Wednesday, April 22, 2015

തോമാശ്ലീഹായുടെ പ്രേഷിതപ്രവർത്തനവും മാർ തോമാ നസ്രാണികളും

ചോദ്യം 1: മാർ തോമാ ശ്ലീഹാ ഇന്ത്യയിൽ വന്നതിനു തെളിവുകളുണ്ടോ?ഉത്തരം: മൂർത്തമായ തെളിവുകളില്ല. പാരമ്പര്യം അങ്ങനെ പറയുന്നു. സാഹചര്യത്തെളിവുകളുണ്ട്. ഇന്ത്യയുടെ പുരാതന വ്യാപാരബന്ധങ്ങൾ, ഇന്ത്യൻ തീരദേശങ്ങളിലെ യഹൂദക്കോളനികളുടെ സാന്നിധ്യം,  അറമായ ഭാഷയ്ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വാധീനം, പുരാതനഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ, മാർ തോമാ നസ്രാണികളുടെ ഇടയിലുണ്ടായിരുന്ന പാട്ടുകളിലെ പരാമർശങ്ങൾ ഇവ പരിഗണിച്ചാൽ മാർ തോമാ ശ്ലീഹാ ഇന്ത്യയിൽ വന്നു എന്ന് ന്യായമായ അനുമാനത്തിലെത്താം. Absence of evidence is not the evidence of absence എന്നാണല്ലോ.

ചോദ്യം 2:ഇത്രയും ദൂരെയുള്ള സ്ഥലത്തേയ്ക്ക് തോമാശ്ലീഹാ വന്നു എന്നു പറയുന്നത് വിശ്വസിയ്ക്കാനാവുമോ?
ഇന്ത്യ ജറൂസലേമിൽ നിന്നും അധികം ദൂരത്തല്ല.  ചെങ്കടലിൽ നിന്നും മൺസൂണിന്റെ സഹായത്താൽ 40 ദിവസം കൊണ്ട് മലബാർ തീരത്തെത്തുവാൻ കഴിയുമായിരുന്നു. 


ചോദ്യം 3: തോമാശ്ലീഹാ ഇന്ത്യയിലെ വിജാതീയരുടെ അടുത്തേയ്ക്കാണോ വന്നത്?
 ഉത്തരം: സുവിശേഷത്തിലെ സൂചനകൾ പറയുന്നത് ശ്ലീഹന്മാർ അയയ്ക്കപ്പെട്ടത് ചിതറിപ്പോയ യഹൂദരുടെ അടുത്തേയ്ക്കാണെന്നാണ്. തോമാ ശ്ലീഹാ വന്നതും യഹൂദരുടെ അടുത്തേയ്ക്കാണ്. കേരളത്തിൽ ബി.സി മുതൽക്കേ യഹൂദക്കുടീയേറ്റമുണ്ടായിട്ടുണ്ട്. യഹൂദ ചരിത്രകാരനായ കോദറീന്റെ അഭിപ്രായത്തിൽ ഇത് അസ്സീറിയൻ പ്രവാസത്തിനു ശേഷമുണ്ടായ പ്രവണതാണ്.

"നിങ്ങൾ വിജാതീയരുടെ ഇടയിൽ പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിയ്ക്കുകയുമരുത്. പ്രത്യുത ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു പോകുവിൻ" - മത്തായി 10: 6 

 "അങ്ങനെ വിജാതീയരുടെ അടുത്തേയ്ക്ക് ഞങ്ങളും (പൗലോസും ബർണ്ണബായും) പരിശ്ചേദിതരുടെ (യഹൂദരുടെ) അടുത്തേയ്ക്ക് അവരും (യക്കോവ്, കേപ്പാ, യോഹന്നാൻ...) പോകാൻ തീരുമാനമായി." (ഗലാത്തിയാ 2:9) 
"ദൈവത്തിന്റെയും കർത്താവായ ഈശോ മിശിഹായുടേയും ദാസനായ യാക്കോവ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കുമായി എഴുതുന്നത്"- യാക്കോവ് 1:1.
 

