Sunday, February 28, 2021

ആരാധനാക്രമ വിവാദങ്ങൾ - ആർക്കാണ് സ്വാർത്ഥതാത്പര്യം?

 തൃശൂർ അതിരൂപതാ വൈദിക കൂട്ടായ്മക്ക് വേണ്ടി വൈദീക സമിതി തയ്യാറാക്കിയ ഒരു കത്തിൽ (ഊമക്കാത്ത്) ഇങ്ങനെ പറയുന്നു

"ശാന്തമായിരുന്ന ഈ സഭയിൽ, തന്റെ സ്വാർത്ഥതാല്പര്യത്തിനായി ഭിന്നതയുടെ വിത്തുകൾ വിതറിയ വ്യക്തിത്വങ്ങൾ ഇന്നും ചാരു കസ്സേരയിൽ ഇതൊക്കെ കണ്ടു രസിക്കുന്നു. ആ ചരട് വലികളെ പ്രതിരോധിക്കുക മാത്രമേ തൃശ്ശൂർ അതിരൂപതയും ചെയ്തിട്ടുള്ളു. "
ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു തോന്നുന്നു. എന്താണു സ്വാർത്ഥതാത്പര്യം ആർക്കാണു സ്വാർത്ഥ താത്പര്യം? സ്വാർത്ഥതാത്പര്യം ഉണ്ട് എന്നു വരികിൽ അതുകൊണ്ട് എന്തെങ്കിലും ലാഭവും ഉണ്ടാകണമല്ലോ? എന്താണു അത്തരത്തിൽ ലാഭം?
ഇവിടെ വിഭാഗീയത സൃഷ്ടിയ്ക്കപ്പെട്ടു എന്നു ആരോപിയ്ക്കുമ്പോൾ ഇവർ ഉദ്ദ്യേശിയ്ക്കുന്നത് അഭിപ്രായ ഭിന്നത ഉണ്ടാവരുതെന്നോ അഭിപ്രായ ഭിന്നത ഉണ്ടാവുമ്പോൾ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് കാര്യങ്ങൾ തീരുമാനിയ്ക്കണമെന്നോ ആണ്.
ഉദാഹരണത്തിനു ബി.ജെ.പി തീരുമാനിയ്ക്കുന്നു ഇനി മുതൽ ആരും ബീഫ് കഴിച്ചുകൂടാ. എല്ലാവരും ആ തീരുമാനം പിൻപറ്റിയാൽ സമാധാനം. പ്രതികരിച്ചാൽ വിഭാഗീയത.
അല്ലെങ്കിൽ സർക്കാർ നിയമനങ്ങളെല്ലാം ഭരിയ്ക്കുന്ന പാർട്ടി സ്വന്തം നിലയിൽ നടത്തുന്നു; സുതാര്യമല്ലാതെ ഇഷ്ടക്കാരെ നിയമിയ്ക്കുന്നു. പ്രതികരിച്ചില്ലെങ്കിൽ സമാധാനമുണ്ടാവും; പ്രതികരിയ്ക്കുന്നതു വിഭാഗീയതയാണോ?
മെത്രാന്മാർ കൂടി തീരുമാനമെടുക്കുന്നു ഇനി നാളെമുതൽ സീറോ മലബാർ സഭയിൽ ലത്തിൻ കുർബാന ചൊല്ലിയാൽ മതിയെന്ന്? പ്രതികരിച്ചാൽ വിഭാഗീയതയാവും; സമാധാനം തകർത്തു എന്നാവും.
ഒരാളെ തല്ലിക്കൊല്ലാം എന്ന് ജനാധിപത്യപരമായി വോട്ടീനിട്ട് തീരുമാനമെടൂത്താൽ ഒരാളെ തല്ലിക്കൊല്ലാമോ? അപ്പോൾ എങ്ങനെയാണ് ജനാധിപത്യപരമായി കാര്യങ്ങൾ തീരുമാനിയ്ക്കേണ്ടത്?
