Sunday, April 6, 2014

ഈശോ മറിയം യൗസേപ്പേ?

മനോവയുടെ വിചിത്രമായ മറ്റൊരു ആരോപണമാണ് ഒരുവന്റെ മരണസമയത്ത് ചൊല്ലിക്കൊടുക്കുന്നതെന്ന് മനോവ ആരോപിയ്ക്കുന്ന ഈശോ മറിയം യൗസേപ്പേ, എന്റെ ആത്മാവിനു കൂട്ടായിരിക്കേണമേ എന്ന പ്രാർത്ഥന സുറീയാനിപാരമ്പര്യമാണെന്നത്!. മനോവ പറയുന്നത് ഇപ്രകാരമാണ്. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് പൗരസ്ത്യസഭയില്‍ ഉടലെടുത്തതും കത്തോലിക്കാസഭ തള്ളിക്കളഞ്ഞതുമായ പാഷാണ്ടതയുടെ ശേഷിപ്പാണ് 'ഈശോ മറിയം യൗസേപ്പേ' എന്ന പ്രാര്‍ത്ഥന! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf.

യൗസേപ്പു പിതാവിനെ അനുസ്മരിയ്ക്കുന്ന ഏതെങ്കിലും പ്രാർത്ഥനയോ തിരുന്നാളുകളോ പൗരസ്ത്യ സുറിയാനീ സഭയുടെ പാരമ്പര്യത്തിലുണ്ടോ എന്ന് മനോവ പരിശോധിക്കട്ടെ. ബൈബിളിൽ നീതിമാനായ യൗസേപ്പിനേക്കുറീച്ച് അധികമൊന്നും കാണാനാവില്ല. യൗസേപ്പു പിതാവിന്റെ മരണത്തിരുന്നാളും മറ്റും പാശ്ചാത്യസഭയിൽ നിന്നു കടംകൊണ്ടതും സുറിയാനീ പാരമ്പര്യത്തീൽ ഇല്ലാത്തതുമാണ്.  ഈശോ മിശിഹായുടെ പരസ്യജീവിതത്തിനു സാക്ഷികളാകാത്തവരെയോ സാക്ഷ്യം നൽകാത്തവരേയോ പ്രാർത്ഥനകളിൽ അനുസ്മരിച്ചു കണ്ടിട്ടുമില്ല. അതുകൊണ്ടു തന്നെ യൗസേപ്പു പിതാവിനെ സുറീയാനീ പ്രാർത്ഥനകളിൽ കണ്ടുമുട്ടുവാൻ സാധിയ്ക്കില്ല. മേൽ പറഞ്ഞ കാരണത്താൽ തന്നെ ഈശോ മറീയം യൗസേപ്പേ എന്നത് സുറീയാനിക്കാരുടെ പ്രാർത്ഥനയല്ല. പാശ്ചാത്യസഭയുടെ ലിറ്റർജിയിൽ പോലും ഔസേപ്പു പിതാവ് പരാമർശിക്കപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യമാണ്. ഔസേപ്പു പിതാവിനേപ്പറ്റിയുള്ള മൗനം കത്തോലിയ്ക്കാ സഭയുടെ ഒരു പൊതുസ്വഭാവമായിരുന്നു.


അപ്പോൾ പിന്നെ ഈ പ്രാർത്ഥന എവിടെനിന്നു വന്നു എന്ന ചോദ്യം വരാം. ഇത് പാശ്ചാത്യ മിഷനറിമാർ ഇവിടെ ഇറക്കുമതി ചെയ്തതാണ്. ഒട്ടനവധി പ്രാർത്ഥനകൾ ലത്തീനിൽ നീന്ന് സുറീയാനിയിലേയ്ക്കും പിന്നീട് മലയാളത്തിലേയ്ക്കും പരിഭാഷപ്പെടുത്തി. ലത്തീൽ ശൈലിയിൽ മലയാളത്തിലും സുറിയാനിയിലും പുതിയ പ്രാർത്ഥനകൾ രൂപപ്പെടുത്തി.  പക്ഷേ അതൊന്നും പൗരസ്ത്യസഭയുടെ പാരമ്പര്യമായി തെറ്റിദ്ധരിച്ചുകൂടാ. പൗരസ്ത്യ സഭയുടെ ആദ്ധ്യാത്മികത എന്താണെന്നോ അവരുടെ പ്രാർത്ഥനയുടെ ശൈലി എന്താണെന്നോ മനസിലാക്കിയിരുന്നെങ്കിൽ മനോവ ഇത്തരം ആരോപണങ്ങൾ ഉന്നയിയ്ക്കുകയില്ലായിരുന്നു.

പൗരസ്ത്യ സുറിയാനീസഭാപാരമ്പര്യത്തിലെ പ്രാർത്ഥനകൾ ഉടവിടങ്ങളോട് നീതിപുലർത്തിക്കൊണ്ട്  ദനഹാസർവ്വീസ് പ്രസിദ്ധീകരിച്ചിട്ടൂണ്ട്. പൗരസ്ത്യ സുറിയാനീ ആദ്ധ്യാത്മികതയെ പരിചയപ്പെടുവാൻ ഇത്തരം പുസ്തങ്ങളുടെ ഉപയോഗത്തിലൂടെ സാധിയ്ക്കും.


