Thursday, July 4, 2019

ലിറ്റർജിയുടെ സാങ്കേതികത്വം

പൊതുവെ ലിറ്റർജിയെപ്പറ്റിപ്പറയുമ്പോൾ ഉള്ള ആരോപണമാണ് ഇതു സാങ്കേതികത്വമാണ്, പാരമ്പര്യവാദമാണ് ആത്മീയതയുമായി ബന്ധമൊന്നുമില്ല എന്നൊക്കെ. ഷിജു അലക്സിന്റെ ഫെയിസ്ബുക്ക് പോസ്റ്റിനുള്ള കിരൺ തോമസിന്റെ കമന്റിനുള്ള മറുപടിയിൽ ഇക്കാര്യം വിശദമാക്കുവാൻ ഞാൻ ശ്രമിച്ചിരുന്നു. ചിലമ്പിട്ടുശ്ശേരി റിതിനുമായുള്ള ഈ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.  എല്ലാം ചേർത്ത് ഇവിടെ പോസ്റ്റുന്നു.  (അല്പം വുൾഗാത്ത/പിശീത്താ (ലളിതമാക്കീന്ന്) ശൈലിയിലാണ് എഴുതിയിരിയ്ക്കുന്നത്. ലിറ്റർജിയുടെ ടെക്നിയ്ക്ക് എന്നൊക്കെ എഴുതിയത് അതുകൊണ്ടാണ്)

ഞാൻ ഈ അടുത്തകാലത്ത് ടെന്നീസ് കോച്ചിംഗിനു പോയിരുന്നു. എന്തെങ്കിലും ശാരീരികവ്യായാമം ആവശ്യമാണെന്നു കണ്ടായിരുന്നു അങ്ങനെ ഒരു സാഹസത്തിനു മുതിർന്നത്. ജിം, ജോഗ്ഗിങ്ങ് ഒക്കെ എനിയ്ക്ക് ബോറിംഗ് ആണ്. കളിയുടെ മറവിൽ കായികക്ഷമത അതാണെന്റെ മുദ്രാവാക്യം. കാര്യത്തിലേയ്ക്കു വരാം.

ആദ്യത്തെ ഒന്നു രണ്ടാഴ്ച എങ്ങനെ റാക്കറ്റ് പിടിയ്ക്കണം, ബോൾ വരുമ്പോൾ എങ്ങനെ ബാറ്റു ചലിപ്പിയ്ക്കണം എന്നതായിരുന്നു പ്രധാന വിഷയം. പിന്നീട് പന്ത് അടിയ്ക്കുമ്പോൾ കയ്യുടെ ചലനങ്ങൾ എങ്ങനെ ആവണം, ഫൂട് വർക്ക് എങ്ങനെ ആവണം. ഉദാഹരണത്തിന് പന്തും റാക്കറ്റും തമ്മിൽ കോണ്ടാക്ട് വന്നു കഴിഞ്ഞാൽ ഏതാണ്ട് അർദ്ധവൃത്താകൃതിയിലാണ് റാക്കറ്റിന്റെ ഫോളോത്രൂ. ഇത് പന്തിന്റെ ഗതിയും കറക്കവും നിർണ്ണയിയ്ക്കുന്നതിനു പ്രധാനമാണ്.  ഒരു പാദം നെറ്റിനു സമാന്തരമായും മറ്റു പാദം നിൽക്കുന്ന പൊസിഷനിൽ നിന്ന് ഉചിതമായ ഒരു ആംഗിളിലും ആയിരിക്കണം. ഇത് ആയാസ രഹിതമായ ശരീരചലനത്തിന് അത്യാവശ്യമാണ്. ക്രിക്കറ്റിലെ ഒരു പതിവനുസരിച്ച് കൈക്കുഴ-റിസ്റ്റിന്റെ ഉപയോഗവും റാക്കറ്റ് ഷഫിൾ ചെയ്യുന്ന രീതിയും ഉണ്ടായിരുന്നു - ഇതു രണ്ടൂം തിരുത്തേണ്ടതുണ്ടായിരുന്നു. അങ്ങനെ മൊത്തം നോക്കുകയാണെങ്കിൽ ഒരു പത്തിരുപതു കാര്യങ്ങൾ ശ്രദ്ധിയ്ക്കാനുണ്ട് ഒരു പന്ത് നമ്മുടെ വശത്ത് എത്തുന്ന സമയദൈർഘ്യത്തിനുള്ളിൽ തീരുമാനമാക്കുവാൻ. ഇതിനെയെല്ലാം ടെക്നിക്കാലിറ്റിയാണ്, കളിയുമായി ബന്ധമില്ല എന്നു പറയാം ഈ രീതിയിൽ കളിച്ചിട്ടില്ലാത്തവർക്ക്. പക്ഷേ കളിയെ മറ്റൊരു തലത്തിലേയ്ക്ക് എത്തിയ്ക്കുവാനും പരുക്കുകൾ ഉണ്ടാവാതെ കളിയ്ക്കുവാനും ഈ ടെക്നിക്കുകൾ അത്യാവശ്യം തന്നെയാണ്. പ്രാക്ടീസ് ചെയ്യുന്നതിനനുസരിച്ച് ഈ ടെക്നിക്കുകൾ നമ്മുടെ കേളീശൈലിയുടെ തന്നെ ഭാഗമാവുകയും ടെക്നിക്കുകൾ സ്വാഭാവികമായി തന്നെ ഒഴുകിയെത്തുകയും ചെയ്യും. പിന്നെ ടെക്നിക്കുകളെക്കുറിച്ച് ഓർമ്മിയ്ക്കുക തന്നെ വേണ്ടി വരില്ല. അതായത് ടെക്നിക്കുകൾ സായത്തമാക്കിക്കഴിഞ്ഞാൽ ടെക്നിക്കുകൾ  അപ്രസക്തമാവുകയും കളിമാത്രം അവശേഷിയ്ക്കുകയും ചെയ്യും. പക്ഷേ ആ തലത്തിലേയ്ക്ക് എത്തുവാൻ ടെക്നിക്കുകൾ അനിവാര്യതയാണു താനും.

