Thursday, October 11, 2018

മിശിഹായുടെ പൗരോഹിത്യം: മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം


ഈശോ തന്നെക്കുറിച്ചു തന്നെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉദ്ധരിയ്ക്കുന്ന ഒരു സങ്കീർത്തനമുണ്ട്. കർത്താവ് എന്റെ കർത്താവിനോട് എന്നു തുടങ്ങുന്ന 110 ആം സങ്കീർത്തനത്തിന്റെ ആദ്യ് വരി. പുതിയനിയമ പശ്ചാത്തലത്തിൽ മിശിഹായെക്കുറിച്ചുള്ള പ്രവചനം. അതിലെ നാലാം വാക്യം ശ്രദ്ധിയ്ക്കുക. മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം നീ എന്നേയ്ക്കും നിത്യപുരോഹിതനാകുന്നു. (സങ്കീ 110)
ഇനി മെൽക്കിസെദെക്ക് ആരാണുന്നു നോക്കാം. സുറീയാനിയിലെ (അറമായ) മൽക്കാ - രാജാവ് സാദെക്ക്- നീതി എന്നീ പദങ്ങളിൽ നിന്നാണ് മെൽക്കിസെദ്ക്ക് എന്ന നാമത്തിന്റെ പിറവി. നീതിയുടെ രാജാവ്. മിശീഹായുടെ പര്യായമാണ്. മെൽക്കിസെദക്ക് അബ്രാഹത്തിനും അപ്പവും വീഞ്ഞും കൊടുക്കുന്നു. മെൽക്കിസെദെക്കിന്റെ ക്രമപ്രകാരം പുരോഹിതനായവൻ വിശ്വാസികൾക്ക് അപ്പവും വീഞ്ഞും കൊടുക്കുന്നു കുർബാനയിൽ. മെൽക്കിസെദെക്കിന്റെ രാജ്യം സമാധാനം എന്നർത്ഥമുള്ള സാലേം. മിശിഹാ സമാധാനത്തിന്റെ രാജാവ്.
ഈശോ മിശിഹാ പുരോഹിതനാവുന്നത് ലേവീഗോത്രപ്രകാരമുള്ള പൗരോഹിത്യമല്ല മെൽക്കിസെദെക്കിന്റെ ക്രമപ്രകാരമാണ്.

മിശിഹായുടെ പൗരോഹിത്യവും കുരിശിലെ ബലിയും


സുറീയാനീ സഭകളിൽ പാതി നോമ്പിന് നടത്തുന്ന ഒരു കർമ്മമുണ്ട്. മിശിഹാ തന്റെ പീഡാസഹനം പ്രവചിയ്ക്കുമ്പോൾ സ്ലീവായിൽ ഊറാറ ചാർത്തി മിശിഹായുടെ പൗരോഹിത്യം ഏറ്റുപറയുന്ന കർമ്മം. തന്റെ മൂന്നാം പീഠാനുഭവ പ്രവചനത്തിന്റെ ശേഷം മത്തായി 20: 28 ൽ പറയുന്നത് 'അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും മനുഷ്യപുത്രൻ വന്നിരിയ്ക്കുന്നതു പോലെ തന്നെ'. മിശിഹായുടെ പ്രവാചക ദൗത്യം പോലെ തന്നെ ഈ സ്വജീവൻ കൊടുക്കലും എത്രമാത്രം പ്രധാനമാണെന്ന് ഈ ഈശോയൂടെ വാചകം തന്നെ വ്യക്തമാക്കുന്നുണ്ട്. സമകാലികർ കണ്ടോ എന്നറിഞ്ഞുകൂടാ പക്ഷേ ഈശോ അങ്ങനെ കണ്ടിരുന്നു. അതുകൊണ്ടാണ് അവൻ അപ്പമെടുത്ത് ഇതു നിങ്ങൾക്കുവേണ്ടി വിഭജിയ്ക്കപ്പെടുന്ന തന്റെ ശരീരമാണെന്നും കാസായെടുത്ത് അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന രക്തമാണെന്നും പറയുന്നത്.
ഏശായാ നിവ്യയുടെ പുസ്തകത്തിൽ 53 ആം ആധ്യായം മുഴുവൻ മിശീഹായുടെ ബലിയെപ്പറ്റിയാണ്. (പീഠാനുഭവവെള്ളിയാഴ്ച ഇതു വായിയ്ക്കുന്നുമുണ്ട്). 'പാപപ്പരിഹാരബലിയായി തന്നെത്തന്നെ അർപ്പിയ്ക്കുമ്പോൾ ' എന്നു കാണാം ഏശായാ 53: 10 ഇൽ. നമ്മൂടെ വേദനകളാണ് അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത് എന്നു ഏശായാ 53: 4 ഇൽ.
മെസ്രേനിൽ നിന്നു കാനാനിലേയ്ക്കുള്ള പെസഹായ്ക്ക് കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടതുപോലെ മരണത്തിൽ നിന്നു ജീവനിലേയ്ക്കുള്ള പെസഹയ്ക്കും ഒരു കുഞ്ഞാടു ബലികഴിയ്ക്കപ്പെട്ടു. നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി എന്ന് കേപ്പാ ശ്ലീഹാ (1 കേപ്പാ 2:24).പ്രസ്തുത അധ്യയം മുഴുവൻ വിശ്വാസികളൂടെ പൗരോഹിത്യ ധർമ്മത്തെപറ്റിയാണ്. ഈശോ മിശിഹാവഴി ദൈവത്തിനു സ്വീകര്യമായ ബലികൾ അർപ്പിയ്ക്കുന്നതിനു നിങ്ങൾ പുരോഹിത ജനമാവട്ടെ എന്നാണു കേപ്പാ ആശംസിയ്ക്കുന്നത്. മിശിഹായുടെ പൗരോഹിത്യം ഇതാ സമകാലികന്റെ വാക്കുകളിൽ.
എബ്രായർക്കുള്ള ലേഖനത്തിലേയ്ക്കുമടങ്ങി വരാം. 8,9,10 അദ്ധ്യായങ്ങളീൽ മിശിഹായൂടെ പൗരോഹിത്യത്തെക്കുറിച്ചും ബലിയുടേ ശ്രേഷ്ടതയെക്കുറിച്ചുമാണ്. പരിശുദ്ധ കുർബാനയെക്കുറിച്ചാണ്.

