Friday, May 22, 2015

ഉന്നതങ്ങളിൽ ഓശാന


           
നമ്മുടെ കുർബാനയായ ശ്ലീഹന്മാരുടെ കുർബാനയിലെ രണ്ടാമത്തെ ഗ്ഹാന്താ (കാർമ്മികൻ കുനിഞ്ഞ് താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകൾ) കഴിഞ്ഞുവരുന്ന പ്രാർത്ഥനയാണ് ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നു തുടങ്ങുന്ന പ്രാർത്ഥന. കുർബാനയിലെ പ്രാർത്ഥനയുടെ പശ്ചാത്തലവും അതിന്റെ അർത്ഥവും ഇതിനു പകരം പാടിക്കേൾക്കാറുള്ള ഗീതങ്ങളുടെ അനൗചിത്യവും അപൂർണ്ണതയുമാണ് ലേഖനത്തിന്റെ വിഷയം.
സന്ദർഭവും വിശുദ്ധ ഗ്രന്ഥ പശ്ചാത്തലവും
രണ്ടാമത്തെ ഗ്ഹാന്തയിലെ പ്രകടമായ ഒരു ഭാവം ദൈവാരാധനയിൽ വെളിപ്പെടുന്ന സ്വർഗ്ഗീയ ലിറ്റർജിയാണ്. സ്വർഗ്ഗവാസികളുടെ ആയിരങ്ങളും മാലാകാമാരുടെ പതിനായിരങ്ങളും അഗ്നിമയന്മാരും അരൂപികളുമായ സ്വർഗ്ഗീയ സൈന്യങ്ങളും പരിശുദ്ധരും അരൂപികളൂമായ ക്രോവേന്മാരും സ്രാപ്പേന്മാരും ചേർന്ന് നടത്തുന്ന സ്വർഗ്ഗീയ ആരാധനയിലേയ്ക്ക് കാർമ്മികന്റെ നേതൃത്വത്തിൽ ദൈവജനവും പ്രവേശിയ്ക്കുന്നു. ഏശയ്യായ്ക്കുണ്ടായതുപോലെയുള്ള ഭീതിജനകമായ ദൈവഭവനത്തിന്റെ അനുഭവം ഭൂവാസികൾക്കുമുണ്ടാവുന്നു. സ്വർഗ്ഗവാസികളുടെ കീർത്തനം ദൈവജനം ഏറ്റു ചൊല്ലുന്നു. സ്വർഗ്ഗവും ഭൂമിയും ഒരു സഭയായി മാറുന്നു.
സമൂഹത്തിന്റെ പ്രാർത്ഥനയ്ക്കു മുൻപ് കാർമ്മികൻ ഇപ്രകാരം ചൊല്ലുന്നു. ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഒന്നു ചേർന്ന് ഉദ്ഘോഷിയ്ക്കുകയും ചെയ്യുന്നു. ഒന്നായ് ഉച്ചസ്വരത്തിൽ അവർ തിരുസന്നിധിയിൽ അനവരതം സ്തുതിഗീതങ്ങൾ പാടുന്നു എന്ന് ഗീതത്തിൽ. രണ്ടിലും അവർ എന്നു പറഞ്ഞിരിയ്ക്കുന്നത് സ്വർഗ്ഗത്തിലുള്ളവരെ സൂചിപ്പിയ്ക്കുവാനാണെന്ന് വ്യക്തമാണ്. അതായത് തുടർന്നുവരുന്ന ഓശാന ഗീതം എന്നറിയപ്പെടുന്ന ത്രൈശുദ്ധ കീർത്തനം സ്വർഗ്ഗീയ സമൂഹത്തിന്റെ ഗീതമാണ്, ഏതെങ്കിലും വ്യക്തിയുടേയോ മനുഷ്യസമൂഹത്തിന്റെയോ ഭാവനയല്ല.
ഒരു പ്രാർത്ഥന സ്വർഗ്ഗീയ സമൂഹത്തിന്റെ പ്രാർത്ഥനയാണെന്നതിന് എന്താണ് തെളിവെന്ന് ചിലർക്കെങ്കിലും സംശയമുണ്ടായേക്കാം. വിശുദ്ധ ഗ്രന്ഥമാണ് തെളിവ്. വിശുദ്ധ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തപ്പെട്ടതുമാത്രമാണ് കീർത്തനത്തിലുള്ളത്. ഏശയ്യയ്ക്കുണ്ടാകുന്ന സ്വർഗ്ഗീയ ദർശനം (ഏശയ്യ 6:1-7), ഈശോ മ്ശിഹായുടെ ഓർശ്ലേം പ്രവേശനം (മത്തായി 21: 9), യോഹന്നാൽ ശ്ലീഹായ്ക്കുണ്ടായ വെളിപാട്( വെളിപാട് 1:4, 4:8) എന്നിവയാണ് പ്രാർത്ഥനയുടെ ഉറവിടങ്ങൾ.