ഈ വാചകങ്ങൾ സൂചിപ്പിയ്ക്കുന്നത് ശ്ലീഹന്മാർ യഹൂദരുടെ അടുത്തേയ്ക്കും പൗലോസും ബർണ്ണമായും വിജാതീയരുടെ അടുയ്ക്കലേയ്ക്കും അയയ്ക്കപ്പെട്ടു എന്നാണ്.  ശ്ലീഹന്മാരുടെ നടപടിപ്പുസ്തകത്തിന്റെ 10ആം അധ്യായത്തിലാണ് വിജാതീയർക്ക് ആദ്യമായി മാമോദീസാകൊടുക്കുന്നതായി പറയുന്നത്. അതു വരെയും യഹൂദരെ മാത്രമുദ്ദ്യേശിച്ചായിരുന്നു ശ്ലീഹന്മാരുടെ പ്രവർത്തനങ്ങൾ. ന്യായമായും തോമാ ശ്ലീഹാ യഹൂദരെ അന്വേഷിച്ചു വന്നു എന്ന് അനുമായിയ്ക്കാവുന്നതാണ്.  

ചോദ്യം 4:  തോമാശ്ലീഹായുടെ സുവിശേഷപ്രസംഗത്തോടെ ഇന്ത്യയിലെ യഹൂദർ കൃസ്തുമതം സ്വീകരിച്ചു എന്ന് അനുമായിയ്ക്കുന്നതു യുക്തിസഹമാണോ?
 ഉത്തരം:  ഇസ്രായേൽ കാത്തിരുന്ന പ്രത്യാശ ഈശോയാണെന്നും ഈശോയാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെന്നും  യഹൂദപാരമ്പര്യപ്രകാരം വിശ്വസിച്ചവരാണ്  ആദിമസഭ.  നടപടിപ്പുസ്തകത്തിൽ ദേവലയത്തിൽ പ്രാർത്ഥിയ്ക്കുകയും പ്രസംഗിയ്ക്കുകയും ചെയ്യുന്ന ശ്ലീഹന്മാരെ നാം കണ്ടുമുട്ടുന്നു. പൗലോസ് ശ്ലീഹാ റോമ്മായിലെ യഹൂദരോട് ഇപ്രകാരം പറയുന്നു:  "സഹോദരരേ ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരത്തിനോ എതിരായി ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല." മോശയുടെ നിയമത്തെയും പ്രവാചക ഗ്രന്ഥത്തെയും അടിസ്ഥാനപ്പെടുത്തി ഈശോമിശിഹായെക്കുറിച്ചു ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുന്ന പൗലോസിനെ നമ്മൾ കാണുന്നു. ആഗേർപ്പാ രാജാവിനോട് പൗലോസ് ശ്ലീഹാ പറയുന്നു തങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിൽ പ്രത്യാശവച്ചതുകൊണ്ടാണ്  താൻ ഇപ്പോൾ പ്രതിക്കൂട്ടീൽ നിൽക്കേണ്ടിവന്നതെന്ന്. മറ്റൊരിടത്ത് ദേവാലയത്തിനോ യഹൂദനിയമങ്ങൾക്കോ വിരുദ്ധമായി താൻ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.  ഓറശ്ലേത്ത് എത്തിയ പൗലോസിനോട്  മറ്റു ശ്ലീഹന്മാർ യഹൂദനിയമപ്രകാരം ശുദ്ധീകരിയ്ക്കുവാനാവശ്യപ്പെടുന്നുണ്ട്. ചുരുക്കത്തിൽ യഹൂദരുടെ ഇടയിലെ  ഒരു സെക്ട് മാത്രമായിരുന്നു ആദിമസഭ. ഈ സെക്ടിനെ നസ്രായവാദികൾ (നസ്രായവിഭാഗം) ആയി യഹൂദന്മാർ ചിത്രീകരിയ്ക്കുന്നുണ്ട് (നടപടി 24: 5) . അതുകൊണ്ടു തന്നെ ഒന്നാം നൂറ്റാണ്ടിലെ യഹൂദനെ സംബന്ധിച്ചിടത്തോളം ക്രിസ്തുമത സ്വീകരണം  ഒരു മതം മാറ്റമേ ആയിരുന്നില്ല, സ്വതം മതത്തിലെ ഒരു നവീന ചിന്താധാര മാത്രമായിരുന്നു. തോമാശ്ലീഹായുടെ സുവിശേഷപ്രസംഗത്തിലും ഇങ്ങനെതന്നെയായിരിയ്ക്കണം സംഭവിച്ചിരിയ്ക്കുക. മാമോദീസാ സ്വീകരിയ്ക്കുന്നതും വലിയ പുതുമയുള്ള സംഭവമായിരുന്നില്ല. യോഹന്നാൻ  മാംദാനയുടെ അടുക്കൽ മാമോദീസാ സ്വീകരിയ്ക്കാൻ വന്നവരിൽ പ്രീശരും സദ്ദുക്കായരുമുണ്ടായിരുന്നല്ലോ.