സഭാപാരമ്പര്യങ്ങളുടെ പ്രസക്തി

പത്തുവർഷത്തോളമായി താൻ നവീകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കു എന്നു അവകാശപ്പെടുന്ന, തിയോളജി പഠിച്ചിട്ടുള്ള ഒരു സീറോ മലബാറുകാരൻ  ഓഡിയോ ക്ലിപ്പായി അവതരിപ്പിയ്ക്കുന്ന അബന്ധങ്ങളുടെ ഘോഷയാത്രകണ്ട് കണ്ണുതള്ളിപ്പോയി. ഇത്തരം സ്വപ്രഖ്യാപിത നവീകരണ പ്രസ്ഥാനക്കാരെ നിയന്ത്രിച്ചില്ലെങ്കിൽ സഭാവിരുദ്ധതയ്ക്ക് വേറേ ഉറവിടം ഒന്നും അന്വേഷിയ്ക്കേണ്ടതില്ല.
ഇദ്ദേഹം പറയുന്നത് പാരമ്പര്യം നോക്കിനടന്നാൽ ഈശോയിൽ എത്തില്ല എന്നും പാരമ്പര്യമെന്നു പറഞ്ഞു കോണകമുടൂക്കണമോ എന്നുമാണ് ഇദ്ദേഹം ചോദിയ്ക്കുന്നത്. സഭാപാരമ്പര്യത്തെക്കുറിച്ച് ഇത്രയും ആഴമായി മനസിലാക്കിയ ഇദ്ദേഹം എവിടെനിന്നാണ് തിയോളജി പഠിച്ചത് എന്നറിയുവാൻ താത്പര്യമുണ്ട്.

