Monday, January 11, 2016

മാർ തോമാ നസ്രാണികളുടെ ലത്തീനീകരണവും ഡീലാറ്റിനൈസേഷൻ ശ്രമങ്ങളും

ഒരു കാലത്ത് അതായത് പാശ്ചത്യർ കോളനിഭരണം നടത്തുവാൻ തുടങ്ങിയ കാലത്ത് പോർട്ടുഗീസുകാരും ലത്തീൻ കാരും ക്രിസ്തുമതപ്രചരണവും നടത്തിപ്പോന്നു. കത്തോലിയ്ക്കാ സഭ എന്നാൽ റോമൻ ലത്തീൻ സഭയെന്നാണെന്നും കത്തോലിയ്ക്കാ വത്കരണമെന്നാൽ ലത്തൻവത്കരണമാണെന്നും ലത്തീൻ മിഷനറിമാർ ധരിച്ചു വച്ചിരുന്നു. ലത്തീനല്ലാത്തതെല്ലാം പാഷണ്ഢതയായി മാത്രമേ അവർക്കു കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ.
മാർ തോമാ നസ്രാണികളുടെ സഭ മാത്രമല്ല ഒട്ടേറെ സഭകൾ, കത്തോലിയ്ക്കാ കൂട്ടായ്മയിലേയ്ക്കു വന്ന സഭകളെല്ലാം ഏറ്റക്കുറച്ചിലുകളോടെ ലത്തീൻ വത്കരിയ്ക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം കുർബാനക്രമത്തെ അത്രകണ്ടു ലത്തീൻകരിയ്ക്കുവാൻ കഴിഞ്ഞില്ലെങ്കിൽ പോലും തിരുന്നാളുകൾ, ഭക്താനുഷ്ടാനങ്ങൾ, ദൈവശാസ്ത്രം ഇതെല്ലാം പരിപൂർണ്ണമായി ലത്തീൻ വത്കരിയ്ക്കുവാൻ ലത്തീൻ മിഷനറിമാർക്കും അതിനുശേഷം പാശ്ചാത്യസഭയുടെ പരിശീലനം കിട്ടിയ നാട്ടു മെത്രാന്മാർക്കുമെല്ലാം കഴിഞ്ഞു. കുർബാനക്രമം ലത്തീൻ വത്കരിയ്ക്കപ്പെട്ടിട്ടില്ല എന്നു തത്വത്തിൽ പറഞ്ഞാലും കുർബാനയോടുള്ള കാഴ്ചപ്പാട് ലത്തീൻ വത്കരിയ്ക്കപ്പെട്ടു എന്നു സമ്മതിയ്ക്കാതെ വയ്യ.
*****കത്തോലിയ്ക്കാ വത്കരനമെന്നാൽ ലത്തീൻ വത്കരണമല്ല എന്നു പ്രഖ്യാപിച്ച മാർപ്പാപ്പാ ആര്??????************
നമ്മുടെ വൈദീകർക്കു ലഭിച്ചിരുന്ന പരിശീലനം, ലഭിച്ചുകൊണ്ടിരിയ്ക്കുന്ന പരിശീലനം, സഭയിൽ നിന്നു ലഭിയ്ക്കന്ന അടിസ്ഥാന മതബോധനം, കണ്ടും കേട്ടും സഭയിൽ നിന്നു ലഭിയ്ക്കുന്ന ഉപരിപ്ലവമായ ബോധ്യങ്ങൾ ഇവയെല്ലാം ഇന്നും ലത്തീനീകരണത്തിൽ നിന്നു വിമുക്തമല്ല. ഇതിനെല്ലാം അപ്പുറത്ത് വൈകാരികമായ ഭക്തിപ്രസ്ഥാനങ്ങളും അവരുടെ പ്രസിദ്ധീകരണങ്ങളുമെല്ലാം ലത്തീനീകരണത്തെ ബോധപൂർവ്വമോ അല്ലാതെയോ പ്രോത്സാഹിപ്പിച്ചും കൊണ്ടുമിരിയ്ക്കുന്നു.