ചോദ്യം 5: യഹൂദരെ മാത്രമേ തോമാശ്ലീഹാ മാമോദീസാമുക്കിയിട്ടുള്ളൂ എന്നാണോ?  
 ഉത്തരം: അല്ല. തോമാശ്ലീഹാ വിജാതീയരെയും മാനസാന്തപ്പെടുത്തിയെന്നാണ് പാരമ്പര്യം പറയുന്നത്. പക്ഷേ യഹൂദരെ ഉദ്ദ്യേശിച്ചായിരിക്കണം തോമാശ്ലീഹാ പ്രവർത്തനം ആരംഭിച്ചത്.


ചോദ്യം 6: തോമാശ്ലീഹായിൽ നിന്നു മാമോദീസാ സ്വീകരിച്ചവർ അന്നു നിലവിലിരുന്ന പ്രാദേശിക ഭാഷയിലാണോ ആരാധന നടത്തിയിരുന്നത്?
 ഉത്തരം: നസ്രായവിഭാഗം യഹൂദമതത്തിലെ ഒരു സെക്ട് (നടപടി 24: 5) മാത്രമായിരുന്നെന്നു പറഞ്ഞു കഴിഞ്ഞു. ഈ സെക്ടിലേയ്ക്കാണ് വിജാതീയരും സ്വീകരിയ്ക്കപ്പെട്ടത്. യഹൂദരെ ദേവാലയത്തിൽ കൊണ്ടുവന്ന പൗലോസ് ശ്ലീഹായെ നാം നടപടിപ്പുസ്തകത്തിൽ കാണുന്നുണ്ട്. കേപ്പായോട് പൗലോസ് ഇപ്രകാരം ചോദിയ്ക്കുന്നതായി നാം ഗലാത്തിയായിലെ സഭയ്ക്കുള്ള ലേഖനത്തിൽ വായിയ്ക്കുന്നു: യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിയ്ക്കുന്നതെങ്കിൽ യഹൂദരെപ്പോലെ ജീവിയ്ക്കുവാൻ വിജാതീയരെ പ്രേരിപ്പിയ്ക്കുവാൻ നിനക്ക് എങ്ങനെ സാധിയ്ക്കും - ഗലാത്തിയാ 2:14. അതുകൊണ്ട് നിലവിലിരുന്ന യഹൂദ പ്രാർത്ഥനാ രീതികളിലേയ്ക്കാണ് വിജാതീയരും വന്നു ചേർന്നത്. അക്കാലത്ത് യഹൂദരുടെ പ്രാർത്ഥനാരീതികൾ അറമായയിലായിരുന്നു. ക്രിസ്തുമതം സ്വീകരിച്ച യഹൂദരും വിജാതീയരും അറമായയിൽ രാധന നടത്തി. അതുകൊണ്ട് പ്രാദേശിക ഭാഷയിലല്ല, അറമായയിലാണ് തോമാശ്ലീഹായിൽ നിന്നു മാമോദീസാ സ്വീകരിച്ചവർ ആരാധന നടത്തിയത്.

