Thursday, September 27, 2018

'കായേന്റെ ബലി'കൾ -3

ബലിയുടെ പൂർണ്ണതയും (Perfection) അതിനെ സാധുതയും(validity) കായേന്റെയും ആബേലിന്റെയും ബലികളിലൂടെ സൃഷ്ടിയുടെ പുസ്തകം അവതരിപ്പിയ്ക്കുന്നുണ്ട്. ബലികളുടെ സാധുത കർത്താവിനു വിട്ടേയ്ക്കാം. ദൈവത്തിന് അർപ്പിയ്ക്കുന്ന ബലി അവനു സ്വീകാര്യമായോ എന്ന് മനുഷ്യൻ തീരുമാനിയ്ക്കേണ്ടതില്ലല്ലോ. അതേ സമയം മാനുഷികമായ രീതിയിൽ ബലിയുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഒരു പരിശ്രമം മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക അനിവാര്യമാണ്. ഈ പോസ്റ്റ് കുർബാനയ്ക്ക് എടുക്കുന്ന സമയത്തെപ്പറ്റിയാണ്.

(‘കായേന്റെ ബലി’കൾ എന്ന പോസ്റ്റ് ഇവിടെ വായിയ്ക്കാം. രണ്ടാം ഭാഗം ഇവിടെ)

 കുർബാന എന്താണ് എന്നതിന്റെ ഉത്തരം അറിഞ്ഞെങ്കിൽ മാത്രമേ കുർബാന അർപ്പണത്തിന് എടുക്കുന്ന സമയത്തെ മാനിയ്ക്കുവാൻ ആവൂ. കേവലം 'സെക്കുലർ' കാഴ്ചപ്പാടിൽ ബൈബിൾ വായിയ്ക്കുന്നു, അപ്പം വാഴ്ത്തുന്നു, എല്ലാവർക്കും കൊടുക്കുന്നു എന്നു പറഞ്ഞവസാനിപ്പിയ്ക്കാം. എന്നാൽ കുർബാനയുടെ ഒരു "ക്രൈസ്തവ" കാഴ്ചപാട് ഇതല്ല. കുർബാന എന്നതു തന്നെ വലിയ ഒരു വിഷയമാണ്, കുർബാനയുടെ ഓരോ പ്രാർത്ഥനയും സഭാ പിതാക്കന്മാർ വിശദീകരിച്ചിട്ടുമുണ്ട്. അത് ഒരു പോസ്റ്റിലോ ഒരു പുസ്തകത്തിലോ ഒതുക്കാനാവുന്നതുമല്ല. ഫാ: തോമസ് മണ്ണൂരാംപറമ്പിലിന്റെ രണ്ടു വാല്യങ്ങളുള്ള സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം എന്ന പുസ്തകവും, ഫാ: വർഗ്ഗീസ് പാത്തിക്കുളങ്ങരയുടെ കുർബാന എന്ന ഇംഗ്ലീഷിലുള്ള പുസ്തകവും മാർ ജോസഫ് പെരുംതോട്ടത്തിന്റെ കുർബാന ചിത്രങ്ങളിലൂടെ എന്ന പുസ്തകവും കുർബാനയെക്കുറിച്ചു മനസിലാക്കുവാൻ സഹായകമാണ്.

'കായേന്റെ ബലി'കൾ -2

ബലിയുടെ പൂർണ്ണതയും (Perfection) അതിനെ സാധുതയും(validity) കായേന്റെയും ആബേലിന്റെയും ബലികളിലൂടെ സൃഷ്ടിയുടെ പുസ്തകം അവതരിപ്പിയ്ക്കുന്നുണ്ട്. ബലികളുടെ സാധുത കർത്താവിനു വിട്ടേയ്ക്കാം. ദൈവത്തിന് അർപ്പിയ്ക്കുന്ന ബലി അവനു സ്വീകാര്യമായോ എന്ന് മനുഷ്യൻ തീരുമാനിയ്ക്കേണ്ടതില്ലല്ലോ. അതേ സമയം മാനുഷികമായ രീതിയിൽ ബലിയുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഒരു പരിശ്രമം മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക അനിവാര്യമാണ്.

