Wednesday, December 23, 2015

ഇസ്രായേൽ ജനം പേർഷ്യൻ ഭരണത്തിൽ

സൈറസ്സിന്റെ നേതൃത്വത്തിൽ പേർഷ്യ ബാബിലോണിനെ ആശ്രമിയ്ക്കുകയും  ഇസ്രായേൽ ജനം സൈറസിന്റെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. സൈറസ്സിന്റെ മകൻ ഈജിപ്ത് കീഴടക്കിയതോടു കൂടി പശ്ചിമേഷ്യ മുഴുവൻ പേർഷ്യൻ ഭരണത്തിൽ കീഴിലായി.

പേർഷ്യൻ ഭരണം ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറുടെ  ആക്രമണം വരെ തുടർന്നു.

ബാബിലോണിയൻ പ്രവാസം

അസീറിയായുടെ കീഴിലായിരുന്ന ബാബിലോൺ നബോപൊലാസറിന്റെ കാലത്ത് സ്വന്തന്ത്ര രാജ്യമായി.  നബൊപൊലാസർ  കൽദായ ഗോത്രക്കാരനായിരുന്നു. നബോപ്പൊലാസർ,  അസ്സീറിയായുടെ മറ്റു പ്രവശ്യകളായിരുന്ന മേദിയ, പേർഷ്യ തുടങ്ങിയവയുമായി ചേർന്ന് അസ്സീറിയാ കീഴ്പ്പെടുത്തി.

യഹോയാക്കിം യൂദായുടെ രാജാവായിരിയ്ക്കെ ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ ആക്രമിച്ചു കീഴ്പ്പെടുത്തി (ബി.സി 605) . നബുക്കദ്നേസർ നബോപൊലാസറിന്റെ മകനായിരുന്നു.

ബാബിലോൺ പ്രവാസം  സൈറസിന്റെ പേർഷ്യ ബാബിലോണിനെ കീഴ്പ്പെടുത്തുന്നതു വരെ തുടർന്നു.



Friday, December 18, 2015

അസ്സീറീയൻ പ്രവാസം

സോളമന്റെ മരണശേഷം  ബി.സി 931ൽ ഇസ്രായേൽ വിഭജിയ്ക്കപ്പെട്ടു. തെക്ക് യൂദാരാജ്യവും വടക്ക് ഇസ്രായേൽ രാജ്യവും. സോളമന്റെ മകനായ റഹോബോവാം യൂദായേയും നെബോത്തിന്റെ പുത്രൻ ജറോബോവാം ഇസ്രായേലിനെനും ഭരിച്ചു.

ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ഞാൻ സോളമന്റെ കയ്യിൽ നിന്ന് രാജ്യമെടുത്ത് പത്തുഗോത്രങ്ങൾ നിനക്കു (ജറോബോവാമിന്) തരും. (1 രാജാക്കന്മാർ 11:31)

മെനാഹേം രാജാവായിരിയ്ക്കെ (2 രാജാക്കന്മാർ 15: 17-20) അസ്സീറിയൻ രാജാവായ തിൽഗെത്ത് പെൽനേസർ ഇസ്രായേലിനെ ആക്രമിച്ചു (738 ബീ.സി). അവൻ റൂബൻ, ഗാദ് ഗോത്രങ്ങളേയും മനാസെയുടെ അർദ്ധഗോഗ്രത്തെയും തടവുകാരായി പിടുച്ചുകൊണ്ടു പോയി. (1 ദിനവൃത്താന്തം 5:26). മെനാഹാം അസ്സീറിയായ്ക്കു കപ്പം കൊടുത്തു.

ആഹാസ് യൂദയായുടെ രാജാവായിരുന്ന കാലത്ത് ബിസി 735ൽ അസ്സീറീയായുടെ സാമന്ത പ്രദേശങ്ങളായിരുന്ന സിറിയയും ഇസ്രായേലും യൂദയായെ ആക്രമിച്ചു. ആഹാസ് തിൽഗെത്ത് പെൽനേറിന് ആളയച്ചു,  കപ്പം കൊടുത്ത് സാമന്തനായി.  ആഹാസിന്റെ  പന്ത്രണ്ടാം ഭരണവർഷം ഹോസിയ  സമരിയായിൽ ഇസ്രായേലിന്റെ രാജാവായി. അക്കാലത്ത് തിൽഗെത്ത് പെൽനേറിന്റെ മകൻ ഷമൽനേസർ ഇസ്രായേലിനെ ആക്രമിച്ചു.  ഹോസിയ ഷമൽനേസറിനു കപ്പം കൊടുത്തു. എന്നാൽ പിന്നീട് ഹോസിയ ഈജിപ്തു മായി ചേരുകയും അസ്സീറിയായ്ക്കു കപ്പം കൊടുക്കുന്നതു നിർത്തുകയും ചെയ്തു (ബി.സി 725). അസ്സീറിയ ഇസ്രായേലിനെ ആക്രമിച്ചു, മൂന്നു വർഷത്തേയ്ക്ക് ഉപരോധം ഏർപ്പെടുത്തി. ഹോസിയായുടെ 9 ആം ഭരണവർഷം ഇസ്രായേൽ അസ്സീറിയായ്ക്കു കീഴിലാവുകയും ഇസ്രായേൽക്കാരെ അസ്സീറിയായിലേയ്ക്ക് കൊണ്ടു പോവുകയും ചെയ്തു.