ഡ്രൈവിങ്ങ് പഠിച്ചു തുടങ്ങുമ്പോൾ തലയിണമന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ ക്ലച്ച്, ബ്രേക്ക്, ആക്സിലറേറ്റർ, ഗിയർ, സ്റ്റിയറീംഗ് ആകെ ഒരു കൺഫ്യൂഷനാണ്. ഈ ടെക്നിക്കുകളുടെ കടമ്പ കടന്നാൽ പിന്നെ ഗിയറുകൾ മാറുന്നതും ക്ലച്ചും ബ്രേക്കും എല്ലാം സ്വാഭാവികമായി വന്നുകൊള്ളും.  നമ്മുടെ ശരീരത്തിന്റെ ഭാഗം എന്നതുപോലെ ബ്രേക്കും ക്ലച്ചും എല്ലാം പ്രവർത്തിച്ചു തുടങ്ങും.  അതായത് പത്തു പന്ത്രണ്ടൂ വർഷം പോളിടെക്നിയ്ക്കിൽ പഠിച്ചു എന്നതുകൊണ്ട് കാർ ഓടിയ്ക്കാനാവില്ല എന്ന്. കാറ് വേണ്ട നടന്നു പോയാൽ മതി എന്നുള്ളവർക്ക് ഇതിന്റെ സാങ്കേതികത്വം ബാധകമല്ലതാനും.

ഇടവഴിയിൽ മടൽബാറ്റുണ്ടാക്കി, തുണിപ്പന്തിൽ മൂന്നോ നാലോ പേർ ക്രിക്കറ്റു കളിയ്കുമ്പോൾ ടെക്നിക്ക് ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. അല്ലെങ്കിൽ സ്വാഭാവികമായി വന്നു ചേരുന്ന ടെക്നിക്കുകൾ മതി. പക്ഷേ ജില്ലാതലം, സംസ്ഥാനതലം, ദേശീയ തലത്തിലേയ്ക്ക് എത്തുവാൻ അതു പോരാ.

