Wednesday, December 18, 2013

പൗരസ്ത്യം - സാമാന്യ ബുദ്ധിയുള്ളവർക്ക്

അജ്ഞതയെ അലങ്കാരമാക്കുന്നവരുണ്ട്. അത്തരത്തിൽ ഉള്ള ഒന്നാണ് മനോവ ഓൺലൈൻ. അതിന്റെ പിന്നിലുള്ളത് ആരെങ്കിലുമായിക്കൊള്ളട്ടെ അവരുടെ ഗൂഢലക്ഷ്യങ്ങൾ എന്തുമായിക്കൊള്ളട്ടെ ഉയർത്തുന്ന വാദങ്ങൾ സാമാന്യ യുക്തിയ്ക്കു നിരക്കുന്നതാവണം.  അവിടെനിന്നും ഇവിടെനിന്നും ചില വിശുദ്ധഗ്രന്ഥവചനങ്ങൾക്ക് രചയിതാക്കൾ ചിന്തിയ്ക്കുകപോലും ചെയ്തിട്ടില്ലാത്ത അർത്ഥങ്ങൾ നൽകി അവതരിപ്പിയ്ക്കുന്നതിലൂടെ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിയ്ക്കാൻ അവർക്കു കഴിഞ്ഞേക്കും.

തികച്ചും നിരുത്തരവാദിത്തപരമായ വചന വായനയാണ് മനോവ http://www.manovaonline.com/newscontent.php?id=172 ഈ പോസ്റ്റിൽ നടത്തിയിരിയ്ക്കുന്നത്.

ചില വാചകങ്ങളിലേയ്ക്ക്:-
     "ഇസ്രായേലും പൗരസ്ത്യരും ഒന്നായിരുന്നുവെങ്കില്‍, അവരെങ്ങനെ ഇസ്രായേലിനു ശത്രുവാകും? സാമാന്യബുദ്ധിയെങ്കിലും ഉള്ളവര്‍ ഈ പൗരസ്ത്യവാദത്തെ മുഖവിലയ്ക്കെടുക്കുമോ? ഇസ്രായേലും പൗരസ്ത്യരും ഒന്നല്ലെന്നു തെളിയിക്കാന്‍ അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്."

"
യേശുക്രിസ്തുവും അവിടുത്തെ ശിഷ്യന്മാരും പാശ്ചാത്യരോ പൗരസ്ത്യരോ ആയിരുന്നില്ല;"


"
ഇവരെ പിടിച്ചു പാശ്ചാത്യരും പൗരസ്ത്യരുമാക്കാനുള്ള കുത്സിതശ്രമങ്ങള്‍ മുളയിലേതന്നെ നുള്ളാതിരുന്നതാണ് സഭയ്ക്കു ദുരന്തമായത്"

സാമന്യ ബുദ്ധി 1: കിഴക്കും പടിഞ്ഞാറും ആപേക്ഷികം 
കിഴക്കും പടിഞ്ഞാറും ആപേക്ഷികമാണെന്ന്  അറിയാത്തവരുണ്ടാവുമോ. തമിഴ്നാട് കേരളത്തിനു കിഴക്കാണ്. കേരളം അറബിക്കടലിനു കിഴക്കാണ്.   അതിന്റെ അർത്ഥം തമിഴ്നാട് കിഴക്കാണെന്നും കേരളം പടിഞ്ഞാറാണെന്നുമല്ല. കേരളത്തിനെ അപേക്ഷിച്ച് തമിഴ്നാട് കിഴക്കെന്നും തമിഴ്നാടിനെ അപേക്ഷിച്ച് കേരളം പടിഞ്ഞാറാണെന്നുമാണ്.

സാമന്യ ബുദ്ധി 2:യഹൂദരുടെ പൗരസ്ത്യദേശം


യഹൂദജനം താമസിച്ചിരുന്ന പ്രദേശത്തിനു കിഴക്കുള്ളത് പൗരസ്ത്യവും പടിഞ്ഞാറൂള്ളത് പാശ്ചാത്യവുമാണ് യഹൂദരെ സംബന്ധിടത്തോളം. അതായത് അന്നത്തെ കാനാൻ ദേശത്തിനു കിഴക്കുള്ള ദേശങ്ങളെല്ലാം യഹൂദരെ സംബന്ധിച്ചിടത്തോളം പൗരസ്ത്യമാണ്. അതായത്  സിറിയയും അസീറിയായും പേർഷ്യയുമെല്ലാം കാനാൻ ദേശത്തിനു കിഴക്കാണ്. ഈജിപ്തു പടിഞ്ഞാറും.


ചിത്രം കാണുക. മീദിയായും (Media), അമോല്യരും (Armenia), പൗരസ്ത്യരും  എന്നു പറയുമ്പോൾ ബാക്കിയുള്ള കിഴക്കു ദിക്കിലുള്ള എല്ലാവരും പെടും. ഇവിടെ പൗരസ്ത്യർ എന്നു പറയുന്നത് അവർ യഹൂദരെ സംബന്ധിച്ചിടത്തോളം കിഴക്കായതുകൊണ്ടാണ്.

