Monday, January 10, 2022

മദ്ബഹാഭിമുഖം ലൈവ്...

(കൊറോണ ആരംഭിയ്ക്കുകയും ഓൺലൈൻ കുർബാനകൾ വ്യാപകമാവുകയും ചെയ്തപ്പോൾ ചങ്ങനാശ്ശേരി അരമനയിൽ അർപ്പിക്കപ്പെട്ട കുർബാനയുടെ ലൈവ് സ്ട്രീമിംഗിനെപ്പറ്റിയാണ് ഈ പോസ്റ്റ്. ഈ പൊസ്റ്റിനെത്തുടർന്ന് ഇത്തരം ലൈവ് സ്ട്രീമിങ്ങിലെ ക്യാമറാ അഭ്യാസങ്ങൾ പൂർണ്ണമായി അരമനയിൽ നിന്നുള്ള സ്ട്രീമിങിൽ ഒഴിവാക്കപ്പെട്ടു.)
ചങ്ങന്നാശ്ശേരിയിൽ പെരുന്തോട്ടം പിതാവിന്റെ കാർമ്മികത്വത്തിൽ അഡ്ഒറിയന്റം കുർബാന. ചൊല്ലുന്നത് തിയഡോറിന്റെ അനാഫൊറ. പൗരസ്ത്യശൈലിയോടു ആഭിമുഖ്യമുള്ളവർക്ക് ആനന്ദല‌ബ്ധിയ്ക്ക് ഇനി എന്തു വേണം?
പക്ഷേ മിക്കപ്പോഴും ക്യാമറ കാർമ്മികന്റെ മുഖത്തു തന്നെയായിരുന്നു. അതായത് തത്വത്തിൽ ആഡ്ഓറിയന്റം എന്നു പറയുമ്പോഴും ഫലത്തിൽ ജനാഭിമുഖം എന്നു പറയേണ്ടി വരും. അനാഫൊറ, വിഭജന ശൂശ്രൂഷ ഇവയ്ക്കെല്ലാം ക്യാമറ മദ്ബഹായിലെ ഓരോ രംഗവും ഒപ്പിയെടുത്തിട്ടൂണ്ട്. ഒരു കാറ്റകെറ്റിക്കൽ ഉദ്ദ്യേശത്തിനു ചെയ്യുന്ന വീഡീയോ ആണെങ്കിൽ ഓകെ. പക്ഷേ ഇത് ലൈവ് കുർബാന ആൾക്കാരെ ആത്മീയമായി കുർബാനയിൽ പങ്കെടുക്കുവാനുള്ള അവസരമാക്കി രൂപത നടത്തിയ ക്രമീകരണം. അതിൽ ഇതു വേണ്ടായിരുന്നു.
അഡ്ഓറിയന്റം പ്രസക്തമാവുന്നത് കാർമ്മകന്റെ മുഖം അപ്രസക്തമാവുന്നിടത്താണ്. ബനഡിക്ക്ട് പതിനാറാമൻ പറയുന്നതുപോലെ കാർമ്മികൻ എങ്ങോട്ടു നോക്കുന്നു എന്നതിലല്ല, ഒരുമിച്ച് ദൈവത്തിലേയ്യ്ക്ക് തിരിയുന്നതിലാണ്. കുർബാനയുടേ രഹസ്യാത്മകത മദ്ബഹായിലെ രംഗങ്ങളെല്ലാം കണ്ണുകൊണ്ട് കാണാനാവാത്തതിൽ കൂടീയാണ്. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേയ്ക്ക് ഉയർത്തി എന്നു പറയുമ്പോൾ അതാണ് പറഞ്ഞു വയ്ക്കുന്നത്. കാർമ്മികന്റെ പൈന മദ്ബഹയെയും ബലിവസ്തുക്കളെയും മറയ്ക്കുമ്പോൾ പ്രകടമാവുന്നത് കുർബാനയുടെ രഹസ്യാത്മകറതയാണ്.
ചുരുക്കത്തിൽ ആഡ്ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമായിരുന്നു ചിത്രീകരണം എന്നു പറയാതെ വയ്യ. യഥർത്ഥത്തിൽ കുർബാന ലൈവ് കാണിയ്കുമ്പോൾ ഉള്ള വെല്ലുവിളി ഇതാണ്. കാമറ ചലിപ്പിച്ചിച്ചും ആങ്കിളുകൾ മാറ്റിയും അല്ല കുർബാനയുടെ സമ്പ്രേഷണം ആസ്വാദ്യകരമാക്കേണ്ടത്.
എന്റെ അഭിപ്രായത്തിൽ ഹൈക്കലായിൽ ഒരു ക്യാമറ. ഒരു വിശ്വാസിയുടെ സ്ഥാനത്ത് ക്യാമറ. ഓരോ വിശ്വാസിയ്ക്കും താൻ പള്ളിയിൽ ഉണ്ടെന്നു തോന്നണം.മൂവ്മെന്റ് ഒന്നും വേണ്ട, ആങ്കിളുകൾ മാറ്റണ്ട. തീർച്ചയായും ഒരു മോണോട്ടോണസ് കാഴ്ചക്കാർക്ക് തോന്നും. ആത്മീയമായി കുർബനയിൽ പങ്കെടുക്കുന്നവർക്ക് തോന്നില്ല, അല്ലെങ്കിൽ തോന്നരുത്.പള്ളിയിൽ നിൽക്കുന്ന വിശ്വസിയ്ക്ക് കാണാവുന്നതിലപ്പുറം അല്ലെങ്കിൽ കാണേണതില്ലപ്പുറം ഒന്നും ക്യാമറ കാണിച്ചു തരേണ്ടതില്ല. അതിനല്ലെങ്കിൽ ആത്മീയമായ കുർബാനയർപ്പണം എന്നു നിങ്ങൾ അതിനെ വിളിയ്ക്കരുത്.
കുർബാനയൂടെ ഷോ എന്നു വിളിച്ചോളൂ.
കാർമ്മികന്റെ മുഖത്തിനു പ്രാധാന്യം ക്യാമറ നൽകുന്നെങ്കിൽ അതു ആഡ് ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമാണ്. മദ്ബഹായിലെ കൗദാശികരംഗങ്ങൾ ഷൂട്ടു ചെയ്യുന്നുണ്ടെങ്കിൽ അത് ആഡ് ഓറിയന്റത്തിന്റെ ചൈതന്യത്തിനു വിരുദ്ധമാണ്.