 ചോദ്യം 7:അപ്പോൾ പിന്നെ സുറീയാനി?
 ഉത്തരം: അറമായ തന്നെയാണ് സുറിയാനി. കൂടുതൽ വിവരങ്ങൾ ഇവിടെ


 ചോദ്യം 8: സുറിയാനി  ഇവിടെക്കൊണ്ടുവന്നത് തെക്കുംഭാഗരാണെന്നു പറഞ്ഞു കേൾക്കാറുണ്ടല്ലോ?
 ഉത്തരം: ക്നായിത്തൊമ്മൻ എന്നു വന്നു എന്നതു തന്നെ തർക്കവിഷയമാണ്. മലബാറിലേയ്ക്ക് യഹൂദരുടെ കുടിയേറ്റവും തുടർന്ന് നസ്രാണികളൂടെ കുടിയേറ്റങ്ങളൂമുണ്ടായിട്ടുണ്ട്. ഇതിനു കാരണം അവരുടെ ബന്ധുക്കളും, അവരുടെ ഭാഷ സംസാരിയ്ക്കുന്നവരും, അവരുടെ വിശ്വാസം പങ്കിടുന്നവരും ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്. ക്നായിത്തൊമ്മനും വ്യത്യസ്ഥനാകാൻ തരമില്ല. ക്നായിത്തൊമ്മനു മുൻപേ ഇവിടെ സുറിയാനി ഉണ്ടായിരുന്നു. 

സുറിയാനിയ്ക്കു പിന്നിൽ തെക്കുംഭാഗരാണെന്ന വാദത്തിനു പിന്നിൽ മാർ തോമാ നസ്രാണികളുടെ പൗരസ്ത്യ സുറിയാനീ പാരമ്പര്യം നിഷേധിയ്ക്കുന്ന ഒരു വിഭാഗമാണ്. തങ്ങളുടെ ഭാരതവത്കരണത്തെയും, തോന്ന്യവാസങ്ങളെയും ന്യായീകരിയ്ക്കുവാൻ മലബാറിന്റെ സുറിയാനീ പാരമ്പര്യം നിഷേധിയ്ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു.


 ചോദ്യം 9: പൗരസ്ത്യ സുറിയാനീ ആരാധനക്രമമോ?
 ഉത്തരം: എല്ലാ ലിറ്റർജിയും ആദിമസഭയുടെ അപ്പം മുറിയ്ക്കൽ ശുശ്രൂഷകളിൽ നിന്നുള്ള സ്വാഭാവികമായ വളർച്ചയായിരുന്നല്ലോ. പൗരസ്ത്യസുറീയാനി ആരാധനാക്രമം യഹൂദ ലിറ്റർജിയുടെ ക്രൈസ്തവാനുരൂപണമാണ്. മലബാറിൽ യഹൂദരും സുറിയാനിയും ഉണ്ടായിരുന്നതുകൊണ്ട്  തികച്ചും സ്വതന്ത്രമായി  ഒരു സുറിയാനി ദൈവാരാധാനാ രീതി ഉണ്ടാവുകയും സമാന പ്രകൃതിയിലും പശ്ചാത്തലത്തിലുമുള്ള പേർഷ്യയിലേയും മെസപ്പോട്ടാമിയായിലേയും സഭകളുമായുള്ള ബന്ധത്തിൽ വളരുകയും ചെയ്തു.  പൗരസ്ത്യസുറിയാനീ സഭകളിലെ (ഇന്ത്യ,പേർഷ്യ, മെസപ്പോട്ടാമിയ) ദൈവാരാധാനാ രീതി (ആരാധനാക്രമം) പിന്നീട് പൗരസ്ത്യസുറീയാനി പാത്രിയർക്കീസ് ഏകീകരിച്ചു. എങ്കിലും മലബാറിലെ ദൈവാരാധനാ രീതികൾക്ക് അതിന്റേതായ തനിമ ഇപ്പോഴും അവകാശപ്പെടാനുണ്ട്.



 ചോദ്യം 10:നമ്മുടെ ലിറ്റർജിയെ കൽദായ ലിറ്റർജി എന്നു വിളിയ്ക്കുന്നതു ശരിയാണോ?
 ഉത്തരം: ഭാഷയുടെ പേരിൽ ലിറ്റർജി അറിയപ്പെടാറുണ്ട്. ലത്തീൻ ലിറ്റർജി, ഗ്രീക്ക് ലിറ്റർജി തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇതേപോലെ തന്നെ സുറിയാനി എന്നു പൊതുവെ പറയുമ്പോഴും കൽദായസുറിയാനി അഥവാ പൗരസ്ത്യസുറിയാനി എന്നാണ് മാർ തോമാ നസ്രാണികൾ ഉപയോഗിച്ചിരുന്ന സുറിയാനിയെ പറയുന്നത്. അതുകൊണ്ട് കൽദായ ലിറ്റർജി എന്നു പറയാം. അന്ത്യോക്യൻ സുറിയാനി ഉപയോഗിയ്ക്കുന്നവരെ അന്ത്യോക്യൻ സഭ എന്നു പറയുന്നതു പോലെ തന്നയാണ് ഇത്.



