Sunday, December 8, 2019

ശ്ലീഹന്മാരുടെ ആരാധാനാക്രമം മലങ്കരയിൽ -1

മൂന്നു തെറ്റിദ്ധാരണകളെയാണ് പരിശോധിയ്ക്കേണ്ടത്. 1. പൗരസ്ത്യ സുറിയാനീ ആരാധനാക്രമം രൂപം കൊണ്ടത് 4 ആം നൂറ്റാണ്ടിലാണ് 2. പൗരസ്ത്യസുറിയാനീ ആരാധനാക്രമം കൊണ്ടുവന്നത് 4 ആം നൂറ്റാണ്ടിൽ ക്നായിത്തൊമ്മൻ ആണ്. 3. നാലാം നൂറ്റാണ്ടിനു മുൻപ് ഇവിടെ തദ്ദേശീയമായ ഒരു ആരാധനാക്രമം നിലവിൽ നിന്നിരുന്നു.

1. പൗരസ്ത്യ സുറിയാനീ രൂപം കൊണ്ടത് ആരാധനാക്രമം 4 ആം നൂറ്റാണ്ടിലാണ്!
ഏതാണ് എല്ലാ ആരാധനാക്രമങ്ങളും അതിന്റെ പക്വമായ ഒരു രൂപത്തിലേയ്ക്ക് എത്തുന്നത് നാലാം നൂറ്റാണ്ടിലാണ്. അതിനു മുൻപ് ആരാധനാക്രമം കൃത്യമായ ഒരു രൂപത്തിൽ അല്ലായിരുന്നു. എന്നാൽ ഇതിന്റെ ഒരു ഏകദേശരൂപം നമുക്ക് യഹൂദ ആരാധനയും, നടപടിപ്പുസ്തകവും ആദ്യ നൂറ്റാണ്ടുകളിലെ രചനകളൂം പരിശോധിച്ചാൽ മനസിലാകുന്നതാണ്. നാലാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനീ ആരാധാനാക്രമം രൂപം കൊണ്ടത് 4 ആം നൂറ്റാണ്ടിലാണ് എന്നു പറയുമ്പോൾ അതിനു മുൻപ് പൗരസ്ത്യസുറീയാനീ ആരാധനാക്രമം നിലവിൽ ഉണ്ടായിരുന്നില്ല എന്ന അർത്ഥമില്ല.
കേരളസംസ്ഥാനം നിലവിൽ വന്നത് 1956ൽ ആണ് എന്നു പറയുമ്പോൾ അതിനുമുൻപ് ഒരു കേരളം ഉണ്ടായിരുന്നില്ല എന്ന അർത്ഥമില്ലല്ലോ. അശോകചക്രവർത്തിയുടെ കാലം മുതൽക്കെങ്കിലും നമുക്ക് കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. സംഘകാലകൃതികളിലും കേരളമുണ്ട്. ഇന്നു നമ്മൾ ഉപയോഗിയ്ക്കുന്ന മലയാള ലിപിയ്ക്കു തന്നെ 9 ആം നൂറ്റാണ്ടു വരെ എങ്കിലും പഴക്കമുള്ളതായി രേഖകൾ (വാഴപ്പള്ളി ശാസനം ) ഉണ്ട്. അതായത് നൂറ്റാണ്ടുകൾ നിലനിന്നിരുന്ന ഒരു സംസ്കൃതിയെ, ഭാഷയെ, വിവിധ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഒരു പ്രദേശത്തെ കേരളം എന്ന കൃത്യമായ അതിർവരമ്പുകൾ ഉള്ള, പൊതുവായ നിയമങ്ങളും പൊതു ഭരണസംവിധാനവുമുള്ള ഒരു പ്രദേശമായി രൂപപ്പെടുത്തിയത് 1956 ൽ ആണ്. ഇത്രമാത്രമേ പൗരസ്ത്യസുറീയാനീ ആരാധനാക്രമം രൂപം കൊള്ളൂന്നത് 4 ആം നൂറ്റാണ്ടിൽ ആണെന്നു പറയുമ്പോൾ അർത്ഥമുള്ളൂ.