ഇതുപോലെയാണ് ആത്മീയതയുടെ കാര്യവും.  ആത്മീയതയ്ക്ക് ഓരോരുത്തർക്കും അവരവരുടെ നിർവ്വചനങ്ങൾ കാണൂം. ആത്മീയതയുടെ കാര്യത്തിൽ ഓരോ മതങ്ങൾക്കും കൾട്ടുകൾക്കും അവരവരുടേതായ കാഴ്ചപ്പാടുകളും ശൈലികളും കാണും. സഭയ്ക്ക് സഭയുടേതായ നിർവ്വചനവും ശൈലിയും ഉണ്ട്. നിങ്ങളുടെ ആധ്യാത്മികതയെ സഭയുടെ ആധ്യാത്മികതയിലേയ്ക്ക് ഉയർത്തണമെങ്കിൽ ലിറ്റർജിയുടെ ടെക്നിക്കുകൾ സായത്തമാക്കേണ്ടതുണ്ട്. അതിൽ ഭാഷയുടേയും, വേദപുസ്തകത്തിന്റേയും, ചരിത്രത്തിന്റെയും, സാഹിത്യത്തിന്റെയും, ദൈവശാസ്ത്രത്തിന്റെയും സങ്കേതങ്ങൾ ഉണ്ട്.  ഇടവഴിയിലെ ക്രിക്കറ്റുകളിയാണ് നിങ്ങൾ ഉന്നം വയ്ക്കുന്നതെങ്കിൽ നിങ്ങൾ കോച്ചിങ്ങിനു പോവേണ്ടന്നേ.

അപ്പോൾ ഇത്രയും സങ്കീർണ്ണമാണോ ലിറ്റർജി? അപ്പോൾ സാധാരണക്കാർ എന്തു ചെയ്യും? വേദപുസ്തകവും ദൈവശാസ്ത്രവും ഒക്കെ പഠിച്ചിട്ടേ കുർബാനയ്ക്കു വരാവൂ എന്നാണെങ്കിൽ നടപ്പുള്ള കാര്യമാണോ?

ലിറ്റർജിയുടെ ടെക്നിക്കുകൾ സ്വാഭാവികമായി വന്നു ചേരേണ്ടതാണ്. പക്ഷേ സാഹചര്യം അതല്ല. ചെന്നായ വളർത്തിയ മനുഷ്യക്കുഞ്ഞിനു രണ്ടു കാലിൽ നടക്കാൻ അറിയാതെ പോവുന്നതുപോലെ, കോഴി വളർത്തിയ പരുത്തിന് പറക്കാൻ അറിയാതെ പോവുന്നതുപോലെ ലിറ്റർജിക്കൽ അബ്യൂസിന്റെയും ലിറ്റർജിക്കൽ അജ്ഞതയുടേയും ലിറ്റർജിക്കൽ വിവാദങ്ങളുടേയും അൺലിറ്റർജിക്കൾ ഘടകങ്ങളുടെ കടന്നുകയറ്റത്തിന്റെയും പശ്ചാത്തലത്തിൽ സ്വാഭാവികമായി ലഭിയ്ക്കേണ്ട ലിറ്റർജിക്കൽ പരിജ്ഞാനം ലഭിക്കാതെ വരുന്നുണ്ട്. ആ പരിതസ്ഥിതിയിൽ ബോധപൂർവ്വമായ ലിറ്റർജിക്കൽ പഠനം ആവശ്യമാവുന്നുമുണ്ട്.  സീറോ മലബാർ സഭയുടെ കാര്യം പറഞ്ഞാൽ 400 കൊല്ലത്തെ ലാറ്റിനൈസേഷന്റെ ഒരു പരിതസ്ഥിതിയുണ്ട്, ഭക്താഭ്യാസങ്ങളുടേയും, കൾട്ടുകളുടേയും തള്ളിക്കയറ്റം ഒരു വശത്തും സഭയുടെ നിർദ്ദേശങ്ങളോടു വിശ്വസ്ഥതപുലർത്താത്ത ലിറ്റർജിയുടെ അർപ്പണങ്ങൾ മറുവശത്തുമുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ബോധപൂർവാം ഏറെക്കുറെ സാങ്കേതികമായും ശാസ്ത്രീയമായും ലിറ്റർജി പഠിയ്ക്കേണ്ടി വരുന്നു എന്നത് ലിറ്റർജിയുടെ ന്യൂനതയല്ല, സാഹചര്യം കൊണ്ടെത്തിയ്ക്കുന്ന ഗതികേടു മാത്രമാണ്.

വാൽക്കഷണം: 10-12 വർഷം പോളീടെക്നിക്കിൽ പഠിച്ചതുകൊണ്ട് ഡ്രൈവിങ് പഠിയ്ക്കുന്നില്ല. ഡ്രൈവിംഗ് അറിയാത്തവർ വണ്ടി ഓടിയ്ക്കുമ്പോൾ സ്വയരക്ഷയെക്കരുതി അതിൽ കയറാതിരിയ്ക്കുക.

No comments:

Post a Comment