സാമാന്യ ബുദ്ധി 3: പൗരസ്ത്യവും പാശ്ചാത്യവും കത്തോലിയ്ക്കാ സഭയിൽ


പാശ്ചാത്യവും പൗരസ്ത്യവും ആപേക്ഷികമാണ്  എന്നതാണ് സാമാന്യ ബുദ്ധി. റോമാ സാമ്രാജ്യം വിസ്തൃതമായ സമയത്ത്  അതിനു കിഴക്കുള്ളവരെ പൗരസ്ത്യരെന്നും പൗരസ്ത്യരല്ലാത്തവർ പാശ്ചാത്യരെന്നും വന്നു. ആ നിലയ്ക്ക് റോമാ കേന്ദ്രീകൃതമായ റോമൻ സഭ (ലത്തിൻ) പാശ്ചാത്യവും  അതിനു കിഴക്കുണ്ടായിരുന്ന ഗ്രീക്ക് സഭകൾ പൗരസ്ത്യവുമായി. മനോവയ്ക്കറിയാത്ത മറ്റൊരു കൂട്ടർ കൂടിയുണ്ട് - റോമാ സാമ്രാജ്യത്തിനു വെളിയിലുണ്ടായിരുന്ന കിഴക്കൻ സഭകൾ (സുറിയാനി). ഈ 21 ആം നൂറ്റാണ്ടിൽ പൊതുവെ പാശ്ചാത്യ സഭ എന്നു പറയുമ്പോൾ ലത്തീൻ സഭയേയും പൗരസ്ത്യ സഭ എന്നു പറയുമ്പോൾ ഗ്രീക്ക് -സുറിയാനി സഭകളെ ചേർന്നും പറയാറൂണ്ട്. ചിത്രം നോക്കി മനസിലാക്കാം.

സാമാന്യ ബുദ്ധി 4: ഈശോ മിശിഹായും ശ്ലീഹന്മാരും പൗരസ്ത്യരോ പാശ്ചാത്യരോ?

യാതൊരു മാനദൻഢവുമില്ലാതെ ഒരുവനെ പൗരസ്ത്യനെന്നും പാശ്ചാത്യനും വിളിയ്ക്കാനാവില്ല എന്നതാണല്ലോ സാമാന്യ ബുദ്ധി. കത്തോലിയ്ക്കാ സഭയുടെ മാനദണ്ഢമനുസരിച്ച് റോമാ സാമ്രാജ്യത്തിനു കിഴക്കുള്ള ജറൂസലേമിലെ ആൾക്കാർ പൗരസ്ത്യരാണ്. അതുകൊണ്ട് ഈശോമിശിഹായും ശ്ലീഹന്മാരും പൗരസ്ത്യരാണ്ട്.

ഉപസംഹാരം

ചുരുക്കത്തിൽ "മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും ഒന്നിച്ചുകൂടി, ജോര്‍ദ്ദാന്‍ കടന്ന് ജസ്രേല്‍ താഴ്വരയില്‍ താവളമടിച്ചു" എന്നു പറയുമ്പോൾ അന്ന് ന്യായാധിപന്മാരുടെ പുസ്തകം എഴുതപ്പെടുന്ന കാലത്ത് അവരുടെ കിഴക്കുണ്ടായിരുന്ന പ്രദേശത്തെയാണ് പൗരസ്ത്യർ എന്നു പറയുന്നത്. "ഹേറോദേസ് രാജാവിന്‍റെ കാലത്ത് യൂദായിലെ ബേത് ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി"(മത്താ;2;1) എന്നു പറയുമ്പോൾ മത്തായി ശ്ലീഹായെ സംബന്ധിച്ചിടത്തോളം അഥവാ ജറൂസലേമിനെ സംബന്ധിച്ചിടത്തോളം അതുമല്ലെങ്കിൽ അന്നത്തെ യഹൂദന്മാർ  പ്രദേശത്തിനു കിഴക്ക് എന്നേ അർത്ഥമുള്ളൂ. അതായത് അസീറിയിയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ഇന്ത്യയിൽ നിന്നോ ആവാം ജ്ഞാനികൾ വന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ അവർ ഇസ്രായേൽക്കാരെ സംബന്ധിച്ചിടത്തോളം പൗരസ്ത്യരായിരുന്നു എന്നു മാത്രമാണ് മനോവ ഉദ്ധരിച്ച വചനങ്ങളിൽ പൗരസ്ത്യർ എന്നതുകൊണ്ട് ഉദ്ദ്യേശിച്ചത്.  അപ്പസ്തോലിക സഭകളേ സംബന്ധിച്ച് പാശ്ചാത്യവും പൗരസ്ത്യവും എന്നു പറയുവാനുള്ള മാനദണ്ഢം ഇതല്ല.

Ref: 


No comments:

Post a Comment