എല്ലാ ആരാധനാക്രമവും യൂദ ദൈവാരാധനയുടെ തുടർച്ചയും ക്രൈസ്തവ പശ്ചാത്തലത്തിൽ ഉള്ള അവയുടെ വളർച്ചയുമാണ്. യൂദരുടെ ആരാധനയെ മൂന്നു തലത്തിൽ നമുക്ക് കാണാം. 1. ഓർശ്ലേം ദേവാലയത്തിൽ ഉള്ള വിവിധങ്ങളായ ബലിയർപ്പണങ്ങൾ 2. സിനഗോഗു കേന്ദ്രീകൃതമായ വായനകൾ 3. വീടുകളിലുള്ള അപ്പം മുറിയ്ക്കൻ ശുശ്രൂഷകൾ. ഓർശ്ലേം ദേവാലയത്തിൽ ജനങ്ങൾ വിവിധങ്ങളായ കാഴ്ചകളൂം ബലികളും അർപ്പിച്ചിരുന്നു. ഇത് അവരുടെ ആചാരമര്യാദയാണ്. നിയതമായ പ്രാർത്ഥനകൾ ഇവയ്ക്ക് ഉണ്ടായിരുന്നതായി പറയപ്പെടുന്നില്ല. അതേ സമയം വിശുദ്ധ സ്ഥലത്തും അതിവിശുദ്ധസ്ഥലത്തും ഹീബ്രുവിൽ, പുരോഹിതൻ പ്രാർത്ഥിച്ചിരിയ്ക്കാം. അതായത് ഹീബ്രുവിൽ അവിടെ ഒരു ആരാധനാക്രമസാധ്യതയുണ്ട്. സിനഗോഗുകളിൽ വായനകളാണ് ഉണ്ടായിരുന്നത്. നിയമവും പ്രവാചകഗ്രന്ഥങ്ങളും അവർ വായിച്ചിരുന്നു. ഹീബ്രുവിലോ അറമായയിലോ ആയിരുന്നു വായനകൾ. വീടൂകളിലുള്ള അപ്പം മുറിയ്ക്കൽ ശുശ്രൂഷകൾക്ക് നിയതമായ രൂപം ഉണ്ടായിരുന്നു. അറമായ ഭാഷയിൽ ആയിരുന്നു ഇതു നടന്നിരുന്നത്. ഈ മൂന്നു സ്ഥലങ്ങളീലും സങ്കീർത്തനാലാപനം നടന്നിരുന്നു.
യൂദ ദൈവാരാധനയുടെ പിന്തുടർച്ചയായ ക്രൈസ്തവ ലിറ്റർജിയിലും ഈ ഘടകങ്ങളെല്ലാം കണ്ടെത്തുവാൻ കഴിയും. സങ്കീർത്തനാലാപനം, വായനകൾ, അപ്പം മുറിയ്ക്കൽ. നടപടിപ്പുസ്തകത്തിലെ സൂചനകൾ അനുസരിച്ച് യൂദരിലെ നസ്രായ വിഭാഗം ഓർശ്ലേം ദേവാലയത്തിലെ കർമ്മങ്ങളീലും ആചാരമര്യാദകളിലും പങ്കെടുത്തിരുന്നു. വിശ്വാസം സ്വീകരിച്ച വിജാതീയരേയും യഹൂദ ക്രമങ്ങൾ അനുവർത്തിയ്ക്കുവാൻ നിർബന്ധിച്ചിരുന്നു. ഇതിന് അയവു വരുന്നത് ഓർശ്ലേം സൂനഹദോസിൽ വച്ചാണ്. അവിടെ വച്ച് ഭക്ഷണക്രമത്തിൽ ഇളവുകൾ ചെയ്തുകൊണ്ടുത്തു. ക്രൈസ്തവർ സിനഗോഗുകളിൽ നിന്ന് പുറത്താക്കപ്പെടുന്നതു വരെ അവർ സിനഗോഗിലെ ശൂശ്രൂഷകളിലും പങ്കുകൊണ്ടീരുന്നു. അപ്പം മുറീയ്ക്കൽ വീടുകളീൽ നടത്തിയിരുന്നതിനാൽ അത് അതേപടി തുടരുകയും സിനഗോഗിൽ നിന്നു പുറത്താക്കപ്പെട്ടതിനാൽ വായനയുടെ ഭാഗവും അവരുടെ അപ്പം മുറീയ്ക്കൽ ശുശ്രൂഷയുടേതായിത്തിർന്നിരിയ്ക്കാം.
ആദ്യ നൂറ്റാണ്ടിൽ അറമായ ഭാഷയിലാണ് അപ്പം മുറീയ്ക്കൽ ശുശ്രൂഷകൾ നടന്നിരുന്നത്. കാരണം അറമായ യഹൂദരുടെ സാധാരണഭാഷ ആയിരുന്നു. രണ്ടാം നൂറ്റാണ്ടിലാണ് ഗ്രീക്കിലും കോപ്റ്റിയ്ക്കും ആരാധനാക്രമം ഉണ്ടാവുന്നത്. ഇതും പുതിയതായി എഴുതി ഉണ്ടാക്കിയതല്ല. യഹൂദ ദൈവാരാധനായുടെ തുടർച്ചയായ ഓർശ്ലേമിലെ അറമായ ക്രമത്തിന്റെ ഗ്രീക്ക്-കോപ്റ്റിക് പ്രദേശങ്ങളിലെ സ്വാഭാവികമായ വളർച്ചയായി കണക്കാക്കിയാൽ മതി. ചുരുക്കത്തിൽ അറമായയുടേ സ്വാധീനം കൂറഞ്ഞ, യഹൂദപശ്ചാത്തലം ഇല്ലാത്ത, യഹൂദസ്വാധീനം ദുർബ്ബലമായ പ്രദേശങ്ങൾ അറമായ അരാധനക്രമത്തെ പ്രാദേശിക ഭാഷകളിലേയ്ക്ക് മൊഴിമാറ്റി ഉപയോഗപ്പെടുത്തി.