മറ്റൊരു ആരോപണം വൃദ്ധനായി യൗസേപ്പിനെ പൗരസ്ത്യ സഭ ചിത്രീകരിച്ചു എന്നതാണ്. ഇവിടെ പൗരസ്ത്യ സഭ എന്നതുകൊണ്ട് ഗ്രീക്ക് സഭയാണെങ്കിൽ മനോവയുടെ വാദത്തിൽ കഴമ്പുണ്ടാകാം. ഇവിടെ മനസിലാക്കേണ്ട വസ്തുത ഒരു തരത്തിലുമുള്ള ചിത്രീകരണങ്ങൾ സുറിയാനീ സഭയുടെ പാരമ്പര്യത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്.  മാർ തോമാ നസ്രാണികളുടെ കാര്യത്തിലാണെങ്കിൽ ഇത് വളരെ സ്പഷ്ടവുമാണ്. പ്രതിമകളോ ചിത്രങ്ങളോ പള്ളിയിൽ പ്രതിഷ്ടിയ്ക്കുന്ന പതിവ് വൈദേശികമാണ്. രണ്ട് പൗരസ്ത്യ സഭയായ ഗ്രീക്ക് സഭ ഐക്കണുകൾ ഉപയോഗിച്ച് ചിത്രീകരിയ്ക്കുന്ന രിതിയുണ്ട്. ഐക്കണുകൾ ഫോട്ടോകളല്ല. ഒരാൾ കാഴ്ചയിൽ എങ്ങനെയിരുന്നു എന്നു ചിത്രീകരിയ്ക്കുകയല്ല ഐക്കണുകളുടെ ഉദ്ദ്യേശം. അതുകൊണ്ടൂ തന്നെ വൃദ്ധനായ യൗസേപ്പിന്റെ ചിത്രങ്ങളോ ഐക്കണുകളോ പൗരസ്ത്യസഭയിൽ പ്രചരിച്ചിരുന്നെങ്കിൽ തന്നെ അത് യൗസേപ്പ് വൃദ്ധനായിരുന്നു എന്നു ചിത്രീകരിയ്ക്കാനാവണമെന്നുമില്ല.

ആഗസ്തീനോസ് പൗരസ്ത്യനോ? :)

കിഴക്കിനെ പടിഞ്ഞാറെന്നും പടിഞ്ഞാറിനെ കിഴക്കെന്നുമൊക്കെ തരം പോലെ വിളിയ്ക്കാൻമനോവയ്ക്കു മടിയില്ല. പഴയതിനെ പുതിയതെന്നും പുതിയതിനെ പഴയതെന്നും വിളിയ്ക്കാനും മനോവയ്ക്ക് മടിയില്ല. അത്തരത്തിലുള്ള പുതിയ ഒരാരോപണമാണ് ആഗസ്തീനോസ് പൗരസ്ത്യനാണെന്നുള്ളത്.  ആഗസ്തീനോസ് ചിരിയ്ക്കുന്നുണ്ടാവണം!

മനോവ എഴുതിയിരിയ്ക്കുന്നത് ഇങ്ങനെയാണ്: “ത്രിത്വൈകദൈവത്തെക്കുറിച്ച് അബദ്ധധാരണ ജനിപ്പിക്കുന്നതില്‍ പൗരസ്ത്യസഭ എല്ലാക്കാലത്തും മുന്നിലായിരുന്നു. ബുദ്ധിയുടെ തലത്തില്‍ ത്രിത്വത്തെ അന്വേഷിച്ചു പരാജയപ്പെട്ടവരില്‍ ഏറ്റവും പ്രധാനിയായിരുന്ന വിശുദ്ധ അഗസ്തീനോസ് പൗരസ്ത്യസഭയില്‍നിന്നുള്ള വ്യക്തിയായിരുന്നുവെന്ന് നമുക്കറിയാം. അഗസ്തീനോസ് പിന്‍വലിഞ്ഞുവെങ്കിലും അബദ്ധസിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‍ പൗരസ്ത്യസഭ പിന്‍വാങ്ങിയില്ല. നെസ്തോറിയന്മാരായ നെസ്തോറിയസ്, മെസപ്പൊട്ടേമിയയിലെ തിയഡോര്‍, താര്‍സിസിലെ ദിയോദാരസ് മുതലായവരായിരുന്നു ഇവരില്‍ പ്രമുഖര്‍. ഇവരെ പ്രകീര്‍ത്തിക്കുന്ന പാര്‍ത്ഥനകള്‍പോലും സുറിയാനിസഭയില്‍ ഉണ്ടായിരുന്നു. കത്തോലിക്കാസഭയോടു ചേര്‍ന്നപ്പോള്‍ നീക്കംചെയ്യപ്പെട്ട പ്രാര്‍ത്ഥനകളില്‍ ഇവയും പെടും! - See more at: http://manovaonline.com/newscontent.php?id=203#sthash.XPvkOFUo.dpuf

