Friday, May 1, 2015

തൂയൈ പഠിപ്പിയ്ക്കേണ്ട പാഠങ്ങൾ

ഈ പോസ്റ്റിനു പ്രകോപനമായത് ഫാ: ജോസഫ് ചക്യാത്ത് അച്ചന്റേതായി സത്യദീപത്തിൽ വന്ന ഒരു കത്താണ്. കത്തിൽ ഇപ്രകാരം പറയുന്നു:  "സീറോ മലബാർ സഭയിലെ ആരാധനാക്രമ സംബന്ധമായ ഇടുങ്ങിയ പ്രാദേശിക ചിന്തയും സ്പർദ്ധയും അസൂയയും സഭയുടെ ഉപരിഘടകങ്ങളെ കീഴ്പ്പെടുത്തിയതിന്റെ ഫലമായി  മനോഹരമെന്നു ലേഖകൻ പുകഴ്ത്തുന്ന പഴഞ്ചൻ തൂയൈ എന്ന ഗാനശൈലിയിലേക്കുള്ള സഭയുടെ ഘർവാപ്പസി ആരംഭിച്ചു. തൂയൈ മനോഹരമാണെന്നു കരുതുന്നവർ അതു പാടി നിർവൃതിയടയട്ടെ. എന്തിനാണീ അടീച്ചേൽപ്പിയ്ക്കൽ? ഉറവിടങ്ങളിലേയ്ക്കു മടങ്ങിപ്പോക്കിനെ പറ്റി ഉറക്കെ വാദിയ്ക്കുമ്പോൾ ഒരു സംശയം ബാക്കി നിൽക്കുന്നു. ചരിത്രത്തിനു സംശയാതീതമായി തെളിയിയ്ക്കാൻ കഴിയാത്ത സംശയം. ഏതാണു നമ്മുടെ പൈതൃകം? കൽദായ? പ്രീ-കൽദായ? കേരളീയം? പോർട്ടുഗീസ്? എല്ലാം കൂടി കലർന്ന സങ്കര പൈതൃകം. അവസാനം പറഞ്ഞതല്ലേ ചൈത്രത്തോടു കൂടുതൽ നീതി പുലർത്തുന്നതും  ദൈവശാസ്ത്രപരമായും അജപാലനപരമായും ശരിയായതും?"


ഒരു സഭയിൽ  അതിന്റെ സ്വാഭാവികതയ്ക്കു കോട്ടം വരുത്തി അടിച്ചേൽപ്പിയ്ക്കപ്പെട്ടതെല്ലാം  തൂത്തുമാറ്റപ്പെടുക തന്നെ വേണം. അത് കൽദായയാണെങ്കിലും ശരി പോർട്ടുഗീസ് ആണെങ്കിലും ശരി.  കൽദായ പാരമ്പര്യം അടിച്ചേൽപ്പിയ്ക്കപ്പെട്ടു എന്നത് ചില ലത്തീൻഭ്രമക്കാരു പടച്ചുണ്ടാക്കിയ കെട്ടുകഥമാത്രമാണ്.

അസ്സീറിയൽ പ്രവാസത്തിനും അതിനും മുൻപും പിമ്പുമായി പേർഷ്യയിലും ഇന്ത്യയിലുമായി കുടിയേറിയ അറമായ സംസാരിയ്ക്കുന്ന യഹൂദരെ സുവിശേഷമറിയിയ്ക്കുവാനായിരുന്നു തോമാശ്ലീഹാ വന്നത്.  ക്രിസ്തുമതം സ്വീകരിച്ച യഹൂദരും വിജാതീയരും  അറമായയിൽ പ്രാർത്ഥിച്ചു, അപ്പം മുറിയ്ക്കൻ ശുശ്രൂഷ നടത്തി.  യഹൂദ ലിറ്റർജിയുടെ സ്വാഭാവിക പരിണാമമായ പൗരസ്ത്യസുറിയാനീ ദൈവാരാധനാ രീതിയുടെ ആദ്യകാല രൂപം രൂപപ്പെട്ടു. പേർഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം ഒരേ പൈതൃകവും, ഒരേ ഭാഷയും, ഒരേ സംസ്കാരവും, ഒരേ ചരിത്ര പശ്ചാത്തലവും പേറുന്ന രണ്ടുസഭകളെ തമ്മിൽ ബന്ധിപ്പിച്ചു. പരസ്പരമുള്ള കൊടുക്കൽ വാങ്ങലിലൂടെ, എന്നാൽ സ്വതന്ത്രമായി രണ്ടു സഭകളും വളരുകയും സമാനതകളുള്ള ദൈവാരാധനാരീതി ഇവിടങ്ങളിൽ രൂപീകൃതമാവുകയും ചെയ്തു. പിന്നീട് പൗരസ്ത്യ സുറീയാനീ പാത്രിയർക്കീസ് ഈ ദൈവാരാധനാ രീതികളെ ഏകീകരിച്ചു. കിഴക്കിന്റെ സഭയിലാകമാനം ഏറെക്കുറേ ഒരേ ദൈവാരാധാനാ രീതി നിലവിൽ വന്നു.