രാപകൽ അവർ ഇടവിടാതെ ഉദ്ഘോഷിയ്ക്കുന്നു: ആയിരുന്നവനും ആയിരിയ്ക്കുന്നവനും വരാനിയ്ക്കുന്നവനും സർവ്വശക്തനും കർത്താവുമായ ദൈവം  പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. (വെളിപാട് 4:8)
അവർ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ. ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിയ്ക്കുന്നു. (ഏശയ്യ 6:3)
അവന്റെ മുൻപേ പോയിരുന്നതും അവനെ അനുഗമിച്ചിരുന്നതുമായ ജനക്കൂട്ടം ആർത്തുവിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രന് ഓശാന, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതനാകുന്നു. ഉന്നതങ്ങളിൽ ഓശാന. (മത്തായി 21:9)
ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുക്ക് ഓശാന ഗീതത്തെ വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെടുത്തി ഇപ്രകാരം വായിയ്ക്കാം. ഉയർന്ന സ്വരത്തിൽ ഇടവിടാതെ സ്തുതിച്ചുകൊണ്ട് അവർ ഉദ്ഘോഷിയ്ക്കുകയും ചെയ്യുന്നു. ബലവാനും കർത്താവുമായ ദൈവം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ (വെളിപാട് 4:8, ഏശയ്യ 6:3). അവിടുത്തെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിയ്ക്കുന്നു (ഏശയ്യ 6:3). ഉന്നതങ്ങളിൽ ഓശാന, ദാവീദിന്റെ പുത്രന് ഓശാന (മത്തായി 21:9), കർത്താവിന്റെ നാമത്തിൽ വന്നവനും വരുവാനിയ്ക്കുന്നവനമായവൻ അനുഗ്രഹീതനാകുന്നു (വെളിപാട് 1:4, 4:8, മത്തായി 21:9), ഉന്നതങ്ങളിൽ ഓശാന(മത്തായി 21:9).
വിശുദ്ധഗ്രന്ഥത്തിൽ പലയിടത്തും പരിശുദ്ധൻ എന്ന വിശേഷണം മൂന്നു പ്രാവശ്യം ആവർത്തിയ്ക്കുന്നതുകാണാം. സഭാപിതാക്കന്മാരുടെ അഭിപ്രായത്തിൽ ബാവാതമ്പുരാനെയും പുത്രൻ തമ്പുരാനെയും റൂഹാദ്കുദിശാ തമ്പുരാനേയും സൂചിപ്പിയ്ക്കുകയാണ് ഇപ്രകാരം ആവർത്തിയ്ക്കുന്നതുകൊണ്ട് ഉദ്യേശിയ്ക്കുന്നത്. ഓശാനഗീതത്തിലും മൂന്നു തവണയാണ് പരിശുദ്ധൻ ആവർത്തിയ്ക്കപ്പെടുന്നത്. കുർബാനയിലെ പല പ്രാർത്ഥനകളിലും മൂന്നു തവണയുള്ള ആവർത്തനം കാണാവുന്നതാണ്. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ലാകുമാറാ (സർവ്വാധിപനാം), കന്ദീശാ ആലാഹാ (പരിപാവനനാം സർവ്വേശാ) എന്നീ പ്രാർത്ഥനകൾ മൂന്നു തവണ ആവർത്തിയ്ക്കേണ്ടവയാണ്. പഗറെ ദ്മ്ശീഹാ (മിശിഹാ കർത്താവിൻ തിരുമൈയ് നിണവുമിതാ) എന്ന ഒനീസാ ദ്റാസെ (ദിവ്യരഹസ്യഗീതം)യിലും കന്ദീശാ ആലാഹാ(പരിപാവനനം സർവ്വേശാ) എന്ന ത്രൈശുദ്ധ കീർത്തനത്തിലും കന്ദീശ് (പരിശുദ്ധൻ) എന്ന പദം മൂന്നു തവണ ആവർത്തിയ്ക്കപ്പെടുന്നു.