ഇക്കാലത്ത് യൂദാ അസ്സീറിയായ്ക്ക് കപ്പം കൊടുക്കുകയായിരുന്നു. ആഹാസ് അസീറിയൻ ദേവന്മാരുടെ പ്രതിമകൾ യൂദയായിൽ നിർമ്മിയ്ക്കുകയും ചെയ്തു.   യൂദായ്ക്കു വടക്ക്, അസീറിയ കീഴ്പ്പെടുത്തിയ എന്നാൽ നാടുകടത്തപ്പെടാതിരുന്ന ഇസ്രായേൽക്കാരുടെ പ്രദേശങ്ങളീലേയ്ക്ക്  അതിർത്തി വ്യാപിപ്പിയ്ക്കുകയും ചെയ്തു.

 അസ്സീറിയൻ രാജാവായ സെന്നാക്കരീബിന്റെ കാലത്ത് അസ്സീറിയ യൂദയായെ ആക്രമിച്ചു.  യൂദായുടെ പല നഗരങ്ങളൂം അസീറിയായുടെ അധീനതയിലായി. പക്ഷേ ഓർസ്ലേമിനെ വളഞ്ഞെങ്കിലും കീഴ്പ്പെടുത്താനയില്ല. യഹോയക്കിമിന്റെ ഭരണകാലത്ത് ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ കീഴ്പ്പെടുത്തുന്നതുവരെ യൂദാ അസീറിയായുടെ സാമന്തരാജ്യമായിരുന്നു.


Thursday, December 17, 2015

അറമായ ഭാഷയുടെ വ്യാപനം ഏഷ്യയിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് മെസൊപ്പോട്ടോമിയായും പേർഷ്യായുമായും സിന്ധൂനദീതട നാഗരികതയുടെ കാലം മുതൽക്കേ വാണിജ്യബന്ധമുണ്ടായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിനു മുൻപ്  ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളെ ചുറ്റി മെസൊപ്പോട്ടാമിയായിൽ നിന്നും പേർഷ്യയിൽ നിന്നും കേരളത്തിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും വരെ കടൽമാർഗ്ഗമുള്ള ഈ ബന്ധം നിലനിന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് മൺസൂൺ കാറ്റ് ഉപയോഗിച്ചുള്ള പാത അന്നു കണ്ടെത്തിയിട്ടില്ലായിരുന്നതുകൊണ്ട്  അറേബ്യയിൽ നിന്നോ ഈജിപിതിൽ നിന്നോ ആഫ്രിയ്ക്കയിൽ നിന്നോ കച്ചവടക്കാർ ഇവിടെ  എത്തിയിരുന്നില്ല.

അറമായ അരാമിന്റെ ഭാഷ
നോഹിന്റെ പുത്രനായ ഷേമിന്റെ പുത്രൻ ആരാമിന്റെയും സന്തതിപരമ്പരയുടെയും ഭാഷയാണ് ആരമായ. ആരാമിന്റെ സഹോദരനായ അർപ്പക്‌സാദിന്റെ വംശപരമ്പരയിലാണ് അബ്രാഹം ജനിയ്ക്കുന്നത്. അബ്രാഹാവും അരമായനായിരുന്നു. അബ്രാഹാമിന്റെ   അനന്തരവനായിരുന്ന ലാബാന്റെ ഭാഷയും അറമായ തന്നെ.  അബ്രഹാം ജനിച്ച ഊറിലെ ഭാഷയും അരമായ തന്നെ ആയിരുന്നു. അബ്രാഹത്തിന്റെ പിതാവ് തേരഹ് ഊറിൽ നിന്നാണ് ഹാരാനിലേയ്ക്ക് മാറി താമസിയ്ക്കുന്നത്. ഊർ കൽദായുടെ ദേശമായിട്ടാണ് ബൈബിളിൽ പരാമർശിയ്ക്കപ്പെടുന്നത്. കൽദായരുടെ ഭാഷയും അതുകൊണ്ട് അരമായ എന്ന് അനുമാനിയ്ക്കാം.