ഇതാണ് പാരമ്പര്യം. ഇതാണ് സാഹചര്യത്തെളിവുകൾക്കു നിരക്കുന്ന ഏകവിശദീകരണം. ഇന്നു ലഭ്യമായ പല ഗവേഷണഫലങ്ങളും ഇതിനെ പിന്താങ്ങുന്നതുമാണ്.

എന്തുകൊണ്ട് തൂയൈ? അഥവാ തൂയൈയിൽ നിന്നു നാം എന്തു പഠിയ്ക്കണം ?
യഹൂദലിറ്റർജിയുടെ യഹൂദപശ്ചാത്തലത്തിലുള്ള വളർച്ചയാണ് പൗരസ്ത്യസുറിയാനി സഭയെങ്കിൽ യഹൂദലിറ്റർജിയുടെ വിജാതീയപശ്ചാത്തലത്തിലുള്ള വളർച്ചയാണ് ഗ്രീക്ക് ലത്തീൻ സഭകൾ.  സംഗീതത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. സുറിയാനീ സംഗീതം യഹൂദ സംഗീതത്തിന്റെ പിന്തുടർച്ചയാണെങ്കിൽ ബൈസന്റൈൻ -ഗ്രിഗോറിയൻ സംഗീതം യഹൂദസംഗീതത്തിന്റെ ഗീക്ക്-ലത്തീൻ പശ്ചാത്തലത്തിലുള്ള അനുരൂപണമാണ്.

 ഏന്റെ ഏറ്റവും പ്രീയപ്പെട്ട സംഗീതസംവിധായകനായ ജെറി അമൽദേവിന്റെ ഒരു അഭിമുഖം യൂട്യൂബിൽ ലഭ്യമാണ്. അദ്ദേഹത്തിന്റെ ചരിത്രനിരീക്ഷണങ്ങളോട് വിയോജിയ്ക്കുമ്പോൾ തന്നെ ആരാധനാക്രമ സംഗീതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ സഭാസ്നേഹികൾക്ക് സഹായകരമാണ്.

"For in stance when we thing of liturgical music in India  today most people singly think....a nice song....people should like some song ...and then we should start singing in the church. Obviously that is not correct. Liturgical music is a highly specialized kind of music." - Jery AmalDev

 "Let me put it bluntly...in early stages when in 1962 or 65 when Vatican-2 permitted us to sing  vernacular songs in church, for lack of knowledge most composers thought the best music will be what they thought very sweet and good...the film songs or the drama songs...songs on the stage shows. Even I was a victim of that until I learned better. However the trend of using secularist or secular style music in the church took deeper root than the handful of individual who tried to go to the correct historical and the right liturgical way." - - Jery AmalDev

"Gregorian chant most of the time uses a gamut of 6 or 7 notes which means this is the range with common man can sing. Now when we here some songs in the church they are going to a gamut of 13 or 14. Only usthad can sing like that." - - Jery AmalDev