അപൂർണ്ണമായ തർജ്ജമകളും അനുചിതമായ ഗാനങ്ങളും
ഈണത്തിനും താളത്തിനും പ്രാധാന്യം കൊടുത്ത് ഗീതങ്ങൾ തയ്യാറാക്കുമ്പോൾ മൂലരൂപത്തിലെ അർത്ഥത്തിൽ നിന്നും വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നു. മൂലരൂപത്തോട് നീതിപുലർത്തുന്ന ഗീതം ഒന്നായ് ഒച്ചസ്വരത്തിലവർ എന്നു തുടങ്ങുന്ന സുറിയാനി ഈണത്തിലുള്ള ഗീതമാണ്. ഇതാണ് ഔദ്യോഗിക കുർബാനപ്പുസ്തകത്തിലുള്ളതും സഭയുടെ അംഗീകാരമുള്ളതുമായ ഗാനം. കുർബാനയിൽ ഏതുപാട്ടും പാടാമെന്ന തെറ്റിധാരണ നമ്മുടെ സഭയിലെ ചിലരുടെ ഇടയിലെങ്കിലും ഉണ്ട്. അതുകൊണ്ടു തന്നെ അംഗീകാരമില്ലാത്ത പാട്ടുകൾ പാടുന്നതായി കാണാറുണ്ട്. അവയുടെ ന്യൂനതകൾ മനസിലാക്കുന്നത് ചിലരെയെങ്കിലും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചേക്കുമെന്നു കരുതുന്നു.  ഓശാന ഈശനു സതതം എന്ന ഗാനത്തിൽ ദാവീദിന്റെ പുത്രൻ, വരാനിരിയ്ക്കുന്നവൻ തുടങ്ങിയ  ഈശോ മ്ശിഹായെ അഭിസംബോധനചെയ്യുന്ന ഭാഗങ്ങളെല്ലാം വിട്ടു കളഞ്ഞിരിയ്ക്കുകയാണ്. ബലവാനായ ദൈവമേ എന്ന ഗാനത്തിലാകട്ടെ ബലവാനായ ദൈവമേ പരിശുദ്ധൻ, കർത്താവായ ദൈവമേ പരിശുദ്ധൻ എന്ന വരിയൊഴിച്ചാൽ മൂലരൂപത്തോടു യാതൊരു ബന്ധവുമില്ല. സ്വർഗ്ഗീയ സിംഹാസനത്തിൽ വാഴും എന്ന ഗാനത്തിൽ മൂലരൂപത്തിലെ ആദ്യ വാചകത്തിന്റെ ആശയമല്ലാതെ ഒരാശയവും വരുന്നില്ല. ഖേദകരമെന്നു പറയട്ടെ വന്നു വന്ന് ഓശാനയെന്നോ, ഒലിവെന്നോ ഒക്കെയുള്ള പദങ്ങളുണ്ടെങ്കിൽ ആ പാട്ട് ഓശാനഗീതത്തിനു പകരമായി പാടാമെന്ന സ്ഥിതിവിശേഷമാണ്. ഒലിവിൻ ചില്ലകളൊന്നായ് വീശീ എന്നു തുടങ്ങുന്ന ഗാനം അത്തരത്തിൽ ഒന്നാണ്. കുർബാനയിലെ ഗീതങ്ങൾ കുർബാന കാണാൻ വന്നവരെ രസിപ്പിയ്ക്കാനുള്ളതല്ല, ദൈവാരാധനയിലേയ്ക്ക് നയിയ്ക്കുവാനുള്ളതാണ്. അതിനു നേതൃത്വം കൊടുക്കുക മാത്രമാണ് ഗായകസംഘം ചെയ്യേണ്ടത്. ആമേൻ എന്ന സിനിമയിലുമുണ്ട് ഒരു ഓശാന ഗീതം. കുർബാനയിൽ അതും കേൾക്കേണ്ടി വരുമോ എന്തോ?
ഉപസംഹാരം
ഓശാനഗീതം കർത്താവിന്റെ ഓർശ്ലേം പ്രവേശനത്തിന്റെ അനുസ്മരണമല്ല. മറിച്ച് സ്വർഗ്ഗീയ ലിറ്റർജിയിലുള്ള ഭൂവാസികളുടെ പങ്കുപറ്റലാണ്. ഓശാന എന്ന പദമല്ല, ബലവാനും കർത്താവുമായ ദൈവത്തിന്, ആരുടെ മഹത്വത്തിന്റെ വലുപ്പത്താൽ ഭൂമിയും സ്വർഗ്ഗവും നിറഞ്ഞിരിയ്ക്കുന്നുവോ അവന്, വന്നവനും വരുവാനിരിയ്ക്കുന്നവനുമായ ദാവീദിന്റെ പുത്രന് അർപ്പിയ്ക്കപ്പെടുന്ന സ്തുതികളാണ് കീർത്തനത്തിന്റെ അടിസ്ഥാന ആശയം. വിശുദ്ധ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തപ്പെട്ടതും സഭാപിതാക്കന്മാർ കുർബാനയിൽ ചേർത്തതുമായ പ്രാർത്ഥനകളുടെ അർത്ഥത്തെ വികലമാക്കുന്ന ഒന്നും നമുക്കു ചെയ്യാതിരിയ്ക്കാം. കായേൻ ബലിയർപ്പിയ്ക്കാതിരുന്നതുകൊണ്ടല്ല, ഉചിതമായി അർപ്പിയ്ക്കാതിരുന്നതുകൊണ്ടാണ് തിരസ്കൃതനായത്. വി.ഗ്രന്ഥത്തിലെ വരികൾ വിട്ടുകളഞ്ഞിട്ട് മറ്റെന്തെങ്കിലും, അതിന്റെ സംഗീതപരവും സാഹിത്യപരവുമായ നിലവാരം എത്ര വലുതാണെങ്കിലും ശരി, നമുക്കു ചേർക്കാതിരിയ്ക്കാം.