ജനാധിപത്യപരമായി കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് ചർച്ചകൾ; ചർച്ചകൾക്കു വേണ്ടിയുള്ള ചർച്ചകൾ അല്ല തുറന്ന ചർച്ചകൾ; അഭിപ്രായങ്ങൾ പറയുവാനും ചർച്ചകളിലൂടെ ഏറ്റവും നല്ല തീരുമാനത്തിൽ അല്ലെങ്കിൽ തിരിച്ചറിവിൽ എത്തിച്ചേരുവാനുമായിരിയ്ക്കണം ചർച്ചകൾ. എന്നാൽ ഇന്നത്തെ പ്രശ്നം എന്നത് ഏതു വിധേനയും ഭൂരിപക്ഷമുണ്ടാക്കിയെടുത്ത് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതാണ്. ഇതു ജനാധിപത്യത്തിനു ഭൂഷണമല്ല.
മറ്റൊരു ഉദാഹരണം പറയാം. നിങ്ങളുടെ മകന് എഞ്ചിനീയറിംഗിനും മെഡിക്കലിലും അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട്. ഗവർമെന്റ് കോളേജിൽ, കുറഞ്ഞ ഫീസിൽ. എങ്ങനെയായിരിയ്ക്കും നിങ്ങൾ ഈ പ്രശ്നത്തെ സമീപിയ്ക്കുക; നിങ്ങൾ അടുത്ത ചായക്കടയിലേയ്ക്ക് പോകുന്നു. അവിടെ പാടത്തെ പണി കഴിഞ്ഞു വരുന്ന തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, അടുത്ത മാടക്കടകളിലെ കച്ചവടക്കാർ അങ്ങനെ പത്തിരുപതു പേരുണ്ട്. നിങ്ങൾ അവരുടെ മുന്നിൽ വിഷയം അവതരിപ്പിയ്ക്കുന്നു. അവരിൽ ചിലർ കുട്ടീയെ മെഡിക്കലിനു വിടണം എന്നു പറയുന്നു. മറ്റു ചിലർ എഞ്ചിനിയറിംഗിനെന്ന്. ഒടുവിൽ നിങ്ങൾ വോട്ടിനിടുന്നു. ഭൂരിപക്ഷ അടിസ്ഥാനത്തിൽ നിങ്ങൾ തീരുമാനത്തിൽ എത്തുന്നു. ഇതാണോ ശരിയായ തീരുമാനം??
ഏതൊരു കാര്യത്തിലും അഭിപ്രായ രൂപീകരണം നടത്തേണ്ടത് അതിലെ പണ്ഡിതരുടെ അഭിപ്രായം പരിഗണിച്ചാണ്. മേൽ പറഞ്ഞ ഉദാഹരണത്തിൽ എങിനീയറീംങ്ങ് മെഡിക്കൽ ഫീൽഡു മായി ബന്ധമുള്ളവരും ഇക്കാര്യത്തിൽ അഭിപ്രായം പറയുവാൻ യോഗ്യരായവരുമായ ആൾക്കാരുടെ അഭിപ്രായത്തിനാണ് വിലയുള്ളത്.
നമ്മുടെ സഭയിലെ പ്രശ്നം എന്നത് നമ്മുടെ മെത്രാന്മാരും വൈദീകരും എല്ലാം ലത്തീൻ സഭയുടെ പരിശീലന കേന്ദ്രങ്ങളീൽ പഠിയ്ക്കുകയും പൗരസ്ത്യ സുറിയാനീ ആധ്യാത്മികത, ലിറ്റർജി ഇവയിൽ കാര്യമായ ഒരു പരിജ്ഞാനം ഇല്ലാത്തവരും ആയിരുന്നു എന്നതാണ്. ഇത് ഒരു കുറഞ്ഞ കാലയളവുകൊണ്ട് സംഭവിച്ച ഒന്നല്ല. സുറീയാനി സഭയ്ക്കു വേണ്ടി ധീരമായി പ്രയത്നിച്ച കരിയാറ്റി, പാറേമ്മാക്കൽ മുതൽ സന്യാസ വര്യന്മാരായ പാലയ്ക്കൽ, പോരൂക്കര ചാവറ അച്ചന്മാർ വരെ ഉള്ളവരിൽ വരെ ഈ ലത്തീൻ ചായ്വ് കാണാം. ഈ ഒരു പശ്ചാത്തലത്തിൽ നിന്നാണ്, അല്ലെങ്കിൽ 400 വർഷത്തെ ലത്തീനീകരിയ്ക്കപ്പെട്ട അവസ്ഥയിൽ നിന്നാണ് ഡീ ലാറ്റിനൈസേഷൻ പ്രക്രിയ തുടങ്ങേണ്ടതും സഭയുടെ വ്യക്തിത്വം തിരിച്ചു പിടിയ്ക്കേണ്ടതും.
