Friday, February 1, 2019

മെൽഗിപ്സനല്ല ഞങ്ങളെ മാമോദീസാ മുക്കിയത്!

മലയാളം എന്ന ഭാഷ ഏതാണ്ട് എട്ടാം നൂറ്റാണ്ടിലാണ് ഉണ്ടായതെന്നു പറയപ്പെടുന്നു. അന്നുതൊട്ട് ഇന്നു വരെ ഈ ഭാഷയ്ക്ക് വളർച്ച ഉണ്ടായിട്ടുണ്ട്, ഇന്നും വളർന്നു കൊണ്ടിരിയ്ക്കുന്നു. മലയാളം എന്നു പറയുമ്പോൾ ഏതുമലയാളം എന്ന ചോദ്യം പ്രസക്തമാണ്. ആറുമലയാളിയ്ക്ക് നൂറു മലയാളം എന്നു പറയുന്നതുപോലെ ഭാഷാ പ്രയോഗങ്ങളിൽ, പദങ്ങളിൽ, ഉശ്ചാരണരീതികളിൽ, ശൈലികളിൽ എല്ലാം പ്രാദേശിക വ്യത്യാസങ്ങളുണ്ട്. വ്യത്യസ്ഥ കാലഘട്ടത്തിലെ മലയാളങ്ങൾ തമ്മിലും വ്യത്യാസങ്ങൾ ഉണ്ട്. പാറേമാക്കൽ അച്ചന്റെ മലയാളമല്ല സി വി രാമൻ പിള്ളയുടേത്. സി.വി രാമൻ പിള്ളയുടേതല്ല എം.ടിയുടേത്. ഉദയമ്പേരൂരിന്റെ കാനോനകളിലെ മലയാള പദങ്ങൾ പലതും ഇന്നില്ലതന്നെ.
എന്നു പറഞ്ഞ് ഇതു മലയളമല്ലാതാവുമോ. വാഴപ്പള്ളി ശാസനത്തിൽ എഴുതിയതും മലയാളം, ഇന്നത്തെ മലയാള മനോരമയിൽ അച്ചടിച്ചു വന്നതും മലയാളം.

ആ ഒരു തിരിച്ചറിവ് ഉണ്ടാവണമെങ്കിൽ കുറച്ചു വെളിവ് തലയിൽ ഉണ്ടാവണം.

ഈശോയെ യഹോശുവ എന്നു വിളിയ്ക്കണം എന്നാണ് പുതിയ ഹീബ്രുഭക്തരുടെ കണ്ടുപിടുത്തം. ആവാം. ഈശോയെ ജീസസ് എന്നു വിളിയ്ക്കാമെങ്കിൽ എന്തുകൊണ്ടും യഹോശുവ എന്നും വിളിയ്ക്കാം. പക്ഷേ അങ്ങനയേ വിളിയ്ക്കാവൂ എന്നു പറയുന്നിടതിനെയാണ് റിലീജിയസ് ഫണറ്റിസം എന്നു പറയേണ്ടി വരുന്നത്. മനോവ എന്ന കരിസ്മാറ്റിക് സുഡാപ്പിപ്രസ്ഥാനം അത്തരത്തിൽ ഒന്നാണ്.

ഇന്നലെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഹീബ്രുവിന്റെ പശ്ചാത്തലത്തിൽ ഉയർത്തുന്ന വാദം. മെൽഗിബ്സനാണ് അവരുടെ ഭാഷാ പണ്ഢിതൻ. പാഷൻ ഓഫ് ക്രൈസ്റ്റ് ആണ് അവർ ആശ്രയിയ്ക്കുന്ന പ്രബന്ധം.
ഇത്തരക്കാർക്ക് ആദ്യം സ്ഥാപിയ്ക്കേണ്ടത് അറമായ സുറിയാനിയല്ല എന്നാണ്. അറമായ എന്നത് അവറാഹത്തിന്റെ കാലം മുതൽ എങ്കിലും ഉണ്ടായിരുന്ന ഭാഷയാണ്. അതിന് ഈ പത്തു നാലായിരം കൊല്ലാം കൊണ്ട് മാറ്റം ഒന്നും ഉണ്ടാവരുത് എന്നു പറഞ്ഞാൽ കോമഡി എന്നതിൽ കവിഞ്ഞ് ഒന്നും പറയാനില്ല. മനോവയുടെ ആർക്കിളുകൾ മൊത്തത്തിൽ കോമഡിയാണ്. അതു വേറേ കാര്യം. കാൽ കഴഞ്ചിനു വിവരവുമില്ല, അതു പോട്ടെ, കോമൺസെൻസുപോലും ഇല്ല എന്നു വന്നാലോ??