ജനാഭിമുഖത്തിന്റെ അടിസ്ഥാനം തന്നെ പ്രകടനപരതായാണ്. കാർമ്മികന്റെ മുഖം, കാർമ്മികന്റെ അംഗവിഷേപങ്ങൾ, കാർമ്മികൻ അപ്പവും വീഞ്ഞും റൂശ്മചെയ്യുന്നത്, മുറിയ്ക്കുന്നത്, ഉയർത്തുന്നത് ഇങ്ങനെ ഇതെല്ലാം വിശ്വാസികളെ കാണിച്ചുകൊണ്ട് എൻഗേജു ചെയ്യിയ്ക്കുവാനാണ് ജനാഭിമുഖം ശ്രമിയ്ക്കുന്നത്. എന്നാൽ പ്രാർത്ഥനകളിലേയ്ക്ക്, തിരുക്കർമ്മങ്ങളുടെ മിസ്റ്റിസിസത്തിലേയ്കാണ് മദ്ബഹാഭിമുഖത്തിന്റെ ഫോക്കസ്.

ജനാഭിമുഖം കുർബാനയെ ജനങ്ങളുടെ ലെവലിയേയ്ക്ക് ഇറക്കിക്കൊണ്ടുവരുമ്പോൾ മദ്ബഹാഭിമുഖം ജനങ്ങളെ കുർബാനയുടെ ലെവലിലേയ്ക്ക് ഉയർത്തുകയാണ്. അതുകൊണ്ടൂ തന്നെ ജനാഭിമുഖം പെട്ടന്നു പോപ്പുലറാവും സത്യനന്തിക്കാടൂ പടം പോലെയും പ്രിയ ദർശൻ പടം പോലെയും. അതേ സമയം മദ്ബഹാഭിമുഖം കൂടൂതൽ ശ്രദ്ധയിലും ധ്യാനത്തിലും ഊന്നിയുള്ള ഭാഗഭാഗിത്വം ആവശ്യപ്പെടുന്നു. അടൂരിന്റെ പടം പോലെ. അവിടെ നിങ്ങളുടെ അധ്വാനം ആവശ്യമാണ്. ഇവിടെ സിനിമകളുടെ ഉദാഹരണം അത്ര യോജിക്കില്ല എന്നറിയാം. എങ്കിലും ഒരു എന്റെ ചിന്ത സംവദിയ്കുവാൻ മറ്റൊരു മാർഗ്ഗവും ഇല്ലെന്നു തോന്നുന്നു.

No comments:

Post a Comment