പാറേക്കാടിൽ പിതാവിനു സുറീയാനി സഭയുടെ ലിറ്റർജിയെപ്പറ്റി എന്ത് അവഗാഹമുണ്ട്? ഒന്നുമില്ല. പൗവ്വത്തിൽ പിതാവിന് എന്ത് അവഹാഗമുണ്ട്? കാര്യമായി ഒന്നുമില്ല. കാരണം ഇദ്ദേഹം പഠിച്ചത് സാമ്പത്തിക ശാസ്ത്രമാണ്. ലിറ്റർജി അല്ല. ഇവരു രണ്ടു പേരെയും പരാമർശിയ്ക്കുവാൻ കാരണം എറണാകുളം പക്ഷം പാറേക്കാട്ടിൽ പിതാവിനെയും പൗരസ്ത്യ പക്ഷം പൗവ്വത്തിൽ പിതാവിനെയും അവരവരുടെ മുന്നണിപ്പോരാളികൾ ആയി കാണുന്നു എന്നതുകൊണ്ടാണ്. പാറേക്കാട്ടിൽ പിതാവും പൗവ്വത്തിൽ പിതാവും പഠിച്ചത് ലത്തീൻ തിയോളജി ആണ്, സാമ്പത്തിക ശാസ്ത്രമാണ്. പാറേക്കാട്ടിൽ പിതാവിനു ഭാഷാ പരിജ്ഞാനം (സുറിയാനി ലത്തീൻ, ഇംഗ്ലീഷ്, സംസ്കൃതം) ഉള്ളതായി മനസിലാക്കുന്നു. പറഞ്ഞു വന്നത് ഇവരു രണ്ടു പേരും ലിറ്റർജിയിൽ പാണ്ഡിത്യമുള്ളവർ അല്ല. അതുകൊണ്ടൂ തന്നെ ഇവർക്ക് ഈ വിഷയത്തിൽ പാണ്ഢിത്യമുള്ളവരുടെ സഹായം ആവശ്യമുണ്ട് എന്നതാണ്.
എന്നാൽ 81 ഇൽ മെത്രാന്മാർ ശ്രമിച്ചത് തങ്ങളൂടെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കുർബാന ക്രമം രൂപപ്പെടുത്തുവാൻ ആണ്. ഇതിനു മുൻപു പള്ളിയ്ക്കാപ്പറമ്പിൽ പിതാവിന്റെ നേതൃത്വത്തിൽ ഒരു കുർബാനക്രമം തയ്യാറാക്കുവാൻ ശ്രമിയ്ക്കുകയും റോം അതു നിരസിയ്ക്കുകയും ചെയ്തു എന്നുമാണ് അറിയുവാൻ കഴിഞ്ഞത്. പള്ളിയ്ക്കാപ്പറമ്പിൽ പിതാവ് ഒരു കൽദയ വാദി എന്ന ചാപ്പയ്ക്ക് പൗവ്വത്തിൽ പിതാവിനെപ്പോലെ തന്നെ യോഗ്യത ഉള്ള ഒരാളായിരുന്നല്ലോ.
ഈ പ്രശ്നം വൈകാരികമായല്ല ശാസ്ത്രീയമായി വേണം പരിശോധിയ്ക്കുവാൻ. എന്നാൽ ഏതാണ് 40 വർഷത്തിനു ശേഷവും നമ്മുടെ സമീപനം വൈകാരികമാണ്. ഈ വൈകാരിക സമീപനമാണ് ചേരിതിരിവുകൾക്കും ഈഗോയ്ക്കും വഴി വയ്ക്കുന്നത്. സഭയിൽ സംഭവിച്ചതും അതാണ്.