ഹയരാർക്കി ലത്തീൻവിമുക്തീകരണം നടത്തിയിട്ട് സഭ ലത്തീൻ വിമുക്തമാകുമെന്നു ചിന്തിക്കാനാവില്ല. അഥവാ നമ്മുടെ ഹയരാർക്കി അതിനുള്ള പാങ്ങായിട്ടില്ല. പുനരുദ്ധരിയ്ക്കപ്പെട്ട കുർബാന (86ലെ കുർബാന) അതിന്റെ പൂർണ്ണതയിൽ, ഉറവിടങ്ങൾ നിർദ്ദേശിയ്ക്കുന്ന മാതിരി എത്ര വിശ്വാസികൾക്കു ലഭ്യമാണ്. അങ്ങനെ ലഭ്യമാകണമെന്ന് എത്രശതമാനം വിശ്വാസികൾ ആഗ്രഹിയ്ക്കുന്നുണ്ട്? ഇതിനു സഹായകരമായ ഒട്ടനവധി നിർദ്ദേശങ്ങൾ വത്തിയ്ക്കാനിൽ നിന്നും നമ്മുടെ മെത്രാൻ സമതിയിൽ നിന്നും സിനഡിൽ നിന്നും ഉണ്ടായിട്ടും മിക്കയിടത്തും ഒന്നും നടപ്പിലായില്ല.
ഇനി ഇക്കാര്യത്തിൽ മെത്രാന്മാരുടെ അഭിപ്രായങ്ങളും വൈദീകരുടെ അഭിപ്രായങ്ങളും ആണ് ശരി എന്നും കരുതാനാവില്ല.കാരണം അവർക്കു ലഭിച്ച പരിശീലവും രൂപീകരണവും എല്ലാം ആശ്രയിച്ച് അവർക്ക് ഉണ്ടായ ബോധ്യങ്ങളും മനസിലാക്കുന്ന ആശയങ്ങളും മാറും. മെത്രാൻ സമതി ഭൂരിപക്ഷത്തോടെ പാസാക്കിയ പല കാര്യങ്ങളോടും വത്തിയ്ക്കാൻ ലത്തീനീകരണമായതുകൊണ്ടു വിയോജിച്ച ചരിത്രമൂണ്ട്.
സഭ മെത്രാന്മാരുടെയോ വൈദീകരുടേയോ അല്ല, ദൈവജനത്തിന്റേതാണ്. മെത്രാന്മാരും വൈദികരും ദൈവജനത്തിനു ആവശ്യാമായ അജപാനനശുശ്രൂഷ ചെയ്തുകൊടുക്കുവാൻ വിളിയ്ക്കപ്പെട്ട നിയോഗിയ്ക്കപ്പെട്ട ദൈവജനത്തിന്റെ ഭാഗം തന്നെയാണ്.
നമ്മുടെ സഭയുടെ തനിമ എന്താണെന്നും നമ്മുടെ സഭയിൽ നിലനിൽക്കുന്ന നമ്മുടെ സഭയുടേതല്ലാത്ത പ്രവണതകൾ എന്താണെന്നും മനസിലാക്കുവാനുള്ള ശ്രമം സഭാ സ്നേഹികളായ എല്ലാ വിശ്വാസികളും നടത്തേണ്ടത് ആവശ്യമാണ്. തങ്ങൾക്കു പരിചയമില്ലാത്തതിനെ പാഷണ്ഢതയായി കാണുന്ന മെനേസിസിന്റെ ദൈവശാസ്ത്രത്തെ നമുക്കുപേക്ഷിയ്ക്കാം. കുറഞ്ഞപക്ഷം മറച്ചൊരഭിപ്രായമുണ്ടെന്നെങ്കിലും മാനിയ്ക്കുവാനുള്ള തുറവിയ്ക്കായി പ്രാർത്ഥിയ്ക്കാം.