ഹീബ്രു = അരമായ + കാനാൻ
 അബ്രാഹാമും ലോത്തും ഹാരാനിൽ നിന്ന് കാനാനിലേയ്ക്കു വന്നു. അരമായ ഭാഷ കാനാൻകാരുടെ ഭാഷയുമായി ചേർന്ന് ഹീബ്രു ഭാഷ ഉണ്ടായി. യാക്കോവും അമ്മാവനായ ലാബാനും തമ്മിലുള്ള സംസാരത്തിൽ യാക്കോവ് സംസാരിയ്ക്കുന്നത് ഹീബ്രുവും ലാബാൻ സംസാരിയ്ക്കുന്നത് അരമായയുമാണ്.  അരമായയുടെ കാനാൻ വകഭേദമായി ഹീബ്രുവിനെ കാണാവുന്നതാണ്.

മെസൊപ്പൊട്ടാമിയൻ ഭാഷകൾ
സുമേറിയൻ-അക്കദിയൻ ഭാഷകളാണ് മെസൊപ്പോട്ടാമിയായിലെ പുരാതന ഭാഷകൾ.  മറ്റൊരു ഭാഷ അറമായ ആണ്. ബി.സി മൂന്നാം സഹസ്രാബ്ധത്തിൽ സുമേറിയൻ-അക്കാദിയൻ ഭാഷകൾ തമ്മിൽ കൂടിക്കലരുകയും മൂന്നാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത്  സുമേറിയൻ ഭാഷ ഇല്ലാതാവുകയും അക്കാദിയൻ ഭാഷ ശക്തമാവുകയും ചെയ്തു. അക്കാദിയന് അസീറിയൻ, ബാബിലോണിയൻ ഭാഷാഭേദങ്ങളുണ്ടായിരുന്നു.  ബി.സി രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തോടെ അറമായ കുടിയേറ്റങ്ങളൂടെ ഫലമായി ബാബിലോണീയായിലും അസീറിയായിലും അറമായ ശക്തിപ്രാപിച്ചു.  നിയോ അസ്സീറിയൻ സാമ്രാജ്യകാലത്ത്, തിഗിലത്ത് പെലേസറിന്റെ ഭരണത്തിൽ ( ബിസി 8ആം നൂറ്റാണ്ട്) കീഴിൽ അസീറിയിൽ സാമ്രാജ്യം വികസിയ്ക്കുകയും അറമായ ശക്തിപ്രാപിയ്ക്കുകയും അക്കാദിയൻ ഭാഷ നാമാവശേഷമാവുകയും ചെയ്തു.  പിന്നീടിങ്ങോട്ട് അറബി (എ.ഡി 8ആം നൂറ്റാണ്ട് )പശ്ചിമേഷ്യയിൽ വ്യാപിയ്ക്കുന്നതുവരെ അറമായ ആയിരുന്നു അവിടങ്ങളിലെ ഭാഷ.
  
യഹൂദരും  അറമായയും
പൂർവ്വപിതാവായ അവറാഹത്തിന്റെ ഭാഷ അറമായ ആയിരുന്നെന്നു നാം കണ്ടു കഴിഞ്ഞു. കാനാൻ വച്ച് അവറാഹത്തിന്റെ പിന്മുറക്കാരുടെ ഭാഷ ഹീബ്രു ആയി. പിന്നീട് അസീറിയൻ പ്രവാസം വരെ അവർ ഹീബ്രു ഉപയോഗിച്ചു. അസീറീയ ഇസ്രായേലിനെ കീഴടക്കുന്നതിലൂടെ അവരുടെ അറമായ ബന്ധം പുനസ്ഥാപിയ്ക്കപ്പെട്ടു. ഇക്കാലത്ത് യൂദയാ അസീറീയൻ വത്കരണത്തിനു വിധേയമായി.  പിന്നീട് ബാബിലോൺ അസീറീയായേയും യൂദയായേയും കീഴടക്കി. അതോടെ യഹൂദരുടെ സംസാര ഭാഷ പൂർണ്ണമായും അറമായ ആയി മാറി. പേർഷ്യ ബാബിലോണിനെയും ഈജിപിതിനെയും ആക്രമിച്ച് കീഴടക്കി.  അതോടെ പശ്ചിമേഷ്യ മുഴുവനും അറമായ സംസാരഭാഷ ആയിത്തീർന്നു.  യഹൂദരും ഇസ്രായേല്യരും  ഏഷ്യയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ചിതറിയ്ക്കപ്പെട്ടു, ഏഷ്യയുടെ  വാണിജ്യകേന്ദ്രങ്ങളിലൊക്കെ അറമായ കച്ചവടഭാഷയായി. ചിതറിയ്ക്കപ്പെട്ട യഹൂദരും ഇസ്രായേല്യരും അവിടങ്ങളിലൊക്കെ കുടിയേറീ കോളനികളുണ്ടാക്കി. യഹൂദർക്ക് അറമായയിൽ വേദപുസ്തകത്തിന്റെ പരിഭാഷയുണ്ടായി. അവരുടെ ദൈനം ദിന പ്രാർത്ഥനകൾ അറമായ ആയിത്തീർന്നു. പേർഷ്യൻ രാജാവായ സൈറസിന്റെ കാലത്ത് എസ്രായുടെയും നെഹമിയായും നേതൃത്വത്തിൽ യഹൂദരുടെ രാജ്യം പുനസ്ഥാപിയ്ക്കപ്പെട്ടു. എങ്കിലും അറമായയുടെ സ്വാധീനം തുടർന്നു.