(‘കായേന്റെ ബലി’കൾ എന്ന പോസ്റ്റ് ഇവിടെ വായിയ്ക്കാം. സമീപകാല ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇതിനെപ്പറ്റി കൂടുതലായി എഴുതണമെന്നു തോന്നിയതുകൊണ്ട് ഒരു രണ്ടാം ഭാഗം പോസ്റ്റു ചെയ്യുന്നു)

പലരൂപതകളിലും കുർബാന അർപ്പണങ്ങളിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിനു ചങ്ങനാശ്ശേരിയിൽ ക്രൈസ്തവസഭകളുടെയെല്ലാം പൗരാണികപാരമ്പര്യവും 1970 കൾ വരെ സീറോ മലബാർ സഭയിൽ പ്രാദേശിക വ്യത്യാസങ്ങൾ കൂടാതെ അർപ്പിച്ചു പോന്നതുമായ രീതിയിൽ പൂർണ്ണമായി മദ്ബഹാഭിമുഖമായിട്ടാണ് കുർബാന അർപ്പിയ്ക്കുന്നത്. അതേ സമയം സിനഡ് വിവിധ രൂപതകളിലെ കുർബാനാർപ്പണ രീതികൾ ഏകീകരിയ്ക്കുന്നതിനു (സിനഡിന്റെ സംയുക്ത ഇടയലേഖനം ഇവിടെ വായിയ്ക്കാം. അതിനു അംഗീകാരം കൊടുത്തുകൊണ്ടുള്ള റോമിന്റെ കത്ത് ഇവിടെ ) വേണ്ടീ കൊണ്ടുവന്ന 50-50 യാണ് പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങി ഒട്ടനവധി രൂപതകളിൽ തുടരുന്നത്. എറണാകുളം തുടങ്ങി ലത്തീൻശൈലികൾ പിന്തുടരണമെന്നു ആഗ്രഹിയ്ക്കുന്ന രൂപതകൾ പൂർണ്ണമായും ലത്തീൻ സഭയിൽ ഇന്നു നിലവിലുള്ളതുപോലെ പൂർണ്ണമായും ജനാഭിമുഖമായി കുർബാന അർപ്പിയ്ക്കുന്നു. ഇതിൽ ഏതെങ്കിലും കുർബാനയർപ്പണത്തിനു കുഴപ്പമുണ്ടോ? എങ്ങനെയെങ്കിലും ഒക്കെ ആയാൽ പോരേ തുടങ്ങിയ 'സെക്കുലർ' ചോദ്യങ്ങൾ വിശ്വാസികളുടെ ഇടയിൽ പ്രചരിയ്ക്കുന്നുണ്ട്.

ജനാഭിമുഖത്തിന്റെ ചരിത്രം, അതു സീറോ മലബാർ സഭയിൽ വന്നതും ഒക്കെ മറ്റു പോസ്റ്റുകളിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ ആവർത്തിയ്ക്കുന്നില്ല.

ഒരു വിശ്വാസിയുടെ നിലപാട് എന്തായിരിയ്ക്കണം എന്നാണ് ഇവിടെ പറയുവാൻ ആഗ്രഹിയ്ക്കുന്നത്. ഒരു വിശ്വാസി അടിസ്ഥാനപരമായി ശ്രമിയ്ക്കേണ്ടത് താഴെപ്പറയുന്ന അഞ്ചു കാര്യങ്ങളാണ്.
1. സഭയുടെ പാരമ്പര്യം തിരിച്ചറിയുക
2. സഭയുടെ ആഗ്രഹം തിരിച്ചറിയുക.
3. പ്രായോഗികവും, രാഷ്ട്രീയവുമായ പ്രശ്നങ്ങൾ തിരിച്ചറിയുക.
4. മെച്ചപ്പെട്ട രീതി നടപ്പിൽ വരുവാൻ വേണ്ടി പ്രാർത്ഥിയ്ക്കുക, അതിനുള്ള സഭയുടെ ശ്രമങ്ങളെ സഹായിയ്ക്കുക.
5. മെച്ചപ്പെട്ട രീതി എല്ലാവരും മനസിലാക്കുവാൻ തങ്ങളാലാവുന്നതു ചെയ്യുക.