മൂന്നു വ്യത്യസ്ത പാരമ്പര്യങ്ങളുള്ള സഭകളാണല്ലോ കത്തോലീയ്ക്കാ സഭയിലുള്ളത് യഥാക്രമം സുറീയാനി അഥവാ അറമയ, ഗ്രീക്ക്, ലത്തീൻ.
ഇതിൽ സുറീയാനി സഭകൾ റോമൻ -ബൈസന്റൈൻ പരിധികൾക്കു പുറത്ത് ഹെലനീകരിയ്ക്കപ്പെടാതെ വളർന്നു. ഗ്രീക്കു സഭയും ലത്തീൻ സഭയും റോമാസാമ്രാജ്യത്തിന്റെ ഉള്ളിലും. സുറീയാനീ സഭകൾ കിഴക്കൻ സഭയെന്നു വിളിയ്ക്കപ്പെട്ടു. റോമാ സാമ്രാജ്യത്തിൽ കിഴക്കുള്ളവ പൗരസ്ത്യസഭയെന്നും, പടിഞ്ഞാറുള്ള പാശ്ചാത്യസഭയെന്നും വിളിയ്ക്കപ്പെട്ടു. അതായത് പാശ്ചാത്യസഭയായ ലത്തീൻ സഭയും പൗരസ്ത്യ സഭകളായ ബൈസന്റൈൻ, അർമ്മേനിയൻ, കോപ്റ്റിക് സഭകൾ റോമാ സാമ്രാജ്യത്തിനുള്ളിലാണ് വളർന്നത്. കൽദായയെന്നും നെസ്തോറിയനെന്നും അസ്സീറീയനെന്നും പൗരസ്ത്യസുറിയാനിയെന്നുമൊക്കെയുള്ള നാമങ്ങൾ കിഴക്കിന്റെ സഭ സ്വന്തമായി തിരഞ്ഞെടുത്തതല്ല, കാലക്രമത്തിൽ ചരിത്രപരമായ കാരണങ്ങളാൽ വന്നു ചേർന്നതോ ചാർത്തപ്പെട്ടതോ ആണ്. റോമാ സാമ്രാജ്യത്തിലെ പൗരസ്ത്യസഭകൾക്ക്പൊതുവിൽ ഒരു ഗ്രീക്ക് പാരമ്പര്യമുണ്ട്. ലത്തീൻ സഭയുടെ ഉത്ഭവവും ഗ്രീക്ക് സഭയിൽ നിന്നായിരുന്നു എന്നതും മനസികാക്കേണ്ട കാര്യമാണ്. ആധുനിക കാലത്ത് ഗ്രീക്ക് സുറീയാനി സഭകളെ  ചേർത്ത് പൊതുവിൽ പൗരസ്ത്യമെന്നു വിളിയ്ക്കുന്ന പതിവുമുണ്ട്.

ഇനി ആഗസ്തീനോസിലേയ്ക്ക് വരാം. പാശ്ചാത്യസഭാപിതാക്കളിൽ ഏറ്റവും പ്രമുഖനായിട്ടാണ് പാശ്ചാത്യസഭതന്നെ ആഗസ്തീനോസിനെ അഥവാ സെന്റ്. അഗസ്റ്റിനെ കാണുന്നത്.
ആഗസ്തീനോസ് അറിയപ്പെടുന്നതു തന്നെ ഹിപ്പോയിലെ ആഗസ്തീനോസ് അഥവാ Augustine ofHippo എന്നാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇന്നത്തെ അൾജീരിയായിലെ തീരപ്രദേശമായ അന്നബായാണ് പഴയ ഹിപ്പോ അഥവാ Hippo Regius. ഇത് റോമിന്റെ പ്രവിശ്യയായിരുന്നു.  ഇന്നത്തെ ജർമ്മനിയ്ക്കും പടിഞ്ഞാറായി ഭൂഖണ്ഡത്തിൽ കാണുന്ന ഈ സ്ഥലം പൗരസ്ത്യ ദേശമായി കണക്കാക്കണമെങ്കിൽ, പാശ്ചാത്യസഭാപിതാവായ ഹിപ്പോയിലെ ആഗസ്തീനോസിനെ പൗരസ്ത്യനെന്നു വിളിയ്ക്കണമെങ്കിൽ മനോവ ആരായിരിയ്ക്കണമെന്ന് വായനാക്കാർ തന്നെ ചിന്തിയ്ക്കുക.


മനോവയ്ക്ക് ഒരു ഗൃഹപാഠം.
ഒരു ലോകഭൂപടം വാങ്ങിയ്ക്കുക. അതിൽ ഹിപ്പോയുടെ സ്ഥാനം അടയാളപ്പെടുത്തുക. ജർമ്മനിയുടെ സ്ഥലവും അടയാളപ്പെടുത്തുക.  എന്നിട്ട് എഴുതിയ പോസ്റ്റ് തിരുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തിരുത്തുക.