അറമായ ഗ്രീക്ക് റോമൻ ഭരണത്തിൻ കീഴിൽ
പേർഷ്യയെ ഗ്രീക്കുകാർ കീഴടക്കി.  സാംസ്കാരികമായി ഏഷ്യയിൽ ഗ്രീക്ക് സ്വാധീനമുണ്ടായിരിയ്ക്കാമെങ്കിലും  സംസാരഭാഷയായി ഗ്രീക്കിനെ വളർത്തുവാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭരണഭാഷയായി ഗ്രീക്കും സംസാരഭാഷയായി അറമായയും തുടർന്നു. പിന്നീട് റോമാക്കാർ ഗ്രീസിനെ കീഴടക്കുമ്പോഴും ഗ്രീക്കിന്റെയും അറമായയുടേയും സ്വാധീനം പഴയപടി തുടരുകയാണുണ്ടായത്. അതുകൊണ്ടൂ തന്നെ ഗ്രീക്ക്-റോമൻ നാണയങ്ങളുടെ സാന്നിധ്യം  ഗ്രീക്ക് റോമൻ ഭാഷകളുടെ സ്വാധീനമായി തെറ്റിദ്ധരിയ്ക്കേണ്ട കാര്യമില്ല. ഇക്കാലങ്ങളിലെല്ലാം ഈജിപ്തു മുതൽ കിഴക്കോട് ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ പടിഞ്ഞാറു വരെ അറമായയ്ക്ക് പ്രകടമായ സ്വാധീനമൂണ്ടായിരുന്നു.



Monday, December 7, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ -2

മെസൊപ്പൊട്ടാമിയൻ നാഗരികതയുമായി സിന്ധൂനദീതട നാഗരികതയ്ക്ക് ഉണ്ടായിരുന്ന കച്ചവടബന്ധങ്ങൾ ആര്യന്മാരുടെ ആക്രമണശേഷം ദക്ഷിണേന്ത്യയിലേയ്ക്ക് പാലായനം ചെയ്ത സിന്ധൂനദീതടവാസികൾ തുടർന്നിരിയ്ക്കണം.  ദ്രാവിഡന്മാരാണ് സിന്ധൂനദീതട വാസികൾ എന്ന് ഒരു വാദമുണ്ട്. സിന്ധൂനദീതട ലിപിയെ ദ്രാവിഡലിപിയുടെ പൂർവ്വരൂപമായാണ് ഇരവിത്താനം മഹാദേവൻ കണക്കാക്കുന്നത്. സിന്ധൂനദീതടവാസികൾക്ക്  പേർഷ്യയുമായും മെസൊപ്പൊട്ടൊമിയയുമായും കച്ചവടബന്ധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് പേർഷ്യയുമായും മെസൊപ്പൊട്ടാമിയുമായും ഉണ്ടായ വാണിജ്യബന്ധങ്ങൾ.

കേരളത്തിന്  അറബിക്കടലിന്റെ പടീഞ്ഞാറൻ തീരവുമായി കടൽ‌ മാർഗ്ഗമുള്ള വാണീജ്യപാത രണ്ടു തരത്തിലാണ്. ഒന്ന് ഏഷ്യയുടെ തീരഭാഗങ്ങളെ ചുറ്റിയുള്ള നീളം കൂടിയ പാത, രണ്ട് അറബിക്കടലിനെ മുറികൊണ്ട് ചെങ്കടലിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്കുള്ള പാത. രണ്ടാമത്തേത് ഹിപ്പാലസിന്റെ കണ്ടുപിടുത്തമായാണ് അറിയപ്പെടുന്നത്.  അതുകൊണ്ടു തന്നെ ഹിപ്പാലസിനു മുൻപ് കേരളത്തിന് അറേബ്യയുമായോ ഈജിപ്തുമായോ ആഫ്രിയ്ക്കൻ രാജ്യങ്ങളുമായോ നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നില്ല എന്ന അനുമാനത്തിലെത്താം. ഈജിപിതിനും അറേബ്യായ്ക്കും ആഫ്രിയ്ക്കൻ രാജ്യങ്ങളുമായി കടൽമാർഗ്ഗമുണ്ടായിരുന്ന കച്ചവടബന്ധത്തിനു തെളിവുകളുണ് എങ്കിലും അവർക്ക് ഇന്ത്യൻ മഹാസമുദ്രം കുറുകെക്കടന്നുള്ള കച്ചവടമുണ്ടായിരുന്നതായി കരുതുവാൻ വയ്യ.  ദക്ഷിണേന്ത്യൻ വസ്തുവകകൾ പ്രത്യേകിച്ച് സുഗന്ധവ്യജ്ഞനങ്ങൾ അവർക്ക് ലഭിച്ചത് മെസൊപ്പോട്ടാമിയായിൽ നിന്നാണ്. ചുരുക്കത്തിൽ ദക്ഷിണേയ്ക്ക് നേരിട്ട് കച്ചവമുണ്ടായിരുന്നത് പേർഷ്യയുമായും മെസൊപ്പൊട്ടാമിയായുമായും മാത്രമായിരുന്നു എന്ന അനുമാനത്തിലേയ്ക്കാണ് ഇതെത്തിയ്ക്കുന്നത്. (ചൈനയുമായുള്ള കച്ചവടബന്ധം ഇവിടെ പരിഗണിയ്ക്കുന്നില്ല)