ഈശോ സംസാരിച്ചത് അറമായ ആണ്. യഹൂദർ അന്നു സംസാരിച്ചിരുന്നതും അറമായ ആണ്. ആ അറമായയ്ക്ക് പല ഡയലക്ടുകൾ ഉണ്ടായിരുന്നു. അതിലെ ഗലീയിയൽ അറമായയിലാണ് ഈശോ സംസാരിച്ചിരുന്നത്. അതുകൊണ്ട് മറ്റ് അറമായ എല്ലാം അറമായ അല്ലാതാവുമോ. ബാലരാമപുരം കാരുടെ മലയാളവും തൃശ്ശൂറുകാരുടെ മലയാളവും മലബാറുകാരുടെ മലയാളവും മലയാളം അല്ലാതാവുമോ.

അന്നു യഹൂദർ സംസാരിച്ചിരുന്ന വിവിധ അറമായിക് ഡയലക്ടുകളെ ചേർത്ത് യൂദ അറമായ എന്നു പറയാം. അറമായ തന്നെയാണ് സുറീയാനി. ആറാം തന്നെയാണ് സിറിയ (ഇന്നത്തെ സിറിയ അല്ല, അന്നത്തെ സിറിയാ). ഹീബ്രു പ്ശീത്താ മൂലങ്ങളിൽ അറമായ എന്നും ഗ്രീക്ക് തർജ്ജിമയിൽ സുറീയാനി എന്നും പറയുന്നത് ഒരേ ഭാഷയ്ക്കാണ്. ഹീബ്രു, പ്ശീത്താ മൂലങ്ങളീൽ ആരാം എന്നു പറയുന്ന അതേ സ്ഥലമാണ് ഗ്രീക്ക് മൂലത്തിൽ സിറിയ എന്നു പറയുന്നത്. അതുകൊണ്ട് അറമായ തന്നെ സുറീയാനി.

ഈശോ സംസാരിച്ച സുറീയാനിയുടെ ഡയലക്ടാണോ എന്നു സീറോ മലബാറു കാർ ഉപയോഗിയ്ക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഈശോ സംസാരിച്ചിരുന്നത് സുറീയാനിയൂടെ ഗലീലിയൻ ഡയലക്ട് ആണ്. എന്നാൽ ഒന്നാം നൂറ്റാണ്ടിനു ശേഷം പ്രത്യേകിച്ച് ഓർശ്ലേം ദേവാലയം നശിപ്പിയ്ക്കപ്പെട്ട ശേഷം യഹൂദർ ചിതറിയ്ക്കപ്പെട്ട ശേഷം പിന്നീട് അറമായ അഥവാ സുറിയാനിയ്ക്ക് വളർച്ച ഉണ്ടായത് കുറച്ചുകൂടി കിഴക്കോട്ടൂ മാറിയിട്ടുള്ള പ്രദേശങ്ങളിലാണ്, മെസപ്പോട്ടാമിയായുടെ കിഴക്കൻ ഭാഗങ്ങളിൽ, പേർഷ്യയിലും. ക്രിസ്ത്യൻ സാഹിത്യങ്ങളിലൂടെയാണ് പിന്നീട് സുറിയാനി വളരുന്നത്. അഫ്രഹാത്തിന്റെ, അപ്രേമിന്റെ, ദൈവശാസ്ത്രജ്ഞരുടെ, കവികളുടെ, അജ്ഞാതരായ ക്രിസ്ത്യൻ എഴുത്തുകാരുടെ, ചരിത്രകാരന്മാരുടെ രചനകളിലൂടെ സുറീയാനി വീണ്ടൂം വളർന്നു. ഇന്ത്യയിൽ ദ്രാവിഡഭാഷയോട് ഇഴുകിച്ചേർന്നും പശ്ചിമേഷ്യയിൽ അറബിയോടു ചേർന്നും സുറീയാനി പിന്നെയും വളർന്നു. എന്നതുകൊണ്ട് സുറിയാനി സുറീയാനി അല്ലാതാവുമോ.
ഈശോ സംസാരിച്ചിരുന്ന ഗലീലിയൻ സുറിയാനിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സുറീയാനി ഡയലക്ടാണ് ഇന്നത്തെ പൗരസ്ത്യ സുറിയാനി അഥവാ കൽദായ സുറിയാനി അഥവാ ഈസ്റ്റ് സിറിയക്ക്.