എല്ലാ സഭകളിലും ഏറിയും കുറഞ്ഞും ഇത്തരം ആശയക്കുഴപ്പങ്ങളും അഭിപ്രായവ്യത്യാസങ്ങളും ചേരിതിരിവുകളും ഉണ്ട്. അതിൽ അറിവില്ലായ്മ മുതൽ ഈഗോ വരെ കാരണമാകാം. സഭ ഒരു പോലീസിംഗ് സംവിധാനമല്ലാത്തതുകൊണ്ടു തന്നെ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിയ്ക്കുക എന്നതോ കർശനമായി നടപ്പാക്കുക എന്നതോ അപ്രായോഗികമാണ്, സഭയുടെ ശൈലി അതല്ല. അതുകൊണ്ടു തന്നെ സഭ എടുക്കുന്ന പ്രായോഗികമായ നിലപാടുകൾ ഏറ്റവും ശരിയായ നിലപാടുകൾ ആവണമെന്നില്ല. "സിനഡിന്റെ തീരുമാനം ഏറ്റവും നല്ല തീരുമാനമാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല" എന്നു സംയുക്ത ഇടയലേഖനത്തിൽ സിനഡുപിതാക്കന്മാർ തന്നെ പറയുന്നുണ്ട്.

ഈ പോസ്റ്റു മുൻപോട്ടു വയ്ക്കുന്ന അടിസ്ഥാന പ്രമാണം ആവർത്തിയ്ക്കട്ടെ. അതിതാണ്: മാനുഷികമായ രീതിയിൽ ബലിയുടെ പൂർണ്ണതയ്ക്കു വേണ്ടിയുള്ള ഒരു പരിശ്രമം മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക അനിവാര്യമാണ്.

ഒന്നാം ഘട്ടം: പരിമിതികളിൽ; പരമാവധി

ജനാഭിമുഖകുർബാന നിലവിലുള്ള ഇടങ്ങളിലും 50-50 നിലവിലുള്ള ഇടങ്ങളിലും പൂർണ്ണമായും മദ്ബഹാഭിമുഖ കുർബാന നിലവിലുള്ള ഇടങ്ങളിലും തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ബലിയുടെ പൂർണ്ണതയ്ക്ക് മനുഷ്യസാധ്യമായ എന്തൊക്കെചെയ്യാമോ അതെല്ലാം ചെയ്യുക എന്നതാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

ദേവാലയത്തിന്റെ ഘടന, പുരോഹിതന്റെ നിലപാടുകൾ, വിശ്വാസികളുടെ ഭാഗഭാഗിത്വം ഇതെല്ലാം കുർബാനയുടെ പൂർണ്ണതയ്ക്ക് ആവശ്യമാണ്. എങ്കിൽ തന്നെയും അതിൽ മാറ്റങ്ങൾ വരുത്താൾ ഒരു വിശ്വാസിയ്ക്കുള്ള സാധ്യതകൾ പരിമിതമാണ്. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സഭയുടെ ദൈവാരാധനയിൽ  പങ്കുചേർന്ന് പൂർണ്ണആത്മാവോടും പൂർണ്ണ മനസ്സോസോടും സർവ്വശക്തിയോടും കൂടെ ദൈവത്തെ ആരാധിയ്ക്കുക എന്നതാണ് ഓരോ വിശ്വാസിയുടേയും പ്രഥമവും പ്രധാനവുമായ കർത്തവ്യം.


രണ്ടാം ഘട്ടം: മെച്ചപ്പെട്ടതിനെ തിരിച്ചറിയുക
സഭാ പാരമ്പര്യം എന്തു പറയുന്നു, സഭ എന്തു പറയുന്നു, സഭാ പിതാക്കന്മാർ എന്തു പറയുന്നു എന്നതു മനസിലാക്കി ശരികൾ തിരിച്ചറിയുക എന്നതതു പ്രധാനമാണ്. അതു വിശ്വാസത്തിലുള്ള വളർച്ചയാണ്. Lex orandi, lex credendi എന്നൊരു ലത്തീൽ ചൊല്ലുണ്ട്. പ്രാർത്ഥനയുടെ നിയമം വിശ്വാസത്തിന്റെ നിയമാണ്. പ്രാർത്ഥനയുടെ നിയമത്തിൽ വെള്ളം ചേർക്കുമ്പോൾ യഥാർത്ഥത്തിൽ വിശ്വാസത്തിൽ തന്നെയാണ് വെള്ളം ചേർക്കപ്പെടുന്നത്.പലപ്പോഴും സഭയുടെ നിലപാടുകളോ, പ്രബോധനങ്ങളോ വിശ്വാസികൾ അറിയാതെ പോകുന്നു എന്നതു പല ശരികളും നടപ്പിൽ വരുത്തുന്നതിനു തടസമാവുന്നുണ്ട്.