Friday, November 27, 2015

കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ

കേരളത്തിലെ യഹൂദക്കുടിയേറ്റവും കേരളത്തിലേയ്ക്കുള്ള തോമാശ്ലീഹായുടെ വരവും ക്രിസ്തുമതപ്രചാരണവും പരാമർശിയ്ക്കുമ്പോൾ ഒഴിവാക്കാനാവത്ത ഒരു കണ്ണിയാണ് കേരളത്തിന്റെ പുരാതന കച്ചവടബന്ധങ്ങൾ.

റോമായുമായുള്ള കച്ചവടബന്ധങ്ങൾ
ബി.സി.323-മാണ്ടിൽ അലക്സാണ്ടർ ചക്രവർത്തി അന്തരിച്ചതിനെത്തുടർന്ന് ഗ്രീക്ക് സാമ്രാജ്യം മൂന്നായി വിഭജിയ്ക്കപ്പെട്ടു.  ഈജിപ്ത്, കാനാൻ ദേശം, പാലസ്തീനാ എന്നിവ ടോളമിയുടെ അധീനധയിലായി. സെല്യൂക്കസ് മെസപ്പോട്ടോമിയ (ഇറാക്ക്), പേർഷ്യ (ഇറാൻ),  സിറിയ എന്നിവയുടെ ഭരണകർത്താവായി.  ലിസിമാക്കസിനായിരുന്നു യൂറോപ്പിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ത്രെയിസ് (ബൾഗേറിയ, ഗ്രീസ്), ഏഷ്യാമൈനർ (ടർക്കി) എന്നിവയുടെ ഭരണം. ബിസി 190 മുതൽ ഏഷ്യാമൈനറിൽ റോമൻ ഭരണം ആരംഭിച്ചു. ബി.സി 64 ൽ സെല്യൂക്കസ് സാമ്രാജ്യവും ബിസി 30 ൽ ടോളമിയുടെ സാമ്രാജ്യവും റോമൻ ഭരണത്തിനു കീഴിലായി.  ഇപ്രകാരം ഗ്രീസിന്റെ പ്രദേശങ്ങളെല്ലാം റോമൻ ഭരണത്തിന്റെ കീഴിലാവുകയും റോമാ  അറേബ്യൻ കടലുവഴിയുള്ള വാണിജ്യബന്ധം ആരംഭിയ്ക്കുകയും ചെയ്തു എന്നു വേണം അനുമാനിയ്ക്കാൻ.  മെസപ്പോട്ടോമിയായുടേയും പേർഷ്യായുടേയും നിയന്ത്രണം പേർഷ്യൻ ഉൾക്കടൽ വഴിയുള്ള വ്യാപാരബന്ധവും, ഈജിപ്തിന്റെ നിയന്ത്രണം ചെങ്കടലുവഴിയുമുള്ള വ്യാപാരബന്ധത്തെ സഹായിച്ചിരിയ്ക്കണം.  അതായത് ബിസി 64 നു ശേഷം മാത്രമായിരിയ്ക്കും കേരളവും റോമാ സാമ്രാജ്യവും തമ്മിലുള്ള വ്യാപാരബന്ധം ആരംഭിച്ചിരിയ്ക്കുക. ഇക്കാലഘട്ടത്തിലെല്ലാം ഗ്രീക്ക് വ്യാപാരബന്ധങ്ങൾ തുടരുകയും  ചെയ്തിരിയ്ക്കും.