ക്രിസ്തുമസ് ആഘോഷങ്ങൾ - സത്യവും മിഥ്യയും

1. പൂജാരാക്കാന്മാർ എന്ന സങ്കല്പം തന്നെ പാശ്ചാത്യമാണ്. പൗരസ്ത്യ സുറീയാനിയിൽ അവർ ജ്ഞാനികളാണ്. ജ്യോതിശാസ്ത്രജ്ഞന്മാർ എന്നും പറയാം. അവർക്ക് രാജ്യവുമില്ല, രാജാക്കന്മാരുമല്ല.

2. ഇവർ മൂന്നു പേരാണെന്ന് പാശ്ചാത്യർ കരുതുന്നുണ്ട്. പക്ഷേ ആ പാരമ്പര്യം നമ്മുടെ സഭയുടേതല്ല. ഒൻപതോ അതിലധികം പേരോ ഉണ്ടായിരിയ്ക്കുവാനാണ് സാധ്യത എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ദൂരയാത്രയാവുമ്പോൾ കൂട്ടമായി യത്രചെയ്യുന്നതാണ് രീതി. മൂന്നു കാഴ്ച ദ്രവ്യങ്ങൾ കൊടുത്തതുകൊണ്ട് അവർ മൂന്നു പേരാണെന്നു തെറ്റിദ്ധരിച്ചതാണ്.

3. ഇവർ കാലിത്തൊഴുത്തിലാണ് ഈശോയെ സന്ദർശിച്ചതെന്ന തെറ്റീദ്ധാരണയുണ്ട്. ബൈബിളിൽ പറയുന്നത് അവർ വീട്ടിൽ ചെന്ന് ശിശുവിനെ അമ്മയോടൊപ്പം കണ്ടു എന്നാണ്. കാലിത്തൊഴുത്തിൽ അല്ല. അതുകൊണ്ട് പുൽക്കൂട് ഉണ്ടാക്കി കാലിത്തൊഴുത്തിനുമുൻപ് മൂന്നു രാജാക്കന്മാരെ നിരത്തുന്നത് പൗരസ്ത്യസുറിയാനീ പാരമ്പര്യമനുസരിച്ചും വേദപുസ്തകമനുസരിച്ചും ശരിയല്ല.

4. ജനുവരി ആറ് നമ്മെ സംബന്ധിച്ചിടത്തോളം കർത്താവിന്റെ ദനഹാ ആണ്. പൂജരാജാക്കന്മാരുമായി ബന്ധമില്ല. പാശ്ചാത്യർക്ക് അത് പൂജരാജാക്കന്മാരുടെ തിരുന്നാളാണ്. അതുമായി നമുക്ക് ബന്ധവുമില്ല. അതുകൊണ്ടു തന്നെ പുൽക്കുടിലും ജനുവരി ആറുമായി വലിയ ബന്ധമൊന്നുമില്ല.

5. ത്രിമാന രൂപങ്ങളോ ചിത്രങ്ങളോ പോലുമോ ഉപയോഗിയ്ക്കുന്ന പതിവ് നമുക്കില്ലായിരുന്നല്ലോ. അതുകൊണ്ടൂ തന്നെ പുൽക്കൂടിനെ നമ്മുടെ സഭയുടെ ശൈലിയ്ക്കനുസരിച്ച് അനുരൂപപ്പെടുത്തേണ്ടതുണ്ട്. അതിനെക്കുറീച്ച് ആരും അങ്ങനെ ചിന്തിച്ചു കണ്ടില്ല. (അല്ലാതെ തന്നെ ഇവിടെ പ്രശ്നങ്ങൾ ഇഷ്ടം പോലെയുണ്ടല്ലോ.)