മൂന്നാം ഘട്ടം: മെച്ചപ്പെട്ടതിലേയ്ക്കു നടക്കുക
കൂടുതൽ മെച്ചപ്പെട്ടതിനെ തിരിച്ചറിയുന്നവർ മെച്ചപ്പെട്ടവ പാലിയ്ക്കുവാനും ശ്രമിയ്ക്കേണ്ടതുണ്ട്. ഭക്താഭ്യാസങ്ങളെക്കാൾ സഭ ആഗ്രഹിയ്ക്കുന്നത് യാമപ്രാർത്ഥനകളാണ് എന്ന തിരിച്ചറിവ് ഉണ്ടാവുക പ്രധാനമാണ്. എന്നാൽ യാമപ്രാർത്ഥനകൾ ശീലിയ്ക്കാത്തിടത്തോളം കാലം ആ അറിവ് ഒരു ബൗദ്ധീകമായ വിവരം മാത്രമായി അവശേഷിയ്ക്കും. അതിനെ വിശ്വാസജീവിതത്തിന്റെയും സഭാത്മക ജീവിതത്തിന്റെയും ഭാഗമാക്കുമ്പോൾ വിശ്വാസജീവിതത്തിൽ അഭിവൃത്തിയുണ്ടാവും.


നാലാം ഘട്ടം: മെച്ചപ്പെട്ടതിലേയ്ക്കു നടത്തുക
മെച്ചപ്പെട്ടത് അറിയുകയും ശീലിയ്ക്കുകയും ചെയ്തവർ മറ്റുള്ളവർക്കും ആ മെച്ചമായതിന്റെ അനുഭവം  സാധ്യാമാകുവാൻ പരിശ്രമിയ്ക്കണം. അതു അറിവിന്റെയും വിശ്വാസജീവിതത്തിന്റെയും പങ്കുവയ്ക്കലിലൂടെയാവാം, സഭയിലും സമൂഹത്തിലും ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നതിലൂടെയാവാം, ജീവിതത്തിലൂടെ ഒരു മാതൃകയാവുന്നതിലൂടെയാവാം.

പരിമിതികൾക്കുള്ളിൽ നിന്നു കുർബാനയർപ്പണത്തിനു കഴിയുന്നത്ര പൂർണ്ണത നൽകുവാനും ആ പരിമിതികളെ പടിപടിയയി പരിമിതപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടത്തുവാനും ഓരോ ക്രൈസ്തവനും കടമയുണ്ട്. പോസ്റ്റിന്റെ ആരംഭത്തിലെ വാചകത്തിലേയ്ക്കു മടങ്ങിവരാം. ഒരു ബലിയുടെ സ്വീകാര്യത ദൈവത്തിനു വിട്ടുകൊടുക്കുക. നമ്മുടെ കഴിവിനനുസരിച്ച് ബലിയ്ക്ക് പൂർണ്ണത നൽകുവാൻ പരിശ്രമിയ്ക്കുക. ബലിയ്ക്കു പൂർണ്ണത നൽകുവാനുള്ള ശ്രമങ്ങൾ ഇല്ലാതിരിയ്ക്കുക എന്നത് കായേന്റെ ബലി പോലെയാണ്. ഉചിതമായി പ്രവർത്തിച്ചാൽ നീയും സ്വീകാര്യനാവുകയില്ലേ  (സൃഷ്ടി 4: 7) എന്ന കായോനോടുള്ള ദൈവത്തിന്റെ ചോദ്യം നമ്മുടെ മുന്നിലും ആവർത്തിയ്ക്കപ്പെടുന്നുണ്ട്, അപൂർണ്ണമായ ഓരോ ബലിയർപ്പണങ്ങളിലും.