പൗരസ്ത്യ സുറീയാനീ ആരാധനാക്രമം വളർന്നതും വികാസം പ്രാപിച്ചതും യൂദസ്വാധീനമുള്ള അറമായ ഭാഷയുടെ സ്വാധീനം ശക്തമായി നിലനിന്നിരുന്ന പ്രദേശങ്ങളിലണ്. ഓർശ്ലേം ദേവാലയം തകർക്കപ്പെടുകയും റോമാ സാമ്രാജ്യത്തിൽ മത പീഠനം ശക്തമവുകയും ചെയ്തപ്പോൾ പാലായനം ചെയ്ത യൂദരുടേയും യൂദക്രിസ്ത്യാനികളുടേയും വരവ് റോമ്മാ സാമ്രാജ്യത്തിനു വെളിയിലുള്ള പൗരസ്ത്യസുറീയാനീ പ്രദേശങ്ങളെ അറമായപശ്ചാത്തലത്തിലും യഹൂദലിറ്റർജിയുടെ സ്വാധീനത്തിലും വളരുവാനും നിലനിൽക്കുവാനും സഹായിച്ചു.
യൂദ അറമായ ഭാഷയുടെ ക്രൈസ്തവരുടെ ഇടയിലെ വളർച്ചയാണ് ക്രിസ്ത്യൻ അറമായിക് അഥവ സുറീയാനീ. അറമായ ഭാഷയെ ഗ്രീക്കുകാർ വിളിച്ചിരുന്നത് സിറിയക്ക് അഥവാ സുറീയാനീ (സുർയായാ) എന്നാണ്. പഴയനിയമത്തിന്റെ ഗ്രീക്ക്-ഹീബ്രൂ മൂലങ്ങൾ താരതമ്യം ചെയ്താൽ ഇതു മനസിലാവുന്നതാണ്.
പൗരസ്ത്യസുറിയാനീക്കാരുടെ ഒന്നാമത്തെ അനാഫൊറ (കൂദാശ) ആയ ശ്ലീഹന്മാരുടെ അനാഫൊറ പരിശോധിച്ചാൽ അതിന്റെ യൂദപശ്ചാത്തലവും യഹൂദരുടെ അപ്പം മുറീയ്ക്കൾ ശൂശ്രൂഷയുമായുള്ള ബന്ധവും യഹൂദരുടെ വാഴ്ത്തൽ പ്രാർത്ഥനകളുമായുള്ള സാമ്യവും മനസിലാവും.
ചുരുക്കത്തിൽ പൗരസ്ത്യ സുറീയാനീ ലിജിറ്റജി യഹൂദപശ്ചാത്തലിത്തിലും അറമായ അഥവാ സുറീയാനി ഭാഷയിലുമുള്ള യഹൂദലിറ്റർജിയുടെ പിന്തുടർച്ചയാണ്. അതിന്റെ ആരംഭത്തിനു മനുഷ്യാവതാരത്തേക്കാൾ പഴക്കവും ഉണ്ട്. അത് കൃതമായ ഒരു രൂപത്തിലേയ്ക്ക് എഴുതപ്പെട്ടത് 4 ആം നൂറ്റാണ്ടിൽ ആണെന്നേ പൗരസ്ത്യസുറീയാനി ലിറ്റർജി നാലാം നൂറ്റാണ്ടിൽ രൂപപ്പെട്ടൂ എന്നു പറയുമ്പോൾ അർത്ഥമുള്ളൂ. അല്ലാതെ ഏതെങ്കിലും ഒരു കൽദായ മെത്രാനോ അദ്ദായിയോ മാറിയോ തോമാശ്ലീഹാ തന്നെയോ ഒരു സുപ്രഭാതത്തിൽ "എന്നാൽ പുതിയ ഒരു കുർബാനക്രമം ഉണ്ടാക്കിയേക്കാം" എന്നു വിചാരിച്ച് ഉണ്ടാക്കിയതല്ല പൗരസ്ത്യസുറീയാനി ആരാധനാക്രമം.