ചുരുക്കത്തിൽ യഹൂദ സംഗീതത്തിൽ വേരുകളുള്ള സവിശേഷമായ സംഗീതമാണ് ആരാധനാക്രമസംഗീതം.  കേൾവിയ്ക്കു സുഖം പകരുന്നത് എന്നതുകൊണ്ട് സംഗീതം ആരാധനാക്രമത്തിൽ ഉപയോഗിയ്ക്കണമെന്നു പറയുവാനാവില്ല.  രണ്ടാം വത്തിയ്ക്കാൻ കൗൺസിലിനു ശേഷം നാട്ടുഭാഷയിലെ ഗീതങ്ങൾ സൃഷ്ടിയ്ക്കപ്പെട്ടപ്പോൾ  സിനിമാ-നാടകഗാനങ്ങൾക്കൊപ്പിച്ച് ആരാധനാക്രമസംഗീതം സൃഷ്ടിയ്ക്കാനാണ് പലരും ശ്രമിച്ചത്. പക്ഷേ യഥാർത്ഥത്തിൽ ചരിത്രത്തോടും  ആരാധാനാക്രമരീതികളോടും നീതി പുലർത്തിവേണം ആരാധനാക്രമഗീതങ്ങൾ സൃഷ്ടിയ്ക്കപ്പെടുവാൻ. ലത്തീൻ സഭയുടെ ഗ്രിഗോറിയൻ ചാണ്ടിനെ മനസിലാക്കിയാൽ സാധാരണക്കാരനു പാടാവുന്ന രീതിയിലാണ് അത് ക്രമീകരിച്ചിരിയ്ക്കുന്നതെന്നു മനസിലാക്കാം. പക്ഷേ ഇന്നത്തെ പല ആരാധനാക്രമ ഗീതങ്ങളും സംഗീതജ്ഞന്മാർക്കു മാത്രം പാടാൻ കഴിയുന്നവയാണ്.

തൂയൈ ഏതൊരു സാധാരണക്കാരനും പാടാൻ കഴിയുന്ന, വിശ്വാസപാരമ്പര്യത്തിന്റെ നിറവും മണവുമുള്ള സംഗീതമാണ്.  അതിനെ പഴഞ്ചനെന്നു വിളിയ്ക്കുന്നവർ കുറഞ്ഞപക്ഷം അതിന്റെ സംഗീതപരമായ ലാളിത്യത്തെയെങ്കിലും പഠിച്ചില്ലെങ്കിൽ, ഗായകസംഘത്തിനു മാത്രം നടത്താൽ കഴിയുന്ന ഷോ ആയി കുർബാന മാറുമ്പോൾ (പുരോഹിതരുടെ ഭാഗം പോലും പാടുന്ന ഗായകരുണ്ട്) തളരുന്നതു സഭയായിരിയ്ക്കും.

ജെറി അമൽദേവ് പങ്കുവയ്ക്കുന്ന മറ്റൊരാശയം പ്രാദേശിക സംഗീതത്തിന്റെ ചേരുവകൾ ആരാധനാക്രത്തിലേയ്ക്കു കൊണ്ടുവരുന്നതിനെപ്പറ്റിയാണ്. ഹിന്ദുസ്ഥാനി, കർണ്ണാടക, സോപാന, ഭജന രീതികൾ കൊണ്ടുവരുവാനാവും. പക്ഷേ അപ്പോഴും പരമ്പരാഗത ആരാധനാക്രമ രീതികളോട് നീതിപുലർത്തിക്കൊണ്ടു മാത്രമേ അതു നിർവ്വഹിയ്ക്കാവൂ. കാരണം ആരാധനാക്രമ സംഗീതം സംഗീതജ്ഞന്മാരുടേതല്ല, ദൈവജനത്തിന്റേതാണ്.

ഇവിടെ വന്ന തികച്ചും വൈദേശികമായ ലത്തീൻ സഭയ്ക്ക് ഭാരതീയമായ രീതികളോട് അനുരൂപപ്പെടേണ്ടത് അനിവാര്യതയായിരിയ്ക്കാം. പക്ഷേ സുറിയാനി സഭയുടെ കാര്യം അങ്ങനെയല്ല. അവരുടെ പശ്ചാത്തലം ഹിന്ദുമതത്തിന്റേതല്ല, യഹൂദമതത്തിന്റേതാണ്. 

No comments:

Post a Comment