങമാസത്തിൽ ഈ ആഘോഷം നടക്കുന്നതിന്റെ ചരിത്രപശ്ചാത്തലംതന്നെ ഇതു സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു സാംസ്കാരിക ആഘോഷമാണെന്നു തെളിയിക്കുന്നുണ്ട്. അതേസമയം ഹൈന്ദവ സമൂഹത്തിന് ഓണാഘോഷത്തോടനുബന്ധിച്ച് മതപരമായ മറ്റു ചില ഘടകങ്ങൾ ഉണ്ടെന്നുള്ളത് വസ്തുതയാണ്.

നമ്മുടെ നാടിന്റെ മതപരമായ വളർച്ച അപകടകരമായ ഒരു ഘട്ടത്തിലെത്തി നില്ക്കുകയാണ്. അന്യമതത്തെയും മതാനുയായികളെയും ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുന്ന തികച്ചും മതവിരുദ്ധമായ ഒരു മനോഭാവം ഈ കാലഘട്ടത്തിൽ കൂടുതൽ വളർന്നുകൊണ്ടിരിക്കുന്നു. പണ്ട് അയൽപക്കത്തുള്ള ഹൈന്ദവകുടുംബങ്ങൾ വിഷുവിന് സ്വാദിഷ്ടമായ പലഹാരമുണ്ടാക്കി കൊണ്ടുവരുന്നത് മാതാപിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ച് മക്കൾക്കു പങ്കുവച്ചപ്പോൾ ഞങ്ങളനുഭവിച്ചത് സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും രുചി മാത്രമായിരുന്നു. ഒരു മുസ്ലീം സുഹൃത്ത് അവരുടെ പെരുനാൾ ദിവസം അവരുടെ പ്രത്യേകഭക്ഷണം നന്നായി പാകംചെയ്ത് പള്ളിമുറിയിൽ കൊണ്ടുവരികയും ഞങ്ങൾ ഒരുമിച്ചിരുന്ന് അതു ഭക്ഷിക്കുകയും ചെയ്തപ്പോഴും എനിക്കനുഭവപ്പെട്ടത് സാഹോദര്യത്തിന്റെയും നന്മയുടെയും സൌഹൃദത്തിന്റെയും സ്വാദ് മാത്രമായിരുന്നു. അതുപോലെ പെസഹാനാളിലുണ്ടാക്കുന്ന ഇണ്ടറിയപ്പം അന്യമതസ്ഥരായ അയൽക്കാർക്ക് പങ്കുവച്ചിരുന്ന ഒരു നല്ല പാരമ്പര്യം ഇപ്പോഴും മനസിലുണ്ട്. ഈ കൊടുക്കൽ വാങ്ങലുകൾ തുടരുവാനുള്ള ലാളിത്യം അവനവന്റെ മതവിശ്വാസത്തിൽ വല്ലാണ്ടങ്ങു “വളർന്ന” ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നു.

ഇങ്ങനെയുള്ള പങ്കുവയ്ക്കൽ നടക്കുമ്പോഴും തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽ കലർപ്പുണ്ടാകാതിരിക്കാൻ അന്നുള്ളവർ ജാഗ്രത പുലർത്തിയിരുന്നു എന്നതും നാം ഓർക്കണം. ഇണ്ടറിയപ്പവും വട്ടേപ്പവും ഇതരമതസ്ഥരുമായി പങ്കുവച്ചപ്പോഴും കുരിശപ്പം മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള വിശ്വാസികൾക്കുമാത്രം കൊടുക്കുവാനുള്ള വിവേകം മാതാപിതാക്കന്മാർ കാണിച്ചിരുന്നു. കാർന്നോന്മാരുടെ ഈ വകതിരിവാണ് ഇന്നത്തെ തലമുറയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്. മറ്റു മതവിശ്വാസികളുടെ സംസ്കാരത്തിൽനിന്ന് എന്തു സ്വീകരിക്കണം എന്തു സ്വീകരിക്കരുത് എന്നുള്ള തിരിച്ചറിവ് ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ സങ്കുചിതമനോഭാവത്തിന്റെ തീവ്രതയിലേയ്ക്കൂളിയിട്ട് അന്യമതങ്ങളെയും അതിന്റെ സംസ്ക്കാരങ്ങളെയും പൂർണമായും പുറംതള്ളുമ്പോൾ മറ്റൊരു കൂട്ടർ സാംസ്കാരികാനുരൂപണമെന്ന ഭാവാത്മകമായ കാഴ്ചപ്പാടിനെ വ്യഭിചരിച്ച് തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളിൽപ്പോലും ഇതരമതവിശ്വാസങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർത്ത് എല്ലാം കുട്ടിച്ചോറാക്കുന്നു. 

അടുത്തകാലത്ത് കൂടിവരുന്ന തീവ്രസ്വഭാവമുള്ള ചില അബദ്ധപ്രബോധനങ്ങൾ സത്യവിശ്വാസത്തെ ക്ഷയിപ്പിക്കുന്നതോടൊപ്പം നാട്ടിൽ ഇപ്പോഴും നിലനില്ക്കുന്ന സാമുദായിക സൌഹാർദ്ദംകൂടി നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേയ്ക്കെത്തുകയാണ്. വിശ്വാസം ജീവിച്ചനുഭവിച്ച നമ്മുടെ കാർന്നോന്മാർക്കുണ്ടായിരുന്ന ബോദ്ധ്യവും വിവേകവും വിശ്വാസം വിഷയമായി പഠിച്ചു പാസായ ചില ധ്യാനഗുരക്കന്മാർക്കെങ്കിലും ഇല്ലാതെ പോകുന്നത് സഭാധികാരികൾ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഏതായാലും ക്രിസ്ത്യാനികൾ ഓണമാഘോഷിക്കരുതെന്നു നിർദേശിച്ച ക്രൈസ്തവ പുരോഹിതനും ഹൈന്ദവരല്ലാത്തവർ രാജ്യം വിട്ടുപോകണമെന്നു പറഞ്ഞ ഹിന്ദുസന്ന്യാസിയും ദൈവത്തിന്റെ പേരിൽ ഇതരമതസ്ഥരോട് ചിന്താതീതമായ ക്രൂരത കാണിക്കുന്ന ഐഎസ് ഭീകരനും ഒരേ ഇനത്തിൽപ്പെടുന്നവരാണ്. അവരുടെ നിലപാടുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുധാരയിൽനിന്ന് അവർ സ്വയം മാറി നില്ക്കുകയാണ്. അവരെ അവിടെത്തന്നെ നിറുത്താൻ പൊതുസമൂഹം നിദാന്തജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ജാതിമതഭേദമെന്യെ എല്ലാവരും സ്വീകരിച്ചിരുന്ന ഓണത്തപ്പനും ക്രിസ്മസ് അപ്പൂപ്പനുമൊക്കെ വെറും കോമാളികളല്ലെന്നു നാം ഓർമ്മിക്കണം; നമ്മുടെ മക്കളും തിരിച്ചറിയണം. അല്ലെങ്കിൽ മുകളിൽപറഞ്ഞ മതഭ്രാന്തന്മാരുടെ കൂടെച്ചേരുന്ന അനുയായികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

No comments:

Post a Comment