Sunday, April 19, 2015

യഹൂദപാരമ്പര്യം ക്രൈസ്തവസഭയിൽ

പാരമ്പര്യമെന്നു കേൾക്കുമ്പോൾ തന്നെ ചിലർക്കു ചതുർത്ഥിയാണ്.  പൊങ്ങച്ചത്തിന്റേയും പഴംപുരാണങ്ങളുടേയും മറ്റൊരു രൂപം മാത്രമായി പാരമ്പര്യത്തെകാണുന്നവരുമുണ്ട്. ക്രിസ്തുമത്തിന്റെ യഹൂദപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും മാർ തോമാ നസ്രാണികളുടെ യഹൂദപാരമ്പര്യത്തെക്കുറിച്ചു പറയുമ്പോഴും ഈ പാരമ്പര്യ ദ്വേഷം മറനീക്കി പുറത്തുവരുന്നുണ്ട്.

സഭയെ സംബന്ധിച്ചിടത്തോളം പാരമ്പര്യമെന്നത് പൊങ്ങച്ചമല്ല, തലമുറകളിലൂടെ കൈമാറപ്പെടുന്ന ദൈവീക വെളിപാടാണ്, എഴുതപ്പെടാത്ത വചനമാണ്. ഇത്തരം പാരമ്പര്യങ്ങളെ വിശുദ്ധ പാരമ്പര്യങ്ങളെന്നാണ് സഭ വിളിയ്ക്കുക.

വിശുദ്ധമല്ലാത്ത പാരമ്പര്യങ്ങളുണ്ടോ? തീർച്ചയായുമുണ്ട്. ധാർഷ്ടയത്തിന്റേയും  പണക്കൊഴുപ്പിന്റേയും രക്തശുദ്ധിയുടേയും ജാതിമേൽക്കോയ്മയുടേയും, നമ്പൂതിരീപരമ്പര്യത്തിന്റേയും പാരമ്പര്യങ്ങളൂണ്ട് ഇവയൊന്നും സഭയെസംബന്ധിച്ചിടത്തോളം പ്രാധാനമുള്ളവയല്ല. അതേസമയം മിശിഹായെ തിരിച്ചറിയുവാനും ആദിമസഭ തിരിച്ചറിഞ്ഞ തീവ്രതയോടെ അനുഭവിയ്ക്കണമെങ്കിലും പാരമ്പര്യത്തിന്റെ സഹായം കൂടിയേ തീരൂ.

ഈശോമിശിഹായുടെ ജനനം യഹൂദമതത്തിലായിരുന്നു, യഹൂദനായിട്ടായിരുന്നു.   ഈശോമിശിഹായുടെ ജനനവഴി  രേഖപ്പെടുത്തുകവഴി ഈശോമിശിഹായുടെ യഹൂദപാരമ്പര്യം ഉറപ്പിയ്ക്കപ്പെടുകയും  ഈശോമിശിഹായുടെ ജനനത്തിനായി എപ്രകാരം യഹൂദജനത്തെ തിരഞ്ഞെടുത്തു പരിപാലിച്ച് ഒരുക്കി എന്നു പറയുകയാണ് സുവിശേഷകന്മാരായ മത്തായിയും ലൂക്കായും. ഈശോ മ്ശിഹാതന്നെയും ദേവാലത്തിൽ പോകുന്നതും, സിനഗോഗിൽ പഠിപ്പിയ്ക്കുന്നതും സാബത്ത് ആചരിയ്ക്കുന്നതും നാം സുവിശേഷത്തിൽ കാണുന്നു.