ഗ്രീസുമായുള്ള കച്ചവടബന്ധങ്ങൾ
അലക്സാണ്ടറിന്റെ കാലത്തോടെയാണ് ഗ്രീസ് ഏഷ്യൻ ഭാഗങ്ങളിൽ ആധിപത്യം പുലർത്തിത്തുടങ്ങുന്നത്. ബി.സി 334 മുതൽ ബിസി 326 വരെ യുള്ള കാലഘട്ടത്തിൽ ഏഷ്യയുടെ മിക്കഭാഗങ്ങളും അലക്സാണ്ടറിന്റെ കീഴിലായി. അലക്സാണ്ടറിന്റെ കാലത്തിനു ശേഷം മാത്രമായിരിയ്ക്കും ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം തുടങ്ങുന്നത്. ഹിപ്പാലസ് കാലവർഷക്കാറ്റ് കണ്ടുപിടിച്ചതിനു ശേഷമാണ് ഗ്രീക്കുകാർ വരുവാൻ തുടങ്ങിയതെന്നു കരുതുവാനാവില്ല.  പരമ്പരാഗതമായി  ഈജിപിതുകാർക്കും അറബികൾക്കും അറിവുണ്ടായിരുന്ന കാര്യം രേഖപ്പെടുത്തുകയും കൃത്യമാക്കുകയും മാത്രമാവാം ഹിപ്പാലസ് ചെയ്തത്. അതുകൊണ്ട് ബിസി മൂന്നാം  നൂറ്റാണ്ടിന്റെ അവസാനത്തിലോ ബി.സി രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ഗ്രീസുമായുള്ള കേരളത്തിന്റെ വ്യാപാരബന്ധം ആരംഭിച്ചു എന്നു കരുതാം. അതുവരെ ഉണ്ടായിരുന്ന പേർഷ്യയുമായും അറേബ്യയുമായുള്ള വ്യാപാരബന്ധങ്ങൾ നിലനിൽക്കുകയും  ചെയ്തിരിയ്ക്കണം.

ഗ്രീസ്-റോമൻ ബന്ധങ്ങൾക്കു മുൻപ്
ഗ്രീസിനും റോമിനും മുമ്പുള്ള കേരളത്തിന്റെ കച്ചവടബന്ധങ്ങൾ മെസൊപ്പോട്ടാമിയ, ഈജിപിത്, ഫിനീഷ്യ, ചൈന, പേർഷ്യ എന്നിവിടങ്ങളുമായിട്ടിരിയ്ക്കണം. ഇതിൽ ആരൊക്കെ നേരിട്ട് കച്ചവടം നടത്തി,  കടൽ മാർഗ്ഗമുപയോഗിച്ചുള്ള കച്ചവടം എപ്രകാരമായിരുന്നു, ആരൊക്കെ  ഹിപ്പാലസ് കാറ്റ് ഉപയോഗപ്പെടുത്തി എന്നതിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. ഈജിപ്തിലെ ഫറവോ ആയിരുന്ന റാംസെസ് 2 -ന്റെ (1303 BC - 1213 BC) മമ്മിയിൽ നിന്നും കേരളത്തിൽ നിന്നുള്ള കുരുമുളക് കണ്ടെത്തിയതായി പറയപ്പെടുന്നുണ്ട്. കേരളത്തിലെ സുഗന്ധവ്യജ്ഞനങ്ങൾ അക്കാലത്തേ പ്രശസ്തമായിരുന്നു എന്ന് അനുമാനിയ്ക്കാവുന്നതാണ്.

സിന്ധൂനദീതട സംസ്കൃതിയ്ക്ക് പേർഷ്യയും മെസൊപ്പൊട്ടാമിയയും ആയി കടൽ മാർഗ്ഗം വ്യാപരബന്ധങ്ങൾ ഉണ്ടായിരുന്നു. ഹാരപ്പയിൽ നിർമ്മിച്ചതെന്നു കരുതപ്പെടുന്ന മുദ്രകളും മണികളും തൂക്കക്കട്ടികളും മെസപ്പൊട്ടാമിയയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് കറാച്ചി, ഗുജറാത്ത്, ഗോവ, ബോംബെ, മംഗലാപുരം, കോഴിക്കോട് ഇവയെല്ലാം പഴയകാല കച്ചവടകേന്ദ്രങ്ങളായിരുന്നു.  ഹിപ്പാലസ് കാറ്റ് ഉപയോഗിച്ചിട്ടുള്ള ചെങ്കടൽ നിന്ന് അറബിക്കടലിനെ മുറിച്ചുള്ള കടൽ മാർഗ്ഗം പുതിയ കണ്ടുപിടുത്തമാണെന്ന് കരുതിയാൽ തന്നെ പേർഷ്യൻ ഉൾക്കടലിൽ നിന്ന് കിഴക്കോട്ടും  പിന്നെ കറാച്ചി മുതൽ തെക്കോട്ടുമുള്ള കടൽ മാർഗ്ഗമുള്ള കച്ചവടം ഉണ്ടായിരുന്നിരിയ്ക്കുക സാധ്യമാണ്.  ദൈർഘമേറിയ ഈ യാത്രയെ നാല്പതു ദിവസത്തേയ്ക്ക് ചുരുക്കി എന്നതായിരിയ്ക്കും ഹിപ്പാലസിന്റെ പ്രസക്തി.