6. ആറു പാദങ്ങളൂള്ള നക്ഷത്രങ്ങളാണ് നമ്മുടെ പാരമ്പര്യത്തിന് അനുയോജ്യം. പഴയ നിയമത്തിലേയ്ക്കും, ദാവീദ് രാജാവിലേയ്ക്കും ഒക്കെ ബന്ധപ്പെടുത്തുന്ന ഒരു പ്രതീകമായിരിയ്ക്കും അത്.

ഒല്ലൂർ - ഓർമ്മകളുണ്ടായിരിയ്ക്കണം

"നമ്മുടെ മതം സ്വയമേ പ്രകാശവും മഹിമയും ഉള്ളതാകയാൽ ഇത്തരം അർത്ഥമില്ലാത്ത ബഹുമാനങ്ങളൊന്നും അതിന് ആവശ്യമില്ല. ഈ മതം നമുക്കുപദേശിച്ചു തന്ന കർത്താവീശോമിശിഹായും ശ്ലീഹന്മാരും ഇങ്ങനെയുള്ള ബഹുമാനം ആഗ്രഹിച്ചതുമില്ല. എന്നു തന്നെയല്ല ഇങ്ങനെയുള്ള ബഹുമാനം വല്ല പ്രകാരത്തിലും തങ്കൾക്കുണ്ടാകുമെന്നു കണ്ടാൽ അതു സ്വീകരിപ്പാതിരിയ്ക്കുവാൻ അവിടെ നിന്ന് ഓടിയൊളിയ്ക്കുകയും ചെയ്തിരുന്നു. നമ്മുടെ കർത്താവീശോമിശിഹായെ സമരിയാക്കാർ രാജാവാക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ അവിടുന്ന് സ്ഥലം വിട്ടു പോയി. അതിൻ വണ്ണം തന്നെ ശ്ലീഹന്മാരും ഈശോകർത്താവിനെപ്രതി ഏറിയ തല്ലുകളും വിലങ്ങുകളും ഞെരുക്കങ്ങളും മരണവും സ്വയം കൈക്കോണ്ടത് നമുക്കെല്ലാവർക്കും അറിയാം എന്നു വരുമ്പോൾ നമ്മുടെ മതത്തിന്റെ മഹിമയ്ക്ക് ഇങ്ങനെയുള്ള ലോകബഹുമാനങ്ങളും പ്രശംസകളൂം ആവശ്യമില്ല. മാത്രവുമല്ല ആത്മശുദ്ധിയും ദൈവഭയവും കുറഞ്ഞിരിയ്ക്കുന്ന ആളുകൾക്ക് ഇങ്ങനെയുള്ള ബഹുമാനങ്ങളുണ്ടായാൽ സഭയുടെ എത്ര ഉന്നത സ്ഥാനം അലങ്കരിയ്ക്കുന്നവരാണെങ്കിലും സൂര്യതേജസിനെ ഗ്രഹണം മറയ്ക്കുന്നതു പോലെ നമ്മുടെ മതത്തിന്റെ മുഖ്യമൂല്യങ്ങളായ എളിമയും ശാന്തിയും സഹോദരസ്നേഹവും മറയ്ക്കപ്പെട്ട് ലോകബഹുമാനവും പുകഴ്ചയും അഹങ്കാരവും വഞ്ചനയും അഴിമതിയും കൊണ്ട് മൂടപ്പെടുവാൻ ഇതു കാരണമാവുകയും ചെയ്യും."
 (പാറേമാക്കലച്ചൻ, വർത്തമാനപ്പുസ്തകം)