പാരമ്പര്യവിരുദ്ധനായി ഈശോമ്ശിഹായെ ചിത്രീകരിയ്ക്കുന്നവർ ഈശോ സാബത്തിൽ സുഖപ്പെടുത്തുന്നതും പാരമ്പര്യത്തിനെതിരെ സംസാരിയ്ക്കുന്നതും ചൂണ്ടിക്കാണിയ്ക്കാറുണ്ട്. സാബത്തിൽ സുഖപ്പെടുത്തുക വഴി സാബത്തിൽ നന്മചെയ്യുക ഉചിതമാണെന്നു പറയുക വഴി  സാബത്തിനെ വ്യക്തമായ നിർവ്വചനം കൊടുക്കുകയാണ് ഈശോ. കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുകയും  സാബത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുകയും ചെയ്ത ശിഷ്യന്മാരെ ന്യായീകരിയ്ക്കുകയും ചെയ്യുന്ന ഈശോ ഒരിയ്ക്കലും കൈകഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതായോ സാമ്പത്തിൽ കതിരുപറിച്ചു ഭക്ഷിയ്ക്കുന്നതായും നാം കാണുന്നില്ല. പെസഹാ ആചരിയ്ക്കുകയും കുരിശിൽ ജീവൻ വെടിയുന്നതിനു മുൻപ് സങ്കീർത്തനം ചൊല്ലുകയും ചെയ്യുന്ന ഈശോയെ നാം സുവിശേഷത്തിൽ കാണുന്നു. ഈശോ നിയമത്തെയും പ്രവാചകന്മാരെയും പൂർത്തിയാക്കാക്കുവാനാണ് വന്നതെന്ന് അവിടുന്നു തന്നെ പറയുന്നുണ്ട്.  പാരമ്പര്യത്തിനു വേണ്ടിയുള്ള പാരമ്പര്യവും, മനുഷ്യനെ കഷ്ടപ്പെടുത്തുവാനുള്ള നൂലാമാലകളെയും ഈശോ എതിർക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ട്, അതിന്റെ അർത്ഥം ഈശോ പാരമ്പര്യത്തെ നിരാകരിച്ചു എന്നല്ല.

ആദിമ സഭയിലേയ്ക്കു കടന്നുവരാം. അവർ ജീവിച്ചത് യഹൂദരായിട്ടായിരുന്നു.  നടപടിപ്പുസ്തകത്തിൽ ദേവലയത്തിൽ പ്രാർത്ഥിയ്ക്കുകയും പ്രസംഗിയ്ക്കുകയും ചെയ്യുന്ന ശ്ലീഹന്മാരെ നാം കണ്ടുമുട്ടുന്നു. അനുദിനം ദൈവാലയത്തിൽ ഒന്നിച്ചുകൂടുന്നവരായിരുന്നു ആദിമസഭ. ഏതു ദേവാലയത്തിൽ? ജറൂസലേം ദേവാലയത്തിൽ. കേപ്പാ ശ്ലീഹാ യഹൂദരോടു പറയുന്നു: "നിങ്ങൾ പ്രവാചകന്മാരോടും  നമ്മുടെ പിതാക്കന്മാരോടു ദൈവം ചെയ്ത ഉടമ്പടിയുടേയും സന്തതികളാണ്.  അവിടുന്ന് അബ്രാഹത്തോട് അരുളിചെയ്തു-ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതി വഴി അനുഗ്രഹീതരാകും." നടപടിപ്പുസ്തകത്തിൽ പൗലോസ് ശ്ലീഹാ റോമ്മായിലെ യഹൂദരോട് ഇപ്രകാരം പറയുന്നു:  "സഹോദരരേ ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരത്തിനോ എതിരായി ഞാനൊന്നും പ്രവർത്തിച്ചിട്ടില്ല." മോശയുടെ നിയമത്തെയും പ്രവാചക ഗ്രന്ഥത്തെയും അടിസ്ഥാനപ്പെടുത്തി ഈശോമിശിഹായെക്കുറിച്ചു ബോധ്യപ്പെടുത്താൻ ശ്രമിയ്ക്കുന്ന പൗലോസിനെ നമ്മൾ കാണുന്നു. ആഗേർപ്പാ രാജാവിനോട് പൗലോസ് ശ്ലീഹാ പറയുന്നു തങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിൽ പ്രത്യാശവച്ചതുകൊണ്ടാണ്  താൻ ഇപ്പോൾ പ്രതിക്കൂട്ടീൽ നിൽക്കേണ്ടിവന്നതെന്ന്. മറ്റൊരിടത്ത് ദേവാലയത്തിനോ യഹൂദനിയമങ്ങൾക്കോ വിരുദ്ധമായി താൻ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്ന് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു.  ഓറശ്ലേത്ത് എത്തിയ പൗലോസിനോട്  മറ്റു ശ്ലീഹന്മാർ യഹൂദനിയമപ്രകാരം ശുദ്ധീകരിയ്ക്കുവാനാവശ്യപ്പെടുന്നുണ്ട്.  മറ്റൊരിടത്ത് വിജാതിയരെ പൗലോസ് ദേവാലയത്തിൽ പ്രവേശിപ്പിച്ച് ദേവാലയം അശുദ്ധമാക്കിയതായി യഹൂദർ ആരോപിയ്ക്കുന്നു.  ചുരുക്കത്തിൽ ഇസ്രായേൽ കാത്തിരുന്ന പ്രത്യാശ ഈശോയാണെന്നും ഈശോയാണ് വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായെന്നും  യഹൂദപാരമ്പര്യപ്രകാരം വിശ്വസിച്ചവരാണ് ആദിമസഭ. വിജാതീയർക്കായി അവർ നൽകിയ കല്പ്നനകൾ യഹൂദ നിയമങ്ങൾ തന്നെയാണ്.തെസലോനിയ്ക്കയിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ പൗലോസ് തങ്ങൾ പഠിപ്പിച്ച പാരമ്പര്യങ്ങളെ മുറുകെപ്പിടിയ്ക്കുവാൻ അവരോടു പറയുന്നുമുണ്ട്.