ഇന്നും എറണാകുളം വിഭാഗം ലിറ്റർജി പണ്ഡിതനായി അവതരിപ്പിയ്ക്കുന്ന നരികുളം അച്ചന് സുറീയാനീ ആരാധനാക്രമത്തിൽ പാണ്ഡിത്യം ഉള്ളതായി ഞാൻ മനസിലാക്കുന്നില്ല. അദ്ദേഹം ഒരു ലത്തീൻ ആരാധനാക്രമ പണ്ഡിതനാണ്. ഒരു ഇംഗ്ലീഷ് ഗ്രാമർ പണ്ഡിതനാനോ മലയാളം ഗ്രാമറിലെ സംശയം തീർക്കുന്നത്?
ലിറ്റർജി പ്രായോഗിക തലത്തിൽ വളരെ "സിമ്പിൾ" എന്നു തോന്നുമെങ്കിലും ശാസ്ത്രീയമായി അങ്ങനെ അല്ല. അതിനെ മൂല ഭാഷ, വേദപുസ്തക റഫറൻസുകൾ, ദൈവശാസ്ത്രം, മറ്റു ആരാധനാക്രമത്തിലെ റഫറൻസുകൾ ഇതൊക്കെ പരിഗണിയ്ക്കേണ്ടുന്ന സങ്കീർണ്ണമായ ഒന്നാണ്. അതിൽ അഭിപ്രായം പറയേണ്ടത് അതിൽ പരിജ്ഞാനം ഉള്ളവരാണ്. അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് മെത്രാന്മാർ തീരുമാനങ്ങളിൽ എത്തേണ്ടത്. അല്ലാതെ കേവല ഭൂരിപക്ഷമോ, അഭിപ്രായ സമന്വയമോ ഇതിൽ ശരിയായ തീരുമാനത്തിലേയ്ക്ക് നയിയ്ക്കണം എന്നില്ല.
ഇതു തന്നെ 81 ലും സംഭവിച്ചു. മെത്രാൻ സംഘത്തിലെ ഭൂരിപക്ഷ തീരുമാനത്തെ ന്യൂനപക്ഷം മെത്രാന്മാർ ചോദ്യം ചെയ്തു. പൗരസ്ത്യ തിരുസംഘം ഇടപെടു. മെത്രാന്മാരെ റോമിനു വിളിപ്പിച്ച് കർദ്ദിനാൾ റൂബിൻ നിർദ്ദേശങ്ങൾ നൽകി. അദ്ദേഹം ഒരു ലത്തീൻ മെത്രാനാണെന്ന് ഓർക്കണം. ആ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് 86 ലെ തക്സാ തയ്യാറാവുന്നതും പൂർണ്ണ അംഗീകാരത്തോടെ മാർപ്പാപ്പാ തന്നെ കുർബാന ചൊല്ലി അത് ഉദ്ഘാടനം ചെയ്യുന്നതും.
അപ്പോൾ ആരാണു വിഭാഗീയത ഉണ്ടാക്കിയത്?
62 ലെ കുർബാനയ്ക്കെതിരെ പ്രവർത്തിച്ചത് ആരാണ്? 86 ലെ കുർബാനയ്ക്കെതിരെ പ്രവ്ർത്തിച്ചത് ആരാണ്? ഇപ്പോഴും സിനഡ് അനുസരിച്ച കുർബാന നേരാംവണ്ണം ചൊല്ലാത്തത് ആരാണ്? കുർബാനയിലെ ഒരു വരി പോലും നീക്കം ചെയ്യുവാനോ കൂട്ടിച്ചേർക്കുവാനോ വൈദീകന് അധികാരമില്ലെന്നു പറയുന്ന രണ്ടാം വത്തിയ്ക്കാൻ കൗൻസിലിന്റെ നിലപാടിനെ തൃണവത്കരിയ്കുന്നത് ആരാണ്. സിനഡു ഐക കണ്ഢ്യേന എടുത്ത തീരുമാനത്തെ 50-50 തീരുമാനത്തെ അട്ടിമറിച്ചത് ആരാണ്?
സ്വന്തന്ത്രമായി അന്വേഷിയ്ക്കൂ; സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ - ഗ്രൂപ്പിസത്തിൽ നിന്നും, ഈഗോയിൽ നിന്നും ദുരഭിമാനത്തിൽ നിന്നും.

No comments:

Post a Comment