ഈജിപ്തുമായുള്ള കച്ചവടബന്ധം

ഈജിപ്തുമായി നേരിട്ട് കേരളത്തിന് വ്യാപാരബന്ധമുണ്ടായിരിന്നില്ല എന്ന് അനുമാനിയ്ക്കാം.  പശ്ചിമേഷ്യൻ കച്ചവടവും ആഫ്രിക്കൻ കച്ചവടവും സംഗമിയ്ക്കുന്ന സ്ഥലമായിരുന്നിരിയ്ക്കണം ഈജിപ്ത്.  മെസൊപ്പൊട്ടോമിയായുമായും എത്യോപ്യയുമായും അറേബ്യയുമായും ഈജിപ്തിനു കച്ചവടബന്ധമുണ്ടായിരുന്നു. ഹിപ്പാലസ് മൺസൂൺ കാറ്റ് കണ്ടുപിടിച്ചു കഴിഞ്ഞു മാത്രമായിരിയ്ക്കാം ഈജിപ്തുമായി നേരിട്ട് കച്ചവടബന്ധം ആരംഭിയ്ക്കുന്നത്. അതിനോടകം തന്നെ ഈജിപ്ത്  യഥാക്രമം പേർഷ്യ, ഗ്രീക്ക്, റോമാ അധിനിവേശങ്ങൾക്ക് വിധേയപ്പെട്ടിരുന്നു.

കേരളത്തിന്റെ റോമൻ ബന്ധങ്ങൾ  ബിസി ഒന്നാം നൂറ്റാണ്ടിലും ഗ്രീക്ക് ബന്ധം മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും മാത്രമാണ് സംഭവിച്ചത്. ഈജിപ്തുമായുള്ള ബന്ധം ഒന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് സാധ്യമാവുന്നത്. അതുവരെ പേർഷ്യ, മെസൊപ്പൊട്ടാമിയ, അറേബ്യ എന്നിവടങ്ങളുമായി മാത്രമായിരിയ്ക്കും കേരളത്തിനു ബന്ധമുണ്ടായിരുന്നത്.

Wednesday, November 4, 2015

സകല മരിച്ചവരുടേയും സകല വിശുദ്ധരുടേയും തിരുന്നാൾ പൗരസ്ത്യ സുറീയാനീ പാരമ്പര്യത്തിൽ

നവംബറിൽ സകല പുണ്യവാന്മാരുടേയും തിരുന്നാളും സകലമരിച്ചവരുടെ ഓർമ്മയും കൊണ്ടാടുന്ന സീറോ മലബാറുകാരോട് ഒരു വാക്ക്. ഇത് ലത്തീൻ സഭയുടെ രീതികളുടെ അനുകരണം മാത്രമാണ്. സകല ദേവന്മാരുടേയും തിരുന്നാൾ എന്ന റോമൻ പേഗൻ ആചാരത്തെ റോമൻ കത്തോലിയ്ക്കാ സഭ അനുരൂപപ്പെടുത്തിയെടുത്തു തങ്ങളുടേതായ രീതിയിൽ ആഘോഷിയ്ക്കുന്നു. ഇതുമായി പൗരസ്ത്യ സുറിയാനി സഭയ്ക്ക് എന്തു ബന്ധം! സീറോ മലബാർ സഭയ്ക്ക് എന്തു ബന്ധം?!



പൗരസ്ത്യ സുറിയാനി സഭയ്ക്ക് തനതായ ദൈവശാസ്ത്രമുണ്ട്, തനതായ ദൈവാരാധനാ സമ്പ്രദായമുണ്ട്. ഈ ദൈവശാസ്ത്രത്തിനും ദൈവാരാധനാ സമ്പ്രദായത്തിനുമനുസരിച്ചാണ് പൗരസ്ത്യ സുറിയാനി സഭയിലെ ആരാധനാ വത്സരവും, പ്രാർത്ഥനകളൂം, കൂദാശാക്രമങ്ങളും എല്ലാം രൂപപ്പെട്ടിരിയ്ക്കുന്നത്. ആരാധനാ വത്സരത്തിന്റെ ചൈതന്യത്തോടു ബന്ധപ്പെട്ടാണ് പൗരസ്ത്യ സുറിയാനി സഭ സകല പുണ്യവാന്മാരെയുടേയും വാങ്ങിപ്പോയവരുടേയും തിരുന്നാളുകൾ ആഘോഷിയ്ക്കുന്നത്.
നമ്മുടെ രീതിയനുസരിച്ച് നോയമ്പു തുടങ്ങുന്നതിനു മുൻപുള്ള വെള്ളിയാണ് (ദനഹാക്കാലം അവസാന വെള്ളി) വാങ്ങിപ്പോയ വിശ്വാസികളുടെ തിരുന്നാൾ. ഉയർപ്പു കാലത്തിലെ ഒന്നാമത്തെ വെള്ളി സകല വിശുദ്ധരുടേയും തിരുന്നാളും.