രക്ഷ യഹൂദർക്കു മാത്രമോ? ഒരിയ്ക്കലുമല്ല.  സകല ജനങ്ങൾക്കും വേണ്ടിയുള്ള രക്ഷയെന്നാണ് മാലാകാ ആട്ടിടയന്മാരോടു പറയുന്നത്.  വിശുദ്ധ ഗ്രന്ഥത്തിലുടനീളം അതു സ്പഷ്ടവുമാണ്. പഴയനിയമത്തിൽ പോലും പരാർശിയ്ക്കുന്നുമുണ്ട്. "ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതി വഴി അനുഗ്രഹീതരാകും."  എന്നു പറയുന്നത് യഹൂദരെ മാത്രം ഉദ്ദ്യേശിച്ചല്ലല്ലോ.

പൗരസ്ത്യ പാശ്ചാത്യ ആരാധനാക്രമങ്ങളും  അവയുടെ യഹൂദപാരമ്പര്യങ്ങളൂം തമ്മിലുള്ള താരതമ്യപഠനം  ക്രിസ്തുമതവും യഹൂദമതവും തമ്മിലുള്ള ബന്ധത്തെ ഉറപ്പിയ്ക്കാൻ പോന്നതാണ്.  പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഈ ബന്ധം കുറച്ചു കൂടി വ്യക്തവുമാണ്.  ഈശോമിശിഹായ്ക്കു വേണ്ടി ഒരുക്കപ്പെടവരായിരുന്നു യഹൂദർ.  അവനെ സ്വീകരിയ്ക്കാതിരുന്ന സ്വകീയരെക്കുറിച്ച് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

യഹൂദരായിരുന്നു ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നു സൂചിപ്പിയ്ക്കുന്ന ഒന്നിലധികം സുവിശേഷ ഭാഗങ്ങൾ കണ്ടെത്താനാവും. വിജാതീയർ സ്വീകരിയ്ക്കപ്പെട്ടത് യഹൂദപാരമ്പര്യങ്ങളിലേയ്ക്കാണ്.