നമ്മുടെ യാമനമസ്കാരങ്ങൾ

സീറോ മലബാർ സഭ ഉപയോഗിയ്ക്കുന്ന യാമനമസ്കാരങ്ങളുടെ ഉറവിടം ഫാ: പോൾ ബഡ്ജാൻ തയ്യാറാക്കിയ സുറിയാനീ യാമനമസ്കാരങ്ങളാണ്. ഇത് കൽദായ സഭയ്ക്കുവേണ്ടി സിനഡിന്റെന്റെ താത്പര്യപ്രകാരം ചെയ്തതാണ് (1853-1887). വത്തിയ്ക്കാൻ സീറോമലബാർ സഭയുടെ യാമനമസ്കാരങ്ങളുടെ ഉറവിടമായി കണക്കാക്കുന്നത് ഇതാണ്. ബഡ്ജാൻ അതുവരെ ഉണ്ടായിരുന്ന പൗരസ്ത്യ സുറിയാനി യാമനമസ്കാരങ്ങളുടെ കയ്യെഴുത്തുപ്രതികളും മറ്റും പരിശോധിച്ചാണ് ഇതു തയ്യാറാക്കിയത്.
പൗരസ്ത്യ സുറിയാനീ സഭയുടെ യാമനമസ്കാരങ്ങളെ ക്രോഡീകരിച്ചു ക്രമപ്പെടുത്തിയത് പൗരസ്ത്യസുറീയാനീ പാത്രിയർക്കീസായ ഈശോയ്യാബ് മൂന്നാമനാണ് (647-657). ഇവിടെയും മനസിലാക്കേണ്ട സംഗതി ഈശോയാബ് അല്ല ഇതൊക്കെയും രചിച്ചത് എന്നാണ്.
നമ്മുടെ കൂദാശകളിലെയും യാമനമസ്കാരങ്ങളിലെയും പ്രാർത്ഥനകൾ രചിയ്ക്കപ്പെട്ടത് സഭാപിതാക്കന്മാരാലാണ്. നിസിബസിലെ മാർ യാക്കോബ്, മാർ ശിമയോൻ ബർസബാ, മാർ അപ്രേം, നർസായി, ബാബായി എന്നിവരെല്ലാം നമ്മുടെ ദൈവാരാധനാശൈലിയുടെ ഭണ്ഢാരങ്ങളിലേയ്ക്ക് സംഭാവന നൽകിയവർ ആണ്. അതായത് വിവിധ കുർബാനക്രമങ്ങൾ നിയതരൂപത്തിലെത്തുന്ന കാലത്തുതന്നെ യാമനമസ്കാരങ്ങളൂം അതിന്റെ നിയതരൂപത്തിലെത്തി.
പോൾ ബഡ്ജാന്റെ യാമനമസ്കാരങ്ങൾ നിലവിൽ വരുന്നതിനു മുൻപു തന്നെ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ ഈ രംഗത്ത് പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ലഭ്യമായ പുരാതന കയ്യെഴുത്തു പ്രതികളിൽ നിന്ന് അദ്ദേഹം യാമനമസ്കാരങ്ങളുടെ ഒരു സംഗ്രഹം തയ്യാറാക്കി. ഇത് പുത്തൻപള്ളിയിൽ നിന്നും അദ്ദേഹത്തിന്റെ മരണശേഷം 1876ൽ പ്രസിദ്ധീകരിച്ചു.
ഇന്ന് സീറോ മലബാർ സഭ റംശ (സന്ധ്യ), ലെലിയ (രാത്രി), സപ്ര (പ്രഭാത) എന്നിവ പുനരുദ്ധരിച്ച്, മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ദനഹാ സർവ്വീസ് കാലാ ദശ്‌ഹറ, ഖൂത്താ-ആ, ഏന്താന എന്നിവയും ദബ്ശാ ശായീൻ എന്ന പേരിൽ വൈകുന്നേരം മൂന്നുമണിയ്ക്കുവേണ്ടി ഒരു ക്രമവും തയ്യാറാക്കിയിട്ടുണ്ട്.
ഇപ്പോൾ സന്യാസ സമൂഹങ്ങളിലും പള്ളികളിലും വീടുകളിലും ഉപയോഗിയ്ക്കുവാനായി നിർദ്ദേശിയ്ക്കപ്പെട്ടിരിയ്ക്കുന്നത് 1986ൽ സീറോ മലബാർ ബിഷപ്സ് കോൺഫറൻസ് അംഗീകരിച്ച ഒരു ക്രമമാണ്. ഇതാണ് നിലവിൽ ഉറവിടത്തോട് വിശ്വസ്തത കാണിയ്ക്കുന്ന ക്രമം. നമ്മുടെ സഭയുടെ ദൗർഭാഗ്യം കൊണ്ട് ഇന്നും അത് എല്ലായിടത്തും എത്തിയിട്ടില്ല. ഇതിനു മുൻപ് ആബേലച്ചന്റെ ഒരു ക്രമം നിലവിലിരുന്നു. അത് സന്യാസിനികളുടെ ഉപയോഗത്തിനായി തയ്യാറാക്കിയതായിരുന്നു. പല സന്യാസ സമൂഹങ്ങളിലും ഇപ്പോഴും അത് നിലവിലുണ്ടു താനും. അതിന്റെ ഒരു ന്യൂനത പലപ്പോഴും ഉറവിടങ്ങളോട് വിസ്തസ്തത പുലർത്തുവാൻ അതിന് ആവുന്നില്ല എന്നുള്ളതാണ്.
കൂദാശകളൂം കൂദാശാനുകരണങ്ങളും കഴിഞ്ഞാൽ പ്രാർത്ഥനകളിൽ അടുത്ത സ്ഥാനം യാമനമസ്കാരങ്ങൾക്കാണ്. അവയ്ക്ക് ഭക്താഭ്യാസങ്ങളേക്കാൾ സ്ഥാനമുണ്ടെന്ന സഭയുടെ പ്രബോധനം മുഖവിലയ്ക്കെടുക്കുവാൻ പലർക്കും ആവുന്നില്ല എന്നതാണ് നഗ്നസത്യം.