സഭാപാരമ്പര്യം എന്നു പറയുന്നത് ഇന്നലെവരെ ചെയ്തുപോന്നിരുന്ന ചില ആചാരങ്ങൾ അല്ല. എത്രനാൾ ചെയ്തു എന്നത് ഒരു ആചാരത്തെയും കൊണ്ടു നടക്കുവാനുള്ള ലൈസൻസും അല്ല. ഇന്നലെ വരെ ചെയ്തുവന്നത് 2000 ഓ 3000 ഓ വർഷം പഴക്കമുള്ള ഒരു തെറ്റായികൂടാ എന്നില്ല.
സഭാ പാരമ്പര്യം എന്നത് വേദപുസ്തകത്തിൽ അടിസ്ഥാനപ്പെടുത്തിയും ശ്ലൈഹീകപിന്തുടർച്ചയിലൂടെ കൈമാറപ്പെട്ടും സഭാപിതാക്കന്മാരാൽ വിശദീകരിയ്ക്കപ്പെട്ടൂം സഭാ സൂനഹദോസുകളാൾ അംഗീകരിയ്ക്കപ്പെട്ടൂം തുടർന്നു പോന്നിട്ടുള്ള ശൈലികളെയാണ്. അല്ലാതെ ഇന്നലെവരെ കോണകമുടുത്തും, പറമ്പിൽ വെളിക്കിറങ്ങിയതുമല്ല പാരമ്പര്യം.
സഭ പാരമ്പര്യങ്ങളിലേയ്ക്ക് മടങ്ങിപ്പോകണം എന്നു പറയുമ്പോൾ സഭാ പിതാക്കന്മാരിലേയ്ക്കു മടങ്ങിപ്പോവണം എന്നണ് അർത്ഥം. സഭാ പിതാക്കന്മാർ എന്നു പറയുന്നത് 9 ആം നൂറ്റാണ്ടിനു മുൻപു വരെ ജീവിച്ചിരുന്ന, വേദപുസ്തകത്തിലും സഭാ പ്രബോധനങ്ങളിലും അവഗാഹമുള്ള വിശുദ്ധ ജീവിതം നയിച്ച പുണ്യാത്മാക്കളാണ്. അവരുടെ പാത പിന്തുടരുവാനുള്ള വിളിയാണ് സഭയുടെ പാരമ്പര്യങ്ങളിലേയ്ക്കുള്ള മടങ്ങിപ്പോക്ക്. പൗരസ്ത്യ സുറിയാനീ പാരമ്പര്യത്തിൽ അഫ്രാത്തിലേയ്ക്കും അപ്രേമിലേയ്ക്കും നിനിവെയിലെ ഇസഹാക്കിലേയ്ക്കും നർസ്സായിയിലേയ്ക്കും ഉള്ള മടങ്ങിപ്പോക്ക്. ഗ്രീക്ക് പാരമ്പര്യങ്ങളിൽ ബേസിലിലേയ്ക്കും ഗ്രിഗരി നസിയൻസനിലേയ്ക്കും നീസായിലെ ഗ്രിഗറിയിലേയ്ക്കും ഒക്കെയുള്ള മടങ്ങിപ്പോക്ക്. പാശ്ചാത്യ പാരമ്പര്യത്തിൽ അംബ്രോസിലേയ്ക്കും ആഗസ്തീനോസിലേയ്ക്കുമുള്ള മടങ്ങിപ്പോക്ക്,
വേദപുസ്തകത്തിലേയ്ക്കുള്ള മടങ്ങിപ്പോക്ക്. കലർപ്പില്ലാത്ത ദൈവരാധനയിലേക്കുള്ള മടങ്ങിപ്പോക്ക്.

ദൈവാരാധന എങ്ങനെയാണെന്നും എന്താണെന്നും വേദപുസ്തകബന്ധിയായി സഭാപിതാക്കന്മാർ പറഞ്ഞുവച്ചിട്ടുണ്ട്. അതനുസരിച്ച് ദൈവത്തെ ആരാധിയ്ക്കുക എന്നതാണ് പാരമ്പര്യത്തിലേയ്ക്കുള്ള മടങ്ങിപ്പോക്ക്.
വേദപുസ്തകം വായിച്ച് ഭാവനയിൽ രൂപപ്പെട്ട ഈശോയെ സൃഷ്ടിയ്ക്കൽ അല്ല ശ്ലൈഹീക വിശ്വാസം. അതു വിഗ്രഹാരാധനയാണ്. ശ്ലീഹാന്മാർ കണ്ണുകൊണ്ടു കണ്ടതും കാതുകൊണ്ടു കേട്ടതും, അനുഭവിച്ചതുമായ ഈശോയെ, സഭാപിതാക്കന്മാർ അറിഞ്ഞ മിശിഹായെ അവന്റെ ശരീരമായ സഭയിൽ അറിയുകയും സ്നേഹിയ്ക്കുകയും ശുശ്രൂഷിയ്ക്കുകയുമാണ് ശ്ലൈഹീകപാരമ്പര്യം.

അതുകൊണ്ട് സഭയുടെ പ്രബോധനങ്ങളെ സഭ പറയുന്ന അർത്ഥത്തിൽ മനസിലാക്കുക, സഭയുടെ ദൈവാരാധനയെ മനസിലാക്കുക, സഭാ പിതാക്കനമാരെ മനസിലാക്കുക. സഭാപിതാക്കന്മാർ വിശദീകരിയ്ക്കുന്ന രീതിയിൽ വേദപുസ്തകത്തെ മനസിലാക്കുക. അതാണ് ഒരു ശ്ലൈഹീക സഭയിലെ അംഗത്തിനു ചെയ്യുവാനുള്ളത്.