ഈശോയുടെ കാലത്ത് നിലനിന്നിരുന്ന മറ്റൊരു ഭാഷ ഗ്രീക്ക് ആണ്. ഹീബ്രു സംസാരഭാഷയല്ലായിരുന്നു അന്ന്. ഈശോയൂടെ പേര് ശരിയ്ക്കും അന്ന് യഹോശുവാ എന്നായിരുന്നെങ്കിൽ ഗ്രീക്കിൽ ഈശോയെ യഹോശുവോസ് എന്നു വിളിയ്ക്കുമായിരുന്നേനേ...ഗ്രീക്കിൽ പക്ഷേ ഈസൂസ് ആണ്. പഴയ നിയമത്തിലെ ജോഷ്വയും ഗ്രീക്കീൽ ഈസൂസ് തന്നെയാണ്. സുറിയാനിയിൽ ഇവർ രണ്ടു പേരും ഈശോ ആണ്. ഈശോ മിശീഹായുയും ഈശോ ബർ നോനും (Son of Non).

ശൂന്യതയിൽ നിന്നു ഉണ്ടാക്കിയെടുത്ത ആധുനിക ഹീബ്രു ഉശ്ചാരണവും കൊണ്ട് ഈശോ എന്ന പേരിനെ പുനർ വായന നടത്തുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അതുമാത്രമാണു ശരി എന്നു ശഠിയ്ക്കരുത്. ഞങ്ങൾ സുറീയാനിക്കാർക്ക് മറിയത്തിൽ നിന്നും ഈശോയുടെ സഹോരന്മാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ശ്ലീഹന്മാരിലേയ്ക്കും ശ്ലീഹന്മാരിൽ നിന്ന് തലമുറകൾ വഴി എന്നു ഞങ്ങളിലേയ്ക്കും കൈമാറി വന്ന ഈശോ എന്ന പേരുണ്ട്.

മെൽക്കിസെദ്ക്ക് എന്നതു സുറീയാനി ആണെങ്കിൽ ഏൽ ഏൽ ലമാനാ സവ്ക്താൻ സുറിയാനി ആണെങ്കിൽ, തലീത്താ കുമി സുറീയാനി ആണെങ്കിൽ എഫാത്ത സുറിയാനി ആണെങ്കിൽ മാറാനാത്താ സുറീയാനി ആണെങ്കിൽ ഈശോ സംസാരിച്ചതും സുറിയാനിയാണ്. ഈശോ സംസാരിച്ച അറമായയും പൗരസ്ത്യ സുറിയാനിക്കാർ ഉപയോഗിയ്ക്കുന്ന സുറീയാനിയും രണ്ടും രണ്ടാണ് എന്നു തെളിയിയ്ക്കണമെന്ന് ആഗ്രഹമുള്ളവർ ആദ്യം മെൽക്കിസെദ്ക്ക്, ഏൽ ഏൽ ലമാനാ സവ്ക്താൻ, തലീത്താ കുമി, ഹക്കൽ ദാമാ, എഫാത്ത, മാറാനാത്താ ഇതൊന്നും സുറീയാനിയല്ല എന്നു തെളിയിക്കേണ്ടി വരും. താത്പര്യമുണ്ടോ???

മെൽഗിപ്സനല്ല ഞങ്ങളെ മാമോദീസാ മുക്കിയത്.