പ്രൊട്ടസ്റ്ററ്റു ദൈവശാസ്ത്രവും വിജാതീയവിശ്വാസവും

കത്തോലിയ്ക്കാ സഭ നേരിടുന്ന വെല്ലുവിളി പ്രൊട്ടസ്റ്ററ്റു ദൈവശാസ്ത്രവും വിശ്വാസത്തിന്റെ വിജാതീയവത്കരണവും ആണെന്നും ഞാൻ പറയും. സഭധികാരികൾ അതിനെ എത്രകണ്ട് മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. കത്തോലിയ്ക്കരാണെന്ന് അഭിമാനിയ്ക്കുന്നവരിൽ ബഹുഭൂരിപക്ഷവും അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്നത് - അൽമായരും വൈദീകരുമടക്കം - ഇതാണ്. അവർ സത്യമറിയുകയോ സത്യം അന്വേഷിയ്ക്കുകയോ ചെയ്യുന്നില്ല. മസ്തിഷ്കപ്രക്ഷാളകരുടെ തലയിണമന്ത്രങ്ങൾക്ക് വശംവദരായി തങ്ങളുടേതായ കൂപങ്ങളിൽ സ്വയം ആനന്ദം കണ്ടെത്തുന്ന മണ്ഢൂകങ്ങളാണ് അത്തരക്കാർ.

 കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ ശൈലിയോട് താദാത്മ്യപ്പെടുന്നവർ പിന്നീട് ചിന്തിയ്ക്കുന്നത് പ്രൊട്ടസ്റ്റന്റുകാരെപ്പോലെയാണ്. പാരമ്പര്യങ്ങളിലും റീത്തുകളിലും അവർ വിഭാഗീയതമാത്രം ദർശിയ്ക്കുന്നു. അത് കത്തോലിയ്ക്കാ സഭയ്ക്കു പുറത്തുള്ള എന്തോ ആണെന്നു ധരിയ്ക്കുന്നു. പാരമ്പര്യങ്ങളിലൂടെയും റീത്തുകളിലൂടെയും സഭ പങ്കുവച്ചു തരുന്ന മിശിഹാനുഭവത്തിൽ അവർക്കു താത്പര്യമില്ല. വ്യക്തിപരമായ അനുഭവങ്ങളും വ്യക്തിപരമായ അനുഭൂതികളുമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം. സഭയുടെ പ്രബോധനങ്ങളേക്കാൾ വ്യക്തികൾക്കുണ്ടാകുന്ന അത്ഭുത ദർശനങ്ങളെ അവർ വിലമതിയ്ക്കുന്നു. സഭയുടെ ഔദ്യോഗിക രേഖകൾക്കുപരി, സഭയുടെ മതബോധനത്തിലുപരി ധ്യാനപ്രസംഗകന്റെ യുക്തിവിചാരങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിശദീകരണങ്ങൾക്കും സ്വീകാര്യത കല്പിയ്ക്കും. സഭയിലെ ദൈവാരാധനയെക്കാളും സഭയുടെ ദൈവാരാധനയെക്കാളും വ്യക്തികേന്ദ്രീകൃതമായ ഭക്താഭ്യാസങ്ങളിൽ അഭിരമിയ്ക്കും.

 ഇതിലും അപകടകരം ഒരു പക്ഷേ വിജാതീയ ഭക്തിയാണ്. ഒരേ സമയം വിഗ്രഹാരാധനയ്ക്കെതിരെയും വിഗ്രഹാരാധനയെ അനുകൂലിച്ചും അവർ സംസാരിയ്ക്കും. ഒട്ടേറെ വിഗ്രഹങ്ങളെ അവർ തങ്ങൾ അറിയാതെ തന്നെ ചുമന്നുകൊണ്ടു നടക്കും. അവയിൽ ചിലതിനോട് അവർക്കു ഭയമാണ്. കർത്താവിന്റെ പദ്ധതിയെക്കാളുപരി ജീവിതാനുഭവങ്ങളിൽ അവർ ദൈവത്തിന്റെ ശിക്ഷയേയും രക്ഷയേയും കാണും. ഭൗതീകമായ ആവശ്യങ്ങളാണ് അവരുടെ പ്രാത്ഥനയുടെ കേന്ദ്രം. ഒരു വിശുദ്ധനിൽ നിന്നു കാര്യസാധ്യമുണ്ടാവാതെ വരുമ്പോൾ മറ്റൊരാളെപ്പിടിയ്ക്കും. കാര്യം സാധിച്ചു തരുന്നവരുടെ ശക്തിയെ അവർ സാക്ഷിയ്ക്കും. വിശുദ്ധിയെ കച്ചവടവുമായി ചേർത്ത് ചിലർക്ക് ചിലകാര്യങ്ങളെന്നു തീരുമാനിയ്ക്കും. അടുത്തുള്ള പള്ളിയെ വെടിഞ്ഞ് അകലെയുള്ള അന്തോനീസിനെ തേടിപ്പോവും. അടുത്തുള്ള മാതാവിനെ മറന്ന് അകലെയുള്ള മാതാവിനെ തേടിപ്പോവും. ഈശോ മിശീഹായുടെ ശിഷ്യനായ യൂദാശ്ലീഹായെയല്ല അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാത്തദേവൂസിനെ അവർ സ്നേഹിയ്ക്കും. കർത്താവിന്റെ വളർത്തുപിതാവായ യൗസേപ്പിനെയല്ല അത്ഭുതപ്രവർത്തകനായ യൗസേപ്പിനെയാണ് അവർക്കു താത്പര്യം. കർത്താവിന്റെ അമ്മ മറിയത്തേക്കാൾ "അപേക്ഷകളെ ഉപേക്ഷിയ്ക്കാത്ത" മറിയത്തെയാണ് താത്പര്യം.