ഞാൻ തിയോളജി ഒന്നും പഠിച്ചിട്ടില്ല എന്നാണു പറയുന്നെങ്കിൽ ഞാൻ പറയുന്നു നിങ്ങൾ വലിയ തിയോളജി ഒന്നും പഠിയ്ക്കേണ്ട. സീറോ മലബാർ സഭയുടെ വേദപാഠപ്പുസ്തകം പന്ത്രണ്ടാം ക്ലാസുവരെയുള്ളത് ഒന്നു പഠിച്ചാൽ മതി. പന്ത്രണ്ടാം ക്ലാസുവരെയുള്ള വേദപഠനം പോലും ശരിയായിട്ടില്ലാത്തവരമാണ് "നവീകരണ"ത്തിന്റെ പേരിൽ ആൾക്കാരെ വഴിതെറ്റിയ്ക്കാൻ ഇറങ്ങുന്നത് എന്നതാണ് "നവീകരണത്തിന്റെ" പ്രശ്നം. അന്ധന്മാരെ നയിയ്ക്കുന്ന അന്ധന്മാരെ തിരിച്ചറിയുക എന്നതാണു വെല്ലുവിളി. പന്ത്രണ്ടാം ക്ലാസുവരെയുള്ള പുസ്തകങ്ങൾ നൽകുന്ന സഭാത്മകത ഉണ്ടെങ്കിൽ പല "നവീകരണ"പ്രസ്ഥാനക്കാരും പൊതുവേദികളിൽ അവതരിപ്പിച്ചുകാണുന്ന അബന്ധങ്ങൾ പറയില്ലായിരുന്നു. അതും ബുദ്ധിമുട്ടാണെങ്കിൽ സീറോ മലബാർ സഭയുടെ 8, 9,10 ക്ലാസുകളിലെ വേദപാഠപ്പുസ്തകം വായിച്ചു പഠിയ്ക്കുക. ഒരു സാധാരണവിശ്വാസിയ്ക്കുവേണ്ട സഭാത്മകചിന്തയുടെ അടിസ്ഥാനം അതിൽ നിന്നു കിട്ടും. അതുപോലും ഇല്ലാത്തവരാണ് വാട്ട്സ് ആപ്പിൽ ക്ലാസെടുത്ത് വിശ്വാസികളെ വഴിതെറ്റിയ്ക്കുന്നത്.

കർത്താവിന്റെ ചില മുന്നറിയീപ്പുകൾ ഉദ്ധരിയ്ക്കാം.

"ആരും നിങ്ങളെ വഴിതെറ്റിയ്ക്കാതിരിയ്ക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ. പലരും എന്റെ നാമത്തിൽ വന്ന് ഞാൻ മിശിഹാ(അഭിഷിക്തൻ, ക്രിസ്തു) ആണെന്നു പറയുകയും അനേകരെ വഴിതെറ്റിയ്ക്കുകയും ചെയ്യും". - മത്തായി 24: 4-5

നിരവധി വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിയ്ക്കും മത്തായി 24: 11

കള്ളമിശിഹാമാരും (കള്ള അഭിഷിക്തന്മാരും) വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണീയ്ക്കും മത്തായി 24:24

മിശിഹാ (അഭിഷിക്തൻ) മരുഭൂമിയിൽ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ അവിടേയ്ക്ക് പുറപ്പെടരുത്. അവൻ മുറീയിലുണ്ടെന്നു പറഞ്ഞാലും നിങ്ങൾ വിശ്വസിയ്ക്കരുത്. മത്തായി 24:26

അതുകൊണ്ടൂ മിശിഹായിൽ പ്രീയപ്പെട്ടവരെ വഴിതെറ്റിയ്ക്കുവാൻ അനേകം വ്യാജപ്രവാചകന്മാരും കള്ള അഭിഷിക്തന്മാരും (മിശിഹാ എന്നവാക്കിന്റെ അർത്ഥം അഭിഷിക്തൻ എന്നാണ്) ഉള്ള കാലമാണ്. പറയുന്നത് വൈദീകന്മാണ്, "അഭിഷേക"മുള്ള ബ്രദർ ആണ് എന്നു പറഞ്ഞ് വിഴുങ്ങേണ്ടതില്ല. മധുരത്തെ മധുരമായും കയ്പിനെ മധുരമായും തിരിച്ചറിയുവാൻ നാവിനു ശേഷി ഉണ്ടാക്കുക എന്നതാണ് ചെയ്യുവാനുള്ളത്.