 കത്തോലിയ്ക്കാ സഭ വിവിധ സഹോദരീസഭകളുടെ കൂട്ടായ്മയാണ്. ചെറുതും വലുതുമായ 24 കത്തോലിയ്ക്കാ സഭകളുടെ കൂട്ടായ്മ. ഇതിൽ ലത്തീൻ(റോമൻ) സഭയുടെ രീതികളല്ല മറ്റു ഗ്രീക്ക്, സുറിയായി, അലക്സാണ്ട്രിയൻ, അർമ്മേനിയൻ, അന്ത്യോക്യൻ സഭകൾക്ക് ഉള്ളത്. 
സകല മരിച്ചവരുടേയും തിരുന്നാളും സകല പുണ്യവാന്മാരുടേയും തിരുന്നാളും വിവിധ പാരമ്പര്യങ്ങളിൽ വിവിധ സമയത്താണ് ആഘോഷിയ്ക്കുന്നത്. ഓരോന്നിനും അതിന്റേതായ ചരിത്രപശ്ചാത്തലവും, ദൈവശാസ്ത്രപരമായ വിശദീകരണവും ഉണ്ടാവും. ഇത് ആ വ്യക്തിസഭയുടെ തനിമയുടെ ഭാഗമാണ്. ഈ വൈവിധ്യം ഒരിയ്ക്കലും സഭകളുടെ കൂട്ടായ്മയേയും സഹവർത്തിത്വത്തെയും പ്രതികൂലമായി ബാധിയ്ക്കുന്നതല്ല.
സീറോമലബാർ സഭയുടേയും, സീറോ മലങ്കരസഭയുടേയും മലങ്കര ഓർത്തോഡോക്സ് സഭയുടേയും റോമൻ കത്തോലിയ്ക്കാസഭയുടേയും ബൈസന്റൈൻ കത്തോലിയ്ക്കാ സഭയുടേയും ഉക്രേനിയൻ കത്തോലിയ്ക്കാ സഭയുടേയും പഞ്ചാംഗങ്ങളിൽ നിന്ന് എടുത്തിട്ടുള്ള ചിത്രങ്ങൾ താഴെ ചേർക്കുന്നു.
 

റോമൻ കത്തോലിയ്ക്കാ സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ, നവംബർ 2: വാങ്ങിപ്പോയവരുടെ തിരുന്നാൾ
















സീറോ മലബാർ - ദനഹാ അവസാന വെള്ളി - വാങ്ങിപ്പോയവരുടെ തിരുന്നാൾ, ഉയർപ്പ് ആദ്യ വെള്ളി - സകല പുണ്യവാന്മാരുടേയും തിരുന്നാൾ

 

















സീറോ മലങ്കര കത്തോലിയ്ക്കാ സഭ/ മലങ്കര ഓർത്തോഡോക്സ് സഭ - നവംബർ 1 - സകല പുണ്യവാന്മാരുടേയും തിരുന്നാൾ.
നോയമ്പിനു മുൻപുള്ള ഞായർ - അന്നേദേ ഞായർ (വാങ്ങിപ്പോയവരുടെ തിരുന്നാൾ)


























ഉക്രേനിയൻ/ബൈസന്റൈൻ  കത്തോലിയ്ക്കാ സഭ- നോയമ്പിനു മുൻപുള്ള ശനി മുതൽ പീഠാനുഭവ ശനി ഒഴികെ ഉയർപ്പു കഴിഞ്ഞുള്ള ശനി വരെ - വാങ്ങിപ്പോയവരുടെ ഓർമ്മ (5 ശനിയാഴിച്ച)











സ്വന്തം സഭയുടെ വ്യക്തിത്വതും തനിമയും അറിയാത്തവർ, ആഗോള സഭയിൽ ലത്തീൻ സഭയെക്കൂടാതെ 23 സഭകൾ കൂടെയുണ്ട് എന്നറിയാത്തവർ "ആഗോളകത്തോലിയ്ക്കാസഭ" നവംബർ ഒന്നിന് സകല വിശുദ്ധരുടേയും തിരുന്നാൾ ആഘോഷിയ്ക്കുന്നു എന്നു പറഞ്ഞു കളയും. സ്വന്തം സഭയോടു ചേർന്ന് സഭയുടെ ചൈതന്യത്തോടു ചേർന്ന് നമുക്കു തിരുന്നാളുകൾ ആഘോഷിയ്ക്കാം. അതിലെ ആദ്യ പടി സ്വന്തം സഭയെ അറിയുക എന്നതാണ്.