"നിങ്ങൾ വിജാതീയരുടെ ഇടയിൽ പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിയ്ക്കുകയുമരുത്. പ്രത്യുത ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേയ്ക്കു പോകുവിൻ" - മത്തായി 10: 6 

യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിയ്ക്കുന്നതെങ്കിൽ യഹൂദരെപ്പോലെ ജീവിയ്ക്കുവാൻ വിജാതീയരെ പ്രേരിപ്പിയ്ക്കുവാൻ നിനക്ക് എങ്ങനെ സാധിയ്ക്കും - ഗലാത്തിയാ 2:14 

അങ്ങനെ വിജാതീയരുടെ അടുത്തേയ്ക്ക് ഞങ്ങളും (പൗലോസും ബർണ്ണബായും) പരിശ്ചേദിതരുടെ (യഹൂദരുടെ) അടുത്തേയ്ക്ക് അവരും (യക്കോവ്, കേപ്പാ, യോഹന്നാൻ...) പോകാൻ തീരുമാനമായി. (ഗലാത്തിയാ 2:9) 

ദൈവത്തിന്റെയും കർത്താവായ ഈശോ മിശിഹായുടേയും ദാസനായ യാക്കോവ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കുമായി എഴുതുന്നത് (യാക്കോവ് 1:1).

 ചുരുക്കത്തിൽ വിജാതീയ പാരമ്പര്യങ്ങളല്ല, യഹൂദപാരമ്പര്യമാണ് ക്രിസ്തുമതത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത്.  ഈ യഹൂദപാരമ്പര്യത്തെ ഉപേക്ഷിച്ച്, സാംസ്കാരികാനുരൂപണങ്ങളുടെ പേരിൽ വിജാതീയ പാരമ്പര്യങ്ങളെ ആശ്ലേഷിയ്ക്കുവാനുള്ള പരിശ്രമങ്ങൾ പുനർ വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ്.   അനുരൂപണങ്ങൾ ആവാം. പക്ഷേ അനുകരണങ്ങളാവരരുത്, അതിർവരമ്പുകളെക്കുറീച്ചു ബോധവുമുണ്ടായിരിയ്ക്കണം. തങ്ങളുടെ പാരമ്പര്യത്തെയും, ദൈവശാസ്ത്രത്തെയും ബലികൊടൂത്ത് വിശ്വാസത്തെ വിജാതീയതയ്ക്ക് അനുരൂപപ്പെടുത്തുന്നത് എതിർക്കപ്പെടേണ്ടതു തന്നെയാണ്.

Monday, April 13, 2015

എറണാകുളത്തിന്റെ പാരമ്പര്യം?!

ഒരു 60 വർഷം മുൻപുവരെ എറണാകുളത്ത് വിരി, മദ്ബഹാഭിമുഖ കുർബാന, ബേമ്മയില്ലെങ്കിൽ പോലും സാങ്കല്പിക ബേമ്മ തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. ഇന്ന് എറണാകുളത്തെ ചില വൈദീകർ തങ്ങളുടെ പാരമ്പര്യമെന്നവകാശപ്പെടുന്ന ജനാഭിമുഖ കുർബാന, വിരി വിരോധം തുടങ്ങിയ പരിപാടികൾക്ക് 50 വർഷത്തിൽ കൂടുതൽ ആയുസ്സില്ല. കുർബാനയുടെ ആരംഭത്തിൽ തന്നെ വിരിതുറക്കുന്നു, കുർബാന കഴിയുമ്പോൾ വിരി ഇടുന്നു. ലാകുമാറവരെ കാർമ്മികൽ മദ്ബഹയ്ക്കു താഴെയുള്ള സ്ഥലത്ത് (സാങ്കല്പിക ബേമ്മ) മദ്ബഹാഭിമുഖമായി കുർബാന അർപ്പിയ്ക്കുന്നു. ലാകുമാറയുടെ സമയത്ത് കാർമ്മികൻ സാങ്കല്പിക ബേമ്മയിൽ നിന്ന് മദ്ബഹായിലേയ്ക്ക് പ്രവേശിച്ച് മദ്ബഹാഭിമുഖമായി തന്നെ കുർബാന തുടരുന്നു. ഇപ്പോഴും എറണാകുളത്തെ പഴയ പള്ളീകളിൽ വിരിയ്ക്കായി തയ്യാറാക്കിയിരിയ്ക്കുന്ന കൊളുത്തുകൾ ഉണ്ട്. സംരക്ഷിയ്ക്കേണ്ടത് സഭയുടെ പൈതൃകമോ, ചില വ്യക്തികളുടെ ഭാവനയേയോ എന്നതാണ് ഇവിടുത്തെ ചോദ്യം?